അപ്പൂപ്പനൊപ്പം ഒളിച്ചോടിയ അമ്മൂമ്മയെ ഭർത്താവ് പിന്തുടർന്ന് പിടിച്ചു
കല്ലറ: അപ്പൂപ്പനൊപ്പം ഒളിച്ചോടിയ അമ്മൂമ്മയെ അവരുടെ ഭർത്താവ് പിൻതുടർന്ന് പിടികൂടി പൊലീസിൽ ഏല്പിച്ചു. മക്കളെ വിളിച്ചുവരുത്തി പൊലീസ് വൃദ്ധരായ കമിതാക്കളെ അവർക്കൊപ്പം പറഞ്ഞയച്ചു. പാലോട്-കുശവൂർ സ്വദേശിയാണ് അപ്പൂപ്പൻ. അമ്മൂമ്മ മൈലമൂട് അഞ്ചാനക്കുഴിക്കര സ്വദേശിനിയും. ഇന്നലെ രാവിലെ പാങ്ങോട് ജംഗ്ഷനിൽവച്ചായിരുന്നു സംഭവം. മക്കളും ചെറുമക്കളും ഉള്ളവരാണ് ഇരുവരും.
ഇവർ തമ്മിൽ ലൈനായിട്ട് കാലമായെന്നും അന്നുമുതൽ താൻ എല്ലാം ശ്രദ്ധിച്ചുവരുകയായിരുന്നുവെന്നും ഒളിച്ചോട്ടം പൊളിച്ച അമ്മൂമ്മയുടെ ഭർത്താവ് 65 കാരൻ പൊലീസിനോട് പറഞ്ഞു. മാർക്കറ്റിൽ പോകാനെന്ന് പറഞ്ഞ് അമ്മൂമ്മ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. പതിവിന് വിപരീതമായി അണിഞ്ഞൊരുങ്ങിയ ഭാര്യയെ കണ്ടപ്പോൾ സംശയം തോന്നിയാണ് പിന്തുടർന്നത്.
പാലോട് ബസ് ഡിപ്പോയിൽ എത്തിയപ്പോൾ ഭാര്യയ്ക്കൊപ്പം മറ്റൊരാളും കൂടി. തുടർന്ന് കല്ലറ വഴി പോകുന്ന ഫാസ്റ്റ് ബസിൽ കയറി ഒരേ സീറ്റിൽ ഇരുപ്പുമായി. ചുറ്റിലും പരിചയക്കാർ ഏറെയുള്ളതിനാൽ ഭർത്താവായ വൃദ്ധൻ എല്ലാം കണ്ട് സഹിച്ചുനിന്നു. ബസ് പോകാൻ തുടങ്ങിയപ്പോൾ വേഗം അതിൽ കയറി പിൻസീറ്റിൽ പതുങ്ങിയിരുന്നു. തുടർന്ന് ബസ് പാങ്ങോട്ട് സ്റ്റേഷന് സമീപമുള്ള സ്റ്റേഷനിൽ നിറുത്തിയപ്പോൾ ഭാര്യയുടെ കൈയിൽപിടിച്ച് വലിച്ചിറക്കാൻ ശ്രമിച്ചു. ഇവർ ബഹളം വച്ചതോടെ മറ്റുയാത്രക്കാർ ഇടപെട്ടു. ഡൽഹിയിൽ ബസിനുള്ളിൽ യുവതിയെ പീഡിപ്പിച്ചസംഭവം മനസ്സിലുള്ള യാത്രക്കാരിൽ ചിലർ കാരണം വിശദീകരിക്കും മുൻപ് വൃദ്ധനെ കൈകാര്യം ചെയ്തു. അടികൊണ്ടാലും വേണ്ടില്ല ഭാര്യയുടെ ഒളിച്ചോട്ടം തടയണം എന്ന ചിന്തയിലായിരുന്നതിനാൽ വൃദ്ധനും പിൻമാറിയില്ല. കാര്യം മനസ്സിലായ ബസിലെ കണ്ടക്ടർ യാത്രക്കാരുടെ സഹായത്തോടെ മൂവരേയും പാങ്ങോട് സ്റ്റേഷനിൽ എത്തിച്ചു. സംഭവമറിഞ്ഞ് പൊലീസും സ്റ്റേഷനിൽ കൂടിയവരും മൂക്കത്ത് വിരൽവച്ചു. ഏതായാലും മൂവർക്കുമെതിരെ നടപടിയെടുക്കാനൊന്നും പൊലീസ് മുതിർന്നില്ല. മക്കളെ സ്റ്റേഷനിൽ വരുത്തി മൂവരെയും അവർക്കൊപ്പം പറഞ്ഞുവിട്ട് പ്രശ്നം താത്കാലികമായി ഒതുക്കി.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net