സോളാര്‍: മുഖ്യസൂത്രധാരനെ വിദേശത്തുനിന്ന് വിളിച്ചുവരുത്തി മൊഴിയെടുത്ത പോലീസ് ഞെട്ടി
തിരുവല്ല: സോളാര്‍ തട്ടിപ്പു കേസില്‍ നിര്‍ണായക പങ്കുവഹിച്ച സൂത്രധാരനെ ഭീഷണിപ്പെടുത്തി ഖത്തറില്‍നിന്നു നാട്ടിലെത്തിച്ച പ്രത്യേക അന്വേഷണസംഘം മൊഴികേട്ടു ഞെട്ടി അയാളെ ആരോരുമറിയാതെ തിരിച്ചയച്ചു. ടീം സോളാറിന്റെ പര്‍ച്ചേസിംഗ് മാനേജരായിരുന്ന തിരുവല്ല മുത്തൂര്‍ സ്വദേശി മോഹന്‍ദാസിനെയാണു മൊഴി പുറത്തുവന്നാല്‍ പൊല്ലാപ്പാകുമെന്നു ഭയന്നു ഖത്തറിലേക്കു മടങ്ങാന്‍ പോലീസ് അനുവദിച്ചത്.
മോഹന്‍ദാസിന്റെ അപ്പച്ചിയുടെ മകനാണു തട്ടിപ്പു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ബിജു രാധാകൃഷ്‌ണന്‍. സരിതയ്‌ക്കും ബിജുവിനുമൊപ്പം ബിസിനസിന്റെ തുടക്കം മുതല്‍ വിശ്വസ്‌തനായി മോഹന്‍ദാസ് ഉണ്ടായിരുന്നു. സരിതയും ബിജുവും ആരെയൊക്കെ ബന്ധപ്പെട്ടു, ആരുടെയൊക്കെ പിന്തുണ ഇവര്‍ക്കു ലഭിച്ചു എന്നതടക്കം തട്ടിപ്പിന്റെ മുഴുവന്‍ വിവരങ്ങളും അറിയാവുന്നയാളാണു മോഹന്‍ദാസ്.
ടീം സോളാര്‍ കേസില്‍പ്പെടുന്നതിന് ഏതാനും മാസം മുമ്പാണു മോഹന്‍ദാസ് ഖത്തറിലേക്കു ജോലിക്കു പോയത്. ടീം സോളാര്‍ തട്ടിയെടുത്ത കോടികള്‍ അവിടെ നിക്ഷേപിക്കാന്‍ കൊണ്ടുപോയതാണെന്നു പിന്നീട് ആരോപണം ഉയര്‍ന്നു. സോളാര്‍ കേസ് കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഖത്തറില്‍നിന്ന് ഒരു ചാനലില്‍ പ്രത്യക്ഷപ്പെട്ടു ചര്‍ച്ച നടത്തിയതോടെയാണു പോലീസിന്റെ പിടിവീണത്. അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാകാന്‍ മോഹന്‍ദാസിനോടു ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. പ്രസന്നന്‍ നായര്‍ ആവശ്യപ്പെട്ടു. പല തവണ വിളിച്ചിട്ടും എത്താതെ വന്നതോടെ ഭീഷണിമുഴക്കി. ഒടുവില്‍ രണ്ടു മാസം മുമ്പു നാട്ടിലെത്തി അന്വേഷണസംഘവുമായി ബന്ധപ്പെട്ടു.
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്വേഷണസംഘത്തിലെ ഡിവൈ.എസ്.പിമാര്‍ ഇയാളെ ചോദ്യംചെയ്‌തു. പിന്നീടു വിവാദമായേക്കാവുന്ന പല വെളിപ്പെടുത്തലുകളും മോഹന്‍ദാസിന്റെ മൊഴിയിലുണ്ടായിരുന്നുവത്രേ. മുഖ്യമന്ത്രിയും ശ്രീധരന്‍ നായരും തമ്മില്‍ കണ്ടപ്പോള്‍ സരിത കൂടെയുണ്ടായിരുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ ഇയാള്‍ പറഞ്ഞിട്ടും മൊഴിയില്‍ അതൊന്നും രേഖപ്പെടുത്താന്‍ പോലീസ് തയാറായില്ലെന്നു പറയുന്നു.
സോളാറിനെതിരേ രജിസ്‌റ്റര്‍ ചെയ്‌ത 33 കേസുകളില്‍ 25 ലും മോഹന്‍ദാസിനു ബന്ധമുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ സരിതയ്‌ക്കും ബിജുവിനും പിന്നാലെ മൂന്നാം പ്രതിയാകേണ്ടയാളായിരുന്നു മോഹന്‍ദാസ്. തങ്ങളില്‍നിന്നു സരിതയും ബിജുവും പണം വാങ്ങുമ്പോള്‍ മോഹന്‍ദാസ് ഒപ്പമുണ്ടായിരുന്നെന്നു ടീം സോളാറിനെതിരേ പരാതി നല്‍കിയവരൊക്കെ തിരിച്ചറിയുകയും ചെയ്‌തിരുന്നു.
സോളാറിന്റെ സാമ്പത്തികമടക്കമുള്ള ക്രയവിക്രയങ്ങള്‍ മോഹന്‍ദാസ് ആയിരുന്നു ചെയ്‌തിരുന്നത്. സരിതയ്‌ക്കൊപ്പമാണു കൊച്ചിയില്‍ താമസിച്ചിരുന്നത്. സരിതയെ കാണാന്‍ എത്തിയ പ്രമുഖരെക്കുറിച്ചെല്ലാം അറിവുണ്ടായിരുന്നു. ചോദ്യംചെയ്‌തപ്പോള്‍ ഇക്കാര്യമെല്ലാം മോഹന്‍ദാസ് പോലീസിനോടു പറഞ്ഞെങ്കിലും അന്വേഷണ റിപ്പോര്‍ട്ടില്‍ ഇതൊന്നും വന്നിട്ടില്ലെന്നാണ് അറിയുന്നത്. കേസില്‍ നിര്‍ണായകപങ്കുള്ള മോഹന്‍ദാസിനെ വിദേശത്തേക്കു മടങ്ങിപ്പോകാന്‍ അനുവദിക്കുകയും ചെയ്‌തു.
അറസ്‌റ്റ് ചെയ്‌താല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നു കരുതിയാണു വിട്ടയച്ചതെന്നാണു സൂചന. മോഹന്‍ദാസിനു നിയമോപദേശം നല്‍കിയതും പോലീസുമായി ഇടനിലനിന്നു കേസ് ഒതുക്കിയതും മധ്യതിരുവിതാംകൂറുകാരനായ യുവ അഭിഭാഷകനാണ്.