Wednesday 8 February 2012

[www.keralites.net] 'ചൈനയുടെ നേട്ടം' അമേരിക്കയിലും

 

'ചൈനയുടെ നേട്ടം' അമേരിക്കയിലും




'ഹ്വാ' എന്ന ചൈനീസ് പദത്തിനര്‍ഥം സുന്ദരം എന്നത്രേ. ചൈന എന്നൊരു അര്‍ഥം കൂടിയുണ്ട് ഈ വാക്കിന്. 'വേ' എന്നാല്‍ ചൈനീസ് ഭാഷയില്‍ നേട്ടം എന്നര്‍ഥം. രണ്ടു വാക്കുകളും കൂടിച്ചേരുമ്പോള്‍ 'ചൈനയുടെ നേട്ടം' എന്നാകും. ഇതേപേരില്‍ ആരംഭിച്ച 'ഹ്വാവേ'യുടെ സ്മാര്‍ട്‌ഫോണുകളോടാണ് അമേരിക്കക്കാരന് ഇപ്പോള്‍ പ്രിയം. ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഹ്വാവേ സ്മാര്‍ട്‌ഫോണുകളിറക്കിത്തുടങ്ങിയിട്ട് നാളേറെയായി. 8,999 രൂപ വിലയുള്ള 'ഐഡിയോസ്' മോഡല്‍ വിവിധ രാജ്യങ്ങളില്‍ ഏറെ വിറ്റഴിയുകയും ചെയ്തിരുന്നു. എന്നാല്‍, ഏതോ ചൈനീസ് കമ്പനിയെന്നു പുച്ഛിച്ച് ഹ്വാവേയുടെ ആ സ്മാര്‍ട്‌ഫോണിനെ അംഗീകരിക്കാന്‍ മടിക്കുകയായിരുന്നു അമേരിക്കന്‍ വിപണി.

ഹ്വാവേയെ അറിയുന്നവര്‍ക്കറിയാം ആ പേരിന്റെ വില. ലോകത്തെ രണ്ടാമത്തെ വലിയ ടെലികമ്യൂണിക്കേഷന്‍ കമ്പനി എന്ന ഖ്യാതിയുള്ള ഹ്വാവേ ഇന്ത്യയടക്കം അമ്പതോളം രാജ്യങ്ങളിലേക്ക് ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ബി.എസ്.എന്‍.എല്ലും റിലയന്‍സും എയര്‍ടെല്ലുമൊക്കെ ഹ്വാവേയുടെ ഇടപാടുകാരാണ്. മൊബൈല്‍ വില്‍പനയില്‍ ലോകത്ത് ആറാം സ്ഥാനത്തിനുള്ള മത്സരത്തിലാണ് ഈ കമ്പനിയെന്നും അറിയുക. സ്വീഡനിലെ എറിക്‌സണ്‍ കമ്പനിയെ പിന്തള്ളി ഈ വര്‍ഷം ഏപ്രിലോടെ ഹ്വാവേ മൊബൈല്‍ വില്‍പനയില്‍ ആറാം സ്ഥാനം നേടുമെന്ന് ഉറപ്പായിട്ടുണ്ട്. 2015 ആകുമ്പോഴേക്കും മൊബൈല്‍ഫോണ്‍ കമ്പനികളിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഒന്നിലെത്തുകയെന്ന ലക്ഷ്യത്തോടെ കമ്പനി അധികൃതര്‍ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്.

വയര്‍ലെസ് ടെലികമ്മ്യൂണിക്കേഷന്‍സ് വ്യവസായികളുടെ ആഗോളസംഘടനയായ സി.ടി.ഐ.എ. സംഘടിപ്പിച്ച രാജ്യാന്തരപ്രദര്‍ശനത്തിലാണ് ഹ്വാവേയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ അസെന്റ് 2 അവതരിപ്പിക്കപ്പെട്ടത്. ഇപ്പോഴിതാ ടെലികോം കമ്പനിയായ ക്രിക്കറ്റുമായി സഹകരിച്ചുകൊണ്ട് അസെന്‍ഡ് 2 അമേരിക്കയില്‍ വില്‍പന തുടങ്ങിയിരിക്കുന്നു. മൊബൈല്‍ റിവ്യൂ സൈറ്റുകളിലെല്ലാം നല്ല അഭിപ്രായമാണ് അസെന്‍ഡ് 2 നെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. വിലക്കുറവ് തന്നെയാണ് അസെന്റ് 2 ന്റെ പ്രധാന ആകര്‍ഷണം.

അമേരിക്കയില്‍ ഇപ്പോള്‍ വില്‍പനയ്ക്കുള്ള ഏറ്റവും വില കുറഞ്ഞ മൂന്ന് സ്മാര്‍ട്‌ഫോണുകളിലൊന്ന് ഹ്വാവേയുടേതാണ്. സാമ്പത്തികമാന്ദ്യത്തിന്റെ പിടിയില്‍നിന്ന് പൂര്‍ണമായും മോചിതമാകാത്ത അമേരിക്കയിലെ താഴ്ന്ന വരുമാനക്കാര്‍ക്കിടയില്‍ ഹ്വാവേ ഫോണുകള്‍ നന്നായി വിറ്റുപോകുന്നുണ്ട്. ഫോണ്‍ കാശുകൊടുത്തുവാങ്ങുന്ന ഭൂരിഭാഗം പേര്‍ക്കും അതിന്റെ പേരുപോലും ശരിയായി ഉച്ചരിക്കാനറിയില്ലെന്നതാണ് തമാശ. ഭൂരിഭാഗം അമേരിക്കക്കാരും 'ഹവായ്' എന്നാണ് ഈ ഫോണിനെ വിളിക്കുന്നത്.


കാഴ്ചയില്‍ തരക്കേടില്ല ഹ്വാവേ അസെന്റ് 2. കറുപ്പ് നിറത്തിലുളള ഫോണിന്റെ ആകൃതി ശരിക്കും കൈപ്പിടിയിലൊതുങ്ങുന്ന തരത്തിലുള്ളതാണ്. സി.ഡി.എം.എ. ഫോണായ ഹ്വാവേ അസെന്‍്് 2 ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ വൈഫൈ, ജി.പി.എസ്. ബ്ലൂടൂത്ത് സൗകര്യങ്ങളെല്ലാമുണ്ട്. 2 ജിബി കാര്‍ഡോഡ് കൂടി ലഭിക്കുന്ന ഫോണില്‍ 32 ജിബി കാര്‍ഡ് വരെ ഉപയോഗിക്കാം.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഫ് ളിക്കര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശം വാഗ്ദാനം ചെയ്യുന്ന അസെന്റ് 2 ല്‍ ഗൂഗിളിന്റെ യുട്യൂബ് അടക്കം എല്ലാ സേവനങ്ങളും ലഭിക്കും. 256 എംബിയാണ് റാം. എന്നാല്‍ പ്രൊസസര്‍ 600 മെഗാഹെര്‍ട്‌സിന്റേതാണ്. ഡ്യുവല്‍ കോര്‍ പ്രൊസസറുള്ള സ്മാര്‍ട്‌ഫോണുകള്‍ അരങ്ങ് വാഴുന്ന ഇക്കാലത്ത് 600 മെഗാഹെര്‍ട്‌സ് പ്രൊസസറിന് പിടിച്ചുനില്‍ക്കാന്‍ കഴിയുമോ. ഇന്റര്‍നെറ്റ് വിളിക്കുമ്പോഴും ഒന്നിലേറെ ആപ്‌സ് തുറക്കുമ്പോഴും ഫോണ്‍ ക്ഷീണിക്കുമെന്നതാണ് ഇതിന്റെ പ്രശ്‌നം.

അസെന്റ് 2ലെ ക്യാമറയെക്കുറിച്ചും നല്ലതൊന്നും പറയാനില്ല. അഞ്ച് മെഗാപിക്‌സല്‍ ക്യാമറയാണെങ്കിലും ചിത്രങ്ങളുടെ ഗുണമേന്മ തീരെ കുറവെന്നാണ് വിലയിരുത്തല്‍. ഫ് ളാഷില്ലാത്തതതും പ്രശ്‌നമാണ്. 3.7 മണിക്കൂര്‍ തുടര്‍ച്ചയായ സംസാര സമയവും 12.5 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് അസെന്റ് 2 ന് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. 130 ഡോളറിന്റെ സെര്‍വീസ് കോണ്‍ട്രാക്‌റ്റോടെയാണ് ക്രിക്കറ്റ് അമേരിക്കയില്‍ ഈ ഫോണ്‍ വില്‍ക്കുന്നത്. മറ്റിടങ്ങളില്‍ 400 ഡോളറിനടുത്താണ് വില. ഫോണിന് ഇന്ത്യയില്‍ എന്താകും വിലയെന്ന കാര്യം ഹ്വാവേ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment