| | ആമുഖം: 2011 മലയാള സിനിമ മാറ്റത്തിന്റെ 'പടം' പൊഴിച്ച വര്‍ഷമായിരുന്നു. തീയറ്റര്‍ നിറയാന്‍ പോസ്റ്ററില്‍ താരങ്ങളുടെ മുഖങ്ങള്‍വേണ്ട, സിനിമ നന്നായാല്‍ മതിയെന്ന് അടിവരയിട്ട വര്‍ഷം.ന്യൂ ജനറേഷന്‍ സിനിമ - അങ്ങനെ പ്രയോഗിക്കാമെങ്കില്‍ - എന്നൊരു ഗണമുണ്ടാവുകയും അനൂപ് മേനോനും (പ്രചോദനമെന്ന് വ്യാഖ്യാനിക്കാവുന്ന മോഷണം ചിലത് നടത്തിയിട്ടുണ്ടെങ്കിലും) ഫഹദ് ഫാസിലും വിനീത് ശ്രീനിവാസനും ആഷിക് അബുവും രാജേഷ് പിള്ളയുമൊക്കെ അതിന്റെ അമരക്കാരാവുകയും ചെയ്‌ത വര്‍ഷം. താരങ്ങളുടെ ഇമേജിനും രീതിയ്‌ക്കുമനുസരിച്ച് വേഷങ്ങള്‍ തുന്നിച്ചേര്‍ത്ത് പ്രേഷകരുടെ പള്‍സനുസരിച്ച് തട്ടിക്കൂട്ടിയെടുക്കുന്ന സിനിമകളുടെ തിരക്കഥാകൃത്തുക്കളായ ഉദയ്‌കൃഷ്‌ണ - സി ബി കെ.തോമസ് ടീമിനു ഉലച്ചില്‍ തട്ടിയ വര്‍ഷം കൂടിയായിരുന്നു 2011. മലയാള സിനിമയില്‍ തിരക്കഥയ്‌ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഈ ടീമിന്റെ വളര്‍ച്ച മലയാള സിനിമയുടെ അപചയത്തിന്റെ കാലമായി ഒരു പക്ഷേ പിന്നീട് മലയാള സിനിമാചരിത്രകാരന്മാര്‍ വിലയിരുത്തിയേക്കാം. 'മായാമോഹിനി'യുടെ പ്രസക്തി: മലയാള സിനിമാ ചരിത്രത്തിലെ ആദ്യ മേക്കപ്പ്മാന്‍ ചിത്രം എന്ന വിശേഷണം തീര്‍ച്ചയായും മായാമോഹിനി അര്‍ഹിക്കുന്നു. ഇത് സംവിധായകന്റെ ചിത്രമല്ല. എഴുത്തുകാരന്റെയോ നടന്റെയോ ചിത്രമാണെന്നും പറയാനാവില്ല. റോഷന്‍ എന്ന മേക്കപ്പ് മാന്റെ ചിത്രമാണ് മായാമോഹിനി. സംശയമുള്ളവര്‍ക്ക് സിനിമ കണ്ട് ഉറപ്പുവരുത്താം. കഥ: മൂന്നു മണിക്കുര്‍ നേരം തിരശ്ശീലയില്‍ സശ്രദ്ധം കണ്ണു നട്ടിരുന്നിട്ടും വലിയ ശബ്ദകോലാഹലങ്ങളോടെ കാര്യമായെന്തൊക്കെയോ പുകിലുകള്‍ നടക്കുന്നുണ്ടെന്നല്ലാതെ കഥയെന്ന സംഗതി എന്താണെന്ന കാര്യത്തില്‍ അത്രകണ്ട് തിട്ടം കിട്ടിയിട്ടില്ല. കഥയുടെ കാര്യത്തില്‍ 'ഇനി അങ്ങനെ ഒന്നില്ലേ' എന്ന് വര്‍ണ്ണ്യത്തില്‍ തന്നെ ആശങ്കപ്പെടുന്നവരുടെ എണ്ണം നോക്കിയാല്‍ മായാമോഹിനിയെ ബ്ലോക്കബസ്റ്റര്‍ ഗണത്തില്‍പെടുത്താവുന്നതാണ്. ഇനിയിപ്പോള്‍ സിനിമയെക്കുറിച്ച് നിരൂപിക്കുന്നവര്‍ കഥയെക്കുറിച്ച് നാലുവരി കുറിയ്ക്ക്ണം എന്നതാണ് കീഴ്വഴക്കമെന്ന് വായനക്കാരില്‍ ആരെങ്കിലും ശഠിക്കുന്നുവെങ്കില്‍ അവര്‍ക്കായി അത്രതന്നെ വരി കുറിയ്ക്കാം. ചെറുപ്പത്തിലേ അച്ഛനമ്മമാര്‍ മരിച്ചുപോയ ബാലകൃഷ്ണന്‍ എന്ന കുട്ടിയെ അമ്മാവന്മാര്‍ നോക്കി വളര്‍ത്തുന്നു. ബാലകൃഷ്ണന്‍(ബിജു മേനോന്‍) കോടീശ്വരന്‍ ആണ്. കുടുംബ ജ്യോത്സ്യന്റെ കരുനിരത്തലില്‍ തെളിയുന്നത് ശുദ്ധനും സത്സ്വഭാവിയുമായ ബാലകൃഷ്ണന് പണത്തിന് മുട്ടു വരില്ലെങ്കിലും നന്മ ക്രമാതീതമായി ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ബിസിനസ്സില്‍ ശോഭിക്കാനാവില്ലെന്നും ചോതി നക്ഷത്രത്തില്‍ പിറന്ന ഒരു പെണ്ണിനെ വിവാഹം ചെയ്താല്‍ അതോടെ കാര്യങ്ങളെല്ലാം ശുഭമാവുകയും ചെയ്യും എന്നാണ്. ബാലകൃഷ്ണന്‍ സ്വന്തം ഇഷ്ടപ്രകാരം മായ (ലക്ഷി റായ്)എന്ന ചോതി നക്ഷത്രക്കാരിയെ വിവാഹം ചെയ്യുകയും ആദ്യരാത്രിയുടെ പിറ്റേന്ന് അവള്‍ അയാളെ വിട്ടുപോവുകയും ചെയ്യുന്നു. അമ്മാവന്മാരുടെ കണ്ണില്‍ ഭാര്യയായി അവതരിപ്പിക്കാന്‍ 'മായമോഹിനി'(ദിലീപ്) യെ ഭാര്യയായി സ്വീകരിയ്ക്കുന്നു. തുടര്‍ന്നുവരുന്ന കാര്യങ്ങള്‍ വിവരിയ്ക്കുന്നില്ല. തിരക്കഥ: ഉദയകൃഷ്ണ - സിബി. കെ തോമസ് ദ്വയങ്ങളുടെ 29-ആമത്തെ സിനിമയാണ് മായാമോഹിനി എന്നാണ് അറിവ്. അതില്‍ ഒട്ടുമിക്കതും കനത്തതോതില്‍ പണംവാരിയ ചിത്രങ്ങളുമായിരുന്നു. ഇതുവരെ ചെയ്തതില്‍ നിന്നൊക്കെ വ്യത്യസ്തമായി പുതിയതെന്തെങ്കിലും, പുതുമയുള്ളതെന്തെങ്കിലും ചെയ്യണം എന്ന ചിന്തയില്‍ നിന്നാവണം മായാമോഹിനി ഇരുവരുടെയും മനസ്സില്‍ അവതാരമെടുത്തത്. ദിലീപ് അവതരിപ്പിക്കുന്ന ഒരു പെണ്‍വേഷം. അത്രമാത്രമാവും 'വണ്‍ലൈന്‍'. ഈ പെണ്‍വേഷത്തില്‍നിന്ന് മുന്നോട്ടും പിന്നോട്ടും നമ്മള്‍ കണ്ടുപരിചയിച്ചിട്ടുള്ള കുറേയേറെ സീനുകള്‍... ദ്വയാര്‍ത്ഥപ്രയോഗങ്ങളേറിയ നിരവധി സംഭാഷണശകലങ്ങള്‍... സിനിമയുടെ കഥ കഴിഞ്ഞു ! ഇവരുടെ തന്നെ തിരക്കഥയിലിറങ്ങിയ ഡാര്‍ളിംഗ് ഡാര്‍ളിംഗ് എന്ന ചിത്രത്തിന്റെ ഒപ്പമെങ്കിലും മായമോഹിനിയെ എത്തിയ്ക്കാന്‍ തിരക്കഥാകൃത്തുക്കൾക്കായിട്ടില്ല. സംവിധാനം: ലോഹിതദാസിന്റെ തിരക്കഥ ആദ്യസിനിമയാക്കാന്‍ അവസരം ലഭിച്ചിട്ടും ഓര്‍ത്ത് വെയ്‌ക്കാന്‍ നല്ലൊരു സിനിമ നല്‍കാന്‍ കഴിയാത്ത നിര്‍ഭാഗ്യവാനായ സംവിധായകനാണ് ജോസ് തോമസ്. അദ്ദേഹം ഉദയ് കൃഷ്ണ-സിബി കെ. തോമസിന്റെ തിരക്കഥയില്‍ ചെയ്യുന്ന ആറാമത്തെ ചിത്രമാണ് മായാമോഹിനി. പതിവില്‍നിന്നും വിഭിന്നമായൊന്നുമുണ്ടായില്ല. ടേക്കിംഗ്സുപോലും സ്വന്തം ചിത്രങ്ങളുടെ ആവര്‍ത്തനമായി അനുഭവപ്പെട്ടു. ഒരുപക്ഷേ, മാറ്റത്തെ വല്ലാതെകണ്ട് ഭയപ്പെടുന്ന ഒരാളാവാം അദ്ദേഹം. പത്ത് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്‍ഡസ്ട്രിയിലേയ്ക്ക് തിരിച്ചുവരുന്ന ഒരു സംവിധായകനെന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധയും ആത്മാര്‍ത്ഥതയും നിറഞ്ഞ ഒരു സമീപനം അദ്ദേഹം നടത്തേണ്ടിയിരുന്നു. ദിലീപ്: മോഹിനിയായി ദിലീപ് തെറ്റില്ലാത്ത പ്രകടനം തന്നെയാണ് കാഴ്ചവച്ചിരിയ്ക്കുന്നത്. പ്രശ്ചന്നവേഷമെന്ന് ആക്ഷേപം ഉയര്‍ന്നേക്കാമെങ്കിലും പരാമവധി പുരുഷന്റേതായ ശരീരഭാഷ ഒഴിവാക്കിക്കൊണ്ട് മോഹിനിയായി മാറുവാന്‍ ദിലീപിന് കഴിഞ്ഞിരിയ്ക്കുന്നു. എന്നാല്‍ അടക്കവുമൊതുക്കവുമുള്ള ഒരു കുടുംബിനിയുടെ ചലനത്തേക്കാള്‍ സര്‍വ്വലക്ഷണങ്ങളും തികഞ്ഞൊരു അഭിസാരികയുടെ വഴക്കവും ഇളക്കവുമാണ് മോഹിനിയില്‍ കാണാനാവുക എന്നത് ഒരു പോരായ്മയാണ്. കുറ്റം ദിലീപിന്റേതാവില്ല. തിരക്കഥാകൃത്തുക്കള്‍ക്കും സംവിധായകനുമാണ് അതിന്റെ ഉത്തരവാദിത്വം. മോഹിനിയുടെ സൌന്ദര്യം പോസ്റ്ററില്‍ കാണുന്ന വശ്യതയോടെ സ്ക്രീനില്‍ പലപ്പോഴും പ്രേക്ഷകര്‍ക്ക് കാണാനായേക്കില്ല. ചിലപ്പോഴെങ്കിലും നപുംസകമെന്ന തോന്നല്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും ദിലീപിന്റെ ശ്രമങ്ങളെ ചെറുതായി കാണേണ്ടതില്ല. ചാന്തുപൊട്ടും കുഞ്ഞിക്കൂനനും അവിസ്മരണീയമാക്കിയ ദിലീപിന്റെ മറ്റൊരു ഭാവപ്പകര്‍ച്ച ആസ്വദിക്കാം എന്ന വിചാരത്തില്‍ ആരെങ്കിലും സിനിമകാണാന്‍ പോയാല്‍ അവര്‍ നിരാശപ്പെടാനാവും സാധ്യത. ദിലീപിന്റെ ചില നൃത്തച്ചുവടുകള്‍ പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നുണ്ട്. ബിജുമേനോന്‍, ബാബുരാജ്: ഇവരാണ് ഈ സിനിമയുടെ ആശ്വാസം. ബാലകൃഷ്ണനായി ബിജുമേനോന്‍ തന്റെ പതിവു മികവ് പ്രകടിപ്പിച്ചു. ഓര്‍ഡിനറിയിലെ സുകു ഡ്രൈവറെ ഡബ്ബിംഗ് സമയത്ത് ചിലപ്പോഴെങ്കിലും ബിജുമേനോന്‍ ഓര്‍ത്തുപോയിട്ടുണ്ടാവുമെന്ന് തോന്നി. കഥാപാത്രത്തിന്റെ പ്രത്യേകതയും രസികത്വം കൂടുതല്‍ നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൊക്കെ സാന്നിദ്ധ്യം ഉള്ളതിനാലുമായിരിയ്ക്കാം ബാബുരാജ് കൂടുതല്‍ ശോഭിച്ചതായി കാണപ്പെട്ടു. സ്ഫടികം ജോര്‍ജ്ജും തമാശക്കാരന്റെ വേഷം കെട്ടിയിരിയ്ക്കുന്നു. പോകെപ്പോകെ അദ്ദേഹത്തിന് ഇത്തരം വേഷങ്ങള്‍ കൂടുതല്‍ ഇണങ്ങിയേക്കാം. സ്ഫടികം ജോര്‍ജ്ജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മണ്ടത്തരങ്ങളുടെ ആഴം പ്രേക്ഷകരെ ബോധ്യപ്പെടുത്താനായി സൃഷ്ടിച്ച സീനുകള്‍ പ്രേക്ഷകരെ മണ്ടന്മാരാക്കുകയാണ്. മായാമോഹിനിയിലെ സ്ത്രീകഥാപാത്രങ്ങള്‍: ലക്ഷ്മി റായിയുടെ കാലുകള്‍ കൂടുതല്‍ മനോഹരമായിരിക്കുന്നു. മൈഥിലിയുടെ ഗ്ലാമര്‍ ഇത്തിരികൂടി വര്‍ദ്ധിച്ചിട്ടുണ്ട്. കാലുമുട്ടുകളുടെ തൊട്ടുമുകളില്‍വച്ച് വളര്‍ച്ച മുരടിച്ചുപോയ മൈഥിലിയുടെ ജീന്‍സ് പെണ്‍കുട്ടികള്‍ക്ക് അനുകരിയ്കാനാവുന്നതാണ്. സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് വേറെ ഏറെയൊന്നും പറയാനില്ല. ആകെത്തുക: പോക്കാന്‍ മൂന്നുമണിക്കൂര്‍ സമയവും പാഴാക്കാന്‍ പണവും ഉള്ളവര്‍ക്ക് വെറുതേ കണ്ടുകൊണ്ടിരിയ്ക്കാം. അനായാസം ചിരിയുണര്‍ത്തുന്ന ചില രംഗങ്ങളും ബാബുരാജും നഷ്ടബോധം കുറയ്ക്കും. കുട്ടികളൂമൊത്ത് കുടുംബസമേതം ചിത്രം കാണാന്‍ പോവുന്ന മാന്യന്റെ കാര്യം കഷ്ടത്തിലാവാന്‍ വഴിയുണ്ട്. തിയ്യേറ്റര്‍ വിട്ട് വീടെത്തും വരെയെങ്കിലും വേറുതേയൊരുതരം ജാള്യത മുഖത്ത് എണ്ണമെഴുക്കുപോലെ കാണപ്പെട്ടേക്കും. നിര്‍മ്മാതാക്കളുടെ കൈപൊള്ളാന്‍ മോഹിനി കാരണമായേക്കില്ല. |
No comments:
Post a Comment