Wednesday 16 May 2012

[www.keralites.net] നിത്യതയ്ക്കായുള്ള പുറപ്പാട്

 

കെദ്രോന്‍തോടിന് അക്കരെയുള്ള ഗെത്ത്‌ശേമന തോട്ടത്തിലേക്ക് ശിഷ്യന്മാരുമായി പോകുമ്പോള്‍ തനിക്കു നേരിടുവാനുള്ളത് എല്ലാം യേശു അറിഞ്ഞിരുന്നു. ആ സമയത്താണു പ്രിയപ്പെട്ട
ശിഷ്യന്മാരോട് അവസാന നാളുകളെക്കുറിച്ചും ഇഹലോക ജീവിത ദൗത്യത്തെക്കുറിച്ചും യേശു വളരെ തുറന്ന് സംസാരിക്കുന്നത്. ഏതെങ്കിലും പ്രസ്ഥാനങ്ങളുടെയോ ആശയങ്ങളുടെയോ പേരില്‍ രക്തസാക്ഷികളായിട്ടുള്ള മഹാത്മാക്കളെ ബഹുമാനപുരസരം നാം
ഓര്‍ക്കുമ്പോഴും ഒരു കാര്യം സമ്മതിക്കാതെ വയ്യ, അവരൊക്കെ മരിക്കാന്‍ നേരത്തും
ജീവിക്കാന്‍ കൊതിച്ചവരാണ്. ഒരുപക്ഷെ, ഭീകരവാദ സംഘടനകളിലെ ചാവേര്‍
സംഘങ്ങള്‍ ഇപ്പറഞ്ഞതിനൊരു വിരോധാഭാസമായി ചിലര്‍ക്കെങ്കിലും തോന്നിയേക്കാം.
വിഷലിപ്തമായ ആശയങ്ങള്‍ കുത്തിനിറച്ച് ജഡികവും ഭൗതികവുമായ പ്രലോഭനങ്ങള്‍ കൊണ്ട് മത്തുപിടിച്ച അണികള്‍ ഒടുവില്‍ ചാവേറുകളാകുമ്പോള്‍ ഒരു പറ്റം നിരപരാധികളെ കൊന്നൊടുക്കാനേ ആ വിഷ സര്‍പ്പങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളൂ. അപ്പോഴും അണികളെ തീവ്രവാദക്കെണിയില്‍ വീഴ്ത്തിയ ഒസാമയെപ്പോലുള്ള നേതാക്കന്മാര്‍ ജീവിക്കാന്‍ വേണ്ടി പരക്കം പായുകയായിരുന്നില്ലേ?

യേശുവിന്റെ മരണത്തെ ഇവരില്‍ ആരുടെയെങ്കിലും മരണത്തോട് ഉപമിക്കാകുമോ? മരണത്തെ കണ്ടപ്പോള്‍ ജീവിക്കാന്‍ കൊതിച്ച ആളായിരുന്നില്ല യേശു. മുപ്പത്തിമൂന്നുകാരനായ
യേശുവിനു വേണമെങ്കില്‍ തന്റെ പ്രവൃത്തികൊണ്ടും പെരുമാറ്റം കൊണ്ടും വേണ്ടത്ര അണികളെ ഉണ്ടാക്കാന്‍ കഴിയുമായിരുന്നു. അക്ഷരഭ്യാസംപോലും വേണ്ടത്ര ഇല്ലാത്ത സാമൂഹികമായി
അവഗണിക്കപ്പെട്ട ഗലീലക്കാരെ താന്‍ ശിഷ്യരായി തെരഞ്ഞെടുത്തത് സമൂഹത്തിലെ ഉന്നതന്മാരെ സ്വാധീനിക്കാന്‍ കഴിയാഞ്ഞിട്ടായിരുന്നില്ല. ഒരിക്കല്‍ യേശുവിനെ അനുഗമിക്കാന്‍ ഒരു ശാസ്ത്രി സമീപിക്കുന്നത് മത്തായി എട്ടില്‍ നാം വായിക്കുന്നുണ്ട്. അന്നത്തെ
സമൂഹത്തിലും സഭയിലും പരീശന്മാരെപ്പോലെ വളരെ സ്വാധീനവും വിദ്യാഭ്യാസപരവും
സാമ്പത്തികവുമായും ഉന്നത നിലവാരം പുലര്‍ത്തുന്ന ആളായിരുന്നു ഈ ശാസ്ത്രി. കമ്മിറ്റിപോലും കൂടാതെ സഭയില്‍ മെമ്പര്‍ഷിപ്പ് കൊടുക്കാന്‍ യോഗ്യന്‍ ! യേശു അവന് മെമ്പര്‍ഷിപ്പ് വിലക്കിയതായി നാം ഒരിടത്തും വായിക്കുന്നില്ല. പക്ഷെ, ശാസ്ത്രി അനുഗമിക്കാന്‍ ഇച്ഛിച്ച നേതാവിന്റെ ഉള്ള അവസ്ഥ വിവരിച്ചപ്പോള്‍ അടുത്ത വരികള്‍ക്കിടയിലെവിടെയോ അയാള്‍ യേശുവിനെ വിട്ട് പൊയ്ക്കളഞ്ഞു. സമൂഹത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ യേശുവിന് വീണുകിട്ടിയ മറ്റു പല സന്ദര്‍ഭങ്ങളും സുവിശേഷങ്ങളില്‍ നാം വായിക്കുന്നുണ്ട്. വിസ്താര ഭയത്താല്‍ അതിലേക്ക് ഇനി കടക്കുന്നില്ല.

യേശുവിന്റെ ബലിമരണത്തിന്റെ അന്തസത്ത നമുക്കു മനസിലാകാതെ പോകുന്നത് നമ്മുടെ
ചിന്താഗതിയുടെ തെറ്റായ വീക്ഷണമാണ്. സുഖസൗകര്യങ്ങളുടെ സ്വപ്നകൂടാരത്തില്‍ ചിരഞ്ജീവിയായി കഴിയാനുള്ള മോഹങ്ങളുമായി ജീവിക്കുന്നവനാണു മനുഷ്യന്‍. ഈ ജന്മസാഫല്യത്തിനായി തളിരില തിന്നുന്ന പച്ചിലപ്പുഴുവിനെപ്പോലെ ആക്രാന്തിയോടെ ജീവിച സാഹചര്യങ്ങളെ
അനുഭവിച്ചറിയാന്‍ അവന്‍ പരാക്രമം കാണിച്ച് ഒടുവില്‍ പരാജയം ഏറ്റുവാങ്ങുന്നു. നല്ലൊരു കൂട്ടരിലും ദൈവം ജനിക്കുന്നത് സ്വപ്നസാക്ഷാത്കാരത്തിന്റെ ഈ പരാജയമുറ്റത്തു നിന്നാണ്.
അപ്പോഴാണ് സ്വപ്നസാക്ഷാത്കാരത്തിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കുന്ന ദൈവത്തെ
പരിചയപ്പെടുത്താന്‍ ആത്മലോകത്തെ വ്യത്യസ്ത ശുശ്രൂഷകരും അവരുടെ സംവിധാനങ്ങളും
നിങ്ങളെത്തേടിയെത്തുന്നത്. ആത്മലോകത്തില്‍ തന്നെയാണ് സാത്താനും അവന്റെ സൈന്യങ്ങളുമെന്ന കാര്യം നിങ്ങള്‍ അറിയാതെപോയാല്‍ ഈ നാല്‍ക്കവലയില്‍ വെച്ച് നിങ്ങള്‍ക്ക് വഴിതെറ്റാനിടയുണ്ട്. തച്ചുടഞ്ഞ നിങ്ങളുടെ മോഹനസങ്കല്പങ്ങളെ തിരികെ നല്‍കാന്‍ കരുത്തുള്ള ഒരു
ദൈവത്തെയാണ് അവര്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതെങ്കില്‍ നിങ്ങള്‍ ആത്മലോകത്തെ സാത്താന്യ സംഘത്തിന്റെ വഞ്ചനയില്‍ കുടുങ്ങിയെന്നു വേണം കരുതാന്‍. നമ്മുടെ പ്രശ്‌നങ്ങളെല്ലാം നിര്‍മാര്‍ജനം ചെയ്ത് ചിരകാലം ഇവിടെ സുഖേന കഴിയാനുള്ള പ്രാര്‍ഥനകളര്‍പ്പിക്കാനായി ഒരു ദൈവത്തെ നമ്മെക്കൊണ്ട് ഉണ്ടാക്കിച്ച് അതിന്റെ മുന്‍പില്‍ കോലാഹലമുണ്ടാക്കിക്കുകയാണ് ഈ സാത്താന്യ ഏജന്റുമാര്‍. ഏതെങ്കിലുമൊരു പ്രത്യേക മതവിശ്വാസത്തെ വിരല്‍
ചൂണ്ടിയല്ല ഇതു പറയുന്നത്. പ്രശ്‌നങ്ങളുടെ നീര്‍പ്പുഴയില്‍ മുങ്ങിത്താഴുന്നവന്റെ ദുര്‍ബലമായ
മനസ്സിനെ ചൂഷണം ചെയ്ത് അയാളുടെ പ്രശ്‌നം പരിഹരിക്കാനുള്ള ദൈവങ്ങളെ വാര്‍ത്തുണ്ടാക്കികൊടുക്കുന്ന വാക്ചാതുര്യമുള്ള 'വരപ്രാപ്തര്‍' നമ്മുടെ ഇടയില്‍ തന്നെയുണ്ട്. അവര്‍ക്കിവിടം തങ്ങളുടെ കീശവീര്‍പ്പിക്കാനുള്ള വിളനിലമാണ്. അങ്ങനെയുള്ളവരെ സൂക്ഷിച്ചൊഴിയാനുള്ള ഒരു മുന്നറിവാകട്ടെ ഇത്. പാരമ്പര്യവും, നാട്ടുസംസ്‌കാരവും, ആള്‍ സ്വാധീനവും, അധികാരവും
കൈമുതലായുള്ള ഇത്തരക്കാരുടെ തന്ത്രങ്ങള്‍ക്ക് മുന്‍പില്‍ ഏതെങ്കിലും വിധത്തില്‍ തങ്ങളുടെ
പ്രശ്‌നങ്ങളില്‍ നിന്നും കരകയറാന്‍ കൊതിക്കുന്ന ബലഹീന വിശ്വാസികള്‍ ഇരയായാല്‍
അത്ഭുതപ്പെടാനെന്തിരിക്കുന്നു. പ്രശ്‌നങ്ങള്‍ ഉള്ളവര്‍ മാത്രമല്ല മോഹനസ്വപ്നങ്ങളുടെ
സാക്ഷാത്ക്കാരത്തിനായി ഓടി നടക്കുന്നവരും ഇത്തരക്കാരുടെ ചൂഷണത്തിന് ഇരയാകുന്നുണ്ട്. വീടും കാറും ജോലിയും മറ്റ് ഉദ്ദിഷ്ട കാര്യങ്ങളുടെ സാക്ഷാത്ക്കാരവുമൊക്കെ സാധിപ്പിച്ചു
തരാനിരിക്കുന്ന ദൈവങ്ങളിലേക്ക് ആരെങ്കിലും നമ്മെ നയിച്ചാല്‍ അവര്‍ തെറ്റായ വഴിയിലേക്കാണ് നമ്മെ നയിക്കുന്നത്. നമ്മുടെ ഇഷ്ടം സാധിപ്പിക്കാനിരിക്കുന്ന പ്രകൃത്യതീത ശക്തിയാണ് ദൈവം എന്ന് ആരും തെറ്റിദ്ധരിക്കരുത്. മറിച്ച്, യഥാര്‍ഥ ദൈവം അവിടത്തെ ഇഷ്ടം നമ്മില്‍
നിറവേറ്റപ്പെട്ടു കാണാന്‍ കൊതിക്കുന്നു. യേശു വെളിപ്പെടുത്തിയ ദൈവത്തില്‍ ആ ഇഷ്ടം എന്തെന്ന് നാം തിരിച്ചറിയുന്നു.

മനുഷ്യവര്‍ഗത്തിന്റെ ആത്മരക്ഷയ്ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാനുള്ള പുറപ്പാടില്‍ യേശു ഗത്ത്‌ശേമനലെത്തിയിടത്തു നിന്നായിരുന്നല്ലോ നമ്മുടെ തുടക്കം. അല്പ നിമിഷങ്ങള്‍ക്കുള്ളില്‍ ആടുകള്‍ക്കു വേണ്ടി ജീവന്‍ അര്‍പ്പിക്കാന്‍ എത്തിയ നല്ല ഇടയന്‍ പടയാളികള്‍ക്ക് കീഴടങ്ങുമ്പോള്‍ പറഞ്ഞ വാക്കുകള്‍ ഹൃദയഭേദകമാണ്. '''നിങ്ങള്‍ എന്നെയാകുന്നു തെരയുന്നതെങ്കില്‍ ഇവര്‍
(അണികള്‍) പൊയ്‌ക്കൊള്ളട്ടെ'' എന്നു പറഞ്ഞ് സ്വയം ഏല്പിച്ചുകൊടുത്ത മറ്റൊരു നേതാവ് ലോകത്തില്‍ ഉണ്ടായിട്ടില്ല. യേശുവിന്റെ ഈ ധീരമായ ചുവടുവയ്പിന്റെ കാരണം മനസിലാക്കാന്‍ അന്ന് സന്ധ്യയ്ക്ക് യോഹന്നാന്‍ പതിനേഴില്‍ യേശു പിതാവിനോട് പ്രാര്‍ഥിക്കുന്നിടത്തേക്ക് നാം മടങ്ങിപ്പോകണം. യേശുവിന്റെ മാത്രമല്ല തന്നെ അനുഗമിക്കുന്ന ഓരോ ക്രിസ്ത്യാനിയുടെയും ജീവിത ലക്ഷ്യം വെളിപ്പെടുത്തുന്ന പ്രാര്‍ഥനയാണത്. പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതില്‍ ആനന്ദം കണ്ടെത്തുകയായിരുന്നു പുത്രനായ യേശു. മതഭ്രാന്തന്മാരായ ഒരുകൂട്ടം കൊലയാളികള്‍ക്ക് ഏല്പിച്ചു കൊടുത്ത് പുത്രനെ കൊല്ലുകയെന്നതായിരുന്നുവോ പിതാവിന്റെ ഇഷ്ടം? നമ്മുടെ മുസ്ലിം സഹോദരങ്ങളുടെ ഉറക്കംകെടുത്തുന്ന ചോദ്യമാണിത്. അത്തരം ഒരു ദൈവത്തെക്കുറിച്ചോ അതിനു കീഴ്‌പ്പെട്ടു കൊടുക്കുന്ന ബലഹീനനും ബുദ്ധിഹീനനുമായ ഒരു യേശുവിനെക്കുറിച്ചോ അവര്‍ക്ക് ചിന്തിക്കാനാവുന്നില്ല. അവര്‍ക്കെന്നല്ല, സാധാരണക്കാരായ നമ്മുടെ ചിന്തയിലും വല്ലപ്പോഴെങ്കിലും ഇത്തരം ചിന്തകള്‍ പൊങ്ങിവരാറില്ലേ? അപ്പോഴൊക്കെ മതഭക്തിയുടെ തറവാടില്‍ നിന്നു
പൈതൃകമായി ലഭിച്ച പാരമ്പര്യത്തിന്റെ പുതപ്പുകൊണ്ട് അതിനെ മൂടിവയ്ക്കാനല്ലേ നാം
ശ്രമിച്ചിട്ടുള്ളൂ?

പതിനേഴാം അധ്യായത്തിലെ പ്രാര്‍ത്ഥനാശൈലി തന്നെ പിതൃപുത്ര ബന്ധത്തിന്റെ അഗാധമായ അടുപ്പം വെളിപ്പെടുത്തുന്നതാണ്. അനൗപചാരികമായ ആ സംഭാഷണത്തിനിടയില്‍ തന്നിലുള്ള സന്തോഷം തന്റെ ശിഷ്യന്മാരിലും പൂര്‍ണമാകേണ്ടമെന്ന യേശുവിന്റെ ആഗ്രഹം നമ്മെ അത്ഭുതപ്പെടുത്തിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. കാരണം, ഇതു പറയുമ്പോള്‍ യേശു തന്റെ ബലിമരണത്തിന്റെ ഏതാനും അടി അകലെ മാത്രമായിരുന്നു. ദൈവക്രോധാഗ്നിയില്‍ മനുഷ്യവര്‍ഗത്തിന്റെപാപപരിഹാരത്തിനായി യേശു ചുവടുവയ്ക്കാനൊരുങ്ങുമ്പോള്‍ തന്റെ ഉള്ളില്‍ സന്തോഷമായിരുന്നു!! വരുവാനുള്ളതിനെ വിവേചിച്ചറിയാനുള്ള കഴിവില്ലെങ്കില്‍ പോലും സാമാന്യ
ബുദ്ധിയില്‍ ക്രൂശിന്റെ പീഡ ഓര്‍ക്കുന്ന ഒരാള്‍ക്കും സന്തോഷത്തോടെ അതിനെ നേരിടാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ യേശുവിന് ക്രൂശിന്റെ അപമാനം അലക്ഷ്യമാക്കുവാന്‍ തന്റെ മുമ്പില്‍ വച്ചിരുന്ന സന്തോഷത്തിന്റെ ഓര്‍മ സഹായിച്ചുവെന്ന് എബ്രായ ലേഖകന്‍ പറയുന്നു. അതിനുള്ള കാരണവും ലേഖകന്‍ പറയുന്നുണ്ട്. 'സകലത്തിനും കാരണഭൂതനായവര്‍ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോള്‍ അവരുടെ രക്ഷാനായകനായ യേശുവിനെ കഷ്ടാനുഭവങ്ങളാല്‍ തികഞ്ഞവനാക്കുന്നത് യുക്തമായിരുന്നു. യേശു കുരിശിന്റെ വേദന ഓര്‍ക്കുന്നതിനു പകരം
നമ്മെപ്പോലെയുള്ള അനേകായിരം പുത്രന്മാര്‍ തേജസ്സിലേക്ക് കടക്കുന്നത് കാണുകയായിരുന്നു.
യേശുവിന്റെ സന്തോഷത്തിന്റെ രഹസ്യം അതായിരുന്നു. ജീവിതത്തിന്റെ പ്രശ്‌നങ്ങളെയും
വെല്ലുവിളികളെയും നിത്യതയോടുള്ള ബന്ധത്തില്‍ കാണാന്‍ നമുക്കു കഴിയണം. അപ്പോള്‍ മാത്രമേ നമ്മുടെ കഷ്ടതകളെ മറന്ന് കൂടെയുള്ളവരെ യേശുവിങ്കലേക്കു നയിക്കുന്നതില്‍ സന്തോഷം
കണ്ടെത്തുന്നവരാകാന്‍ നമുക്ക് കഴിയൂ. നമ്മുടെ ഓരോ വേദനയ്ക്കും പിന്നില്‍ പിതാവിനുള്ളത് നിത്യതയ്ക്കുവേണ്ടിയുള്ള പദ്ധതിയാണെന്ന ബോധം പ്രശ്‌നങ്ങളെ ധൈര്യത്തോടും
സന്തോഷത്തോടും ദൈവമഹത്ത്വത്തിനായി സമര്‍പ്പിക്കാന്‍ സര്‍വശക്തന്‍ നമുക്കവര്‍ക്കും കൃപ നല്‍കും. താല്‍ക്കാലികമായതിനെ തച്ചുടച്ച് നിത്യമായതിനെ നമുക്കായി നല്‍കുന്ന പിതാവിനെ
നമുക്ക് ആരാധിക്കാം. നമ്മുടെ മോഹങ്ങളും സ്വപ്നങ്ങളും അധ്വാനവുമെല്ലാം നിത്യതയെ
ലക്ഷ്യമിട്ടായിരിക്കട്ടെ. ''സ്വര്‍ഗസ്ഥനായ പിതാവേ നിന്റെ ഇഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും (എന്നിലും) അകണമേ'' എന്നു ഇനിയും നമുക്ക് പ്രാര്‍ഥിക്കാം


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment