Wednesday, 8 February 2012

[www.keralites.net] എന്റെ പ്രിയനഗരിയില്‍..

 

എന്റെ പ്രിയനഗരിയില്‍..

Text: Prithwiraj, Photos: Jayaprakash Payyannur

ക്വാലാ ലംപൂര്‍ എനിക്ക് പുതിയൊരു നഗരമല്ല. പലതവണ വന്നിട്ടുളള ഒരു ചിരപരിചിത നഗരം. കുഞ്ഞുന്നാളില്‍ അച്ഛനോടൊപ്പമാണ് ആദ്യം പോയത്. അന്നത്തെ മലേഷ്യയുടെ ചിത്രം പക്ഷെ മനസിലില്ല. പിന്നീട് മുതിര്‍ന്നപ്പോള്‍ പലതവണ പോയി, അഞ്ചാറ് തവണ ഷൂട്ടിങ്ങിനായി തന്നെ പോയി. പക്ഷെ ഇത്തവണത്തെ യാത്രയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. സുപ്രിയ കൂടെയുണ്ടെന്നതു തന്നെ. കല്യാണം കഴിഞ്ഞുള്ള ആദ്യയാത്രയായതിനാല്‍ ഷൂട്ടിങ്ങിനിടയില്‍ വീണുകിട്ടുന്ന ഇത്തിരി നിമിഷങ്ങളിലെ മധുവിധുവായിരുന്നു മനസില്‍.

പക്ഷെ വിചാരിച്ചതുപോലായിരുന്നില്ല കാര്യങ്ങള്‍. രാവിലെ ആറിനു തുടങ്ങുന്ന ഷൂട്ടിങ്ങ് രാത്രി വൈകിയും തുടര്‍ന്നു. മലേഷ്യയുടെ രാത്രിദൃശ്യങ്ങളും സംവിധായകന്‍ ദീപു കരുണാകരന് പകര്‍ത്തണമായിരുന്നു. ലൈറ്റും മറ്റ് സാങ്കേതികസൗകര്യങ്ങളുമെല്ലാമടങ്ങുന്ന 46 അംഗ സംഘം തന്നെയുണ്ടായിരുന്നു ഒപ്പം. സാധാരണ ഇത്തരം വിദേശലൊക്കേഷനുകളില്‍ ഇത്രയും സന്നാഹം ഉണ്ടാകാറില്ല.

Fun & Info @ Keralites.netചിത്രീകരണം നഗരപരിധിക്കുള്ളില്‍ തന്നെയായതുകൊണ്ട് മലേഷ്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് പോകാനോ ഗ്രാമങ്ങള്‍ കാണാനോ ഒന്നും കഴിഞ്ഞില്ല. അതിന് സിനിമാ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് തനിയേ തന്നെ പോകണം. പലതവണ പോയിട്ടുള്ളതുകൊണ്ട് എനിക്കതില്‍ വലിയ പുതുമയൊന്നുമില്ലെങ്കിലും സുപ്രിയയ്ക്കു വേണ്ടി അങ്ങിനെയൊരു യാത്ര പഌന്‍ ചെയ്യണം. അവള്‍ സിംഗപ്പൂരില്‍ ട്രെയിനിങ്ങിന്റെ ഭാഗമായി നേരത്തെ പോയിട്ടുണ്ട്. മലേഷ്യയില്‍ ഇതാദ്യമായിരുന്നു.

ചിത്രത്തില്‍ ഞാന്‍ തേജാഭായ് ആണ്. മലേഷ്യന്‍ അധോലോകത്തിലെ മലയാളി സാന്നിധ്യം! എന്റെ വീടായി ചിത്രീകരിച്ചത് കണ്‍ട്രിഹൈറ്റ് വില്ലയായിരുന്നു. മലേഷ്യയിലെ തന്നെ ഏറ്റവും പോഷായ ഒരു സ്ഥലം. എന്റെ വീടൊരു മലയാളിയുടേതായിരുന്നു എന്നതും യാദൃശ്ചികം. കണ്ണൂര്‍ സ്വദേശിയായ മാധവന്‍ നമ്പ്യാരും പാലക്കാട്ടുകാരി സുജാതചേച്ചിയും. ഇരുവരും നല്ല ആതിഥേയരും കൂടിയായിരുന്നു. നമ്പ്യാര്‍ അവിടെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ്.

കേരളത്തിന്റെ സമാനമായ കാലാവസ്ഥയാണ് ക്വലാ ലംപൂരിലും. ഇടക്കിടെ പെയ്യുന്ന മഴ. വഴിയോരത്തെ സസ്യജാലങ്ങള്‍. മലയാളികളുടെ സാന്നിധ്യവും. ക്വലാ ലംപൂരില്‍ നമുക്ക് അപരിചിതത്വം തോന്നില്ല. ദുബായില്‍ എവിടെ തിരിഞ്ഞാലും മലയാളികളെ കാണുന്നതുപോലെ ഇവിടെ തമിഴ്‌വംശജരെ കാണാം. അതുകൊണ്ട് തന്നെ ഭാഷയുടെ പ്രശ്‌നവും മലയാളികളായ സഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നില്ല.

മലേഷ്യയില്‍ എനിക്ക് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടെന്നത് ഈ യാത്രയില്‍ കിട്ടിയ അത്ഭുതകരമായ പുതിയൊരറിവായിരുന്നു. തമിഴ് സിനിമയിലൂടെ കിട്ടിയ ആരാധകര്‍. അവര്‍ എനിക്കൊരു ഉപഹാരവുമായി സെറ്റിലെത്തിയതും സന്തോഷം പകര്‍ന്നു.

Fun & Info @ Keralites.netഷൂട്ടിങ് തിരക്കിനിടയില്‍ മധുവിധുയാത്രകളൊന്നും തരപ്പെട്ടില്ലെങ്കിലും വീണുകിട്ടുന്ന ചെറിയനിമിഷങ്ങളില്‍ മലേഷ്യയുടെ നഗരസൗന്ദര്യം ഞങ്ങള്‍ ആസ്വദിച്ചു. ക്വലാ ലംപൂര്‍ എന്നു പറഞ്ഞാല്‍ പെട്രോനാസ് ടവര്‍ തന്നെ. എന്തൊരു തലപ്പൊക്കം! മലേഷ്യക്കാര്‍ ആത്മാഭിമാനത്തോടെയാണ് അതിനെ കാണുന്നതും വിശേഷിപ്പിക്കുന്നതും. നഗരത്തിന്റെ ഏതു ഭാഗത്തു നിന്നു നോക്കിയാലും ആ അംബരചുംബികളെ കാണാം. ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍ നിന്നും നടക്കാനെ ഉണ്ടായിരുന്നുള്ളൂ അവിടേക്ക്. പ്രിയയും ഞാനും ഇടവേളകളില്‍ ആകാശസീമകളിലേക്ക് തുളച്ചു കയറിപ്പോകുന്ന ആ വിസ്മയത്തെ ആസ്വദിക്കുമായിരുന്നു. രാവില്‍, വെള്ളി വെളിച്ചത്തില്‍ അടിമുടി കുളിച്ച,് വലിയൊരു പൂത്തിരി പോലെ കത്തി നില്‍ക്കുന്ന പെട്രൊനാസ് ടവറുകള്‍ ഒരു സ്വപ്‌ന ദൃശ്യം തന്നെ.പെട്രോനാസ്് ടവറിനടുത്തുള്ള കെ.എല്‍.ഗാര്‍ഡന്‍, മലേഷ്യയിലെ ബാത്തു മുരുകന്‍ കോവില്‍, ചൈനാടൗണ്‍, ചൈനീസ് ടെമ്പിള്‍, ബുകിത് ബിന്ദാങ്ങ്് സ്ട്രീറ്റ്, എന്നിവിടങ്ങളിലൊക്കെയായിരുന്നു ചിത്രീകരണം. ക്വലാ ലംപൂര്‍ നഗരത്തിന്റെ ഒരു നേര്‍ചിത്രത്തിലൂടെയുള്ള യാത്ര. ഷൂട്ടിങ് കഴിഞ്ഞൊരു യാത്ര തരപ്പെടില്ലെന്നറിഞ്ഞതുകൊണ്ട് തന്നെ സുപ്രിയയും ഷൂട്ടിങ്ങിനൊപ്പം കൂടി. ബാത്തു കേയ്‌വ്‌സ് ഗംഭീര കാഴ്ച്ചയാണ്. സുബ്രഹ്മണ്യന്റെ വലിയൊരു പ്രതിമ ഈ ഗുഹാക്ഷേത്രത്തിന്റെ കവാടത്തില്‍ നില്‍ക്കുന്നു. പഴയൊരു ലൈം സ്റ്റോണ്‍ ഫോര്‍മേഷനാണ് ബാത്തു ഗുഹകള്‍. എണ്ണിതീരാന്‍ വിഷമമുള്ള പടികള്‍ കയറിവേണം ഗുഹക്കുള്ളിലെ കോവിലിലെത്താന്‍. ഗുഹയെന്നു പറഞ്ഞാല്‍ തെറ്റിധരിക്കേണ്ട. വിശാലമായ ചേമ്പറുകള്‍. അതിനുള്ളില്‍ ചെറിയ അമ്പലം.

Fun & Info @ Keralites.net
മഹാനഗരത്തിന്റെ ശരിയായ തുടിപ്പുകള്‍ അറിയണമെങ്കില്‍ ചൈനാടൗണില്‍ പോകണം. ലോകത്തിലെ എല്ലാ മഹനഗരങ്ങളിലും ചൈനാടൗണ്‍ ഉണ്ട്. ക്വലാ ലംപൂരിലെ ചൈനാടൗണിലെ പ്രധാന തെരുവായ പെറ്റാലിങ്ങ് സ്ട്രീറ്റ് തിരക്കു പിടിച്ചൊരു തെരുവാണ്. ചെറിയ ചെറിയ സുവനീറുകളും ചൈനീസ് ഭക്ഷണശാലകളും സഞ്ചാരികളും നിറഞ്ഞ ക്രിസ് ക്രൊസ് പാത.

ബുകിത് ബിന്ദാങ്ങ് നഗരത്തിന്റെ കമേഴ്‌സ്യല്‍ ഹബ്ബാണ്. എല്ലാ ഇന്റനാഷണല്‍ ബ്രാന്‍ഡുകള്‍ക്കും ഇവിടെ ഷോറൂമുകളുണ്ട് പവലിയന്‍ ഉള്‍പ്പടെ പതിനാലോളം വമ്പന്‍ മാളുകള്‍ ഒറ്റ തെരുവില്‍ നിരന്നു നില്‍ക്കുന്ന കാഴ്ച്ച. വിവിധ രാജ്യങ്ങളുടെ രുചികളെ വിളംബരം ചെയ്യുന്ന റെസ്റ്റൊറന്റുകള്‍, പല തരത്തിലുള്ള സഞ്ചാരികള്‍ എല്ലാം നിറഞ്ഞ തിളക്കമുള്ള കോസ്‌മോപോളിറ്റന്‍ തെരുവ്.


ഇവിടുത്തെ ഏറ്റവും വലിയ പബ് ആയ സൗക്ക് പബ്ബിലും ചിത്രീകരണമുണ്ടായിരുന്നു. പെട്രൊനാസിനടുത്തുള്ള ഒരു നിശാശാലയാണത്. അതൊരു വേറിട്ടലോകം തന്നെയാണ്. ക്വലാ ലംപൂരിന്റെ മുഴുവന്‍ കാഴ്ചയും സാധ്യമാകുന്ന ലുക്ക് ഔട്ട്‌പോയിന്റില്‍ നിന്ന് കണ്ട ദൃശ്യവും മനസില്‍ മായാതെ കിടക്കുന്നു.

Fun & Info @ Keralites.net
ഷൂട്ടിങിനിടയിലെ രസകരമായൊരനുഭവമാണ് ഈ യാത്രയിലെ മായൊത്തൊരു ചിത്രം. ചിത്രത്തിലൊരു സീനുണ്ട്. നടന്‍ അശോകനെ കാറോടു കൂടി തട്ടികൊണ്ടുപോകുന്ന സീന്‍. റിക്കവറിവാനില്‍ കൊളുത്തി കാറ് കൊണ്ടുപോകുമ്പോള്‍ അശോകന്‍ ചേട്ടന്‍ അതിലിരുന്ന് രക്ഷപ്പെടാനായി വെപ്രാളം കാണിക്കുന്ന സീന്‍. വളരെ തന്‍മയത്വത്തോടു കൂടി സീന്‍ പുരോഗമിക്കുമ്പോള്‍ ഇത് സിനിമയാണെന്നറിയാതെ ഒരു തമിഴന്‍ ബൈക്കില്‍ ചേസ് ചെയ്ത് റിക്കവറി വാനിന് വട്ടം ചാടി. അതൊരു ചെറിയ അപകടത്തിലാണ് കലാശിച്ചത്.

Fun & Info @ Keralites.net
പെട്രൊനാസിന്റെ ചുവട്ടില്‍ പാട്ട് സീന്‍ ചിത്രീകരിക്കുമ്പോള്‍ പാര്‍ക്കില്‍ നിറയെ കുട്ടികള്‍. അവര്‍ ഒഴിവു സമയം ചെലവഴിക്കാന്‍ വന്നതാണ്. സുപ്രിയയ്ക്ക് കുട്ടികളെ വലിയ ഇഷ്ടമാണ്. അവള്‍ അവരുമായി പെട്ടെന്ന് ചങ്ങാത്തമായി. പിന്നെ ഞാനും കൂടി. ഒടുക്കം പാട്ടു സീനില്‍ ആ മലേഷ്യന്‍ കുട്ടികളെ മുഴുവന്‍ ഉള്‍പ്പെടുത്തി. മൊത്തത്തില്‍ അതോടെ ആ സീനൊന്നു കൊഴുത്തു.

ഇങ്ങിനെ തിരക്കിനിടയിലെ കൊച്ചുകൊച്ചു വിശേഷങ്ങളാണ് ക്വലാ ലംപൂരില്‍ നിന്നെനിക്ക് പറയാനുള്ളത്. അല്ലെങ്കിലും തിരക്കൊഴിഞ്ഞൊരു യാത്രയും ജീവിതവും ഒരു നടനില്ലല്ലോ?.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment