കര്പ്പൂരമാങ്ങയെന്നു കേട്ടിട്ടുണ്ടോ..? വരിക്കമാങ്ങയെന്നോ..? മലയാളികളുടെ നാവില്‍ മധുരം തൂകിയിരുന്ന പല മാവിനങ്ങളുംഇപ്പോള് അത്യപൂര്വമായിക്കൊണ്ടിരിക്കുകയാണ്. ചിലത് വംശനാശഭീഷണിയോളം എത്തി.
കേരളത്തിലെ നാട്ടുമാവുകളെക്കുറിച്ച് തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ബയോടെക്നോളജി വിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. നാലു വര്‍ഷംമുമ്പാണ് സര്‍വകലാശാല നാട്ടുമാവുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചത്. ഇതുവരെ വിവിധയിനത്തില്‍പ്പെട്ട നൂറോളം മാവുകളുടെ വിവരങ്ങള്‍ ശേഖരിച്ചതായി പദ്ധതിക്ക് നേതൃത്വംനല്കുന്ന ബയോടെക്നോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ ബി സോണി പറഞ്ഞു.
മാവുകളെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കുന്നതായി മാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഇതുകണ്ട് ധാരാളംപേര്‍ സര്‍വകലാശാലയില്‍ വിളിച്ച് വിവരം കൈമാറുന്നുണ്ട്. ഇങ്ങനെയും മറ്റു മാര്‍ഗങ്ങളിലൂടെയും ലഭ്യമാകുന്ന വിവരമനുസരിച്ച് സര്‍വകലാശാലയിലെ പ്രോജക്ട് റിസര്‍ച്ച് അസോസിയേറ്റുമാര്‍ ഉള്‍പ്പെട്ട സംഘം പ്രദേശങ്ങളില്‍പ്പോയി വിവരങ്ങള്‍ ശേഖരിക്കും. മാവ് പൂക്കുമ്പോഴും മാങ്ങ പാകമാകുമ്പോഴുമാണ് സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞു. മറ്റു ജില്ലകളിലും വിവരശേഖരണം നടക്കുകയാണ്. വളരെ വര്‍ഷങ്ങള്‍ പഴക്കമുള്ള മാവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന്റെ സ്വന്തം "മൂവാണ്ടന്‍" മധ്യകേരളത്തിലാണ് കൂടുതല്‍. "കിളിച്ചുണ്ടന്‍" തെക്കന്‍ ജില്ലകളിലും. പേരയ്ക്കമാങ്ങയെന്ന "പ്രിയോര്‍ മാങ്ങയും" മധ്യകേരളത്തില്‍ കൂടുതല്‍ കണ്ടുവരുന്നു.
കര്‍പ്പൂരത്തിന്റെ സുഗന്ധമുള്ള മാങ്ങയുണ്ടാകുന്ന "കര്‍പ്പൂരമാവും" നല്ല മധുരമുള്ള മാങ്ങ തരുന്ന "വരിക്കമാവും" അപൂര്‍വമാണ്. ഇവ വംശനാശത്തിന്റെ വക്കിലാണെന്നു പറയാമെന്ന് ഡോ. കെ ബി സോണി പറഞ്ഞു.
ഒരേയിനം മാവുതന്നെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്നു. മാങ്ങയുടെ മണം, മധുരം, വലുപ്പം എന്നിവ മണ്ണിന്റെയും മറ്റു പ്രകൃതി സാഹചര്യങ്ങളുടെയും പ്രത്യേകത അനുസരിച്ച് വ്യത്യാസപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. നഗരവല്‍ക്കരണം ഏറുന്നതാണ് മാവുകളുടെ നാശത്തിന് പ്രധാന കാരണം.
മാവുകളുടെ വിവരശേഖരണം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, പല കാരണങ്ങള്‍കൊണ്ടും ഇതു നീണ്ടുപോയി. വിവരശേഖരണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഇവ പ്രത്യേക വെബ്സൈറ്റില്‍ ലഭ്യമാക്കും. വിത്തുകള്‍ ശേഖരിച്ച് മാവുകള്‍ നട്ടുവളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കുമെന്ന് ഡോ. സോണി പറഞ്ഞു.
No comments:
Post a Comment