Wednesday, 8 February 2012

[www.keralites.net] ചതുരംഗ ചരിത്രം : പുതിയ കണ്ടെത്തലുകള്‍

 

ചതുരംഗ ചരിത്രം : പുതിയ കണ്ടെത്തലുകള്‍


ചെസ്സിന്റെ ആദിമരൂപമെന്ന നിലയ്ക്കാണിന്ന് ചതുരംഗം ഗവേഷകന്മാരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നത്. ചതുരംഗം ഉടലെടുത്തത് ഇന്ത്യയിലാണെന്ന കാര്യത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ ഗവേഷകര്‍ക്കാര്‍ക്കും സംശയമുണ്ടായിരുന്നില്ല. ഫിര്‍ദൗസി 'ഷാനാമ'യില്‍ സസ്സാനിഡ് രാജാക്കന്മാര്‍ ചതുരംഗത്തെക്കുറിച്ചറിഞ്ഞത് ഇന്ത്യന്‍ ദൂതന്മാരില്‍ നിന്നാണെന്നു രേഖപ്പെടുത്തുന്നുണ്ട്. പേഴ്‌സ്യന്‍ 'ചത്‌രഞ്ജ്' ഇന്ത്യന്‍ ചതുരംഗത്തിന്റെ തദ്ഭവമാണെന്നതും വ്യക്തമാണല്ലോ. ആന, കുതിര, തേര് എന്നിവയടങ്ങുന്ന ചതുരംഗസൈന്യം ഇന്ത്യയില്‍ പണ്ടേ ഉണ്ടായിരുന്നു. ഈ സേനയുടെ പ്രതീകാത്മക രൂപമാണ് ചതുരംഗത്തിലെ കരുക്കളെന്നത് വ്യക്തമാണ്. അന്റോണിയോവാ ലിന്റെ, വിന്റര്‍നിറ്റ്‌സ്, മക്‌ഡോണല്‍ തുടങ്ങിയ ഇന്തോളജിസ്റ്റുകളെല്ലാം ചതുരംഗത്തിന്റെ ജന്മഭൂമി ഇന്ത്യതന്നെയാണെന്ന് അസന്ദിഗ്ധമായി അഭിപ്രായപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്.

എന്നാല്‍ പിന്നീട് പലരും ഈ നിലപാടിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ജോസഫ് നീഡാം ചീനയാണ് ചതുരംഗത്തിന്റെ ജന്മഭൂമിയെന്ന് വാദിച്ചു. പാവ്‌ലെ ബിദേവ് ഈ വാദത്തിന് പിന്തുണയേകി. ഇറ്റലിയില്‍ നിന്നാണ് ചെസ്സുണ്ടായതെന്നു മറ്റു ചിലര്‍ അവകാശപ്പെട്ടു. ഇറാന്‍ ആണ് മറ്റൊരവകാശി. ഇന്ത്യയിലാണ് ചതുരംഗമുണ്ടായതെന്ന വാദത്തിന്റെ പ്രധാന ദൗര്‍ബല്യമായി ചൂണ്ടിക്കാണിക്കപ്പെടുന്ന വസ്തുത എ.ഡി. 10-ാം നൂറ്റാണ്ടിനു മുമ്പ് ചതുരംഗത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഭാരതീയ ഗ്രന്ഥങ്ങളില്‍ കുറവാണെന്നതാണ്. ബാഗ്ദാദില്‍ ഒന്‍പതാം നൂറ്റാണ്ടില്‍ ചെസ്സു കളിച്ചിരുന്നതിന്റെ തെളിവുകളുണ്ട്. അതിനു മുമ്പ് ഇന്ത്യയില്‍ ഈ കളി പ്രചുരപ്രചാരം നേടിയിരുന്നുവെന്നു തെളിയിക്കുന്ന പരാമര്‍ശങ്ങള്‍ കുറവാണെന്നതാണ് വാദം.

എന്നാല്‍ ഏഴാം നൂറ്റാണ്ടിലെ പല രേഖകളിലും ചതുരംഗത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇത്തരത്തിലുള്ള ആദ്യത്തെ ഭാരതീയ ഗ്രന്ഥം ബാണഭട്ടന്റെ ഹര്‍ഷചരിതമാണ്. ഈ കൃതി എഴുതപ്പെട്ടത് എ. ഡി. 630-നും 640-നും ഇടയിലാണ്. കാന്യകുബ്ജം (കാനൗജ്) ആസ്ഥാനമാക്കി രാജ്യഭരണം നടത്തിയ ഹര്‍ഷവര്‍ധനന്റെ കൊട്ടാരത്തിലെ കവിയായിരുന്നു ബാണന്‍. ഹുയാന്‍സാങ് ഇന്ത്യ സന്ദര്‍ശിച്ചത് ഹര്‍ഷന്റെ കാലത്തായിരുന്നു. ചതുരംഗത്തെക്കുറിച്ചുള്ള ബാണന്റെ പരാമര്‍ശം ഇങ്ങനെയാണ്. ''അഷ്ടാപദാനാം ചതുരംഗകല്പനാ'' (ഹര്‍ഷചരിതം 2. പേ. 35). 'അഷ്ടാപദ'മെന്ന വാക്കിനര്‍ത്ഥം അറുപത്തിനാലു കള്ളികളായിത്തിരിച്ച കളം, പലക എന്നൊക്കെയാണ്. ചതുരംഗം, ആന, കുതിര, തേര്, കാലാള്‍ എന്നിവയുള്‍പ്പെടുന്ന പ്രാചീന ഭാരതസേനതന്നെ. ഹര്‍ഷന്റെ ഭരണകാലത്ത് സേനാവിന്യാസം ചതുരംഗക്കളത്തില്‍ മാത്രമായി ഒതുങ്ങിനിന്നുവെന്നാണ് ബാണന്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇത് ചരിത്രപരമായി ശരിയാണുതാനും. ബാണന്‍ ഹര്‍ഷചരിതം എഴുതുമ്പോഴേക്കും ഹര്‍ഷവര്‍ധനന്‍ തന്റെ യുദ്ധ പരിപാടികളെല്ലാം അവസാനിപ്പിച്ചു കഴിഞ്ഞിരുന്നു. യുദ്ധം കളിയില്‍ മാത്രം അവശേഷിച്ചു എന്നാണ് ബാണന്‍ മനോഹരമായ ഒരലങ്കാര പ്രയോഗത്തിലൂടെ സൂചിപ്പിക്കുന്നത്. ഈ വാക്യം ചതുരംഗചരിത്രത്തിലെ ശ്രദ്ധേയമായ സാക്ഷ്യപാത്രമായിത്തീരുമെന്ന് ബാണന്‍ ഒരിക്കലും കരുതിയിരിക്കില്ല!

തങ്ങള്‍ക്ക് ചതുരംഗത്തെക്കുറിച്ചുള്ള അറിവു കിട്ടിയത് ഇന്ത്യയില്‍ നിന്നാണെന്ന് പേഴ്‌സ്യന്‍ ചരിത്രകാരന്മാരും സമ്മതിക്കുന്നുണ്ട്. ഏഴാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട പേഴ്‌സ്യന്‍ കൃതിയായ വിസാരിസ്ന്‍- ഇ-ചത്‌രംഗ് (Wizari Sn -i-Catrang) ഇന്ത്യയിലെ 'ദേവശര്‍മ്' എന്നൊരു രാജാവ് പേഴ്‌സ്യയിലെ സസ്സാനിയന്‍ രാജാവായ ഖുസ്രു അനുശീര്‍വന് ചതുരംഗക്കളി എത്തിച്ചുകൊടുത്തുവെന്നൊരു പമാര്‍ശമുണ്ട്. ഈ രാജാവ് എവിടത്തുകാരനാണെന്നതിനെക്കുറിച്ച് ഈ കൃതി സൂചന നല്കുന്നില്ല. പരാമൃഷ്ടനായ സസ്സാനിയന്‍ രാജാവ് എ.ഡി. 531-579 കാലഘട്ടത്തിലാണ് രാജ്യം ഭരിച്ചിരുന്നതെന്ന് നമുക്കറിവുണ്ട്.

ഭാഗ്യവശാല്‍ പേഴ്‌സ്യന്‍ മഹാകവി ഫിര്‍ദൗസി രചിച്ച 'ഷാനാമ' (Shahname) എന്ന ഇതിഹാസകാവ്യം ഈ കഥ കൂടുതല്‍ വിശദമാക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നും ചതുരംഗം അയച്ചുകൊടുത്തത് 'കാനൂജിലെ റായ്' (ഞമ്യ ീള ഗമിൗഷശ) ആണെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ആ സന്ദര്‍ശക സംഘത്തിന്റെ വരവിനെ ഫിര്‍ദൗസി വര്‍ണ്ണിക്കുന്നത് ഇപ്രകാരമാണ്: ''ഇന്ത്യന്‍ രാജാവിന്റെ ദൂതന്‍ ആനകളുടെയും മറ്റും അകമ്പടിയോടെ സിന്ധുവില്‍ നിന്നു വന്നിട്ടുണ്ടെന്ന് ചക്രവര്‍ത്തി തന്റെ ജാഗരൂകരായ നിരീക്ഷകര്‍ മുഖേന മനസ്സിലാക്കി.'' ഇന്ത്യന്‍ രാജാവ് കൊടുത്തയച്ച ആഭരണങ്ങളും സ്വര്‍ണ്ണവും വെള്ളിയും കസ്തൂരിയും മറ്റും അദ്ദേഹത്തിന്റെ 'കനൗജി'ലെ സാമ്രാജ്യത്തിലെ ഉല്‍പ്പന്നങ്ങളായിരുന്നുവെന്ന് ഫിര്‍ദൗസി എടുത്തു പറയുന്നുണ്ട്. ചതുരംഗക്കരുക്കളും പലകയും കൊടുത്തയച്ചുകൊണ്ട് ഇന്ത്യന്‍ രാജാവ് ആ കളിയിലെ കരുക്കളേതേതെന്നും നീക്കങ്ങള്‍ എപ്രകാരമെന്നും ഊഹിച്ചു കണ്ടുപിടിക്കാന്‍ പേഴ്‌സ്യക്കാരെ വെല്ലുവിളിച്ചുവത്രേ. പേഴ്‌സ്യക്കാര്‍ വെല്ലുവിളി സ്വീകരിക്കുകയും കളിയുടെ രഹസ്യം സ്വന്തം ബുദ്ധിശക്തി ഉപയോഗിച്ച് കണ്ടെത്തുകയും ചെയ്തുവെന്നാണ് ഫിര്‍ദൗസി രേഖപ്പെടുത്തുന്നത്.

ഇന്ത്യയില്‍നിന്ന് ചതുരംഗക്കരുക്കളയച്ചുകൊടുത്ത രാജാവാരാണ്? ഈ രാജാവ് ഏഴാം നൂറ്റാണ്ടിന് മുന്‍പായിരിക്കണം ജീവിച്ചിരുന്നത്. ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെ സസ്സാനിയന്‍ സാമ്രാജ്യം അറബികള്‍ക്കു കീഴ്‌പ്പെട്ടിരുന്നു. അതിനു മുമ്പേ ചതുരംഗമെന്ന പദം പേഴ്‌സ്യനില്‍നിന്ന് അറബി ഭാഷയിലേക്ക് എത്തിപ്പെട്ടിരിക്കണം. കാരണം ശത്‌രഞ്ജ് എന്ന അറബിവാക്ക് ചത്‌രഞ്ജ് എന്ന പേഴ്‌സ്യന്‍ വാക്കില്‍നിന്നാണ് ഉണ്ടായത്. മൂന്നു വ്യഞ്ജനങ്ങള്‍ ചേര്‍ന്ന അറബ് പ്രകൃതിപദത്തില്‍നിന്ന് ഇത്തരമൊരു വാക്കുണ്ടാവുകയില്ലെന്നു ഇറാനിസ്റ്റായ സുന്ദര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അറബ് പദത്തിന്റെ മൂലപ്രകൃതിയായ ചത്‌രഞ്ജ് ചതുരംഗമെന്ന സംസ്‌കൃതപദത്തില്‍നിന്നാണുണ്ടായതെന്നു വ്യക്തമാണല്ലോ. അപ്പോള്‍ കാനൗജ് എന്ന കാന്യകുബ്ജം വാണ ഏതോ ഒരു ഇന്ത്യന്‍ രാജാവ് എ. ഡി. ഏഴാം നൂറ്റാണ്ടിനല്പം മുമ്പ് ആണ് തന്റെ ദൂതന്മാരെ പേഴ്‌സ്യയിലേക്കയച്ചതെന്ന് വ്യക്തമാകുന്നു.

ഏഴാം നൂറ്റാണ്ടിനു മുന്‍പ് കാന്യകുബ്ജം ഭരിച്ചിരുന്നത് മൗഖാരി രാജാക്കന്മാരായിരുന്നു. ഗുപ്തരാജാക്കന്മാരുടെ സാമന്തന്മാരായിരുന്നു മൗഖാരികള്‍. ഹരിവര്‍മന്‍, ആദിത്യവര്‍മന്‍, ഈശ്വരവര്‍മന്‍, ഈശാനവര്‍മന്‍, സര്‍വവര്‍മന്‍ തുടങ്ങിയ പല രാജാക്കന്മാരെയും കുറിച്ചുള്ള രേഖകള്‍ ഇന്നുപലബ്ധമാണ്. അവസാനത്തെ മൗഖാരി രാജാവ് ഹര്‍ഷന്റെ സഹോദരി രാജശ്രീയെ വിവാഹം കഴിച്ച ഗ്രഹവര്‍മനാണ്. മാളവരാജാവായ ദേവഗുപ്തന്‍ ഇദ്ദേഹത്തെ വധിച്ച് കാനൗജ് പിടിച്ചടക്കി. എന്നാല്‍ ഏറെത്താമസിയാതെ ഹര്‍ഷന്‍ കാനൗജ് തിരിച്ചുപിടിക്കുകയും രാജ്യശ്രീയെ മോചിപ്പിക്കുകയും ചെയ്തു. തന്റെ തലസ്ഥാനത്തെ സ്ഥാണീശ്വരത്തില്‍നിന്ന് കാനൗജിലേക്ക് മാറ്റുകയും ചെയ്തു അദ്ദേഹം.

വിസാരി-സ്ന്‍-ഇ-ചത്‌രംഗില്‍ പരാമര്‍ശിക്കുന്ന ദേവിശര്‍മ് എന്ന രാജാവ് 'ദേവസര്‍വവര്‍മ'നാകാനാണ് സാധ്യതയെന്ന് റിനാട്ട സെയ്ഡ് അഭ്യൂഹിക്കുന്നു. 'ദേവ' പദം രാജാക്കന്മാര്‍ പൊതുവെ ഉപയോഗിക്കാറുണ്ട്. സര്‍വവര്‍മന്‍ പ്രസിദ്ധനായൊരു മൗഖാരി രാജാവാണ്. ഈശാനവര്‍മന്റെ പുത്രനായ ഈ ദേവസര്‍വവര്‍മന്‍ എ.ഡി. 560-65 മുതല്‍ 585 വരെ രാജ്യഭരണം നിര്‍വഹിച്ച രാജാവായിരുന്നുവെന്ന് ദേവഹുതി അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ കാലത്താണ് ചതുരംഗം ഇന്ത്യയില്‍ നിന്നു പുറത്തേക്ക് വ്യാപിച്ചത്. അങ്ങനെ എ.ഡി. അഞ്ചാം ശതകത്തോടെ ഇന്ത്യയിലുടലെടുത്ത ചതുരംഗം അതിവേഗം കാന്യകുബ്ജ ഭാഗത്തേക്കു വ്യാപിച്ചുവെന്നും അവിടെനിന്ന് അതു പുറംനാടുകളിലെത്തപ്പെട്ടുവെന്നും ഉള്ള നിഗമനത്തില്‍ എത്തിച്ചേരുകയായിരിക്കും യുക്തിസഹം. സര്‍വവര്‍മനാണ് ചതുരംഗം പേഴ്‌സ്യയിലേക്കയച്ച ഇന്ത്യന്‍ രാജാവ്.

ഈ അഭ്യൂഹങ്ങള്‍ക്കുപോല്‍ബലകമായ യുക്തികളും തെളിവുകളും പുരാവസ്തു ഗവേഷണത്തില്‍നിന്ന് ഉപലബ്ധമായിട്ടുണ്ട്. ഉസ്‌ബെക്കിസ്ഥാനിലെ ആര്‍ക്കിയോളജിസ്റ്റായ ഡോ. ജൂറിജ് എഫ്. ബൂര്‍ജാക്കോവ് 1977ല്‍ സമര്‍ഖണ്ഡില്‍നിന്ന് ഉദ്ഖനനം ചെയ്ത ഏഴു ദന്തനിര്‍മ്മിത രൂപങ്ങളാണ് ഇന്ന് നമ്മുടെ അറിവില്‍പ്പെട്ട ഏറ്റവും ആദിമമായ ചതുരംഗക്കരുകള്‍. ഈ ശേഖരത്തില്‍ രാജാവ്, തേര്, രണ്ടു കുതിരപ്പടയാളികള്‍, ആന, രണ്ടു കാലാളുകള്‍ എന്നിവയാണടങ്ങിയിരിക്കുന്നത് - ഒരു ഭാരതീയ സേനാവിന്യാസം! ഈ പ്രതിമകളുടെ കാലം എ.ഡി. 700 ആണെന്ന് ഇന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നു.

ഈ സമര്‍ഖണ്ഡ് കരുക്കളുമായി അത്ഭുതകരമായ സാദൃശ്യം പുലര്‍ത്തുന്ന ഒട്ടേറെ മണ്‍പ്രതിമകള്‍ കാനൗജ് - അഹിച്ഛത്ര മേഖലയില്‍ ഉദ്ഖനനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിനാട്ടെ സെയ്ഡ് കണ്ടെത്തി. ഇവയില്‍ ആന, കാലാള്‍, കുതിരപ്പടയാളി, തേര്‍ എന്നിങ്ങനെ പലതരം കരുക്കള്‍ ഉള്‍പ്പെടുന്നു. ഇവ ചതുരംഗക്കരുക്കളാവാമെന്നതിനാണ് സാധ്യത. ഗുപ്തവംശ കാലത്തിനു ശേഷമാണിവ നിര്‍മ്മിക്കപ്പെട്ടതെന്നതാണ് പുരാവസ്തു ഗവേഷകരുടെ പൊതുനിഗമനം. അഹിച്ഛത്രത്തിലും കാനൗജിലും മറ്റും ധാരാളമായി കാണപ്പെടുന്ന ഈ കരുക്കള്‍ ചതുരംഗം ഇന്ത്യയിലുടലെടുത്തത് ആ മേഖലയിലാണെന്ന ശക്തമായ സൂചന നല്കുന്നു. സമര്‍ഖണ്ഡ് കരുക്കളും ഇവയുമായ സാദൃശ്യം ചതുരംഗം ഇന്ത്യയില്‍ നിന്നു പേഴ്‌സ്യന്‍ മേഖലയിലേക്കു വ്യാപിച്ചതിന്റെ ഏറെക്കുറെ കൃത്യമായ മാര്‍ഗരേഖയിലേക്കു വെളിച്ചം വീശുന്നു. ഇന്ത്യന്‍ കരുക്കളുമായി ബര്‍മീസ് ചതുരംഗക്കരുക്കള്‍ക്ക് വളരെ അടുത്ത സാദൃശ്യമുണ്ടെന്ന രസകരമായ വസ്തുതയും ഇവിടെ എടുത്തു പറയേണ്ടതുണ്ട്. മൗഖാരികളുടെ ഭരണകാലത്ത് കാനൗജും ബര്‍മമേഖലയും തമ്മില്‍ ശക്തമായ വാണിജ്യബന്ധം നിലനിന്നിരുന്നുവെന്ന വസ്തുത കണക്കിലെടുത്താല്‍ ചതുരംഗത്തിന്റെ 'പൗരസ്ത്യ പര്യടന'ത്തിന്റെ ചിത്രവും വെളിവാകും.

ഈ വസ്തുതകളെല്ലാം വിരല്‍ ചൂണ്ടുന്നത് ചതുരംഗത്തിന്റെ ജന്മഭൂമി ഇന്ത്യ തന്നെയാണെന്ന അസന്ദിഗ്ദ്ധമായ നിഗമനത്തിലേക്കാണ്. പേഴ്‌സ്യയില്‍നിന്ന് ചെസ്സ് ഇന്ത്യയിലേക്കു വ്യാപിച്ചുവെന്ന ധാരണയെ ഈ തെളിവുകള്‍ കടപുഴക്കിയെറിയുന്നു. അഞ്ചാം ശതകത്തില്‍ തന്നെ ചതുരംഗം ഇന്ത്യയില്‍ ഉടലെടുത്തിട്ടുണ്ടാവണം. മൗഖാരി രാജാവായ സര്‍വവര്‍മന്റെ കാലത്ത് അത് പേഴ്‌സ്യയിലേക്കു വ്യാപിച്ചു. തുടര്‍ന്ന് മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കും. മൗഖാരി വംശം അന്യം നിന്നുപോയപ്പോള്‍ സ്ഥാണ്വീശ്വരത്തില്‍ നിന്നു കാന്യകുബ്ജത്തിലേക്കു മാറിയ ഹര്‍ഷവര്‍ധനന്റെ കൊട്ടാരത്തില്‍ ചതുരംഗം പ്രചുരപ്രചാരം നേടിയിരിക്കണം; ചതുരംഗത്തെക്കുറിച്ച് വിശ്വസാഹിത്യത്തിലെ തന്നെ ആദ്യത്തെ വ്യക്തമായ പരാമര്‍ശം നടത്താന്‍ ബാണന് അവസരമൊരുക്കിയത് ആ സാഹചര്യം തന്നെ.

സഹായക പഠനങ്ങള്‍
Eder, Manfred A.J. The present state of Research regarding the oldest chessmen - in Arbeits papiere 'Chess originated in India'. Kelkheim / Ts. Germany 2000.

Macdonell A.A.: 'The origin and early history of Chess', Journal of the Royal Asiatic Society of Great Britain and Ireland - 1898 pp 117- 141

Sundermann, Werner, Eine Bemerkung Zum Namen des Schaehspiels, seiner Herkunft und Geschichte' in Manfred J. Eder, Arbeitspapiere zum Privatassium Indien, Munchen 1999.

Syed, Renate 'King Sarvavarman Maukhari of Kanauj. Did he convey caturange to. Khusru Anushirvan, the Sassanaid? in Arbeits papiere. chess originated in India, Germany, 2000.

(പഴമയും പുതുലോകവും എന്ന പുസ്തകത്തില്‍ നിന്ന്)

Thanks


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment