Wednesday, 1 February 2012

[www.keralites.net] പ്രധാനമന്ത്രി പദത്തില്‍ കണ്ണുനട്ട്‌ മൂന്നു വനിതകള്‍

 

പ്രധാനമന്ത്രി പദത്തില്‍ കണ്ണുനട്ട്‌ മൂന്നു വനിതകള്‍  

 

ഭാവിയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആരാകുമെന്ന ചോദ്യം ഉയര്‍ന്നാല്‍ രാജ്യത്തെ ഉന്നത രാഷ്‌ട്രീയ പണ്ഡിതന്മാര്‍ക്കു പോലും കൃത്യമായ മറുപടി പറയാനുണ്ടാകില്ല. ആരുമാകാം എന്ന മറുപടിയാണു ശരി.

അതിനു കാരണം സ്വപ്‌നത്തില്‍ പോലും ആരും കണക്കുകൂട്ടാതിരുന്ന, കാര്യമായ ഒരു ജനപിന്തുണയുമില്ലാത്ത, ദേവഗൗഡയേയും ഇന്ദ്രകുമാര്‍ ഗുജ്‌റാളിനേയും മന്‍മോഹന്‍ സിംഗിനേയും പോലുള്ളവര്‍ നൂറുകോടിയിലധികം വരുന്ന ജനങ്ങളുടെ നേതാവായി നാടകീയമാംവിധം പ്രധാനമന്ത്രി പദത്തിലെത്തുന്നതിനു സാക്ഷ്യം വഹിച്ച രാജ്യമാണ്‌ ഇന്ത്യ. പ്രധാനമന്ത്രിപദം വച്ചുനീട്ടിയപ്പോള്‍ മുഖംതിരിച്ചു നിന്ന കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയേയും ഇന്ത്യ കണ്ടു. പ്രധാനമന്ത്രി പദത്തിലെത്താന്‍ മിക്കവാറും സാധ്യതയുണ്ടായിട്ടും ഭാരതീയ ജനതാപാര്‍ട്ടി നേതാവ്‌ ലാല്‍ കൃഷ്‌ണ അദ്വാനിയുടെ നേരേ രാഷ്‌ട്രീയം മുഖംതിരിച്ചു നിന്നതിനും സാക്ഷ്യംവഹിച്ച രാജ്യമാണ്‌ ഇന്ത്യ.

അതുകൊണ്ടുതന്നെയാണ്‌ ആരാണ്‌ അടുത്ത പ്രധാനമന്ത്രിയാകുക എന്ന്‌ ആര്‍ക്കും പ്രവചിക്കാനാവാത്തത്‌. രാഹുല്‍ ഗാന്ധി മുതല്‍ ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌ സിംഗ്‌ അലുവാലിയ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിദഗ്‌ധന്‍ നന്ദന്‍ നിലേകനി വരെ ആരുമാകാം കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി. അതിനെല്ലാമിടയില്‍ ഇന്ത്യന്‍ രാഷ്‌ട്രീയം വഴിതിരിഞ്ഞു പോകുന്നതു പുതിയ ചില ദിശകളിലേക്കാണ്‌. സോണിയാ ഗാന്ധി വൈമുഖ്യം കാണിച്ചയിടത്തു പുതിയ മൂന്നു വനിതാ നേതാക്കള്‍ ഇപ്പോള്‍ നീങ്ങാന്‍ തുടങ്ങിയിരിക്കുന്നതു പ്രധാനമന്ത്രിയുടെ സിംഹാസനം ലക്ഷ്യം വച്ചുകൊണ്ടാണ്‌.

തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയും പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി മായാവതിയുമാണവര്‍. ഒറ്റക്കക്ഷി ഭരണം തീര്‍ത്തും അസാധ്യമായിരിക്കുന്ന ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ തങ്ങളുടെ സംസ്‌ഥാനങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നു എന്നു വേണമെങ്കില്‍ പറയാവുന്ന ഈ മൂന്നു വനിതാ മുഖ്യമന്ത്രിമാരും ദേശീയ രാഷ്‌ട്രീയ അനിശ്‌ചിതത്വം ഒഴിവാക്കാനുള്ള ശ്രമത്തില്‍ പ്രധാനമന്ത്രിയായി ഉദയം ചെയ്‌തുകൂടായ്‌കയില്ലെന്നതിന്റെ സാധ്യതയും തെളിയുകയാണിപ്പോള്‍.

ഈ മൂന്നു വനിതാ നേതാക്കള്‍ക്കും ചില കാര്യത്തില്‍ സമാനതകളുണ്ട്‌. മൂന്നുപേരും അവിവാഹിതര്‍. അതുകൊണ്ടുതന്നെ മൂന്നുപേരും മക്കള്‍ രാഷ്‌ട്രീയത്തിന്റെ വിമര്‍ശനം കേള്‍ക്കേണ്ടി വരില്ല. അതുതന്നെ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ വേറിട്ട ഒരു സംഭവമായിരിക്കും. മൂന്നുപേര്‍ക്കും അധികാരത്തിലിരിക്കുന്ന തലതൊട്ടപ്പന്മാരുണ്ടായിരുന്നില്ല എന്നതാണ്‌ മറ്റൊരു സമാനത. മൂവര്‍ക്കും ഏതെങ്കിലും ദേശീയ പാര്‍ട്ടിയുടെ പിന്തുണയുമുണ്ടായിരുന്നില്ല. പഞ്ചാബുകാരനായ ദളിത്‌ നേതാവ്‌ കന്‍ഷിറാമാണു മായാവതിയെ വളര്‍ത്തിയെടുത്തതെന്നതു ശരിതന്നെ. പക്ഷേ, മായാവതി തന്റെ രാഷ്‌ട്രീയ കരുത്തു പ്രകടമാക്കി നേടിയെടുത്ത ജനപിന്തുണയോടെ അധികാരത്തിലേറിയത്‌ ഇന്ത്യയുടെ രാഷ്‌ട്രീയ ഹൃദയമെന്നു പറയാവുന്ന ഉത്തര്‍പ്രദേശിലാണ്‌.

പണ്ഡിറ്റ്‌ നെഹ്‌റുവും ലാല്‍ബഹാദൂര്‍ ശാസ്‌ത്രിയും ഇന്ദിരാ ഗാന്ധിയും രാജീവ്‌ ഗാന്ധിയും വി.പി. സിംഗും കല്യാണ്‍ സിംഗും മുലായം സിംഗുമെല്ലാം ആധിപത്യം സ്‌ഥാപിച്ച ഒരു സംസ്‌ഥാനത്താണ്‌ അത്ഭുതം സൃഷ്‌ടിച്ചുകൊണ്ടു മായാവതി അധികാരം കൈയടക്കിയതെന്നു മനസിലാക്കണം. വിദ്യാര്‍ഥിയായിരുന്ന മായാവതിയെ ബഹുജന്‍ സമാജ്‌ പാര്‍ട്ടി എന്ന തന്റെ പുതിയ രാഷ്‌ട്രീയ കക്ഷിയിലേക്കു ക്ഷണിക്കാന്‍ വീട്ടിലേക്കു ചെന്നപ്പോള്‍ ലഭിച്ച മറുപടി താന്‍ ഐ.എ.എസ്‌. പരീക്ഷയ്‌ക്കു പഠിക്കുകയാണെന്നും അതു ലഭിച്ചാല്‍ തന്റെ സമുദായത്തിനു ശരിയായ സേവനം നല്‍കാന്‍ തനിക്കു കഴിയുമെന്നുമാണ്‌. അതിനു കന്‍ഷിറാം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ''മായാവതിയെ അതിനേക്കാള്‍ വലിയ നേതാവാക്കാന്‍ എനിക്കു കഴിയും. ഒരു ജില്ലാ കലക്‌ടറല്ല, എല്ലാ കലക്‌ടര്‍മാരും മായാവതിയില്‍നിന്നുള്ള ഉത്തരവും പ്രതീക്ഷിച്ചു നിരനിരയായി നില്‍ക്കുന്ന ദിവസം തീര്‍ച്ചയായും വരും.'' മായാവതിയുടെ ജീവചരിത്രമെഴുതിയ അജയ്‌ ബോസ്‌ വിവരിച്ചിട്ടുള്ളത്‌ ഇങ്ങനെയാണ്‌.

പക്ഷേ, മമതാ ബാനര്‍ജിയുടെ കഥ അതല്ല. മുപ്പത്തിനാലു വര്‍ഷം പശ്‌ചിമബംഗാളിനെ തുടര്‍ച്ചയായി ഭരിച്ച്‌ അവിടെ അധികാരം അരക്കിട്ടുറപ്പിച്ച കമ്യൂണിസ്‌റ്റ് പാര്‍ട്ടി(മാര്‍ക്‌സിസ്‌റ്റ്)യെ ഏകയായി പൊരുതി തോല്‍പിച്ചു മുഖ്യമന്ത്രി പദത്തിലെത്തിയ നേതാവാണു മമത. അതിനുവേണ്ടി തന്റെ തൃണമുല്‍ കോണ്‍ഗ്രസിനെ വളര്‍ത്തിയെടുത്ത മമതയ്‌ക്കു ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ബംഗാളില്‍ തന്റെ വാലും നിഴലുമാക്കി മാറ്റാന്‍ കൂടി കഴിഞ്ഞു എന്നതാണു മറ്റൊരു രാഷ്‌ട്രീയാത്ഭുതം.

തമിഴ്‌നാട്ടിലെ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം മുഖ്യമന്ത്രി ജയലളിതയ്‌ക്കു തലതൊട്ടപ്പനായി മുന്‍ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രനുണ്ടെന്നു വേണമെങ്കില്‍ പറയാമെന്നേയുള്ളൂ. തമിഴ്‌ വെള്ളിത്തിരയില്‍ തന്റെ നായകനായിരുന്ന എം.ജി.ആറിന്റെ മരണത്തെത്തുടര്‍ന്നു പലേ നാടകത്തിനും ശേഷമാണു ജയലളിത രാഷ്‌ട്രീയ നേതൃത്വത്തിലെത്തിയത്‌. എം.ജി.ആറിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ വി.എന്‍. ജാനകിയാണു മുഖ്യമന്ത്രിപദം ഏറ്റെടുത്തത്‌. ഒരുമാസമേ അതു നീണ്ടുനിന്നുള്ളൂ.

എം.ജി.ആറിന്റെ ശവസംസ്‌കാരച്ചടങ്ങിനിടയ്‌ക്കു മൃതദേഹം വഹിച്ചിരുന്ന വാഹനത്തില്‍നിന്ന്‌ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ജയലളിതയെ തള്ളിത്താഴെയിടുകവരെ ചെയ്‌തതാണ്‌. ആ ബന്ധുക്കള്‍ തന്നെ വധിക്കുമോ എന്നുവരെ ഭയന്ന ജയലളിത ജന്മദേശമായ ബാംഗ്ലൂരിലേക്ക്‌ ഓടിരക്ഷപ്പെടുകയാണുണ്ടായത്‌. ഒരു സംഘം എ.ഐ.എ.ഡി.എം.കെ. നേതാക്കള്‍ ബാംഗ്ലൂരില്‍ ചെന്നു നിര്‍ബന്ധിച്ചാണു മദ്രാസിലേക്കു തിരിച്ചു കൊണ്ടുവന്നതും ജയലളിതയുടെ രാഷ്‌ട്രീയ ഉദയത്തിനു വഴിയൊരുക്കിയതും.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതേവരെ പതിനാലു വനിതാ മുഖ്യമന്ത്രിമാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി പദത്തിലേക്കുയരാവുന്ന വിധം ആരും വളരുകയുണ്ടായിട്ടില്ല എന്നതാണു രാഷ്‌ട്രീയ യാഥാര്‍ഥ്യം.

ഗോവ സ്വാതന്ത്ര്യം നേടിയപ്പോള്‍ ആദ്യം മുഖ്യമന്ത്രിപദമേറ്റ ദയാനന്ദ ബന്ദോദ്‌ക്കര്‍ മരണമടഞ്ഞപ്പോള്‍ മുഖ്യമന്ത്രിപദം ഏറ്റെടുത്ത മകള്‍ ശശികല കകോദ്‌ക്കറാണു രാജ്യത്തെ ആദ്യ വനിതാ മുഖ്യമന്ത്രി. പിന്നെ കോണ്‍ഗ്രസില്‍ത്തന്നെ അഞ്ചു വനിതാ മുഖ്യമന്ത്രിമാരുണ്ടായി.

ഇപ്പോഴത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌ അടക്കം. ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദിന്റെ ഭാര്യ റാബ്രി ദേവി മറ്റൊന്ന്‌. ഉമാഭാരതി, വസുന്ധര രാജെ സിന്ധ്യ, സുഷമാ സ്വരാജ്‌ എന്നിങ്ങനെ ബി.ജെ.പിയുടെ മൂന്നു പേര്‍... അങ്ങനെ പോകുന്നു ആ പട്ടിക.

കേരളത്തില്‍ വനിതാ മുഖ്യമന്ത്രിക്ക്‌ ഒരിക്കല്‍ സാധ്യത തെളിഞ്ഞതാണ്‌. 1996 ലെ തെരഞ്ഞെടുപ്പിനു ശേഷം സി.പി.എം. നേതൃത്വം മുഖ്യമന്ത്രി സ്‌ഥാനത്തേക്കു തീരുമാനിച്ചത്‌ എ.കെ.ജിയുടെ പത്നി സുശീലാ ഗോപാലനെയാണ്‌. പക്ഷേ, ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ പിന്തുണയുണ്ടായിരുന്ന സുശീലയെ സി.പി.എം. സംസ്‌ഥാന കമ്മിറ്റിയില്‍ ഒരേയൊരു വോട്ടിന്റെ ഭൂരിപക്ഷത്തിനു തോല്‍പിച്ച്‌ ഇ.കെ. നായനാര്‍ മുഖ്യമന്ത്രി പദത്തിലെത്തുകയാണു ചെയ്‌തത്‌. ഇ.എം.എസിനോടൊപ്പം ഉറച്ചുനിന്നിരുന്ന നായനാര്‍ നാടകീയമായി മറുകണ്ടം ചാടി മത്സരിച്ചാണു ജയിച്ചത്‌.

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ അപ്രതീക്ഷിതമായി ആരും പ്രധാനമന്ത്രിയാകാമെന്ന യാഥാര്‍ഥ്യത്തിന്റെ വെളിച്ചത്തിലല്ല ആ ഉന്നത പദവിയിലേക്കു ജയലളിതയും മായാവതിയും മമതയും കടന്നുകയറുന്നതിന്റെ സാധ്യതകള്‍ തെളിഞ്ഞുവരുന്നത്‌. വാസ്‌തവത്തില്‍ ഒരു ന്യൂനപക്ഷ സര്‍ക്കാരാണെങ്കിലും പ്രതിപക്ഷങ്ങള്‍ക്കു മറ്റൊരു മാര്‍ഗവുമില്ലാത്തതുകൊണ്ടാണു മന്‍മോഹന്‍ സിംഗ്‌ ഭരണത്തെ നിലനിര്‍ത്തുന്നതെന്ന്‌ എല്ലാവര്‍ക്കും അറിയാം.

പക്ഷേ, നാടകീയമായി ഇടക്കാല ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുകയും കോണ്‍ഗ്രസ്‌ നയിക്കുന്ന മുന്നണിക്കു ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ചെയ്‌താല്‍ പിന്നെ പ്രധാനമന്ത്രിയാവാന്‍ സാധ്യത ഈ മൂന്നു വനിതാ മുഖ്യമന്ത്രിമാരില്‍ ആര്‍ക്കെങ്കിലുമാണ്‌. കാരണം, കോണ്‍ഗ്രസ്‌ പിന്തുണയ്‌ക്കാന്‍ തയാറാവുക മമതയേയോ ജയലളിതയേയോ മായാവതിയേയോ ആയിരിക്കും.

ബി.ജെ.പി. സഖ്യമാണ്‌ നിര്‍ണായക ശക്‌തിയായി മാറുകയെങ്കില്‍ ആ മുന്നണിക്കും ഈ മൂന്നു വനിതാ മുഖ്യമന്ത്രിമാരില്‍ ആരേയെങ്കിലും പ്രധാനമന്ത്രി പദത്തിലേക്കു പിന്താങ്ങാന്‍ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാവില്ല. സി.പി.എം. നയിക്കുന്ന ഇടതുപക്ഷ സഖ്യത്തിനു മമതയോട്‌ എതിര്‍പ്പുണ്ടെങ്കിലും പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന വോട്ടിന്റെ കാര്യത്തില്‍ ആ സഖ്യം നിര്‍ണായക ശക്‌തിയായി മാറാനുള്ള സാധ്യത വളരെ വളരെ കുറവാണ്‌. അതേസമയം, നിര്‍ണായക ഘടകമായി മാറിയില്ലെങ്കിലും ജയലളിതയേയും മായാവതിയേയും പിന്താങ്ങാന്‍ ഇടതുസഖ്യത്തിനു ലേശം പോലും വൈമുഖ്യമുണ്ടാവില്ലതാനും.

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment