ന്യൂഹാവന്‍(ന്യൂയോര്‍ക്ക്): ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാനെ അമേരിക്കന്‍ വിമാനത്താവളത്തില്‍ വീണ്ടും തടഞ്ഞുവച്ചു. വിശ്വവിഖ്യാതമായ യേല്‍ സര്‍വകലാശാലയില്‍ പ്രഭാഷണം നടത്താനെത്തിയ ഷാരുഖിനെ ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍ വിമാനത്താവളത്തില്‍ രണ്ടു മണിക്കൂറാണ് അധികൃതര്‍ 'സുരക്ഷാ പരിശോധന'യുടെ പേരില്‍ തടഞ്ഞുവച്ചത്. റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനി ഉള്‍പ്പടെയുള്ള സംഘത്തിനൊപ്പം സ്വകാര്യ വിമാനത്തിലാണ് ഷാരുഖ് യു.എസിലെത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഘാംഗങ്ങളെ വിമാനത്താവളം വിടാന്‍ അനുവദിച്ച ഉദ്യോഗസ്‌ഥര്‍ പക്ഷേ ഷാരുഖിനെ തടഞ്ഞു. യേല്‍ സര്‍വകലാശാല അധികൃതര്‍ ഉള്‍പ്പടെ നടത്തിയ ശ്രമത്തിനൊടുവില്‍ അനിശ്‌ചിതത്വം അവസാനിപ്പിച്ച് സൂപ്പര്‍താരത്തെ പോകാന്‍ അനുവദിച്ചു. യേലിലെ പ്രശസ്‌തമായ 'ഛബ് ഫെലോഷിപ്പി'ന് ഷാരുഖ് അര്‍ഹനായിരുന്നു. ഇതോടനുബന്ധിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടുന്ന സദസിനെ സര്‍വകലാശാല കാമ്പസില്‍ അംഭിസംബോധന ചെയ്യാനാണ് ' കിംഗ് ഖാന്‍' എത്തിയത്. നടപടിക്കെതിരേ പരസ്യ വിമര്‍ശനത്തിന് തുനിയാതിരുന്ന ഷാരുഖ് യേല്‍ പ്രഭാഷണത്തിലും അതിനു മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും നര്‍മത്തിന്റെ മേമ്പൊടിചേര്‍ത്ത് യു.എസ്. നടപടിയെ കണക്കറ്റ് പ്രഹരിച്ചു. മുകേഷ് അംബാനിയുടെ മകള്‍ ഇഷ യേലിലെ വിദ്യാര്‍ഥിനിയും സര്‍വകലാശാലയിലെ ദക്ഷിണ ഏഷ്യന്‍ സൊസൈറ്റി പ്രസിഡന്റുമാണ്. തന്നെ അമേരിക്കയില്‍ എത്തിച്ചതിന് അംബാനി കുടുംബത്തിന് നന്ദി രേഖപ്പെടുത്തിയാണ് ഖാന്‍ പ്രഭാഷണം ആരംഭിച്ചത്. 'അഹങ്കാരം തൊന്നുമ്പോഴെല്ലാം ഞാന്‍ അമേരിക്കയിലേക്ക് യാത്രയാകും. യു.എസ്. എമിഗ്രേഷന്‍ ഉദ്യോഗസ്‌ഥര്‍ എന്റെ താരത്തിളക്കത്തെ തൂക്കിയെടുത്ത് പുറത്തെറിയും'. നിറഞ്ഞ കൈയടികള്‍ക്കും പൊട്ടിച്ചിരികള്‍ക്കുമിടെ ഷാരുഖ് തന്റെ അനുഭവം സദസുമായി പങ്കിട്ടു. ഷാരുഖ് ഖാനെ ഇതിനു മുമ്പ് നാലു തവണയെങ്കിലും അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ തടഞ്ഞിട്ടുണ്ട്. മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്‌ദുല്‍കലാം, മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് തുടങ്ങിയവരും അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനയുടെ പേരില്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്. ഷാരുഖിനെ തടഞ്ഞ സംഭവത്തിനു തൊട്ടുപിന്നാലെ യു.എസ്. കസ്‌റ്റംസ് ആന്‍ഡ് ബോഡര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ ക്ഷമാപണം നടത്തിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വ്യക്‌തമാക്കി. അമേരിക്കന്‍ എമിഗ്രേഷന്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം നടപടി സാങ്കേതിക പിഴവായി കരുതാന്‍ കഴിയില്ലെന്നും പ്രശ്‌നം യു.എസ്. ഉന്നതതല നേതൃത്വത്തെ അറിയിക്കുമെന്നും ഇന്ത്യ വ്യക്‌തമാക്കി. ഇതുസംബന്ധിച്ച് അമേരിക്കന്‍ നേതൃത്വത്തെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ അമേരിക്കയിലെ ഇന്ത്യന്‍ സ്‌ഥാനപതി നിരുപമാ റാവുവിനെ വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്‌ണ ചുമതലപ്പെടുത്തി. |
No comments:
Post a Comment