പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുത്തില്‍ വല്ല്യബ്ദുള്ള
അലാറത്തിന്റെ ഉണര്‍ത്തുവിളിയില്ലാതെ പുലര്‍ച്ചെ കൃത്യം അഞ്ചിന് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള ഉറക്കമുണരുന്നു. തലേന്നുരാത്രി ഉലുവയിട്ട് തിളപ്പിച്ച് ആറ്റിവെച്ച വെള്ളം കുടിച്ചിട്ട് ഇഷ്ടപ്പെട്ട ഒരു പുസ്തകം വായിക്കാനെടുക്കുന്നു. മലയാളത്തില്‍ സമാനതകളില്ലാത്ത ഒരേയൊരു പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ദിവസം തുടങ്ങുകയാണ്.
അഞ്ചാം നിലയിലാണ് ഫ്‌ളാറ്റ്. ബാല്‍ക്കണിയില്‍ നിന്നാല്‍ ദൂരങ്ങളിലേക്ക് പരന്നുകിടക്കുന്ന കോഴിക്കോടി ന്റെ പച്ചമരങ്ങള്‍ കാണാം. തെങ്ങും മാവും പ്ലാവും പനയും ചീനിയും മെയ്ഫ്‌ളവറും പിന്നെയും കുറേ മരങ്ങള്‍. ഇവിടന്നു നോക്കിയാല്‍ നഗരത്തിന്റെ ഒരു കാഴ്ചക്കേടും അനുഭവപ്പെടില്ല. ഏതോ ഗ്രാമവിശുദ്ധിയില്‍ തലപൊന്തിച്ച വീട്ടിനുള്ളില്‍ നില്ക്കുന്നതുപോലെ. അഞ്ച് വര്‍ഷം മുമ്പ് താമസം തുടങ്ങുമ്പോള്‍ താഴെ കണ്ടിരുന്ന കുഞ്ഞുമാവ് വളര്‍ന്ന് മേലെ ബാല്‍ക്കണയിലേക്ക് തല നീട്ടുന്നുണ്ട്. അതില്‍ കാലംതെറ്റി വിരിഞ്ഞ മാമ്പൂക്കള്‍. തെങ്ങിന്‍തലപ്പുകളെ കവച്ചുവെച്ച് ആറാം നിലയും കടന്നുപോകുന്ന രണ്ട് ഈര്‍മ്പനകള്‍. വിസ്തൃതമായ ഈ പച്ചക്കാഴ്ചകളുടെ വിശാലതയ്ക്കിടെ അങ്ങിങ്ങായി കാണുന്ന മൊബൈല്‍ ടവറുകള്‍ മാത്രം ഡോക്ടറുടെ കണ്ണിന് അലോസരമുണ്ടാക്കുന്നു.
''ഈ ബാല്‍ക്കണിയില്‍ നിന്ന് നോക്കുമ്പോഴാണ് മരങ്ങളുടെ ഒരു സുഖം അറിയുന്നത്. മാച്ചനാരിക്കുന്നിനുതാഴെ, നാട്ടിലെ തറവാട്ടിനു ചുറ്റും പല പല മരങ്ങളുണ്ടായിരുന്നു. കാട് തന്നെ. കാട് വിരിച്ചിട്ട സുഖകരമായ ഇരുട്ടിലായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം. ഒരു മരം മുറിക്കുമ്പോള്‍ കുട്ടികള്‍ക്ക് വലിയ സന്തോഷമായിരുന്നു. ആ മരം ഒഴിഞ്ഞുപോയ വിടവിലൂടെയാണ് സൂര്യന്‍ ഇറങ്ങി വരിക. ആ വെളിച്ചം കാണാല്ലോ എന്നായിരുന്നു അന്നത്തെ സന്തോഷം. ഇവിടെ നില്ക്കുമ്പോള്‍ മാച്ചനാരിക്കുന്നിന് മുകളില്‍ നിന്ന് ദൂരേക്ക് നോക്കുന്ന ഒരു സുഖമുണ്ട്. അവിടന്ന് നോക്കിയാല്‍ പടിഞ്ഞാറ് അറബിക്കടലും വെള്ളിയാങ്കല്ലും കാണും'', അദ്ദേഹം പറയുന്നു.
ബാല്‍ക്കണിക്കു താഴെ പരന്നു കിടക്കുന്ന പച്ചക്കാടിന് മുകളിലൂടെ പുലര്‍വെളിച്ചം വാതില്‍ കടന്ന് അകത്തേക്ക് വന്നു. പുനത്തില്‍ റേഡിയോ ഓണ്‍ ചെയ്തു. റേഡിയോ മിണ്ടിത്തുടങ്ങിയപ്പോള്‍ അദ്ദേഹം തുടര്‍ന്നു: ''ഏകാന്തതയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു വിദ്യയുണ്ട്. റേഡിയോ തുറന്നുവെച്ചാല്‍ മതി. നമ്മുടെ വീട്ടില്‍ നമ്മോടൊപ്പം ആരൊക്കെയോ ഉണ്ടെന്നു തോന്നും!''
ചാലപ്പുറത്തെ ഈ ഫ്‌ളാറ്റില്‍ എഴുത്തുകാരന്‍ ഒറ്റയ്ക്കാണ്. ഒറ്റയ്‌ക്കൊരു പുരുഷന്‍, എഴുപത്തിനാലാം വയസ്സില്‍ താമസിക്കുന്ന ഒരിടമാണെന്ന് തോന്നിപ്പിക്കുന്ന ഒരു ലക്ഷണപിശകും ഇവിടെയില്ല. അത്രയ്ക്ക് അടുക്കും ചിട്ടയും ശുചിത്വവും. പഴയ പത്രങ്ങള്‍ അടുക്കി വെച്ച തട്ടിനും പുസ്തകങ്ങള്‍ അടുക്കി വെച്ച മേശയ്ക്കും അലമാരകള്‍ക്കും പുനത്തിലിന്റെ എഴുത്തുപോലെ മനോഹരമായ ഒരു ചിട്ട. ഒരു പത്രമോ പുസ്തകമോ നിശ്ചിത സ്ഥാനത്തുനിന്ന് ഒരു കടുകുമണിയോളം ഭ്രംശപ്പെടുന്നില്ല.
വാതില്‍ കടന്നുവരുമ്പോള്‍ മനോഹമായ പെയിന്റിങ്ങുകള്‍ സന്ദര്‍ശകനെ വരവേല്ക്കും. സോഫാ സെറ്റുകള്‍ക്ക് അപ്പുറം ഒരു കുഞ്ഞു തീന്‍മേശ. അതിന്റെ ഒരതിരു നിറയെ പുതുതായി വന്ന പുസ്തകങ്ങളും മാഗസിനുകളും. മറ്റേ അതിരില്‍ ഒരു ഗ്ലാസില്‍ പല വലിപ്പത്തിലുള്ള സ്പൂണുകള്‍. ജഗ്ഗില്‍ തിളപ്പിച്ച് ആറ്റിവെച്ച ഉലുവാ വെള്ളം. അലുമിനിയത്തിന്റെ അടപ്പുകൊണ്ട് അടച്ചുവെച്ച ചില്ലുഗ്ലാസ് ജഗ്ഗിനു സമീപം. ചെറിയൊരു ട്രേയില്‍ അത്യാവശ്യത്തിനുള്ള മരുന്നുകള്‍. ഗുളികകളും ലേപനങ്ങളുമുണ്ട്. പുസ്തകത്തിന്റെ അട്ടിയോട് ചേര്‍ന്ന് പെന്‍ ഇന്‍സുലിന്‍ കാട്രിഡ്ജിന്റെ ബോക്‌സ്. സ്വീകരണമുറിയിലും ബെഡ്‌റൂമിലും പുസ്തകത്തിന് അലമാരകളുണ്ട്. സ്വന്തം കൃതികള്‍ ഈ അലമാരകളിലൊന്നും കാണില്ല. അതേപ്പറ്റി ചോദിച്ചപ്പോള്‍ പുനത്തില്‍ പറഞ്ഞു:
''അതൊക്കെ ഭദ്രമായി വേറെ അലമാരയിയില്‍ പൂട്ടിവെച്ചിരിക്കുകയാണ്. ആരെങ്കിലുമൊക്കെ വന്ന് പുസ്തകം ചോദിക്കും. ഒറ്റപ്പുസ്തകം ഞാന്‍ കൊടുക്കില്ല. കാശ് കൊടുത്തുവാങ്ങട്ടെ അവരൊക്കെ!''
റേഡിയോയില്‍ നിന്ന് പഴയൊരു ചലച്ചിത്ര ഗാനം ഉയരവേ, പുനത്തില്‍ അടുക്കളയിലേക്ക് ചെന്നു. ഒരു പെണ്ണ് ഭരിക്കുന്ന അടുക്കളയ്ക്കുപോലും ഇത്ര അടുക്കും ചിട്ടയും ശുചിത്വവുമുണ്ടാകില്ല. ഒരു തുള്ളി വെള്ളം പോലും തുള്ളിത്തെറിച്ച് ഒരിടത്തും വീണുകിടക്കുന്നില്ല. ഒരു പാത്രം പോലും എച്ചിലുണങ്ങി കെട്ട മണം പരത്തുന്നില്ല. കട്ടന്‍ ചായയ്ക്കുള്ള വെള്ളം ഇന്‍ഡക്ഷന്‍ കുക്കറിനു മീതെവെച്ച് സ്വിച്ച് ഓണ്‍ ചെയ്ത് അദ്ദേഹം പറഞ്ഞു:
''അടുക്കള കണ്ണാടിപോലെ ഇരിക്കണം. എന്നാലേ ആ ദിവസത്തിന് ഒരു ഐശ്വര്യമുണ്ടാകൂ. ഇവിടെ വരുന്നവരൊക്കെ എന്നെ സഹായിക്കാന്‍ കഴിച്ച പാത്രം കഴുകിവെക്കാന്‍ ശ്രമിക്കും. ഞാന്‍ സമ്മതിക്കില്ല. ഞാന്‍ തന്നെ കഴുകിയാലേ ശരിയാകൂ. വെച്ച പാത്രവും കഴിച്ച പാത്രവുമൊക്കെ അന്നേരംതന്നെ കഴുകി വെക്കും. ഫ്രിഡ്ജില്‍ വെക്കാനുള്ളത് ഫ്രിഡ്ജില്‍ വെക്കും. അപ്പപ്പോള്‍ തന്നെ എല്ലാം വൃത്തിയാക്കി വെക്കണം. അല്ലെങ്കില്‍ രാവിലെ അടുക്കള കാണുമ്പോള്‍ മൂഡ് ഓഫ് ആയിപ്പോകും''
ഡൈനിങ് ഹാളിന്റെ ജനവാതില്‍ തുറക്കുന്നത് തൊട്ടപ്പുറത്തെ ഇ.എസ്.ഐ. ആസ്പത്രി കെട്ടിടത്തിന്റെ കാഴ്ചയിലേക്കാണ്. അതിന്റെ പിന്നില്‍ ഒരു ചീനിമരമുണ്ട്. കട്ടന്‍ചായ കുടിച്ചുകൊണ്ടിരിക്കെ ചീനിമരക്കൊമ്പില്‍ നിന്ന് ഒരു കുയിലിന്റെ മണിനാദം. ജനല്‍വിരി നീക്കി പുറത്തേക്ക് നോക്കി പുനത്തില്‍ ആ കുയിലൊച്ചയെ അനുകരിച്ച്, മധുരമുള്ള സ്വരത്തില്‍ ചൂളമടിച്ചു. അത് ആ കുയിലിനുള്ള മറുമൊഴിയാണ്. ചീനിമരക്കൊമ്പില്‍ ജനാലയിലേക്ക് കണ്ണു നട്ടിരുന്ന ആ കുയില്‍ അപ്പോള്‍ ഒന്ന് മേലോട്ടുചാടി ചിറകു കുടഞ്ഞ് വീണ്ടും പാടി. കൂ.. കൂ..
''അതൊരു പെണ്‍കുയിലാണ്. കുറേ ദിവസമായി ഞങ്ങള്‍ പ്രണയത്തിലാണ്. രാവിലെ എന്നും അവള്‍ ആ മരക്കൊമ്പില്‍ വരും. എന്റെ മറുചൂളം കേട്ടില്ലെങ്കില്‍ അവള്‍ പിണങ്ങും. പിന്നെ പുറം തിരിഞ്ഞ് ഒരിരിപ്പാണ്. ഞാന്‍ പിന്നെ രണ്ടുമൂന്ന് വട്ടം ചൂളമിട്ടാലേ പിണക്കം മാറൂ. അന്നേരം അവള്‍ വീണ്ടും തിരിഞ്ഞിരുന്ന് പ്രണയം പാടും. പക്ഷികള്‍ക്ക് നല്ല സെന്‍സുണ്ട്. അവ മനുഷ്യനെ തിരിച്ചറിയും.''
പതിനേഴാം കാമുകിയാണ് ഇപ്പോഴുള്ളതെന്നും നമ്മള്‍ പ്രണയിച്ചുകൊണ്ടേ ഇരിക്കണമെന്നും കഴിഞ്ഞ ദിവസം കൊച്ചിയില്‍ പുനത്തില്‍ പ്രസംഗിച്ച കാര്യം ഓര്‍മിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''പ്രണയമുണ്ടെങ്കില്‍ എഴുത്തിന് ഒരു കൊഴുപ്പുവരും. 'നിങ്ങള്‍ പ്രണയത്തിലാവുമ്പോള്‍ എഴുത്തും ഉഗ്രനാകും' എന്ന് ഹെമിങ്‌വേ പറഞ്ഞത് സത്യം!''
റസ്‌ക് കൂട്ടി കട്ടന്‍ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ എഴുത്തുകാരന്‍ പറഞ്ഞതത്രയും പാചകത്തെക്കുറിച്ചായിരുന്നു. മീന്‍ കറിയും നെയ്‌ച്ചോറും സാമ്പാറും പച്ചടിയും വെക്കുന്നതിനെകുറിച്ച് അദ്ദേഹം വിശദീകരിച്ചു. അലിഗഢിലെ മെസ്സ് മടുത്തപ്പോഴാണ് സ്വയം പാചകം പഠിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ എല്ലാം ഉണ്ടാക്കും. എല്ലാറ്റിലും വെള്ളുള്ളി നന്നായി ചേര്‍ക്കും. ദിവസം പന്ത്രണ്ട് ചുള വെള്ളുള്ളിയെങ്കിലും കഴിച്ചിരിക്കും. വെള്ളം തിളപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉലുവ കളയില്ല. വെന്ത ഉലുവ തിന്നും.
''അലിഗഢില്‍ പഠിക്കുമ്പോള്‍ ഹോസ്റ്റലില്‍ കുക്കിങ് പാടില്ല. വാര്‍ഡന്‍ കാണാതെ ഒരു കെറ്റില്‍ സംഘടിപ്പിച്ചു. ഏഴ് വര്‍ഷത്തോളം ഒന്നിച്ചുതാമസിച്ച ഇബ്രാഹിം കുട്ടിയും ഞാനും ഒരുദിവസം ചോറും മീന്‍കറിയും വെക്കാന്‍ തീരുമാനിച്ചു. മെസ്സിലെ ഭക്ഷണം മടുത്തിരുന്നു. തന്തൂര്‍ റൊട്ടിയും മട്ടന്‍ കറിയും ദാലുംതന്നെ നിത്യവും രണ്ടു നേരം. മട്ടന്‍ കറി എന്നുപറഞ്ഞാല്‍ ഒരു വെള്ളം. ചെറിയൊരു കഷ്ണം. ദാലാണെങ്കില്‍ വെറുതെ പരിപ്പിട്ട് പുഴുങ്ങുന്നതാണ്. എത്രകാലം ഇത് സഹിക്കും. ഞാനും ഇബ്രാഹിം കുട്ടിയും യമുനയുടെ തീരത്തു പോയി നല്ല ഫ്രഷ് മീന്‍ വാങ്ങി. മുളകും മഞ്ഞള്‍പൊടിയും തക്കാളിയും ഉപ്പുമിട്ട് അതില്‍ മീന്‍ വേവിച്ചു. ബസുമതി അരിയുടെ ചോറും. ആ ചോറിന്റെ രുചി ഇപ്പോഴും നാവിലുണ്ട്.
ഉച്ചയ്ക്ക് പുനത്തില്‍ തലേന്നുരാത്രി വെച്ച നെയ്‌ച്ചോറും മീന്‍ കറിയും ഓവനില്‍വെച്ച് ചൂടാക്കുമ്പോള്‍ പറഞ്ഞു: ''ഓവനിലെ കുക്കിങ്ങും അതിന്റെ ടെക്‌നിക്കും പഠിക്കാന്‍ കണ്ണങ്കണ്ടിയില്‍ ഒരാഴ്ചത്തെ ക്ലാസ് സംഘടിപ്പിച്ചിരുന്നു. സുന്ദരികളായ വീട്ടമ്മമാരാകും അവിടെയുണ്ടാകുക എന്ന് കരുതി ഞാനും പോയി. ചെന്നുനോക്കുമ്പോള്‍ ഒക്കെ അറുപതും എഴുപതും വയസ്സുള്ള കിളവന്മാര്‍. ഭാര്യമാര്‍ ചവിട്ടിപ്പുറത്താക്കിയവര്‍. എന്റെ സകല മൂഡും പോയി. പിന്നെ ഞാന്‍ അങ്ങോട്ട് പോയില്ല. പിന്നീട് ടെക്‌നീഷ്യന്‍ വീട്ടിലേക്ക് വരികയായിരുന്നു.''
ഊണ് കഴിക്കുമ്പോള്‍, എഴുതിയ കിച്ചന്‍ മാനിഫെസ്റ്റോ എന്ന കഥയിലെ ആ വരികള്‍ അദ്ദേഹം ആവര്‍ത്തിച്ചു: ''അടുക്കളയില്‍ എല്ലാ സജ്ജീകരണങ്ങളുമുണ്ട്.ഭക്ഷണം പാകം ചെയ്യാന്‍ അധികം അധ്വാനിക്കേണ്ടതില്ല. എല്ലാം യന്ത്രവത്കൃതമാണ്. പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജില്‍ വെച്ച് മൂന്നും നാലും ദിവസം ഭക്ഷിക്കുന്നു.''
ഊണ് കഴിച്ച് എഴുന്നേല്ക്കാന്‍ നേരത്താണ് കളക്ടറേറ്റില്‍ നിന്ന് അജിത് എന്നൊരാള്‍ വന്നത്. നാട്ടില്‍ പുനത്തിലിന്റെ അയല്‍ക്കാരനാണ്. പുനത്തിലിന്റെ പോയന്റ് 32 വെബ്ലി സ്‌കോട്ട് റിവോള്‍വറിന്റെ ലൈസന്‍സ് പുതുക്കാന്‍ കളക്ടറേറ്റില്‍ അപേക്ഷ നല്കിയിരുന്നു. അതിന്റെ ചെലാന്‍ രസീതുമായാണ് അജിത്തിന്റെ വരവ്.
''ഈ തോക്ക് എന്റെ ഉമ്മയുടെ ഉപ്പായുടേതാണ്. പത്താന്‍കാരുടെയൊക്കെ കൈയില്‍ അന്ന് തോക്കുണ്ടാകും. ഉപ്പാപ്പയുടെ ഇളയ മകന് കിട്ടേണ്ട തോക്കാണ്. അമ്മാവന്‍ നേരത്തെ മരിച്ചുപോയതു കൊണ്ട് ഉപ്പായ്ക്ക് ഈ തുപ്പാക്കി കിട്ടി. ഉപ്പ അത് എനിക്ക് തന്നു. ഞാന്‍ ഇത് ഇളയ മകന്‍ നവാബിന് കൊടുക്കും.'' ഉണ്ടയില്ലാത്ത റിവോള്‍വര്‍ ശൂന്യതയിലേക്ക് ഉന്നം പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഏകാന്ത വാര്‍ധക്യം പുനത്തിലിനെ ഭയപ്പെടുത്തുന്നേയില്ല. ഏകാന്തത ആഘോഷിക്കുകയാണ് അദ്ദേഹം.
''ഉറക്കത്തില്‍ തട്ടിപ്പോയാല്‍ വാതില്‍ ചവിട്ടിപ്പൊളിക്കേണ്ടി വരുമല്ലോ എന്ന പ്രശ്‌നമേയുള്ളൂ. കുട്ടികള്‍ക്കൊക്കെ അവരുടേതായ പ്രശ്‌നങ്ങള്‍ കാണും. അവര്‍ക്ക് നമ്മളെ ശ്രദ്ധിക്കാന്‍ സമയം കിട്ടില്ല. മറവിയാണ് പ്രശ്‌നം. വല്ലാതെ മറവി വരുന്നു. കഴിഞ്ഞ പ്രാവശ്യം ഇളയമകന്‍ വന്നപ്പോള്‍ എനിക്ക് അവന്റെ പേര് കിട്ടുന്നില്ല. ഞാന്‍ അവനോട് എന്താ മോനേ നിന്റെ പേര് എന്നു ചോദിച്ചു. അവന്‍ ചോദിച്ചു, ബാപ്പച്ചി കളിയാക്കുകയാണോന്ന്. സത്യത്തില്‍ എനിക്ക് പേര് കിട്ടാത്തതുകൊണ്ടായിരുന്നു. രോഗത്തെ നമ്മള്‍ ഭയപ്പെടരുത്. നിസ്സാരമായി കണ്ടാല്‍ മതി. മനുഷ്യന് മരണഭയമാണ്. അതുകൊണ്ടാണ് രോഗത്തെ ഭയപ്പെടുന്നത്. ആരോഗ്യമുണ്ടെങ്കില്‍ വാര്‍ധക്യം ഒരു പ്രശ്‌നമേയല്ല. കിടന്നേടത്തേക്ക് ഒരു ചായ കിട്ടണം എന്നൊക്കെ തോന്നുമ്പോഴേ പ്രശ്‌നമുള്ളൂ. എഴുന്നേറ്റുപോയി ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ ജയിച്ചു''
കിടക്കും മുമ്പ് അതുവരെ സ്വിച്ച് ഓഫ് ചെയ്തുവെച്ചിരുന്ന മൊബൈല്‍ ഫോണ്‍ പുനത്തില്‍ സ്വിച്ച് ഓണ്‍ ചെയ്തു. മാതൃഭൂമി അവാര്‍ഡ് പ്രഖ്യാപിച്ച ശേഷം അഭിനന്ദനക്കാരെ പേടിച്ച് ഓഫ് ചെയ്തു വെച്ചതാണ്. ഓണ്‍ ചെയ്തപ്പോള്‍ 30 മിസ്ഡ് കോളുകള്‍. അതിലേറെ മെസ്സേജുകള്‍.
എല്ലാവര്‍ക്കും കുഞ്ഞിക്ക അവരുടെ സ്വന്തം. സന്ദേശങ്ങള്‍ വായിച്ചിട്ട് അദ്ദേഹം നന്ദിവാക്കുകള്‍ തിരിച്ചയച്ചു. ഫോണ്‍ മാറ്റിവെക്കാന്‍ നേരം ഒരു സന്ദേശം കൂടി. അത് ഇങ്ങനെ: പതിനേഴാം കാമുകിയുടെ പരിഗണനയെങ്കിലും തന്നൂടെ കുഞ്ഞിക്കാ...
മുംബൈയില്‍ നിന്നുള്ള സുന്ദരിയാണ് അത്. അഭിനന്ദനമറിയിക്കാന്‍ ഇന്നലെ മുതല്‍ വിളിച്ചിട്ട് കിട്ടാത്ത പരിഭവം.
സുന്ദരിമാരുടെ ചങ്ങാത്തം പുനത്തിലിനെ കൂടുതല്‍ ഊര്‍ജസ്വലനാക്കുന്നു. കഴിഞ്ഞദിവസം കൊച്ചിയിലൊരു ചടങ്ങിന് പോയപ്പോള്‍ സുന്ദരിയായ യുവനടിയോട് തനിക്കൊരു നൈമിഷിക പ്രണയം തോന്നിയ കാര്യം പുനത്തില്‍ പറഞ്ഞു. ചടങ്ങുകഴിഞ്ഞ് യാത്ര പറയാന്‍ നേരം, പൂപോലുള്ള ആ കവിളില്‍ അദ്ദേഹം അമര്‍ത്തിയൊരു ഉമ്മ കൊടുത്തു. ഈയിടെ ബാംഗ്ലൂരില്‍ പോയി വെപ്പിച്ച മുന്‍വരിയിലെ പല്ല് ആ ഉമ്മയുടെ ആഘാതത്തില്‍ അടര്‍ന്നു പോയി. പല്ലുവെക്കുമ്പോള്‍ ഡോക്ടര്‍ പറഞ്ഞിരുന്നു, ബുള്‍ഡോസര്‍ വന്നു തട്ടിയാല്‍ പോലും ഇളകില്ലെന്ന്. ആ പല്ലാണ് ഇളകിപ്പോയത്.
അദ്ദേഹം ഇളകിപ്പോയ പല്ലെടുത്ത് മേശപ്പുറത്തെ കുഞ്ഞുപാത്രത്തിലെ വെള്ളത്തിലിട്ടു. കിടപ്പുമുറിയിലേക്ക് പോകുമ്പോള്‍ പുനത്തിലിന്റെ ആത്മഗതം:
''എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഒരു മരുന്നാണ് ഞാന്‍. നാളത്തെ പ്രഭാതം കാണണമേ എന്നാണ് ഓരോ രാത്രിയും ഉറങ്ങാന്‍ പോകുമ്പോള്‍ എന്റെ പ്രാര്‍ഥന. മരിച്ചുപോയാല്‍ എന്നെ ദഹിപ്പിച്ചാല്‍ മതി. അസ്ഥി പുഴയിലൊഴുക്കണം. ഏത് പുഴയായാലും മതി. എല്ലാ പുഴയും ഒഴുകിച്ചെല്ലുന്നത് കടലിലേക്കാണല്ലോ''.
മേശപ്പുറത്ത് രണ്ട് ഫോട്ടോകളുണ്ട്. സ്‌കാര്‍ഫ് ധരിച്ച്, മിസിരിപ്പെണ്ണിന്റെ ഛായയുള്ള ഒരു സുന്ദരിയാണ് ഒന്ന്. അതിലൊരു മുത്തമിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു. ''ഇതെന്റെ പഴയൊരു കാമുകിയാണ് ''. രണ്ടാം ഫോട്ടോ എടുത്ത് അദ്ദേഹം ഒരു നിമിഷം മൗനിയായി. പേരക്കുട്ടിയെ മടിയില്‍ വെച്ചിരിക്കുന്ന അലീമയാണ് അത്. പുനത്തിലിന്റെ പ്രിയ പത്‌നി.
''ഇതെന്റെ ചീഫ് വൈഫ്. മിസ്സിസ് അലീമ പുനത്തില്‍ കുഞ്ഞബ്ദുള്ള!''
പത്ത് വര്‍ഷം മുമ്പാണ് അവര്‍ അവസാനമായി തമ്മില്‍ കണ്ടത്.
ആ ഫോട്ടോയിലുമൊരു മുത്തം കൊടുത്ത ശേഷം വാതില്‍ അടയ്ക്കാതെ പുനത്തില്‍ ലൈറ്റ് ഓഫ് ചെയ്തു.
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പുസ്തകങ്ങള്‍
സ്മാരകശിലകള്‍
അലിഗഢ് കഥകള്‍
ആത്മവിശ്വാസം വലിയ മരുന്ന്
വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍
പ്രണയകഥകള്‍
അമ്മയെ കാണാന്‍
കൈപ്പുണ്യം അഥവാ ചില അടുക്കളക്കാര്യങ്ങള്‍
കത്തി
കുറേ സ്ത്രീകള്‍
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___
No comments:
Post a Comment