കൊലക്കത്തിയുമായി ഇവര്‍ കൂട്ടിരിക്കുന്നു
അബ്ദുല്ല മട്ടാഞ്ചേരി
അതിശയമെന്നു പറയട്ടെ, ലോകത്തിലെ ഏറ്റവും വലിയ അധോലോക നായകനായിരുന്ന ലക്കി ലൂസിയാനോയും കപ്പോണുംതൊട്ട് ദാവൂദ് ഇബ്രാഹീമും ഛോട്ടാരാജനും നമ്മുടെ കാരിസതീശനും കരടി മനോജുംവരെയുള്ളവരുടെ 'ആത്മകഥ' ഏകദേശം ഒരുപോലെയാണ്! സിനിമാ തിയറ്ററുകളില്‍ ബ്ളാക്കിന് ടിക്കറ്റ് വിറ്റ് തുടക്കം, പിന്നെ രാഷ്ട്രീയക്കാര്‍ക്കുവേണ്ടിയും പ്രാദേശിക ദിവ്യന്മാര്‍ക്കുവേണ്ടിയും അല്ലറച്ചില്ലറ അടിപിടികള്‍. ക്രമേണ തര്‍ക്കങ്ങളില്‍ മധ്യസ്ഥരായി ജനകീയസ്വഭാവം കൈവരിക്കും.
ഓരോ രാജ്യത്തെയും സാഹചര്യവും ഭൂമിശാസ്ത്രവുമനുസരിച്ച് മദ്യവും മയക്കുമരുന്നും മണലും വിലകുറച്ച് എത്തിക്കുന്നു. അല്‍പകാലം കഴിയുമ്പോള്‍ കുടംതുറന്ന് ഭൂതം പുറത്തുചാടും. ഭരണകൂട തിന്മകളില്‍നിന്ന് ജനങ്ങളെ 'സഹായിച്ച്' തുടങ്ങിയവര്‍ കണ്ണില്‍ചോരയില്ലാത്ത ഗാങ് ലീഡര്‍മാരാവുന്നു. ഇറ്റലിയിലെ സിസിലി ദ്വീപില്‍ ജനങ്ങളെ 'സഹായിച്ച്'തുടങ്ങി ആഗോളവ്യാപകമായ മാഫിയകളെയും മുംബൈയിലെ അധോലോകങ്ങളെയുംപോലെ അവര്‍ പെട്ടന്ന് കോശ വിഭജനംനടത്തി പെരുകി സമാന്തര ഭരണകൂടമാകുന്നു. എന്തിനും പുതുമകള്‍ കണ്ടെത്തുന്ന നമ്മുടെ കൊച്ചുകേരളമാകട്ടെ അതിനൊരു ഓമനപ്പേരും നല്‍കി-'ക്വട്ടേഷന്‍'.
മണലുകടത്തിയും വിലക്കുറവിന് ചാരായമെത്തിച്ചും രാഷ്ട്രീയക്കാര്‍ക്കുവേണ്ടി കൊച്ചു പിച്ചാത്തിയെടുത്തും കല്ലിച്ചുപോയ മനസ്സുകള്‍ ഇന്ന് കൊത്തിനുറുക്കല്‍ ആന്ദമാക്കുകയാണ്. അടുത്തകാലത്ത് കേരളത്തിലെ ചില സംഭവങ്ങള്‍ നോക്കുക. ഭര്‍ത്താവിന്‍െറ ദുര്‍നടപ്പിനെതിരെ ക്വട്ടേഷന്‍ കൊടുക്കുന്ന ഭാര്യ, സ്കൂളില്‍ കുട്ടികളുടെ തമ്മില്‍തല്ലിന് പിറ്റേന്ന് മറുപടി തെരുവില്‍ ഗാങ്ങുകളുടെ വടിവാളിലൂടെ, അപ്രിയ വാര്‍ത്തയെഴുതിയ പത്രപ്രവര്‍ത്തകനും കിട്ടി 'എട്ടിന്‍െറ പണി'.
സാമൂഹികജീവിതത്തിന്‍െറ എല്ലായിടത്തും ഇവരുടെ കാല്‍പെരുമാറ്റമുണ്ടെന്ന് ഞെട്ടലോടെ നാം ഓര്‍ക്കണം. ഏറ്റവുമൊടുവില്‍ 50ഓളം വെട്ടുകളുമായി, അന്ത്യചുംബനം നല്‍കാന്‍ കഴിയാത്തവിധം മുഖം വികൃതമായി പിടഞ്ഞുവീണ ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന്‍ വരെ. ആര്‍ക്കുനേരെയും എപ്പോഴും ഒരു കത്തി ഒരുങ്ങിനില്‍ക്കുന്നുണ്ട്.
നഗരങ്ങളിലെ ഒളിത്താവളത്തില്‍ 'എസ്' കത്തി രാകിമിനുക്കുന്ന ബദല്‍ജീവിതങ്ങളെക്കുറിച്ച് 'മാധ്യമം' ലേഖകര്‍ നടത്തിയ അന്വേഷണം ഇന്നു മുതല്‍..............................................................കൊച്ചി: കനകവും കാമിനിയും മൂലമുള്ള കലഹങ്ങള്‍ തന്നെയാണ്, ആഗോളാടിസ്ഥാനത്തിലെന്നപോലെ കൊച്ചിയിലേക്കും സംഘടിത കുറ്റകൃത്യങ്ങളെ ഇറക്കുമതിചെയ്തത്. ഇന്ന് ക്വട്ടേഷന്‍െറ അഖിലകേരള ആസ്ഥാനമാക്കി അറബിക്കടലിന്‍െറ റാണിയെ മാറ്റിയതിന്‍െറ തുടക്കം ഇങ്ങനെ.
സംഭവം 1988ലാണ്. അന്നത്തെ പ്രബല മൊത്ത വസ്ത്ര വില്‍പന ഗ്രൂപ്പിന്‍െറ സ്ഥാപനത്തിലെ ഒരു ജീവനക്കാരിയോട് ഉടമകളിലൊരാള്‍ക്ക് അഭിനിവേശം. ഭര്‍തൃമതിയായ യുവതിയെ സ്വന്തമാക്കാന്‍ മറ്റു നിവൃത്തിയൊന്നുമില്ലാതെ വന്നപ്പോള്‍ ഇയാള്‍ പരസ്യമായി കൂടെ പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. നഗരത്തില്‍ അവള്‍ക്കുവേണ്ടി വീട് വാങ്ങി. കാറും വേലക്കാരിയെയും നല്‍കി. കുറെ കഴിഞ്ഞപ്പോള്‍ തറവാടിന്‍െറ മാനം രക്ഷിക്കണമെന്ന് ഇയാള്‍ക്ക് തോന്നി. പിന്നെ ഇവളെ ഒഴിവാക്കാനായി നീക്കം. എന്നാല്‍,ഒഴിയാബാധയായി യുവതി ഉറച്ചുനിന്നു. ഉടമ കുഴങ്ങി. സാമ്പത്തിക വാഗ്ദാന പ്രലോഭനങ്ങള്‍ അവള്‍ക്കു മുന്നില്‍ ഏശിയില്ല. പിന്നെ തീരുമാനിക്കുകയായി, 'ഒഴിവാക്കിയേക്കാം'.
പറവൂര്‍ വെടിമറ സ്വദേശി ഷാഹുല്‍ഹമീദ് എന്ന കായികാഭ്യാസി ഈ ഗ്രൂപ്പിന്‍െറ വിശ്വസ്തനായിരുന്നു. കളരി പഠിക്കാനെത്തിയ ശിഷ്യന്മാര്‍ ഇയാളുടെ മുതല്‍ക്കൂട്ടായിരുന്നു. വസ്ത്രം മൊത്തമായി വാങ്ങി കുടിശ്ശിക വരുത്തുന്ന ചില്ലറ വ്യാപാരികളെ കായികമായി മെരുക്കി പണം തിരിച്ചടപ്പിക്കലായിരുന്നു ഷാഹുലിന്‍െറ ഡ്യൂട്ടി. യുവതിയെ ഒഴിവാക്കാന്‍ വസ്ത്രവ്യാപാര ഉടമ ഷാഹുലിന് ക്വട്ടേഷന്‍ നല്‍കി. കൊച്ചിയുടെ ജാതകം മാറ്റിയെഴുതിയ, ആദ്യ ക്വട്ടേഷന്‍.
അത്യാവശ്യം ഗുണ്ടാപ്പണി ചെയ്തുപോന്ന ഷാഹുല്‍ കൊലപാതകത്തിന് തയാറായില്ല. അവള്‍ക്കുവേണ്ടി ഉടമ കൊടുത്തയച്ച ചെക്ക് കൈപ്പറ്റി സ്ഥലം വിടണമെന്ന് അയാള്‍ അന്ത്യശാസനം നല്‍കി. അല്ലെങ്കില്‍ തീര്‍ത്തുകളയുമെന്ന മുന്നറിയിപ്പും. മരിക്കാന്‍ മടിയില്ലാത്ത ആ യുവതിയുടെ മുന്നില്‍ ആദ്യ ക്വട്ടേഷന്‍ പൊളിഞ്ഞു. പിന്നെ, വസ്ത്രശാല ഉടമ ദുബൈയിലെ തന്‍െറ ഷോപ്പിലേക്ക് മാനേജര്‍ തസ്തികയിലേക്ക് അവളെ അയക്കാന്‍ തീരുമാനിച്ചു. യുവതി ഇന്ത്യ വിടണം. പക്ഷെ, ദുബൈയിലെത്തരുത്. ഇതായിരുന്നു കണ്ടീഷന്‍. എന്നാല്‍, അപകടം മനസ്സിലാക്കി യുവതി സ്വയം പിന്മാറി.
ഷാഹുല്‍ ഹമീദിന് അതൊരു വീഴ്ചയായിരുന്നു. അന്നത്തെ വ്യാപാരികള്‍ക്കിടയിലുണ്ടായിരുന്ന മതിപ്പ് കുറഞ്ഞോയെന്ന തോന്നല്‍. ഇനി പാളില്ല. ഹമീദ് ഉറച്ചു. അടുത്ത ക്വട്ടേഷന് കാത്തിരുന്നു.
ഫോര്‍ട്ടുകൊച്ചി കോക്കേഴ്സ് തിയറ്ററില്‍ കൂലിക്കൂടുതല്‍ ആവശ്യപ്പെട്ട് ജീവനക്കാര്‍ സമരം തുടങ്ങി. തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാന്‍ തിയറ്റര്‍ ഉടമ മടിച്ചു. ഒത്തുതീര്‍പ്പിന് വഴി കണ്ടില്ല. സമരത്തിന് നേതൃത്വം നല്‍കുന്നത് മട്ടാഞ്ചേരിക്കാരനായ അബുവെന്ന തൊഴിലാളി.
അബുവിന് തിയറ്ററില്‍ ടിക്കറ്റ് കീറലായിരുന്നു തൊഴില്‍. രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന ദരിദ്ര കുടുംബം. ഉടമയുടെ പ്രലോഭനങ്ങളില്‍ ഈ ദരിദ്രന്‍ വീണില്ല. ഇയാളെ വീഴ്ത്താന്‍ ഒടുവില്‍ ഷാഹുല്‍ ഹമീദിന് ക്വട്ടേഷന്‍ കിട്ടി. തിയറ്റര്‍ ഉടമ പ്രമുഖ സിനിമാ നിര്‍മാതാവ് കൂടിയാണ്. സിനിമാ രംഗത്തെ കനത്ത സാധ്യതകളാണ് ഈ ക്വട്ടേഷനിലൂടെ ഷാഹുലിന്‍െറ മുന്നില്‍ നില്‍ക്കുന്നത്. മട്ടാഞ്ചേരി സ്വദേശിയായ ചെണ്ടുനാസറും നിയമബിരുദധാരിയും ഇന്ന് മലയാള സിനിമിലെ പ്രമുഖ നടനായ ഒരാളും അടങ്ങിയതായിരുന്നു ഷാഹുലിന്‍െറ ടീം. ക്വട്ടേഷന്‍ 'അടിച്ചുപരിപ്പെടുക്കുക' എന്നതായിരുന്നു. പക്ഷെ, ആവേശത്തില്‍ അടിയുടെ രൂപം മാറിപ്പോയി. ചിരട്ടപ്പാലം കനാലിന്‍െറ മതിലില്‍ ചാരിയിരിക്കുന്ന നിലയില്‍ അബുവിന്‍െറ മൃതദേഹം. ദേഹത്ത് കത്തിക്കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. ഫോര്‍ട്ടുകൊച്ചി കുന്നുംപുറം സ്വദേശികള്‍ കൊച്ചിയിലെ ആദ്യത്തെ ക്വട്ടേഷന്‍ കൊലപാതക വാര്‍ത്തയറിഞ്ഞ് ഞെട്ടി.
കൊച്ചി ക്വട്ടേഷന്‍െറ തലതൊട്ടപ്പനായ ഷാഹുല്‍ ഹമീദ് മര്‍ദനവും ജയില്‍വാസവും നിമിത്തം രോഗം പിടിപെട്ട് മരിച്ചു. പക്ഷെ, ആ സംഘത്തിലെ ചില അംഗങ്ങള്‍ സ്വന്തമായി സംഘം രൂപവത്കരിച്ച് പ്രവര്‍ത്തനം തുടര്‍ന്നു. അവരിന്ന് പെരുകി പരസ്പരം ചോരയെടുക്കാന്‍ പായുന്നു.
സമൂഹത്തിന്‍െറ സമസ്ത മേഖലയിലും ഇവര്‍ പിടിമുറുക്കി. നിയമം പാലിക്കേണ്ടവര്‍ ഈ സംഘങ്ങളുമായി ഇരുളിന്‍െറ മറപറ്റി കൈകോര്‍ത്തു. അക്കൂട്ടത്തില്‍ രാഷ്ട്രീയക്കാരുണ്ട്. പുതുതലമുറ ബാങ്കുകളുണ്ട്. വ്യാപാരികളും വ്യവസായികളുമുണ്ട്. സ്പിരിറ്റ് ലോബിയുണ്ട്. മദ്യരാജാക്കന്മാരുണ്ട്. മണല്‍, കരിമണല്‍-ഭൂ മാഫിയകളുണ്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരുണ്ട്. ഫ്ളാറ്റ് ലോബികളുണ്ട്.
ആരെല്ലാം ജീവിക്കണമെന്നും ജീവിക്കേണ്ടെന്നും ഇവര്‍ തീരുമാനിക്കാന്‍ തുടങ്ങി. എതിരാളികള്‍ മാത്രമല്ല, സമൂഹം എങ്ങനെ ജീവിക്കണമെന്നും എന്ത് കുടിക്കണമെന്നും ഇവര്‍ തീരുമാനിച്ചു.
ഭക്ഷണത്തിലെ മായത്തിന് പുറമെ കുടിവെള്ളത്തില്‍ രാസമാലിന്യംവരെ ഇവര്‍ കലക്കിയൊഴുക്കി. നദികള്‍ മാലിന്യമൊഴുക്കാനുള്ള ഓടകളായി ഇവരുടെ നിയമം വ്യാഖ്യാനിച്ചു. അതിര്‍ത്തി കടന്ന് സ്പിരിറ്റൊഴുക്കാന്‍ ഇവര്‍ നിയമമുണ്ടാക്കി. യഥേഷ്ടം മണല്‍ വാരാനും സര്‍ക്കാര്‍ ഭൂമി കൈയേറാനും ഏതറ്റംവരെ ഫ്ളാറ്റ് നിര്‍മിക്കാനും ഇവരുടെ നിയമം തീരുമാനിച്ചു. ഇതിനെതിരെ ശബ്ദിക്കുന്ന സാമൂഹിക പ്രവര്‍ത്തകരെയും ജനാധിപത്യവാദികളെയും ഇവര്‍ ശത്രുക്കളായി പ്രഖ്യാപിച്ചു. ഈ ശത്രുക്കളെ വകവരുത്താന്‍, വരുതിയിലാക്കാന്‍ ഇവരുടെ 'ന്യായാധിപന്മാര്‍' വിധി പ്രഖ്യാപിച്ചു.
ക്വട്ടേഷന്‍ ഗുണ്ടാ സംഘങ്ങളുമായി ബന്ധപ്പെട്ട് അഞ്ചുവര്‍ഷത്തിനിടെ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തത് 43 കേസുകളേയുള്ളൂ. ഇതില്‍ നടപടി പൂര്‍ത്തിയാക്കിയത് നാമമാത്രം. എന്നാല്‍, നിത്യേന നടക്കുന്ന ക്വട്ടേഷന്‍ ഇടപാടുകളെത്രയെന്ന് തിട്ടപ്പെടുത്താന്‍ അളവുകോലുകളില്ല. എല്ലാം വിത്തൗട്ട് എവിഡന്‍സാണ്. തന്നിമിത്തം രേഖകളില്ല. സ്റ്റേഷനില്‍ കേസുമില്ല. അതുകൊണ്ട്, ഈ പണി ഇവിടെ നടക്കുന്നില്ലെന്ന് പൊലീസിന് ഞെളിഞ്ഞുനിന്ന് പറയാനാവില്ല. പക്ഷെ, പരാതി കിട്ടാതെ ഇവര്‍ക്കും ഒന്നും ചെയ്യാനാവില്ല. എന്ത് ചെയ്യും? ആര്‍ക്കും പരാതിയില്ല. പൊലീസിന് പരിഭവവുമില്ല.(തുടരും)
'തലതെറിച്ചവരുടെ' തലകളുരുളുന്ന തലസ്ഥാനം
തലസ്ഥാന നഗരിയെ വിറപ്പിച്ച ഗുണ്ടയായിരുന്നു വയറന്‍ സെല്‍വന്‍ എന്നറിയപ്പെട്ടിരുന്ന ഗുണ്ടുകാട് സെല്‍വന്‍. കുടുംബസമേതം സിനിമാ തിയറ്ററിലെത്തിയ സെല്‍വനെ വെട്ടിയരിയാന്‍ മറ്റൊരു ഗുണ്ടാത്തലവനായ ഗുണ്ടുകാട് ഷാജിക്കായിരുന്നു നിയോഗം. തലസ്ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലെ കുടിപ്പക വര്‍ധിച്ചത് ഇതോടെയാണെന്ന് സംശയമില്ല. എന്നാല്‍, വൈകാതെതന്നെ വൈരാഗ്യത്തിന്‍െറ വാള്‍മുനയില്‍ ഷാജിയും അവസാനിച്ചു. മണക്കാടിനുസമീപം ഷാജിയെ സെല്‍വന്‍െറ കൂട്ടാളികള്‍ 'പണിതു'. ഷാജിയുടെ കൊലക്കു പകരം വീട്ടാന്‍ അനുജന്‍ സാബു തെരുവിലിറങ്ങി. എസ്.ഐ, അഭിഭാഷകന്‍ എന്നീ ഒട്ടേറെ സ്വപ്നങ്ങള്‍ മനസ്സില്‍ സൂക്ഷിച്ച സാബുവെന്ന ചെറുപ്പക്കാരന്‍ ഗുണ്ടുകാട് സാബുവെന്ന ഗുണ്ടാത്തലവനായി പൊലീസിന്‍െറ പട്ടികയില്‍ സ്ഥാനം നേടി. പിന്നീട്, തലസ്ഥാനത്ത് ഗുണ്ടാപ്പകയുടെ കാലമായിരുന്നു. നിരവധി യുവാക്കളുടെ ചോര തെരുവില്‍ ഒലിച്ചിറങ്ങി. അതിനൊപ്പം തിരുവനന്തപുരത്തെ ക്വട്ടേഷന്‍ സംഘങ്ങളുടെ വ്യാപ്തി വര്‍ധിക്കുകയും ചെയ്തു.
അമേരിക്കമുതല്‍ മുംബൈവരെയുള്ള എല്ലായിടത്തും ഇതുതന്നെയാണ് അവസ്ഥ. ഗുണ്ടാസംഘങ്ങള്‍ പൊലീസിനേക്കാള്‍ ഭയക്കുന്നത് എതിര്‍ സംഘങ്ങളെയാണ്. അടുത്തിടെ മൂന്ന് അറുകൊലകളാണ് തിരുവനന്തപുരത്ത് നടന്നത്. അതും മൂന്ന് കുപ്രസിദ്ധ ഗുണ്ടകളുടേത്.
ഏറെ തിരക്കുള്ള സ്ഥലത്ത് പട്ടാപ്പകല്‍ കൊലപാതകം നടത്താനുള്ള ധൈര്യം അനന്തപുരിയില്‍ ക്വട്ടേഷന്‍സംഘങ്ങള്‍ക്ക് വന്നിരിക്കുന്നു. ഡി.വൈ.എഫ്.ഐ നേതാവ് വി.വി. വിഷ്ണു, ഗുണ്ടാത്തലവന്മാരായ ആല്‍ത്തറ വിനീഷ്, കണ്ണാടി ഷാജി എന്നിവരെയെല്ലാം അതിദാരുണമായി ഗുണ്ടാസംഘങ്ങള്‍ കൊലപ്പെടുത്തിയത് പകലായിരുന്നു.
പല്ലന്‍ ഗോപിയെന്ന ഗുണ്ട മൃഗീയമായി കൊല്ലപ്പെട്ടപ്പോള്‍ എട്ട് കൗമാരക്കാരാണ് ഗുണ്ടാപട്ടികയില്‍ ഇടംനേടിയത്. അട്ടക്കുളങ്ങര സബ്ജയിലിനുമുന്നില്‍ നടന്ന എല്‍.ടി.ടി കബീറിന്‍െറ കൊലപാതകമായിരുന്നു തലസ്ഥാന നഗരിയെ ഞെട്ടിച്ച മറ്റൊരു 'കൊലവെറി'. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന കബീറിനെ ജയിലിനുമുന്നില്‍ കരാട്ടേ ഫറൂഖിന്‍െറ സംഘം ബോംബെറിഞ്ഞ് കൊന്നു. മൊട്ടമൂട് ഷാജിയെന്ന ഗുണ്ടാത്തലവന്‍െറ കൂട്ടാളിയായിരുന്ന സിംഹം വിനോദിനെ കരമനയില്‍ വീട്കയറി വെട്ടിക്കൊന്ന ദിവസം തന്നെ, തലസ്ഥാനത്ത്് ദീപു ലാലെന്ന മറ്റൊരു ഗുണ്ടയും കൊല്ലപ്പെട്ടു. പരുന്ത് നസീര്‍, മൊട്ടമൂട് ഷാജി, മൊട്ട അനി എന്നിവരെയൊക്കെ ഇതിനിടയില്‍ എതിര്‍സംഘം യമപുരിക്കയച്ചു. ഈ കൊലപാതകങ്ങളില്‍ ചില പൊലീസുകാരുടെ ബന്ധങ്ങളും തെളിഞ്ഞുവന്നു. തലസ്ഥാനത്തെ ഗുണ്ടാസംഘങ്ങളുമായി പൊലീസിലെയും എക്സൈസിലെയും ചില ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും വളരെ അടുത്ത ബന്ധമാണുള്ളതെന്നാണ് പരസ്യമായ രഹസ്യം.
മലയിന്‍കീഴില്‍ അജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് പുതിയ ഒരു ഗുണ്ടാനേതാവിനെ പൊലീസ് പുറത്തുകൊണ്ടുവന്നത്. വിദ്യാസമ്പന്നനും സുമുഖനുമായ ഓംപ്രകാശ് എന്ന ഗുണ്ടാനേതാവ് അതോടെയാണ് വെളിച്ചത്തുവന്നത്. പിന്നീട് പൊലീസ് ഓംപ്രകാശിനുമേല്‍ ചുമത്തിയത് നിരവധി കേസുകള്‍. ഒടുവില്‍ മുത്തൂറ്റ് പോള്‍ വധത്തിലും ഇയാളുടെയും മറ്റൊരു ഗുണ്ടാനേതാവായ പുത്തന്‍പാലം രാജേഷിന്‍െറയും പേരുകള്‍ ഉയര്‍ന്നുവന്നു. സംഭവത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ കീഴടങ്ങിയ ഇരുവരെയും ഗുണ്ടാനിയമപ്രകാരം തടവില്‍ പാര്‍പ്പിക്കുകയുമുണ്ടായി. ഇപ്പോള്‍ എസ്.എന്‍.ഡി.പിയുടെ യുവജനവിഭാഗം നേതാവായ ഓംപ്രകാശ് അക്രമ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്നാണ് വിവരമെങ്കിലും അയാള്‍ക്ക് പല ഗുണ്ടാസംഘങ്ങളുടെയും പ്രവര്‍ത്തനങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു.
തന്ത്രികേസില്‍ ശോഭാജോണുമായി ബന്ധപ്പെട്ട് പിടിയിലായ കേപ്പന്‍ അനിയുടെ സഹോദരന്‍ ശ്രീകുമാര്‍, അതിലെ മുഖ്യപ്രതിയായിരുന്ന ആല്‍ത്തറ വിനീഷ്, ഡി.വെ.എഫ്.ഐ നേതാവ് കൈത്മുക്കില്‍ കൊല്ലപ്പെട്ട വി.വി. വിഷ്ണു, അതിനുപകരം എന്ന നിലയില്‍ കൊല്ലപ്പെട്ട ആര്‍.എസ്.എസുകാരന്‍ മണ്ണന്തല രഞ്ജിത് എന്നിവരെല്ലാം ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയില്‍ ജീവിതം ഹോമിക്കേണ്ടിവന്നവരാണ്. ശാസ്തമംഗലത്തെ ബാറിനുള്ളില്‍ പൈശാചികമായാണ് ശ്രീകുമാര്‍ കൊല്ലപ്പെട്ടത്. അതിലെ മുഖ്യപ്രതിയായിരുന്ന ആല്‍ത്തറ വിനീഷെന്ന ഗുണ്ടാനേതാവിനെ പൊലീസ് ആസ്ഥാനത്തിന് വിളിപ്പാടകലെ കാറിലും ബൈക്കുകളിലുമായെത്തിയ സംഘം പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ചാക്ക ബൈപാസിനുസമീപം അപ്രാണി കൃഷ്ണകുമാറെന്ന ഗുണ്ടയുടെ കൊലയെ തുടര്‍ന്നാണ് അമ്പലംമുക്ക് കൃഷ്ണകുമാര്‍ എന്ന മറ്റൊരു ഗുണ്ടാനേതാവിന്‍െറ ഉദയം. ഈഞ്ചക്കലിലെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍െറ കൊലപാതകം, മണ്ണന്തല ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രഞ്ജിത്തിന്‍െറ വധം, ഒടുവില്‍ കണ്ണാടി ഷാജിയെന്ന കവടിയാര്‍ ഷാജിയെന്ന ഗുണ്ടാത്തലവന്‍െറ കൊല എന്നിവയിലും മുഖ്യപ്രതി കൃഷ്ണകുമാര്‍ തന്നെ. നല്ല കുടുംബപശ്ചാത്തലത്തില്‍ ജനിച്ച കൃഷ്ണകുമാര്‍ എങ്ങനെ ഗുണ്ടാനേതാവായി എന്നതും വിചിത്രം.
തലസ്ഥാനനഗരിയിലെ ഗുണ്ടാസംഘങ്ങള്‍ക്ക് പൊലീസിന്‍െറയും രാഷ്ട്രീയ-സാമുദായിക സംഘടനാനേതാക്കളുടെയും പിന്തുണ ലഭിക്കുന്നുണ്ടെന്നതാണ് വസ്തുത. ക്വട്ടേഷന്‍ സംഘങ്ങള്‍ പൊലീസിന് തലവേദനയുണ്ടാക്കുമ്പോള്‍ ഗുണ്ടാനേതാക്കള്‍ നാടകീയമായി കീഴടങ്ങുന്നതും ദൃശ്യമാധ്യമങ്ങള്‍ അത് തല്‍സമയം സംപ്രേഷണം ചെയ്യുന്നതുമായ ഒട്ടേറെ നാണംകെട്ട നാടകങ്ങള്‍ക്ക് തലസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
നല്ല ജീവിത ചുറ്റുപാടുകളില്‍ കഴിയുന്ന വലിയൊരു വിഭാഗം യുവാക്കള്‍ ക്വട്ടേഷന്‍ സംഘങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നതാണ് വസ്തുത. പുതുതലമുറ കൂടുതലായി എത്തിയതോടെ സീനിയര്‍ ഗുണ്ടകള്‍ ക്വട്ടേഷന്‍ മാത്രം ഏറ്റെടുത്ത് റിയല്‍എസ്റ്റേറ്റ്, സിനിമ തുടങ്ങിയ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തിരയുന്നതാണ് തലസ്ഥാനത്ത് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. 'കുട്ടി ഗുണ്ടകള്‍' വിവിധ ക്വട്ടേഷനുകളിലൂടെയുണ്ടാക്കുന്ന പണത്തിന്‍െറ വിഹിതവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. അങ്ങനെ സുഖിയന്മാരായി ക്വട്ടേഷന്‍ സംഘങ്ങള്‍ തലസ്ഥാനജില്ലയില്‍ വിലസുകയാണ്.
കലാലയങ്ങളില്‍ ഇത്തരംസംഘങ്ങളുടെസ്വാധീനം വര്‍ധിക്കുന്നതായാണ് സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. കണ്ണാടി ഷാജി വധവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തില്‍ പ്രഫഷനല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള പങ്ക് വ്യക്തമായിരുന്നു. ജീവിത സൗകര്യങ്ങള്‍ക്കായി യുവാക്കള്‍ കൂടുതലായി ക്വട്ടേഷന്‍ സംഘങ്ങളിലേക്ക് പോകുന്നുവെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കൊലപാതകങ്ങളെക്കാള്‍ റിയല്‍ എസ്റ്റേറ്റ്, പണമിടപാടുകള്‍, മണലിടപാട് തുടങ്ങിയ കാര്യങ്ങളോട് തലസ്ഥാനത്തെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് താല്‍പര്യം ഏറിവരുകയാണ്.
വളര്‍ത്താം; പക്ഷേ അവസാനിപ്പിക്കാനാവില്ല
No comments:
Post a Comment