പ്രശ്നപരിഹാരം ജയശ്രീ കിഷോര്‍ |
ഇന്റര്‍നെറ്റ് കഫേയില്‍ അശ്ളീല വെബ്സൈറ്റ് കണ്ടുകൊണ്ടിരുന്ന മൂന്ന് പെണ്‍കുട്ടികളെ വനിതാ സ്ക്വാഡ് കൈയോടെ പിടികൂടി സ്റേഷനിലേക്ക് കൊണ്ടുവന്നു എന്ന വാര്‍ത്ത പ്രിന്‍സിപ്പാള്‍ മേരി ആഡ്രൂസ് വിളിച്ചു പറഞ്ഞപ്പോള്‍ അതില്‍ തന്റെ ഏക മകള്‍ നന്ദിനി ആനന്ദന്‍ ഉണ്ടെന്ന് കരുതിയില്ല. തകര്‍ന്ന മനസ്സുമായി സ്റേഷനിലെത്തുമ്പോള്‍ നന്ദിനിക്കൊപ്പം നില്‍ക്കുന്ന, അവള്‍ക്ക് പ്രിയപ്പെട്ട മമതാ കുല്‍ക്കര്‍ണിയെയും ആശ സേവിയറെയും ഡോളി തോമസിനെയും കണ്ടു. മീഡിയയെ അറിയിക്കാതെ രഹസ്യമായി ഒരു താക്കീതു നല്‍കി വനിത ഐ.ജി അവരെ മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു. കാറില്‍ നന്ദിനി യാതൊരു ഭാവഭേദവും കൂടാതെ ഇരിക്കുന്നത് കണ്ട് അവളുടെ കവിളത്തൊന്ന് കൊടുക്കാന്‍ തോന്നി. വീട്ടിലെത്തട്ടെ നാശത്തെ ഇന്ന് ഞാന്‍ കൊന്നു കൊലവിളിക്കുന്നുണ്ട്. വീടെത്തിയപ്പോള്‍ തോളത്ത് ബാഗും തൂക്കി അവള്‍ ഇറങ്ങി. അകത്തേക്ക് പോകാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ വിളിച്ചു. 'നന്ദിനി, നില്‍ക്ക്.' അവള്‍ നിന്നു. അടുത്തേക്ക് ചെന്ന് ചെകിട്ടത്തൊന്ന് കൊടുക്കാന്‍ കൈ പൊക്കിയപ്പോള്‍ അവള്‍ ആ കൈയില്‍ കടന്നു പിടിച്ചുകൊണ്ട് പറഞ്ഞു. 'തൊടരുത്, അടിക്കാന്‍ മാത്രം ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല.' സ്തംഭിച്ചു നിന്നു. സിരകള്‍ മരവിച്ച് കസേരയിലേക്കിരുന്നു. അവള്‍ വാതിലടക്കുന്ന ശബ്ദം കേട്ടു. കുളിക്കുമ്പോള്‍ എപ്പോഴും മൂളുന്ന ഷാരൂഖാന്റെ ഹിന്ദി പടത്തിലെ ആ നശിച്ച പാട്ടും. ആനന്ദേട്ടന്‍ ദുബായിലെ മരുഭൂമിയില്‍ കഷ്ടപ്പെടുന്നു. ജോലി നഷ്ടപ്പെട്ടിട്ടും വിസ തീര്‍ന്നിട്ടും. പാത്തും പതുങ്ങിയും ജോലി ചെയ്തിട്ടുള്ള കാശ് അയക്കുന്നു. 'മോള് പഠിച്ച് വലിയ ഡോക്ടറോ എന്‍ജിനീയറോ ആകുമ്പോള്‍ നമ്മുടെ പ്രയാസം മാറും. അതുവരെ നീയൊന്ന് സഹിക്ക്.' ആനന്ദേട്ടനെക്കുറിച്ചോര്‍ത്തപ്പോള്‍ കണ്ണ് നിറഞ്ഞു തുളുമ്പി. ഹൃദയം വിണ്ടുകീറി കാറിക്കരഞ്ഞു. കണ്ണാടി പോലത്തെ നെറ്റ് ഗൌണ്‍ എടുത്ത് ധരിച്ച് പതിനൊന്നാം ക്ളാസിലെത്തിയ മകള്‍ മുമ്പില്‍ വന്നിരുന്നു. മൊബൈലില്‍ ആരെയോ വിളിക്കാന്‍ ശ്രമിക്കുമ്പോള്‍ കോപം താങ്ങാനാകാതെ ഞാന്‍ പറഞ്ഞു, 'നാളെ മുതല്‍ നീ പഠിക്കുന്നില്ല.' 'അത് തീരുമാനിക്കുന്നത് അമ്മയല്ല.' അവളുടെ വാക്കുകളുടെ മൂര്‍ച്ചക്ക് മുമ്പില്‍ നാവിറങ്ങിപ്പോയി. 'നീ ചെയ്തത് എന്താണെന്ന് അറിയുമോ?' 'അറിയാം.' 'അത് തെറ്റാണെന്ന് നിനക്ക് തോന്നുന്നുണ്ടോ?' 'ഇല്ല.' 'പോലീസ് പിടിച്ച് ഈ പ്രായത്തില്‍ സ്റേഷനില്‍ കൊണ്ടു നിര്‍ത്തിയത് അപ്പോ ശരിയാണോടീ നശിച്ചവളേ?' നന്ദിനി ആനന്ദ് ചിരിക്കുന്നു. 'അമ്മ ഇപ്പോ ഏതു ലോകത്താ, ഇതൊക്കെ സാധാരണയാ. അമേരിക്കയില്‍ ഒന്‍പത് വയസ്സ് തികയുമ്പോള്‍ അമ്മമാര്‍ സ്കൂള്‍ ബാഗില്‍ ഗര്‍ഭനിരോധന ഗുളിക കൊടുത്തയക്കുന്നു.' 'നന്ദിനീ...' താങ്ങാനായില്ല. ചാടിയെഴുന്നേറ്റു. 'അമ്മ ചൂടാകാണ്ടിരിക്ക്. തലച്ചോര്‍ ചൂടാക്കി വെറുതെ പ്രഷര്‍ കൂട്ടണ്ട. ഞങ്ങളുടെ സ്കൂളിലെ കുട്ടികള്‍ക്ക് ഇതിപ്പോ ഒരു റെഗുലര്‍ ഷോയാ. ഇത് അവന്‍ ആ പ്രിന്‍സി ഞങ്ങളോട് ദേഷ്യം തീര്‍ത്തതാ.' 'പ്രിന്‍സിയോ ആരാത്?' 'അവന്‍. ആ തെണ്ടിച്ചെറുക്കന്‍. ആ എഴുത്തുകാരന്‍ ഇസിയറിന്റെ മകന്‍. അവന്‍ ഞങ്ങളെ പലതവണ വിളിച്ചതാ.' 'എന്തിന്' '...വീട്ടില്‍ പതിനാലു കഴിഞ്ഞ ആണ്‍കുട്ടികള്‍ എന്തിനാ വിളിക്കുന്നത്. ഞാന്‍ പോയില്ല. പക്ഷേ ആശാ സേവിയറും സോളി തോമസും പോയി. അവനവര്‍ക്ക് ഓറഞ്ച് ജൂസ് കൊടുത്തു. പോകുമ്പോള്‍ കാഡ്ബറീസ് ചോക്ളേറ്റും രണ്ടായിരം രൂപയും കൊടുത്തു. തലയില്‍ കൈകൊടുത്തിരുന്നു ഞാന്‍. ശരീരം വിയര്‍ക്കുന്നു. ആകാശം ഇടിഞ്ഞു വീണ് നശിച്ചെങ്കിലെന്ന് തോന്നി. തലയുയര്‍ത്തി ഉറക്കെ ചോദിച്ചു. 'നീയെന്താ പോകാഞ്ഞത്?' 'എനിക്ക് ആണുങ്ങളോട് താല്‍പര്യമില്ല. പെണ്‍കുട്ടികളെയാ എനിക്കിഷ്ടം.' 'എന്നു വെച്ചാല്‍... എന്റെ വാക്ക് മുഴുമിക്കുന്നതിനു മുമ്പ് അവള്‍ പറഞ്ഞു, 'എനിക്കുണ്ടൊരു കാമുകി.' 'നിനക്ക് കാമുകിയോ?' 'അതെ,' 'ആരാത്?' 'മമതാ കുല്‍ക്കര്‍ണി. നോര്‍ത്തിന്ത്യനാ' 'അപ്പോ നീ...' 'ലസ്ബിയന്‍ എന്നമ്മയ്ക്ക് മനസ്സിലായില്ലേ. പെണ്ണിന് പെണ്ണിനോട് തോന്നുന്ന ഇഷ്ടം. ടെന്‍ഷനില്ല. ഞാനും അവളും പിരിയില്ല. ഒരുമിച്ച് ജീവിതം, ഒരുമിച്ച് മരണം.' 'എന്റെ ഭഗവതീ..' ഞാന്‍ നെഞ്ചിലും തലയിലും മാറി മാറി സ്വയം ഇടിച്ചിട്ടും നന്ദിനി ഇരിപ്പിടത്തില്‍ നിന്നനങ്ങിയില്ല. സ്വയം തകര്‍ന്ന് കിതച്ചിരിക്കുമ്പോള്‍ അവളെഴുന്നേറ്റു കൊണ്ട് പറഞ്ഞു. 'അമ്മേ, ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാ. 'അതുകൊണ്ട് നീ തോന്നിയ പോലെ ജീവിച്ചോ.' ഞാന്‍ പറഞ്ഞപ്പോള്‍ നന്ദിനി ചിരിച്ചു. പ്ളസ്ടുവിന് പഠിക്കുന്ന ആധുനിക യുഗത്തിലെ പെണ്‍കുട്ടി. 'അമ്മക്കറിയോ, ഒരു മണിക്കൂര്‍ ഒരു ചെറുക്കന്റെ കൂടെ വട്ടം കറങ്ങിയാല്‍ രണ്ടായിരം രൂപ. പിന്നെ ഭക്ഷണം... അങ്ങനെ നോക്കിയാല്‍ പതിനഞ്ച് ദിവസത്തെ കണക്കെടുത്താല്‍ മുപ്പതിനായിരം രൂപ. ശരീരത്തിന്റെ കേടുപാട് തീര്‍ക്കാന്‍ ഒരയ്യായിരം രൂപ.' 'നിര്‍ത്തെടീ നശിച്ചവളെ,' കസേരയില്‍ തളര്‍ന്നിരുന്നു. അവള്‍ നടക്കുമ്പോള്‍ പറയുന്നത് കേട്ടു. 'തറവാടും നീന്തല്‍ കുളവും കൊട്ടിയമ്പലവും മുത്തശ്ശിയുമൊക്കെ കമലാദാസിന്റെ കഥകളിലേ ഉള്ളൂ. കാലം മാറി. അമ്മ തിരിച്ചറിയണം. ഭര്‍ത്താവിനെ വേണ്ട. കുട്ടികളെ മതി. ഒരു കുട്ടിയെ സൃഷ്ടിക്കാന്‍ മാത്രം ഒരു രാത്രി. പിന്നെ അവന്റെ രക്തത്തില്‍ നിന്ന് ഒരു കുട്ടി. മതി. ഈ നൂറ്റാണ്ട് യുവത്വത്തിന്റെ വളരുന്ന മുഖമാണ്. അമ്മ വെറുതെ കണ്ണീര്‍ പൊഴിച്ച് സമയം കളയാതെ എന്തെങ്കിലും കഴിച്ച് കിടക്കാന്‍ നോക്ക്. നന്ദിനി നടന്നു പോയി. ചുറ്റും ഇരുട്ട് നിറഞ്ഞു. ആനന്ദേട്ടനെ വിവരമറിയിക്കണം. കഴിയുന്നതും വേഗം. തനിക്കിവളെ സഹിക്കാന്‍ വയ്യ. അവള്‍ പറയുന്നതൊന്നും ഓര്‍ക്കാന്‍ കൂടി വയ്യ. എല്ലാ പ്രതീക്ഷകളും തകരുന്നു. അവളെക്കുറിച്ചുള്ള എല്ലാ സ്വപ്നങ്ങളും നിലത്തു വീണ് ചിതറിപ്പോയിരിക്കുന്നു. ഒരു ലാപ്ടോപ്പ് വേണമെന്ന് പറഞ്ഞപ്പോള്‍ തന്റെ വളയും കഴുത്തില്‍ കിടക്കുന്ന മാലയും ഊരി വിറ്റ് അത് വാങ്ങിക്കൊടുത്തു. രാത്രികളില്‍ നന്ദിനിയുടെ മുറിയില്‍ വൃത്തികെട്ട ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കാഞ്ഞിട്ടല്ല. എന്റെ നന്ദിനിക്കുട്ടി എന്നെ വേദനിപ്പിക്കുന്നത് ചെയ്യില്ല എന്ന കഠിനമായ ഉറപ്പ് ഒരു സംശയത്തിനും ഇടനല്‍കിയില്ല. പക്ഷേ ഇപ്പോ...ഇപ്പോ... കിടക്കയിലങ്ങനെ കിടന്നു. കണ്ണീര്‍ ഓവുചാലിലെ വെള്ളം പോലെ ഒഴുകുന്നു. എഴുന്നേറ്റിരുന്ന് ഒരു കാര്യം തീരുമാനിച്ചു. ആനന്ദേട്ടനെ വരുത്തുക. വിവരങ്ങള്‍ വള്ളിപുള്ളി തെറ്റാതെ പറയുക. അദ്ദേഹം തീരുമാനിക്കട്ടെ, ബാക്കിയൊക്കെ. തറവാട്ടിലെ ഭഗവതിയെ മനമുരുകി പ്രാര്‍ഥിച്ച് കണ്ണടച്ചു കിടന്നു. ഏഴു മണിക്ക് എഴുന്നേറ്റ് കിടക്കയില്‍ കുറെ നേരം അങ്ങനെ ഇരുന്നു. തലക്കുള്ളില്‍ വല്ലാത്ത ഭാരം. ഇതൊന്നിറക്കി വെക്കാന്‍ ആനന്ദേട്ടന്‍ വരണം. പിന്നെ കാലില്‍ കെട്ടിപ്പിടിച്ച് നമ്മുടെ മോള്‍ വളര്‍ന്നതറിഞ്ഞില്ലേ എന്ന് പറഞ്ഞ് തലക്കടിച്ച് കരയണം. നന്ദിനിയുടെ മുറിയുടെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ട അനങ്ങാതെ ഇരുന്നു. വാതില്‍ക്കല്‍ വന്ന് അവളള്‍ പറഞ്ഞു. എനിക്കൊരു കാര്യം പറയാനുണ്ട്. ഞാനൊന്നും മിണ്ടിയില്ല. 'ഈ നശിച്ച വീട്ടില്‍ താമസിക്കാനെനിക്ക് വയ്യ. അതുകൊണ്ട് ഞാന്‍ പോവ്വാ'. എങ്ങോട്ട് എന്ന് ചോദിച്ചില്ല. എവിടെങ്കിലും പോയി തുലയട്ടെ. അഹങ്കാരം പിടിച്ചവള്‍. ഞാന്‍ തലകുനിച്ചിരുന്നു. കണ്ണുകള്‍ അറിയാതെ നിറയുന്നു. ഇവളുടെ മുമ്പില്‍ കരയുന്നത്, തളര്‍ന്നു വീഴുന്നത് അവള്‍ അറിയരുത്. ആനന്ദേട്ടന്‍ വരുന്നതു വരെ എങ്ങനെയും പിടിച്ചു നില്‍ക്കണം. ഇവളിറങ്ങി പോയിട്ട് വേണം ആനന്ദേട്ടനെ വിളിക്കാന്‍. 'ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ.' നന്ദിനിയുടെ ശബ്ദമുയര്‍ന്നു. ഒന്നുകൂടി ഞാന്‍ പറയുന്നു. 'ഞാന്‍ എന്റെ മമതാ കുല്‍കര്‍ണിയോടൊപ്പം അവളുടെ നാട്ടിലേക്ക് പോകുവാ. ഇനിയിപ്പോ ചിലപ്പോ ഈ ജന്മം നമ്മള്‍ തമ്മില്‍ കണ്ടെന്നു വരില്ല. ഭര്‍ത്താവ് വിളിക്കുവാണെങ്കില്‍ പറഞ്ഞേക്ക്.' ആ വാക്കുകള്‍ താങ്ങാന്‍ പറ്റിയില്ല. കൊടുങ്കാറ്റ് പൊലെ ചെന്ന് അവളുടെ നീണ്ട തലമുടിയില്‍ പിടിച്ച് കവിളത്ത് മാറി മാറി അടിച്ചു. പക തീരുന്നതുവരെ. അവള്‍ പ്രതികരിച്ചില്ല അങ്ങനെ നിന്നുകൊണ്ട് ഒരു തുള്ളി കണ്ണീര്‍ പൊഴിച്ചില്ല. വേദനയില്ലാത്ത ശവം. 'പൊയ്ക്കോ എന്റെ മുമ്പില്‍ നിന്ന് നീ ചത്തൂന്ന് കേട്ടാല്‍ പോലും ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കില്ല ഞാന്‍. ഒന്നോര്‍ത്തോ നിന്നെ പ്രസവിച്ച അമ്മയാ ഞാന്‍. പെറ്റമ്മയുടെ ശാപവും കൊണ്ട് എവിടെപ്പോയി ജീവിച്ചാലും നിനക്ക് ശന്തി കിട്ടില്ല. സമാധാനവും കിട്ടില്ല. എന്തിന് ഒന്ന് കണ്ണടച്ച് ഉറങ്ങാന്‍ വരെ പറ്റില്ല. നിന്റെ ഈ ശരീരമല്ലേ നീ പവിത്രമെന്ന് വിശ്വസിച്ച് മമതാ കുല്‍കര്‍ണിക്ക് വെച്ചു നീട്ടുന്ന ശരീരം. ഇത് പ്രകൃതിക്ക് നിരക്കാത്ത കര്‍മം ചെയ്ത് പുഴുക്കളരിച്ച് ചത്തില്ലെങ്കില്‍...' 'നിര്‍ത്ത്.' നന്ദിനി അലറി.. എന്റെ മമതയെ കുറിച്ച് മിണ്ടരുത്. ഞാന്‍ അവര്‍ക്ക് കൊടുക്കുന്ന സ്നേഹവും അവള്‍ എനിക്ക് തരുന്ന സ്നേഹവും നിങ്ങള്‍ക്ക് മനസ്സിലാവില്ല.' 'ഹും, എടീ ഞാന്‍ കണ്ടു നീ അവള്‍ക്കെഴുതിയ കത്തുകള്‍. അവള്‍ നിനക്കെഴുതിയതും. അതു കണ്ട നാള്‍ മുതല്‍ നിന്നെ പഠിക്കുകയായിരുന്നു ഞാന്‍. പക്ഷേ തെറ്റി. ഇങ്ങനെ ഈ ബന്ധം ഞാന്‍ ചിന്തിച്ചില്ല. നിന്റെ സ്വര്‍ണ അരഞ്ഞാണം, സ്വര്‍ണകൊലുസ്, അച്ചന്‍ നിനക്ക് കഷ്ടപ്പെട്ട് അയച്ചു തരുന്ന പോക്കറ്റ്മണി. നിന്റെ മോപ്പഡിലടിക്കാന്‍ തരുന്ന പെട്രോള്‍ ക്രഡിറ്റ് കാര്‍ഡ് എല്ലാം നീ അവള്‍ക്ക് കൊടുത്തു. പൊയ്ക്കോ നശിച്ചവളെ, നിന്നെ എനിക്ക് കാണണ്ട.' മൊബൈല്‍ ശബ്ദിച്ചു. ആനന്ദേട്ടനാണ്. ഫോണ്‍ ഓണ്‍ ചെയ്ത് കരഞ്ഞു. ഒന്നും പറഞ്ഞില്ല. വാക്കുകള്‍ വിറങ്ങലിക്കുന്നു. നാവ് വരളുന്നു, ശബ്ദം തളരുന്നതിനു മുമ്പ് ഇത്രയും പറഞ്ഞു. 'ഇന്ന് സന്ധ്യയായിട്ടും നന്ദിനിയെ കണ്ടില്ല.' ഒരു വികാരവും തോന്നിയില്ല. നശിച്ചവള്‍ ഏതെങ്കിലും വണ്ടിക്കടിയിലമര്‍ന്ന് തീര്‍ന്നെന്ന് കേട്ടാല്‍ മതി. പെട്ടെന്ന് അമ്മയെന്ന ബോധം ഉണര്‍ന്നു. 'എന്റെ ഭഗവതീ എന്റെ നന്ദിനി മോള്‍ക്ക് ഒന്നും സംഭവിക്കരുതേ. അവള്‍ തെറ്റ് തിരിച്ചറിഞ്ഞ് എന്റെ അടുക്കലേക്ക് വന്ന് മാപ്പ് പറഞ്ഞ് എന്റെ പഴയ നന്ദിനിയാകണമേ...' ദൂരെ ഉടുക്കിന്റെ ശബ്ദം കേള്‍ക്കുന്നു. സര്‍പ്പക്കാവില്‍ സര്‍പ്പം ഫണമുയര്‍ത്തുന്നു. കൈയില്‍ ചിലങ്കയണിഞ്ഞ് പിടിവാളുമായി രാമന്‍ വെളിച്ചപ്പാട് കടവ് കടന്നുവന്നു മുടി പറത്തിയിട്ട് അലറുന്നു. കണ്ണടച്ചു സോഫയില്‍ ചാരിയിരുന്നു. വൈകി എപ്പഴോ അവള്‍ വന്നു. മുറിക്കുള്ളില്‍ നിന്ന് സിഗരറ്റിന്റെ ഗന്ധം വരുന്നു. ചെന്ന് വാതിലില്‍ തട്ടി. അവള്‍ വാതില്‍ തുറന്നു. മുറിക്കുള്ളില്‍ പുക. ഒന്നും മിണ്ടാതെ നോക്കിനിന്നു. തലമുടി മുറിച്ച് കളഞ്ഞ് അവള്‍ ആണ്‍കുട്ടിയായിരിക്കുന്നു. തിരിഞ്ഞു നടന്നു. മകളുടെ ശവം കത്തുന്ന ശവപ്പറമ്പില്‍ നിന്ന് മടങ്ങുന്നതുപോലെ. വെളുപ്പിന് ടാക്സിയുടെ ഡോറടക്കുന്ന ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. ക്ഷീണിതനായി കൈയില്‍ ബാഗും തൂക്കി ആനന്ദേട്ടന്‍ ഗേറ്റ് തുറന്നു. ഒന്നും പറഞ്ഞില്ല. ആനന്ദേട്ടനോട് ചേര്‍ന്നുനിന്ന് മതിയാവോളം കരഞ്ഞു. ആനന്ദേട്ടന്‍ വരുന്നെന്ന് അറിഞ്ഞിട്ടും അവള്‍ വെളുപ്പിന് പോയിരിക്കുന്നു. നളിനി പറഞ്ഞതൊക്കെ ആനന്ദേട്ടന്‍ നിശ്ശബ്ദനായി കേട്ടു. ഒരു തുള്ളി കണ്ണീര്‍ പൊഴിച്ചില്ല. ഒരു ദുരന്തത്തിന്റെ ദീര്‍ഘശ്വാസവും വീണു പൊട്ടിയില്ല. കുളിച്ചു പൂജാമുറിയില്‍ കുറെ നേരം ഇരുന്നു... പിന്നെ എഴുന്നേറ്റ് വന്ന് എന്നോട് ഇറങ്ങാന്‍ പറഞ്ഞു. 'നന്ദിനി വിളിച്ചിരുന്നു. അവള്‍ വൈകുന്നേരത്തെ ഏഴ് മണിയുടെ ട്രെയിനില്‍ മമതാ കുല്‍ക്കര്‍ണിയുടെ കൂടെ അവളുടെ ലോകത്തിലേക്ക് പോവുകയാണത്രെ.' ഒന്നേ ചോദിച്ചുള്ളൂ; 'ആനന്ദേട്ടന് ഒന്ന് കരഞ്ഞു കൂടെ?' ആനന്ദേട്ടന്‍ ചിരിച്ചു. എന്നിട്ടു പറഞ്ഞു, 'ഇവള്‍ക്കു വേണ്ടി കരഞ്ഞാല്‍ ദൈവം നമ്മുടെ ഹൃദയത്തില്‍ നിന്ന് ഇറങ്ങിപ്പോകും എന്തിനാത്?' ഇതിനൊരവസാനമുണ്ട്. അത് ഈ ആനന്ദന്‍ മുമ്പില്‍ കാണുകയാ. സന്ധ്യ കഴിഞ്ഞു. ട്രെയിനുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഇരമ്പി പായുന്നു. സ്റേഷന്റെ വെയിറ്റിംഗ് ഷെഡില്‍ നന്ദിനി അനന്ദന്‍ ബോംബെയിലേക്കുള്ള രണ്ട് ടിക്കറ്റുമായി ഇരിക്കുന്നു. മമതാ കുല്‍ക്കര്‍ണി വരാമെന്ന് പറഞ്ഞ നേരം കഴിഞ്ഞു. അവളുടെ മൊബൈല്‍ വിളിക്കുമ്പോഴെല്ലാം സ്വിച്ച് ഓഫാണ്. റെയില്‍വേ വെയിറ്റിംഗ് റൂമിന്റെ വാഷ് ബേസിനില്‍ പോയി മുഖം കഴുകി. നന്ദിനിയുടെ മനസ്സ് വല്ലാതെ വിങ്ങിപ്പൊട്ടുന്നു. മമത, അവളെന്നോട് ഇതുവരെ വാക്ക് തെറ്റിച്ചിട്ടില്ല. മുഖം തുടച്ചുനോക്കുമ്പോള്‍ മുമ്പില്‍ അച്ഛന്‍ പിന്നില്‍ അമ്മ. ഒരു കവര്‍ നീട്ടി. ഞങ്ങളുടെ വീടിന്റെ ആധാരമാണ്. മറ്റൊന്ന്, ഞങ്ങളുടെ ബാങ്കിലുളള തുക നിനക്ക് ഏതു നിമിഷവും എടുക്കാന്‍ ഞങ്ങളൊപ്പിട്ട ബാങ്ക് ചെക്ക് ലീഫ്. യാത്ര പറയാതെ അച്ഛനും അമ്മയും പോയി. മനസ്സില്‍ ദുഃഖം ഘനീഭവിക്കുന്നു. ഒരു കറുത്ത പക്ഷി തന്നെ റാഞ്ചിയെടുക്കാന്‍ ചിറക് വിടര്‍ത്തി പറന്നുവരുന്നു. കണ്ണടച്ചിരിക്കുമ്പോള്‍ മമതയുടെ ഫോണ്‍ബെല്‍ മൊബൈലില്‍ കേള്‍ക്കുന്നു. അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍... എന്ന പ്രണയ ഗാനം മൊബൈല്‍ തിടുക്കത്തില്‍ ഓണ്‍ ചെയ്തു .ദേഷ്യപ്പെട്ടു. 'മമതാ നീ എവിടെ? നീ കളിക്കാ, വേഗം വാ. ട്രെയിന്‍ അഞ്ച് മിനുട്ടിനുള്ളില്‍ എത്തും.' 'ഡിയര്‍, നീ പുറത്തേക്ക് വരൂ നിനക്ക് ഞാനൊരു അത്ഭുതം കാട്ടിത്തരാം.' എന്തത്ഭുതം എന്ന് ചോദിക്കാതെ ഓടി സ്റേഷനു പുറത്തേക്കുവന്നു. നടുങ്ങിപ്പോയി. ഒരു നോര്‍ത്ത് ഇന്ത്യന്‍ ചെക്കനുമായി അരയില്‍ കൈയിട്ടിരിക്കുന്നു എന്റെ മമതാ കുല്‍ക്കര്‍ണി എന്ന കാമുകി. സ്തംഭിച്ചു നിന്നു. സിരകളിലൂടെ രക്തം തിളച്ചു മറിഞ്ഞ് തലച്ചോറിലെത്തി. ഓടി അടുത്തെത്തിയപ്പോള്‍ ഒരു ഭാവഭേദവും കൂടാതെ മമതാ കുല്‍ക്കര്‍ണി പറഞ്ഞു. 'ഇത് ജെയിന്‍ ബാബ. എന്റെ ബോയ്ഫ്രണ്ട്. ഞങ്ങള്‍ അടുത്ത മാസം വിവാഹം കഴിക്കും. സോറിഡാ.. പറയാന്‍ താമസിച്ചതിന്.' അവര്‍ ബൈ പറഞ്ഞ് ബൈക്ക് ഓടിച്ചുപോയി. നന്ദനി ആനന്ദ് അങ്ങനെ തന്നെ നിന്നു. പുറത്ത് സ്റേഷനില്‍ ബോംബെക്കുള്ള ട്രെയിന്‍ ഇരമ്പല്‍ ശബ്ദമുണ്ടാക്കി വന്നുനില്‍ക്കുന്നു. കൈയിലിരുന്ന ടിക്കറ്റ് രണ്ടായി വലിച്ചുകീറി അടുത്ത് കണ്ട ഓട്ടോയില്‍ കയറി. എത്രയും പെട്ടെന്ന് വീട്ടിലെത്തണം. അച്ഛന്റെയും അമ്മയുടെയും കാല് പിടിച്ച് മാപ്പിരക്കണം. 'ഒന്നു വേഗം പോകൂ.' ഓട്ടോറിക്ഷക്കാരനോട് പറഞ്ഞപ്പോള്‍ അയാളുടെ മറുപടി, 'ഇത് ഓട്ടോറിക്ഷയാ മോളെ. ഇത്ര വേഗതയേ ഉള്ളൂ. ജീവിതമല്ല, വെറും എഞ്ചിനാ... പെട്രോള്‍ തീര്‍ന്നാല്‍ നില്‍ക്കുന്ന വെറും പാട്ട.' താനും മമതാ കുല്‍ക്കര്‍ണിയും സുഹൃത്തുക്കളും ആഘോഷിക്കുന്ന ഇന്റര്‍നെറ്റ് കഫേയുടെ മുമ്പില്‍ ജനക്കൂട്ടം. മൂന്നാല് ഫയര്‍ എഞ്ചിന്‍ നിരന്നു കിടക്കുന്നു. തീയും പുകയും ഉയര്‍ന്നു. ഒന്ന് പകച്ചു എന്താ അവിടെ! നന്ദിനി ചോദിച്ചപ്പോള്‍ ഓട്ടോറിക്ഷക്കാരന്‍ പറഞ്ഞു, 'നേരമുണ്ടെങ്കില്‍ ഞാന്‍ അന്വേഷിച്ചു വരാം.' മറുപടി പറഞ്ഞില്ല. അയാള്‍ വണ്ടി ഓരത്തേക്ക് നിര്‍ത്തിയിട്ടു അന്വേഷിച്ചു വന്ന് യാതൊരു വികാരവുമില്ലാതെ പറഞ്ഞു; 'ഒരു ദുബായിക്കാരനും ഭാര്യയും ഇന്റര്‍നെറ്റ് കഫേയില്‍ കയറി ശരീരത്തില്‍ പെട്രോളൊഴിച്ച് കത്തിച്ചു. രണ്ടും ഉരുകി ചത്തു. കുറെ പിള്ളേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടത്രെ.' ഓട്ടോയില്‍ നിന്നിറങ്ങിയില്ല. കണ്ണുകളില്‍ ഇരുട്ട് കയറി. തലച്ചോറില്‍ രക്തം തിളച്ചുമറിഞ്ഞു.
|
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment