Wednesday 25 January 2012

[www.keralites.net] നഴ്‌സുമാരുടെ സമരം തകര്‍ക്കാന്‍ മുന്‍നിര മാധ്യമങ്ങള്‍ പണം കൈപ്പറ്റിയതായി ആരോപണം; പ്രതിഷേധത്തിനൊടുവില്‍ വല്യേട്ടനും തിരുത്തി

 


കൊച്ചി: തിങ്കളാഴ്‌ച്ച വൈകുന്നേരം എറണാകുളം രാജേന്ദ്ര മൈതാനിയില്‍ (ബീനാ ബേബി നഗര്‍) നടന്ന നഴ്‌സുമാരുടെ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാതിരിക്കുന്നതിന് വേണ്ടി മുന്‍നിര മാധ്യമങ്ങള്‍ ഒത്തുകളിച്ചതായി ആരോപണം ഉയരുന്നു. മാത്രവുമല്ല നഴ്‌സുമാരുടെ ആവശ്യങ്ങളില്‍ ഒന്നാമതായി പ്രഖ്യാപിച്ച മിനിമം ശമ്പളം പതിനയ്യായിരം രൂപയാക്കി ഉയര്‍ത്തുക എന്ന ആവശ്യത്തിനു പകരം ഒരു പ്രമുഖ മാധ്യമം അയ്യായിരം രൂപ എന്ന് പ്രസിദ്ധീകരിച്ചതും കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. എന്നാല്‍ നഴ്‌സുമാരുടെ ശക്തമായ പ്രതിഷേധത്തിന് ഇടയായതോടെ മറ്റൊരു വാര്‍ത്തയിലൂടെ ഇവര്‍ അത് പതിനയ്യായിരം രൂപ എന്ന് പ്രസിദ്ധീകരിച്ച് തടിതപ്പിയിട്ടുണ്ട്.

തിങ്കളാഴ്‌ച്ച യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പങ്കെടുക്കാനായി ആയിരക്കണക്കിന് നഴ്‌സുമാരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയത്. ആവേശം അലതല്ലിയ കണ്‍വന്‍ഷന്‍ വന്‍വിജയവുമായിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി വിവിധ മാധ്യമങ്ങളുടെ പ്രതിനിധികളും എത്തിയിരുന്നു. എന്നാല്‍ ഇവയൊന്നും പത്രങ്ങളിലോ ചാനലുകളിലോ റിപ്പോര്‍ട്ട് ചെയ്ത് വന്നില്ലെന്ന് മാത്രം. മാധ്യമം ദിനപത്രം മാത്രമാണ് അല്പമെങ്കിലും മെച്ചപ്പെട്ട ഒരു വാര്‍ത്ത എല്ലാ എഡിഷനുകളും നല്‍കിയത്. മറ്റ് മുന്‍ നിര പത്രങ്ങളെല്ലാം ഈ വാര്‍ത്ത കൊച്ചി എഡിഷനില്‍ ഉള്‍പ്പേജുകളില്‍ മാത്രമായി ഒതുക്കി.

നാട്ടില്‍ എവിടെയെങ്കിലും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചാല്‍ പോലും ഉടന്‍ തന്നെ ബ്രേക്കിങ് ന്യൂസ് ആയി ഓണ്‍ലൈന്‍ പതിപ്പുകളില്‍ ഇറക്കുന്ന മുന്‍നിരക്കാരുടെ ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ തിങ്കളാഴ്‌ച്ച ഇങ്ങനെ ഒരു സംഭവം നടന്നായി പോലും അറിയാന്‍ കഴിഞ്ഞില്ല. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടി രാപകലെന്നില്ലാതെ തുച്ഛമായ വേതനത്തിന് അടിമപ്പണി ചെയ്യുന്നവര്‍ തങ്ങളോട് നീതിയും കരുണയും കാണിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ അവകാശ സം രക്ഷണത്തിന് നേരെയാണ് വാതോരാതെ മാധ്യമ ധര്‍മ്മം പ്രസംഗിക്കുന്ന ഈ മുന്‍നിര പത്രങ്ങളും ചാനലുകളും കണ്ണടച്ചതെന്ന് ആലോചിക്കണം. ഈ സാഹചര്യത്തിലാണ് വാര്‍ത്താ തമസ്ക്കരണത്തിനു പിന്നില്‍ സംഘടിതമായ ഒരു ശ്രമം നടന്നിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നത്.

അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റലിലെ പത്ത് ദിവസം നീണ്ടു നിന്ന ത്യാഗോജ്ജ്വലമായ പോരാട്ടത്തിനൊടുവില്‍ വിജയം നേടിയ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) പൊളിക്കാനായി വന്‍കിട ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ എറണാകുളത്ത് രഹസ്യ യോഗം ചേര്‍ന്നതായി വാര്‍ത്തയുണ്ടായിരുന്നു. അങ്കമാലി എല്‍.എഫില്‍ കത്തോലിക്കാ മാനേജ്‌മെന്റ്, അപ്രതീക്ഷിതമായി സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് മുട്ടുമടക്കിയത്, തങ്ങള്‍ക്ക് വലിയ ഭീഷണിയായി കണ്ട വന്‍കിട സ്വകാര്യ ആശുപത്രി മുതലാളിമാര്‍, യു.എന്‍.എ നേതാക്കന്മാരെ സ്വാധീനിച്ച് സംഘടനയെ തകര്‍ക്കാനുള്ള ശ്രമങ്ങളുമായി രംഗത്ത് വന്നിരുന്നു. സംസ്ഥാന തല നേതാക്കന്മാരായിട്ടുള്ളവര്‍ക്കും സമരപരിപാടികളില്‍ സജീവമായി നേതൃത്വം നല്‍കുന്നവര്‍ക്കും 50 ലക്ഷം മുതല്‍ മൂന്നര കോടി രൂപ വരെയുള്ള ഓഫറുകള്‍ പിന്മാറുന്നതിനായി നല്‍കിയിരുന്നു. ഓരോരുത്തരേയും വ്യക്തിപരമായി സ്വാധീനിക്കാന്‍ കഴിയുന്ന ആളുകള്‍ വഴിയാണ് ഓഫറുകളുമായി മാനേജ്‌മെന്റ് ഏജന്റുമാര്‍ സമീപിച്ചത്.

എന്നാല്‍ ഈ സമരം തങ്ങളുടെ നിലനില്പിന് വേണ്ടിയുള്ള പോരാട്ടമാണെന്ന ബോധ്യം നേതാക്കന്മാര്‍ക്ക് ഉള്‍പ്പെടെ സമരരംഗത്ത് സജീവമായ എല്ലാ നഴ്‌സുമാര്‍ക്കും ഉള്ളതുകൊണ്ട് ഏജന്റുമാരുടെ ശ്രമങ്ങള്‍ വിഫലമാവുകയഅയിരുന്നു. അതുകൊണ്ടാണ് എറണാകുളം സമരപ്രഖ്യാപന കണ്‍ വന്‍ഷനെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കുന്നതിന് വാര്‍ത്തകളില്‍ നിന്നും മുക്കുന്നതിനായി മാജ്‌മെന്റുകള്‍ കളിച്ചത്. പക്ഷേ ഇതുകൊണ്ടിഒന്നും തകരുന്ന പോരാട്ട വീര്യമല്ല തങ്ങളുടേതെന്ന് ബീനാ ബേബി നഗറില്‍ തടിച്ചു കൂടിയ ആയിരക്കണക്കിന് നഴ്‌സുമാര്‍ തെളിയിച്ചു. പരമാവധി നഴ്‌സുമാര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാതിരിക്കുന്നതിനുള്ള മുന്‍ കരുതലുകള്‍ വിവിധ മാനേജ്‌മെന്റുകള്‍ എടുത്തിരുന്നു. പല സ്വകാര്യ ഹോസ്പിറ്റലുകളിലും മുന്‍കൂട്ടി നല്‍കിയിരുന്ന ലീവുകള്‍ പോലും റദ്ദ് ചെയ്തു. പലര്‍ക്കും അധിക ഡ്യൂട്ടി നല്‍കുകയും മറ്റു ചെയ്തു. ഏതെങ്കിലും കാരണവശാല്‍ തിങ്കളാഴ്‌ച്ച ഡ്യൂട്ടി ചെയ്യാന്‍ എത്തിയില്ലെങ്കില്‍ പുറത്താക്കും എന്നുള്‍പ്പെടെയുള്ള ഭീഷണി തന്ത്രങ്ങള്‍ പ്രയോഗിച്ചു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് എത്തിയ നഴ്‌സുമാര്‍ ഈ സമ്മേളനത്തെ ഒരു വന്‍ വിജമാക്കി മാറ്റി.


സമ്മേളന പിറ്റേന്ന് പുറത്തിറങ്ങിയ കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രം വാര്‍ത്തയ്ക്കുള്ളില്‍ ഏറ്റവും തെറ്റിദ്ധാരണാ ജനകമായ രീതിയില്‍ നഴ്‌സുമാരുടെ ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടതായ ശമ്പള പരിഷ്ക്കരണം സംബന്ധിച്ച് സിദ്ധീകരിച്ചത് അടുത്ത പ്രതിഷേധമാണ് വരുത്തി വച്ചത്. ശമ്പളം പതിനയ്യായിരം രൂപയാക്കി ഉയര്‍ത്തുക എന്നുള്ളത് അയ്യായിരം രൂപയാല്ലി ഉയര്‍ത്തുക എന്ന രീതിയിലാണ് അച്ചടിച്ചു വന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും മറ്റും ഇതിനെതിരേ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്. ഇവരുടെ ഓഫീസിലേയ്ക്ക് വിളിച്ച് പ്രതിഷേധം പ്രകടിപ്പിക്കാന്‍ ഫോണ്‍ നമ്പര്‍ നല്‍കിയും ഇ-മെയില്‍ അയച്ച് പ്രതിഷേധിക്കാന്‍ ഇ-മെയില്‍ നല്‍കിയും ഫേസ്‌ബുക്കില്‍ വ്യാകമായ പ്രചരണം നടന്നു. നഴ്‌സുമാരുടെ സംഘടിതമഅയ പ്രതിഷേധത്തെ തുടര്‍ന്ന് ഏതായാലും വല്യേട്ടന്‍ പത്രം ഇന്ന് ഓണ്‍ലൈന്‍ പതിപ്പില്‍ പതിനയ്യായിരം രൂപയാക്കി ഉയര്‍ത്തണം എന്ന ആവശ്യം നഴ്‌സുമാര്‍ ഉന്നയിച്ചു എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പക്ഷേ  പത്രത്തില്‍ അച്ചടിച്ച് വന്നതിന് ഇതുവരെയും ഒരു തിരുത്തും കൊടുത്തതായി അറിവില്ല. കൊച്ജ്ചി എഡിഷനില്‍ എന്തോ പ്രാദേശിക പരിപാടി നടന്നതുപോലുള്ള ഒരു വാര്‍ത്തയായിരുന്നു സമരപ്രഖ്യാപന കണ്‍ വന്‍ഷന്‍ പ്രാധാന്യം നല്‍കിയിരുന്നതു. ഈ വിഷയത്തെ പറ്റി ഡെയ്‌ലി മലയാളം പ്രതിനിധിയോട് സംസാരിച്ച യു.എന്‍.എ ഭാരവാഹി പറഞ്ഞത് ഏത് മാധ്യമങ്ങള്‍ മാനേജ്‌മെന്റുകളുടെ ഏജന്റുമാരായി പ്രവര്‍ത്തിച്ചാലും നഴ്‌സുമാര്‍ ഈ സമരത്തില്‍ നിന്നും പിന്നോട്ടില്ല എന്നാണ്. പത്രമാധ്യമങ്ങളിലെയും ചാനലുകളിലെയും വാര്‍ത്തകളിലൂടെയല്ല, മറിച്ച് ഇതൊരു ജീവന്മരണ പോരാട്ടമായതിനാല്‍ ഓരോ നഴ്‌സുമാരും ഈ സമരത്തോട് കാണിക്കുന്ന ആത്മാര്‍ത്ഥയും ആവേശവും അര്‍പ്പണമനോഭാവവുമാണ് സംഘടനയുടെ കരുത്തെന്നും അദ്ദേഹം വ്യക്തമാക്കി.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment