Tuesday, 24 September 2013

[www.keralites.net] =?utf-8?B?R29sZCBIYXJ2ZXN0IGJ5IEtlcmFsaXRlcy0t4LSV4LSo4LSV4LS24

 

 

IPL ഒത്തുകളിക്കേസില്‍ ശ്രീശാന്തിന് ആജീവനാന്ത വിലക്ക്, ഉത്തേജകം ഉപയോഗിച്ചതിന്റെ പേരില്‍ ട്രിപ്പിള്‍ ജമ്പ് താരം രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് നഷ്ടം- കായിക സംസ്ഥാനമെന്നു വിളിപ്പേരുള്ള കേരളം ഇങ്ങനെയും സഞ്ചരിക്കുന്നതിനിടയിലാണ് മലേഷ്യയിലെ പഹാങ്ങില്‍ ഞായറാഴ്ച സമാപിച്ച പ്രഥമ ഏഷ്യന്‍ സ്കൂള്‍ അത്ലറ്റിക്സില്‍ കേരളത്തിന്റെ കുട്ടികള്‍ ഇന്ത്യന്‍ പതാക പാറിച്ചത്.
 
ചൈനയുടെ നാന്‍ജിങ്ങില്‍ നടന്ന യൂത്ത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ തലകുനിച്ചാണ് മടങ്ങിയത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ വിലക്കുള്ളതിനാല്‍ ഇന്ത്യന്‍താരങ്ങള്‍ക്ക് സ്വന്തം രാജ്യത്തിന്റെ പേരില്‍ മത്സരിക്കാനായില്ല. ഒപ്പം ദേശീയപതാകയും ഉപയോഗിക്കാനായില്ല. ഇതോടൊപ്പം പ്രായംകഴിഞ്ഞ താരങ്ങളെ മത്സരിക്കാന്‍ അനുവദിക്കാതെ തിരിച്ചയച്ചതും കനത്ത തിരിച്ചടിയായി. ഒളിമ്പിക് പതാകയ്ക്കു കീഴില്‍ "സ്വതന്ത്ര അത്ലീറ്റുകള്‍" എന്ന പേരില്‍ മത്സരിച്ച ഇന്ത്യന്‍താരങ്ങള്‍ മൂന്ന് സ്വര്‍ണം ഉള്‍പ്പെടെ 14 മെഡലുകള്‍ നേടി 10-ാം സ്ഥാനവുമായാണ് നാന്‍ജിങ്ങില്‍നിന്ന് മടങ്ങിയത്.
 
എന്നാല്‍, നാന്‍ജിങ്ങില്‍നിന്ന് പഹാങ്ങിലെത്തിയപ്പോള്‍ ചിത്രംമാറി. പരാജയം മായ്ച് ഇന്ത്യ വിജയത്തിന്റെ പൊന്‍തൂവലണിഞ്ഞ് ശിരസ്സുയര്‍ത്തി. ഒമ്പതു രാജ്യങ്ങള്‍ പങ്കെടുത്ത ഏഷ്യന്‍ മീറ്റില്‍ ആതിഥേയരായ മലേഷ്യക്കു പിന്നില്‍ രണ്ടാംസ്ഥാനം സ്വന്തമാക്കിയാണ് ഇന്ത്യന്‍കുട്ടികള്‍ നാട്ടിലേക്കു മടങ്ങിയത്. ഇന്ത്യയെ ഈ നേട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് കേരളത്തിലെ സുവര്‍ണതാരങ്ങളും. മൂന്ന് സ്വര്‍ണംനേടി പി യു ചിത്രയും രണ്ടുവീതം സ്വര്‍ണംനേടി മുഹമ്മദ് അഫ്സലും വി വി ജിഷയും മീറ്റിന്റെ താരങ്ങളായി മാറിയപ്പോള്‍ അത് കേരള സ്കൂള്‍ അത്ലറ്റിക്സിന്റെ വിജയംകൂടിയായി.
 
നാലുദിവസത്തെ മീറ്റില്‍ ഒമ്പതു രാജ്യങ്ങളില്‍നിന്ന് 183 അത്ലീറ്റുകള്‍ പങ്കെടുത്തു. ഏഷ്യന്‍ അത്ലറ്റിക്സിലെ വന്‍ ശക്തികളായ ചൈന 20 താരങ്ങളെ അണിനിരത്തിയപ്പോള്‍ ജപ്പാന് നാമമാത്രമായ പ്രതിനിധ്യംപോലും ഉണ്ടായിരുന്നില്ല. എന്നാല്‍, പ്രമുഖരുടെ ഈ അഭാവം മീറ്റിന്റെ ശോഭ ഒട്ടും കെടുത്തിയതുമില്ല. പകരം പ്രതിസന്ധികളോടും ദുരിതങ്ങളോടും പൊരുതി കേരളതാരങ്ങള്‍ വിജയപീഠം അണിയുന്നതിന്റെ നേര്‍ക്കാഴ്ചയ്ക്ക് ഈ ഏഷ്യന്‍ മീറ്റ് സാക്ഷിയായി. 31 താരങ്ങളും അഞ്ച് ഒഫീഷ്യലുകളും ഉള്‍പ്പെടെ 36 അംഗ സംഘത്തെയാണ് ഇന്ത്യ അണിനിരത്തിയത്.
 
12 സ്വര്‍ണവും 11 വെള്ളിയും ആറു വെങ്കലവും ഉള്‍പ്പെടെ 29 മെഡലാണ് ഇന്ത്യ സ്വന്തമാക്കിയത്. ചാമ്പ്യന്മാരായ മലേഷ്യക്കും 12 സ്വര്‍ണമാണ് ലഭിച്ചത്. എന്നാല്‍, വെള്ളിയിലും വെങ്കലത്തിലും മുന്‍തൂക്കം ലഭിച്ചതിനാല്‍ അവര്‍ ഓവറോള്‍ കിരീടം സ്വന്തമാക്കി.
 
ഇന്ത്യന്‍താരങ്ങളില്‍ 12 പേര്‍ കേരളത്തില്‍നിന്നുള്ളവര്‍. ഇവരില്‍ 10 പേര്‍ മെഡല്‍ നേടി. ഇന്ത്യയുടെ ആകെ സ്വര്‍ണത്തില്‍ ഏഴും സംഭാവനചെയ്തത് കേരളതാരങ്ങള്‍. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 3000, 1500 എന്നിവയ്ക്കു പുറമെ പാലക്കാട് മുണ്ടൂര്‍ ഹൈസ്കൂളിലെ പി യു ചിത്ര റിലേയിലും സ്വര്‍ണം നേടി. ഇതേ ജില്ലയിലെ പറളി സ്കൂളിലെ മുഹമ്മദ് അഫ്സല്‍ 800ലും 1500ലും ഒന്നാമനായി. പറളിയിലെതന്നെ വി വി ജിഷയ്ക്ക് 400 മീറ്റര്‍ ഹര്‍ഡില്‍സ് കിരീടത്തിനു പുറമെ റിലേ സ്വര്‍ണം നേടിയ ടീമിന്റെ ഭാഗമാകാനും കഴിഞ്ഞു. കടുത്ത പനിമൂലം കോലാലംപുരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജിഷ രോഗപീഡകളെ അവഗണിച്ച് ട്രാക്കിലിറങ്ങിയാണ് സ്വര്‍ണം കൊയ്തത്. ഒന്നുമില്ലായ്മയില്‍നിന്നാണ് കേരളതാരങ്ങള്‍ ഈ നേട്ടങ്ങള്‍ വെട്ടിപ്പിടിച്ചത്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍നിന്ന് വരുന്നവരാണ് കേരളത്തിലെ താരങ്ങള്‍. നിശ്ചയദാര്‍ഢ്യവും സമര്‍പ്പിതമനസ്കരായ ഒരുപറ്റം കായികാധ്യാപകരുടെ പ്രോത്സാഹനവുമാണ് ഈ കുട്ടികളെ വിജയസോപാനത്തിലേക്ക് നയിച്ചത്. ഒപ്പം പി ടി ഉഷ ഉള്‍പ്പെടെയുള്ള താരങ്ങളെ വളര്‍ത്തിയെടുത്ത കേരളത്തിന്റെ സ്കൂള്‍ അത്ലറ്റിക്സ് സംവിധാനവും നേട്ടങ്ങളിലേക്ക് കുതിക്കാന്‍ താരങ്ങളെ സഹായിച്ചു.
 
ഇന്ത്യന്‍ ടീമില്‍ കേരളതാരങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്തുനിന്ന് ഒരു പരിശീലകനെപ്പോലും ഇന്ത്യന്‍ സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഉള്‍പ്പെടുത്തിയില്ല. ഒഫീഷ്യലുകളില്‍ ഡോ. ജിമ്മി ജോസഫ് മാത്രമായിരുന്നു ഏക മലയാളി. എന്നാല്‍, പാലക്കാട് പറളി സ്കൂളിലെ കായികാധ്യാപകന്‍ പി ജി മനോജും മുണ്ടൂര്‍ സ്കൂളിലെ കായികാധ്യാപകന്‍ എന്‍ എസ് സിജിനും സ്വന്തം ചെലവില്‍ മലേഷ്യയിലെത്തി കേരളതാരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി. എന്നാല്‍, മെഡല്‍ നേടിയ താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കാനോ, എന്തിനധികം ഒരു അഭിനന്ദനക്കുറിപ്പിറക്കാനോ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇങ്ങനെ ഒരു വിജയം അറിഞ്ഞമട്ടേയില്ല. ഇന്ത്യയുടെ അത്ലറ്റിക്സ് നേഴ്സറിയാണ് കേരളത്തിന്റെ സ്കൂള്‍മീറ്റ് എന്നാണ് വിശേഷണം. കേരളത്തില്‍നിന്നുള്ള ഓരോ താരത്തിന്റെ വിജയകഥയ്ക്കു പിന്നിലും ഒരു കായികാധ്യാപകന്റെ കഠിനാധ്വാനത്തിന്റെ സാന്നിധ്യംകൂടിയുണ്ട്. എന്നാല്‍, കായികാധ്യപക നിയമനം നടത്താതെ, അശാസ്ത്രീയമായ പൂളിങ് നടത്തി സംസ്ഥാനസര്‍ക്കാര്‍ സ്കൂള്‍ അത്ലറ്റിക്സിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ്. പൂളിങ് സംബന്ധിച്ച ഉറപ്പ് സര്‍ക്കാര്‍ പാലിക്കാത്തതിനാല്‍ റവന്യു ജില്ലാ മീറ്റുകള്‍ ബഹിഷ്കരിക്കാനൊരുങ്ങുകയാണ് കേരളത്തിലെ കായികാധ്യാപകര്‍.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment