Sunday, 11 December 2011

[www.keralites.net] പ്രഥമശുശ്രൂഷ - അറിഞ്ഞിരിക്കേണ്ടവ.

 

പ്രഥമശുശ്രൂഷ- അറിഞ്ഞിരിക്കേണ്ടവ.

അപകടമരണവാര്‍ത്തകള്‍ കേള്‍ക്കാത്ത ദിവസങ്ങളില്ല. തക്കസമയത്ത്‌ പ്രഥമശുശ്രൂഷ ലഭിക്കുകയാണെങ്കില്‍ ഇവയില്‍ പല ജീവനും രക്ഷിക്കാമായിരുന്നു. അപകടരംഗത്ത്‌ പകച്ചു നില്‍ക്കാതെ, വൈദ്യ സഹായം ലഭിക്കുന്നതിനുമുമ്പുള്ള അടിയന്തിര പരിചണം നല്‍കാനുള്ള പരിശീലനം എല്ലാവര്‍ക്കും ലഭിച്ചിരിക്കണം. അതിനു സഹായകരമായ ഏതാനും പ്രഥമശുശ്രൂഷകള്‍ പരിചയപ്പെടാം.

മുറിവുകള്‍

മുറിവുകള്‍ പലതരത്തില്‍ സംഭവിക്കാറുണ്ട്‌. വീഴ്‌ച കൊണ്ടോ മൂര്‍ച്ചയില്ലാത്ത വസ്‌തുക്കള്‍കൊണ്ടുള്ള അടികൊണ്ടോ ഉണ്ടാകുന്ന മുറിവുകള്‍ മൂലം ത്വക്കിലും തൊട്ടു താഴെയുമുള്ള കലകളിലെയും രക്‌തക്കുഴലുകള്‍ പൊട്ടുവാനിടയുണ്ട്‌. ചിലപ്പോള്‍ മുറിവിനു ചുറ്റുമായി നീര്‍ക്കെട്ടും നിറവ്യത്യാസവും ഉണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ ചെയ്യേണ്ട പരിചണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

മുറിവുപറ്റിയ ആളെ സൗകര്യമായ വിധത്തില്‍ ഇരുത്തുകയോ കിടത്തുകയോ ചെയ്യുക. ഇരിക്കുമ്പോള്‍ രക്‌തസ്രാവത്തിന്റെ വേഗം കുറഞ്ഞിരിക്കും. കിടത്തുമ്പോള്‍ ഈ വേഗം വളരെ കുറവായിരിക്കും.

രക്‌തസ്രാവം ഉണ്ടാകുന്ന ഭാഗം ഉയര്‍ത്തി വയ്‌ക്കുക. ഇത്‌ രക്‌തവാര്‍ച്ച കുറയ്‌ക്കും. കൈയോ കാലോ ഒടിഞ്ഞുണ്ടാകുന്ന മുറിവാണെങ്കില്‍ ഇങ്ങനെ ഉയര്‍ത്തി വയ്‌ക്കരുത്‌. രക്‌തം കട്ടപിടിച്ചിട്ടുണ്ടെങ്കില്‍ അത്‌ നീക്കം ചെയ്യരുത്‌. മുറിവിനുള്ളില്‍ പുറമെ നിന്നുള്ള എന്തെങ്കിലും വസ്‌തുക്കള്‍ ഇരിപ്പുണ്ടെങ്കില്‍ അവ എടുത്തുകളയുകയോ വൃത്തിയുള്ള തുണികൊണ്ട്‌ തുടച്ചു മാറ്റുകയോ ചെയ്യുക.

മുറിവ്‌ ആഴത്തിലുള്ളതല്ലെങ്കില്‍ സോപ്പും ശുദ്ധജലവുംകൊണ്ട്‌ കഴുകി വൃത്തിയുള്ള തുണി വച്ചുകെട്ടുക. മുറിവില്‍കൂടി പകരുന്ന ടെറ്റനസ്‌ രോഗബാധ തടയുന്നതിനുള്ള കുത്തിവയ്‌പ് എടുക്കണം. വലിയ മുറിവുകള്‍ക്ക്‌ അടിയന്തരമായി ആശുപത്രിയിലെത്തിക്കുക. മുള്ള്‌, കുപ്പിച്ചില്ല്‌ തുടങ്ങിയവകൊണ്ടുള്ള മുറിവ്‌ മുറിവ്‌ ഗുരുതരമല്ലെങ്കില്‍ വലിയ ഒരു സൂചിയുടെ സഹായത്തോടെ അത്‌ നീക്കം ചെയ്യാം. ഉപയോഗിക്കുന്നതനുമുമ്പ്‌ സൂചി തിളക്കുന്ന വെള്ളത്തിലിടുകയോ തീനാളത്തില്‍ കാണിക്കുകയോ ചെയ്യുക. മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകുക. ടെറ്റനസ്‌ കുത്തിവയ്‌പ് എടുത്തിട്ടില്ലെങ്കില്‍ എടുക്കുക. ആഴത്തിലുള്ള മുറിവാണെങ്കില്‍ സ്വയം ചികിത്സയ്‌ക്ക് മുതിരരുത്‌. വൈദ്യസഹായം തേടുക. വയറിലോ ഉദരഭിത്തിയിലോ മുറിവേറ്റാല്‍ ആന്തരാവയങ്ങള്‍ പുറത്തേക്കു തള്ളിയിട്ടില്ലെങ്കില്‍ മുറിവേറ്റ ആളെ മലര്‍ത്തിക്കിടക്കുക. കാല്‍മുട്ടുകള്‍ മടക്കി ഉയര്‍ത്തി വയ്‌ക്കുക. മുറിവിന്റെ അഗ്രങ്ങള്‍ ചേര്‍ന്നിരിക്കാനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌.


മുറിവില്‍കൂടി ആന്തരികാവയവങ്ങള്‍ പുറത്തേക്കു തള്ളിയിട്ടുണ്ടെങ്കില്‍ തിരികെ അകത്താക്കാന്‍ ശ്രമിക്കരുത്‌. വൃത്തിയുള്ള തുണികൊണ്ട്‌ ആ ഭാഗം പൊതിയുക. മുറിവേറ്റ ആള്‍ക്ക്‌ കുളിരാതെ പുതപ്പിക്കുക. ഉദരഭാഗത്ത്‌ അനാവശ്യമായി മര്‍ദം കൊടുക്കരുത്‌. കഴിക്കാന്‍ ഒന്നും കൊടുക്കേണ്ടതില്ല. ഉടന്‍ ആശുപത്രിയിലെത്തിക്കുക. മൂക്കില്‍നിന്ന്‌ രക്‌തം വരികയാണെങ്കില്‍ വായിലൂടെ ശ്വസിക്കാന്‍ രോഗിയോട്‌ ആവശ്യപ്പെടുക. മൂക്ക്‌ ചീറ്റാനനുവദിക്കരുത്‌. രക്‌തം നിന്നില്ലെങ്കില്‍ ഐസ്‌ ബാഗുകൊണ്ട്‌ തണുപ്പിക്കുക. പഞ്ഞിയോ തുണിയോ മൂക്കില്‍ തിരുകരുത്‌.

ചതവ്‌

ചതവേറ്റ ഭാഗത്ത്‌ കലശലായനീറ്റലും വേദനയും ഉണ്ടാകും. രക്‌തം കട്ടകെട്ടിയിരിക്കും. വേദന കുറയ്‌ക്കാന്‍ ഐസ്‌ വെച്ചുകെട്ടുകയോ തണുത്ത ജലത്തില്‍ മുക്കിപ്പിഴിഞ്ഞ്‌ തുണി വെച്ചുകെട്ടുകയോ വേണം.

അസ്‌ഥിഒടിഞ്ഞാല്‍ അപകടം സംഭവിച്ച സ്‌ഥലത്തു വച്ചുതന്നെ പ്രഥമശുശ്രുഷ ആരംഭിക്കണം. മുറിവില്‍നിന്ന്‌ രക്‌തസ്രാവമുണ്ടെങ്കില്‍ ആദ്യം അതിനുള്ള പ്രഥമശുശ്രൂഷ നല്‍കുക. രക്‌തസ്രാവം ഗുരുതരമല്ലെങ്കില്‍ ഒടിഞ്ഞ അവയവം ചലിക്കാനനുവദിക്കാതെ സംരക്ഷണം നല്‍കുക. ഒടിഞ്ഞ ഭാഗം സ്വതന്ത്രമായി ചലിച്ച്‌ ഒടിവ്‌ ഗുരുതരമാകാത്ത വിധത്തില്‍ അവയവത്തിന്‌ നിശ്‌ചലത വരുത്തണം. മുറിഞ്ഞ അസ്‌ഥിയോ അസ്‌ഥിസന്ധിയോ ശരിയായ രീതിയില്‍ കൈകാര്യം ചെയ്‌തില്ലെങ്കില്‍ അത്‌ പേശികള്‍ക്കും നാഡികള്‍ക്കും ഗുരുതരമായ കേടുവരുത്തും. ഒടിവുപറ്റിയ സ്‌ഥലത്തിന്‌ അനക്കം തട്ടാതെ സൂക്ഷിക്കാന്‍ ചീളി ഉപയോഗിക്കാം. ശരീരത്തില്‍ ചീളിയോടു ചേര്‍ന്നിരിക്കുന്ന ഭാഗം മിനുസമുള്ളതായിരിക്കണം.

കൈയാണ്‌ ഒടിഞ്ഞതെങ്കില്‍ സ്ലിങ്ങില്‍ തൂക്കിയിടണം. ഒരുതരത്തിലുമുള്ള വൈകല്യങ്ങള്‍ പരിഹരിക്കാന്‍ പ്രഥമശുശ്രൂഷകന്‍ ശ്രമിക്കരുത്‌. അസ്‌ഥി ഒടിഞ്ഞ്‌ ത്വക്കില്‍ മുറിവുണ്ടക്കിക്കൊണ്ട്‌ പുറത്തേക്ക്‌ തള്ളിനല്‌കുന്നുവെങ്കില്‍ അണുവിമുക്‌തമാക്കിയ തുണികൊണ്ട്‌ പൊതിഞ്ഞ്‌ മുറിവേറ്റയാളെ ഉടന്‍ ആശുപത്രിയിലെത്തിക്കുക. കഴുത്തിനോ മുതുകിനോ ഒടിവുണ്ട്‌ എന്ന്‌ സംശയിക്കുന്നുവെങ്കില്‍ മുറിവേറ്റയാളെ അനക്കാതെ നിവര്‍ത്തിക്കിടത്തണം. ഒരിക്കലും ഒരാളായിട്ട്‌ അയാളെ കോരിയെടുക്കരുത്‌. ഇങ്ങനെ ചെയ്യുമ്പോള്‍ ചിലപ്പോള്‍ പകുതി ഒടിഞ്ഞിരിക്കുന്ന നട്ടെല്ല്‌ റ പോലെ വളഞ്ഞ്‌ പൂര്‍ണ്ണമായും ഒടിഞ്ഞ്‌ സുഷുമനയ്‌ക്ക് ക്ഷതം ഏല്‍ക്കാനും ശരീരം തളര്‍ന്നുപോകാനും സാധ്യതയുണ്ട്‌. ചുരുങ്ങിയത്‌ 6 പേരെങ്കിലും കൂടി അപകടമേറ്റയാളെ പൊക്കിയെടുത്ത്‌ സ്‌ട്രെച്ചറിലോ മറ്റോ നിവര്‍ത്തിക്കിടത്തി കഴുത്തിനുതിരുവശവും കാലുകള്‍ക്കിരുവശവും മണല്‍ക്കിഴിയോ തലയണയോവെച്ച്‌ യാത്രയില്‍ നട്ടെല്ലിന്‌ ഇളക്കം തട്ടാതെ ആശുപത്രിയില്‍ എത്തിക്കുക.

പൊള്ളലേറ്റാല്‍

പൊള്ളലുകള്‍ പലതരത്തില്‍ സംഭവിക്കാം. ഈര്‍പ്പരഹിതമായ പൊള്ളലുകളെ ബേണ്‍സ്‌ എന്നും തിളച്ച ദ്രാവകങ്ങള്‍കൊണ്ടുണ്ടാകുന്ന പൊള്ളലുകളെ സ്‌കാള്‍ഡ്‌സ് എന്നും പറയും. വസ്‌ത്രത്തിനു തീപിടിച്ചാലുടനെ തീയോടുകൂടി ഓടരുത്‌. കാറ്റുതുട്ടുമ്പോള്‍ തീ കൂടുതല്‍ ആളിക്കത്തും. ഉടനെ നിലത്തുകിടന്നുരുളുകയോ ചാക്കോ പുതപ്പോ എടുത്തു പൊതിഞ്ഞോ തീകെടുത്തുക. പൊള്ളല്‍ നിസ്സാരമാണെങ്കില്‍ പൊള്ളലേറ്റ ഭാഗം തണുത്ത വെള്ളത്തില്‍ മുക്കിവയ്‌ക്കുകയോ ആ ഭാഗം തണുത്ത വെള്ളമോ ഐസോ കൊണ്ടോ തണുപ്പിക്കുകയോ ചെയ്യുക. നേര്‍ത്ത സോഡിയം ബൈകാര്‍ബണേറ്റ്‌ ലായനിയില്‍ മുക്കിയ തുണിയോ പഞ്ഞിയോ പൊള്ളലേറ്റ ഭാഗത്ത്‌ വയ്‌ക്കുന്നത്‌ വേദന കുറയ്‌ക്കും. പൊള്ളലേറ്റ ഭാഗം കൈകൊണ്ട്‌ തുടയ്‌ക്കരുത്‌. പൊള്ളിയ ഭാഗത്ത്‌ ഒട്ടിപ്പിടിരിച്ചിരിക്കുന്ന വസ്‌ത്രങ്ങള്‍ വലിച്ചിളക്കി മാറ്റരുത്‌.

ഔഷധങ്ങളോ ഓയിന്റ്‌മെന്റുകളോ ചാണകമോ ലോഷനോ ഒന്നും മുകളില്‍ പൂശാന്‍ പാടില്ല. പൊള്ളലേറ്റ ഭാഗം വൃത്തിയുള്ള തുണികൊണ്ട്‌ മൂടുക. പൊള്ളലേറ്റ ഭാഗം ചലിക്കാതിരിക്കാന്‍ വേണ്ടതു ചെയ്യുക.പൊള്ളലേറ്റ ആള്‍ക്ക്‌ ധാരാളം വെള്ളം കുടിക്കാന്‍ കൊടുക്കുക. വൈദ്യസഹായം നാലുമണിക്കൂറെങ്കിലും കഴിഞ്ഞു മാത്രമേ ലഭ്യമാകുകയുള്ളു എങ്കില്‍ ഉപ്പിട്ട വെള്ളം കുടിക്കാന്‍ കൊടുക്കുക. രണ്ട്‌ ടംബ്ലര്‍ വെള്ളത്തില്‍ അര ടീസ്‌പൂണ്‍ സോഡാപ്പൊടികൂടി ചേര്‍ക്കാം. പഞ്ചസാര ചേര്‍ത്ത്‌ കടുപ്പം കുറഞ്ഞ ചായകൊടുക്കാം. തുടര്‍ന്ന്‌ വൈദ്യസഹായം തേടുക.

ആസിഡ്‌ വീണ്‌ പൊള്ളിയാല്‍

പെട്ടെന്നുതന്നെ ആ ഭാഗം ധാരാളം ശുദ്ധജലം ഉപയോഗിച്ച്‌ നന്നായി കഴുകുക. കഴുകി വരുന്ന വെള്ളം ശരീരത്തിന്റെ മറ്റു ഭാഗത്ത്‌ വീഴാതെ ശ്രദ്ധിക്കണം. ക്ഷാരസ്വഭാവമുള്ള ഒരു നേര്‍ത്ത ദ്രാവകം അതിനുമേല്‍ ഒഴിക്കുന്നതും നല്ലതാണ്‌.

ഷോക്കേറ്റാല്‍

ഷോക്കേറ്റ ആളെ ഒരു കാരണവശാലും നേരിട്ട്‌ തൊടാന്‍ പാടില്ല. മെയിന്‍ സ്വിച്ചോ മറ്റു പ്രധാന സ്വിച്ചോ ഓഫ്‌ ചെയ്യുക. ഉണങ്ങിയ കമ്പ്‌, മരക്കഷണം, മരക്കാലുള്ള കുട എന്നിവയിലേതെങ്കിലും ഉപയോഗിച്ച്‌ ഷോക്കേറ്റ ആളിനെ വൈദ്യുതകമ്പിയില്‍നിന്നും വിടുവിക്കുക. ഇതൊന്നും കിട്ടിയില്ലെങ്കില്‍ ഉണങ്ങിയ തുണിയോ ന്യൂസ്‌ പേപ്പറോ ഷോക്കേറ്റ ആളുടെ ശരീരത്തിലിട്ട്‌ അതിനുമേല്‍ അടിച്ച്‌ പിടിവിടുവിക്കാം. റബര്‍ ചെരിപ്പിട്ട്‌ വേണം ഈ പ്രവൃത്തികളെല്ലാം ചെയ്യാന്‍.

അല്ലെങ്കില്‍ പുസ്‌തകമോ തുണിയോ പേപ്പറോ നിലത്തിട്ട്‌ അതില്‍ നിന്നുകൊണ്ട്‌ ഭൂസമ്പര്‍ക്കിമില്ലാതെ വേണം വിടുവിക്കാന്‍ ശ്രമിക്കേണ്ടത്‌. ഷോക്കേറ്റ ആള്‍ ശരിയായി ശ്വാസോച്‌ഛ്വാസം ചെയ്യുന്നില്ലെങ്കില്‍ കൃത്രിമ ശ്വാസോച്‌ഛ്വാസം നല്‍കുക. ശ്വാസം സാധാരണ നിലയിലാകുന്നതുവരെ ഇതു തുടരണം.

പാമ്പു കടിയേറ്റാല്‍

പാമ്പുകടിയേറ്റാല്‍ ആദ്യം മുറിവുകളുടെ രീതി നോക്കുക. വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത്‌ ഏറ്റതുപോലെ രണ്ട്‌ അടയാളങ്ങള്‍ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച്‌ രണ്ട്‌ അടയാളങ്ങളും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ്‌ പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ്‌ സൂചിക്കുത്തുപോലെ കാണപ്പെടുന്നത്‌. വിഷപ്പാമ്പാണെങ്കില്‍ കടിച്ച ഭാഗത്ത്‌ വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്റെ ഇനം, ഉള്ളില്‍ക്കടന്ന വിഷത്തിന്റെ അളവ്‌ എന്നവയ്‌ക്കനുസരിച്ച്‌ നീറ്റലിന്‌ ഏറ്റക്കുറച്ചിലുണ്ടാകാം. ഉടന്‍ ചെയ്യേണ്ടത്‌:

പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത്‌ പരിഭ്രമിക്കാതിരിക്കുക എന്നതാണ്‌.

കടിയേറ്റവര്‍ ഭയന്ന്‌ ഓടരുത്‌. വിഷം പെട്ടെന്ന്‌ ശരീരത്തിലാകെ വ്യാപിക്കാന്‍ ഇതു കാരണമാകും. ധരിച്ചിരിക്കുന്ന വസ്‌ത്രത്തിന്റെ തന്നെ (സാരിയോ, മുണ്ടോ, തോര്‍ത്തോ) അരിക്‌ കീറികടിയേറ്റ ഭാഗത്തിന്‌ മുകളില്‍ മുറുകെ കെട്ടുക. രക്‌തചംക്രമണം തടസപ്പെടും വിധം ആവശ്യമായ മുറുക്കത്തിലാണ്‌ കെട്ടേണ്ടത്‌. അരമണിക്കൂറിലൊരിക്കല്‍ കെട്ടഴിച്ച്‌ ഝ മിനിട്ട്‌ രക്‌തചംക്രണം അനുവദിക്കണം. ആശുപത്രിയിലെത്തി പ്രതിവിഷം കുത്തിവയ്‌ക്കുന്നതുവരെ ഇത്‌ തുടരുക. മൂന്നുമണിക്കുറിനുശേഷവും വിഷബാധയുടെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെങ്കില്‍ കെട്ടഴിച്ചു വിടാം.

കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്‌തം ഞെക്കിക്കളയുകയും ശുദ്ധജലമോ പൊട്ടാസ്യം പെര്‍മാംഗനേറ്റ്‌ ലയിപ്പിച്ച്‌ ഇരുണ്ട ചുവപ്പുനിറത്തിലാക്കിയ വെള്ളമോ ഉപയോഗിച്ച്‌ കഴുകുക. മുറിവേറ്റ ഭാഗത്ത്‌ തണുത്ത വെള്ളം ധാര ചെയ്യുകയോ ഐസ്‌ വെയ്‌ക്കുകയോ ചെയ്‌താല്‍ വിഷം വ്യാപിക്കുന്നത്‌ മന്ദഗതിയിലാകും. വേദന കുറയും. എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.

വെള്ളത്തില്‍ മുങ്ങിപ്പോകല്‍

വെള്ളത്തില്‍ വീണ ആളെ കരയ്‌ക്കെത്തിച്ച്‌ വായ്‌ പിളര്‍ന്ന്‌ വായിലെന്തെങ്കിലും കടന്നിട്ടുണ്ടെങ്കില്‍ അത്‌ നീക്കം ചെയ്യണം. സ്വയം ശ്വസിക്കുന്നില്ലെങ്കില്‍ വായോട്‌ വായ്‌ ചേര്‍ത്ത്‌ വെച്ച്‌ കൃത്രിമശ്വാസോച്‌ഛ്വാസം നല്‍കണം. ചിലപ്പോള്‍ വയറില്‍ വെള്ളമുള്ളതുകൊണ്ട്‌ ചര്‍ദ്ദിക്കാന്‍ സാധ്യതയുണ്ട്‌. അങ്ങനെ ചര്‍ദ്ദിക്കുകയാണെങ്കില്‍ തലയുടെ ഭാഗം അല്‌പം താഴ്‌ത്തി മുഖം ഒരു വശത്തേക്കു ചരിച്ചു വച്ച്‌ ആ വെള്ളം മുഴുവന്‍ പുറത്തേക്കു പോകാന്‍ അനുവദിക്കുക. ഹൃദയസ്‌പന്ദനം നിന്നതായി കണ്ടാല്‍ നെഞ്ചിന്റെ നടുവിലായുള്ള മാറെല്ലിന്റെ ഏറ്റവും താഴത്തുനിന്ന്‌ ഒന്നര ഇഞ്ചിനു മുകളിലായി നന്നായി തിരുമ്മി അതിനെ പുനരുജ്‌ജീവിപ്പിക്കണം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment