Friday 11 January 2013

[www.keralites.net] പങ്കാളിത്ത പെന്‍ഷന്‍ : വരും തലമുറക്ക് എന്താശങ്ക???

 

"വരുംതലമുറ"ക്ക് വേണ്ടി എന്നാണ് പങ്കാളിത്ത പെന്‍ഷനെതിരെ പണിമുടക്ക് സമരത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിപക്ഷ പാര്‍ട്ടി സംഘടനകള്‍ നടത്തുന്ന സമരത്തിന്റെ മുഖമുദ്ര. അങ്ങിനെ പറയാന്‍ കാരണമുണ്ട്. നിലവില്‍ തങ്ങളെ ബാധിക്കാത്ത കാര്യമാണ് പങ്കാളിത്ത പെന്‍ഷന്‍ . 2013 മുതല്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഇത് ബാധകം. ഈ "വരുംതലമുറ" വികാരം ഇതില്‍ നിന്നും ഉള്‍ക്കൊണ്ടതാണ്.

നിലവിലെ സാഹചര്യം- നിലവില്‍ കേരളത്തിലെ പെന്‍ഷന്‍ സമ്പ്രദായം അനുസരിച്ച് ബാധ്യത പൂര്‍ണ്ണമായും സര്‍ക്കാരിന്റെതാണ്. സര്‍ക്കാരിന്റെ എന്ന് വെച്ചാല്‍ തീപ്പെട്ടി മുതലുള്ള സാധനങ്ങള്‍ വാങ്ങുന്ന സാധാരണക്കാരന്‍ അടക്കുന്ന വില്പന നികുതി, വരുമാന പരിധി അനുസരിച്ച് അടക്കുന്ന ആദായനികുതി, സേവന നികുതി ഇങ്ങനെ പലയിനങ്ങളിലായി നികുതിയടക്കുന്ന 3 കോടിയിലധികം വരുന്ന ജനങ്ങളുടെ ബാധ്യത. കേരളത്തിന്റെ ആകെ വരുമാനം 29000 കോടി രൂപയാണ്. അതില്‍ ശമ്പള-പെന്‍ഷന്‍ ഇനത്തിലെ ചിലവ് 23000 കോടിയിലധികം വരും. എന്താണ്ട് 80% അധികം. 10 ലക്ഷത്തോളം വരുന്ന ജീവനക്കാര്‍ക്കും (ഏകദേശം 5 ലക്ഷം) പെന്‍ഷന്‍കാര്‍ക്കും (അഞ്ചുലക്ഷത്തിലധികം )വേണ്ടിയാണ് ഈ തുക ചിലവാക്കുന്നത് എന്നോര്‍ക്കണം. അതായത് 3 കോടിയിലധികം പേര്‍ സംസ്ഥാനത്തിന്റെ ചിലവിനായി നല്‍കുന്ന തുകയുടെ എണ്‍പത് ശതമാനവും ചെലവാകുന്നത് ജനസംഖ്യയുടെ 3 ശതമാനത്തില്‍ താഴെ വരുന്നവര്‍ക്ക് വേണ്ടിയാണ്.
സംസ്ഥാനത്തിന്റെ വികസനത്തിനും മറ്റുകാര്യങ്ങള്‍ക്കുമായി മാറ്റി വെക്കാന്‍ കഴിയുന്ന തുക 6000 കോടി രൂപ മാത്രമാണ്.

എന്താണ് പങ്കാളിത്ത പെന്‍ഷന്‍ ? പങ്കാളിത്ത പെന്‍ഷന്‍ എന്നത് സര്‍ക്കാരിന്റെയും ജീവനക്കാരന്റെയും കൂട്ടുത്തരവാദിത്വമാണ്. അതനുസരിച്ച് ശമ്പളത്തിന്റെ 10% ജീവനക്കാരനും തത്തുല്യമായ തുക സര്‍ക്കാരും അടക്കുന്നു. ജീവനക്കാരന്‍ വിരമിക്കുമ്പോള്‍ അടച്ച ആകെ തുകയുടെ 60 ശതമാനം വരെ പിന്‍വലിക്കാം. ബാക്കി വരുന്ന തുകയില്‍ വാര്‍ഷിക പദ്ധതി അനുസരിച്ച് പെന്‍ഷന്‍ ലഭിക്കുന്നു. സുതാര്യമായ രീതി അവലംബിച്ചിരിക്കുന്ന പങ്കാളിത്ത പെന്‍ഷനില്‍ ജീവനക്കാരന് ഏത് സമയത്തും തന്റെ അക്കൌണ്ടിലെ തുക പരിശോധിക്കാവുന്നതാണ്. ഇനി ജീവനക്കാരന്‍ സര്‍വീസില്‍ ഇരിക്കുന്ന കാലത്ത് മരണപ്പെട്ടാല്‍ ആശ്രിതനു സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കും എന്ന് മാത്രമല്ല, അതിനുണ്ടാകുന്ന കാലതാമസം നേരിട്ടാലും മരണപ്പെട്ടയാള്‍ക്ക് അവസാനം ലഭിച്ച വേതനത്തിന് തുല്യമായ തുല്യമായ തുക ആശ്രിതവേതനമായി ലഭിക്കുകയും ചെയ്യും. ഇതിനെ വരും തലമുറ എന്തിനാണ് ഭയപ്പെടുന്നത്? അല്ലെങ്കില്‍ മറ്റവന്റെ പോക്കറ്റിലെ പണം നികുതിയായി കിട്ടുന്നത് മതി, ഞാനായിട്ട് എനിക്ക് വേണ്ടി ഒന്നും മാറ്റി വെക്കില്ല എന്ന് യുവതലമുറ ചിന്തിക്കുന്നുണ്ടോ?

ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിലും മൂന്നു സംസ്ഥാനങ്ങള്‍ ഒഴികെ ബാക്കിയെല്ലായിടത്തും പങ്കാളിത്ത പെന്‍ഷന്‍ ഉണ്ട്. നേരത്തെ പറഞ്ഞത് പോലെ നികുതി വരുമാനത്തിന്റെ 80 ശതമാനം ജനസംഖ്യയില്‍ 3 ശതമാനത്തില്‍ താഴെ മാത്രം വരുന്നവര്‍ക്ക് വേണ്ടി മാത്രം വിനിയോഗിക്കണമെന്ന് വാദിക്കുമ്പോള്‍ ബാക്കിവരുന്ന 97 ശതമാനം "വരുംതലമുറ"യുടെ ഭാവിയെക്കുറിച്ച് സമരാനുകൂലികള്‍ക്ക് ചിന്തയില്ലേ? നിലവിലെ പെന്‍ഷന്‍ സമ്പ്രദായം വലിയൊരു തുക മാറ്റി വെക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുമ്പോള്‍ മറ്റു പ്രവര്‍ത്തനങ്ങളും വികസനവും നടത്തുവാനുള്ള തുകയുടെ ആവശ്യകത ബാധ്യതയും അധിക ബാധ്യതയും വലിയ കടക്കെണിയും സൃഷ്ടിക്കുന്നു എന്നത് പ്രസ്തുത വരും തലമുറയെ സാരമായി ബാധിക്കുന്ന കാര്യമാണ്. അത്തരമൊരു സാഹചര്യം നികുതിയുടെ അധികഭാരം, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി എന്നിവ വരുതലമുറയുടെ ചുമലില്‍ അടിച്ചേല്‍പ്പിക്കേണ്ട അവസ്ഥ സംജാതമാക്കും. വരുംതലമുറക്ക് വേണ്ടി ഒരുകാലത്ത് കമ്പ്യൂട്ടറിനെ എതിര്‍ത്തവര്‍ ഇത് കൂടി ചിന്താവിഷയമാക്കുന്നത് നല്ലതായിരിക്കും. അതോടൊപ്പം നികുതിയടച്ച് നിങ്ങള്‍ക്ക് ശമ്പളവും പെന്‍ഷനും തരുന്ന ജനങ്ങള്‍ സമരം മൂലം വലയുന്ന കാര്യവും.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment