കുമളി: മുല്ലപ്പെരിയാര്‍ സമരത്തെച്ചൊല്ലി തമിഴ്‌നാട്ടില്‍ ആശയഭിന്നത ഉടലെടുക്കുന്നു. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെത്തുടര്‍ന്ന് കര്‍ഷകരാണ് എതിര്‍പ്പുമായി രംഗത്തുവന്നത്. സമരമൂലം പച്ചക്കറി ഉള്‍പ്പെടെയുള്ള വിളകള്‍ കേരളത്തിലേക്ക് കയറ്റി അയയ്‌ക്കാനാവാതെ കൂടിക്കിടന്നു നശിക്കുന്നതാണ് കര്‍ഷകരെ പ്രകോപിച്ചിരിക്കുന്നത്. സമരത്തിനെതിരേ ശക്‌തമായ പ്രതിഷേധം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കര്‍ഷക നേതാവ് കെ.എ. അബ്ബാസ് രാജിവച്ച് ജയലളിതയ്‌ക്കെതിരേ പരസ്യപ്രസ്‌താവനയുമായി രംഗത്തെത്തി. മുല്ലപ്പെരിയാറിലെ ജലമുപയോഗിച്ച് കൃഷി ചെയ്യുന്ന തേനി, മധുര, രാമനാഥപുരം, ദിണ്ടിക്കല്‍, ശിവഗംഗ എന്നിവിടങ്ങളിലെ കര്‍ഷകരെ പ്രതിനിധീകരിക്കുന്ന ഐന്ത് മാവട്ടം പെരിയാര്‍ പൈഗ വാസന കര്‍ഷക അസോസിയേഷന്‍ നേതാവാണ് അബ്ബാസ്. ഇന്നലെയാണ് അബ്ബാസ് രാജിവച്ചത്. ഇതോടെ കര്‍ഷക സമരം മൂര്‍ച്‌ഛിച്ചിരിക്കുകയാണ്. പല ഗ്രാമങ്ങളിലും കര്‍ഷകര്‍ സംഘടിച്ച് സര്‍ക്കാരിനെതിരേ പ്രകടനം നടത്തി. പലയിടങ്ങളിലും ജയലളിതയ്‌ക്കെതിരേ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചിലയിടങ്ങളില്‍ അക്രമങ്ങളും ഉണ്ടായി. തേനിയില്‍ ഒരു സംഘം കര്‍ഷകര്‍ കൗണ്‍സിലര്‍മാരെ ആക്രമിച്ചു. മുല്ലപ്പെരിയാര്‍ സമരം രൂക്ഷമാകുകയും ചെക്ക്‌പോസ്‌റ്റുകള്‍ അടയ്‌ക്കുകയും ചെയ്‌തതോടെ ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകളാണ് തമിഴ്‌നാട്ടില്‍ കെട്ടിക്കിടന്നു നശിക്കുന്നത്. ഇപ്പോള്‍ തമിഴ്‌നാട്ടില്‍നിന്ന് കോയമ്പത്തൂര്‍-വയനാട് വഴി പെരുമ്പാവൂര്‍ മാര്‍ക്കറ്റിലേക്കാണ് പച്ചക്കറി എത്തുന്നത്. എന്നാല്‍ വന്‍കിട കച്ചവടക്കാര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ പച്ചക്കറി എത്തിക്കാന്‍ സാധിക്കുന്നത്. ചെറുകിട കര്‍ഷകരുടെ പച്ചക്കറിയാണ് വില്‍ക്കാന്‍ കഴിയാതെ നശിച്ചുകൊണ്ടിരിക്കുന്നത്. ഇറച്ചി കോഴിയുടെയും മുട്ടയുടെയും മാടിന്റെയും വരവു നിലച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചില പ്രാദേശിക മാധ്യമങ്ങളും സര്‍ക്കാരിനെതിരേ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തമിഴ് പത്രത്തിന്റെ ലേഖകന്‍ ആനന്ദും ഭാര്യ ഉമാമഹേശ്വരിയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ ചപ്പാത്തിലെ സമരപ്പന്തലില്‍ എത്തി. |
No comments:
Post a Comment