അവര്‍ക്ക് വേണ്ടത് വി.എസിന്റെ ചോരതന്നെ
മുഖംമൂടിയില്ലാതെ
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍
1960 മുതല്‍ 1990 വരെ 30 വര്‍ഷം ബെര്‍ലിന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച് ലോകത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പത്രങ്ങള്‍ക്കുവേണ്ടി റിപ്പോര്‍ട്ടുകള്‍ ചെയ്തു. 1943 ലെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയാണ്.1990ല്‍ നാട്ടിലെത്തി എ.കെ. ജി.സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. സൈനിക സേവനവും അനുഷ്ഠിച്ചിട്ടുണ്ട്. നാലാം ലോക വാദത്തെ തുടര്‍ന്നുള്ള പ്രത്യയശാസ്ത്ര വിവാദത്തില്‍ ഇടപെട്ട് 2004 മാര്‍ച്ചില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. ജീവിതത്തില്‍ ഏഴുപതിറ്റാണ്ട് കാലം കമ്മ്യൂണിസത്തിന്റെ ലോക ഭൂപടത്തിലൂടെയാണ് കുഞ്ഞനന്തന്‍ നായര്‍ നടന്നത്. കിഴക്ക് ചൈന മുതല്‍ പടിഞ്ഞാറ് അല്‍ബേനിയ വരെ...
2000 ല്‍ നടന്ന പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗുമായി ചേര്‍ന്നു മത്സരിക്കാനുള്ള അടവുനയം പിണറായിയുടെ നേതൃത്വത്തിലുള്ള സംസ്‌ഥാന കമ്മിറ്റി ആവിഷ്‌കരിച്ചതു മുതലാണ് പാര്‍ട്ടിയില്‍ വി.എസും പിണറായിയും തമ്മിലുള്ള സമരം ആരംഭിക്കുന്നത്. ഈ സമരത്തിന്റെ പാരമ്യത്തിലായിരുന്നു 2005-ലെ മലപ്പുറം സമ്മേളനം. സമ്മേളനത്തില്‍ വി.എസിനു ജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും ഔദ്യോഗിക പാനല്‍ പി.ബിയുടേത് എന്നുപറഞ്ഞ് സുര്‍ജിത്തും പ്രകാശ് കാരാട്ടും ചേര്‍ന്നു ബൂത്തുപിടിച്ചു പിണറായിയെ വിജയിപ്പിച്ചു. കേരളത്തിലെ
സി.പി.എമ്മിനെ നവമുതലാളിമാരുടെ താല്‍പര്യസംരക്ഷകരാക്കിയതും അഴിമതിക്കാര്‍
വളരുന്നതിന് ഇടവരുത്തിയതും ഈ സമ്മേളനത്തിലെ പിണറായിയുടെ വിജയത്തോടെയായിരുന്നു
കേരളത്തിലെ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ സ്‌ഥാപക നേതാക്കളിലൊരാളായ കെ. ദാമോദരന്റെ ജന്മശതാബ്‌ദി വലിയ ആഘോഷം ഒന്നുമില്ലാതെ കടന്നുപോയി. സി.പി.എമ്മും സി.പി.ഐയും പേരിന് അദ്ദേഹത്തെ അനുസ്‌മരിക്കാന്‍ ചില പരിപാടികള്‍ സംഘടിപ്പിച്ചു എന്നല്ലാതെ ജനം ശ്രദ്ധിക്കുന്ന തരത്തിലുള്ള അനുസ്‌മരണ പരിപാടികളൊന്നും എവിടെയും നടന്നില്ല. ഞാന്‍ ഉള്‍പ്പടെയുള്ളവര്‍ മുന്‍കൈയെടുത്തു രൂപീകരിച്ച സോഷ്യലിസ്‌റ്റ് സംവാദവേദിയുടെ ആഭിമുഖ്യത്തില്‍ അടുത്തമാസം ആദ്യം കണ്ണൂരില്‍ കെ. ദാമോദരനെ അനുസ്‌മരിക്കുവാന്‍ ഒരു പരിപാടി സംഘടിപ്പിക്കുവാന്‍ ആലോചിക്കുന്നുണ്ട്. കമ്യൂണിസ്‌റ്റ് പാര്‍ട്ടികളുടെ പുനരേകീകരണം എന്ന വിഷയത്തെക്കുറിച്ച് ഒരു ചര്‍ച്ചയും അനുസ്‌മരണയും അനുസ്‌മരണത്തിന്റെ ഭാഗമായി നടത്താന്‍ ഉദ്ദേശിക്കുന്നു. സി.പി.ഐ. നേതാവ് കാനം രാജേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ പരിപാടിയില്‍ സംബന്ധിക്കാമെന്ന് ഏറ്റിട്ടുണ്ട്.
ചരിത്രത്തില്‍ അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ ബോധപൂര്‍വം അവഗണിക്കപ്പെട്ട കമ്യൂണിസ്‌റ്റ് നേതാക്കളുടെ കൂട്ടത്തില്‍ ഒരാളാണ് കെ. ദാമോദരനെന്നു ഞാന്‍ ഇതേ പംക്‌തിയില്‍ അദ്ദേഹത്തെ അനുസ്‌മരിച്ച് എഴുതിയിട്ടുണ്ട്. കമ്യൂണിസ്‌റ്റ് ഇന്റര്‍നാഷണലിന്റെ അംഗീകാരം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായ സി.പി. ജോഷിയും മറ്റൊരു ജനറല്‍ സെക്രട്ടറിയായ അജയ്‌ഘോഷും കേരളത്തിലെ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ സ്‌ഥാപക നേതാക്കളില്‍ ഒരാളായ എന്‍.സി. ശേഖറും ത്രിപുര മുന്‍മുഖ്യമന്ത്രി നൃപന്‍ ചക്രവര്‍ത്തിയും പി. രാമമൂര്‍ത്തിയും എസ്.എ. ഡാങ്കെയുമൊക്കെ ഇക്കൂട്ടത്തില്‍ ഒറ്റപ്പെടുത്തപ്പെട്ടവരായിരുന്നു. എന്നാല്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ സ്‌ഥാപക നേതാവായി കണക്കാക്കാന്‍ സാധിക്കുന്ന എം.എന്‍. റോയ് പോലും മുഖ്യധാര കമ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ നിന്ന് അകന്നുകഴിഞ്ഞാണ് ആരും അറിയാതെ മരിച്ചത്. 1920-ല്‍ താഷ്‌കന്റില്‍ (മുന്‍പ് സോവിയറ്റ് യൂണിയന്റെ ഭാഗം) ഇന്ത്യന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതിന് എം.എന്‍. റോയ് ആണു നേതൃത്വം നല്‍കിയത്. അദ്ദേഹം ഇന്ത്യന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചു കമ്യൂണിസ്‌റ്റ് ഇന്റര്‍നാഷണല്‍ എക്‌സിക്യുട്ടീവ് അംഗമാവുകയും ലെനിനുമായി ചേര്‍ന്നു കൊളോണിയല്‍ തീസിസ് എന്ന കോളനികളിലെ വിപ്ലവപ്രസ്‌ഥാനത്തിന്റെ കര്‍മ്മപരിപാടി തയ്യാറാക്കുകയും ചെയ്‌തിരുന്നു.
പി. രാമമൂര്‍ത്തിയും നൃപന്‍ ചക്രവര്‍ത്തിയെയും പാര്‍ലമെന്ററി വ്യാമോഹികള്‍ എന്ന മുദ്രകുത്തിയാണു പുറത്താക്കിയത്. ലാളിത്യത്തിന്റെ പ്രതീകമായും ഒരു തരത്തില്‍ കമ്യൂണിസ്‌റ്റ് സന്യാസിയുമായി ജീവിച്ച നൃപന്‍ ചക്രവര്‍ത്തി ഉടന്‍ മരിക്കും എന്ന് ഉറപ്പായശേഷം അദ്ദേഹത്തിനു പാര്‍ട്ടി അംഗത്വം തിരിച്ചുനല്‍കുകയും മരിച്ചപ്പോള്‍ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിക്കുകയും ഒരു ചുവന്ന റോസാപ്പൂവ് വെക്കുകയും ചെയ്‌തു നേതാക്കള്‍ പ്രായശ്‌ചിത്തം ചെയ്‌തു. ബംഗാളിലും ത്രിപുരയിലും അധികാരത്തില്‍ എത്തിക്കുന്നതിന് ഏറെ യത്നിച്ച നൃപനെ പുറത്താക്കാന്‍ മുന്‍കൈയ്യെടുത്തതു സുര്‍ജിത്തായിരുന്നു.
തൃപുരയില്‍ ഇടതുമുന്നണി ജയിച്ചപ്പോള്‍ ഒരുടേം കൂടി മുഖ്യമന്ത്രിയാകാന്‍ വഴിവിട്ടു ശ്രമം നടത്തി എന്നതാണു നൃപനെതിരെ ചാര്‍ത്തപ്പെട്ട കുറ്റം. ഈ കുറ്റം ആരോപിച്ചു സുര്‍ജിത്ത്, ഇ.എം.എസിനെ ജനറല്‍ സെക്രട്ടറി സ്‌ഥാനത്തുനിന്നും മാറ്റി അവസാന നിമിഷം വരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്‌ഥാനത്തു തുടര്‍ന്നുവെന്നതു ചരിത്രം. അധികാരം എല്ലാവരെയും മത്തുപിടിപ്പിച്ചിരിക്കുന്നു. ലോക കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിലും ഇത്തരത്തിലുള്ള സംഭവം അരങ്ങേറിയിട്ടുണ്ട്. പാര്‍ട്ടി അച്ചടക്കം എന്ന തത്വം യാന്ത്രികമായി നടപ്പിലാക്കിയതു കാരണമാണ് ഇത്തരം സംഭവങ്ങള്‍ പലതും നടന്നത്. പാര്‍ട്ടി അച്ചടക്കത്തിന്റെ അതിര്‍വരമ്പുകള്‍ നിശ്‌ചയിക്കുന്നതാവട്ടെ, അപ്പോള്‍ അധികാരമുള്ള നേതാക്കളും.
അധികാരമുള്ളവര്‍ തീരുമാനിക്കുന്നതാണല്ലോ എന്നും നിയമം. 1937-ലെ പാറപ്പുറം സമ്മേളനത്തിന് അഞ്ചുവര്‍ഷം മുമ്പ് 1931-ല്‍തന്നെ താനും പൊന്നാറ ശ്രീധരനും ചേര്‍ന്നു തിരുവിതാംകൂറില്‍ കമ്യൂണിസ്‌റ്റ് ലീഗ് രൂപീകരിച്ചുവെന്നും അതാണു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനം എന്നുമായിരുന്നു എന്‍.സി. ശേഖര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ മറ്റു നേതാക്കള്‍ അത് അംഗീകരിച്ചിരുന്നില്ല. പാറപ്പുറം സമ്മേളനത്തിനിടെയാണു കേരളത്തിലെ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ തുടക്കമായി കണക്കാക്കുന്നത്. മഹാ ചിന്തകനായ കേസരി ബാലകൃഷ്‌ണപിള്ളയുടെ സ്വാധീനത്തില്‍പ്പെട്ടാണു പൊന്നറ ശ്രീധരനും എന്‍. ചന്ദ്രശേഖര്‍ നായര്‍ എന്ന എന്‍.സി. ശേഖര്‍ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിലേക്ക് ആര്‍ഷിച്ചത്. മുഖ്യധാര കമ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ നിന്നും അവസാനകാലത്ത് എന്‍.സി. ശേഖര്‍ അകലാന്‍ ഇതുമാത്രമല്ല കാരണം. ഇ.എം.എസുമായുള്ള നയപരമായ കാര്യത്തിലുള്ള അഭിപ്രായവ്യത്യാസം വേറൊന്നാണ്. രാജ്യസഭാംഗമായിരുന്ന എന്‍.സി. ശേഖര്‍ 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ആദ്യം വ്യക്‌തമായ നിലപാടെടുത്തില്ല. പിന്നീടു സി.പി.എമ്മില്‍ നിന്ന് അദ്ദേഹത്തെ 1967-ല്‍ പുറത്താക്കി. 1986-ല്‍ മരണപ്പെടുകയും ചെയ്‌തു.
രാജ്യസഭാംഗമായിരിക്കെ അദ്ദേഹം കൃത്യമായി പാര്‍ട്ടിലെവി അടച്ചില്ല എന്നതും പുറത്താക്കാനുള്ള കാരണമായി പറയപ്പെടുന്നു. അദ്ദേഹം കണ്ണൂര്‍ പയ്യാമ്പലത്ത് ബേബി ബീച്ചിലെ കൊച്ചുവീടു വിറ്റ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സ്‌ഥിതിചെയ്യുന്ന സ്‌ഥലത്തുനിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെ രണ്ടു കിടപ്പുമുറിയുള്ള ഓടുമേഞ്ഞ വീടുവെച്ചു. പാര്‍ട്ടിയില്‍ അദ്ദേഹത്തിന് എതിരായി നീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ ആ വീടും ആരോപണങ്ങള്‍ക്കു കാരണമായി. പാര്‍ട്ടി ലെവി കൊടുക്കാതെ എന്‍.സി. ശേഖര്‍ കൂറ്റന്‍ വീടു നിര്‍മ്മിച്ചതായി ചിലര്‍ ആരോപണം ഉന്നയിച്ചു. എന്‍.സി. ശേഖര്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ എടയത്തു രവി അച്‌ഛന്റെ അനുസ്‌മരണം പരസ്യചാര്‍ജ് നല്‍കി പ്രസിദ്ധീകരിക്കുവാന്‍ കോഴിക്കോട് ദേശാഭിമാനിയിലെത്തി. എന്നാല്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ടവരുടെ ചരമപരസ്യം പോലും സ്വീകരിക്കാന്‍ പറ്റില്ലെന്ന് ഇന്നത്തെ ദേശാഭിമാനി പത്രാധിപരും അന്നു കോഴിക്കോട് യൂണിറ്റിന്റെ മാനേജറുമായിരുന്ന വി.വി. ദക്ഷിണാമൂര്‍ത്തി തീര്‍ത്തുപറഞ്ഞുവത്രേ. അങ്ങനെ പാര്‍ട്ടി അംഗം കൂടിയായ രവി അപമാനിതനായി മടങ്ങി. അബുദാബി ശക്‌തിയുടെ പ്രധാന സംഘാടകനാണു രവി.
ഒരിക്കല്‍ പരസ്യചാര്‍ജ്‌ജ് നല്‍കിയിട്ടുപോലും എന്‍.സി. ശേഖറുടെ ചിത്രം ദേശാഭിമാനിയില്‍ പ്രസിദ്ധീകരിക്കില്ലെന്നു തീര്‍ത്തുപറഞ്ഞവര്‍ കണ്ണൂരില്‍ ദേശാഭിമാനി യൂണിറ്റ് ആരംഭിച്ചപ്പോള്‍ അതിലെ ലൈബ്രറിക്കുവേണ്ടി എന്‍.സി. ശേഖറിന്റെ അമൂല്യഗ്രന്ഥശേഖരം മുഴുവന്‍ സംഭാവനയായി സ്വീകരിച്ചു. ഇപ്പോള്‍ എന്‍.സി. ശേഖറുടെ പേരില്‍ കുടുംബാംഗങ്ങളോടു ചേര്‍ന്ന് അവാര്‍ഡും ഏര്‍പ്പെടുത്തിയിരിക്കുന്നു. സി.പി.എം. ജില്ലാ കമ്മറ്റിയാണ് ഇതെല്ലാം ശ്രദ്ധിക്കുന്നത്.
ഇത്തരത്തില്‍ പാര്‍ട്ടിയില്‍ അധികാരമുള്ളവരുടെ ഗൂഢാലോചനയ്‌ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ഒരാളാണു വി.എസ്. അച്യുതാനന്ദനും. മേല്‍പ്പറഞ്ഞവരൊക്കെ ആരുടെയും എതിര്‍പ്പുകളില്ലാതെ ഘട്ടം ഘട്ടമായാണു പാര്‍ട്ടിയില്‍ പുറത്താക്കപ്പെട്ടത്. എന്നാല്‍ ജനങ്ങളുടെ അതിശക്‌തമായ ചെറുത്തുനില്‍പുമൂലം വി.എസിന് അങ്ങനെ ഇല്ലാതാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പിണറായി വിജയന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറിയായതുമുതല്‍ വി.എസിനെതിരായ നീക്കം ആരംഭിച്ചിരുന്നു. ഇ.എം.എസിന്റെയും ചടയന്‍ ഗോവിന്ദന്റെയും മരണത്തിനുശേഷം പാര്‍ട്ടിയെ സ്വന്തം വരുതിയില്‍ നിര്‍ത്താനായിരുന്നു പിണറായിയുടെ നീക്കം. പിണറായിയുടെ സ്‌പോണ്‍സര്‍മാരായ നവസമ്പന്നന്‍മാരുടെ താല്‍പര്യങ്ങളും വി.എസിന് എതിരായിരുന്നു. അവരാണല്ലോ, വികസന വിരുദ്ധനെന്നു വി.എസിനു പേരിട്ടത്.
2000-ല്‍ നടന്ന പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗുമായി ചേര്‍ന്നു മത്സരിക്കാനുള്ള അടവുനയം പിണറായിയുടെ നേതൃത്വത്തിലുള്ള സംസ്‌ഥാന കമ്മറ്റി ആവിഷ്‌കരിച്ചതു മുതലാണു പാര്‍ട്ടിയില്‍ വി.എസും പിണറായിയും തമ്മിലുള്ള സമരം ആരംഭിക്കുന്നത്. ഈ സമരത്തിന്റെ പാരമ്യത്തിലായിരുന്നു 2005-ലെ മലപ്പുറം സമ്മേളനം.
സമ്മേളനത്തില്‍ വി.എസിനു ജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും ഔദ്യോഗിക പാനല്‍ പി.ബിയുടേത് എന്നുപറഞ്ഞ് സുര്‍ജിത്തും പ്രകാശ് കാരാട്ടും ചേര്‍ന്നു ബൂത്തുപിടിച്ചു പിണറായിയെ വിജയിപ്പിച്ചു. കേരളത്തിലെ സി.പി.എമ്മിനെ നവമുതലാളിമാരുടെ താല്‍പര്യസംരക്ഷകരാക്കിയതും അഴിമതിക്കാര്‍ തഴച്ചുവളരുന്നതിന് ഇടവരുത്തിയതും ഈ സമ്മേളനത്തിലെ പിണറായിയുടെ വിജയത്തോടെയായിരുന്നു. പിന്നീട് വി.എസിനെ രാഷ്‌ട്രീയമായി ഇല്ലാതാക്കാനായി പിണറായി വിജയന്റെ നീക്കം. പാര്‍ട്ടിയുടെ അളവറ്റ സമ്പത്തും സ്വാധീനവും ഇതിനായി ഉപയോഗപ്പെടുത്തി. എത്രയോ റിയല്‍ എസ്‌റ്റേറ്റുകാരുടെയും കള്ളപ്പണക്കാരുടെയും വിഭവങ്ങളും വി.എസിനെ സംഹരിക്കാന്‍ ഉപയോഗപ്പെടുത്തി. 2006-ല്‍ വി.എസ് മുഖ്യമന്ത്രിയാകുന്നതു തടയാന്‍ സാധിക്കാതെ വന്നപ്പോള്‍ മുഖ്യമന്ത്രി സ്‌ഥാനത്തുനിന്നും നീക്കാന്‍ രണ്ടുവട്ടം വിഫലശ്രമം നടത്തി. 2011-ല്‍ വി.എസിനു സീറ്റ് നിഷേധിക്കാന്‍ വീണ്ടും ശ്രമം. അതിലും വിജയിക്കാതെ വന്നപ്പോള്‍ എല്‍.ഡി.എഫിനു ജയിക്കാന്‍ സാധ്യതയുള്ള ചില മണ്ഡലങ്ങളില്‍ തോറ്റുകൊണ്ടു വി.എസ്. രണ്ടാമതും മുഖ്യമന്ത്രിയാകുന്നതു തടഞ്ഞു. കേന്ദ്രനേതൃത്വത്തെ സ്വാധീനിച്ചു വി.എസിനെ പി.ബി.യില്‍ നിന്ന് ഒഴിവാക്കുകയും കേന്ദ്രകമ്മറ്റിയില്‍ നിന്നു പലവട്ടം അപമാനകരമായ ശിക്ഷാനടപടികള്‍ക്ക് ഇരയാക്കുകയും ചെയ്‌തു.
ഇത്രയൊക്കെ ചെയ്‌തിട്ടും കലിയടങ്ങാത്ത പിണറായി വിജയനും കൂട്ടരും ഏറ്റവുമൊടുവില്‍ അദ്ദേഹത്തിന്റെ മൂന്നു പേഴ്‌സണല്‍ സ്‌റ്റാഫുകളെ പുറത്താക്കുകയും ചെയ്‌തു. ഇങ്ങനെ ഘട്ടം ഘട്ടമായി അംഗഛേദം ചെയ്‌തു വി.എസിനെ തീര്‍ത്തും ഇല്ലാതാക്കാനുള്ള ഗൂഢാലോചനകളാണ് ഇപ്പോഴും എ.കെ.ജി. സെന്ററില്‍ അരങ്ങേറുന്നത്. തൊണ്ണൂറിലെത്തി നില്‍ക്കുന്നതും സി.പി.എം. സ്‌ഥാപകനേതാക്കളില്‍ അവശേഷിക്കുന്ന ഏക വ്യക്‌തിയും സി.പി.എമ്മില്‍ ഏറ്റവും ജനസ്വാധീനവുമുള്ള നേതാവുമായ വി.എസ്സിനോടാണ് ഈ ക്രൂരത എന്നോര്‍ക്കുക. ജീവിതം മുഴുവന്‍ പ്രസ്‌ഥാനത്തിനു നീക്കിവെച്ച എത്രയോ വിപ്ലവകാരികളായ നേതാക്കളെ കണ്ണീരോടെ ഇറക്കിവിട്ടതാണു കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ ചരിത്രം. ആ വൃദ്ധശാപം എന്നും പാര്‍ട്ടിയെ വേട്ടയാടുകതന്നെ ചെയ്യും.
വി.എസിനെ രാഷ്‌ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയനും നവസമ്പന്നന്‍മാരായ നേതാക്കളും ഈ ചരിത്രം ഓര്‍ത്തിരിക്കുന്നതു നന്ന്. നിങ്ങള്‍ക്കു പാര്‍ട്ടിയില്‍ നിന്ന് ആരെയും ഇപ്പോള്‍ പിണ്ഡംവെച്ചു പുറത്താക്കാം. കാരണം നിങ്ങള്‍ തീരുമാനിക്കുന്നതാണു പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍ ചരിത്രം ഒരിക്കലും അതുപോലെ ആവര്‍ത്തിച്ചിട്ടില്ല. വി.എസിന്റെ ചോരയ്‌ക്കു ദാഹിക്കുന്ന നിങ്ങളും ഓര്‍ത്തിരിക്കുക- ചരിത്രം നിങ്ങളെ കുറ്റക്കാരാണെന്നു തന്നെ വിധിക്കും. മറ്റുള്ളവരുടെ വേദനയില്‍ ആനന്ദം കണ്ടെത്തുന്നത് ഒരുതരം വികലമായ മാനസികാവസ്‌ഥയാണ്. അതിന് സാഡിസം എന്നാണു പറയുന്നത്. പിണറായി വിജയനും ഇത്തരത്തില്‍ ഒരു പൊളിറ്റിക്കല്‍ സാഡിസ്‌റ്റാണ്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment