Friday, 11 January 2013

[www.keralites.net] പ്രിസണ്‍ ഹോട്ടല്‍

 

പ്രിസണ്‍ ഹോട്ടല്‍

ജയിലിനുള്ളില്‍ ശിക്ഷ അനുഭവിക്കുന്നവരെ വെറുപ്പോടും പുച്‌ഛത്തോടും കാണുന്ന ഒരു സമൂഹമാണ്‌ നമ്മുടേത്‌. പുറത്തിറങ്ങി നല്ലൊരു ജീവിതം ആഗ്രഹിച്ചാലും സമൂഹം ഇവരെ അവഗണനയോടെയാണ്‌ നോക്കിക്കാണുന്നത്‌. എന്നാല്‍ അതില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായി പൂജപ്പുരചപ്പാത്തിയിലൂടെ ഇവര്‍ക്ക്‌ മുന്നില്‍ ജീവിതത്തിന്റെ മറ്റൊരു വാതില്‍ തുറക്കുന്നു...

ജയിലില്‍കയറാനും ക്യൂ നില്‍ക്കണോ? രാവിലെ ഏഴുമണി മുതല്‍ 10 മണിവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുമ്പില്‍ ക്യൂ നില്‍ക്കുന്ന ചെറുപ്പക്കാരും സ്‌ത്രികളും ഇവിടുത്തെ അന്തേവാസികളും സന്ദര്‍ശകരുമല്ല, മറിച്ച്‌ പൂജപ്പുരയില്‍ നിന്നു ലഭിക്കുന്ന സ്വാദിഷ്‌ഠമായ ചപ്പാത്തിയും കറിയും വീട്ടിലേക്ക്‌ വാങ്ങാന്‍ എത്തിയവരാണിവര്‍. തല്‍കാല്‍ ട്രെയിന്‍ ടിക്കറ്റെടുക്കാന്‍ തലേദിവസം വന്നു സ്‌ഥാനമുറപ്പിക്കുന്നതു പോലെ സെന്‍ട്രല്‍ ജയിലിനു മുമ്പില്‍ ക്യൂ നിന്നാലെ ഈ രുചിക്കൂട്ടിന്റെ സ്വാദറിയാന്‍ കഴിയൂ. പൂജപ്പുര ചപ്പാത്തിയില്‍ നിന്നു തുടങ്ങി സ്വാദിഷ്‌ഠമായ ഇഡ്‌ഡലിയും സാമ്പാറും വരെ സാധാരണക്കാര്‍ക്ക്‌ എത്തിച്ചു കൊടുക്കാന്‍ ഇപ്പോള്‍ ജയിലധിക്യതര്‍ക്കായിട്ടുണ്ട്‌. മിതമായ നിരക്കില്‍ സ്വാദിഷ്‌ഠമായ ഭക്ഷണം ലഭിക്കുമ്പോള്‍ കേരളീയര്‍ക്ക്‌ എന്ത്‌ സെന്‍ട്രല്‍ ജയില്‍? എന്ത്‌പൂജപ്പുര? കൗതുകം തോന്നുന്ന ഈ പാചകശാലയിലേക്ക്‌ ഒരുയാത്ര...

തടവറയുടെ പിന്നാമ്പുറങ്ങളിലേക്ക്‌

സെന്‍ട്രല്‍ ജയിലിനുള്ളിലെ ഒരു ഇല അനങ്ങുന്നുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം എ.ഡി.ജി.പി.യായ അലക്‌സാണ്ടര്‍ ജേക്കബിനാണ്‌. ഒരുപാട്‌ പുസ്‌തകങ്ങളും ഫീച്ചറുകളും എഴുതിയിട്ടുള്ള ആള്‍."ഞങ്ങളുടെ ജയിലിന്റെ മുന്നിലെ ക്യൂവാണോ ഇവിടെ വരാനുള്ള കാരണം?"
"പലപ്പോഴും ഞങ്ങളെ ആളുകള്‍ തിരിച്ചറിഞ്ഞിരുന്നത്‌ ഒരു കുറ്റവാളി ജനിക്കുമ്പോഴായിരുന്നു. അതില്‍ നിന്നു വ്യത്യസ്‌തമായ ഒരു ഐഡന്‍റ്റിറ്റി ആവശ്യമാണെന്ന്‌ തോന്നി. അതിന്‌ എന്താണ്‌ ചെയ്യേണ്ടത്‌
? ഉത്തരം കിട്ടിയത്‌ ആകസ്‌മികമായിട്ടാണ്‌. ഒരുദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി.കൈകഴുകാന്‍ പോയപ്പോള്‍അടുക്കളയിലേക്കൊന്നുനോക്കി. ഒട്ടുംശ്രദ്ധയില്ലാതെ, കഴിക്കാനുള്ളതാണെന്ന പരിഗണന പോലുമില്ലാതെ ചവിട്ടിയാണ്‌ ഗോതമ്പ്‌ കുഴയ്‌ക്കുന്നത്‌. കഴിച്ചെന്നു വരുത്തി അവിടെ നിന്നിറങ്ങി നേരെ സെന്‍ട്രല്‍ ജയിലിലേക്കാണ്‌ പോയത്‌. ഞാനവിടെചെല്ലുമ്പോള്‍ ജയില്‍പുള്ളികള്‍ക്ക്‌ കഴിക്കാനുള്ള ഭക്ഷണം തയാറാക്കുകയാണ്‌.വളരെ ശ്രദ്ധയോടും വൃത്തിയോടുമാണ്‌ ഇത്രയും പേര്‍ക്കുള്ള ഭക്ഷണം അവിടെ ഉണ്ടാക്കുന്നത്‌. അവരുടെ കഷ്‌ടപ്പാട്‌ കണ്ടപ്പോള്‍ നേരത്തെ മനസ്സില്‍ പതിഞ്ഞ ദൃശ്യമോര്‍ത്തു. ചപ്പാത്തി കുഴയ്‌ക്കാനും ഉണ്ടാക്കാനുമുള്ള യന്ത്രം വാങ്ങണമെന്ന്‌ അന്നു തീരുമാനിച്ചു. യന്ത്രം വാങ്ങി അതില്‍ ചപ്പാത്തി ഉണ്ടാക്കി അവര്‍ കഴിച്ചു തുടങ്ങി.""അവര്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കിയതിനു ശേഷം യന്ത്രം വെറുതെ വച്ചിരിക്കുകയാണ്‌. വെറുതെയിരുന്നു ചിന്തിച്ചു കൂട്ടുമ്പോഴാണ്‌ തടവുകാര്‍ക്കും വീണ്ടും വീണ്ടും കുറ്റം ചെയ്യണമെന്ന്‌ തോന്നുന്നത്‌. അവരെയും യന്ത്രത്തെയും ഇങ്ങനെ വെറുതെയിരുത്തണോ. എന്തുകൊണ്ട്‌ ഇവരുണ്ടാക്കുന്ന ചപ്പാത്തി ജയിലിനു വെളിയിലുള്ള സാധാരണക്കാരിലേക്കും എത്തിച്ചുകൂടാ? എന്റെ ആശയം ജയില്‍സൂപ്രണ്ടായ പ്രദീപിനോടും പങ്കുവച്ചു. കേട്ടപ്പോള്‍ പ്രദീപിനും കൗതുകം. ഏതായാലും ജയില്‍പുളളികളോട്‌ സംസാരിക്കാന്‍ തീരുമാനിച്ചു. വിജയിക്കുമോ എന്ന സംശയം പലര്‍ക്കുമുണ്ടായിരുന്നു. മുന്നോട്ടുവന്ന ആളുകളെ വച്ച്‌ ഞങ്ങള്‍ ഈ സംരംഭം തുടങ്ങാന്‍ തീരുമാനിച്ചു. പിറ്റേദിവസം മുതല്‍ അവര്‍ ജോലി തുടങ്ങി.അവരുണ്ടാക്കിയ പൂജപ്പുര ചപ്പാത്തി മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രികളിലുമാണ്‌ ആദ്യം എത്തിച്ചത്‌. മിതമായ നിരക്കിലാണ്‌ കൊടുത്തത്‌. ഇഷ്‌ടപ്പെട്ട പലരും വീണ്ടും ആവശ്യപ്പെട്ടു തുടങ്ങി. പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചപ്പാത്തിയോടൊപ്പം ഇവിടെയുള്ളവര്‍ തന്നെ കൃഷിചെയ്യുന്ന പച്ചക്കറി ഉപയോഗിച്ചുള്ള കറിയും എത്തിച്ചു തുടങ്ങി."സെന്‍ട്രല്‍ ജയില്‍ എന്ന ബോര്‍ഡ്‌ കാണുമ്പോള്‍ മുഖം തിരിച്ച്‌ നടന്നിരുന്ന പലരുംഇപ്പോള്‍ ജയിലിനു മുന്നില്‍ പൂജപ്പുര ചപ്പാത്തിക്കു വേണ്ടി ക്യൂ നില്‍ക്കുന്നു. ഹോസ്‌റ്റലില്‍ താമസിക്കുന്ന ചെറുപ്പക്കാര്‍ ആവശ്യക്കാരായപ്പോഴാണ്‌ നോണ്‍വെജിറ്റേറിയന്‍ കറി ഉണ്ടാക്കുന്നതിനെക്കുറിച്ച്‌ അധികൃതര്‍ ആലോചിച്ചു തുടങ്ങിയത്‌."ജയിലില്‍ വളര്‍ത്തിയിരുന്ന കോഴിയെ ലേലത്തില്‍ വില്‍ക്കുകയായിരുന്നു പതിവ്‌.അത്‌ നഷ്‌ടമായപ്പോള്‍ വില്‍പ്പന വേണ്ടെന്നു വച്ചു. അങ്ങനെയാണ്‌ പൂജപ്പുര ചപ്പാത്തിയോടൊപ്പം കോഴിക്കറിയുണ്ടാക്കാമെന്ന ആശയം മനസ്സില്‍ തോന്നിയത്‌. പുറത്തു കിട്ടുന്ന ബ്രോയ്‌ലര്‍ചിക്കന്റെ കറിയേക്കാളും നാടന്‍ കോഴിക്കറിക്കാണ്‌ ആവശ്യക്കാര്‍ കൂടുതലുള്ളത്‌. അതുപോലെ, വിഷാംശമില്ലാത്ത പച്ചക്കറിയാണ്‌ ഞങ്ങള്‍ കറിക്കുപയോഗിക്കുന്നത്‌. കൂടിയ വിലയില്‍ ഹോട്ടലുകളില്‍ നിന്നുകിട്ടുന്ന ഭക്ഷണം സാധാരണക്കാര്‍ക്കു താങ്ങാനാവില്ല. കുറഞ്ഞ നിരക്കില്‍ പോഷകസമ്പുഷ്‌ടമായ രുചികരമായ ഭക്ഷണം കിട്ടുമ്പോള്‍ അത്‌ എവിടെ നിന്നാണെങ്കിലും ആളുകള്‍ സ്വീകരിക്കും."ഈ പേരു പറഞ്ഞ്‌ ഒരുപരസ്യത്തിനോ പ്രശസ്‌തിക്കോ ഞങ്ങള്‍ പോയിട്ടില്ല. ഇതുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ കിട്ടുന്ന ഗുണം വാക്കുകളില്‍ കൂടി പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഇപ്പോള്‍ ജയിലില്‍ നിന്നിറങ്ങുവര്‍ക്ക്‌ വേണ്ടി എത്രയെത്ര ഹോട്ടലുകാര്‍ ഫോണ്‍ വിളിക്കുന്നുണ്ടെന്ന്‌ എനിക്കുപോലുമറിയില്ല. വീണ്ടുംകുറ്റവാളിയായിതിരിച്ചെത്തുന്നവരുടെ എണ്ണംകുറയ്‌ക്കാന്‍ ഈസംരംഭത്തിലൂടെ ഞങ്ങള്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌. അതാണ്‌ ഏറ്റവും വലിയ കാര്യം."
ഒരു ദിവസം 117 രൂപയാണ്‌ ജയില്‍പുള്ളികള്‍ക്ക്‌ ഇതിലൂടെകിട്ടുന്നത്‌. വീട്ടില്‍കാത്തിരിക്കുന്ന കുടുംബത്തിന്‌ മാസാവസാനം ഒരു സമ്പാദ്യം അയച്ചു കൊടുക്കാന്‍ ഇവര്‍ക്കു സാധിക്കുന്നു. മാത്രമല്ല
, ശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോള്‍ ഇവര്‍ക്കു വേണ്ടി ഏതെങ്കിലും ഹോട്ടലുകാര്‍ കാത്തിരിക്കുന്നുണ്ടാകും. വീണ്ടും ജയിലിലേക്ക്‌ തിരിച്ചു കയറാതെ സാധാരണക്കാരെപ്പോലെ ജീവിക്കാനുള്ള ഒരു വഴിയാണ്‌ ഇവര്‍ക്കു മുന്നില്‍ തുറന്നു വരുന്നത്‌.

ജയിലിന്റെ ഉള്ളറകളിലേക്ക്‌

ജയില്‍ സൂപ്രണ്ട്‌ പ്രദീപാണ്‌ പിന്നീടുള്ള യാത്രയ്‌ക്ക് സഹായിച്ചത്‌. പൂജപ്പുരസെന്‍ട്രല്‍ ജയിലെന്ന ബോര്‍ഡിനു മുന്നില്‍ ചപ്പാത്തി വാങ്ങാന്‍ അപ്പോഴുമുണ്ട്‌ ആളുകളുടെ നിര."ഇങ്ങനെയൊരു സംരംഭം തുടങ്ങുന്നു എന്നു പറഞ്ഞപ്പോള്‍ കളിയാക്കിയവരാണധികവും. ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെ നന്നാക്കാന്‍ പോകുവാണോ എന്ന രീതിയായിരുന്നു പലര്‍ക്കും. പല ചാനലുകളും ഞങ്ങളുടെ സംരംഭത്തെ പല രീതിയിലും പരിഹസിച്ചു. വാര്‍ത്തകളില്‍ പലപ്പോഴും പുച്‌ഛിച്ചിട്ടുണ്ട്‌. സെന്‍ട്രല്‍ ജയിലിനുള്ളില്‍ കിടക്കുന്നു എന്നു കരുതി അവരും മനുഷ്യരല്ലാതാവുന്നില്ല. പശ്‌ചാത്തപിച്ച്‌ നന്നാകാന്‍ ശ്രമിക്കുന്നവരെ വീണ്ടും കുറ്റവാളിയാക്കേണ്ടതുണ്ടോ?ഇവിടെ നിന്നിറങ്ങിയാല്‍ സാധാരണജീവിതം ആഗ്രഹിക്കുന്ന മനസ്സ്‌ അവര്‍ക്കും കാണില്ലേ. അവര്‍ ചെയ്‌തതിനെ ന്യായീകരിക്കുകയല്ല, മറിച്ച്‌ ജീവിക്കണമെന്ന്‌ ആഗ്രഹമുള്ളവരെ വീണ്ടും ശിക്ഷിക്കാന്‍ നമുക്ക്‌ എന്തവകാശം?"ചപ്പാത്തി പരത്തുകയും ചുടുകയും ചെയ്യുന്നവരാരും പാചകപാരമ്പര്യം ഉള്ളവരല്ല.എങ്കിലും അവര്‍ കഴിവിന്റെ പരമാവധി ഈ സംരംഭത്തെ വിജയിപ്പിക്കാനൊരുങ്ങുന്നു. കുറ്റവാളികളെന്ന്‌ മുദ്രയടിക്കപ്പെട്ടെങ്കിലും ഒരുനന്മയെങ്കിലും ചെയ്യാനാവുന്നല്ലോ എന്ന ആശ്വാസം ഇവരുടെ കണ്ണുകളില്‍ കാണാം."ആദ്യം ഗ്യാസടുപ്പായിരുന്നു,സിലിണ്ടര്‍ കിട്ടാതെ വന്നപ്പോള്‍ വൈദ്യുതിയെ ആശ്രയിച്ചുതുടങ്ങി. ബില്ലു കൂടുതലായപ്പോള്‍ അതുംമാറ്റി. ഇപ്പോള്‍ സോളാര്‍പാനല്‍ സ്‌ഥാപിച്ച്‌, സൗരോര്‍ജ്‌ജമുപയോഗിച്ചു പാചകം ചെയ്യാനുള്ള തീരുമാനത്തിലാണ്‌.അതിന്റെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. രണ്ടുഷിഫ്‌റ്റായിട്ടാണ്‌ ഇവര്‍ജോലിചെയ്യുന്നത്‌.പല കുറ്റങ്ങളും ചെയ്‌ത് ശിക്ഷ കിട്ടിക്കഴിഞ്ഞ്‌ ജയിലിലേക്ക്‌ എത്തുമ്പോള്‍ മുന്നോട്ടുള്ള ജീവിതം ഇവര്‍ക്കു മുന്നില്‍ ഇരുട്ടാണ്‌. അതില്‍ ഒരിറ്റു വെളിച്ചം നല്‍കാന്‍ ഈ സംരംഭം സഹായിക്കുന്നു. ഇത്ര നല്ല ഒരു ജയിലും ജയില്‍പുള്ളികളെയും ഇന്ത്യയില്‍ എവിടെയും കണ്ടിട്ടില്ലെന്നാണ്‌ ഈയിടെ ഇവിടം സന്ദര്‍ശിച്ച ബംഗ്ലാദേശ്‌ മുഖ്യമന്ത്രി പറഞ്ഞത്‌."ഞങ്ങളാരേയും നിര്‍ബന്‌ധിക്കാറില്ല. പക്ഷേ പരസ്‌പരം പറഞ്ഞ്‌ മനസ്സ്‌ മാറി ഈ സംരംഭത്തിലേക്ക്‌ പിന്നീട്‌ വന്നു ചേര്‍ന്ന ജയില്‍പുള്ളികളും കുറവല്ല. ഒരുമനംമാറ്റത്തിന്‌ കാരണക്കാരയതില്‍ വളരെ സന്തോഷമുണ്ട്‌."ഓരോരുത്തരും ഓരോരോ വകുപ്പുകളായിട്ടാണ്‌ ജോലി ചെയ്യുന്നത്‌. മാവു കുഴയ്‌ക്കാനും പരത്താനുമുള്ള യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നവരാണ്‌ ഒരു വകുപ്പ്‌. ചുടാനുംഅതടുക്കി കൊണ്ടു കൊടുക്കാനും മറ്റൊരു വിഭാഗം. ചപ്പാത്തി പാക്ക്‌ ചെയ്യുന്നത്‌ മറ്റൊരു വകുപ്പ്‌. കോഴിക്കറിയും വെജിറ്റേറിയന്‍ കറിയും ഉണ്ടാക്കുന്നതു വെവ്വേറെഅടുക്കളകളിലാണ്‌. അതിനും പാക്കിംഗും മറ്റുമായി വകുപ്പുകളുണ്ട്‌. ഇവര്‍ പാക്ക്‌ ചെയ്യുന്ന ആഹാരം വില്‍ക്കാന്‍ നില്‍ക്കുന്നത്‌ ജയില്‍ഗാര്‍ഡുമാരാണ്‌. മൂന്നു വാതിലുകളിലായിട്ടാണ്‌ വില്‍പ്പന.രാവിലെ ഏഴു മുതല്‍ പത്തു മണിവരെയാണ്‌ നല്ല തിരക്കുള്ളത്‌. വൈകുന്നേരങ്ങളില്‍ പാഴ്‌സല്‍ വാങ്ങിക്കൊണ്ടു പോകുന്നവരാണേറെ. പൂജപ്പുര ചപ്പാത്തി സംരംഭത്തിനു സഹായിക്കാന്‍ വെല്‍ഫയര്‍ ബോര്‍ഡംഗങ്ങളുമുണ്ട്‌. എല്ലാവരും ചേര്‍ന്ന്‌ ഒരു കുടുംബം പോലെ ഇതെല്ലാം ചെയ്യുന്നു. ഇപ്പോള്‍ തിരുവനന്തപുരം,വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും പദ്ധതി വിജയകരമായി തുടരുന്നു.

മറ്റൊരു ചുവടുവയ്‌പ്പിലേക്ക്‌

ജയില്‍ ഭക്ഷണം വന്‍ഹിറ്റായപ്പോള്‍, തിരുവനന്തപുരം കോട്ടയ്‌ക്കകത്തുള്ള അഗ്രഹാരത്തിലെ ബ്രാഹ്‌മണ കുടുംബങ്ങള്‍ ചേര്‍ന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊരു ഹര്‍ജി നല്‍കി. അഗ്രഹാരത്തിലെ ഒറ്റമുറിയില്‍ താമസമാക്കിയവരില്‍ പലര്‍ക്കും ഭക്ഷണം തയാറാക്കുന്നത്‌ വളരെ ബുദ്ധിമുട്ടാണ്‌.
ശുദ്ധവെജിറ്റേറിയനായ ഇവര്‍ക്ക്‌ ഹോട്ടലുകളെ ആശ്രയിക്കാനും താത്‌പര്യമില്ല. അങ്ങനെ പൂജപ്പുര ചപ്പാത്തിയും ചിക്കന്‍ കറിയും പോലെ ഇഡ്‌ഡലിയും സാമ്പാറും ലഭ്യമാക്കണം. അതായിരുന്നു ഹര്‍ജിയിലെ ആവശ്യം! അങ്ങനെയാണ്‌ ചപ്പാത്തിക്കും കറിക്കും പുറമേ
, ഇഡ്‌ഡലിയുംസാമ്പാറും കൂടി ജയില്‍ മെനുവില്‍ കടന്നുവന്നത്‌.പൂജപ്പുരയിലെ സ്‌പെഷ്യല്‍ ജയിലിലാണ്‌ ഇഡ്‌ഡലിയും സാമ്പാറുമുണ്ടാക്കുന്നത്‌.അവിടുത്തെ സൂപ്രണ്ടായ രാജീവ്‌ പറയുന്നു: "രാസവസ്‌തുക്കള്‍ ഒന്നുംകലര്‍ത്താതെ സ്വാദിഷ്‌ഠമായ ആഹാരം ഉണ്ടാക്കുക എന്നതാണ്‌ ഞങ്ങളുടെ ലക്ഷ്യം. ജോലി ചെയ്യാന്‍ ഞങ്ങളാരേയും നിര്‍ബന്ധിക്കാറില്ല. ചെയ്യാന്‍ താത്‌പര്യമുള്ളവര്‍ മാത്രമാണ്‌ എത്തുന്നത്‌. വന്ന്‌ രണ്ട്‌ ദിവസം ജോലി ചെയ്‌ത് തിരിച്ചു പോയവരും ഉണ്ട്‌. എങ്കിലും താത്‌പര്യമുള്ളവരാണധികവും. 117 രൂപ ഒരു ദിവസം കിട്ടുന്നത്‌ കൂട്ടിവച്ച്‌ ഒരു സംഖ്യയാക്കി വീട്ടിലേക്ക്‌ അയയ്‌ക്കാന്‍ കഴിയുന്നുണ്ടല്ലോ എന്നു പറയുന്നവരാണ്‌ കൂടുതലും. പണി ചെയ്യാന്‍ കഴിയില്ലെന്ന്‌ പറഞ്ഞ്‌ തിരിച്ചു പോയ പല ജയില്‍പുള്ളികളും മറ്റുള്ളവര്‍ക്ക്‌ വരുമാനം കിട്ടിത്തുടങ്ങുമ്പോള്‍ മടങ്ങിവരുമെന്ന്‌ തന്നെയാണ്‌ ഞങ്ങളുടെ വിശ്വാസം. മാത്രവുമല്ല പുറത്തിറങ്ങിയാല്‍ മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്ന ആശങ്ക ഇവര്‍ക്കില്ലല്ലോ.

"ആദ്യം ഇഡ്‌ഡലി മാത്രം ഉണ്ടാക്കാനായിരുന്നു തീരുമാനം. പക്ഷേ കറിയില്ലാതെ ഇഡ്‌ഡലി കഴിക്കാന്‍ കഴിയില്ലെന്ന്‌ പല ആവശ്യക്കാരും പറഞ്ഞപ്പോള്‍ സാമ്പാര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഇതിനും ആവശ്യക്കാര്‍ ഏറെയാണ്‌. വീട്ടില്‍ ഉണ്ടാക്കുന്നതു പോലെ നല്ല രുചിയുള്ള ഭക്ഷണം കിട്ടുന്നു എന്നതാണ്‌ ജയില്‍ ഭക്ഷണത്തിന്റെ ട്രെയ്‌ഡ്‌ സീക്രട്ട്‌. മിക്കവാറും എല്ലാ ആശുപത്രികളിലും ഞങ്ങളുടെ ഇഡ്‌ഡലിയും സാമ്പാറും എത്തുന്നുണ്ട്‌. ഹോസ്‌റ്റലില്‍ നില്‍ക്കുന്നവരും ഞങ്ങളുടെസ്‌ഥിരം കസ്‌റ്റമേഴ്‌സാണ്‌."എല്ലാവരാലും അവഗണിക്കപ്പെട്ട്‌ പുച്‌ഛവും പരിഹാസവും ഏറ്റുവാങ്ങി ജീവിച്ച ഒരു സമൂഹമാണ്‌ ജയിലറയ്‌ക്കുള്ളിലുണ്ടായിരുന്നത്‌. പരിഹാസ നോട്ടം മാത്രം നേരിട്ടിരുന്ന ഇവരുടെ കൈപ്പുണ്യം ജനങ്ങള്‍ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. ആ അംഗീകാരത്തിന്റെ ഫലമായി ചപ്പാത്തി-ഇഡ്‌ഡലി കച്ചവടം വഴി ഏകദേശം നാലുകോടി രൂപ സര്‍ക്കാരിലേക്ക്‌ എത്തിക്കാനും സാധിച്ചിട്ടുണ്ട്‌.സെന്‍ട്രല്‍ ജയിലിനെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്‌ചപ്പാട്‌ മാറാന്‍ ഈ സംരംഭം ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌. അതുകൊണ്ടാണ്‌ സ്വാദുള്ള ഭക്ഷണം വിലകുറച്ച്‌ കിട്ടുമ്പോള്‍ ജയിലിലാണെങ്കിലും നീണ്ട ക്യൂവില്‍ നിന്നു വാങ്ങാന്‍ ആളുകള്‍ മടിക്കാത്തത്‌.
മെഡിക്കല്‍ കോളജിലെയും ജനറല്‍ ആശുപത്രികളിലെയും സാധുക്കളായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും താങ്ങാവുന്ന നിരക്കില്‍ ഭക്ഷണം കിട്ടുമ്പോള്‍ അവരുടെ പ്രാര്‍ത്ഥനകളിലെ ഒരു ഭാഗമാകാന്‍ ജയില്‍പുള്ളികള്‍ക്കും അവസരം ലഭിക്കുന്നു. ചെയ്‌ത കുറ്റത്തിന്റെ ഒരംശമെങ്കിലും കുറയ്‌ക്കാന്‍ ഈ പ്രാര്‍ത്ഥനയ്‌ക്കാകുമെന്ന വിശ്വാസം തടവറയില്‍ കഴിച്ചു കൂട്ടുന്ന ഇവരുടെ കണ്ണുകളില്‍ നിന്ന്‌ അറിയാന്‍ കഴിയും.

ഒരു ദിവസം ഉണ്ടാക്കുന്നതും ചെലവാകുന്നതും.

ചപ്പാത്തി - 50,000

ചിക്കന്‍ കറി - 5000

വെജിറ്റബിള്‍ കറി - 3000

ഇഡ്‌ഡലിയും സാമ്പാറും - 8000

5 ചപ്പാത്തിയും 1 ചിക്കന്‍ കറിയും - 30 രൂപ

5 ചപ്പാത്തിയും 1 വെജിറ്റബിള്‍ കറിയും - 20 രൂപ

5 ഇഡ്‌ഡലിയും സാമ്പാറും - 20 രൂപ

ജയില്‍പുള്ളികള്‍ ജോലി ചെയ്യുന്ന സമയം എട്ടു മണിക്കൂര്‍. (രണ്ടു ഷിഫ്‌റ്റ്) നേടിയെടുത്ത വരുമാനം ഏകദേശം നാലു കോടി


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment