Sunday, 4 December 2011

[www.keralites.net] ഇന്ത്യ ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയാകും: സി.രംഗരാജന്‍ !!!!!!!

 

Fun & Info @ Keralites.net അടുത്ത ഒന്നര - രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയായി മാറുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ സി.രംഗരാജന്‍. കോഴിക്കോട് സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം 'മാതൃഭൂമി'ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ശരാശരി 8.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം 8.6 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷങ്ങളില്‍ ഒമ്പത് ശതമാനം വളര്‍ച്ച നേടാന്‍ രാജ്യത്തിന് ശേഷിയുണ്ട്. അടുത്ത ഒരു പതിറ്റാണ്ട് ഈ വളര്‍ച്ച നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ മുന്നേറ്റം വേഗത്തിലായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ കൂടിയായ രംഗരാജന്‍ പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചും പണപ്പെരുപ്പത്തെക്കുറിച്ചും രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെക്കുറിച്ചുമൊക്കെ അദ്ദേഹം വിശദമായി സംസാരിച്ചു. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍:

? ഒമ്പത് ശതമാനം സാമ്പത്തിക വളര്‍ച്ച എങ്ങനെ സാധ്യമാകും

= ഇന്ത്യയുടെ സമ്പാദ്യനിരക്ക് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 34 ശതമാനവും നിക്ഷേപം 36 ശതമാനവും കടന്നിട്ടുണ്ട്. ഒമ്പത് ശതമാനം സാമ്പത്തിക വളര്‍ച്ച എന്ന ലക്ഷ്യം ഇത് എളുപ്പമാക്കും. 2008-09 സാമ്പത്തിക വര്‍ഷത്തില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വളര്‍ച്ച 6.7 ശതമാനമായി കുറഞ്ഞെങ്കിലും അതിന് മുമ്പ് തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ ഒമ്പതു ശതമാനത്തിലേറെ വളര്‍ച്ച കൈവരിച്ചിരുന്നു എന്ന കാര്യം മറക്കരുത്. അടുത്ത വര്‍ഷത്തോടെ വളര്‍ച്ചാനിരക്ക് ആ നിലയിലേക്ക് തിരിച്ചെത്തും.

? ഇതുകൊണ്ട് മാത്രം ഇന്ത്യ ലോക ശക്തിയാകുമോ

= ലോക സാമ്പത്തിക ശക്തിയായി വളരാന്‍ കാര്‍ഷിക മേഖലയും ഊര്‍ജ മേഖലയും മുന്നേറേണ്ടതുണ്ട്. കാര്‍ഷിക ഉത്പാദനം മെച്ചപ്പെടേണ്ടത് അത്യാവശ്യമാണ്. കാര്‍ഷിക വളര്‍ച്ച നാല്- അഞ്ച് ശതമാനത്തിന് മുകളിലെത്തണം. ഇതിന് ഒട്ടേറെ നടപടികള്‍ ആവശ്യമാണ്. കാര്‍ഷിക സാങ്കേതിക വിദ്യ, ഉന്നതനിലവാരത്തിലുള്ള വിത്തുകള്‍ എന്നിവ വികസിപ്പിച്ചാല്‍ തന്നെ നല്ല മുന്നേറ്റം ഈ രംഗത്ത് കൈവരിക്കാന്‍ കഴിയും. കര്‍ഷകര്‍ക്കുള്ള വായ്പാ വിതരണ സംവിധാനവും കാര്യക്ഷമമാക്കണം.
ഉത്പാദനം കൂട്ടുന്നതോടൊപ്പം തന്നെ അവ ഫലപ്രദമായി വിതരണം ചെയ്യാന്‍ സംവിധാനം ഒരുക്കണം. ഇതിനായി ഭദ്രതയുള്ള ഭക്ഷ്യശൃംഖല കെട്ടിപ്പടുക്കേണ്ടതുണ്ട്. മികച്ച വിപണി ഒരുക്കലും അത്യാവശ്യമാണ്.
വൈദ്യുതി ഉത്പാദനത്തില്‍ നാം ഇപ്പോഴും പിന്നിലാണ്. ഇത് രാജ്യത്തിന്റെ വളര്‍ച്ചയില്‍ വെല്ലുവിളിയായി അവശേഷിക്കുന്നു. എന്നാല്‍ വൈദ്യുതി ഉത്പാദനം കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് മെച്ചപ്പെട്ടിട്ടുണ്ട്. ഇത് ശുഭസൂചനയാണ്. വരും വര്‍ഷങ്ങളില്‍ വൈദ്യുതി ഉത്പാദനത്തിലെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയണം.

? ഇതൊക്കെ കൊണ്ട് ദരിദ്രരുടെ എണ്ണം കുറയുമെന്ന് കരുതാമോ

= ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അര്‍ത്ഥവത്താക്കൂ. പ്ലാനിങ് കമ്മിഷന്റെ കണക്കുകള്‍ അനുസരിച്ച് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം കുറയുന്നുണ്ട്. 1993-94ല്‍ 36 ശതമാനമായിരുന്നത് 2004-05ല്‍ 27.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് ഉയര്‍ന്ന നിരക്കു തന്നെയാണ്. സമ്പൂര്‍ണ ദാരിദ്ര്യനിര്‍മാര്‍ജനം ഇനിയും അകലെയാണ്.


? ഭക്ഷ്യസുരക്ഷയ്ക്കായി എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുന്നത്

= ഭക്ഷ്യസുരക്ഷ ഇന്ത്യയെപ്പോലൊരു രാജ്യത്തെ സംബന്ധിച്ചി ടത്തോളം അത്യന്താപേക്ഷിതമാണ്. ആവശ്യത്തിനുള്ള ഭക്ഷ്യോത്പന്നം ന്യായമായ വിലയ്ക്ക് ലഭ്യമാക്കണം. ഭക്ഷ്യ ഉത്പാദനം ഉയര്‍ത്തുന്നതോടൊപ്പം സംഭരണം ശക്തിപ്പെടുത്തണം. രാജ്യത്തെ പൊതുവിതരണ സംവിധാനത്തില്‍ ഒട്ടേറെ പോരായ്മകളുണ്ട്. ഇത് പരിഹരിച്ചാല്‍ തന്നെ കുറേ മാറ്റമുണ്ടാവും.

? പണപ്പെരുപ്പം ഇപ്പോഴും ഉയര്‍ന്ന നിലയില്‍ തന്നെയാണല്ലോ

= കഴിഞ്ഞ രണ്ട് വര്‍ഷമായി പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. മുന്‍വര്‍ഷങ്ങളില്‍ ധാന്യവിലയിലെ വര്‍ധനവായിരുന്നു വില്ലനെങ്കില്‍ ഈ വര്‍ഷം പച്ചക്കറി, പഴം, പാല്‍, മുട്ട എന്നിവയുടെയൊക്കെ വില ഉയര്‍ന്നതാണ് നിരക്ക് ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ പച്ചക്കറി വില ഇപ്പോള്‍ കുറയാന്‍ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പം 7.5 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇത് സുരക്ഷിതമായ നിരക്കാണെന്ന് കരുതുന്നില്ല. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ നിരക്ക് ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4-5 ശതമാനത്തിലേക്കെങ്കിലും ഇത് താഴേണ്ടതുണ്ട്.

? ക്രൂഡോയില്‍ വിലയും ഉയര്‍ന്ന നിരക്കില്‍ തുടരുകയല്ലേ

= എണ്ണ വില ബാരലിന് നൂറ് ഡോളറിന് മുകളില്‍ തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വരും മാസങ്ങളിലും ഈ നിലയില്‍ തുടരുകയാണെങ്കില്‍ ഇന്ത്യയില്‍ ഡീസല്‍ വില ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കും. ഡീസല്‍ വില ഉയര്‍ത്താതെ സബ്‌സിഡി തുടര്‍ന്നാലും അത് സര്‍ക്കാരിന് ബാധ്യതയാണ്.

? ജപ്പാന്‍ ദുരന്തം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ എത്രമാത്രം ബാധിക്കും

= ജപ്പാനിലെ ദുരന്തം ഇന്ത്യന്‍ കയറ്റുമതിയെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഐടി മേഖലയെ ആയിരിക്കും ഇത് ഏറ്റവുമധികം ബാധിക്കുക. എന്നാല്‍ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപമാണ് ഈയവസരത്തില്‍ ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത്. സുനാമിയും ഭൂകമ്പവും ആണവ വികരണവും മൂലം നാശം നേരിട്ട ജപ്പാന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടിയായിരിക്കും അവിടെയുള്ള കമ്പനികള്‍ മുന്‍തൂക്കം നല്‍കുക. സ്വാഭാവികമായും ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് കുറയുമെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് നിക്ഷേപം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ജപ്പാന്‍ദുരന്തം ഇന്ത്യയുടെ സമ്പദ്ഘടനയെ കാര്യമായി പിടിച്ചുലയ്ക്കില്ല. 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment