ഹൃദയാഘാതം
ഹൃദയാഘാതം പ്രഥമശുശ്രൂഷ ഫലപ്രദമോ?
ആദ്യമണിക്കൂറുകളില്‍ ഉചിതമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണസാധ്യത 80 ശതമാനത്തോളമുണ്ട്. അതിനാല്‍ ഹാര്‍ട്ടറ്റാക്ക് എന്താണെന്നും രോഗലക്ഷണങ്ങള്‍ എന്തെല്ലാമാണെന്നും അറിഞ്ഞിരിക്കണം.
ഞാനൊരു സര്‍ക്കാര്‍ ജോലിക്കാരനാണ്. ഏതാനും മാസം മുമ്പ് ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകന് ഓഫീസില്‍ വച്ച് ഹൃദയാഘാതമുണ്ടായി. പെട്ടെന്നുണ്ടായ നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ ലക്ഷണമാണോ എന്നുപോലും തിരിച്ചറിയാന്‍ അവിടെയുണ്ടായിരുന്ന ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. എന്തുചെയ്യണം എന്നറിയാതെ തരിച്ചു നില്‍ക്കുകയായിരുന്നു ഞങ്ങള്‍. അതുകൊണ്ടുതന്നെ അല്‍പസമയം കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിക്കാനായത്. പക്ഷേ, ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം ഉണ്ടായ രോഗിക്ക് തക്കസമയത്ത് പ്രാഥമിക ചികിത്സ ലഭ്യമാക്കിയാല്‍ ജീവന്‍ രക്ഷിക്കാനാവുമോ? എന്തെല്ലാമാണ് ഇതില്‍ ശ്രദ്ധിക്കേണ്ടതായുള്ളത്?
സഹദേവന്‍ എരമല്ലൂര്‍
ഹാര്‍ട്ടറ്റാക്ക് എപ്പോഴും അപ്രതീക്ഷിതമായാണ് സംഭവിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത മുഹൂര്‍ത്തത്തില്‍ സംഹാരതാണ്ഡവത്തോടെയാണ് 'ആഘാതകന്‍' രംഗപ്രവേശനം ചെയ്യുന്നത്. ആദ്യമണിക്കൂറുകളില്‍ ഉചിതമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണസാധ്യത 80 ശതമാനത്തോളമുണ്ട്. അതിനാല്‍ ഹാര്‍ട്ടറ്റാക്ക് എന്താണെന്നും അതുണ്ടാക്കുന്ന രോഗലക്ഷണങ്ങള്‍ എന്തെല്ലാമാണെന്നും പൊതുജനം അറിഞ്ഞിരിക്കണം. എങ്കിലേ തക്കസമയത്ത് ചികിത്സ നല്‍കാനാവുകയുള്ളു. ഹാര്‍ട്ടറ്റാക്കിനെത്തുടര്‍ന്നുണ്ടാകുന്ന പല മരണങ്ങളും ആശുപത്രിയില്‍ വൈകിയെത്തുന്നതുകൊണ്ട് സംഭവിക്കുന്നതാണ്. ഹൃദയധമനികളിലെ ബ്ലോക്ക് വിങ്ങിപ്പൊട്ടി അവിടെയൊരു രക്‌തക്കട്ട വന്ന് ധമനി പൂര്‍ണമായി അടയുമ്പോഴാണ് രക്‌തസഞ്ചാരം പൂര്‍ണമായി നിലച്ച് ഹൃദയകോശങ്ങള്‍ ചത്തൊടുങ്ങുന്നത്. 'ടൈം ഈസ് മസില്‍' എന്നാണ് പറയുന്നത്. വൈകുന്തോറും ഹൃദയകോശങ്ങള്‍ നിര്‍ജീവമായിക്കൊണ്ടിരിക്കും. നെഞ്ചുവേദന തുടങ്ങി അരമണിക്കൂറിനുള്ളില്‍ രക്‌തക്കട്ട അലിയിക്കുന്നതിനുള്ള ത്രോംബോലൈറ്റിസ് തെറാപ്പിയോ ഒന്നരമണിക്കൂറിനുള്ളില്‍ ബ്ലോക്ക് വികസിപ്പിക്കുന്ന പ്രൈമറി ആന്‍ജിയോപ്ലാസ്‌റ്റിയോ ചെയ്യുവാന്‍ സാധിച്ചാല്‍ ഹൃദയകോശങ്ങളെ നാശത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അങ്ങനെ രോഗിയുടെ ജീവനും രക്ഷപെടും. ശക്‌തിയായ നെഞ്ചുവേദന, പെട്ടെന്നുള്ള ശ്വാസതസം, തലകറക്കം, തളര്‍ച്ച ഈ രോഗലക്ഷണങ്ങള്‍ ഹാര്‍ട്ടറ്റാക്കിനോട് അനുബന്ധിച്ച് ഉണ്ടാകാം എന്ന് അറിഞ്ഞിരിക്കണം. പ്രമേഹരോഗികള്‍ക്ക് നെഞ്ചുവേദനയ്‌ക്ക് പകരം മറ്റ് ലക്ഷണങ്ങളാണ് ഉണ്ടാവുക. പ്രത്യേകിച്ച് അപകടഘടകങ്ങളുള്ളവരില്‍ (പുകവലി, രക്‌തസമ്മര്‍ദം, കൊളസ്‌ട്രോള്‍, അമിതവണ്ണം, വ്യായാമക്കുറവ്, സ്‌ട്രസ്) പെട്ടെന്ന് ഇത്തരം ലക്ഷണങ്ങളുണ്ടായാല്‍ സമയം പാഴാക്കാതെ ഉടന്‍ ആശുപത്രിയിലെത്തണം. വൈദ്യപരിജ്‌ഞാനമില്ലാത്തവര്‍ സ്വയം ചികിത്സയ്‌ക്കൊന്നും സമയം കളയാതെ ഒന്നുമാത്രമാണ് ചെയ്യേണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിക്കുക. പ്രാഥമിക ചികിത്സയ്‌ക്ക് പ്രാധാന്യമുണ്ടെങ്കിലും ആശുപത്രിയ്‌ക്ക് പുറത്ത് വൈദ്യപരിജ്‌ഞാനമുള്ളവര്‍ മാത്രമേ മരുന്നുകള്‍ നല്‍കാവു. ഗുണത്തിനു പകരം ദോഷം സംഭവിക്കരുത്. വീട്ടില്‍, പൊതു സ്‌ഥലത്തും ജോലിസ്‌ഥലത്തുമെല്ലാം മേപ്പറഞ്ഞ രോഗങ്ങള്‍ പെട്ടെന്ന് ഉണ്ടാകുന്നവരെ കണ്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുക. ഒരു ജീവന്‍ അത്ഭുതകരമായി നിങ്ങള്‍ക്ക് രക്ഷപെടുത്താന്‍ സാധിക്കും.
ഭക്ഷണം കഴിച്ചശേഷം നെഞ്ചുവേദന
എനിക്ക് 32 വയസുണ്ട്. ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പില്‍ ജോലിയാണ്. ഭക്ഷണം കഴിച്ചതിനു ശേഷം നടക്കുകയോ ജോലിയിലേര്‍പ്പെടുകയോ ചെയ്യുമ്പോള്‍ നെഞ്ചില്‍ ഭാരം അനുഭവപ്പെടാറുണ്ട്. വണ്ണമുള്ള ശരീരമാണ് എനിക്ക്. വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ പതിവായി കഴിക്കാറില്ല. കുടുംബത്തില്‍ മറ്റാര്‍ക്കും ഹൃദ്രോഗം ഉള്ളതായി അറിവില്ല. എന്നാല്‍ ഭക്ഷണത്തിനു ശേഷം അനുഭവപ്പെടുന്ന നെഞ്ചുവേദന ഹൃദ്രോഗത്തിന്റെ ലക്ഷണമാണെന്ന് പറഞ്ഞുകേള്‍ക്കുന്നു. ഇതു ശരിയാണോ? ഞാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ടോ?
ജയ്‌സണ്‍ തൃശൂര്‍
32 വയസ് എന്നത്, ഹൃദ്രോമുണ്ടാകുവാന്‍ ഇന്നത്തെക്കാലത്ത് കുറഞ്ഞ പ്രായമല്ലെന്ന് ഓര്‍ക്കണം. പണ്ടൊക്കെ അറുപത് കഴിഞ്ഞ് സാധാരണ ഉണ്ടാകാറുള്ള ഹാര്‍ട്ടറ്റാക്ക് ഇപ്പോള്‍ ചെറു പ്രായത്തില്‍ തന്നെ സംഭവിക്കും. കാരണം ജീവിത ഭക്ഷണ ശൈലികളില്‍ ഉണ്ടായ കാതലായ മാറ്റംതന്നെ. വികലമായല ഭക്ഷണ ശൈലിയും കുറഞ്ഞ അധ്വാനശീലവും ഹൃദ്രോഗത്തിന് കാരണമാകുന്നു. താങ്കളുടെ അപകട ഘടകങ്ങളെപ്പറ്റി കത്തില്‍ പരാമര്‍ശിക്കുന്നില്ല. കൊളസ്‌ട്രോള്‍, സ്‌ട്രസ്, വ്യായാമക്കുറവ് തുടങ്ങിയവ വണ്ണത്തോടൊപ്പം ഉണ്ടോ എന്ന് അറിയാനാവുന്നില്ല. ഭക്ഷണശേഷം നെഞ്ചില്‍ ഭാരം അനുഭവപ്പെടുന്നത് അധികഭക്ഷണം കഴിക്കുന്നതുകൊണ്ടോ വേദനകൊണ്ടോ ആവാം. ഹൃദ്രോഗം കൊണ്ടും ഉണ്ടാകാം. പക്ഷേ, വേദന അസഹനീയമായിരിക്കുമെന്നു മാത്രം. കാരണം ഭക്ഷണം കഴിഞ്ഞ്‌ദഹനത്തിനാവശ്യമായ രക്‌തപ്രവാഹം കാര്യക്ഷമമായി നടക്കുമ്പോള്‍ അത് ബ്ലോക്കുള്ളവരില്‍ നെഞ്ചുവേദനയുണ്ടാക്കുകയാണ്. താങ്കള്‍ക്ക് സംഭവിച്ചത് ഹൃദ്രോഗം മൂലമാണോ എന്ന് പറയാനാവില്ല. എന്തയാലും ട്രഡ്‌മില്‍ ടെസ്‌റ്റ് നടത്തണം. ഹൃദ്രോഗവിദഗ്‌ധനെ കണ്ട് പരിശോധന നടത്തണം. രക്‌തത്തിലെ കൊളസ്‌ട്രോള്‍, പഞ്ചസാര എന്നിവ തിട്ടപ്പെടുത്തണം. പ്രഷര്‍ കൂടുതല്‍ ഉണ്ടോ എന്ന് അളന്നു നോക്കണം. ഭാരം കൂടുലാണെങ്കില്‍ ഭക്ഷണക്രമീകണത്തിലൂടെ അത് നിയന്ത്രിക്കണം. നിത്യേന വ്യായാമവും ചെയ്യണം.
ഡോ. ജോര്‍ജ് തയ്യില്‍
സീനിയര്‍ കാര്‍ഡിയോളജിസ്‌റ്റ്
ലൂര്‍ദ് ഹോസ്‌പിറ്റല്‍,എറണാകുളം
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment