മഞ്ജു വാര്യര്‍
ഇത് നിയോഗമാകാം; അല്ലെങ്കില്‍ ഒരു നിമിത്തമാകാം. രണ്ടായാലും സംഭവിക്കേണ്ടത് സംഭവിച്ചല്ലേ പറ്റൂ! പതിനാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹത്തോടെ സിനിമയോടു വിടപറയുമ്പോള്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല വര്‍ഷങ്ങള്‍ക്കിപ്പുറം വെള്ളിത്തിരയിലേക്കൊരു തിരിച്ചുവരവുണ്ടാകുമെന്ന്. കടന്നുപോയ ഒരു വ്യാഴവട്ടക്കാലത്തിലേറെ കുടുംബിനിയുടെ റോളില്‍ ഒതുങ്ങിക്കഴിഞ്ഞു. അക്കാലത്ത് ഒരുപക്ഷേ, സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന കാലത്തേക്കാളും കൂടുതല്‍ സ്‌നേഹം എന്നെ വളര്‍ത്തിയ പ്രേക്ഷകര്‍ എനിക്കുമേല്‍ ചൊരിഞ്ഞില്ലേ എന്നുവരെ തോന്നിയിട്ടുണ്ട്. എല്ലാവരും എന്റെ തിരിച്ചുവരവിനാണ് ആഗ്രഹിച്ചതും പ്രാര്‍ത്ഥിച്ചതും. അത് സത്യമായിരുന്നെന്ന് ഇപ്പോള്‍ ഞാനറിയുന്നു. ആ പ്രാര്‍ത്ഥന തന്നെയാകാം വീണ്ടും എന്നെ ക്യാമറയ്ക്ക് മുന്നിലെത്തിച്ചത്.
ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ അമിതാഭ് ബച്ചനോടൊപ്പമുള്ള പരസ്യചിത്രത്തിലഭിനയിച്ചത് ഇപ്പോഴും ഒരു വിസ്മയമായി തോന്നുന്നു. നാളെ വീണ്ടും ഞാന്‍ മൂവി ക്യാമറയ്ക്കു മുന്നിലെത്തിയേക്കാം എന്ന കാര്യം ഉറപ്പായിരുന്നു. ആ വിശ്വാസത്തിലേക്കാണ് അപ്രതീക്ഷിതമായി മോഹന്‍ലാല്‍ എന്ന മഹാനടന്റെ ശബ്ദം ഫോണിലൂടെ എനിക്കരികിലേക്ക് ഒഴുകിയെത്തിയത്. ആശീര്‍വാദ് സിനിമാസിന്റെ പുതിയ ചിത്രത്തെപ്പറ്റി സംസാരിക്കാന്‍ ആന്റണിച്ചേട്ടന്‍ (ആന്റണി പെരുമ്പാവൂര്‍) പുള്ളിലെ വീട്ടില്‍ വന്നപ്പോഴാണ് ഫോണില്‍ ലാലേട്ടനെ വിളിച്ചുതന്നത്. 'മഞ്ജുവിന് എല്ലാമിപ്പോള്‍ ഒരു നിമിത്തംപോലെ തോന്നുന്നില്ലേ'? ലാലേട്ടന്റെ ഈ വാക്കുകളെന്നെ സിനിമയോട് വിട പറഞ്ഞ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
'സമ്മര്‍ ഇന്‍ ബെത്‌ലഹേമി'ല്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് രഞ്ജിയേട്ടനും സിബി സാറും ഒരുക്കുന്ന 'ഉസ്താദില്‍' അഭിനയിക്കാനുള്ള ക്ഷണവുമായെത്തുന്നത്. അതിന്റെ ചര്‍ച്ചകള്‍ നടക്കുമ്പോഴേക്കും വിവാഹിതയായ എനിക്ക് ആ പ്രൊജക്ടില്‍നിന്നു മാത്രമല്ല മലയാള സിനിമയില്‍നിന്നുതന്നെ മാറിനില്‍ക്കേണ്ടതായി വന്നു. അന്ന് രഞ്ജിയേട്ടന്റെ രചനയില്‍ ലാലേട്ടനൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയാണ് ഞാന്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചതെങ്കില്‍, ഇന്ന് ലാലേട്ടന്റെ നായികയായി രഞ്ജിയേട്ടന്റെ സിനിമയിലൂടെ തിരിച്ചുവരാനാകുന്നത് ഒരപൂര്‍വ്വഭാഗ്യം തന്നെയല്ലേ?
എന്റെ വിവാഹശേഷം വളരെ അപൂര്‍വമായി മാത്രമേ ലാലേട്ടനെ കണ്ടിട്ടുള്ളൂ. പലപ്പോഴും പല പ്രോഗ്രാമുകള്‍ക്കിടയില്‍വെച്ച്. ഒരിക്കല്‍ പരിചയപ്പെട്ടവരുടെ മനസ്സില്‍നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത വിധം ഒരു മാജിക്. അതിപ്പോഴും ലാലേട്ടനിലുണ്ട്. വളരെ ചെറിയ വേഷമാണെങ്കില്‍ പോലും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിയുക എന്നത് ഏതൊരാര്‍ട്ടിസ്റ്റിന്റെയും ഭാഗ്യമാണ്. സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലാലേട്ടന്‍ നല്‍കിയ പ്രോത്സാഹനങ്ങള്‍, അഭിനയത്തെ അദ്ദേഹം സമീപിച്ച രീതിയിലൂടെ അറിയാന്‍ കഴിഞ്ഞ നടനപാഠങ്ങള്‍, സൗഹൃദത്തിലൂടെ പകര്‍ന്നുനല്‍കിയ പ്രചോദനങ്ങള്‍...മറക്കാനാകില്ല. വീണ്ടും ഒരു സ്വപ്‌നത്തിലെന്ന പോലെ ക്യാമറയ്ക്ക് മുന്നിലേക്ക് ഞാന്‍ കടന്നുചെല്ലുമ്പോള്‍ ആര്‍ക്കൊപ്പമാണ് നടിക്കുന്നതെന്ന ചോദ്യം ഒരാത്മഗതം പോലെ എന്നില്‍ വന്ന് നിറയുന്നു. അഭിനയത്തിലും ജീവിതത്തിലും വിസ്മയം എന്ന പദം ഒരുപാടൊരുപാട് പറയുകയും പറയിപ്പിക്കുകയും ചെയ്ത നടനാണ് ലാലേട്ടന്‍. അദ്ദേഹത്തിനൊപ്പമുള്ള സിനിമയിലെ എന്റെ രണ്ടാം വരവും ഒരു വിസ്മയമായി ഞാന്‍ കാണുന്നു.
www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment