Saturday 14 April 2012

[www.keralites.net] മമ്മൂട്ടിയുടെ ആരും കാണാത്ത മുഖം

 

മമ്മൂട്ടിയുടെ ആരും കാണാത്ത മുഖം

 

സ്‌ക്രീനില്‍ നാം കണ്ടു പരിചയിച്ച മമ്മൂട്ടിയല്ല ഇത്‌. തനി നാട്ടിന്‍പുറത്തുകാരനായ പച്ചമനുഷ്യന്‍.അത്തരമൊരു അനുഭവത്തിന്റെ നേര്‍ക്കാഴ്‌ച ഓര്‍മ്മിക്കുന്നു കോട്ടയംകുഞ്ഞച്ചന്‍ അടക്കം നിരവധി ഹിറ്റ്‌ചിത്രങ്ങളുടെ സംവിധായകനായ സുരേഷ്‌ബാബു.

തിരുവനന്തപുരത്ത്‌ എപ്പോഴെത്തിയാലും മമ്മുക്ക വിളിച്ചിരിക്കും. പണ്ടു മുതലേയുള്ള ഒരു ശീലമാണത്‌. സമയമൊത്തുവന്നാല്‍ തമ്മില്‍ കാണുകയുംചെയ്യും. ഈയടുത്തകാലത്തായി ഞാന്‍ സീരിയല്‍ മേഖലയില്‍ ആയതിനാല്‍ പലപ്പോഴും കാണാന്‍ പറ്റാറില്ല.

ആറു വര്‍ഷത്തിനു മുമ്പാണു സംഭവം. ഷാജി കൈലാസിന്റെ സിനിമയുടെ രണ്ടു ദിവസത്തെ പാച്ച്‌ വര്‍ക്കിനായാണു മമ്മുക്ക തലസ്‌ഥാനനഗരിയിലെത്തിയത്‌. ആദ്യ ദിവസം ഉച്ചയ്‌ക്ക് രണ്ടു രണ്ടര മണിക്ക്‌ മമ്മുക്കയുടെ ഫോണ്‍ കോള്‍.

'
സുരേഷേ, ഞാനിവിടെ കൈരളി സ്‌റ്റുഡിയോയ്‌ക്ക് അടുത്തുള്ള വീട്ടിലുണ്ട്‌. ഇന്നു തന്നെ ഒന്നു കാണണം.'

അന്ന്‌ എന്റെ കാര്‍ സര്‍വീസിംഗിനു കൊടുത്ത ദിവസമായിരുന്നു. ആകെയുള്ളത്‌ സഹോദരന്റെ ടൂവീലര്‍ മാത്രം. ഇക്കാര്യം ഞാന്‍ മമ്മുക്കയോടു പറഞ്ഞു. ബൈക്കുണ്ടെങ്കില്‍ അതുമെടുത്തു വന്നോളാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. അപ്പോള്‍ തന്നെ ഞാന്‍ ബൈക്കുമെടുത്ത്‌ ലൊക്കേഷനിലെത്തി. പത്തു മിനുട്ടുനേരം കൊണ്ട്‌ ഒരുപാടു കാര്യങ്ങള്‍ സംസാരിച്ചശേഷം വൈകിട്ട്‌ അഞ്ചരയോടെ ഞങ്ങള്‍ പുറത്തേക്കിറങ്ങി.

'
സുരേഷേ, ടൗണിലേക്കാണെങ്കില്‍ ഞാനുമുണ്ട്‌. ബൈക്ക്‌ ഞാനോടിക്കാം'

പെട്ടെന്നുള്ള മമ്മുക്കയുടെ ആഗ്രഹം എന്നെ അദ്‌ഭുതപ്പെടുത്തി. ഞാന്‍ സമ്മതിച്ചുകൊടുത്തു. മമ്മുക്ക ബൈക്ക്‌ സ്‌റ്റാര്‍ട്ട്‌ ചെയ്‌തു. ഞാന്‍ പിറകിലും. നേരെ മസ്‌കറ്റ്‌ ഹോട്ടലിലേക്ക്‌. അവിടെ നിന്ന്‌ ചായ കുടിച്ചു. പിന്നീട്‌ വഴുതക്കാട്‌, തൈക്കാട്‌ വഴി വന്ന്‌ ന്യൂ തിയറ്റിനകത്തേക്ക്‌. അവിടെയാണ്‌ മുന്നേറ്റം എന്ന സിനിമയുടെ നിര്‍മാതാവ്‌ എസ്‌.കുമാറിന്റെ ഓഫീസ്‌. തിയറ്ററില്‍ പടം തുടങ്ങിയതേയുള്ളൂ. അതിനാല്‍ ആരുമില്ല. കുമാറിന്റെ ഓഫീസില്‍ അല്‍പസമയം. അതുകഴിഞ്ഞ്‌ തമ്പാനൂര്‍, കിഴക്കേകോട്ട എന്നിവിടങ്ങളിലൊക്കെ പോയി ഹോട്ടല്‍ പങ്കജിലെത്തുമ്പോഴേക്കും സമയം എട്ടു മണി കഴിഞ്ഞു. നല്ല സ്‌പീഡിലായിരുന്നു ഡ്രൈവിംഗ്‌. വഴിയിലുള്ളവര്‍ക്കൊക്കെ സംശയമായിരുന്നു.

'
മമ്മുക്കയെപ്പോലുള്ള ഒരാള്‍' എന്നായിരുന്നു പലപ്പോഴും ജനങ്ങളുടെ കമന്റ്‌. കാരണം മമ്മൂട്ടി എന്ന നടന്‍ ഒരിക്കലും ജനത്തിരക്കിലൂടെ ബൈക്കില്‍ കറങ്ങില്ലെന്ന്‌ അവര്‍ക്കറിയാം. പിറ്റേ ദിവസം ഉച്ചയ്‌ക്കു ശേഷം എനിക്ക്‌ എറണാകുളത്തേക്കു പോകേണ്ട കാര്യം പറഞ്ഞപ്പോള്‍ നമുക്കൊന്നിച്ചുപോകാമെന്നായി മമ്മുക്ക.

'
ഉച്ച കഴിഞ്ഞ്‌ മൂന്നു മണിയോടെ എന്റെ വര്‍ക്ക്‌ തീരും. നാലു മണിക്ക്‌ ഞാന്‍ കാറുമെടുത്ത്‌ നിന്റെ വീടു വഴി വരാം.' എന്നു പറഞ്ഞാണു പിരിഞ്ഞത്‌.

പിറ്റേ ദിവസം നാലു മണി കഴിഞ്ഞപ്പോള്‍ പൂജപ്പുരയിലുള്ള എന്റെ വീട്ടിലേക്ക്‌ മമ്മുക്കയുടെ കാര്‍ കയറിവന്നു. ഞാന്‍ എന്റെ പെട്ടിയും സാധനങ്ങളും കാറിലെടുത്തുവച്ചു. കുറച്ചുസമയം വീട്ടിലിരുന്നു സംസാരിച്ചതിനു ശേഷം കാറെടുത്ത്‌ നേരെ ഹൈവേയിലേക്ക്‌. ഡ്രൈവറെ തലേദിവസം പറഞ്ഞയച്ചതിനാല്‍ മമ്മുക്കയായിരുന്നു കാറോടിച്ചിരുന്നത്‌. അന്നു വാഹനപണിമുടക്കായതിനാല്‍ റോഡില്‍ സ്വകാര്യവാഹനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാര്‍ കൊല്ലം ചവറയിലെത്തിയപ്പോള്‍ റോഡ്‌ വിജനം. സമയം രാത്രി എട്ടു മണിയായിക്കാണും. ദൂരെ ഹൈവേയ്‌ക്കരികില്‍ നിന്ന്‌ ഗര്‍ഭിണിയായ ഒരു സ്‌ത്രീയും വൃദ്ധനും എല്ലാ വണ്ടികള്‍ക്കും കൈകാണിക്കുകയാണ്‌. പക്ഷേ ആരും നിര്‍ത്തുന്നില്ല. അവര്‍ ഞങ്ങളുടെ കാറിനും കൈ കാണിച്ചു. മമ്മുക്ക ബ്രേക്കിട്ടു. എന്നിട്ട്‌ എന്നോടായി പറഞ്ഞു.

'
എവിടെ പോകാനാണെന്നു ചോദിക്ക്‌'

ഗ്ലാസ്‌ താഴ്‌ത്തി ഞാന്‍ ചോദിക്കാനൊരുങ്ങും മുമ്പേ അയാള്‍ സംസാരിച്ചു തുടങ്ങിയിരുന്നു.

'
സാര്‍, ഞങ്ങള്‍ക്ക്‌ ആലപ്പുഴ ഗവ.ആശുപത്രിയിലാണ്‌ എത്തേണ്ടത്‌. ഇവള്‍ക്ക്‌ നാളെയാ ഡേറ്റ്‌ പറഞ്ഞിരിക്കുന്നത്‌. പക്ഷേ രാത്രിയായപ്പോള്‍ തന്നെ നല്ല വേദന.'

മമ്മുക്കയുടെ നിര്‍ദേശപ്രകാരം ഞാന്‍ അവരോടു കയറാന്‍ പറഞ്ഞു. ദൈവത്തിനു സ്‌തുതി പറഞ്ഞ്‌ അവര്‍ കാറിന്റെ പിന്‍സീറ്റിലേക്കു കയറി. ഗര്‍ഭിണിയായ സ്‌ത്രീ വൃദ്ധന്റെ മടിയിലേക്കു ചാഞ്ഞു.

'
വളരെ ഉപകാരം സാര്‍. ഒരു മണിക്കൂറായി ഹൈവേയില്‍ വണ്ടി കാത്തിരിക്കുകയാണ്‌. പക്ഷേ ആരും സഹായിച്ചില്ല.'

അയാള്‍ എന്നോടായി പറഞ്ഞു. ഡ്രൈവിംഗ്‌ സീറ്റിലിരുന്ന മമ്മുക്കയെ അയാള്‍ ശ്രദ്ധിച്ചതേയില്ല. ഒരു മണിക്കൂര്‍ കൊണ്ട്‌ ആലപ്പുഴ ഗവ.ആശുപത്രിയിലെത്തി. പുറത്തേക്കിറങ്ങിയ അയാള്‍ നന്ദി പറയാന്‍ വേണ്ടി മുന്നോട്ടുവന്നപ്പോഴാണ്‌ കാര്‍ ഓടിക്കുന്നത്‌ മമ്മുക്കയാണെന്നു കണ്ടത്‌.

'
ഇതു സിനിമാനടന്‍ മമ്മൂട്ടിയല്ലേ' എന്നു പറഞ്ഞ്‌ അയാള്‍ മമ്മുക്കയുടെ കൈപിടിച്ചു. അധികം അവിടെ നില്‍ക്കുന്നതു പന്തിയല്ലെന്ന്‌ എനിക്കു തോന്നി. ഞാന്‍ അയാള്‍ക്ക്‌ എന്റെ നമ്പര്‍ കൊടുത്തു.

'
എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി'

പെട്ടെന്നുതന്നെ കാര്‍ നീങ്ങി. നാടന്‍ ഭക്ഷണം എന്തെങ്കിലും കഴിക്കണമെന്നു മമ്മുക്ക പറഞ്ഞപ്പോഴാണ്‌ ചേര്‍ത്തലയില്‍ രസവട കിട്ടുന്ന ഒരു വീടിനെക്കുറിച്ചു ഞാന്‍ പറഞ്ഞത്‌. ഭാര്യയും ഭര്‍ത്താവുമാണ്‌ പാചകക്കാര്‍. കൂടിക്കാഴ്‌ച എന്ന ചിത്രം സംവിധാനം ചെയ്യുന്ന അവസരത്തില്‍ ഞാനവിടെ പോയിട്ടുണ്ട്‌. ഇക്കാര്യം പറഞ്ഞപ്പോള്‍ അങ്ങോട്ടേക്കു പോകാമെന്നായി മമ്മുക്ക.

കാര്‍ വീടിനു മുന്നിലെത്തുമ്പോള്‍ സമയം പത്തുമണി കഴിഞ്ഞിരുന്നു. മമ്മുക്കയെ വണ്ടിയില്‍ തന്നെ ഇരുത്തിയിട്ടു ഞാന്‍ പുറത്തേക്കിറങ്ങി. ഭക്ഷണത്തിന്‌ ഓര്‍ഡര്‍ ചെയ്‌തു. ഭക്ഷണം റെഡിയായപ്പോള്‍ മമ്മുക്കയെ വിളിച്ചു. ഞാനും മമ്മുക്കയും വീട്ടിന്റെ മുറ്റത്തേക്കു നടന്നു. എന്റെ കൂടെ നടന്നുവരുന്നയാളെ കണ്ടപ്പോള്‍ അയാളും ഭാര്യയും സ്‌തംഭിച്ചുനില്‍ക്കുകയായിരുന്നു. പിന്നീട്‌ സന്തോഷത്തോടെ സ്വീകരിച്ചു. ഭക്ഷണം കഴിഞ്ഞപ്പോള്‍ അയാള്‍ എത്ര നിര്‍ബന്ധിച്ചിട്ടും പണം വാങ്ങിയില്ല. തിരിച്ചു കാറില്‍ കയറാന്‍ തുടങ്ങുമ്പോഴേക്കും ചുറ്റുപാടു നിന്നും ആളുകള്‍ ഓടിയടുത്തു. എല്ലാവര്‍ക്കും മമ്മുക്കയെ കാണണം. അവരോടൊക്കെ ചിരിച്ചുകൊണ്ട്‌ കൈവീശിക്കൊണ്ട്‌ വീണ്ടും ഡ്രൈവിംഗ്‌ സീറ്റിലേക്ക്‌.

കാര്‍ വൈറ്റില കഴിഞ്ഞപ്പോള്‍ എനിക്കൊരു ഫോണ്‍കോള്‍.

'
സാര്‍ ഇതു ഞാനാ. നിങ്ങള്‍ ആശുപത്രിയില്‍ എത്തിച്ച ഗര്‍ഭിണിയുടെ അച്‌ഛന്‍. എന്റെ മോള്‍ പ്രസവിച്ചു. കുറച്ചുകൂടി താമസിച്ചിരുന്നെങ്കില്‍ അപകടം സംഭവിക്കുമായിരുന്നു എന്നാണു ഡോക്‌ടര്‍ പറഞ്ഞത്‌. ഒരിക്കലും മറക്കില്ല.'

എന്നു പറഞ്ഞ്‌ ഫോണ്‍ മമ്മുട്ടിക്കു കൊടുക്കാമോ എന്നു ചോദിച്ചു. മമ്മുക്ക കാര്‍ റോഡരികു ചേര്‍ത്തു നിര്‍ത്തി.

'
ഒരുപാടു നന്ദിയുണ്ട്‌ സാര്‍. നിങ്ങള്‍ വലിയവനാണ്‌. ഈ സ്‌നേഹം ഒരിക്കലും മറക്കില്ല.'

പറയുകയായിരുന്നില്ല, കരയുകയായിരുന്നു അയാള്‍.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment