സച്ചിന്‍ തെന്‍ഡുല്‍ക്കറും കപില് ദേവും മുഹമ്മദ് അസ്‍ഹറുദ്ദീനും തുടങ്ങി ഇന്ത്യയിലെ കൊള്ളാവുന്ന ക്രിക്കറ്റ് കളിക്കാര്‍ മോഹന്‍ലാലിനെയും മലയാള സിനിമയിലെ മറ്റു തടിയന്മാരെയും നോക്കി ക്രിക്കറ്റ് തകര്‍ക്കാന്‍ വന്ന പരമചെറ്റകളേ എന്നു വിളിക്കാതിരിക്കുന്നതും ആക്കളി കണ്ട് ആര്‍പ്പുവിളിച്ച മലയാളികളെ മനോരോഗികളെന്നു വിശേഷിപ്പിക്കാത്തതും അവരുടെ വിശാലമനസ്‍കത. വിതച്ചതേ കൊയ്യൂ എന്ന കോസ്‍മിക് ലോ വച്ചു നോക്കുമ്പോള്‍ സെലബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കളിക്കാനിറങ്ങിയ മലയാള സിനിമാ താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സന്തോഷ് പണ്ഡിറ്റുകളാണ്. പബ്ലിസിറ്റിക്കു വേണ്ടി,അറിയാവുന്നവര്‍ ചെയ്യുന്ന ജോലി അലമ്പാക്കാനിറങ്ങിയ അലവലാതികള്‍ !
അപ്പോള്‍ സന്തോഷ് പണ്ഡിറ്റും അങ്ങനെയൊരാളാണോ ? അങ്ങനെയാണെന്നാണ് മലയാള സിനിമയിലെ പ്രഗല്‍ഭന്മാര്‍ പറഞ്ഞിട്ടുള്ളത്. സന്തോഷ് പണ്ഡിറ്റ് മോഹന്‍ലാലിന്റെ ഡേറ്റ് ചോദിച്ചു എന്ന വാര്‍ത്ത വലിയ കോമഡിയായിരുന്നു സിനിമക്കാര്‍ക്ക്. മോഹന്‍ലാലും രാജീവ് പിള്ളയും ബിനീഷ് കോടിയേരിയുമൊക്കെ അസാമാന്യ കളിയാണ് ഇന്നലെ കാഴ്ചവച്ചതെന്നു തട്ടിവിട്ട സകല വീരന്മാരും ശരിക്കുള്ള ക്രിക്കറ്റുകാര്‍ക്കു മുന്നില്‍ കാഴ്തവച്ച കോമഡിയും ഭീകരമാണ്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെ അധിക്ഷേപിക്കുകയും പണ്ഡിറ്റിനെ വ്യക്തിപരമായി ആക്രമിക്കുകയും ചെയ്ത സിനിമക്കാരും അവരുടെ ആരാധകരും ക്രിക്കറ്റ് ദേശീയതയില്‍ അടിയുറച്ച ഒരു ദേശത്ത് ക്രിക്കറ്റ് പണ്ഡിറ്റുമാരായി വിരിഞ്ഞു നടക്കുന്നു. എല്ലാം ഭഗവാന്റെ ലീലാവിലാസങ്ങള്‍.
സന്തോഷ് പണ്ഡിറ്റിന്റെ കോട്ടിനെ ആക്ഷേപിച്ച സിനിമക്കാര്‍ ഇന്നലെ അണിഞ്ഞ ക്രിക്കറ്റ് ജഴ്‍സി അതിനെക്കാള്‍ വലിയ അശ്ലീലമാണെന്നത് തിരിച്ചറിഞ്ഞിട്ടില്ല. തന്റെ സിനിമ മഹത്തരമാണെന്നു പണ്ഡിറ്റ് വിശ്വസിക്കുന്നതുപോലെ തങ്ങളുടെ കളിയും മഹത്തരമാണെന്നു മലയാള സിനിമാ താരങ്ങള്‍ക്കു വിശ്വസിക്കാം. കൂതറ കളി സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ ക്രീസിലിരുന്ന കളിക്കാര്‍ക്ക് ആവേശഭരിതരായി ടീം മുതലാളിയെയും നടിമാരെയും പലകുറി ആലിംഗനം ചെയ്തതിന്റെ സുഖം മാത്രം ബാക്കി.ഒന്നാലോചിച്ചാല്‍ പണ്ഡിറ്റ് ഒക്കെ ഇവന്മാരെക്കാള്‍ വളരെ ഭേദമാണ്.
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കുന്നതിനു മുമ്പേ സച്ചിനെക്കാള്‍ കിടിലന്‍ കളി കാഴ്ച വച്ച ലാലേട്ടന് അത് നല്‍കുമോ എന്ന കാര്യത്തിലേ ഇനി സംശയമുള്ളൂ. രാജീവ് പിള്ളയെ ദൈവതുല്യനായി ആരാധിക്കുകയും ശ്രീശാന്തിനെ പുച്ഛിക്കുകയും ചെയ്യുന്ന മലയാളി ഫ്രോഡുകള്‍ക്ക് ഇതല്ല ഇതിനപ്പുറവും ആഘോഷമാക്കാന്‍ സാധിക്കും. ലാലേട്ടന്റെ വൈഡുകളും രാജീവ് പിള്ളയുടെ ഫോറുകളും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കാന്‍ മാധ്യമങ്ങളും റെഡിയായിക്കഴിഞ്ഞു. സെലബ്രിറ്റി ക്രിക്കറ്റ് ലീഗ് ആസ്വദിക്കുന്ന പ്രേക്ഷകര്‍ക്ക് സന്തോഷ് പണ്ഡിറ്റിനെ സഹിക്കാന്‍ കഴിയില്ല എന്നു പറയുന്നത് കാപട്യമാണ്. സന്തോഷ് പണ്ഡിറ്റിന്റേതു സിനിമയല്ലെന്നും കേരളാ സ്‍ട്രൈക്കേഴ്‍സിന്റേത് ക്രിക്കറ്റാണെന്നും പറയുന്നവന് മതിഭ്രമമാണ്, അത്രേയുള്ളൂ.
സന്തോഷ് പണ്ഡിറ്റിനെ മലയാള സിനിമാതാരങ്ങളുമായി ഉപമിച്ച് രണ്ടും ഒരുപോലെയാണ് എന്നു സ്ഥാപിക്കുകയാണ് എന്റെ ലക്‍ഷ്യം എന്നു തെറ്റിദ്ധരിക്കരുത്. അടിസ്ഥാനപരമായി സന്തോഷ് പണ്ഡിറ്റ് സിനിമക്കാരെക്കാള്‍ ഭേദമാണ് എന്നാണെന്റെ വാദം. വേറെ ജോലിയും കൂലിയും ഇല്ലാതെ വന്നപ്പോള്‍ സിനിമ എടുക്കാനിറങ്ങിയതല്ല പണ്ഡിറ്റ്. ജോലിയില്‍ നിന്നു ലീവെടുത്ത് സ്വന്തം വീടുവിറ്റാണ് പണ്ഡിറ്റ് സിനിമയെടുത്തതെങ്കില്‍ വരിവരിയായി പൊട്ടിയ സിനിമകളുടെയും ഇറങ്ങാത്ത സിനിമകളുടെയും വരെ ക്രെഡിറ്റിലാണ് താരക്രിക്കറ്റിന് പലരും കളത്തിലിറങ്ങിയത്. മുംബൈ ടീമിനെ കേരള ടീം തോല്‍പിച്ചു എന്നു പറയുന്നത് കൃഷ്ണനും രാധയും സില്‍സിലയെക്കാള്‍ ഹിറ്റായിരുന്നു എന്നു പറയുന്നതുപോലെയേ ഉള്ളൂ.
സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെക്കാള്‍ രസകരം അദ്ദേഹത്തിന്റെ അഭിമുഖങ്ങളാണ് എന്നതുപോലെ കേരളത്തിലെ സിനിമാ തിയറ്ററുകളില്‍ കാണാത്ത ജനം ഇന്നലെ കൊച്ചിയിലെ സ്റ്റേഡിയത്തില്‍ തിക്കിത്തിരക്കി.ഇവന്മാരുടെ സിനിമയെക്കാള്‍ ഭേദമാണ് മറ്റെന്തും എന്ന സന്ദേശവും നികുതിവെട്ടിപ്പുകാരും കള്ളപ്പണക്കാരുമായ ശുംഭന്മാര്‍ക്ക് മനസ്സിലായിട്ടില്ല. മലബാര്‍ ഗോള്‍ഡിന്റെയും മണപ്പുറം ഫൈനാന്‍സിന്റെയും എംസിആര്‍ മുണ്ടിന്റെയുമൊക്കെ പരസ്യങ്ങളില്‍ ലാലേട്ടനെ യൂണിവേഴ്‍സല്‍ ക്രിക്കറ്റ് സ്റ്റാറായി അവതരിപ്പിക്കാനുള്ള ആലോചന ഇപ്പോഴേ തുടങ്ങിക്കാണും. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ജീവിതത്തെ അടിസ്ഥാനമാക്കി ലാലേട്ടനെ നായകനാക്കി മേജര്‍ രവി ഒരു സിനിമ എടുക്കാതിരിക്കാന്‍ നിങ്ങളെല്ലാവരും മുട്ടിപ്പായി പ്രാര്‍ഥിക്കണം.
ആറു ദിവസമായി പഞ്ചാബില്‍ നടന്ന ദേശീയ സ്കൂള്‍ അത്‍ലറ്റിക് മീറ്റില്‍ കിരീടം നേടിയ കേരളത്തിലെ കുട്ടികളെപ്പറ്റി ആര്‍ക്കും ഒരഭിമാനവുമില്ല. ചോരവെള്ളമാക്കി അധ്വാനിച്ചു നേടിയ അവരുടെ വിജയത്തിനു തിളക്കവുമില്ല. അവരെപ്പറ്റി പുളകം കൊള്ളാന്‍ സോഷ്യല്‍ മീഡിയയില്‍ ബുദ്ധിജീവികളും അവശേഷിക്കുന്നില്ല.ഷാറൂഖ് ഖാന്‍ റിമി ടോമിയെ എടുത്തുപൊക്കിയതിലൂടെ ഇന്ത്യ കേരളത്തെയാണ് എടുത്തുപൊക്കിയതെന്ന തിയറിയില്‍ ഉറച്ചുനിന്നുകൊണ്ട് മലയാളിയെന്ന നിലയില്‍ അഭിമാനിക്കുള്ള നിക്ഷേപങ്ങള്‍ സ്വരുക്കൂട്ടുന്നവര്‍ക്ക് നല്ല നമസ്‍കാരം.
No comments:
Post a Comment