Wednesday 25 January 2012

[www.keralites.net] മഴനീര്‍ത്തുള്ളിയുടെ പാട്ടുകാരന്‍

 

മഴനീര്‍ത്തുള്ളിയുടെ പാട്ടുകാരന്‍

Fun & Info @ Keralites.net
കുമാരനാശാന്‍ നഗറില്‍ പുതിയതായി പണികഴിപ്പിച്ച ഇരുനില വീടിന്റെ മട്ടുപ്പാവിലിരുന്ന് ആരാധകരുടെ ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയുകയായിരുന്നു പുതു വെള്ളെ മഴയുടെ ഗായകന്‍. എല്ലാം പുതിയ ചിത്രമായ ബ്യൂട്ടിഫുള്ളിലെ പ്രിയഗായകന്റെ അഭിനയത്തിനും പാട്ടിനും ഫുള്‍മാര്‍ക്ക് നല്‍കിക്കൊണ്ടുള്ള കോളുകള്‍. തൊഴുത് മടങ്ങിയ സന്ധ്യയിലും, വിണ്ണിലെ ഗന്ധര്‍വ വീണകളിലും ഒഴുകിയെത്തിയ ആ ശബ്ദ മാധുരി കാലങ്ങള്‍ കഴിഞ്ഞിട്ടും വീണ്ടും ആസ്വാദകരുടെ കാതുകളിലേക്ക് പനിനീര്‍ത്തുള്ളികളായി പെയ്തിറങ്ങുകയാണ്... മഴനീര്‍ത്തുള്ളികള്‍ നിന്‍ തണുനീര്‍ മുത്തുകള്‍ എന്ന ഗാനത്തിലൂടെ. ഒപ്പം ഗായകനില്‍ നിന്നും നായകനില്‍ നിന്നും ഉണ്ണി മേനോന്റെ വില്ലനിലേക്കുള്ള രൂപമാറ്റം പ്രേക്ഷകരെ അതിശയിപ്പിക്കുകയാണ്...

ഗായകന്‍, സംഗീത സംവിധായകന്‍, നായകന്‍, ഇപ്പോള്‍ വില്ലനും. പുതിയ ട്രാക്കിലാണോ?

ഒരിക്കലുമല്ല, അഭിനയം അത് യാദൃച്ഛികമായി സംഭവിച്ചതാണ്. ഇപ്പോഴും പാട്ടിന് തന്നെയാണ് മുന്‍ഗണന. യഥാര്‍ത്ഥത്തില്‍ ബ്യൂട്ടിഫുള്ളില്‍ എന്നെ പാടാനായിട്ടാണ് വിളിക്കുന്നത്. പാട്ട് പാടിക്കഴിഞ്ഞപ്പോള്‍ സംവിധായകന്‍ വി. കെ പ്രകാശ് വീണ്ടും വിളിച്ചു, ഉണ്ണിക്ക് ഇതില്‍ അഭിനയിച്ചുകൂടേ എന്ന് ചോദിച്ചു. കഥ കേട്ടപ്പോള്‍ എനിക്കും തോന്നി അഭിനയിക്കാമെന്ന്. സ്ഥിതി എന്ന ചിത്രത്തിന് ശേഷം അഭിനയ ജീവിതത്തിലെ രണ്ടാംവരവ് പീറ്റര്‍ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണെന്ന് പറയാം. രണ്ടര ദിവസമേ ഷൂട്ടിംഗ് ഉണ്ടായിരുന്നുള്ളൂ. ശരിക്കും മികച്ച ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും സംതൃപ്തിയുമുണ്ട്. ഇതുവരെയുള്ള സിനിമാ സങ്കല്‍പത്തെ മുഴുവന്‍ പൊളിച്ചെഴുതിയ ചിത്രമാണ് ബ്യൂട്ടിഫുള്‍. ഒരു പുതിയ സമീപനമാണ് അതില്‍ കണ്ടത്. ചിത്രത്തിലെ ചെറിയ ആര്‍ട്ടിസ്റ്റുകള്‍ പോലും അസാധ്യമായ അനുഭവമാണ് കാഴ്ച വച്ചിരിക്കുന്നത്. അനൂപ് മേനോന്റെ തിരക്കഥയെക്കുറിച്ചും വി. കെ. പി.യുടെ സംവിധാന മികവിനെക്കുറിച്ചും പറയാതെ വയ്യ. സിനിമ പുറത്തിറങ്ങിയതിന് ശേഷം നിരവധി പേര്‍ വിളിച്ചിരുന്നു.

അഭിനയത്തെക്കുറിച്ചും പാട്ടിനെക്കുറിച്ചുമുള്ള അഭിനന്ദനങ്ങളറിയിക്കാന്‍. ബ്യൂട്ടിഫുള്ളിന് ശേഷം രണ്ടുമൂന്ന് സിനിമകളില്‍ അഭിനയിക്കാനുള്ള ക്ഷണവുമുണ്ടായി, നല്ല ഒരു പാട്ടുണ്ടെങ്കില്‍ വിളിച്ചോളൂ, പാടാന്‍ ഞാന്‍ റെഡിയാണെന്ന് പറഞ്ഞു. സ്ഥിതി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചപ്പോഴും നിരവധി ഓഫറുകള്‍ വന്നിരുന്നു.

മഴനീര്‍ത്തുള്ളികള്‍... പാട്ട് ഹിറ്റായല്ലോ?

ഞാന്‍ പാടിയ ഗാനങ്ങളില്‍ ഒരു പാട്ടും നല്‍കാത്ത സംതൃപ്തിയാണ് മഴനീര്‍ത്തുള്ളികള്‍ തന്നത്. ചടുലമായ ഇന്നത്തെ ഗാനങ്ങള്‍ക്കിടയില്‍ ഒരു മെലഡി അതായിരിക്കും ഈ പാട്ടിനെ വ്യത്യസ്തമാക്കിയത്. പിന്നെ പാട്ടിന്റെ വരികളും ആകര്‍ഷകമാണ്. ഗാനമിറങ്ങിയതിന് ശേഷം അനവധി കോളുകള്‍ വന്നിരുന്നു. ഇന്ന് രാവിലെ തന്നെ ഒരു പത്ത് കോളെങ്കിലും അറ്റന്‍ഡ് ചെയ്തുകഴിഞ്ഞു. എല്ലാവര്‍ക്കും പറയാനുള്ളത് ഗാനത്തെക്കുറിച്ചായിരുന്നു. ചാനലുകളിലും എഫ്. എമ്മിലുമെല്ലാം ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ളത് ഈ പാട്ടിനാണ്. പിന്നെ ഗാനം വിഷ്വലൈസ് ചെയ്തിരിക്കുന്നതും വളരെ മനോഹരമായിട്ടാണ്. കണ്ടുമടുത്ത സ്ഥിരം പാറ്റേണുകളില്‍ നിന്നും വേറിട്ട ഒരു ശൈലിയാണ് മഴനീര്‍ത്തുള്ളികളില്‍ കാണാന്‍ സാധിക്കുന്നത്. ഗാനചിത്രീകരണത്തിലെ ഈ വ്യത്യസ്തതയും പ്രേക്ഷകരെ ആകര്‍ഷിച്ച ഘടകമാണ്.

ശ്യാമും എ. ആര്‍. റഹ്മാനും അവരുമൊന്നിച്ചുള്ള അനുഭവങ്ങള്‍?

എനിക്ക് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ശ്യാം സാര്‍.
സാറിന്റെ പാട്ടുകള്‍ ഞാന്‍ പാടാന്‍ തുടങ്ങിയത് എണ്‍പത്തിയൊന്ന് മുതലാണ്. മുന്നേറ്റം എന്ന ചിത്രത്തിലെ 'വളകിലുക്കം ഒരു വളകിലുക്കം' എന്ന പാട്ട്. ദാസേട്ടനു വേണ്ടി ട്രാക്ക് പാടാന്‍ വന്നതായിരുന്നു ഞാന്‍. പാട്ട് പാടിക്കഴിഞ്ഞപ്പോള്‍ ശ്രീകുമാരന്‍ തമ്പി സാര്‍ പറഞ്ഞു, അത് ഉണ്ണിയുടെ ക്രഡിറ്റില്‍ തന്നെ കിടക്കട്ടെ എന്ന്. അത് എന്റെ ഗാനരംഗത്തേക്കുള്ള മുന്നേറ്റമായിരുന്നുവെന്ന് പറയാം. മമ്മൂട്ടി ആദ്യമായി അഭിനയിച്ച ഗാനരംഗവും ആ പാട്ടിലൂടെയായിരുന്നു. അങ്ങനെയൊരു ഭാഗ്യവും വളകിലുക്കത്തിലൂടെ കിട്ടി. ദാസേട്ടനു വേണ്ടി നിരവധി ഗാനങ്ങള്‍ക്ക് ട്രാക്ക് പാടിയിട്ടുണ്ട്. 'ശ്രുതിയില്‍ നിന്നുയരും' അടക്കമുള്ള ഗാനങ്ങള്‍. അതെല്ലാം എന്റെ ക്രഡിറ്റില്‍ വരണമെന്ന് ശ്യാം സാറിന് വലിയ ആഗ്രഹമുണ്ടായിരുന്നു. അതിന് വേണ്ടി ശ്രമിക്കുകയും ചെയ്തു.

എന്നാല്‍ ദാസേട്ടനെക്കൊണ്ടുതന്നെ പാടിക്കണമെന്ന് പ്രൊഡ്യൂസേഴ്‌സിനും മറ്റും നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ട് ആ പാട്ടുകള്‍ എന്നില്‍ നിന്നും വഴി മാറിപ്പോയി. പിന്നീട് ശ്യാം സാറിനു വേണ്ടി അനവധി പാട്ടുകളും ട്രാക്കുകളും പാടിയിട്ടുണ്ട്. 'തൊഴുതു മടങ്ങും സന്ധ്യയുമേതോ, മാനത്തെ ഹൂറിപോലെ' തുടങ്ങിയ ഗാനങ്ങള്‍ അതില്‍ ചിലതാണ്. ഇതില്‍ മാനത്തെ ഹൂറിപോലെ എന്ന ഗാനം ഇപ്പോഴും ദാസേട്ടന്‍ പാടിയതായിട്ടാണ് കാണിക്കുന്നത്. ശ്യാം സാറിന്റെ പെറ്റായിരുന്നു ഞാന്‍. എന്നോട് വലിയ സ്‌നേഹമായിരുന്നു. സാറുമായി എണ്‍പത്തിയൊന്നില്‍ തുടങ്ങിയ ബന്ധം ഇപ്പോഴും ശക്തമായിതന്നെ നിലനില്‍ക്കുന്നുണ്ട്.

അതിനുശേഷം എനിക്ക് ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ തന്നത് എ. ആര്‍. റഹ്മാനായിരുന്നു. എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച റോജയിലെ ഗാനങ്ങള്‍. മലയാള സിനിമയില്‍ നിന്നും ഞാന്‍ പൂര്‍ണമായും ഔട്ടായിരുന്ന കാലത്താണ് ഒരു ദേവദൂതനെപ്പോലെ റഹ്മാന്‍ വരുന്നത്. റഹ്മാന്‍ കീബോര്‍ഡ് വായിക്കുന്ന കാലം തൊട്ടേ കണ്ട് പരിചയമുണ്ട്. അന്ന് റഹ്മാനായിട്ടില്ല, ദിലീപാണ്. ആരോടും അധികം സംസാരിക്കാത്ത, ജോലിയില്‍ മാത്രം ശ്രദ്ധിക്കുന്ന ഒരു പയ്യന്‍. റഹ്മാന്‍ ഒരു സ്റ്റുഡിയോ തുടങ്ങിയ സമയത്താണ് ഔസേപ്പച്ചനുമൊത്ത് സംഗീത സംഗമം എന്ന ആല്‍ബം ചെയ്യുന്നത്. അന്ന് എന്റെ പാട്ട് കേള്‍ക്കാനിടയായ റഹ്മാന്‍ ആ പാട്ടുകളിലെ ശബ്ദമാണ് റോജയിലേക്ക് വേണ്ടതെന്ന് പറയുകയും ചെയ്തു. 1991ല്‍ പുറത്തിറങ്ങിയ റോജയിലെ ഗാനങ്ങള്‍ എക്കാലത്തെയും ഹിറ്റായി മാറി. പിന്നീട് റഹ്മാനു വേണ്ടി അനവധി ഗാനങ്ങള്‍ പാടിയിട്ടുണ്ട്. അദ്ദേഹത്തിന് ഓസ്‌കാര്‍ ലഭിച്ചതിന് ശേഷം ഒരു ഉറുദു ഗാനവും പാടിയിട്ടുണ്ട്. റഹ്മാന്റെ മിന്‍സാര കനവ് എന്ന ചിത്രത്തിലെ 'ഊ ല ലല്ല' എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച ഗായകനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 'എങ്കേ അന്ത വെണ്ണിലാ' എന്ന ഗാനത്തിന് 2002ലും അവാര്‍ഡ് കിട്ടിയിട്ടുണ്ട്.

മലയാളം അംഗീകരിച്ചിട്ടില്ല എന്ന് തോന്നുന്നുണ്ടോ?

മലയാള സിനിമയില്‍ പാട്ടുകള്‍ക്ക് വേണ്ടി നമ്മള്‍ വേട്ടയാടണം എന്ന അവസ്ഥയാണ്. സംവിധായകരുടേയും നിര്‍മ്മാതാക്കളുടേയും അടുത്ത് ചെന്ന് നമ്മള്‍ പാട്ടുണ്ടാക്കണം. അങ്ങനെയാരു സ്വഭാവം എനിക്ക് പണ്ടുമില്ല, ഇപ്പോഴുമില്ല, ഇനിയൊട്ട് ഉണ്ടാവുകയുമില്ല. ഞാന്‍ കരുതുന്നത് പാട്ടുകള്‍ നമ്മെത്തേടി വരുമെന്നാണ്. ആ ഒരു രീതി മലയാള സിനിമ ഇതുവരെ അംഗീകരിച്ചിട്ടില്ല. തമിഴിലൊക്കെയാണെങ്കില്‍ ഒരു പാട്ടുപാടി ഹിറ്റായാല്‍ പിന്നീട് നിരവധി പാട്ടുകള്‍ നമുക്കായിട്ട് വരും.
എന്നാല്‍ മലയാളത്തില്‍ അങ്ങനെയല്ല. പിന്നെ പാട്ടിനുവേണ്ടി സെല്‍ഫ് മാര്‍ക്കറ്റ് ചെയ്യുന്ന രീതിയും എനിക്കില്ല. ഇതുവരെ ഞാന്‍ പാടിയിട്ടുള്ള ഗാനങ്ങളെല്ലാം എന്നെത്തേടി വന്നിട്ടുള്ളതാണ്. ഉണ്ണി മേനോന്‍ പാടിയാല്‍ നന്നായിരിക്കും എന്ന് കരുതി വന്നിട്ടുള്ള പാട്ടുകള്‍. അതുകൊണ്ടുതന്നെ ആ പാട്ടുകള്‍ തരുന്ന സന്തോഷവും സംതൃപ്തിയും വലുതാണ്.

ആര്‍ക്ക് വേണമെങ്കിലും പാടാമെന്ന സാഹചര്യമാണല്ലോ ഇന്ന്?

ഒരു പരിധിവരെ ശരിയാണ്. പക്‌ഷേ പാടിയാലല്ലേ ഗാനം പുറത്തു വരൂ. പാടാത്ത ഒരു സാധനം പാട്ടായി വരികയില്ലല്ലോ. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് വോയിസിലും മോഡുലേഷനിലും മാറ്റം വരുത്താന്‍ സാധിക്കുമായിരിക്കും. എങ്കിലും ഒരാളുടെ വോയിസിന്റെ പ്രത്യേകതയായിരിക്കുമല്ലോ അയാളെ ആ പാട്ട് പാടാന്‍ തിരഞ്ഞെടുക്കുന്നതിന് പിന്നില്‍. എന്നിരുന്നാലും ബേസിക് ടെക്‌സ്ചര്‍ വോയിസ് തന്നെയാണ്.

നല്ല ശബ്ദം, ഇന്നൊവേഷന്‍സ് ചെയ്യാനുള്ള കഴിവ് ഇതൊക്കെയാണ് ഒരു ഗായകന് വേണ്ട ഗുണങ്ങള്‍. ചിലപ്പോള്‍ പാടാനറിയാത്ത ഒരാള്‍ പാടിയ ഗാനവും ഹിറ്റാവാറുണ്ട്. ഏത് പാട്ടാണ് ജനങ്ങള്‍ക്ക് ഇഷ്ടമാകുന്നെന്ന് പറയാന്‍ പറ്റില്ല. ഇപ്പോള്‍ തന്നെ ധനുഷിന്റെ കൊലവെറി പെട്ടെന്ന് ഹിറ്റായില്ലേ. ആ പാട്ടിലെ ഏതോ ഇന്‍ഗ്രേഡിയന്റ് കേറി ഹിറ്റായതാണ്. പക്‌ഷേ ഇത്തരം പാട്ടുകള്‍ക്ക് ആയുസ്സ് കുറവായിരിക്കും. ഒരു രണ്ട് മാസം കഴിഞ്ഞാല്‍ ആരും ഓര്‍ക്കുകകൂടിയുണ്ടാവില്ല. ലജ്ജാവതി ഉയര്‍ത്തിയ തരംഗം ഓര്‍മ്മയില്ലേ. ഇന്ന് ആരെങ്കിലും ആ പാട്ടിനെക്കുറിച്ച് പറയാറുണ്ടോ. എന്നാല്‍ പഴയ പാട്ടുകള്‍ ഇപ്പോഴും പുതിയ തലമുറയുടെവരെ മനസ്സില്‍ ഇടംപിടിച്ചിട്ടുണ്ട്. രചനാഗുണമാണ് പഴയ പാട്ടുകളെ പുതിയതില്‍ നിന്നും മാറ്റിനിര്‍ത്തുന്നത്.

അന്യഭാഷാ ഗായികമാരുടെ കടന്നുവരവ് മലയാളത്തിലെ പുതുഗായകരുടെ അവസരങ്ങള്‍ കുറയ്ക്കുന്നതായി വിമര്‍ശനമുണ്ടല്ലോ?

മലയാളം പാടാനറിയാത്ത എത്രയോ ഗായകര്‍ ഇവിടെ വന്ന് പാടുന്നുണ്ട്. ശ്രേയ നല്ല കഴിവുള്ള ഗായികയാണ്. മലയാളി അല്ലാതിരുന്നിട്ടും മലയാള ഗാനങ്ങള്‍ പാടുമ്പോഴുള്ള അവരുടെ ഉച്ചാരണ ശുദ്ധി പ്രശംസനീയമാണ്. ആര്‍ക്കും എവിടെ നിന്ന് വേണമെങ്കിലും തിരിച്ചറിയാന്‍ സാധിക്കുന്നതാണ് അവരുടെ ശബ്ദം. ഔട്ട് സ്റ്റാന്‍ഡിംഗ് സിംഗറാണ് അവര്‍. കഴിവുള്ളവര്‍ പാടട്ടെ എന്നാണ് എന്റെ അഭിപ്രായം.

അത് ഇവിടെയുള്ള ഗായകരുടെ അവസരങ്ങള്‍ കുറയ്ക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാനടക്കമുള്ള ഗായകര്‍ തമിഴിലും മറ്റും പാടുന്നുണ്ടല്ലോ, അന്യഭാഷക്കാരാണെന്ന് പറഞ്ഞ് ആരും ഞങ്ങളെ മാറ്റിനിര്‍ത്തിയിട്ടില്ല. ഇവിടെയുള്ള ഗായകര്‍ക്കും അവസരങ്ങള്‍ ലഭിക്കുന്നുണ്ടല്ലോ. അക്കാര്യത്തില്‍ സംഗീത സംവിധായകരെ പഴിച്ചിട്ട് കാര്യമില്ല, അവരുടെ ഗാനങ്ങള്‍ ഏറ്റവും നന്നായി വരണമെന്നാണല്ലോ അവര്‍ ആഗ്രഹിക്കുന്നത്. അപ്പോള്‍ ഇന്ന ഗായിക പാടിയാല്‍ നന്നായിരിക്കുമെന്ന് വിചാരിച്ച് അവരെ തിരഞ്ഞെടുക്കും.

കേള്‍ക്കാനിഷ്ടപ്പെടുന്ന ഗാനങ്ങള്‍ ഏതൊക്കെ?

എനിക്കിഷ്ടം മെലഡിയാണ്. പക്‌ഷേ സ്‌റ്റേജ് ഷോകളില്‍ എല്ലാ ടൈപ്പ് പാട്ടും പാടാറുണ്ട്. വീട്ടിലിരിക്കുമ്പോഴും യാത്രകളിലും ഗസലുകള്‍ കേള്‍ക്കാനാണ് ഇഷ്ടം. പിന്നെ മുഹമ്മദ് റാഫി, മുകേഷ്, കിഷോര്‍ തുടങ്ങിയവരുടെ ഗാനങ്ങള്‍. ഇവ യു ടൂബിലും കാണാറുണ്ട്. കാരണം അന്ന് എങ്ങനെയാണ് അഭിനേതാക്കള്‍ പാടി അഭിനയിച്ചതെന്ന് കാണാന്‍ ഇഷ്ടമാണ്. ഷമ്മി കപൂറിന്റെ വലിയൊരു ഫാനാണ് ഞാന്‍. പിന്നെ ദാസേട്ടന്‍ എന്റെ മാനസിക ഗുരുവാണ്. സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ റേഡിയോയില്‍ ദാസേട്ടന്റെ പാട്ട് കേള്‍ക്കുമ്പോള്‍ ഇത് ഒരു മനുഷ്യനാണോ പാടിയിരിക്കുന്നെന്ന് ചിന്തിക്കാറുണ്ട്.
അദ്ദേഹത്തിനൊപ്പവും നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട്.

നാരായണീയം എന്ന പ്രോജക്ടിനെക്കുറിച്ച്?

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് നാരായണീയം പാടാന്‍ സാധിച്ചത്. ഇതില്‍ പന്ത്രണ്ട് ദശകങ്ങള്‍ ഞാന്‍ പാടിയിട്ടുണ്ട്. ഈ ഒരു പ്രോജക്ടിന് വേണ്ടി രണ്ടര വര്‍ഷത്തോളം വ്രതമെടുത്തു. അത്രയേറെ മനസ്സര്‍പ്പിച്ചുകൊണ്ടാണ് ഇതില്‍ പാടിയിരിക്കുന്നത്. പിന്നെ ഗുരുവായൂരുകാരനായ ഞാന്‍ നാരായണീയം പാടുമ്പോഴുള്ള വൈകാരികതയുമുണ്ട്.

Fun & Info @ Keralites.net
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment