Monday 23 January 2012

[www.keralites.net] കഥയല്ലിതു ജീവിതം

 

കഥയല്ലിതു ജീവിതം

Fun & Info @ Keralites.net

ജനപ്രീതിയില്‍ ഏറെ മുന്നിട്ട്‌ നില്‍ക്കുന്ന പരിപാടിയാണ്‌ അമൃത ടിവിയുടെ കഥയല്ലിത്‌ ജീവിതം. കേരളത്തിലും ഇങ്ങനെയൊക്കെ നടക്കാറുണ്ടോ എന്ന്‌ നമ്മെ പലവുരു ചിന്തിപ്പിച്ച റിയാലിറ്റി ഷോ. കഥയല്ലിത്‌ ജീവിതത്തില്‍ ഇതുവരെ സംപ്രേഷണം ചെയ്‌തിട്ടില്ലാത്ത ഒരു യഥാര്‍ത്ഥ സംഭവം. ക്യാമറയും ലൈറ്റ്‌സുമില്ലാതെ ആക്ഷന്‍, കട്ട്‌ വിളികളില്ലാതെ ഷൂട്ടിംഗ്‌ ഫ്‌ളോറിന്‌ പുറത്ത്‌ ഒരു കേസ്‌ കൈകാര്യം ചെയ്‌തതിനെക്കുറിച്ച്‌ കഥയല്ലിത്‌ ജീവിതത്തിന്റെ പ്രൊഡ്യൂസര്‍ സുപാ സുധാകരന്‍ കന്യകയ്‌ക്കുവേണ്ടി എഴുതുന്നു

ഒരു ചോദ്യത്തിനും മറുപടി നല്‍കാതെ അവള്‍ പിന്നെയും പൊട്ടിക്കരഞ്ഞു. തന്റെ അടുത്തിരുന്ന ടീച്ചറിന്റെ വലംകൈയില്‍ അവള്‍ മുറുകെ പിടിച്ചു. ഏതാണ്ട്‌ പത്തുമിനിറ്റ്‌ കഴിഞ്ഞിരിക്കുന്നു ഞങ്ങള്‍ മൂന്നുപേരും മാത്രമായി ഈ ഇരുപ്പ്‌ തുടങ്ങിയിട്ട്‌.

രാവിലെ ഓഫീസിലെത്തി പതിവുപോലെ ഇ-മെയിലുകള്‍ക്ക്‌ മറുപടി നല്‍കാന്‍ തുടങ്ങുകയായിരുന്നു. അമൃത ടിവിയുടെ ജീവിതം എന്ന ഇ-മെയില്‍ ഐഡിയിലേക്ക്‌ ദിവസവും എത്തുന്നത്‌ അന്‍പതും നൂറും മെയിലുകള്‍. ഏറിയവയും ദാമ്പത്യപ്രശ്‌നങ്ങള്‍. കേരളത്തില്‍ കുടുംബബന്ധങ്ങള്‍ ഇത്രമാത്രം ശിഥിലമാണോ എന്ന്‌ ഞങ്ങളെ തന്നെ ഈ ഇ-മെയിലുകളും തപാലുകളും ഭയപ്പെടുത്തി തുടങ്ങിയിരിക്കുന്നു.

റിസപ്‌ഷനില്‍ നിന്നുള്ള ഇന്റര്‍കോം മൂന്നാംതവണയും ശബ്‌ദിക്കുന്നു. 'കഥയല്ലിത്‌ ജീവിത'ത്തിന്റെ പ്രൊഡ്യൂസറെ കാണാന്‍ രണ്ടുപേര്‍ റിസപ്‌ഷനില്‍ കാത്തിരിക്കുന്നുവെന്ന്‌ പറഞ്ഞ്‌ അഞ്ച്‌ മിനിട്ടിനുള്ളില്‍ ഇത്‌ മൂന്നാംതവണയാണ്‌ വിളിക്കുന്നത്‌.

പല വാതിലുകളില്‍ മുട്ടിയിട്ടും ഇതുവരെ പരിഹരിക്കപ്പെടാനാവാത്ത പ്രശ്‌നങ്ങളുമായി ദിവസവും പത്തിരുപത്‌ പേര്‍ നേരിട്ട്‌ ചാനലിലെത്താറുണ്ട്‌.

''ഇനിയും കാത്തിരിക്കാന്‍ വയ്യ. ആത്മഹത്യ ചെയ്യാനിറങ്ങിത്തിരിച്ചതാണ്‌. അതിനുമുന്‍പ്‌ ഒരവസാനശ്രമമെന്ന നിലയില്‍ ഇവിടെ വന്നതാണ്‌ എന്നവര്‍ പറയുന്നു...'' റിസപ്‌ഷനില്‍നിന്ന്‌ പറഞ്ഞു.

കാത്തിരിക്കുന്നവര്‍ ആരാണെന്ന ചോദ്യത്തിന്‌ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും അധ്യാപികയുമെന്ന മറുപടിയാണ്‌ ലഭിച്ചത്‌. ജീവിതം അവസാനിപ്പിക്കാനിറങ്ങിയ ഒരാള്‍ക്ക്‌ അഞ്ചുമിനിറ്റത്തെ കാത്തിരിപ്പ്‌ പോലും കഠിനമാകുമെന്ന തിരിച്ചറിവില്‍ ഞാന്‍ ഗസ്‌റ്റ്റൂമിലേക്ക്‌ ചെന്നു.

പ്ലസ്‌വണ്ണിന്‌ പഠിക്കുന്ന ആ പെണ്‍കുട്ടിയെ കണ്ടാല്‍ ഒരു എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെന്നേ തോന്നൂ. സ്‌കൂള്‍ യൂണിഫോമാണ്‌ വേഷം. അവള്‍ പ്ലസ്‌ വണ്ണിന്‌ പഠിക്കുകയാണെന്നും പേര്‌ രേവതിയെന്നാണെന്നും (യഥാര്‍ത്ഥ പേരല്ല) പറഞ്ഞത്‌ ടീച്ചറാണ്‌. അവള്‍ കരയുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല.

ഇന്നത്തെ സമൂഹത്തില്‍ ഒരു പതിനാറുകാരി ജീവിതമവസാനിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കണമെങ്കില്‍ കാരണം കണ്ടെത്താന്‍ ഏറെ ആലോചിക്കേണ്ടതില്ലല്ലോ. പ്രണയപരാജയം മുതല്‍ ഉറ്റബന്ധുക്കള്‍ പീഡിപ്പിച്ചതുവരെ.

ഇതുപോലെ പലതരം കേസുകള്‍ ഞങ്ങളെ തേടിയെത്താറുണ്ട്‌.

ഒന്നും പറയാനാവാതെ രേവതി ഇങ്ങനെ വിങ്ങിപ്പൊട്ടിക്കരയുമ്പോള്‍ അവള്‍ക്ക്‌ പറയാനുള്ളതെന്താണെന്ന ജിജ്‌ഞാസ വര്‍ധിച്ചുവന്നു. ടീച്ചറിനോട്‌ പുറത്തിരിക്കാന്‍ ആവശ്യപ്പെട്ട്‌ രേവതിയോട്‌ സംസാരിച്ചു തുടങ്ങി.

''എനിക്ക്‌ ടീച്ചറിനെ കാണാതിരിക്കാന്‍ വയ്യ.. അവള്‍ പറഞ്ഞു തുടങ്ങി. ''എന്നെ എല്ലാവരും ചേര്‍ന്ന്‌ ടീച്ചറില്‍ നിന്ന്‌ അകറ്റുകയാണ്‌...'' അവള്‍ പിന്നെയും ഉറക്കെ കരയാന്‍ തുടങ്ങി.

രാധ എന്നാണ്‌ രേവതിയുടെ ടീച്ചറിന്റെ പേര്‌. (പേര്‌ യഥാര്‍ത്ഥമല്ല) കാഴ്‌ചയില്‍ ഒരു മുപ്പത്തഞ്ച്‌ വയസ്‌ പ്രായം തോന്നിക്കും. കഴിഞ്ഞ മൂന്നുവര്‍ഷമായി രാവിലെയും വൈകിട്ടും സയന്‍സ്‌ സബ്‌ജക്‌ടില്‍ രാധയാണ്‌ രേവതിക്ക്‌ ട്യൂഷനെടുക്കുന്നത്‌.

''ടീച്ചറിനെ പിരിഞ്ഞ്‌ എനിക്ക്‌ ഒരു നിമിഷംപോലും ജീവിക്കാനാവില്ല. എനിക്കെന്റെ വീട്ടില്‍ പോകേണ്ട. സര്‍ എന്നെ ടീച്ചറിനൊപ്പം ജീവിക്കാന്‍ അനുവദിക്കണം. ഇല്ലെങ്കില്‍ ഞാന്‍ ആത്മഹത്യചെയ്യും...''

പ്രശ്‌നം വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മിലുള്ളതാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ രാധയെ തിരികെ വിളിച്ചു. പിന്നീട്‌ കാര്യങ്ങള്‍ പറഞ്ഞത്‌ രാധയാണ്‌.

രാധയും രേവതിയും തീവ്രമായ സ്‌നേഹത്തിലാണ്‌. അവര്‍ക്കിനി വേര്‍പിരിയാന്‍ വയ്യ. ഇപ്പോള്‍ വീട്ടുകാര്‍ രണ്ടുപേരെയും പരസ്‌പരം അകറ്റാന്‍ ശ്രമിക്കുന്നു. രാവിലെ വീട്ടില്‍നിന്ന്‌ സ്‌കൂളിലേക്കെന്നു പറഞ്ഞ്‌ ബാഗുമായി ഇറങ്ങിയതാണ്‌ രേവതി. ഒന്നിച്ച്‌ ജീവിക്കാനായില്ലെങ്കില്‍ മരണം. അതാണ്‌ രണ്ടാളുടെയും ഉറച്ച തീരുമാനം. കഥയല്ലിത്‌ ജീവിതത്തില്‍നിന്ന്‌ നീതി കിട്ടിയില്ലെങ്കില്‍ ഇന്നുതന്നെ ആത്മഹത്യ ചെയ്യും. ഇപ്പോള്‍ കരയുന്നത്‌ അധ്യാപികയും വിദ്യാര്‍ത്ഥിനിയും ചേര്‍ന്നാണ്‌.

രേവതിയും രാധയുമായി സംസാരിക്കാന്‍ വിധുബാലചേച്ചിയുടെ സഹായം തേടുകയല്ലാതെ മറ്റൊരു പോംവഴിയുണ്ടായിരുന്നില്ല. കഴിഞ്ഞദിവസത്തെ ഷൂട്ടിംഗ്‌ കഴിഞ്ഞ്‌ ചേച്ചി തിരുവനന്തപുരത്ത്‌ തന്നെയുണ്ടായിരുന്നു. എന്നോട്‌ പറയുന്നതിനേക്കാള്‍ കൂടുതല്‍ ഒരു സ്‌ത്രീയെന്ന നിലയില്‍ ചേച്ചിയോട്‌ തുറന്നു പറയാന്‍ കഴിഞ്ഞേക്കും...

പത്ത്‌ മിനിട്ടിനുള്ളില്‍ ചേച്ചി ചാനലിലെത്തി. രാധയോടും രേവതിയോടും ഒറ്റയ്‌ക്കും അല്ലാതെയും സംസാരിച്ചു.

മുപ്പത്തഞ്ച്‌ വയസായിട്ടും രാധ വിവാഹിതയല്ല. ഒരു പുരുഷനുമൊത്തുള്ള ജീവിതം തീരെ ഇഷ്‌ടവുമല്ല. ഇപ്പോള്‍ ഏതാണ്ട്‌ അതേ അഭിപ്രായമാണ്‌ രേവതിക്കും.

''എന്നെ ആണെന്ന്‌ വിളിച്ച്‌ കളിയാക്കുന്നവരുണ്ട്‌. പക്ഷേ അതൊന്നും സത്യമല്ല...'' രാധ മേല്‍ച്ചുണ്ടിനു മുകളിലെ പൊടിമീശയില്‍ ഒന്നു തലോടി. ''ഈ മീശയാണ്‌ പെണ്‍കുട്ടികള്‍ക്ക്‌ എന്നോട്‌ ഇഷ്‌ടം തോന്നിക്കുന്ന പ്രധാന ഘടകം...''

രാധയെ ഉപേക്ഷിക്കാനാവില്ലെന്ന്‌ തറപ്പിച്ചുപറഞ്ഞ രേവതി എന്നെ ഉപേക്ഷിക്കരുതേയെന്ന മട്ടില്‍ ടീച്ചറെ മുറുകെ പിടിച്ചു. കാഴ്‌ചയില്‍ ഒരമ്മയും മകളുമെന്നേ ആരും കരുതൂ. അതാണിത്രനാളും അവരുടെ ജീവിതത്തിന്‌ വളമായതും.

ആദ്യമൊക്കെ രണ്ടാളും ടൂവീലറില്‍ കറങ്ങുമ്പോഴും അടുത്ത്‌ പെരുമാറുമ്പോഴുമൊന്നും ആര്‍ക്കും ഒരു സംശയവും തോന്നിയില്ല. അധ്യാപികയും വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള ബന്ധത്തിലെ അസ്വാഭാവികത ആദ്യം ശ്രദ്ധയില്‍പ്പെട്ടത്‌ രാധയുടെ വീട്ടിലാണ്‌. കഴിഞ്ഞദിവസം രാത്രി അത്‌ അവര്‍ രേവതിയുടെ വീട്ടിലറിയിച്ചു. മകള്‍ എന്നും കൂടെ വേണമെങ്കില്‍ ഇനി ട്യൂഷന്‌ പറഞ്ഞ്‌ വിടരുതെന്ന്‌ താക്കീതും നല്‍കി. രേവതിയുടെ മാതാപിതാക്കള്‍ പറഞ്ഞതാണ്‌ ആത്മഹത്യയ്‌ക്കൊരുങ്ങാന്‍ രണ്ടാളെയും പ്രേരിപ്പിച്ചത്‌.

തന്റെ ജീവിതത്തിലെ ആദ്യ പെണ്‍കുട്ടിയല്ല രേവതിയെന്ന്‌ ചേച്ചി പലവട്ടം ചോദിച്ചപ്പോള്‍ രാധ തുറന്നു സമ്മതിച്ചു.

''ഞാന്‍ ഇതിനു മുന്‍പും മൂന്നുനാല്‌ പെണ്‍കുട്ടികളെ സ്‌നേഹിച്ചിട്ടുണ്ട്‌. പക്ഷേ അവരുടെയെല്ലാം കണ്ണ്‌ എന്റെ പണത്തിലായിരുന്നു. സ്‌നേഹം നടിച്ച്‌ എന്റെ കൈയില്‍നിന്ന്‌ ഒന്നരലക്ഷം രൂപവരെ വാങ്ങിയിട്ട്‌ കടന്നുകളഞ്ഞവരുണ്ട്‌. പക്ഷേ രേവതി സ്‌നേഹിക്കുന്നത്‌ എന്റെ പണത്തെയല്ല.''

രാധ അവളുടെ പാസ്‌ബുക്ക്‌ ഞങ്ങളെ കാണിച്ചു. 12 ലക്ഷത്തോളം രൂപയുണ്ട്‌ ബാലന്‍സ്‌. ട്യൂഷനില്‍നിന്ന്‌ 40,000/- രൂപ രാധയ്‌ക്ക് പ്രതിമാസ വരുമാനമുണ്ട്‌. ''ഇതെല്ലാം നഷ്‌ടപ്പെടുമെന്ന ഭയത്താലാണ്‌ എന്റെ വീട്ടുകാര്‍ രേവതിയുടെ വീട്ടിലെത്തി കാര്യങ്ങളറിയിച്ചത്‌. എന്നെ ചതിച്ചത്‌ എന്റെ വീട്ടുകാരാണ്‌...''

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്‌ രേവതിയുടെ വീട്ടുകാര്‍. രേവതി ആവശ്യപ്പെടുന്നതൊക്കെയും സാധിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ക്ക്‌ കഴിയുമായിരുന്നില്ല. ആ അവസരം മുതലെടുത്ത്‌ രാധ രേവതിയുമായി അടുക്കുകയായിരുന്നുവെന്ന്‌ ഞങ്ങള്‍ക്ക്‌ തോന്നി.

രഹസ്യമായി രാധ ഒരു സെല്‍ഫോണ്‍ രേവതിക്കു വാങ്ങി നല്‍കിയിരുന്നു. വീട്ടില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അടുത്തടുത്ത്‌ മൂന്ന്‌ മിസ്‌ഡ്കാള്‍ നല്‍കുക. എന്നിട്ട്‌ ആത്മഹത്യചെയ്യുക. മറ്റെയാളും അതേസമയം തന്നെ ആത്മഹത്യ ചെയ്യും. ഇതാണ്‌ രണ്ടാളും തമ്മില്‍ ഉണ്ടാക്കിയിരുന്ന പരസ്‌പര ധാരണ. ആ സെല്‍ഫോണ്‍ കഴിഞ്ഞദിവസം രാധയുടെ വീട്ടുകാര്‍ പറഞ്ഞതനുസരിച്ച്‌ രേവതിയുടെ മാതാപിതാക്കള്‍ കണ്ടെടുത്തു. രാത്രി പരസ്‌പരം സംസാരിക്കാന്‍കൂടി കഴിയാതായതോടെ രണ്ടുപേരും ഭ്രാന്തമായ അവസ്‌ഥയിലെത്തി.

''രാവിലെ ഒന്ന്‌ ടീച്ചറുടെ മുഖം കണ്ടിട്ട്‌ മരിക്കാമെന്നു കരുതി മാത്രമാണ്‌ ഞാനിന്നലെ മരിക്കാതിരുന്നത്‌...'' രേവതി പറഞ്ഞു.

ഞങ്ങള്‍ എന്തൊക്കെ പറഞ്ഞിട്ടും വീട്ടിലേക്ക്‌ മടങ്ങാന്‍ രേവതിയും രാധയും ഒരുക്കമായില്ല. ഒരുമിച്ച്‌ ജീവിക്കാന്‍ സഹായിക്കണമെന്ന്‌ രണ്ടാളും കണ്ണീരോടെ കേണപേക്ഷിക്കുന്നു.

രണ്ടാളോടും ഏറെ നേരം സംസാരിച്ചപ്പോള്‍ ഇനി ആത്മഹത്യയെക്കുറിച്ച്‌ ചിന്തിക്കില്ലെന്ന്‌ അവര്‍ വിധുബാലച്ചേച്ചിക്ക്‌ ഉറപ്പുനല്‍കി. പിന്നീട്‌ ഞങ്ങളുടെ മുന്നിലുള്ള പ്രശ്‌നം എങ്ങനെ രേവതിയെ തിരികെ മാതാപിതാക്കളെ ഏല്‍പ്പിക്കുമെന്നതായിരുന്നു.

വീട്ടിലേക്ക്‌ മടങ്ങാനാവില്ലെന്നും വീട്ടില്‍ ക്രൂരമായ പീഡനങ്ങളാണ്‌ അമ്മയില്‍ നിന്നുണ്ടാകുന്നതെന്നും രേവതി തറപ്പിച്ചു പറഞ്ഞു. പതിനാറുകാരിയായ മകളോട്‌ ഒഴിവുവേളകളില്‍ പാത്രം കഴുകാനും വീട്ടുജോലികളില്‍ സഹായിക്കാനും പെറ്റമ്മ ആവശ്യപ്പെടാറുള്ളതാണ്‌്. രേവതിയുടെ അമ്മയുടെ പീഡനമെന്ന മട്ടില്‍ ഞങ്ങളോട്‌ അവതരിപ്പിച്ചത്‌്. അവളെ കാര്യങ്ങള്‍ പറഞ്ഞ്‌ ബോധ്യപ്പെടുത്താന്‍ ഏറെ പണിപ്പെടേണ്ടിവന്നു.

രാവിലെ 10 മണിക്കാരംഭിച്ച ചര്‍ച്ച ഉച്ച കഴിഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയതായി രേവതിയുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടാലുണ്ടാകാവുന്ന നിയമപ്രശ്‌നങ്ങള്‍ ഞങ്ങള്‍ അവരെ ബോധ്യപ്പെടുത്തി.

അതറിഞ്ഞപ്പോള്‍ രാധയ്‌ക്ക് ഒരു മനംമാറ്റമുണ്ടായത്‌ ഞങ്ങള്‍ക്ക്‌ പ്രതീക്ഷനല്‍കി. രേവതി അപ്പോഴും പതിനാറുകാരിയുടേതായ ശാഠ്യം തുടര്‍ന്നു.

ഏറെ ചര്‍ച്ചകള്‍ക്കുശേഷം രേവതി വീട്ടിലെ ഫോണ്‍നമ്പര്‍ തന്നു. വീട്ടിലേക്ക്‌ വിളിച്ചപ്പോള്‍ അമ്മയാണ്‌ ഫോണെടുത്തത്‌. സ്‌കൂളിലേക്ക്‌ പോയ മകള്‍ അവിടെയെത്തിയിട്ടില്ലെന്നറിഞ്ഞ്‌ ആകെ അങ്കലാപ്പിലായിരുന്നു ആ അമ്മ. അച്‌ഛന്‍ മകളെ അന്വേഷിച്ച്‌ ആ സമയത്ത്‌ നാട്‌ നീളെ അലയുകയായിരുന്നു.

പൊട്ടിക്കരയുന്ന അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഞാന്‍ ഒരു നിമിഷം പകച്ചു. മകള്‍ ചാനലിലെത്തിയിട്ടുണ്ടെന്നും സുരക്ഷിതയാണെന്നും അറിഞ്ഞപ്പോള്‍ അവര്‍ക്ക്‌ ആശ്വാസമായി.

''മോള്‍ എങ്ങും പോകാതെ സാര്‍ നോക്കി കൊള്ളണേ...'' ആ അമ്മ യാചിക്കുകയായിരുന്നു.

രാധയെയും രേവതിയെയും മാറ്റിയിരുത്തിയിട്ട്‌ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ ഞാനും ചേച്ചിയും പലവട്ടം ചര്‍ച്ച ചെയ്‌തു.

രേവതിയും രാധയുമായി പിന്നീടും സംസാരം തുടര്‍ന്നു. ഒടുവില്‍ വൈകുന്നേരത്തോടെ രേവതി വീട്ടിലേക്ക്‌ മടങ്ങാമെന്ന്‌ സമ്മതിച്ചു. അപ്പോഴേക്കും രേവതിയുടെ മാതാപിതാക്കളും എത്തിച്ചേര്‍ന്നു. അവര്‍ക്കും ഒരു നീണ്ട കൗണ്‍സിലിംഗ്‌ വേണ്ടിവന്നു. തനി ഗ്രാമീണരായ അവര്‍ക്ക്‌ ഇങ്ങനെ ഒരു ബന്ധം കേട്ടുകേള്‍വിപോലും ഉണ്ടായിരുന്നില്ല. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നും അവര്‍ക്കറിയില്ലായിരുന്നു.

മകളുടെ നല്ല ഭാവിയായിരുന്നു അച്‌ഛനമ്മമാരുടെ ലക്ഷ്യം. തങ്ങള്‍ക്ക്‌ നേടാനാകാത്ത വിദ്യാഭ്യാസവും നല്ലൊരു തൊഴിലും മകള്‍ക്ക്‌ വേണമെന്ന്‌ അവര്‍ ആശിച്ചു. അതിനാണ്‌ ഇല്ലാത്ത കാശുണ്ടാക്കിയും പണം കടം വാങ്ങിയുമൊക്കെ അവര്‍ മകളെ ട്യുഷനയച്ച്‌ പഠിപ്പിച്ചത്‌.

മലയാളി പവിത്രമെന്ന്‌ കരുതുന്ന ഗുരുശിഷ്യബന്ധവും മറ്റൊരു രീതിയില്‍ വഴിമാറുന്നത്‌ ഞങ്ങള്‍ നേരിട്ടനുഭവിക്കുകയായിരുന്നു. ആകാശം ഇടിഞ്ഞുവീണാലും എന്നെ ടീച്ചറുപേക്ഷിക്കില്ല എന്നാണ്‌ രേവതി അല്‌പം മുന്‍പ്‌ ഞങ്ങളോട്‌ പറഞ്ഞത്‌. ഒരു പോലീസുകാരിയാവണമെന്നതാണ്‌ അവളുടെ ആഗ്രഹം. കൈക്കൂലി നല്‍കിയാലും ആ ആഗ്രഹം സാധിച്ചുകൊടുക്കാമെന്ന്‌ രാധ അവള്‍ക്ക്‌ വാക്ക്‌ നല്‍കിയിരുന്നു.

നന്നായി പഠിച്ച്‌ ഒരു ഐ.പി.എസുകാരിയാവാന്‍ ഞങ്ങള്‍ രേവതിയെ ഉപദേശിച്ചു.

പിന്നീട്‌ ഞങ്ങള്‍ക്ക്‌ മുന്നില്‍ അരങ്ങേറിയത്‌ തമിഴ്‌ പ്രണയ സിനിമകളെപോലും തോല്‍പ്പിക്കുന്നതരത്തിലൊരു യാത്ര പറയല്‍ മുഹൂര്‍ത്തമായിരുന്നു. കെട്ടിപ്പിടിക്കുകയും, ചുംബിക്കുകയും പൊട്ടിക്കരയുകയും ചെയ്‌തുകൊണ്ട്‌ ഒരിക്കലും മറക്കില്ലെന്നവര്‍ പരസ്‌പരം പറഞ്ഞുറപ്പിച്ചു. ഒടുവില്‍ രേവതി മാതാപിതാക്കളോടൊപ്പം യാത്രയായി. അമൃത ടിവി പ്രോഗ്രാംസ്‌ ജനറല്‍ മാനേജര്‍ ഷിബു ചക്രവര്‍ത്തിയും ആ രംഗത്തിന്‌ സാക്ഷിയായിരുന്നു.

എല്ലാം തകര്‍ന്നവളെപ്പോലെ രാധ ഞങ്ങള്‍ക്ക്‌ മുന്നില്‍. ''അവള്‍ക്ക്‌ 18 വയസ്‌ പൂര്‍ത്തിയാകുമ്പോള്‍ അവള്‍ എന്നെ തേടിവരും... ഞങ്ങള്‍ ഒരുമിച്ച്‌ ജീവിക്കും... നിങ്ങള്‍ രണ്ടാളും ഞങ്ങളെ സഹായിക്കണം...'' രാധ പുലമ്പിക്കൊണ്ടിരുന്നു.

ഏറെ നേരത്തെ കൗണ്‍സിലിംഗിനുശേഷം രാത്രി 7 മണിയോടെ രാധയെയും ഞങ്ങള്‍ യാത്രയാക്കി.

രാത്രി വീടെത്തുന്നതിനിടയില്‍ പലവട്ടം രാധ എന്നെ വിളിച്ചു. രാത്രി 9 മണിക്കും അവള്‍ വേദനയോടെ അലഞ്ഞുതിരിയുകയായിരുന്നു. രാത്രി 10.30 നും രാധയുടെ ഫോണ്‍കോള്‍. ''രേവതിയെ വീട്ടുകാര്‍ ഉപദ്രവിച്ചിട്ടുണ്ടാവുമോ?''

ഇതിനിടെ രാധയുടെ വീട്ടുകാരെയും ഞാന്‍ കാര്യങ്ങള്‍ അറിയിച്ചിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം രേവതിയെ അയച്ചുവെന്നറിഞ്ഞപ്പോള്‍ അവര്‍ക്കും ആശ്വാസമായി.

പിന്നീടുള്ള ദിവസങ്ങളിലും രാധ പലവട്ടം വിളിച്ചു. രേവതി വീട്ടുതടങ്കലിലാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട്‌. ഇതിനിടെ രേവതിയുടെ പിതാവും എന്നെ വിളിക്കുന്നുണ്ടായിരുന്നു. മകള്‍ ആരോടും മിണ്ടുന്നില്ലെന്നും എപ്പോഴും കരയുക മാത്രമാണെന്നും ആ അച്‌ഛന്‍ വേദനയോടെ പറഞ്ഞു. ഫോണിലൂടെ പലതും പറഞ്ഞാശ്വസിപ്പിക്കുമ്പോള്‍ ദൈന്യത നിറഞ്ഞ ആ മുഖം എനിക്ക്‌ മനസില്‍ കാണാനാകുന്നുണ്ടായിരുന്നു.

രാധയുടെയും രേവതിയുടെയും ജീവിതം കഥയല്ലിത്‌ ജീവിതത്തിലുടെ സംപ്രേഷണം ചെയ്യാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. അവരുടെ സ്‌നേഹവും നൊമ്പരങ്ങളും ഞങ്ങളെ വല്ലാതെ സ്‌പര്‍ശിച്ചിരുന്നു. പക്ഷേ ഇങ്ങനെയും നമുക്ക്‌ ചുറ്റും നടക്കുന്നുണ്ടെന്ന്‌ എല്ലാ മാതാപിതാക്കളും അറിയണമെന്ന ഒരു തോന്നല്‍. തങ്ങളുടെ മക്കള്‍ക്ക്‌ എവിടെയൊക്കെ എങ്ങനെയൊക്കെ ചുവട്‌ പിഴയ്‌ക്കുന്നുവെന്ന്‌ ഒരു മുന്‍കരുതലെടുക്കാനെങ്കിലും ഇത്‌ വായിക്കുമ്പോള്‍ സാധിച്ചാലോ...

ഒരു വര്‍ഷത്തിലേറെയായി രേവതിക്ക്‌ സ്വന്തം അച്‌ഛനമ്മമാരറിയാതെ വീടിനുള്ളില്‍ സെല്‍ഫോണ്‍ ഉപയോഗിക്കാന്‍ സാധിച്ചു. മൂന്നുവര്‍ഷമായി ഒരു ബന്ധം അച്‌ഛനമ്മമാര്‍ അറിയാതെ കാത്തുസൂക്ഷിക്കാന്‍ സാധിച്ചു. തങ്ങളെക്കാളേറെ മകള്‍ മറ്റൊരു വ്യക്‌തിയുമായി അടുത്തിട്ടും അത്‌ തിരിച്ചറിയാന്‍ അച്‌ഛനമ്മമാര്‍ക്ക്‌ കഴിയാതെ പോകുന്നു. ഇപ്പോഴെങ്കിലും നാം ആലോചിക്കേണ്ടതല്ലേ - നമ്മുടെ കുട്ടികളെ നമുക്ക്‌ നന്നായി മനസിലാക്കാന്‍ സാധിക്കുന്നു എന്ന സ്വകാര്യ അഹങ്കാരത്തില്‍ കഴമ്പുണ്ടോയെന്ന്‌... ഇതുപോലെ എത്രയോ രേവതിയും രാധമാരും നമുക്ക്‌ ചുറ്റുമുണ്ടാകും.. ചിലപ്പോള്‍ നമ്മുടെയൊക്കെ വീട്ടില്‍ തന്നെ...

മനസ്‌ വല്ലാതെ നടുങ്ങുന്നതായി തോന്നുന്നുണ്ടോ. ആ ഒരു നടുക്കവും നൊമ്പരവുമൊക്കെ ഞങ്ങള്‍ നേരിട്ടറിഞ്ഞതാണ്‌. അന്ന്‌... ആ ദിവസത്തില്‍..

Fun & Info @ Keralites.net ThanksFun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment