എല്ലൂരിലെ കുറുമ്പിപ്പെണ്ണ്
കെ.എന്‍. ഷാജികുമാര്‍
സില്‍ക്ക് സ്മിതയുടെ ജീവചരിത്രം
സ്വപ്നങ്ങളില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ല. സ്വപ്നവും ജീവിതവും സമാന്തര പാതകളിലൂടെയല്ല സഞ്ചരിക്കുന്നതെന്നത് വൈരുദ്ധ്യവും. സ്വപ്നങ്ങള്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാണ് കാഫ്ക പറഞ്ഞത്. ജീവിതസുഖത്തിനു വേണ്ടി സമൂഹം നല്‍കുന്ന അലിഖിത നിയമങ്ങളെ വെല്ലുവിളിക്കാന്‍ കാമുവും ആഹ്വാനം ചെയ്തു. പ്രത്യേക തത്വചിന്തകളൊന്നും ജീവിതത്തിന് ആവശ്യമില്ലെന്ന് ഹിപ്പിയിസം പഠിപ്പിച്ചു. ലക്ഷ്യമാണ് പ്രധാനം മാര്‍ഗമല്ലെന്ന് ഭഗവത്ഗീതയും പറഞ്ഞു. 1996 സെപ്റ്റംബര്‍ 23-ന് ആത്മഹത്യയിലൂടെ ജീവിതനാടകത്തിന് തിരശീല വലിച്ചിട്ട സ്മിത എന്ന സില്‍ക്ക് സ്മിതയുടെ ജീവിതയാത്രകളിലൂടെ കടന്നുപോയപ്പോള്‍ മേല്‍പ്പറഞ്ഞ ചിന്തകരുടെ ആശയങ്ങളെല്ലാം ഒരു സ്ത്രീയില്‍ സമന്വയിക്കുന്നത് കണ്ടു. സമൂഹത്തിന്റെ അലിഖിത നിയമങ്ങളെ ഉടലഴകുകൊണ്ട് വെല്ലുവിളിച്ച്, സദാചാരത്തിന്റെ രസതന്ത്രവുമായെത്തിയവര്‍ക്ക് നേരെ കാര്‍ക്കിച്ചുതുപ്പി, തന്റേതായ വഴികളില്‍ ഉന്മാദയാത്ര നടത്തിയ സ്ത്രീയായിരുന്നു സില്‍ക്ക് സ്മിത.
സുഖഭോഗങ്ങള്‍ക്കും ആത്മഹത്യക്കുമിടയിലൂടെ കടന്നുപോയജീവിതം. ഒട്ടും കാല്പനികമല്ലത്. അനുഭവത്തിന്റെ ചൂടിലും ചൂരിലും വെന്തുരുകിയുരുകി സ്മിതയങ്ങനെ പോയി. കാലത്തിന്റെ കളിയാട്ടക്കളരിയില്‍ നടനമാടിത്തളര്‍ന്ന് കാമത്തിന്റെ അര്‍ദ്ധവിരാമങ്ങളര്‍പ്പിച്ച് സ്മിതയുടെ ജീവിതം അവശേഷിപ്പിച്ച ഓര്‍മ്മകള്‍ എക്കാലവും കനല്‍പോലെ നീറിക്കിടക്കും. മിലന്‍ ലൂതീരയുടെ 'ഡേര്‍ട്ടി പിക്ചര്‍' ഇന്ത്യയെമ്പാടും സാമ്പത്തിക വിജയം നേടിയത് മരണമടഞ്ഞ് പന്ത്രണ്ടു വര്‍ഷത്തിനു ശേഷവും ഈ നടിയുടെ മാര്‍ക്കറ്റ് വാല്യുവിന് തെല്ലും ഇടിവ് സംഭവിച്ചിട്ടില്ല എന്നതിനു തെളിവാണ്. ശബാനാ ആസ്മിക്കോ, എന്തിന് ജൂഹൂ ബീച്ചില്‍ നഗ്നയായി ഓടി ചരിത്രം സൃഷ്ടിച്ച പ്രോതിമാ ബേദിക്കോ ഇങ്ങനെയൊരു മാര്‍ക്കറ്റ് വാല്യൂ ഇല്ല.
വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന ഗ്ളാമര്‍ മുഖങ്ങളില്‍ എത്രയോ പേര്‍ ആത്മഹത്യയുടെ വാതില്‍ മുട്ടിത്തുറന്നിരിക്കുന്നു. വിജയശ്രീ മുതല്‍ മയൂരിവരെയുള്ള മലയാളതാരങ്ങള്‍തന്നെ ഒരു ഡസനോളമുണ്ട്. മസാലചിത്രങ്ങളില്‍ മാറിടവും രഹസ്യഭാഗവുമടക്കം കാണിച്ച് ബോക്‌സ് ഓഫീസ് നിറച്ച നിഷ എന്ന സുന്ദരിയായ പെണ്‍കുട്ടി എയ്ഡ്‌സ് ബാധിച്ച് എല്ലുംതോലുമായി ചെന്നൈയിലെ തെരുവില്‍ അലഞ്ഞപ്പോഴും ആരും ഞെട്ടിയില്ല. നിഷയുടെ മരണം ആരുടെയും സഹതാപം നേടിയതുമില്ല. എന്നാല്‍ മുപ്പത്തിയഞ്ചാം വയസില്‍ സ്മിത ജീവിതത്തോട് കലഹിച്ച് യാത്രപറഞ്ഞപ്പോള്‍ ഇന്ത്യന്‍ സിനിമാരംഗം ഞെട്ടി. ആ ഞെട്ടലിനു പിന്നിലെ മനഃശാസ്ത്രം ലളിതമാണ്. അപൂര്‍വമായി മാത്രം നല്‍കുന്ന അഭിമുഖങ്ങളില്‍ സ്മിതയുടെ വെളിപ്പെടുത്തലുകള്‍, ജീവിതപുസ്തകം തുറന്നുവയ്ക്കല്‍, ശരീരം കാമിച്ചെത്തിയവരുടെ, കാമസുഖത്തില്‍ ആറാടിച്ചവരുടെ വിവരങ്ങള്‍, പ്രണയങ്ങള്‍ ഇതെല്ലാം ഒരു ഫെമിനിസ്റ്റിന്റെ വെളിപാടായിരുന്നു.എന്നാല്‍ പ്രോതിമാ ബേദിയെയും ദീപാ മേത്തയെയുമൊക്കെ ഫെമിനിസത്തിന്റെ വക്താക്കളായി കരുതുന്നവര്‍ സ്മിതയുടെ സ്ത്രീസ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നു.
ആന്ധ്രാപ്രദേശിലെ എല്ലൂര്‍ എന്ന ഗ്രാമം ഇന്നും പട്ടണത്തിന്റെ ജാഡയിലേക്ക് പോയിട്ടില്ല. ഈ ഗ്രാമത്തില്‍ വളര്‍ന്നുവരുന്ന തലമുറ അഭിമാനത്തോടെ നെഞ്ചില്‍ ചേര്‍ത്തുപിടിക്കുന്ന പേരാണ് സില്‍ക്ക് സ്മിത. എല്ലൂരിന് ഇന്ത്യന്‍ സിനിമയുടെ ഭൂപടത്തിലിടം നേടിയത് സ്മിത ഇവിടെ ജനിച്ചതുകൊണ്ടാണെന്ന് അവര്‍ വിശ്വസിക്കുന്നു. വിജയലക്ഷ്മി എന്ന കുറുമ്പിപ്പെണ്ണിന്റെ വികൃതികള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന മുന്‍ തലമുറയും ഇവിടെയുണ്ട്. ഗ്രാമത്തിലെ ചേരിയിലെ കൊച്ചുവീട്ടില്‍ പൂക്കളോടും പൂമ്പാറ്റകളോടും പരിഭവം പറഞ്ഞുനടന്ന വിജയലക്ഷ്മി തെന്നിന്ത്യന്‍ സിനിമയെ അരക്കെട്ടില്‍ തളച്ചിട്ട സില്‍ക്ക് സ്മിതയായത് ഒരു മാന്ത്രിക കഥപോലെയാണ് എല്ലൂരിലെ മുന്‍ തലമുറ കാണുന്നത്. ഇതെങ്ങനെ സംഭവിച്ചു എന്നവര്‍ ചോദിക്കാറുണ്ട്. അങ്ങനെയേ സംഭവിക്കൂ എന്ന് ഉത്തരം കണ്ടെത്തുകയും ചെയ്യുന്നു. കാരണം ബാല്യകാലത്തുതന്നെ സിനിമയുടെ ആരാധികയായിരുന്നു വിജയലക്ഷ്മി. എന്‍.ടി.ആറായിരുന്നു ഇഷ്ടതാരം. ദൈവമായും ആക്്ഷന്‍ ഹീറോയായും തിളങ്ങിയ എന്‍.ടി.ആറിന്റെ ചിത്രങ്ങള്‍ വിജയലക്ഷ്മിയുടെ കൊച്ചുവീടിന്റെ ചുവരുകള്‍ അലങ്കരിച്ചിരുന്നു.
എല്ലൂരുകാര്‍ സ്മിതയെ സ്‌നേഹിക്കുന്നുണ്ടെങ്കിലും സ്മിത ഒരിക്കലും തന്റെ ജന്മനാടിനെ ഇഷ്ടപ്പെട്ടിരുന്നില്ല. കാരണം ഒരുകാലത്ത് എല്ലൂരുകാര്‍ സ്മിതയെ ആട്ടിയിറക്കിയിട്ടുണ്ട്. അമ്മ, അച്ഛന്‍, സഹോദരങ്ങള്‍ എന്നിവരെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ ഒഴിഞ്ഞുമാറി. എന്നാല്‍ ഗ്രാമത്തില്‍ താന്‍ നടത്തിയ ഒറ്റയാന്‍ പോരാട്ടങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ ഒരു മടിയും കാണിച്ചില്ല. ആ പോരാട്ടത്തില്‍ കാലിടറി വീഴാതെ തന്നെയൊന്നു താങ്ങാന്‍ ആരും തയാറായില്ലെന്ന് ഒരു തമിഴ് വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സ്മിത വെളിപ്പെടുത്തുകയുണ്ടായി.
അഭിമുഖകാരന്റെ ചോദ്യം ഇങ്ങനെയായിരുന്നു. എല്ലൂരിലെ വിജയലക്ഷ്മി സില്‍ക്ക് സ്മിതയായി മാറിയതെങ്ങനെയെന്ന് വിവരിക്കാമോ?
ചോദ്യത്തിന് സ്മിത നല്‍കിയ ഉത്തരത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ ഒരു പെണ്‍കുട്ടിയുടെ നിലവിളികള്‍ കേള്‍ക്കാം.
''ഞാന്‍ മറക്കാനാഗ്രഹിക്കുന്ന ജന്മമാണ് വിജയലക്ഷ്മി. പതിമൂന്നു വയസില്‍ വിജയലക്ഷ്മി മരിച്ചു. വിജയലക്ഷ്മിയുടെ മരണത്തില്‍ ആരും ഒരുതുള്ളി കണ്ണീര്‍ വീഴ്ത്തിയില്ല. എന്റെ അച്ഛനും അമ്മയും സഹോദരങ്ങളും പോലും. പതിമൂന്നു വയസില്‍ ഒരു സ്ത്രീയുടെ എല്ലാ വഴിത്തിരിവുകളും അനുഭവിച്ച പെണ്‍കുട്ടിയാണ് വിജയലക്ഷ്മി. അച്ഛന് കൂലിപ്പണിയായിരുന്നു. കിട്ടുന്നതില്‍ മുക്കാല്‍ പങ്കും റാക്ക് ഷാപ്പില്‍ കൊടുക്കും. രാത്രി വേച്ചുവേച്ച് വീട്ടിലെത്തും. കിട്ടുന്നതുകൊണ്ട് അമ്മ എങ്ങനെ ഞങ്ങള്‍ക്ക് ഭക്ഷണം തന്നു എന്ന് വ്യക്തമല്ല. അതിന് അമ്മയുടേതായ മാര്‍ഗം കണ്ടെത്തിയിരിക്കണം. ആ മാര്‍ഗമെന്തെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. എന്റെ നാവുകൊണ്ടത് വിശദീകരിക്കുന്നില്ല.
നന്നായി പഠിക്കുന്ന പെണ്‍കുട്ടിയായിരുന്നു വിജയലക്ഷ്മി. മൂന്നാം ക്ലാസില്‍ രണ്ടാം റാങ്കുകാരിയായിരുന്നു. എന്നാല്‍ പണമില്ലാത്തതുകൊണ്ട് നാലാംക്ലാസില്‍ പഠിത്തം നിര്‍ത്തി. കൂട്ടുകാരികള്‍ സ്‌കൂളില്‍ കൂട്ടംചേര്‍ന്ന് പോകുന്നതു കാണുമ്പോള്‍ വിജയലക്ഷ്മിയുടെ കൊച്ചുഹൃദയം വിങ്ങിയിരുന്നു.
അമ്മയ്ക്ക് സിനിമ ഇഷ്ടമായിരുന്നു. ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു തകര തിയേറ്ററുണ്ടായിരുന്നു. നഗരത്തില്‍ കളിച്ച സിനിമകള്‍ ഒരു വര്‍ഷത്തിനു ശേഷമായിരിക്കും അവിടെയെത്തുക. അമ്മയുമൊത്ത് സിനിമ കാണാന്‍ പോകുന്നതായിരുന്നു ആശ്വാസം. എന്‍.ടി.ആറിന്റെ ചിത്രങ്ങളായിരുന്നു ഇഷ്ടം. എന്‍.ടി.ആറിനൊപ്പം അഭിനയിക്കുക എന്നത് സ്വപ്നമായിരുന്നു. അദ്ദേഹത്തോടൊപ്പവും മകന്‍ ബാലകൃഷ്ണയോടൊപ്പവും അഭിനയിക്കാന്‍ എനിക്ക് പിന്നീട് സാധിച്ചു.
ചേരിയില്‍ ഒത്തിരി കൂട്ടുകാരികള്‍ എനിക്കുണ്ടായിരുന്നു. എന്നെപ്പോലെ പഠിത്തം നിര്‍ത്തിയവര്‍. അവരുമൊത്ത് കളിക്കും. ഭാവിയില്‍ ആരായിത്തീരണമെന്ന് പരസ്പരം ചോദിക്കും. സിനിമാ നടിയാകുകയാണ് എന്റെ ലക്ഷ്യമെന്നു പറയുമ്പോള്‍ അവര്‍ കളിയാക്കി ചിരിക്കും. കറുത്തു മെലിഞ്ഞ് ഉണ്ടക്കണ്ണുള്ള പെണ്ണല്ലേ നടിയാകുന്നത് എന്നായിരുന്നു അവരുടെ ഭാവം.
കുറുമ്പില്‍ ഞാന്‍ ഒട്ടും പിന്നിലായിരുന്നില്ല കേട്ടോ. എന്റെ ആരെങ്കിലും പിച്ചിയാല്‍ ഞാനും തിരിച്ചുകൊടുക്കും. പിച്ചുന്നയാളുടെ പുറം മാന്തിപ്പൊളിക്കും. എങ്കിലും എന്നോട് എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. വയസ്സറിയിച്ചപ്പോള്‍ തന്നെ അമ്മയും അച്ഛനും എനിക്കായി വരനെ അന്വേഷിച്ചു തുടങ്ങി. അങ്ങനെ പതിമൂന്നാംവയസില്‍ അയാളെത്തി. എന്റെ ഭര്‍ത്താവ്. ലൈംഗികതയെക്കുറിച്ച് അജ്ഞയായിരുന്ന ഞാന്‍ ആദ്യരാത്രിയില്‍ തന്നെ ആ മനുഷ്യന്റെ കാമഭ്രാന്തിനിരയായി. കന്നിപ്പെണ്ണിനെ എങ്ങനെ വശീകരിക്കണമെന്ന് അയാള്‍ക്കറിയില്ലായിരുന്നു. അരക്കെട്ടിനു താഴെ രക്തം വാര്‍ന്ന് ഞാന്‍ നിലവിളിച്ചപ്പോഴും അയാള്‍ പേക്കൂത്ത് തുടര്‍ന്നു.
പതിമൂന്ന് വയസില്‍ ഒരു പുരുഷന്റെ ക്രൂരതകള്‍ക്ക് വിധേയമാകുക. അത് ദൈനംദിന കൃത്യമായപ്പോള്‍ ഞാന്‍ അയാള്‍ കഴുത്തില്‍ കെട്ടിയ മഞ്ഞച്ചരട് പൊട്ടിച്ചെറിഞ്ഞു. അതോടെ വിജയലക്ഷ്മിയുടെ ജന്മം അവസാനിച്ചു. സ്മിതയുടെ ജന്മം ആരംഭിച്ചു.''
അഭിമുഖത്തില്‍ പറഞ്ഞതുപോലെ വിജയലക്ഷ്മിയുടെ ചാരത്തില്‍നിന്നും ഒരു ഫീനിക്‌സ് പക്ഷി ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. അതാണ് സില്‍ക്ക് സ്മിത.
ഒരു ചെപ്പടിവിദ്യക്കാരനാണ് കാലം. മാന്ത്രികവടി ചുഴറ്റി കഥാപാത്രങ്ങളെ മാറ്റുന്ന ചെപ്പടിവിദ്യക്കാരന്‍. ക്രൂരഫലിതക്കാരനായ വിധിയെപ്പോലും മാറ്റിമറിക്കുന്ന കാലത്തിന്റെ നിമിഷങ്ങളെ ദൈവത്തിന്റെ സാന്നിധ്യമുള്ള വിശുദ്ധ പുഷ്പങ്ങളായി വ്യാഖ്യാനിക്കാം. അല്ലെങ്കില്‍ ആന്ധ്രയിലെ ഉള്‍ഗ്രാമത്തില്‍ നിന്ന് വിജയലക്ഷ്മി മദ്രാസിലെ വേനലിലേക്ക് പറിച്ചുനടില്ലായിരുന്നല്ലോ?
ഭര്‍ത്താവിനെ ദൈവതുല്യനായി കാണുന്നവരാണ് എല്ലൂരിലെ സ്ത്രീകള്‍. ഹൈദരാബാദ് പോലുള്ള മെട്രോ നഗരങ്ങളില്‍ ദാമ്പത്യത്തിന് ആയുസ് കുറവാണെങ്കിലും ആന്ധ്രാപ്രദേശിലെ ഗ്രാമങ്ങളില്‍ ദാമ്പത്യത്തിന്റെ വിശുദ്ധി ഇന്നും കാത്തുസൂക്ഷിക്കുന്നു. താലി പൊട്ടിച്ചെറിഞ്ഞ് ദാമ്പത്യത്തിന് അറുതിവരുത്തി വീട്ടിലെത്തിയ വിജയലക്ഷ്മിയെ വീട്ടുകാര്‍ തള്ളിപ്പറഞ്ഞു. ഗ്രാമീണരും നികൃഷ്ടജീവിയെപ്പോലെയാണ് അവളെ കണ്ടത്. സ്ത്രീത്വത്തിന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച വിജയലക്ഷ്മി എത്തിച്ചേര്‍ന്നത് പെരുവഴിയിലാണ്.
ഒരു അമ്പലംപോലും അഭയമേറ്റാത്ത എല്ലൂരിലെ ചേരിയിലെ ചെമ്മണ്‍പാതയിലൊറ്റയ്ക്കു നിന്ന വിജയലക്ഷ്മിയുടെ മനസില്‍ അലകടല്‍ ഇരമ്പുകയായിരുന്നു. ഒന്നുകില്‍ ജീവിക്കുക. അല്ലെങ്കില്‍ ഗ്രാമഹൃദയത്തിലൂടെ പാഞ്ഞുപോകുന്ന തീവണ്ടിയുടെ പാളത്തില്‍ ചിതറിക്കിടക്കുക. മരിച്ചാലും ചമഞ്ഞുകിടക്കുക, ആനന്ദത്തിന്റെ കൊടുമുടിയില്‍ മരിക്കുക ഇതായിരുന്നു മരണത്തെക്കുറിച്ചുള്ള സ്മിതയുടെ കാഴ്ചപ്പാട്. കൈയും കാലും ഉടലും ചിതറി പാളത്തില്‍ ജീവിതം അവസാനിപ്പിക്കാന്‍ സ്മിത ഒരുക്കമല്ലായിരുന്നു. ഒരുപവന്റെ ആഭരണമായിരുന്നു ആകെയുള്ള സ്വത്ത്. മോതിരവും മാലയും. എല്ലൂരിലെ പണയമിടപാട് സ്ഥാപനത്തില്‍ ആഭരണങ്ങള്‍ പണയംവച്ച് ലഭിച്ച തുകകൊണ്ട് മദ്രാസിലേക്കുള്ള വണ്ടി കാത്തുനിന്ന വിജയലക്ഷ്മിയുടെ ജീവിതത്തില്‍ ക്യാമറ ഫോക്കസ് ചെയ്താല്‍ തുടര്‍ന്നുള്ള പ്രയാണം റെയില്‍വേ പാളങ്ങളിലൂടെയായിരുന്നുവെന്ന് കാണാം.
എല്ലൂരില്‍നിന്ന് മദ്രാസിലേക്കുള്ള തന്റെ പലായനത്തെ സ്മിത പറഞ്ഞതിങ്ങനെ...
''എല്ലൂരിലെ ആളൊഴിഞ്ഞ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ സ്വപ്നം മാത്രമായിരുന്നു ധൈര്യം പകര്‍ന്നത്. ഭര്‍ത്താവിന്റെ പീഡനത്തില്‍നിന്നും ഭര്‍തൃവീടെന്ന തടവറയില്‍നിന്നും രക്ഷപ്പെട്ടപ്പോള്‍ ഇനിയെന്തു ചെയ്യുമെന്ന് സ്വയം ചോദിച്ചു. പിറന്ന വീടും അന്യമായി. അടങ്ങാത്ത അഭിനയമോഹം അബോധമനസ്സില്‍ പതിഞ്ഞിരുന്നു. ഒരു നടിയാകണം. അറിയപ്പെടുന്ന നടി. ഇതായിരുന്നു സ്വപ്നം. ആ സ്വപ്നാടനമായിരുന്നു മദ്രാസിലെത്തിച്ചത്. ശ്രീദേവിയും അംബികയും, രാധികയും, സരിതയുമൊക്കെ അടക്കിഭരിക്കുന്ന തമിഴ്‌സിനിമയില്‍ എല്ലൂരിലെ പതിമൂന്നുകാരിയായ കറുത്ത പെണ്ണിന് എന്തു ചെയ്യാന്‍ കഴിയും എന്ന ചോദ്യം തികട്ടാതിരുന്നില്ല. എനിക്കും കഴിയും. എന്റെ ശരീരംകൊണ്ട് ഞാനത് സാധിക്കും. ഇതായിരുന്നു സ്വയം കണ്ടെത്തിയ ഊര്‍ജ്ജം.''
ഈ ഊര്‍ജ്ജതന്ത്രമാണ് കാതങ്ങള്‍ക്കകലെയുള്ള മദ്രാസില്‍ സ്മിതയെ എത്തിച്ചത്. എല്ലൂരില്‍നിന്നും മദ്രാസിലെത്തി സിനിമാരംഗത്ത് എക്‌സ്ട്രാ നടികളെ സപ്ലൈ ചെയ്യുന്ന അകന്ന ബന്ധത്തിലുള്ള മുത്തുലക്ഷ്മി എന്ന സ്ത്രീയുടെ വീട്ടില്‍ സ്മിത താമസമാക്കി. എക്‌സ്ട്രാ നടികള്‍ക്ക് ടച്ച് അപ്പ് ചെയ്തുകൊണ്ടായിരുന്നു സ്മിതയുടെ സിനിമാലോകത്തേക്കുള്ള പ്രവേശനം. നടികളെ ഒരുക്കുന്നതില്‍ പ്രത്യേക വിരുതുതന്നെ സ്മിത പ്രകടിപ്പിച്ചു. ഇതിനിടയില്‍ ചില ചിത്രങ്ങളില്‍ എക്‌സ്ട്രാ നടികളുടെ കൂട്ടത്തില്‍ നൃത്തമാടുകയും ചെയ്തു. എല്ലൂരില്‍നിന്നും മദ്രാസിലേക്ക് സിനിമാമോഹവുമായെത്തിയ മകള്‍ക്ക് എക്‌സ്ട്രാ നടിയായി സ്ഥാനക്കയറ്റം കിട്ടിയതറിഞ്ഞപ്പോള്‍ അമ്മ അന്നപൂര്‍ണ്ണയും മദ്രാസിലെത്തി. ഇതിനകം സ്മിത പാശ്ചാത്യ നൃത്തത്തില്‍ പ്രാവീണ്യം നേടിക്കഴിഞ്ഞിരുന്നു. അന്നപൂര്‍ണ്ണയുമൊത്ത് മദ്രാസിലെ സാലിഗ്രാമത്തിലെ പഴകിയ ഇരുനില വീടിന്റെ മുകള്‍ഭാഗത്ത് സ്മിത താമസമാക്കി.
അറിയാവുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരോടെല്ലാം മകളെ ശുപാര്‍ശ ചെയ്യണമെന്ന് അന്നപൂര്‍ണ്ണ അപേക്ഷിച്ചു. എക്‌സ്ട്രാ ആര്‍ട്ടിസ്റ്റുമാരുടെ കൂട്ടത്തില്‍ നന്നായി നൃത്തം ചെയ്യുന്ന സ്മിതയെ അക്കാലത്തെ പ്രശസ്ത തമിഴ് സംവിധായകന്‍ പ്രസാദ് ഗാന്ധി ശ്രദ്ധിച്ചു. സ്മിതയില്‍ ഒരു നടിയുടെ സാധ്യതകള്‍ അദ്ദേഹം കണ്ടു. അദ്ദേഹത്തിന്റെ ഔട്ട്ഹൗസില്‍ സ്മിത താമസം മാറ്റി. പ്രസാദ് ഗാന്ധിയുടെ ഭാര്യയാണ് തന്നെ ഇംഗ്ലീഷ് പഠിപ്പിച്ചതെന്ന് പിന്നീട് നന്ദിയോടെ സ്മിത പലവട്ടം പറഞ്ഞിട്ടുണ്ട്. പ്രസാദ്ഗാന്ധി ഒരു നൃത്താധ്യാപികയെ സ്മിതയെ ക്ലാസിക് നൃത്തം പഠിപ്പിക്കാന്‍ നിയോഗിച്ചു. അങ്ങനെ പാശ്ചാത്യ നൃത്തത്തോടൊപ്പം ക്ലാസിക്കിലും സ്മിതയ്ക്ക് അറിവു ലഭിച്ചു.
പ്രസാദ്ഗാന്ധിയുടെ ഔട്ട്ഹൗസിലെ എട്ടുമാസത്തെ വാസത്തിനു ശേഷം വീണ്ടും സാലിഗ്രാമത്തിലെ വീട്ടിലെത്തിയ സ്മിത വീണ്ടും മദ്രാസിലെ വേനലില്‍ മഴ കാക്കുന്ന വേഴാമ്പലിനെപ്പോലെ അവസരം കാത്തിരുന്നു. എല്ലൂരിലെ ഗ്രാമത്തില്‍നിന്നും മദ്രാസിലെത്തിയത് വെറുതെയായോ എന്ന് ആ കാലത്ത് പലവട്ടം സ്വയം ചോദിച്ചിട്ടുണ്ടെന്ന് സ്മിത പറഞ്ഞിട്ടുണ്ട്. പക്ഷേ ആത്മവിശ്വാസം കൈവിട്ടില്ല. വിജയലക്ഷ്മി സില്‍ക്ക് സ്മിതയാകാന്‍ ഏറെക്കാലം വേണ്ടിവന്നില്ല.
സാലിഗ്രാമത്തിലെ പഴയ ഇരുനില വീടിന്റെ മട്ടുപ്പാവില്‍ വച്ച് ആന്റണി ഈസ്റ്റ്മാന്‍ പകര്‍ത്തിയ എണ്ണക്കറുപ്പുള്ള മുഖം പിന്നീട് തെന്നിന്ത്യയിലെ വിസ്മയമായി മാറി. സില്‍ക്ക് സ്മിത- പേര് കേള്‍ക്കുമ്പോള്‍ തന്നെ യുവപ്രേക്ഷകരുടെ ചങ്കിടിപ്പ് കൂടുന്ന നാമധേയമായി. മദ്രാസിലുരുകിയ പെണ്‍മനസില്‍ വേനല്‍മഴ പെയ്തു. ആ മഴയില്‍ അവള്‍ തളിര്‍ത്തു.
ഒരാള്‍ക്ക് ഇന്നയാളായിത്തീരണമെന്ന് നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ അതു സംഭവിക്കും. അതിന് ചില നിമിത്തങ്ങളുണ്ടാകും. സ്മിതയുടെ മുന്നിലെത്തിയ നിമിത്തമായിരുന്നു ആന്റണി ഈസ്റ്റ്മാന്‍. സ്റ്റില്‍ ഫോട്ടോഗ്രാഫറെന്ന നിലയില്‍ പ്രശസ്തി നേടിയ ഈസ്റ്റ്മാന്‍ 'ഇണയെ തേടി' എന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നു. 'പശി'യിലൂടെ ദേശീയ അവാര്‍ഡ് നേടിയ ശോഭയെയാണ് നായികയായി ആദ്യം തീരുമാനിച്ചത്. ശോഭയുടെ അപ്രതീക്ഷിതമായ ആത്മഹത്യ ആന്റണി ഈസ്റ്റ്മാന്റെ പ്രതീക്ഷ തകിടം മറിച്ചു. ശോഭയ്ക്ക് പകരമൊരു മുഖത്തിനായി നിരവധി പേരെ ഇന്റര്‍വ്യൂ നടത്തി.
ഒരു വേശ്യയുടെ കഥയാണ് 'ഇണയെ തേടി'യിലെ പ്രമേയം. കേരളത്തിലെ നഗരങ്ങളില്‍ കാണുന്ന തരത്തിലുള്ള സ്വൈരിണിയുടെ മുഖം വേണം. ഇതിനായി പുതുമുഖ നടികളെ ഇന്റര്‍വ്യൂ നടത്തി. കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍, നോവലിസ്റ്റും ഡി.വൈ.എസ്.പി.യുമായ അബ്ദുള്‍ ഹമീദ് എന്നിവരായിരുന്നു ഈസ്റ്റ്മാനോടൊപ്പമുണ്ടായിരുന്ന ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍. ആര്‍ട്ടിസ്റ്റിന്റെ കാര്യത്തില്‍ പെര്‍ഫക്ടായിരിക്കണമെന്ന് ആന്റണി ഈസ്റ്റ്മാന് നിര്‍ബന്ധമുണ്ടായിരുന്നു. ഇരുപതോളം പേരെ ഇന്റര്‍വ്യൂ ചെയ്തു. പക്ഷേ അവരിലാരിലും 'ഇണയെ തേടി'യിലെ നായികയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രോജക്ട് മുന്നോട്ടു പോകാതെ വന്നു.
തമിഴിലെ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വഴിയാണ് അഭിനയ തല്പരയായ പെണ്‍കുട്ടി സാലിഗ്രാമത്തിലുണ്ടെന്ന് ഈസ്റ്റ്മാന്‍ അറിയുന്നത്. അങ്ങനെ അദ്ദേഹം വൈകുന്നേരത്തോടെ സാലിഗ്രാമത്തിലെത്തി. പഴയ ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലെത്തിയപ്പോള്‍ കണ്ടത് കറുത്ത് വിടര്‍ന്ന കണ്ണുകളുള്ള പെണ്‍കുട്ടി കസേരയില്‍ ഇരിക്കുന്നതാണ്. സംവിധായകനാണെന്നും പുതിയ സിനിമയിലെ നായികയെ തേടി ഇറങ്ങിയതാണെന്നും പറഞ്ഞിട്ടും പെണ്‍കുട്ടി എഴുന്നേറ്റില്ല. അമ്മ പുറത്തുപോയിരിക്കുകയാണെന്നും വന്നിട്ട് സംസാരിക്കമെന്നും പറഞ്ഞു. ഒടുവില്‍ അന്നപൂര്‍ണ്ണയെത്തി. ഈസ്റ്റ്മാന്‍ ക്യാമറയില്‍ പെണ്‍കുട്ടിയുടെ വിവിധ ഭാവങ്ങള്‍ പകര്‍ത്തി.
''സാര്‍ എന്നെ പിടിച്ചുതാ-'' ഫോട്ടോയെടുത്ത് മടങ്ങാന്‍ നേരം അവള്‍ ചോദിച്ചു. പിന്നെ അറിയിക്കാമെന്നുപറഞ്ഞ് ഈസ്റ്റ്മാന്‍ യാത്ര പറഞ്ഞിറങ്ങി.
പരിചയസമ്പന്നനായ ഫോട്ടോഗ്രാഫര്‍ക്ക് താന്‍ കണ്ട പുതിയ പെണ്‍കുട്ടിയുടെ മുഖം ഫോട്ടോജനിക്കാണെന്ന് മനസിലായി. അതുകൊണ്ട് പോകുന്നപോക്കില്‍തന്നെ പ്രിന്റ് എടുക്കാന്‍ കൊടുത്തു. ഇന്നത്തെപ്പോലെ അഞ്ചുമിനിറ്റിനുള്ളില്‍ പ്രിന്റ് ലഭിക്കുന്ന ഡിജിറ്റല്‍ യുഗമല്ല അത്. ഫോട്ടോയെടുത്ത് കഴിഞ്ഞാല്‍ കുറഞ്ഞത് മൂന്നുമണിക്കൂര്‍ കഴിഞ്ഞ് മാത്രമേ പ്രിന്റൗട്ട് ലഭിക്കുകയുള്ളൂ. അടുത്തുള്ള തിയേറ്ററില്‍ നിന്നുമൊരു സിനിമ കണ്ടതിനു ശേഷം. സ്റ്റുഡിയോയില്‍ തിരികെയെത്തി പ്രിന്റൗട്ട് വാങ്ങി. ഫോട്ടോയില്‍ നോക്കിയപ്പോള്‍ തന്റെ സിനിമയിലെ നായിക ജീവനോടെ മുന്നില്‍ നില്‍ക്കുന്നതായി ആന്റണി ഈസ്റ്റ്മാന് തോന്നി.
കാമം മയങ്ങുന്ന വലിയ കണ്ണുകള്‍, പുരുഷന്മാരെ ശരീരത്തിലേക്ക് വ്യംഗ്യമായി ആകര്‍ഷിക്കുന്ന ചിരി, ഉടലഴകിനും ചാരുതയേറെ. പുതിയൊരു നായിക മലയാളസിനിമയില്‍ ജനിക്കുകയായിരുന്നു. വിജയലക്ഷ്മി എന്ന പേര് വിജയമാല എന്നാക്കണമെന്നായിരുന്നു സ്മിതയുടെ ആഗ്രഹം. വൈജയന്തിമാല, വിജയനിര്‍മ്മല തുടങ്ങിയ നിരവധി താരങ്ങള്‍ ഉണ്ടെന്നും ആ പേര് വേണ്ടെന്നും ഈസ്റ്റ്മാന്‍ നിര്‍ദ്ദേശിച്ചു. സ്മിത എന്ന പേരാണ് നല്ലതെന്നു പറഞ്ഞപ്പോള്‍ പുതുമുഖനടിയുടെ കണ്ണുകള്‍ വിടര്‍ന്നു. അടുത്തയാഴ്ച പുറത്തിറങ്ങിയ നാനയടക്കമുള്ള അന്നത്തെ പ്രമുഖ സിനിമാപ്രസിദ്ധീകരണങ്ങളിലെല്ലാം 'ഇണയെ തേടി'യിലെ പുതിയ നായിക എന്ന തലക്കെട്ടോടെ സ്മിതയുടെ ഫോട്ടോയുണ്ടായിരുന്നു.
അടിമുടി പുതുമുഖങ്ങളുടെ ചിത്രമായിരുന്നു ഇണയെ തേടി. ആന്റണി ഈസ്റ്റ്മാന്‍ സംവിധാനം ചെയ്ത ആദ്യചിത്രം. ജോണ്‍പോള്‍ തിരക്കഥയെഴുതിയ ആദ്യചിത്രം. നായികാ നായകന്മാരാകട്ടെ കലാശാല ബാബുവും സ്മിതയും. ഇരുവരും പുതുമുഖങ്ങള്‍.
ആദ്യചിത്രത്തിലെ സ്മിതയുടെ അഭിനയത്തെക്കുറിച്ച് ഈസ്റ്റ്മാന്‍ ഓര്‍ത്തെടുത്തു.
''അഭിനയത്തിന്റെ ഒരു മാനറിസവും അറിഞ്ഞുകൂടാത്ത പെണ്‍കുട്ടിയായിരുന്നു സ്മിത. നടക്കാന്‍ പറഞ്ഞാല്‍ നടക്കും. സംഭാഷണസമയത്ത് ചുണ്ടനക്കും. ഞാന്‍ പറഞ്ഞതുപോലെ ബിഹേവ് ചെയ്യുക മാത്രമാണ് സ്മിത ചെയ്തത്. എനിക്കതു മതിയായിരുന്നു. എന്നാല്‍ കലാശാല ബാബുവിന്റെ പ്രകടനം എന്നെ വിസ്മയിപ്പിച്ചു. അക്കാലത്തെ മുന്‍നിര നായകനായി ബാബു മാറുമെന്ന് പ്രതീക്ഷിച്ചെങ്കിലും രണ്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞാണ് ബാബുവിന് സിനിമയില്‍ സജീവമാകാന്‍ കഴിഞ്ഞത്.
കലയും കച്ചവടവും കോര്‍ത്തിണക്കിയ സമാന്തര ചിത്രമായിരുന്നു 'ഇണയെ തേടി.' സ്മിതയുടെ നഗ്നത ചൂഷണം ചെയ്യാത്ത ചിത്രം. എന്നാല്‍ ഈ ചിത്രം പുറത്തിറങ്ങിയപ്പോള്‍ കച്ചവടതാല്പര്യത്തിനുവേണ്ടി വിതരണക്കാര്‍ ബിറ്റുകള്‍ തിരുകിക്കയറ്റി. ഔട്ട് ഓഫ് ഫോക്കസായി ചിത്രീകരിച്ച സീനുകള്‍ കൂട്ടിച്ചേര്‍ത്താണ് ചിത്രം രണ്ടാഴ്ച പ്രദര്‍ശിപ്പിച്ചത്. ഇതോടെ സെക്‌സ് ചിത്രം എന്ന ലേബല്‍ പതിപ്പിക്കപ്പെട്ടു. ഒടുവില്‍ ആന്റണി ഈസ്റ്റ്മാന്‍ ഇടപെട്ട് വിതരണക്കാരെ മാറ്റി. ജൂബിലി പ്രൊഡക്ഷന്‍സ് വിതരണം ഏറ്റെടുത്തു. ചിത്രം സാമ്പത്തികമായി രക്ഷപ്പെട്ടെങ്കിലും വന്‍ വിജയം നേടാന്‍ കഴിഞ്ഞില്ല. 1979-ലാണ് 'ഇണയെ തേടി' റിലീസ് ചെയ്തത്. ഈ ചിത്രം വന്‍ വിജയം നേടിയിരുന്നെങ്കില്‍ കലാശാല ബാബു നായകനിരയിലേക്ക് ഉയരുമായിരുന്നു.
ആയിരത്തി അഞ്ഞൂറു രൂപയായിരുന്നു 'ഇണയെ തേടി'യിലെ നായികാവേഷത്തിന് സ്മിതയ്ക്കു ലഭിച്ച ആദ്യത്തെ പ്രതിഫലം. പിന്നീട് മണിക്കൂറിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മാദകറാണിയായി സ്മിത വെള്ളിത്തിര അടക്കിവാണത് ചരിത്രം.
ആദ്യചിത്രത്തിലെ സംവിധായകനോടുള്ള കടപ്പാട് സ്മിത എന്നും മനസില്‍ സൂക്ഷിച്ചിരുന്നു. സ്‌നേഹത്തിന്റെയും നന്ദിയുടെയും നിറകുടമായിരുന്നു ഈ നടിയുടെ മനസെന്ന് പിന്നീട് പല സംഭവങ്ങളിലൂടെയും ആന്റണി ഈസ്റ്റ്മാന് മനസിലാക്കാന്‍ കഴിഞ്ഞു.
സ്മിത തരംഗമായി പടര്‍ന്ന കാലം. രജനീകാന്തിന്റെ 'മൂന്റ്‌റ് മുഖ'ത്തിന്റെ ഷൂട്ടിംഗ് എ.വി.എം. സ്റ്റുഡിയോയില്‍ നടക്കുന്നു. തന്റെ ചിത്രത്തിന്റെ ഡബ്ബിംഗുമായി ബന്ധപ്പെട്ട് ആന്റണി ഈസ്റ്റ്മാനും അവിടെയെത്തി. സ്മിത അവിടെയുണ്ടെന്നറിഞ്ഞ ഈസ്റ്റ്മാന്‍ മൂന്റ്‌റ് മുഖത്തിന്റെ സെറ്റിലെത്തി. തന്റെ ആദ്യ സംവിധായകനെ കണ്ടപാടേ സ്മിത ഓടിയെത്തി കൈകൂപ്പി. ചായയും പലഹാരങ്ങളും നല്‍കി സല്‍ക്കരിച്ചു. അതിനകം അഹങ്കാരിയെന്ന് മുദ്രകുത്തപ്പെട്ടുകഴിഞ്ഞ സ്മിതയുടെ പെരുമാറ്റം കണ്ട് രജനീകാന്തടക്കം സെറ്റിലുള്ളവര്‍ അന്തംവിട്ടു.
ആന്റണി ഈസ്റ്റ്മാനും കലൂര്‍ ഡെന്നീസും ചേര്‍ന്ന് 'സണ്‍ഡേ 7 പി.എം.' എന്ന ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഷാജി കൈലാസായിരുന്നു സംവിധായകന്‍. നായകന്‍ സായികുമാര്‍. ഇരുവര്‍ക്കും അന്ന് മാര്‍ക്കറ്റില്ലായിരുന്നു. റാംജിറാവു സ്പീക്കിംഗിനു ശേഷം സോളോ ഹിറ്റ് നല്‍കാന്‍ സായ്കുമാറിന് കഴിഞ്ഞിരുന്നില്ല. സ്മിതയുടെ ഡേറ്റ് കിട്ടിയാല്‍ വിതരണക്കാരെ ലഭിക്കാന്‍ പ്രയാസമില്ലെന്ന് ഡെന്നീസ് പറഞ്ഞു. ഇതനുസരിച്ച് ആന്റണി ഈസ്റ്റ്മാന്‍ ചെന്നൈയിലെ പടുകൂറ്റന്‍ വാടകവീട്ടിലെത്തി സ്മിതയെ കണ്ടു.
''സാര്‍ സിനിമ തുടങ്ങിക്കോളൂ. എപ്പോള്‍ വരണമെന്ന് പറഞ്ഞാല്‍ മതി ഞാനങ്ങെത്തും.''- ഇതായിരുന്നു സ്മിതയുടെ മറുപടി.
''എത്രയാണ് പ്രതിഫലം-''
ഈസ്റ്റ്മാന്‍ ചോദിച്ചു.
''എനിക്ക് ഒരു രൂപപോലും വേണ്ട. സാറ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കേണ്ടത് എന്റെ കടമയാണ്.''
പൊന്നിന്റെ വിലയുള്ള താരത്തിന്റെ എളിമയ്ക്കു മുന്നില്‍ താന്‍ അത്ഭുതപ്പെട്ടു പോയ നിമിഷമായിരുന്നു അതെന്ന് ആന്റണി ഈസ്റ്റ്മാന്‍ പറഞ്ഞു. രണ്ട് ചിത്രത്തില്‍ അഭിനയിച്ചു കഴിഞ്ഞാല്‍ കൈപിടിച്ചുയര്‍ത്തിയവരെ മറക്കുന്നവരാണ് ഇന്നത്തെ താരങ്ങള്‍. പക്ഷേ ഇവരില്‍നിന്നും വേറിട്ടു നില്‍ക്കുന്ന വ്യക്തിത്വം സ്മിത കാത്തുസൂക്ഷിച്ചിരുന്നു. പ്രശാന്ത് ഗാന്ധിയെയും ആന്റണി ഈസ്റ്റ്മാനെയും ഗുരുതുല്യരായിട്ടാണ് സ്മിത കണ്ടിരുന്നത്.
ഒരു കുടുംബിനിയുടെ വേഷത്തില്‍ അഭിനയിക്കണമെന്ന് മാദകറാണി എന്ന് ചാപ്പകുത്തിക്കഴിഞ്ഞ കാലത്ത് സ്മിത ആഗ്രഹിച്ചിരുന്നുവെന്ന് ആന്റണി ഈസ്റ്റ്മാന്‍ പറഞ്ഞു. അത്തരമൊരു ചിത്രം പ്ലാന്‍ ചെയ്യാനും സ്മിത ആവശ്യപ്പെട്ടു. സ്മിതയുടെ ഇമേജ് പൊളിച്ചെഴുതി പരീക്ഷണചിത്രമൊരുക്കാന്‍ കഴിയാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും ഈസ്റ്റ്മാന്‍ വെളിപ്പെടുത്തി.
കാബറേ ഡാന്‍സര്‍, വേശ്യ എന്നിങ്ങനെ പുരുഷനെ പ്രലോഭിപ്പിക്കുന്ന വേഷങ്ങളില്‍നിന്നും പുറത്തുകടക്കാനുള്ള സ്മിതയുടെ ശ്രമം പരാജയപ്പെട്ടു. എല്ലാവരും അവളോട് ആവശ്യപ്പെട്ടത് തുണിയുരിയാനാണ്. മാറിടത്തിന്റെ അളവും പൊക്കിള്‍ച്ചുഴിയുടെ വ്യാസവും തുടയുടെ തുമ്പിക്കൈ അഴകും നിതംബങ്ങളുടെ താളംതുള്ളലും പ്രേക്ഷകരെ കാണിക്കുകയായിരുന്നു സ്മിതയുടെ നിയോഗം. അതിന് സ്മിത വഴങ്ങി. തെന്നിന്ത്യയിലെ കിരീടം വയ്ക്കാത്ത മാദകരാജ്ഞിയായി പ്രയാണം തുടര്‍ന്നു
നടന്മാര്‍ക്കൊപ്പം വിശേഷണ നാമധേയം കൂട്ടിച്ചേര്‍ക്കുന്ന രീതി മലയാളസിനിമയ്ക്ക് പുത്തരിയല്ല. ക്യാപ്റ്റന്‍ രാജു മുതല്‍ ഹരിശ്രീ അശോകന്‍ വരെ നീണ്ട പട്ടിക തന്നെയുണ്ട്. തമിഴില്‍ അതിശയോക്തികരമായ വിശേഷണങ്ങളാണ് നായകന്മാര്‍ക്ക് ചേര്‍ക്കാറുള്ളത്. എം.ജി.ആറിനെ ഏഴൈ തോഴനെന്നും ശിവാജി ഗണേശനെ നടികര്‍ തിലകമെന്നും കമലാഹാസനെ സകലകലാ വല്ലഭനെന്നും രജനീകാന്തിനെ സ്‌റ്റൈല്‍ മന്നനെന്നും വിജയിനെ ചിന്നദളപതിയെന്നും വിശേഷിപ്പിക്കുന്നു. അത്യുക്തി വിശേഷണം തമിഴ് പ്രേക്ഷകരുടെ ശീലമാണ്. എന്നാല്‍ തമിഴില്‍ ആദ്യമായാണ് അഭിനയിച്ച ഒരു കഥാപാത്രത്തിന്റെ പേര് നടിയുടെ പേരിനൊപ്പം കൂട്ടിച്ചേര്‍ക്കുന്നത്. ഈ അഭിമാനം സ്മിതയ്ക്ക് മാത്രം സ്വന്തം. കെ. വിജയന്‍ സംവിധാനം ചെയ്ത 'വണ്ടിച്ചക്രം' എന്ന സമാന്തര ചിത്രത്തില്‍ സില്‍ക്ക് എന്ന കഥാപാത്രത്തെ അവരിപ്പിച്ചതിലൂടെയാണ് സ്മിത സില്‍ക്ക് സ്മിതയായത്. 1979-ലാണ് വണ്ടിച്ചക്രം റിലീസ് ചെയ്തത്. 'ഇണയെ തേടി' റിലീസ് ചെയ്തത് 1979 മാര്‍ച്ച് മാസത്തിലായിരുന്നെങ്കില്‍ സെപ്റ്റംബറിലാണ് 'വണ്ടിച്ചക്രം' തിയേറ്ററുകളിലെത്തിയത്.
വിനുചക്രവര്‍ത്തി തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രത്തില്‍ ശിവകുമാറും സരിതയുമായിരുന്നു മുഖ്യവേഷങ്ങള്‍ ചെയ്തത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ 'വണ്ടിച്ചക്ര'ത്തില്‍ സില്‍ക്ക് എന്ന മാദകസുന്ദരിയെ തേടി വിജയന്‍ നടത്തിയ യാത്ര സ്മിതയുടെ സാലിഗ്രാമത്തിലെ വസ്തിയിലെത്തിച്ചേര്‍ന്നതും യാദൃശ്ചികമായിട്ടാണ്. സ്മിതയെ ദത്തെടുത്ത് നൃത്തവും ഇംഗ്ലീഷും പഠിപ്പിച്ച പ്രശാന്ത് ഗാന്ധിയാണ് വിജയനോട് സ്മിതയെ റെക്കമന്റ് ചെയ്യുന്നത്. അതനുസരിച്ച് വിജയന്‍ സ്മിതയെ കണ്ടു. എന്നാല്‍ മേക്കപ്പൊന്നുമിടാതെ മുട്ടോളമെത്തുന്ന പാവാടയും ബ്ലൗസുമണിഞ്ഞ് നില്‍ക്കുന്ന സ്മിതയില്‍ സില്‍ക്കിനെ സങ്കല്‍പ്പിക്കാന്‍ വിജയന് കഴിഞ്ഞില്ല. ഈ അവസരത്തിലാണ് നാനയടക്കമുള്ള സിനിമാ വാരികകളില്‍ 'ഇണയെത്തേടി'യിലെ നായികയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള സ്മിതയുടെ ഫോട്ടോ വന്നത്. ഈ ഫോട്ടോകള്‍ പ്രശാന്ത് ഗാന്ധി വിജയന്റെ ശ്രദ്ധയില്‍ പെടുത്തി. നേരിട്ട് കണ്ടതിനപ്പുറം ഫോട്ടോജനിക്കും സിനിമാറ്റിക്കുമായ മുഖവും ശരീരസൗന്ദര്യവും സ്മിതയ്ക്കുണ്ടെന്ന് മനസിലായതപ്പോഴാണ്. പിന്നെ മറ്റൊന്നും ചിന്തിക്കാതെ 'വണ്ടിച്ചക്ര'ത്തിലെ ഉപനായികയാവാന്‍ സ്മിതയെ ക്ഷണിക്കുകയായിരുന്നു.
കുടുംബനായകന്‍ എന്ന വിശേഷിപ്പിക്കപ്പെട്ടിരുന്ന ശിവകുമാറിന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങിക്കൊണ്ടിരുന്നപ്പോഴാണ് വണ്ടിച്ചക്രം റിലീസ് ചെയ്യുന്നത്. ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായി. പിന്നീട് സിന്ധുഭൈരവിവരെ ശിവകുമാറിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. സ്മിതയുടെ ശരീരസൗന്ദര്യം നന്നായി ചൂഷണം ചെയ്തതാണ് വണ്ടിച്ചക്രത്തിന്റെ വന്‍ വിജയത്തിനു കാരണം. ഈ ചിത്രത്തില്‍ അടിവസ്ത്രം മാത്രം ധരിച്ചുള്ള സ്മിതയുടെ രംഗങ്ങള്‍ ധാരാളമുണ്ട്. സുതാര്യമായ അടിവസ്ത്രത്തിനിടയിലൂടെ സ്മിതയുടെ തുടുത്ത നിതംബങ്ങള്‍ പ്രേക്ഷകരുടെ കണ്ണുകളെ വിരുന്നൂട്ടി. ശരീരംകൊണ്ട് വെള്ളിത്തിരയില്‍ വിഭവസമൃദ്ധമായ സദ്യതന്നെയാണ് 'വണ്ടിച്ചക്ര'ത്തില്‍ സ്മിത പ്രേക്ഷകര്‍ക്കായി ഒരുക്കിയത്.
വണ്ടിച്ചക്രത്തെക്കുറിച്ച് നിരൂപണമെഴുതിയവര്‍ സ്മിതയുടെ ശരീരസൗന്ദര്യത്തെയും സില്‍ക്കിനോടാണ് വിശേഷിപ്പിച്ചത്. കഥാപാത്രത്തിന്റെ പേരുപോലെതന്നെയാണ് സ്മിതയുടെ മേനിയെന്നാണ് തമിഴില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനുള്ള കുങ്കുമം വാരിക വിശേഷിപ്പിച്ചത്. സില്‍ക്ക് സ്മിതയെന്ന് തമിഴ് പ്രേക്ഷകര്‍ ആരാധനയോടെ വിളിക്കാന്‍ തുടങ്ങിയതോടെ എല്ലൂരില്‍നിന്നും ജീവിതം കെട്ടിപ്പടുക്കാനായി മദ്രാസിലെത്തിയ വിജയലക്ഷ്മിയുടെ ജാതകം മാറ്റിയെഴുതപ്പെട്ടു.
ഭാരതി രാജയുടെ വണ്ടിച്ചക്രത്തിനു ശേഷം റിലീസ് ചെയ്ത 'അലൈയ്കള്‍ ഓയ്‌വതില്ലൈ' വന്‍ വിജയം നേടിയതോടെ സില്‍ക്ക്‌സ്മിത ഭാഗ്യനായികയായി. പില്‍ക്കാലത്ത് തമിഴ്‌സിനിമയില്‍ സൂപ്പര്‍താരങ്ങളായ കാര്‍ത്തിക്കിന്റെയും രാധയുടെയും ആദ്യ ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തില്‍ നെഗറ്റീവ് റോള്‍ ചെയ്ത ത്യാഗരാജന്റെ ഭാര്യയുടെ വേഷമായിരുന്നു സില്‍ക്ക് സ്മിത ചെയ്തത്. ഗ്ലാമറിന്റെ ലാഞ്ചനപോലുമില്ലാതെ അഭിനയ സാധ്യതയുള്ള വേഷമായിരുന്നു ഈ ചിത്രത്തില്‍.
1982-ല്‍ റിലീസ് ചെയ്ത ബാലുമഹേന്ദ്രയുടെ മൂന്നാംപിറയിലൂടെ തെന്നിന്ത്യയിലെ ഹോട്ട്‌ഗേളായി സില്‍ക്ക്‌സ്മിത മാറി. അല്പവസ്ത്രധാരിണിയായി കമലഹാസനുമായി രതിനൃത്തമാടിയ സില്‍ക്കിനെ പ്രേക്ഷകര്‍ ഹര്‍ഷാരവത്തോടെ ആനന്ദനൃത്തമാടിയാണ് സ്വീകരിച്ചത്. ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ആക്ട്രസ് എന്നാണ് മൂന്നാംപിറയ്ക്കു ശേഷം കമലഹാസന്‍ സ്മിതയെ വിശേഷിപ്പിച്ചത്. മൂന്നാംപിറയുടെ ഹിന്ദി പതിപ്പും സൂപ്പര്‍ ഹിറ്റായതോടെ ഇന്ത്യാ ടുഡേയില്‍ സ്മിതയുടെ അഭിമുഖം പ്രസിദ്ധീകരിച്ചു. സെന്‍സിറ്റീവായ വേഷമണിഞ്ഞ് നൃത്തരംഗത്തില്‍ അഭിനയിച്ചത് ശരിയാണോ എന്ന ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടറുടെ ചോദ്യത്തോട് സില്‍ക്ക് സ്മിത പ്രതികരിച്ചതിങ്ങനെ...
''കന്യകാത്വത്തെക്കുറിച്ച് വീമ്പുപറയാന്‍ ഞാനാളല്ല. കൗമാരസ്വപ്നങ്ങള്‍ കണ്ടു തുടങ്ങുന്നതിന് മുമ്പ് കന്യകാത്വം നഷ്ടപ്പെട്ടവളാണ് ഞാന്‍. എന്റെ സ്ത്രീത്വത്തെ അപമാനിച്ച ഭര്‍ത്താവിനെ ഉപേക്ഷിക്കുമ്പോള്‍ എന്റെ മുന്നിലുണ്ടായിരുന്നത് രണ്ടു വഴിയായിരുന്നു. ഒന്നുകില്‍ മരിക്കുക. അല്ലെങ്കില്‍ ജീവിക്കുക.'' ഒരു കലാകാരിയായി ജീവിക്കാന്‍ ഞാനാഗ്രഹിച്ചു. ഒരു പുരുഷനെ മയക്കുന്ന സ്ത്രീയുടെ റോളായിരുന്നു മൂന്നാംപിറയില്‍ ഞാന്‍ ചെയ്ത്. അതിനനുസരിച്ചുള്ള വേഷം ചെയ്തു. അത്രമാത്രം.''
തന്നെ സിനിമാരംഗത്തേക്ക് കൊണ്ടുവന്ന ആന്റണി ഈസ്റ്റ്മാനെ ഈ അഭിമുഖത്തില്‍ സ്മിത അനുസ്മരിച്ചു. ഈസ്റ്റ്മാന്റെ 'വയല്‍' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നുണ്ടായിരുന്നു. ഇതില്‍ സ്മിതയ്ക്കും വേഷമുണ്ടായിരുന്നു. സ്മിതയുടെ അഭിമുഖത്തോടൊപ്പം ആന്റണി ഈസ്റ്റ്മാനെക്കുറിച്ചുള്ള സൈഡ് ലൈറ്റ് സ്‌റ്റോറിയും ഇന്ത്യാ ടുഡേയില്‍ പ്രസിദ്ധീകരിച്ചു.
കമലഹാസന്റെ സകലകലാവല്ലഭന്‍, രജനീകാന്തിന്റെ മൂന്റ് മുഖം തുടങ്ങിയ ചിത്രങ്ങള്‍ തെന്നിന്ത്യയാകെ സൂപ്പര്‍ഹിറ്റായി. ഈ രണ്ടു ചിത്രങ്ങളുടെ വിജയത്തിനു പിന്നിലും സില്‍ക്ക് സ്മിതയുടെ ശരീരസൗന്ദര്യ ശാസ്ത്രമുണ്ടായിരുന്നു. ഇതോടെ തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയിലും സ്മിതയ്ക്ക് ഡിമാന്റായി. ചിരഞ്ജീവിയുടെ മെഗാഹിറ്റ് ചിത്രമായ 'കൈദി'യിലൂടെയാണ് സില്‍ക്ക് സ്മിത തെലുങ്കില്‍ സെന്‍സേഷനാകുന്നത്. ചിരഞ്ജീവി സൂപ്പര്‍ സ്റ്റാര്‍ പദവി അരക്കിട്ടുറപ്പിച്ച ചിത്രമായിരുന്നു കൈദി. മൂന്നാംപിറയെ വെല്ലുന്ന ഐറ്റം നമ്പര്‍ ഡാന്‍സാണ് സ്മിത ഈ ചിത്രത്തില്‍ ചെയ്തത്.
സാധന, ജയമാലിനി തുടങ്ങിയ പൂര്‍വികരായ മാദകനടികളോളം സൗന്ദര്യമില്ലാത്ത സില്‍ക്ക് സ്മിത ഉടലഴകുകൊണ്ട് പ്രേക്ഷകരെ ആനന്ദനൃത്തമാടിച്ചതിനെപ്പറ്റി നിരൂപര്‍ ഏറെ എഴുതിയിട്ടുണ്ട്. കേരളത്തില്‍ ഷൂട്ടിംഗിനെത്തിയ സില്‍ക്ക് സ്മിതയെ കാണാന്‍ പ്രതീക്ഷയോടെ പോയ അന്നത്തെ യുവകവി (ഇന്നദ്ദേഹം അമ്പതുകഴിഞ്ഞ വൃദ്ധ കവിയാണ്) സ്മിതയെ കണ്ടിട്ട് ഈ കറുത്ത പെണ്ണാണോ സില്‍ക്ക് സ്മിതയെന്നു ചോദിച്ചത് വാര്‍ത്തയായിരുന്നു. പുച്ഛത്തിലുള്ള ചിരിയായിരുന്നു കവിക്ക് സ്മിത നല്‍കിയ മറുപടി.
എണ്ണക്കറുപ്പ് നിറമുള്ള സ്മിതയുടെ ശരീരം എങ്ങനെ പ്രേക്ഷകര്‍ക്ക് ഹരമായി എന്ന ചോദ്യത്തിന് ഉത്തരം മൂന്നാണ്. നടനവൈഭവത്തില്‍ മറ്റ് മാദകനടികളെ അപേക്ഷിച്ച് സ്മിത പുലര്‍ത്തിയ മികവാണ് ഒന്നാമത്തെ ഉത്തരം. വെറുമൊരു മാദകനടിക്കപ്പുറം
നല്ലൊരു അഭിനേത്രി കൂടിയാണ് സ്മിത. ജയഭാരതിയെപ്പോലെ മുഖഭാവംകൊണ്ട് ലൈംഗികചിന്ത ഉണര്‍ത്താന്‍ സ്മിതയ്ക്കുള്ള കഴിവാണ് രണ്ടാമത്തെ ഉത്തരം. ഉടലഴകിന്റെ വശ്യത മൂന്നാമത്തെ ഉത്തരം. പൂവുപോലെ വിടര്‍ന്ന പൊക്കിള്‍ച്ചുഴിയും ഞൊറിയിട്ട അണിവയറും കനത്ത തുടകളും സ്മിതയുടെ കറുത്ത നിറത്തിന് അഴകുകൂട്ടുന്നു. സുന്ദരികളായ അനുരാധനയും ഡിസ്‌കോശാന്തിയും കനത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടും സില്‍ക്ക് സ്മിതയുടെ താരമൂല്യത്തിന് തെല്ലും ഇടിവ് സംഭവിക്കാത്തത് ഈ മൂന്നു കാരണങ്ങള്‍കൊണ്ടാണ്. ഒരു തമിഴ്‌സിനിമയുടെ സെറ്റില്‍ വച്ച് സ്മിത കടിച്ചെറിഞ്ഞ ആപ്പിളും വിയര്‍പ്പ് തുടച്ച ടൗവലും വന്‍ തുകയ്ക്ക് ലേലത്തില്‍ പോയത് ഈ നടിയോടുള്ള പ്രേക്ഷകരുടെ ആരാധന ഭ്രാന്തായതിന്റെ തെളിവാണ്.
തമിഴ്‌സിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരു നടിയുടെ പേരില്‍ സിനിമയിറങ്ങിയതിന്റെ റെക്കോഡും സില്‍ക്ക് സ്മിതയുടെ പേരിലാണ്. 1983-ല്‍ പുറത്തിറങ്ങിയ 'സില്‍ക്ക് സില്‍ക്ക് സില്‍ക്ക്' എന്ന മസാലപ്പടം സില്‍ക്ക് സ്മിതയുടെ നഗ്നതാ പ്രദര്‍ശനം കൊണ്ട് വിവാദമായി. സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക ക്രൂരമായ വിധത്തില്‍ വെട്ടി വികൃതമാക്കിയ ശേഷമാണ് ഈ ചിത്രം തിയേറ്ററിലെത്തിയത്. ഇതില്‍ സ്മിത അര്‍ദ്ധനഗ്നയായി അഭിനയിക്കുന്നു എന്ന് വാര്‍ത്ത പരന്നിരുന്നു. ഈ സീനുകളെല്ലാം സെന്‍സര്‍ ബോര്‍ഡ് എഡിറ്റ് ചെയ്‌തെങ്കിലും തമിഴ്‌നാട്ടിലും കേരളത്തിലും ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. നേര്‍ത്ത ബിക്കിനിയിലും ടൂ പീസിലും സ്മിത നീന്തിത്തുടിക്കുന്ന രംഗങ്ങളായിരുന്നു ഇതിന്റെ ഹൈലൈറ്റ്.
1980 മുതല്‍ 85 വരെ തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച നടി എന്ന വിശേഷണം സില്‍ക്ക് സ്മിത സ്വന്തമാക്കി. തമിഴിലും തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലും കന്നടത്തിലുമായി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ ഈ കാലയളവില്‍ സില്‍ക്ക് സ്മിത അഭിനയിച്ചു. ഒരു നൃത്തത്തിന് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഇന്ത്യയിലെ മാദകനടി എന്ന വിശേഷണവും സില്‍ക്ക് സ്വന്തമാക്കി.
ഇതിനിടയില്‍ സ്മിതയുടെ ജീവിതത്തിന്റെ പാളം തെറ്റി. വളരെ സിനിമാറ്റിക്കായൊരു ടേണിംഗ് പോയിന്റായിരുന്നു സ്മിതയുടെ ജീവിതത്തെ തകര്‍ത്തത്. എല്ലൂര്‍ ഗ്രാമം സ്മിതയ്ക്കു നല്‍കിയത് ദുഃഖങ്ങളും എതിര്‍പ്പിനുള്ള കരുത്തുമാണ്. ദുഃഖത്തിന് കൂട്ടുകിടക്കാതെ സ്മിത എതിര്‍പ്പിന്റെ പാഠഭേദങ്ങള്‍ കണ്ടെത്തുകയും അതില്‍ വിജയിക്കുകയും ചെയ്തു.
അന്നപൂര്‍ണയായിരുന്നു സ്മിതയുടെ ഡേറ്റുകള്‍ കൈകാര്യം ചെയ്തിരുന്നത്. അമ്മയുടെ എല്ലാ സ്വാതന്ത്ര്യവും അന്നപൂര്‍ണ സ്മിതയുടെ മേല്‍ ചെലുത്തിയിരുന്നു. തമിഴ് നായികമാരെല്ലാം മാനേജരെ വച്ചാണ് കാര്യങ്ങള്‍ നീക്കുന്നത്. സ്മിതയും മാനേജരെ വയ്ക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഡോ. രാധാകൃഷ്ണന്‍ സ്മിതയുടെ മാനേജരായി. ഇയാളുടെ പശ്ചാത്തലം സ്മിതയ്ക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. രാധാകൃഷ്ണനെ മാനേജരാക്കിയതിനു പിന്നിലെ രഹസ്യമെന്തെന്ന് സ്മിത ആരോടും വെളിപ്പെടുത്തിയില്ല.
സ്മിതയ്‌ക്കൊപ്പം സെറ്റില്‍ പോയിരുന്നത് അന്നപൂര്‍ണയായിരുന്നു. സ്മിതയുടെ പ്രതിഫലം കര്‍ക്കശമായി വാങ്ങിയിരുന്നതും അമ്മയാണ്. രാധാകൃഷ്ണന്‍ മാനേജരായ ശേഷം അന്നപൂര്‍ണയെ സ്മിത സെറ്റില്‍നിന്നും ഒഴിവാക്കി. സെറ്റില്‍ അന്നപൂര്‍ണ ചില പ്രശ്‌നങ്ങളുണ്ടാക്കിയതായിരുന്നു കാരണം. ചലഞ്ച് എന്ന തെലുങ്ക് ചിത്രത്തിന്റെ സെറ്റില്‍വച്ച് ഭക്ഷണം മോശമാണെന്നു പറഞ്ഞ് അന്നപുര്‍ണ സംവിധായകനെയും പ്രൊഡക്്ഷന്‍ കണ്‍ട്രോളറെയും തെറി വിളിക്കുകയുണ്ടായി. അതോടെ സ്മിതയുടെ അമ്മ പ്രശ്‌നക്കാരിയാണെന്ന് ഫിലിം ഇന്‍ഡസ്ട്രിയില്‍ സംസാരവിഷയമായി. ഇതാണ് മാനേജരെ വയ്ക്കാന്‍ നിര്‍ബന്ധിതയാക്കിയതെന്ന് സ്മിത അടുപ്പമുള്ളവരോട് പറഞ്ഞു. സ്മിത പോകുന്ന സെറ്റിലെല്ലാം നിഴല്‍പോലെ രാധാകൃഷ്ണനും ഉണ്ടായിരുന്നു. കുലീനത നിറഞ്ഞ പെരുമാറ്റവും സൗമ്യതയും രാധാകൃഷ്ണന്റെ മുഖമുദ്രയായിരുന്നു. ഷൂട്ടിംഗ് കഴിയുമ്പോള്‍ രാധാകൃഷ്ണനും സ്മിതയും ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നത്. തന്റെ കരിയറും ജീവിതവും സ്മിത രാധാകൃഷ്ണന് വിട്ടുകൊടുക്കുന്നത് പലരും വിലക്കി. ഒരുഘട്ടത്തില്‍ ഗുരുതുല്യനായ ആന്റണി ഈസ്റ്റ്മാനുതന്നെ ഇക്കാര്യത്തില്‍ സ്മിതയെ ഉപദേശിക്കേണ്ടി വന്നു.
നിന്റേതായി എന്തെങ്കിലും സമ്പാദിക്കണം. കുറഞ്ഞത് 25 ലക്ഷം രൂപയും ചെറിയ വീടുമെങ്കിലും. ശരീരത്തില്‍ പ്രായത്തിന്റെ ചുളിവുകള്‍ വീണാല്‍ സില്‍ക്ക് സ്മിത എന്ന നടിയുടെ അഭിനയജീവിതത്തിന് അന്ത്യം സംഭവിക്കും'' - ഇതായിരുന്നു ആന്റണി ഈസ്റ്റ്മാന്റെ ഉപദേശം.
തന്റെ സമ്പാദ്യം മുഴുവന്‍ രാധാകൃഷ്ണന്റെ പേരിലാണെന്ന് അന്ന് സ്മിത വെളിപ്പെടുത്തി. അപ്പോള്‍ ആ മുഖം വിളറിയിരുന്നുവെന്ന് ഈസ്റ്റ്മാന്‍ ഓര്‍ത്തു.
അനാഥത്വം മനസിലേല്‍പ്പിച്ച നൊമ്പരച്ചിറകടികളാണ് രാധാകൃഷ്ണനില്‍ രക്ഷകനെ കണ്ടെത്താന്‍ സ്മിതയെ പ്രേരിപ്പിച്ചത്. രാധാകൃഷ്ണനുമായുള്ള ബന്ധം അതിരുകടന്നതറിഞ്ഞപ്പോള്‍ അന്നപൂര്‍ണയും സ്മിതയും തമ്മില്‍ വഴക്കായി. അമ്മ തന്റെ കാര്യത്തില്‍ ഇടപെടരുതെന്ന് സ്മിത തറപ്പിച്ചുപറഞ്ഞത് അന്നപൂര്‍ണയ്ക്ക് ഷോക്കായി. ഒടുവില്‍ അന്നപൂര്‍ണ താന്‍ ഒളിപ്പിച്ചുവച്ച സത്യം സ്മിതയോട് വെളിപ്പെടുത്തി.
എല്ലൂരിലെ ഗ്രാമത്തില്‍ ഒരു സ്ത്രീ പിഴച്ചുപെറ്റ പെണ്ണാണ് സ്മിത. സ്മിതയെ പ്രസവിച്ച ശേഷം അവര്‍ ഒരുമുഴം കയറില്‍ ജീവിതം അവസാനിപ്പിച്ചു. ഗ്രാമത്തിലെ നാലും കൂടിയ കവലയില്‍ ആ സ്ത്രീ തൂങ്ങിനിന്നാടി. അനാഥയായ പെണ്‍കുഞ്ഞിനെ ആത്മഹത്യ ചെയ്ത അവളുടെ അമ്മയുടെ ബന്ധുക്കളുടെ സമ്മതത്തോടെ അന്നപൂര്‍ണ എടുത്തുവളര്‍ത്തി. മാനം തകര്‍ന്ന സ്മിതയുടെ അമ്മയുടെ കുടുംബം ഗ്രാമം വിടുകയും ചെയ്തു.
അന്നപൂര്‍ണ തന്റെ പെറ്റമ്മയല്ല പോറ്റമ്മയാണെന്ന സത്യം സ്മിതയെ അടിമുടി തകര്‍ത്തു. അതുവരെ സ്മിത അമിതമായി മദ്യപിച്ചിരുന്നില്ല. പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍ ഒരു ഗ്ളാസ് ബിയറോ, വൈനോ കഴിക്കുമെന്ന് മാത്രം. വീട്ടില്‍ ഡേറ്റ് ചോദിച്ചെത്തുന്ന നിര്‍മാതാക്കളെയും സംവിധായകരെയും സല്‍ക്കരിക്കാന്‍ വിലകൂടിയ മദ്യം സൂക്ഷിക്കാറുണ്ടായിരുന്നു. താന്‍ അനാഥയാണെന്ന സത്യം മനസിലാക്കിയ ദിവസം സ്മിത അമിതമായി മദ്യപിച്ചു. മദ്യലഹരിയില്‍ സ്വയം കാറോടിച്ച് സാലി ഗ്രാമത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച സ്മിതയെ പോലീസ് അറസ്റ്റ് ചെയ്തതും രാധാകൃഷ്ണന്‍ ജാമ്യത്തിലിറക്കിയതും പ്രമുഖ തമിഴ് പത്രങ്ങളിലെല്ലാം എക്‌സക്ളൂസീവ് വാര്‍ത്തയായി.
ഈ സംഭവത്തിനു ശേഷം സ്മിതയ്ക്ക് ജീവിതം വഴുതിപ്പോവുകയായിരുന്നു. മദ്യലഹരിയില്‍ ഉള്ളിലെ മുറിവിനെ ഉണക്കാന്‍ വൃഥാ ശ്രമിച്ചു. സെറ്റുകളില്‍ മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങി. രാധാകൃഷ്ണന്റെ സാന്നിധ്യമായിരുന്നു ഏക ആശ്വാസം.
കിട്ടുന്ന പ്രതിഫലത്തില്‍ ഭൂരിഭാഗവും രാധാകൃഷ്ണന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന്റെ അപകടം മനസിലാക്കിയ അന്നപൂര്‍ണ സ്മിതയെ അതില്‍നിന്നും തടയാന്‍ ശ്രമിച്ചു. എന്നാല്‍ പോറ്റമ്മ തന്റെ കാര്യത്തില്‍ ഇടപെടരുതെന്നും വീട്ടില്‍ നിന്നും ഇറങ്ങിപ്പോകണമെന്നുമായിരുന്നു സ്മിത ആവശ്യപ്പെട്ടത്. അന്നപൂര്‍ണ കണ്ണീരോടെ സാലിഗ്രാമത്തിലെ സ്മിതയുടെ കൂറ്റന് വാടകക്കെട്ടിടത്തില്‍ നിന്നിറങ്ങി. പെറ്റമ്മയെപ്പോലെ തന്റെ കാര്യങ്ങള്‍ നോക്കിയിരുന്ന അന്നപൂര്‍ണയെ വീട്ടില്‍നിന്ന് ഇറക്കിവിട്ടതില്‍ സ്മിതയ്ക്ക് പിന്നീട് കുറ്റബോധം തോന്നി. എല്ലൂരിലേക്ക് മടങ്ങിയ അന്നപൂര്‍ണയ്ക്ക് എല്ലാ മാസവും രണ്ടായിരം രൂപയുടെ മണിയോര്‍ഡര്‍ സ്മിത അയച്ചുകൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ തന്നെ ആട്ടിയോടിച്ച ഗ്രാമത്തിലെത്തി അന്നപൂര്‍ണയെ കാണാന്‍ സ്മിത തയാറായില്ല. പഴയ ദാമ്പത്യത്തിന്റെ ചകിതമായ ഓര്‍മകളുടെ വേട്ടയാടലായിരുന്നിരിക്കണം കാരണം.
മദ്യം നല്‍കുന്ന ഉന്മാദത്തിന്റെ ഇടനാഴിയിലേക്ക് ഇറങ്ങിപ്പോയ സ്മിതയ്ക്ക് പിന്നീടൊരിക്കലും അതില്‍നിന്നും കരകയറാന്‍ കഴിഞ്ഞില്ല. ഗോസിപ്പുകളുടെ പെരുമഴതന്നെ ഈ നടിയെക്കുറിച്ചുണ്ടായി. അതില്‍ ചിലത് സത്യമായിരുന്നു. മറ്റുചിലത് പത്രപ്രവര്‍ത്തകരുടെ മനോവിലാസവും. സത്യമായത് സ്മിത തന്നെ വിളിച്ചുപറഞ്ഞു. സ്മിതയുടെ വെളിപ്പെടുത്തലുകള്‍ തെന്നിന്ത്യയെ പ്രകമ്പനം കൊള്ളിച്ചു. താരദൈവങ്ങള്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതിയുണ്ടായി.
ഒരു പെണ്ണും സ്വമേധയാ പിഴച്ചുപോകില്ല. സാഹചര്യങ്ങള്‍ അവളെ പിഴപ്പിക്കുന്നതാണ്. ഒരിക്കല്‍ അടിതെറ്റി വീണാല്‍ പിന്നെ തിരിച്ചുകയറുക പ്രയാസവുമാണ്. പതിമൂന്നു വയസില്‍ കാമത്തിന്റെ തിക്തഫലം മാത്രമറിഞ്ഞ സ്മിതയുടെ പിന്നീടുള്ള ജീവിതവും കാമവികാരവും തമ്മില്‍ ഇഴചേര്‍ന്നു കിടക്കുന്നു. വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് കാമാഗ്നിയായ സ്മിതയുടെ ജീവിതത്തിലും കാമമാകുന്ന സര്‍പ്പം ചുറ്റിക്കിടന്നത് യാദൃച്ഛികമല്ല. ചിലപ്പോഴത് അവളെ ദംശിച്ചു. ആദംശനത്തിലും സ്മിത ലഹരി കണ്ടെത്തി.
തന്റെ മാരകേളികളെക്കുറിച്ച് തുറന്നുപറയാന്‍ ഒരു മടിയും സ്മിത കാണിച്ചില്ല. കാമവികാരം മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെയാണെന്നും അതില്ലാത്തവര്‍ മനുഷ്യരല്ലെന്നുമായിരുന്നു സ്മിതയുടെ അഭിപ്രായം. പ്രമുഖ ഇംഗ്ലീഷ് സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലെ സ്മിതയുടെ വാക്കുകള്‍ പ്രേക്ഷകരെ മാത്രമല്ല, സൂപ്പര്‍ താരങ്ങളെയും നടുക്കി.
ആദ്യവിവാഹത്തിനു ശേഷം മറ്റൊരു പുരുഷന്‍ സ്മിതയുടെ ജീവിതത്തില്‍ കടന്നുവന്നിട്ടുണ്ടോ എന്നായിരുന്നു അഭിമുഖകാരന്റെ കുസൃതിച്ചോദ്യം.
''ഈ ചോദ്യംതന്നെ നിങ്ങളുടെ അറിവില്ലായ്മയില്‍നിന്ന് ഉണ്ടായതാണ്. സിനിമയിലെ നായികമാരെല്ലാം പതിവ്രതകളും ഞങ്ങളെപ്പോലെ മാദകവേഷം ധരിക്കാന്‍ വിധിക്കപ്പെട്ടവരെല്ലാം വേശ്യകളുമാണെന്നൊരു ധാരണ സമൂഹത്തിലുണ്ട്. നായികയെ ആദരവോടെ കാണുമ്പോള്‍ ഞങ്ങളെ കാണുന്നത് കാമക്കണ്ണിലൂടെയാണ്. വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുന്ന നായികമാരുടെ കാമപ്പേക്കൂത്തുകള്‍ നേരിട്ട് കണ്ടിട്ടുള്ളവളാണ് ഞാന്‍. പഴയ കാലത്തും ഇങ്ങനെയായിരുന്നു. മലയാളസിനിമയില്‍ സജീവമായിരുന്ന ഒരു നായികനടിയുടെ രഹസ്യഭാഗത്ത് ബിയര്‍ ഒഴിച്ചു കുടിക്കുന്ന നിര്‍മ്മാതാവിന്റെ കഥ കോടമ്പാക്കത്ത് പാട്ടാണ്. ബോളിവുഡില്‍ അവസരം നഷ്ടപ്പെട്ട് തെലുങ്കിലും തമിഴിലുമെത്തി സംവിധായകര്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും ശരീരം കാഴ്ചവച്ച് നായികയാകുന്ന നടികളാണ് ഇപ്പോള്‍ ഭൂരിഭാഗവും. ഇവരോടൊന്നും ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെടില്ല. ചോദിച്ചാല്‍ അവര്‍ ആട്ടിയിറക്കും. എന്നാല്‍ എന്റെ ജീവിതത്തെക്കുറിച്ച് രതിയനുഭവത്തെക്കുറിച്ച് തുറന്നുപറയാന്‍ എനിക്കു മടിയില്ല.
''ഞാന്‍ കന്യകയല്ല. സിനിമയില്‍ ടച്ച്-അപ്പ് ആര്‍ട്ടിസ്റ്റായും എക്‌സ്ട്രാ നടിയായും പ്രവര്‍ത്തിക്കുന്ന കാലത്ത് അവസരം ചോദിച്ചു നടന്നപ്പോള്‍ പലരുമായും ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്റെ ഇഷ്ടത്തോടെയും ഇഷ്ടപ്പെടാതെയും ഞാന്‍ സെക്‌സിലേര്‍പ്പെട്ടു. സിനിമയിലെത്തിയപ്പോള്‍ ഒരു നടനെ ഞാന്‍ പ്രണയിച്ചിരുന്നു. അയാള്‍ക്ക് ഭാര്യയും കുട്ടികളും ആരാധകരുമുള്ളതുകൊണ്ട് പേരു പറയുന്നില്ല. അയാള്‍ക്ക് ഞാനെന്റെ ശരീരം കാഴ്ചവച്ചു. പക്ഷേ അയാള്‍ എന്റെ ശരീരത്തെ മാത്രമാണ് സ്‌നേഹിച്ചത്. പ്രണയപൂര്‍വം ഒരു വാക്കുപോലും എന്നോട് പറഞ്ഞില്ല. എന്റെ ശരീരം കൊതിച്ചെത്തിയവര്‍ നിരവധിയുണ്ട്. ഒരു നടനെ ഞാന്‍ തല്ലിയിട്ടുണ്ട്. നൃത്തത്തിനിടയില്‍ എന്റെ പിന്‍ഭാഗത്ത് അയാള്‍ അമര്‍ത്തിപ്പിടിച്ചു. അതിനുശേഷം രാത്രി എന്റെ മുറിയില്‍ വന്ന് തട്ടിവിളിച്ചു. പുറത്തിറങ്ങാന്‍ പറഞ്ഞിട്ട് കേട്ടില്ല. മദ്യലഹരിയിലായിരുന്നു അയാള്‍. ഞാനയാളെ തല്ലി. അയാളുടെ സിനിമകളില്‍ എന്നെ അഭിനയിപ്പിക്കില്ലെന്ന് വീമ്പിളക്കി. എനിക്കൊന്നും സംഭവിച്ചില്ല. അയാളുടെ സിനിമകളില്‍ ഇപ്പോഴും അഭിനയിക്കുന്നു. നിര്‍മ്മാതാവിനും സംവിധായകനും എന്നെ അഭിനയിപ്പിക്കണമെന്ന് താല്പര്യമുണ്ടെങ്കില്‍ അയാള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും? ഒന്നുമില്ലാത്ത ഒരു പാവം പെണ്ണായിരുന്നു ഞാന്‍. ഇപ്പോള്‍ സിനിമയ്‌ക്കെന്നെ വേണം. സിനിമയ്ക്കുള്ളിലെ ചതിയും കുതികാല്‍വെട്ടുമൊക്കെ എനിക്ക് നന്നായറിയാം.
ഈ തുറന്നുപറച്ചില്‍ സിനിമാരംഗത്ത് പലരുടെയും ദേഷ്യത്തിനു കാരണമായി. ഒരു സൂപ്പര്‍താരം സ്മിതയെ തന്റെ ചിത്രത്തില്‍നിന്നും പൂര്‍ണമായും വിലക്കി. നായികനടിമാരെക്കൊണ്ട് മാദകനടിമാരെ വെല്ലുന്ന തരത്തില്‍ നഗ്നതാപ്രദര്‍ശനം നടത്തിയാണ് അയാള്‍ സ്മിതയെ നേരിട്ടത്. രാധ, നിരോഷ തുടങ്ങിയ മുന്‍നിര നായികമാരൊക്കെ ബിക്കിനിയിലും ടൂപീസിലും ശരീരസൗന്ദര്യത്തിന്റെ പൂര്‍ണത കാണിച്ചു. എന്നാല്‍ തമിഴിലെ രണ്ടാംനിര നായകന്മാരുടെ ചിത്രങ്ങളില്‍ സ്മിത അനിവാര്യ ഘടകമായി മാറി. സ്മിതയുടെ ലേബലില്‍ രക്ഷപ്പെട്ട രണ്ടാംനിര നായകന്മാരുടെ ചിത്രങ്ങള്‍ എതിര്‍ക്കുന്നവര്‍ക്ക് ഇരുട്ടടിയായി.
സൂപ്പര്‍ താരത്തിന്റെ തമസ്‌കരണത്തെപ്പോലും അതിജീവിക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസം സ്മിതയെ അഹങ്കാരിയാക്കിയെന്നു പറയാം. സ്മിത തന്നെയത് സമ്മതിച്ചിട്ടുണ്ട്.
''എനിക്ക് അഹങ്കാരമുണ്ട്. ഒന്നുമില്ലായ്മയില്‍നിന്നും എല്ലാം വെട്ടിപ്പിടിച്ചതിലുള്ള അഹങ്കാരം.''
എ.വി.എം. സ്റ്റുഡിയോയില്‍ നടന്ന സംഭവം സ്മിതയുടെ അഹങ്കാരത്തിന് തെളിവായി തമിഴ് പത്രങ്ങള്‍ എഴുതി. 1984-ലാണ് സംഭവം. 'വാഴ്‌കൈ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. തുടയഴക് പൂര്‍ണമായും അനാവരണം ചെയ്യുന്ന കുട്ടിപ്പാവാടയും ബ്രേസിയറുമണിഞ്ഞ് കസേരയില്‍ കാലിന്മേല്‍ കാല്‍ കയറ്റിവച്ച് ഇരിക്കുകയാണ് സ്മിത. നടികര്‍തിലകം ശിവാജി ഗണേശന്‍ സെറ്റ് സന്ദര്‍ശിക്കാനെത്തി. സെറ്റിലുള്ളവരെല്ലാം ബഹുമാനത്തോടെ എഴുന്നേറ്റുനിന്ന് നടികര്‍ തിലകത്തെ വണങ്ങി. എന്നാല്‍ സ്മിത അതേ ഇരിപ്പ് തുടര്‍ന്നു. ശിവാജിഗണേശന്‍ സ്മിതയെ തറപ്പിച്ചുനോക്കി. പക്ഷേ സ്മിത അതു കണ്ടതായിപ്പോലും ഭാവിച്ചില്ല. ഈ സംഭവം വാര്‍ത്തയായതോടെ തമിഴ്‌സിനിമയില്‍ വലിയ ഒച്ചപ്പാടുണ്ടായി. താരലോബികള്‍ ഇത് മുതലെടുത്തു. തമിഴില്‍ സ്മിതയ്ക്ക് അവസരം കുറഞ്ഞു. എന്നാല്‍ തെലുങ്കിലും മലയാളത്തിലും കൈനിറയെ അവസരങ്ങള്‍ ലഭിച്ചു. ഒറ്റയാന്‍, റിവഞ്ച്, മിസ് പമീല, ലയനം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ചട്ടത്തു പോരാട്ടം, ശ്രീദത്ത ദര്‍ശനം, രക്ഷസുഡു എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിലും സ്മിത ശക്തമായ സാന്നിധ്യമായി മാറി.
ശിവാജി ഗണേശനെ വണങ്ങാത്തതില് ഒരു കുറ്റബോധവുമില്ലെന്ന് സ്മിത പിന്നീട് പഞ്ഞു.
''എനിക്ക് ശരിയെന്നു തോന്നുന്നത് ഞാന്‍ ചെയ്യും. ആരുടെയും മുന്നില്‍ ഓഛാനിച്ചു നില്‍ക്കാന്‍ എന്നെ കിട്ടില്ല.'' ഇതായിരുന്നു പ്രശ്‌നം വിവാദമായതിനെ തുടര്‍ന്ന് സ്മിത പ്രതികരിച്ചത്. 1989-ല്‍ 'സ്വന്തക്കാരന്‍' എന്ന് സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ സ്മിത തമിഴ് സിനിമയില്‍ തിരിച്ചുവന്നു. അര്‍ജുന്റെ ആദ്യത്തെ മെഗാ ഹിറ്റ് ചിത്രമായിരുന്നു ഇത്. ഇതില്‍ സുധ എന്ന അഭിസാരികയുടെ വേഷമായിരുന്നു സ്മിതയ്ക്ക്. പിക്‌പോക്കറ്റ്, അതിശയ മനിതന്‍, അവസര പോലീസ് 100 തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ നഗ്നതാ പ്രദര്‍ശനത്തിലൂടെ തന്റെ ശരീരത്തിന് ഒരു ഉടവും സംഭവിച്ചിട്ടില്ലെന്നും തമിഴ്‌നാട്ടില്‍ ആരാധകര്‍ തന്നെ കൈവിട്ടിട്ടില്ലെന്നും സ്മിത തെളിയിച്ചു.
പ്രണയം സ്മിതയുടെ മനസില്‍ കരകവിഞ്ഞൊഴുകിയ ദിനങ്ങളായിരുന്നു അത്. മനസ് പ്രണയ പൂമ്പാറ്റയായി പാറിപ്പറന്നപ്പോള്‍ സ്മിത എല്ലാം മറന്നു.
തമിഴില്‍ സ്വന്തമായി സിംഹാസനം വെട്ടിപ്പിടിക്കണമെന്നായിരുന്നു ആ നടന്റെ ആഗ്രഹം. ആദ്യകാലത്ത് നായകനായ മൂന്നു ചിത്രങ്ങള്‍ ഒരുമിച്ച് പൊട്ടി. പിന്നെ ക്യാരക്ടര്‍ റോളുകള്‍ ചെയ്തു. ഭാവാഭിനയത്തിന്റെ ലാഞ്ചന പോലുമില്ലാത്തതിനാല്‍ സ്വഭാവനടനായി അംഗീകരിക്കപ്പെട്ടില്ല. സൂപ്പര്‍ താരങ്ങളുടെ ജ്യേഷ്ഠസഹോദരനായി വേഷമിട്ടു. പക്ഷേ താരങ്ങളുടെ ഗിമ്മിക്‌സില്‍ ജ്യേഷ്ഠന്റെ വേഷങ്ങള്‍ അപ്രസക്തമായി. തമിഴിലെ ഏറ്റവും സൗന്ദര്യമുള്ള നടന്‍ എന്ന വിശേഷണം ലഭിച്ചിട്ടും സിനിമയില്‍ ഒന്നുമാകാതെ പോയതിന്റെ അപകര്‍ഷതാ ബോധം നടനെ വേട്ടയാടിയിരുന്നു.
സിനിമയിലെത്തിയിട്ട് രണ്ട് ദശാബ്ദം കഴിഞ്ഞിട്ടും ഒന്നും സമ്പാദിക്കാന്‍ ഈ നടനു കഴിഞ്ഞില്ല. അങ്ങനെയിരിക്കെയാണ് രണ്ടുമൂന്നു ചിത്രങ്ങളില്‍ സ്മിതയോടൊപ്പം അഭിനയിക്കുന്നത്. ആറടിയോളം ഉയരവും വെളുത്തു തുടുത്ത മുഖവും നനുത്ത മീശയുമുള്ള നടന്റെ സൗന്ദര്യത്തിലും സൗമ്യഭാവത്തിലും സ്മിത ആകര്‍ഷിക്കപ്പെട്ടു. അതൊരു രഹസ്യപ്രണയമായി വളരാന്‍ അധികകാലം വേണ്ടിവന്നില്ല. ഇരുവരും രഹസ്യമാക്കി വച്ചെങ്കിലും തമിഴ് ഇന്‍ഡസ്ട്രിയില്‍ അത് പരസ്യമായി.
ഭാര്യയും രണ്ടു കുട്ടികളുമുള്ള നടന് സ്മിതയേക്കാള്‍ പതിനഞ്ച് വയസ് കൂടുതലായിരുന്നു. വളരെ സോഫ്റ്റായി ഇടപെട്ട് സ്ത്രീകളെ ആകര്‍ഷിക്കുന്നതില്‍ ഇയാള്‍ക്ക് മിടുക്കുണ്ടായിരുന്നു. സ്മിതയോട് ആദരവോടെയാണ് ഇയാള്‍ പെരുമാറിയത്. ഈ പെരുമാറ്റം സത്യസന്ധമാണെന്ന് സ്മിത വിശ്വസിച്ചു. നീറുന്ന മനസില്‍ ഇറുന്നു വീണ പനിനീര്‍ പുഷ്പമായി അവളുടെ പ്രണയം.
തന്റെ ഐറ്റം നമ്പര്‍ ഡാന്‍സ് ആവശ്യപ്പെട്ട് വരുന്ന സംവിധായകരോട് സ്മിത നടന്റെ പേര് ശുപാര്‍ശ ചെയ്യാന്‍ തുടങ്ങി. സ്മിതയുടെ അഭ്യര്‍ത്ഥനപ്രകാരം അക്കാലത്തെ രണ്ടാംനിര താരങ്ങളുടെ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ നടന് ലഭിച്ചു. മലയാളസിനിമാരംഗത്തെ സ്വാധീനം ഉപയോഗിച്ചും സ്മിത വേഷങ്ങള്‍ തരപ്പെടുത്തിക്കൊടുത്തു. ഒരു മലയാളചിത്രത്തില്‍ നായകനായെത്തിയെങ്കിലും ഒരാഴ്ചപോലും
തികച്ച് പ്രദര്‍ശിപ്പിക്കാനായില്ല. അഭിനയത്തിന്റെ ഹരിശ്രീ അറിയാത്ത നടന് കൈയിലൊതുങ്ങാത്ത വേഷം നല്‍കിയതായിരുന്നു പരാജയ കാരണം. അക്കാലത്ത് മലയാളത്തില്‍ ശ്രദ്ധനേടിയ നായികനടി ഗ്ലാമര്‍ വേഷത്തിലെത്തിയിട്ടുപോലും പടമോടാത്തത് നിര്‍മ്മാതാവിനെ മാത്രമല്ല സംവിധായകനെയും ഞെട്ടിച്ചു. അതോടെ നടന്റെ മലയാളസ്വപ്നങ്ങള്‍ അവസാനിച്ചു.ഗ്ലാമര്‍ വേഷത്തിലെത്തിയ നായികനടിയുടെ കരിയര്‍ ഈ ചിത്രത്തോടെ തകര്‍ന്നു. പിന്നീടവരെ നായികാവേഷത്തിലേക്ക് ആരും പരിഗണിച്ചില്ല. സിനിമാമോഹം ഉപേക്ഷിച്ച നടി വിവാഹിതയായി കേരളത്തില്‍നിന്നും വിദേശത്തേക്ക് കടന്നു.
സ്മിതയും നടനും തമ്മിലുള്ള ബന്ധം ഇതിനകം ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. അടുപ്പമുള്ളവര്‍ സ്മിതയെ ഉപദേശിച്ചു. ആരുടെയും ഉപദേശം കേള്‍ക്കാന്‍ സ്മിതയുടെ പ്രണയാര്‍ദ്ര മനസ് തയാറായില്ല.
ചൂഷണം ചെയ്യാനൊരു ഇരയെ കണ്ടെത്തുക. അതുവഴി വളരുക. ഇതായിരുന്നു മധ്യവയസ് കഴിഞ്ഞിട്ടും നടന്റെ ലക്ഷ്യം. സൂപ്പര്‍ താരമാകാന്‍ മോഹിച്ച് സൂപ്പര്‍ താരങ്ങളുടെ നിഴലായി മാറിയ അവസ്ഥയില്‍നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ അയാള്‍ സ്മിതയെ ഏണിപ്പടിയാക്കി. തന്നെ നായകനാക്കി ചിത്രമെടുത്താല്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ രണ്ടാം ജന്മം ലഭിക്കുമെന്ന് അയാള്‍ അവളെ വിശ്വസിപ്പിച്ചു. കൈയിലുള്ള പണത്തിനു പുറമേ പലിശയ്ക്ക് പണമെടുത്തും അയാളെ നായകനാക്കി രണ്ടു ചിത്രങ്ങള്‍ സ്മിത നിര്‍മ്മിച്ചു. രണ്ടിലും സ്മിതതന്നെയായിരുന്നു പ്രധാന വേഷം ചെയ്തത്. ശരീരസൗന്ദര്യംനന്നായി പ്രദര്‍ശിപ്പിച്ചാണ് സ്മിത ഈ ചിത്രങ്ങളില്‍ അഭിനയിച്ചത്. ഒരു ചിത്രത്തില്‍ നായകനുമായി പത്തുമിനിറ്റോളം നീണ്ടുനിന്ന കിടപ്പറ സീനില്‍ അഭിനയിച്ചു. മാറിടത്തിന്റെ സിംഹഭാഗവും പാന്റീസും വരെ പ്രദര്‍ശിപ്പിച്ചാണ് ഈ രംഗത്തില്‍ അഭിനയിച്ചത്. ഇതേ ചിത്രത്തില്‍ തന്നെ മഴ നനയുന്ന രംഗത്തില്‍ വെളുത്ത ബ്ലൗസിനുള്ളില്‍ ബ്രേസിയറിടാതെ മാറിടത്തിന്റെ രൂപലാവണ്യം സ്മിത തുറന്നുകാട്ടി.
രണ്ടും ബിഗ് ബഡ്ജറ്റ് ചിത്രങ്ങളായിരുന്നു. വിചാരിച്ചതുപോലെ പണം തികയാതെ വന്നപ്പോള്‍ വട്ടിപ്പലിശയ്ക്കു കടമെടുത്ത് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. ആറുമാസത്തെ ഇടവേളയില്‍ രണ്ടു ചിത്രങ്ങളും റിലീസ് ചെയ്യാന്‍ പദ്ധതി തയാറാക്കി വിതരണക്കാരെ സമീപിച്ചപ്പോഴാണ് അപകടം മനസിലായത്. ഈ സമയത്ത് രജനീകാന്തിന്റെയും വിജയകാന്തിന്റെയും ചിത്രങ്ങള്‍ റിലീസാകുകയാണ്. അതിനു പുറമെ കാര്‍ത്തിക്കും സത്യരാജും ചിത്രങ്ങളുമായെത്തുന്നു. അക്കാലത്തെ തമിഴിലെ ന്യൂ ജനറേഷന്‍ ഹീറോയായ മുരളിയുടെ ചിത്രവും റിലീസിനുണ്ട്. ഇതിനിടയില്‍ സ്മിതയുടെ നായകന്റെ ചിത്രത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി വിതരണക്കാര്‍ ഒഴിഞ്ഞുമാറി.
തമിഴ് ഇന്‍ഡസ്ട്രിയിലെ ചില മുന്‍നിര താരങ്ങളുടെ കൈകടത്തല്‍ ഇതിനു പിന്നിലുണ്ടായിരുന്നു. സ്മിതയെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു അവര്‍. ഇവരോട് സ്മിത തൊഴുതുവണങ്ങി നില്‍ക്കാത്തതിന്റെ പ്രതികാരമായിരുന്നു ഒരുമിച്ച് വമ്പന്‍ ചിത്രങ്ങള്‍ റിലീസ് ചെയ്തതിനു പിന്നിലെ രഹസ്യം. രജനീകാന്തിന്റെയും വിജയകാന്തിന്റെയും ചിത്രങ്ങള്‍ക്കായി തമിഴ്‌നാട്ടിലെ മഹാനഗരങ്ങളിലെല്ലാം ഡസനോളം തിയേറ്ററുകള്‍ ചാര്‍ട്ട് ചെയ്തു. സത്യരാജ്, കാര്‍ത്തിക, മുരളി ചിത്രങ്ങള്‍ക്കും 'എ' ക്ലാസ് തിയേറ്ററുകള്‍ കിട്ടി. രജനീകാന്തും വിജയകാന്തും ഗ്യാരന്റിയുള്ള താരങ്ങളാണ്. അവരുടെചിത്രങ്ങള്‍ നൂറുദിവസം പ്രദര്‍ശിപ്പിക്കാന്‍ ആരാധകര്‍ മുന്നോട്ടു വരും. സത്യരാജിനും കാര്‍ത്തിക്കിനും മുരളിക്കും മിനിമം ഗ്യാരന്റിയുമുണ്ട്. ഇതിനിടയില്‍ പഴയ താരത്തെ നായകനാക്കിയുള്ള പടം ഓടില്ലെന്നും ഒരുവര്‍ഷം കഴിഞ്ഞ് റിലീസ് ചെയ്താല്‍ മാത്രമേ ഗുണമുള്ളൂവെന്നും ആത്മാര്‍ത്ഥതയുള്ള വിതരണക്കാരില്‍ ചിലര്‍ ഉപദേശിച്ചെങ്കിലും സ്മിത അതിനു പറ്റിയ അവസ്ഥയിലായിരുന്നില്ല. പലിശക്കാശ് ദിനംപ്രതി കൂടിവരുന്നു. പത്രക്കാരെ സല്‍ക്കരിച്ച് നന്നായി പബ്ലിസിറ്റി നേടിക്കഴിഞ്ഞിട്ട് പ്രതീക്ഷിച്ച സമയത്ത് റിലീസ് ചെയ്തില്ലെങ്കില്‍ പ്രയോജനമുണ്ടാകില്ല. രണ്ടും കല്പിച്ച് സ്മിതതന്നെ പടം വിതരണത്തിനെടുത്തു. ഡോ. രാധാകൃഷ്ണനാകട്ടെ പണംകൊണ്ടുള്ള സ്മിതയുടെ തീക്കളിയില്‍ പ്രതിഷേധിച്ച് ചിത്രങ്ങളോട് സഹകരിച്ചുമില്ല.
കരിസ്മാറ്റിക് താരങ്ങളുടെ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ നിറഞ്ഞപ്പോള്‍ 'ബി' ക്ലാസ് തിയേറ്ററുകളാണ് സ്മിതയ്ക്ക് ലഭിച്ചത്. രജനീകാന്തിന്റെയും വിജയകാന്തിന്റെയും കാര്‍ത്തിക്കിന്റെയും ചിത്രങ്ങള്‍ വന്‍ ഹിറ്റുകളായി. സത്യരാജിന്റെയും മുരളിയുടെയും ചിത്രങ്ങള്‍ ആവറേജ് കളക്്ഷനും നേടി. ഇതിനിടയില്‍ സ്മിതയുടെ നായകന്റെ തലവച്ച് പോസ്റ്ററടിച്ച ചിത്രങ്ങള്‍ രണ്ടും ബോക്‌സ് ഓഫീസില്‍ തകര്‍ന്നു. സ്മിതയുടെ ഗ്ലാമര്‍ പ്രദര്‍ശനത്തേക്കാള്‍ നായകന്റെ രണ്ടാംവരവ് എന്ന പരസ്യവാചകത്തോടെയാണ് രണ്ടു ചിത്രങ്ങളുടെയും പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തത്. ഇങ്ങനെ പരസ്യവാചകമൊരുക്കാന്‍ നായകന്‍തന്നെ സ്മിതയ്ക്കുമേല്‍ സമ്മര്‍ദ്ദം പുലര്‍ത്തി. കാമുകനോടുള്ള സ്‌നേഹാധിക്യം കൊണ്ട് അന്ധയായ സ്മിത അതു സമ്മതിക്കുകയും ചെയ്തു. അഡല്‍റ്റ് ഒണ്‍ലി ചിത്രങ്ങള്‍ ആസ്വദിക്കുന്ന പ്രേക്ഷകരെ അകറ്റിയത് ഈ പരസ്യവാചകമാണ്. തമിഴ്‌നാട്ടില്‍ പരാജയപ്പെട്ടതു കാരണം മലയാളത്തിലും ചിത്രങ്ങള്‍ വിതരണത്തിനെടുക്കാന്‍ ആരും മുന്നോട്ടുവന്നില്ല. കേരളത്തിലെ വിതരണവും സ്മിത ഏറ്റെടുത്തു. എന്നാല്‍ 'ബി' ക്ലാസ് തിയേറ്ററുകള്‍ മാത്രമാണ് ലഭിച്ചത്. തമിഴ് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ കേരളത്തിലും തരംഗമായതായിരുന്നു കാരണം.
സാമ്പത്തികമായി കനത്ത നഷ്ടമാണ് രണ്ടു ചിത്രങ്ങളും സ്മിതയ്ക്കു വരുത്തിയത്. സ്മിതയെ ചൂഷണം ചെയ്തിട്ടും തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ തനിക്കൊരു സ്ഥാനവുമില്ലെന്ന് മനസിലാക്കിയ നടന്‍ തന്റെ തനിനിറം പ്രദര്‍ശിപ്പിച്ചു. സ്മിത ഫോണ്‍ ചെയ്താല്‍ അയാള്‍ എടുക്കാതെയായി. ഒരിക്കല്‍ ഫോണ്‍ ചെയ്തപ്പോള്‍ ഭാര്യയെക്കൊണ്ട് അറ്റന്‍ഡ് ചെയ്യിച്ച് സ്മിതയെ അപമാനിക്കാന്‍ ശ്രമിച്ചു. നിരാശയും സങ്കടവും കോപവുംകൊണ്ട് ജ്വലിച്ച സ്മിത അയാളുടെ ഭാര്യയെ തെറിവിളിച്ചു.
ജീവിതം പൂര്‍ണമായി നല്‍കിയിട്ടും കാമുകന്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് സ്മിത മനസിലാക്കി. ഒരു അഭയസ്ഥാനമില്ലാതെ അവള്‍ അലഞ്ഞു. ലഹരിയുടെ ലോകത്ത്....
വിരഹാഗ്നിയിലെരിഞ്ഞ്.... ഉന്മാദിനിയായി....
പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ആരാധകരുടെ ഭ്രാന്ത് ആസ്വദിക്കുമ്പോഴും കടുത്ത ഏകാന്തത സ്മിത അനുഭവിച്ചിരുന്നു. ഏകാന്തത അസഹ്യമാകുമ്പോള്‍ ഒരിറ്റ് സ്‌നേഹത്തിനായി മനസ് തുടിക്കുക സ്വാഭാവികം. പുരുഷന്റെ ആര്‍ദ്രവചനങ്ങള്‍, തലോടല്‍, സുരക്ഷിതത്വം ഇതൊക്കെ ഏതു സ്ത്രീയും ആഗ്രഹിക്കും. പ്രണയപാപങ്ങള്‍ ഗ്രസിച്ചിരുന്ന സ്മിതയുടെ മനസിനാകട്ടെ കൂട്ടിനൊരാളില്ലാത്തതിന്റെ വേദന താങ്ങാവുന്നതിനപ്പുറമായിരുന്നു.
അന്നപൂര്‍ണ വളര്‍ത്തമ്മയാണെന്ന് അറിഞ്ഞതുമുതല്‍ ഇടറിവീണ ലഹരിയുടെ ലോകത്തേക്ക് തന്നെ ഏകാന്തത നല്‍കിയ നിര്‍ന്നിദ്ര രാവുകളില്‍ സ്മിത ആശ്വാസം തേടി. സ്മിതയുടെ അമിത മദ്യപാനം സിനിമാലോകത്ത് പാട്ടായി. ബൊക്കാഡിയാ ബ്ലാക്ക് റമ്മായിരുന്നു സ്മിതയുടെ ഫേവറിറ്റ് ബ്രാന്‍ഡ്. ഡേറ്റ് ചോദിച്ചെത്തുന്നവര്‍ ലഹരിയുടെ കുപ്പികള്‍കൂടി സ്മിതയ്ക്ക് സമ്മാനിച്ചു. അതു കാണുമ്പോള്‍ സന്തോഷവതിയായ സ്മിത ഡേറ്റ് കൊടുത്തു. സ്മിതയുടെ ലഹരിയോടുള്ള ആസക്തി മുതലെടുത്തവരും കുറവല്ല. സ്മിതയെ ലഹരിയില്‍ ആറാടിച്ചതിനു ശേഷം പലരും പ്രതിഫലത്തിനു പകരം വണ്ടിച്ചെക്കുകള്‍ നല്‍കി. പണത്തെക്കാള്‍ ലഹരിക്ക് വിലകൊടുത്ത സ്മിത ഇതൊന്നും കാര്യമാക്കിയില്ല.
അന്നത്തെ തമിഴിലെ ജനപ്രിയ താരത്തെ നായകനാക്കി സിനിമ നിര്‍മ്മിച്ച നിര്‍മ്മാതാവ് സിനിമ പൂര്‍ത്തിയാക്കിയതിനു ശേഷം കൈയില്‍ പണമില്ലാതെ നട്ടംതിരിഞ്ഞു. ജനപ്രിയ താരമാകട്ടെ നിര്‍മ്മാതാവായി തമിഴ് സിനിമയില്‍ പ്രവേശിച്ച വ്യക്തിയാണ്. വില്ലനായി, പിന്നീട് ആക്്ഷന്‍ ഹീറോയായി. പക്ഷേ മറ്റൊരു നിര്‍മ്മാതാവിന്റെ അവസ്ഥയോട് അയാള്‍ തെല്ലും അയവു കാട്ടിയില്ല. പറഞ്ഞുറപ്പിച്ച പ്രതിഫലത്തുകയില്‍ 90 ശതമാനവും കൈപ്പറ്റിക്കഴിഞ്ഞിട്ടും ബാക്കി തുക വേണമെന്ന് വാശിപിടിച്ചു. അയാളുടെ അംഗരക്ഷകര്‍ നിര്‍മ്മാതാവിനെ തടഞ്ഞുവച്ചു. ഇയാളുടെ സിനിമയില്‍ സ്ഥിരമായി വില്ലന്‍വേഷം ചെയ്തിരുന്ന പേരിനൊപ്പം ബോക്‌സര്‍ എന്നുകൂടി വിശേഷിപ്പിക്കപ്പെട്ടിരുന്ന നടനായിരുന്നു അംഗരക്ഷകരെ നിയമിച്ചത്. ചെന്നൈയിലെ പ്രമുഖ ഗുണ്ടാത്തലവനും കടുത്ത ഡി.എം.കെ. അനുഭാവിയുമായ ഇയാളെ പോലീസ് പോലും ആദരവോടെയാണ് കണ്ടിരുന്നത്. ഇയാളുടെ കീഴില്‍ ചെന്നൈ കേന്ദ്രമാക്കി നൂറിലേറെ ഗുണ്ടാസംഘങ്ങള്‍ വിലസിയിരുന്നു. പിന്നീട് ജയലളിതയുടെ എന്‍കൗണ്ടര്‍ പൊലീസ് ഇയാളെ മറീനാ ബീച്ചില്‍ വച്ച് കൊല്ലുകയായിരുന്നു.
ബോക്‌സറുടെ അംഗരക്ഷകരുടെ തടങ്കലിലായ നിര്‍മ്മാതാവിന്റെ അവസ്ഥ കണ്ടപ്പോള്‍ സ്മിതയുടെ മനസലിഞ്ഞു. തന്റെ പ്രതിഫലത്തുക നിര്‍മാതാവിന് നല്‍കി ജനപ്രിയ നായകന്റെ തടങ്കലില്‍നിന്നും നിര്‍മ്മാതാവിനെ മോചിതനാക്കി. സ്മിത കരുണാമയിയായ ദേവിയാണെന്നാണ് അയാള്‍ തൊഴുകൈകളോടെ അപ്പോള്‍ പറഞ്ഞത്. അയാളുടെ ചിത്രം വിജയിച്ചു. അടുത്ത ചിത്രത്തിലും ജനപ്രിയ നടന്‍ തന്നെയായിരുന്നു നായകന്‍. പക്ഷേ സ്മിത ഒഴിവാക്കപ്പെട്ടു.
സിനിമാരംഗത്തെ ഇത്തരം നെറികേടുകള്‍ സ്മിതയെ വേദനിപ്പിച്ചു. സെന്‍സിറ്റീവായ ആ മനസിലേല്‍ക്കുന്ന ചെറിയ പോറലുകള്‍ വലിയ മുറിവുകളായി അതിവേഗം പരിണമിച്ചു. മുറിവുണക്കാന്‍ സ്മിത മദ്യപിച്ചു. മദ്യം അകത്തുചെന്നപ്പോള്‍ സ്വാഭാവികമായും മുറിവിന്റെ നീറ്റല്‍ വര്‍ദ്ധിക്കുകയാണ് ചെയ്തത്. തനിക്കൊപ്പം നിഴല്‍പോലെയുണ്ടായിരുന്ന ഡോ. രാധാകൃഷ്ണനായിരുന്നു സ്മിതയുടെ ഏക ആശ്വാസം. അയാളില്‍ സ്മിത രക്ഷകനെ കണ്ടു. അയാള്‍ക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. അയാളുടെ കുട്ടികളെ സ്വന്തം കുട്ടികളെപ്പോലെയായിരുന്നു സ്മിത കണ്ടിരുന്നത്. കുട്ടികളുടെ പഠനത്തിനാവശ്യമുള്ള പണമെല്ലാം സ്മിതയാണ് ചെലവഴിച്ചത്. ഇവരുടെ ബന്ധത്തിന് ഭാര്യ മൗനാനുവാദം നല്‍കുകയും ചെയ്തു. പൊന്‍മുട്ടയിടുന്ന താറാവിനെ ആട്ടിപ്പുറത്താക്കുന്നതു മണ്ടത്തരമാണെന്ന് ബുദ്ധിമതിയായ ആ സ്ത്രീക്ക് അറിയാമായിരുന്നു. രാധാകൃഷ്ണനെ വരുതിയിലാക്കി സ്മിതയുടെ ഡേറ്റ് സ്വന്തമാക്കി അതു കാണിച്ച് നിര്‍മ്മാതാവിനെ നേടിയ സംവിധായകരുമുണ്ട്.
ഡോ. രാധാകൃഷ്ണന്‍ ഒരിക്കലും തന്റെ സ്വന്തമാകില്ലെന്ന് സ്മിതയ്ക്കറിയാമായിരുന്നു. എങ്കിലും പെരുമഴപോലെ സ്‌നേഹം ആഗ്രഹിച്ച മനസ് ഒരു മഴത്തുള്ളിയില്‍ സംതൃപ്തയാകാന്‍ ശ്രമിച്ചു. ഈ അനുരഞ്ജനവും സ്മിതയ്ക്കു നല്‍കിയത് സംഘര്‍ഷമായിരുന്നു. ഒരിക്കലും നടക്കാത്ത കാര്യത്തിനു വേണ്ടി അനുരഞ്ജനത്തിന് തയാറാകുക ബുദ്ധിശൂന്യതയാണെന്ന് സ്മിത മനസിലാക്കിയില്ല. തൊട്ടാല്‍ പോറലേല്‍ക്കുന്ന മനസിന് ശരിയും തെറ്റും തിരിച്ചറിയുക അസാധ്യമായിരുന്നു. സ്‌നേഹം ചെകുത്താനായി ആവേശിച്ച മനസായിരുന്നു സ്മിതയുടെ ശത്രു.
ഇതിനിടയിലാണ് പുതിയൊരാള്‍ സ്മിതയുടെ മനസില്‍ സ്‌നേഹത്തിന്റെ മഞ്ചാടിക്കുരുക്കള്‍ വിതറുന്നത്. ഒരുകാലത്ത് തമിഴില്‍ സൂപ്പര്‍ താരമാകുമെന്ന് കരുതപ്പെടുകയും പിന്നീട് ജ്യേഷ്ഠ വേഷങ്ങളില്‍ ഒതുങ്ങിപ്പോകുകയും ചെയ്ത സുന്ദരനായിരുന്നു സ്മിതയുടെ ജീവിതത്തെ മാറ്റിമറിച്ച ആന്റി ഹീറോ. പുതിയ കാമുകനോടൊത്തുള്ള സ്മിതയുടെ പ്രണയോത്സവങ്ങളും തന്റെ അനുവാദമില്ലാതെ ചിത്രങ്ങള്‍ നിര്‍മ്മിച്ചതും രാധാകൃഷ്ണനെ പ്രകോപിതനാക്കി. എന്നാല്‍ അനിഷ്ടം പുറമെ കാണിക്കാതെ അയാള്‍ സ്മിതയുടെ അടുക്കലെത്തി. സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് പറയുമ്പോള്‍ നിസംഗനായി നിന്നു.
സ്‌നേഹമെന്നത് തനിക്ക് ഒരു സമസ്യയാണെന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍ സമ്പാദ്യവും സുഖഭോഗങ്ങളും സ്മിതയെ കൈവിട്ടിരുന്നു. കൂറ്റന്‍ വാടകവീടൊഴിഞ്ഞ് ചെന്നൈയിലെ അപ്പാര്‍ട്ടുമെന്റിലേക്ക് സ്മിത താമസം മാറ്റി. ഉയര്‍ച്ചയില്‍നിന്ന് താഴ്ചയിലേക്കുള്ള അതിവേഗ യാത്രയുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ മദ്യത്തിനൊപ്പം മറ്റു ലഹരികളും ശീലമാക്കി. സിഗരറ്റും മയക്കുമരുന്നും പാനുമൊക്കെ പുതിയ ലഹരിയുടെ വാതായനങ്ങള്‍ സ്മിതയ്ക്ക് മുന്നില്‍ തുറന്നിട്ടു. ലഹരിയൊഴിഞ്ഞ നേരത്ത് കടുത്ത വിഷാദം അലട്ടുകയും ചെയ്തു.
മേനികാട്ടി അഭിനയിച്ചുണ്ടാക്കിയ സമ്പത്തില്‍ ഭൂരിഭാഗവും ഡോ. രാധാകൃഷ്ണന്റെ പേരിലായിരുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി വീര്‍പ്പുമുട്ടിച്ചപ്പോള്‍ സ്മിതയെ സഹായിക്കാന്‍ അയാള്‍ തയാറായില്ലെന്ന് സ്മിതയുമായി അടുപ്പം പുലര്‍ത്തിയിരുന്നവര്‍ പറയുന്നു..
പണം വട്ടിപ്പലിശയ്ക്ക് നല്‍കിയവര്‍ ശല്യപ്പെടുത്തിയപ്പോള്‍ നിര്‍മാതാക്കളോട് ചാന്‍സിനു വേണ്ടി യാചിക്കാന്‍ സ്മിത നിര്‍ബന്ധിതയായി. എല്ലാം വെട്ടിപ്പിടിച്ചു എന്ന് അഭിമാനിച്ചിരുന്ന സ്ത്രീയുടെ ദയനീയത കണ്ട് തമിഴ് സിനിമയിലെ മുടിചൂടാ മന്നന്മാര്‍ മനസില്‍ സന്തോഷിച്ചു. സ്മിതയുടെ മാദകമേനി മോഹിച്ച് നിരാശരായവരും അവളുടെ അഹങ്കാരത്തിനു മുന്നില്‍ നീറിപ്പുകഞ്ഞവരുമായിരുന്നു അവര്‍.
ആദിപാപത്തിലൂടെ അഭിലാഷ മലയാളസിനിമയില്‍ സെക്‌സ് ചിത്രങ്ങളുടെ ട്രെന്‍ഡ് സൃഷ്ടിച്ചതാണ് ഈ സാഹചര്യത്തില്‍ സ്മിതയ്ക്ക് അനുഗ്രഹമായത്. ഉമാമഹേശ്വരി, ജയലളിത, നിഷ, സുഗന്ധി, ചാര്‍മ്മിള തുടങ്ങിയ മാദകസുന്ദരികള്‍ മേനി പ്രദര്‍ശനത്തിന്റെ എല്ലാ സീമകളും ലംഘിച്ചു. കാനനസുന്ദരി, കല്പനാഹൗസ്, എന്‍ക്വയറി, മലയത്തിപ്പെണ്ണ്, ചുവന്ന കണ്ണുകള്‍ തുടങ്ങിയ സെക്‌സ് ചിത്രങ്ങള്‍ക്ക് സൂപ്പര്‍ താരങ്ങളേക്കാള്‍ ഇനീഷ്യല്‍ കളക്്ഷന്‍ ലഭിച്ചു. തമിഴില്‍ അവസരം കുറഞ്ഞപ്പോള്‍ മലയാളത്തിലെ രതിചിത്രങ്ങളില്‍ സ്മിതയ്ക്ക് അവസരം ലഭിച്ചു. മിസ് പമീല, ലയനം എന്നീ ചിത്രങ്ങളിലൂടെയാണ് സ്മിത സെക്‌സ് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് രതിവിരുന്നൊരുക്കിയത്. പില്‍ക്കാലത്ത് സൂപ്പര്‍ താരമായി മാറിയ സുരേഷ്‌ഗോപിയായിരുന്നു മിസ് പമീലയില്‍ സ്മിതയുടെ നായകന്‍. തുളസീദാസ് സംവിധാനം ചെയ്ത 'ലയനം' കളക്്ഷന്‍ റിക്കാര്‍ഡുകള്‍ തിരുത്തിയ ചിത്രമായിരുന്നു. ഉര്‍വശിയുടെ സഹോദരന്‍ നന്ദുവായിരുന്നു ലയനത്തില്‍ സ്മിതയുടെ ജോഡിയായത്. ചിത്രമിറങ്ങി അധികനാള്‍ കഴിയുന്നതിനു മുമ്പ് പ്രണയനൈരാശ്യത്താല്‍ നന്ദു ആത്മഹത്യ ചെയ്തു. നന്ദുവിന്റെ ആത്മഹത്യയിലൂടെ അഭിനയത്തിന്റെ തനതു ശൈലി സ്വായത്തമായിരുന്ന മികച്ച നടനെയാണ് മലയാളസിനിമയ്ക്കു നഷ്ടപ്പെട്ടത്.
ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത 'അഥര്‍വ്വ'ത്തില്‍ നായികാ പ്രാധാന്യമുള്ള വേഷമായിരുന്നു സ്മിതയ്ക്ക്. മമ്മൂട്ടി നായകനായ ഈ ചിത്രവും സാമാന്യവിജയം നേടി. തുമ്പോളി കടപ്പുറത്തിലും സ്മിത നായികയായെത്തി. സ്ഫടികം, നാടോടി, ത്രീമെന്‍ ആര്‍മി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. മലയാളത്തിലെ സെക്‌സ് ട്രെന്‍ഡ് സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക കാരണം അവസാനിച്ചപ്പോള്‍ സ്മിത മാത്രമാണ് പിടിച്ചുനിന്നത്. മേനിയഴക് കൊണ്ടല്ല മികച്ച അഭിനേത്രിയുടെ സാധ്യതകൊണ്ടാണ് മലയാളത്തില്‍ സ്മിതയ്ക്ക് വീണ്ടും അവസരങ്ങള്‍ ലഭിച്ചത്.
തമിഴ് സിനിമയില്‍നിന്നും മലയാളത്തിലെത്തിയപ്പോള്‍ പ്രതിഫലത്തില്‍ കോംപ്രമൈസ് ചെയ്യേണ്ടിവന്നു. കത്തിനിന്ന കാലത്ത് സിനിമയില്‍ സ്മിത സഹായിച്ചവരില്‍ അപൂര്‍വം ചിലര്‍ വീഴ്ചയുടെ കാലത്ത് കൈത്താങ്ങായി. ആര്‍.കെ. ശെല്‍വമണിയുടെ 'അതിരടിപ്പടൈ'യില്‍ വേഷം ലഭിച്ചതോടെ സ്മിതയ്ക്ക് പ്രത്യാശയായി. റഹ്മാനായിരുന്നു ഈ ചിത്രത്തിലെ നായകന്‍. ഏറെ പബ്ലിസിറ്റിയോടെ ഇറങ്ങിയ 'അതിരടിപ്പടൈ' ബോക്‌സോഫീസില്‍ വീണുപോയത് സ്മിതയ്ക്കും തിരിച്ചടിയായി. ക്യാപ്റ്റന്‍ പ്രഭാകറില്‍ തുടങ്ങിയ ശെല്‍വമണിയുടെ ജൈത്രയാത്രയ്ക്ക് വിരാമമിട്ട ചിത്രംകൂടിയായിരുന്നു ഇത്.
പല്‍നാട്ടി പൗരുഷം, മാരോ ക്വിറ്റ് ഇന്ത്യ, കിഷ്‌കിന്ധ കാണ്ഡ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും സ്മിത ശ്രദ്ധേയമായ വേഷം ചെയ്തു. എന്നാല്‍ ഇവയൊന്നും ഗുണം ചെയ്തില്ല. തമിഴിലാകട്ടെ നായികനടികള്‍ മാദകനടികളെ തോല്‍പ്പിക്കുന്ന വിധത്തില്‍ മേനിപ്രദര്‍ശനം കാട്ടിത്തുടങ്ങി. ബുശ്ബു, റോജ, ഭാനുപ്രിയ തുടങ്ങിയ തൊണ്ണൂറുകളിലെ നവനായികമാര്‍ ബിക്കിനിയിലും നേര്‍ത്ത വസ്ത്രങ്ങളിലും ശരീരസൗന്ദര്യം പ്രേക്ഷകര്‍ക്കു മുന്നില്‍ അനാവരണം ചെയ്തു. നായികനടികള്‍ മേനിപ്രദര്‍ശനത്തില്‍ മത്സരിച്ച തെലുങ്ക് സൂപ്പര്‍ സ്റ്റാറുകളായ ചിരഞ്ജീവിയുടെയും വെങ്കിടേഷിന്റെയും നാഗാര്‍ജുനയുടെയും ഡബ്ബിംഗ് ചിത്രങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ സ്വീകരണം ലഭിച്ചതും ഇക്കാലത്താണ്. ദിവ്യഭാരതി, ടാബു, വാണിവിശ്വനാഥ് തുടങ്ങിയ നടികള്‍ തെലുങ്ക് സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ മത്സരിച്ചാണ് നഗ്നതാപ്രദര്‍ശനം നടത്തിയത്. കാബറേ ഡാന്‍സിന്റെ കാലം അതോടെ തീര്‍ന്നു. മാദകനടികളെല്ലാം ഹാസ്യവേഷങ്ങളിലേക്ക് മാറി. കൗണ്ടമണി-കോവൈ സരള ടീം അടക്കിവാണ തമിഴ്‌സിനിമയില്‍ ഹാസ്യവേഷങ്ങള്‍ ചെയ്യാനുള്ള അവസരവും സ്മിതയ്ക്കു ലഭിച്ചില്ല.
ഡോ. രാധാകൃഷ്ണനും സ്മിതയില്‍നിന്നും മെല്ലെ മെല്ലെ അകന്നുതുടങ്ങി. സ്വത്തെല്ലാം കൈക്കലാക്കിയ ശേഷമുള്ള ബുദ്ധിപൂര്‍വമായ പിന്‍വാങ്ങലായിരുന്നു അത്. രാധാകൃഷ്ണന്‍ ഇതിനകം നല്ലൊരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായിക്കഴിഞ്ഞിരുന്നു.
സ്മിത എല്ലാവരില്‍നിന്നും ഒറ്റപ്പെടുകയായിരുന്നു. ആരുമില്ലാത്ത ലോകത്ത് ലഹരി മാത്രമായി തുരുത്ത്. സ്മിതയുടെ രാവുകള്‍ നിര്‍ന്നിദ്രങ്ങളായി. കടുത്ത വിഷാദരോഗത്തിന് ചികിത്സയിലുമായി.
''ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍
ആയിരം പേര്‍ വരും കരയുമ്പോള്‍
കൂടെ കരയാന്‍ നിന്‍നിഴല്‍ മാത്രം വരും''-
മനുഷ്യജീവിതത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും സത്യസന്ധമായ വെളിപാടാണ് വയലാറിന്റെ ഈ വരികള്‍. ''പകല്‍വാണപ്പെരുമാളിന്‍ രാജ്യഭാരം വെറും പതിനഞ്ച് നാഴിക മാത്രം'' എന്നും സൗഭാഗ്യങ്ങളുടെ നൈമിഷിക സാധ്യതകളെക്കുറിച്ച് വയലാര്‍ എഴുതിയിട്ടുണ്ട്. വെള്ളിത്തിരയില്‍ ജ്വലിച്ചുനിന്ന ശേഷം ഒരു സുപ്രഭാതത്തില്‍ താരപദവി നഷ്ടപ്പെടുന്ന എത്രയോ പേര്‍ മേല്‍പ്പറഞ്ഞ വയലാറിന്റെ ഗാനത്തിലെ പ്രതീകങ്ങളായിരിക്കാം. നല്ല കാര്യം വരുമ്പോള്‍ നമ്മെപ്പറ്റി നല്ലവാക്ക് പറയാന്‍ പത്താളുകൂടും. അവര്‍ തങ്ങളോട് മനസിലെ അസൂയയും കാലുഷ്യവുമൊക്കെ അടക്കിവച്ച് മനോഹരമായി പെരുമാറും. എന്നാല്‍ സൗഭാഗ്യമെന്ന പളുങ്കുപാത്രം വീണുടഞ്ഞ് വഴിയറിയാതെ പകച്ചുനില്‍ക്കുമ്പോള്‍ നമുക്ക് വഴികാട്ടാനാരും കാണില്ല. കണ്ടാല്‍ കണ്ടില്ലെന്ന് നടിച്ചവര്‍ പോകും.
സ്മിതയെപ്പോലെയുള്ള നിരവധി മാദകനടിമാര്‍ക്ക് ഈ പ്രശ്‌നം ഉണ്ടായിട്ടുണ്ട്. ശ്രീവിദ്യ മുതല്‍ മീരാജാസ്മിന്‍ വരെ വിവിധ തലമുറകളിലെ നടികള്‍ക്ക് ബന്ധുക്കളില്‍നിന്നോ, കൂട്ടുകാരില്‍നിന്നോ ജീവിതത്തിന്റെ നിര്‍ണായക സന്ധിയില്‍ ഇങ്ങനൊരനുഭവം ഉണ്ടായിട്ടുണ്ട്.
ജീവിതത്തിലെ അവസാന നാളുകളില്‍ ഏകാന്തതയ്ക്ക് കൂട്ടിരിക്കാനായിരുന്നു സ്മിതയുടെ വിധി. ആരോരുമില്ലെന്ന തോന്നല്‍ ശക്തമായപ്പോള്‍ അന്നപൂര്‍ണയെ തിരിച്ചു കൊണ്ടുവരുന്നതിനെക്കുറിച്ചു പോലും സ്മിത ചിന്തിച്ചു. സ്മിതയുടെ അടുത്ത സ്‌നേഹിതയായിരുന്ന അക്കാലത്തെ മാദകനടി ഇങ്ങനെ പറഞ്ഞു.
മനസിലെ കാര്യങ്ങള്‍ ആരോടെങ്കിലും തുറന്നുപറയുന്നത് സ്മിതയ്ക്ക് ഇഷ്ടമായിരുന്നില്ല. എനിക്ക് ഒരുപാട് ചാന്‍സുകള്‍ സ്മിത വാങ്ങിത്തന്നിട്ടുണ്ട്. അതിന്റെ കടപ്പാട് സ്മിതയോടെനിക്കെന്നുമുണ്ട്. എന്നാല്‍ മറ്റ് നടികളില്‍നിന്നും ബോധപൂര്‍വമായൊരു അകലം സ്മിത സൃഷ്ടിച്ചിരുന്നു. തന്റെ പ്രശ്‌നങ്ങള്‍ മറ്റാരും അറിയേണ്ട എന്നൊരു നിര്‍ബന്ധബുദ്ധി സ്മിതയ്ക്കുണ്ടായിരുന്നു എന്നുവേണം കരുതാന്‍. എന്നാല്‍ എല്ലാം എല്ലാരും അറിഞ്ഞു. അരമനരഹസ്യം അങ്ങാടിപ്പാട്ടായതുപോലെ''- ഈ മാദകനടി 90-കളില്‍ നിറഞ്ഞുനിന്നിരുന്നു.
ഇവരെവെച്ച് നാലു ചിത്രങ്ങളൊരുക്കിയ സംവിധായകനുമായി പ്രണത്തിലാവുകയും വിവാഹം കഴിച്ച് സിനിമയില്‍നിന്ന് ഒഴിഞ്ഞുപോവുകയും ചെയ്തു. ഈ ദമ്പതികളുടെ പേരുകള്‍ തമ്മിലും സാമ്യമുണ്ടായിരുന്നു. പക്ഷേ ആ സാമ്യത ദാമ്പത്യത്തില്‍ കൊണ്ടുവരാനായില്ല. മുന്നുവര്‍ഷത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. സംവിധായകനാകട്ടെ കന്നടത്തിലും തെലുങ്കിലും ഹിറ്റ്‌മേക്കറായി. പഴയ പേര് അയാള്‍ ഉപേക്ഷിച്ചു. കടുത്ത കരള്‍ രോഗത്തിനുള്ള ചികിത്സയിലാണയകള്‍. പഴയ ഭാര്യ ചെന്നൈയിലുണ്ട്. ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നു. കഴിഞ്ഞ കാലങ്ങള്‍ ഓര്‍ക്കുന്നത് അവള്‍ക്കിഷ്ടമില്ലെങ്കിലും സ്മിതയെക്കുറിച്ചോര്‍ക്കുന്നു.
സ്മിതയക്ക നല്ല മനസിന്റെ ഉടമയാണ്. ഇരുചെവി മറുചെവിയറിയാതെ എല്ലാവരെയും സഹായിക്കും. എന്നാല്‍ സഹായിച്ചവരാരും സ്മിത വീണുപോയപ്പോള്‍ കൈത്താങ്ങ് കൊടുത്തില്ല. സ്മിതയുടെ വഴിയില്‍നിന്നും അവര്‍ അകന്നുനടന്നു. ജീവിതത്തിന്റെ ആഘോഷങ്ങള്‍ക്കൊടുവിലുള്ള കൊടിയിറക്കത്തിന്റെ വേദന സ്മിത അറിഞ്ഞു. തകര്‍ച്ചയുടെ ആരണ്യകാണ്ഡം അവള്‍ അനുഭവിച്ചു. മറ്റുള്ളവരില്‍നിന്ന് ബോധപൂര്‍വം സ്മിത ഒഴിഞ്ഞുമാറി. താന്‍ സഹായിച്ചവരില്‍ ചിലരോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ സ്മിതയെ മറന്നിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ മറവിയെന്നതൊരു അനുഗ്രഹമാണല്ലോ?
കടുത്ത വിഷാദരോഗം അലട്ടിയപ്പോള്‍ ചെന്നൈയിലെ ഡീ അഡിക്ഷന്‍ സെന്ററില്‍ സ്മിത ചികിത്സ തേടി. കടുത്ത മദ്യപാനമാണ് സ്മിതയുടെ പ്രശ്‌നത്തിനു കാരണമെന്ന് സൈക്യാട്രിസ്റ്റ് നിര്‍ദ്ദേശിച്ചു. മദ്യപാനം നിര്‍ത്തുന്നതിനുള്ള ഗുളികകളും ആന്റി ഡിപ്രസന്റ് ഗുളികകളും കൊടുത്തു. എന്നാല്‍ സിനിമ നിര്‍മ്മിക്കാന്‍ വേണ്ടി തമിഴ്‌നാട്ടിലെ ചെട്ടിയാന്മാരില്‍നിന്നും പലിശയ്ക്ക് പണമെടുത്ത സ്മിതയ്ക്ക് ഗുളികകള്‍ മനസ്സമാധാനം നല്‍കിയില്ല. ഗുണ്ടകള്‍ വീടിനു മുന്നില്‍ കയറിയിറങ്ങുമ്പോള്‍ ആ മനസ് തീപ്പൊള്ളലേറ്റ പോലെ വേദനിച്ചു.
പണത്തിനു പകരമായി ശരീരം കാഴ്ചവയ്ക്കാനുള്ള ശ്രമങ്ങളും സ്മിത നടത്തിയിരുന്നു. എന്നാല്‍ അപ്പോഴേയ്ക്കും സ്മിതയുടെ ശരീരത്തിന്റെ രൂപഭംഗി നഷ്ടപ്പെട്ടിരുന്നു. സിനിമാ മോഹവുമായി ചെന്നൈയിലെത്തുന്ന പുതിയ പെണ്‍കുട്ടികളെ വശീകരിച്ച് പെണ്‍വാണിഭ ശൃംഖല ആരംഭിക്കാന്‍ ചെട്ടിയാന്മാര്‍ ഉപദേശിച്ചെങ്കിലും സ്മിത അതിനു വഴങ്ങിയില്ല. താന്‍ കാരണം ഒരു പെണ്‍കുട്ടിയുടെയും ജീവിതം വഴിമുട്ടരുതെന്ന് സ്മിതയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ സ്മിതയുടെ വീടിന്റെ വാതില്‍ ഒരിക്കലും ചാരിയിരുന്നില്ല. തന്റെ സങ്കടമൊപ്പാന്‍ ഒരാള്‍ വരുമെന്ന് അവള്‍ ഉറച്ചുവിശ്വസിച്ചു. അയാള്‍ക്കു വേണ്ടി കാത്തിരുന്നു. ഒടുവില്‍ അയാളെത്തി. തമിഴ് സിനിമയില്‍ 'റെബല്‍' എന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്ന വില്ലന്‍ നടന്‍! സ്മിതയുടെ ജീവിതത്തിലെ നാലാമത്തെ പുരുഷന്‍. കൂരിരുട്ടില്‍ കൈത്തിരിനാളം പോലെയായിരുന്നു അയാളുടെ വരവ്
1995-ലാണ് സ്മിത മനഃശാസ്ത്ര ചികിത്സയ്ക്ക് വിധേയമായത്. ഡീ അഡിക്ഷന്‍-ആന്റി ഡിപ്രഷന്‍ ചികിത്സയാണ് സ്മിതയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. ഈ ചികിത്സയ്ക്ക് മറുവശംകൂടിയുണ്ട്. ഡോക്ടറുടെ ചികിത്സാവിധി കൃത്യമായി പാലിക്കാതിരുന്നാല്‍ വിപരീതഫലമാകും ഉണ്ടാവുക. ഡീ-അഡിക്ഷന്‍ ആന്റി ഡിപ്രസന്റ് ഗുളികകള്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മദ്യപിക്കരുത്. മദ്യപിച്ചാല്‍ ഇതിന്റെ ഫലം പോകും. മാത്രമല്ല വിഷാദരോഗം തീവ്രമാകുകയും ഉയര്‍ന്ന ഡോസില്‍ ഗുളികകള്‍ കഴിക്കേണ്ടതായും വരും. മദ്യലഹരിക്ക് അടിമയായവര്‍ ഈ ഗുളികകള്‍ ദുരുപയോഗം ചെയ്യും. മദ്യത്തോടൊപ്പവും മദ്യപിച്ചതിനു ശേഷവും അവര്‍ ഗുളിക കഴിക്കും. ഇത് മിഥ്യാഭ്രമങ്ങളുണ്ടാക്കും. എല്ലാവരും തന്റെ ശത്രുക്കളാണെന്ന തോന്നല്‍, സംശയരോഗം, അക്രമവാസന എന്നിവയാണ് രോഗികള്‍ക്കുണ്ടാകുക. സ്മിതയ്ക്കും മിഥ്യാഭ്രമങ്ങള്‍ ഉണ്ടായിരുന്നതായി പത്രങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മനഃശാസ്ത്ര ചികിത്സയ്ക്ക് വിധേയമായ കാലത്ത് സ്മിത എല്ലാവരില്‍നിന്നും അകന്നു. പ്രത്യേകിച്ചും മാധ്യമങ്ങളെ അകറ്റിനിര്‍ത്തി. അടുത്ത സുഹൃത്തുക്കളെപ്പോലും സംശയദൃഷ്ടിയോടെയാണ് സ്മിത കണ്ടത്. വീട്ടുജോലിക്കാരിയെയും മേക്കപ്പ് വിദഗ്ദ്ധയെയും പറഞ്ഞുവിട്ടു. ചികിത്സയിലായിരിക്കുമ്പോള്‍ മദ്യപിക്കരുതെന്ന് ഉപദേശിച്ചതിനാണ് അഞ്ചുവര്‍ഷമായി സ്മിതയുടെ കൂടെയുണ്ടായിരുന്ന മേക്കപ്പ് വിദഗ്ദ്ധയെ പുറത്താക്കിയത്. മദ്യപാന ശീലത്തെപ്പറ്റി പുറത്തുള്ളവരോട് പറയുന്നു എന്ന സംശയമാണ് വീട്ടുജോലിക്കാരിയെ പുറത്താക്കാനുള്ള കാരണം. എല്ലാവരും തന്റെ ശത്രുക്കളാണ് എന്ന സ്മിതയുടെ മിഥ്യാഭ്രമമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
കടുത്ത മദ്യപാനവും ആന്റി ഡിപ്രസന്റുകളുടെ അമിതമായ ഉപയോഗവും സ്മിതയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നത് തിരിച്ചറിഞ്ഞ ഡോക്ടര്‍ ആശുപത്രിയില്‍ രണ്ടുമാസം തങ്ങി ഡീ-അഡിക്ഷന്‍ ചികിത്സ ചെയ്യാന്‍ ഉപദേശിച്ചെങ്കിലും സ്മിത വഴങ്ങിയില്ല. രണ്ടുമാസം മാറിനിന്നാല്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ചെറുവേഷങ്ങളും മുടങ്ങുമെന്ന് സ്മിത ഭയപ്പെട്ടു. ഒരര്‍ത്ഥത്തില്‍ സ്മിതയുടെ ഭയം സത്യമായിരുന്നു. ഒരിക്കലും സ്മിതയുടെ മുഖം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടരുതെന്ന് ആഗ്രഹിച്ചവരേറെയായിരുന്നു. ശരീരസൗന്ദര്യം ഇടിഞ്ഞുപോയാലും അര്‍ദ്ധാവസരങ്ങള്‍ പോലും അഭിനയസിദ്ധികൊണ്ട് തിളക്കമുള്ളതാക്കുന്ന സ്മിതയുടെ കഴിവിനെ ശത്രുക്കള്‍ ഭയപ്പെട്ടു.
മുന്‍നിര നായികമാരെല്ലാം സ്മിതയെ അകറ്റിനിര്‍ത്തി. തിളങ്ങിനിന്ന കാലത്ത് നായികമാരെ താറടിച്ചുകൊണ്ട് സ്മിത നല്‍കിയ അഭിമുഖങ്ങളായിരുന്നു ഇതിനു പിന്നില്‍. ചില മാദകനടികളുമായും സ്മിത കടുത്ത വിരോധത്തിലായിരുന്നു. ശരീരം കാഴ്ചവച്ച് തന്റെ സിംഹാസനം അപഹരിക്കാന്‍ വന്നവരോട് സ്മിത കടുത്ത ശത്രുത പുലര്‍ത്തി. ഇവരുടെ മാരകേളികള്‍ പരസ്യമാക്കുകയും ചെയ്തു. തമിഴ് പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍മാരുമായി സ്മിതയ്ക്ക് അടുത്ത സൗഹൃദങ്ങളുണ്ടായിരുന്നു. സിനിമയ്ക്കു പിന്നിലെ മാദകനടികളുടെ അഴിഞ്ഞാട്ടങ്ങള്‍ സ്മിത അവര്‍ക്ക് ചോര്‍ത്തിക്കൊടുത്തു. സ്മിതയുമായി രൂപസാദൃശ്യമുണ്ടായിരുന്ന, മലയാളത്തിലും തമിഴിലും പ്രമുഖ നടന്മാരുടെ നായികാവേഷം ചെയ്യുകയും പിന്നീട് മാദകവേഷത്തിലൊതുങ്ങുകയും ചെയ്ത ആന്ധ്രാക്കാരിയായ പ്രശസ്ത നടിയുടെ പഞ്ചനക്ഷത്ര വാണിഭകേന്ദ്രത്തെപ്പറ്റി പത്രക്കാര്‍ക്ക് വിവരം കൊടുത്തത് സ്മിതയായിരുന്നുവെന്ന് അക്കാലത്ത് പിന്നാമ്പുറ സംസാരമുണ്ടായിരുന്നു. നടിയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഉന്നതരുടെ ഇടപെടല്‍ കാരണം കേസ് ദുര്‍ബലമാക്കപ്പെട്ടു. ബ്യൂട്ടി പാര്‍ലറാണ് താന്‍ നടത്തിയതെന്നും വാണിഭകേന്ദ്രമല്ലെന്നും കോടതിയെ ബോധിപ്പിച്ച് നടി രക്ഷപ്പെട്ടു. പക്ഷേ അതിനു ശേഷം സിനിമയില്‍ കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല. ഈ നടിയുടെ ഗുണ്ടകള്‍ ഫ്‌ളാറ്റില്‍ കയറി സ്മിതയെ ഭീഷണിപ്പെടുത്തിയപ്പോള്‍ പൂരപ്പാട്ടോടെ സ്മിത ഗുണ്ടകളെ ആട്ടിയിറക്കി.
ആത്മഹത്യ ചെയ്ത നടികളോട് കടുത്ത ആരാധന സ്മിതയ്ക്കുണ്ടായിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ ആത്മഹത്യയുടെ ആദ്യ അധ്യായമെഴുതിയ വിജയശ്രീയെയും ദാമ്പത്യജീവിതത്തിലെ താളഭംഗം ആത്മഹത്യയിലെത്തിച്ച ശോഭയെയും സ്മിത ആരാധിച്ചിരുന്നു. പല അഭിമുഖങ്ങളിലും ശോഭയുടെ അസാമാന്യമായ അഭിനയചാതുരിയെ സ്മിത പുകഴ്ത്തിയിട്ടുണ്ട്. വിജയശ്രീയുടെ ശരീരസൗന്ദര്യത്തെപ്പറ്റിയും പരാമര്‍ശിച്ചിട്ടുണ്ട്. സിനിമയിലെ തമ്പ്രാക്കന്മാര്‍ കാട്ടിയ നെറികേടാണ് വിജയശ്രീയുടെ ആത്മഹത്യക്ക് പിന്നിലെന്ന് ഒരിക്കല്‍ സ്മിത തുറന്നടിച്ചു.
മലയാളസിനിമയിലെ പ്രമുഖ നിര്‍മ്മാതാവാണ് വിജയശ്രീയുടെ ആത്മഹത്യക്ക് കാരണമെന്നാണ് സ്മിത ഉദ്ദേശിച്ചത്. എന്നാല്‍ സ്മിതയുടെ വാക്കുകള്‍ അക്കാലത്തെ പ്രമുഖരായ തമിഴ് നിര്‍മ്മാതാക്കള്‍ക്കു ദഹിച്ചില്ല. തങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹത്തെയാണ് സ്മിത ആക്രമിച്ചതെന്നും സ്മിതയുടെ എല്ലില്ലാത്ത വായില്‍നിന്നു വീഴുന്ന വാക്കുകള്‍ തങ്ങളെ സത്യത്തിന്റെ കുരിശില്‍ തറയ്ക്കുമെന്നും അവര്‍ ഭയന്നു. ബിഗ്ബഡ്ജറ്റ് നിര്‍മ്മാതാക്കളുടെ ചിത്രങ്ങളില്‍നിന്നും സ്മിത ഔട്ടാകാന്‍ കാരണം വിജയശ്രീയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ്. ആത്മഹത്യാ ചിന്ത ലഹരിയായി കൊണ്ടുനടന്നതുകൊണ്ടാണ് ആത്മഹത്യ ചെയ്തവരെ സ്മിത ആരാധിച്ചതെന്ന സത്യം ഇവര്‍ കാണാതെ പോയി.
അഭിമുഖങ്ങളിലെല്ലാം സിനിമാരംഗത്തെ അലിഖിത നിയമങ്ങളെയാണ് സ്മിത വെല്ലുവിളിച്ചത്. നായികയ്ക്ക് പഞ്ചനക്ഷത്ര സൗകര്യമുള്ള മുറിയും മാദകനടിക്ക് സൗകര്യം കുറഞ്ഞ മുറിയും നല്‍കുന്ന രീതി അവസാനിപ്പിച്ചത് സ്മിതയാണ്. സെറ്റിലെത്തുന്ന സ്മിത നായികനടിക്കു കൊടുക്കുന്ന സൗകര്യങ്ങളെല്ലാം തനിക്കും നല്‍കണമെന്ന് വാശിപിടിച്ചു. സ്മിതയുടെ ശരീരസൗന്ദര്യത്തിന് പൊന്നും വിലയുണ്ടായിരുന്ന കാലമായതിനാല്‍ നിര്‍മ്മാതാക്കള്‍ക്ക് വങ്ങേണ്ടി വന്നു. മാദകനടികളെന്നാല്‍ നായകന്മാരുടെ രാത്രിവിനോദത്തിനുള്ള മാംസമാണ് എന്ന നിയമത്തെയും സ്മിത ലംഘിച്ചു. തനിക്കിഷ്ടപ്പെട്ട പുരുഷനുമായി മാത്രമേ കിടക്ക പങ്കിടൂ എന്നായിരുന്നു സ്മിതയുടെ പ്രഖ്യാപനം.
ഇണയെ സ്മിത സെലക്ട് ചെയ്യുന്നതും വ്യത്യസ്തമായിട്ടായിരുന്നു. സുന്ദരനായ ജനപ്രിയ നടന്റെ കാമാര്‍ത്ഥന നിരസിച്ച സ്മിത അയാളുടെ ചിത്രങ്ങളില്‍ ചിരിയുടെ അമിട്ടിന് തിരികൊളുത്തുന്ന ഹാസ്യനടനുമായി ശാരീരികബന്ധം പുലര്‍ത്തി. മഞ്ഞക്കറയുള്ള പല്ലും കറുത്ത ശരീരവും വായിലെപ്പോഴും മദ്യത്തിന്റെ മണവുമുള്ള ഈ ഹാസ്യനടന് ഒരുകാലത്ത് സൂപ്പര്‍താരതുല്യ മാര്‍ക്കറ്റായിരുന്നു. ജനപ്രിയ നടന്റെ അഭിമാനത്തിനേറ്റ കരണത്തടിയായിരുന്നു ഇത്. താനാഗ്രഹിച്ചത് കവര്‍ന്നെടുത്ത ഹാസ്യതാരത്തിനെതിരെ ചെറുവിരലനക്കാന്‍ പോലും ജനപ്രിയ താരത്തിനായില്ല. കാരണം ഹാസ്യനടന്റെ സാന്നിധ്യമായിരുന്നു ജനപ്രിയ നടന്റെ സിനിമകളുടെ വിജയരഹസ്യം.
അഭിനയസിദ്ധിയുടെ അളവകോലിലൂടെയാണ് സ്മിത നടന്മാരെ വീക്ഷിച്ചത്. അഭിനയകല സ്വായത്തമാക്കാത്ത നായകനടന്മാര്‍ക്ക് ആയുസ് കുറവാണ്. ഒരു മഴക്കാലം പോലെയാണ് സിനിമയില്‍ അവരുടെ ആയുസെന്ന് സ്മിത കണക്കുകൂട്ടി. എന്നാല്‍ അഭിനയിക്കാനായി പിറന്നവര്‍ സിനിമയിലെപ്പോഴും സജീവമായിരിക്കുമെന്നും അവരില്‍നിന്നും പഠിക്കുന്ന അഭിനയം തന്റെ കരിയറിന് ഗുണം ചെയ്യുമെന്നും സ്മിതയ്ക്കറിയാമായിരുന്നു. അതുകൊണ്ടാണ് യഥാര്‍ത്ഥ കലാകാരന്മാരുമായി ശരീരം പങ്കിടുന്നതില്‍ സ്മിതയ്ക്ക് കുറ്റബോധം തോന്നാത്തത്.
രതിക്ക് വിലക്കുകളില്ലെന്ന് സ്മിത ജീവിതംകൊണ്ട് പ്രഖ്യാപിച്ചു. രതിസുഖത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ച് സ്മിതയില്‍നിന്നും അകന്നുപോയവര്‍ ഏറെയാണ്. അവരെ സ്മിത സ്‌നേഹിച്ചിരുന്നില്ല. പക്ഷേ ആരാധിച്ചിരുന്നു. തന്റെ നഗ്നതയിലവര്‍ കാമകലകള്‍ പരീക്ഷിച്ച് സംതൃപ്തിയണഞ്ഞപ്പോള്‍ സ്മിത സന്തോഷിച്ചു. അവരുടെ കഴിവിന് സ്മിത നല്‍കിയ സമ്മാനം അവളുടെ ശരീരത്തിലെ രതിമധുരമായിരുന്നു.
തൊണ്ണൂറുകളില്‍ മലയാളസിനിമയില്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത നടന്‍ സ്മിതയോട് അനുഭാവം പുലര്‍ത്തിയിരുന്നു. കരുണയും, സഹാനുഭൂതിയും മനസിലെപ്പോഴും കാത്തുസൂക്ഷിക്കുന്ന ഈ നടന്‍ മണിമാളികയില്‍ ഇരുന്നായിരുന്നില്ല ആരാധകരെ കാണുന്നത്. മറിച്ച് അനശ്വരനായ ജയനെപ്പോലെ ആരാധകരോട് പ്രത്യേക സ്‌നേഹവും ബഹുമാനവും പുലര്‍ത്തുന്നു.
തമിഴില്‍ അവസരം കുറഞ്ഞപ്പോള്‍ സ്മിതയ്ക്ക് മലയാളത്തില്‍ നിലനില്‍പ്പുണ്ടാക്കിയതിനു പിന്നില്‍ ഈ നടന്റെ ശുപാര്‍ശയ്ക്കും പങ്കുണ്ടായിരുന്നു. സ്മിതയിലെ അഭിനേത്രിയെ ഈ നടന്‍ ബഹുമാനിച്ചു. സ്മിതയുടെ നായകനാകാന്‍ മിനിമം ഗ്യാരന്റിയുള്ള നടന്മാരെല്ലാം മടിച്ചുനിന്നപ്പോള്‍ സ്മിതയുടെ കൂടെ ഇഴുകിച്ചേര്‍ന്നഭിനയിക്കാനുള്ള ധൈര്യം ഈ നടന്‍ കാട്ടി. സിനിമാജീവിതത്തിലുടനീളം 'റെബല്‍' സ്വഭാവം കാത്തുസൂക്ഷിച്ച ഇദ്ദേഹം താരാധിപത്യത്തിനു നേര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
ഉയര്‍ന്ന കുടുംബാംഗമായ, സംതൃപ്തമായ കുടുംബജീവിതം നയിക്കുന്ന ഈ നടനുമായുള്ള സൗഹൃദം പുറത്തറിയിക്കാന്‍ സ്മിത തയാറായില്ല. തന്നോടുള്ള സൗഹൃദം നടന്റെ കരിയറിന് തിരിച്ചടിയാവരുതെന്ന് സ്മിത ശ്രദ്ധിച്ചിരുന്നു. താന്‍ അഭിനയിക്കാത്ത ചിത്രങ്ങളുടെ സംവിധായകരോടു പോലും ഈ നടന്‍ സ്മിതയുടെ പേര് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അങ്ങനെ നൃത്തരംഗങ്ങളിലും കോമഡി വേഷങ്ങളിലും മലയാളസിനിമയില്‍ സ്മിത തിളങ്ങി.
ഈ നടനു പുറമേ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സ്മിതയോട് അനുഭാവപൂര്‍വമായ സമീപനമായിരുന്നു സ്വീകരിച്ചത്. അഥര്‍വ്വത്തില്‍ നായികാതുല്യമായ റോളിന് സ്മിതയെ തെരഞ്ഞെടുത്തപ്പോള്‍ മമ്മൂട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. തമിഴ് സൂപ്പര്‍ താരങ്ങള്‍ ഈ നടിക്ക് ഊരുവിലക്ക് കല്പിച്ചിരുന്ന കാലമായിരുന്നു അതെന്നോര്‍ക്കണം. മമ്മൂട്ടിക്ക് അക്കാലത്ത് തമിഴില്‍നിന്നും ഓഫറുകള്‍ ലഭിച്ചിരുന്നു. കെ. മധുവിന്റെ മൗനം സമ്മതം, കെ. ബാലചന്ദറിന്റെ അഴകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിക്കാനൊരുങ്ങുന്ന കാലമായിരുന്നു അത്. തമിഴ് സൂപ്പര്‍ താരങ്ങളും സംവിധായകരും സ്മിതയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന അലിഖിത ഉപരോധത്തെക്കുറിച്ച് മമ്മൂട്ടി ഉത്കണ്ഠപ്പെട്ടതേയില്ല. 'അഥര്‍വ്വ'ത്തില്‍ സ്മിതയെ അഭിനയിപ്പിച്ചതു കാരണം തമിഴ് സിനിമാരംഗത്ത് തനിക്കുണ്ടായേക്കാവുന്ന വിരോധത്തെ മമ്മൂട്ടിയിലെ ധിക്കാരി മുഖവിലയ്‌ക്കെടുത്തില്ല.
മോഹന്‍ലാലും തന്റെ ചിത്രങ്ങളില്‍ സ്മിതയെ സഹകരിപ്പിച്ചു. നാടോടിയിലും സ്ഫടികത്തിലും ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് സ്മിതയ്ക്കു ലഭിച്ചത്. രണ്ട് ചിത്രങ്ങളിലും ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം മോഹന്‍ലാല്‍ സ്മിതയുമൊത്ത് ചുവടുവയ്ക്കുകയും ചെയ്തു. നാടോടിയില്‍ സ്മിതയുമൊത്തുള്ള ലാലിന്റെ നൃത്തം അവിസ്മരണീയമാണ്. 'ജുംബാ ജുംബാ' എന്ന ഗാനത്തോടൊപ്പം മോഹന്‍ലാലും സ്മിതയും തകര്‍ത്ത് ചുവടുവച്ചപ്പോള്‍ പ്രേക്ഷകര്‍ ആവേശത്തേരിലെത്തി. മോഹന്‍ലാല്‍ ഏറ്റവും നന്നായി നൃത്തം ചെയ്തതും നാടോടിയില്‍തന്നെ. ഈ നൃത്തരംഗമില്ലായിരുന്നെങ്കില്‍ നാടോടി ബോക്‌സോഫീസില്‍ വന്‍ പരാജയം ഏറ്റുവാങ്ങുമായിരുന്നു.
മലയാള ഫിലിം ഇന്‍ഡസ്ട്രി സ്മിതയ്ക്ക് സുരക്ഷിതമായ ഷെല്‍ട്ടര്‍ ഒരുക്കുകയായിരുന്നു. എന്നാല്‍ മലയാളത്തിലെ സൗഹൃദത്തിന് രക്ഷിക്കാനാവാത്ത വിധമായിരുന്നു സ്മിതയുടെ ദുരവസ്ഥ. ദുഃഖവേനലില്‍ തളിര്‍ത്ത സ്മിതയ്ക്ക് ഒരിക്കല്‍ പെയ്ത മഴയില്‍ എല്ലാം നഷ്ടപ്പെട്ടു.
ആദ്യം അഭിനയിച്ചതിന് മലയാളത്തിലായതുകൊണ്ടായിരിക്കാം മലയാളസിനിമയോട് സ്മിതയ്ക്ക് ബഹുമാനവും താല്പര്യവുമുണ്ടായിരുന്നു. തമിഴിനേക്കാള്‍ ശക്തമായ വേഷങ്ങള്‍ ലഭിക്കുന്നത് മലയാളത്തിലാണെന്ന് ഒരു അഭിമുഖത്തില്‍ സ്മിത തുറന്നുപറഞ്ഞു. തമിഴ് സിനിമയെപ്പോലെ പാരവയ്പും കുതികാല്‍വെട്ടും മലയാളത്തില്‍ കുറവാണെന്നും സ്മിത അഭിപ്രായപ്പെട്ടിരുന്നു. തമിഴില്‍ പൊന്‍വിലയുള്ളപ്പോള്‍ മലയാളത്തില്‍നിന്നുള്ള ക്ഷണങ്ങള്‍ സ്മിത നിരസിച്ചില്ല.
സ്മിത നായികയായി അഭിനയിച്ച ചിത്രങ്ങളില്‍ മെഗാഹിറ്റായ 'ലയന'ത്തിന്റെ സംവിധായകന്‍ തുളസീദാസ് സ്മിതയെക്കുറിച്ച് പറഞ്ഞതിങ്ങനെ...
''സ്മിത അഹങ്കാരിയാണ്, സെറ്റില്‍ പ്രശ്‌നമുണ്ടാക്കും എന്നൊക്കെ കേട്ടിരുന്നു. പ്രതിഫലക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ചിലര്‍ പറഞ്ഞു. എന്നാല്‍ ലയനത്തിന്റെ കഥ കേട്ട മാത്രയില്‍ പ്രതിഫലം ചോദിക്കാതെ ഡേറ്റ് തന്നു. സെറ്റില്‍ ഒരു പ്രശ്‌നവുമുണ്ടാക്കിയില്ല. 'ലയന'ത്തിലെ നായികാ വേഷത്തോട് സ്മിത നീതിപുലര്‍ത്തി. നല്ലൊരു അഭിനേത്രിയായിരുന്നു അവര്‍. പക്ഷേ വിധി അവര്‍ക്ക് ലഭിക്കേണ്ടിയിരുന്ന വേഷങ്ങള്‍ നിഷേധിച്ചു.''
ലയനത്തില്‍ സ്മിതയുടെ നായകനായി അഭിനയിച്ച നന്ദുവും താരജാഡയില്ലാതെ പെരുമാറുന്ന സ്മിതയെ കണ്ട് അത്ഭുതപ്പെട്ടതായി അക്കാലത്തെ പ്രമുഖ സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തമിഴില്‍ കാണിച്ച ആഢംബരമോ, അഹങ്കാരമോ, പ്രതിഫലക്കാര്യത്തിലുള്ള കടുംപിടിത്തതോ സ്മിത മലയാളത്തില്‍ പ്രകടിപ്പിച്ചില്ല എന്നുമാത്രമല്ല, മലയാളത്തിലെ ആര്‍ട്ടിസ്റ്റുകളെ ബഹുമാനിക്കുകയും ചെയ്തു.
ശിവാജി ഗണേശനെ കണ്ട് എഴുന്നേല്‍ക്കാതെ കാലിന്മേല്‍ കാല്‍ കയറ്റിയിരുന്ന സ്മിത 'ജസ്റ്റീസ് രാജ'യുടെ സെറ്റില്‍ പ്രേംനസീറെത്തിയപ്പോള്‍ ചുണ്ടത്തിരുന്ന സിഗരറ്റ് വലിച്ചെറിഞ്ഞ് ചാടിയെഴുന്നേറ്റ് നസീറിന്റെ കാല്‍ തൊട്ട് വന്ദിക്കുകയുണ്ടായി. തമിഴിലെ വിലകൂടിയ മാദകനടിക്ക് അക്കാലത്ത് താരമൂല്യം കുറഞ്ഞിരുന്ന നസീറിന്റെ കാല്‍ തൊട്ട് വന്ദിക്കേണ്ട കാര്യമില്ല. പ്രേംനസീറിന്റെ ലാളിത്യമാണ് തന്നെ അദ്ദേഹത്തിന്റെ ആരാധികയാക്കിയതെന്ന് സ്മിത പിന്നീട് പറഞ്ഞു.
ജീവിതത്തോട് കലഹിച്ച നാളുകളില്‍ തമിഴ്‌നാടു വിട്ട് കേരളത്തില്‍ ചേക്കേറാന്‍ സ്മിത ആഗ്രഹിച്ചിരുന്നു. കേരളത്തിലെ സൗഹൃദങ്ങള്‍ തനിക്ക് ആശ്വാസം പകരുമെന്ന് അവര്‍ വിശ്വസിച്ചു. പക്ഷേ കടക്കെണി സ്മിതയെ തമിഴ്‌നാട്ടില്‍ തന്നെ കുടുക്കിയിടുകയായിരുന്നു. വിധിയുടെ വിളയാട്ടം ഇങ്ങനെയാണ്. രക്ഷപ്പെടണമെന്ന് ആഗ്രഹിച്ചാലും കഴിയില്ല. മനുഷ്യനെ ദുഃഖസാഗരത്തിലെ സഞ്ചാരിയാക്കും. ഉന്മാദംകൊണ്ട് സഞ്ചാരി വലയും. ഉന്മാദ സഹയാത്രികയായി ചെന്നൈയിലെ ഫ്‌ളാറ്റില്‍ ഒടുങ്ങാനായിരുന്നു സ്മിതയുടെ വിധി. സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചിത്രംകൂടി തിയേറ്ററുകളിലെത്തി- 'ക്ളൈമാക്‌സ്.' സില്‍ക്ക് സ്മിതയുടെ യഥാര്‍ത്ഥ ജീവിതചിത്രമെന്നാണ് സംവിധായകന്‍ അവകാശപ്പെടുന്നത്. 'ഡെര്‍ട്ടി പിക്ചറി'നു ശേഷം മറ്റൊരു സില്‍ക്ക് ചരിത്രം. വസന്തകാലത്തെ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് വേനല്‍ക്കാലത്ത് തിരക്കില്‍ ഏകയായി നിന്ന സില്‍ക്കിന്റെ ജീവിതത്തിലുള്ളത്ര നാടകീയത മറ്റൊരു സ്ത്രീജന്മത്തിനുമില്ല. കാലം നമിച്ചുനിന്ന കാമലോലുപയായിരുന്നു ഈ അഭിനേത്രി.
സില്‍ക്ക് നിറഞ്ഞുനിന്ന കാലത്തിലേക്കു സഞ്ചരിച്ച് ഈ ജീവചരിത്രം തയ്യാറാക്കുമ്പോള്‍ പല സന്ദര്‍ഭങ്ങളിലും വാക്കുകള്‍ കിട്ടാതെ പിടച്ചു. എല്ലൂരിലെ മണിയറയില്‍ പുരുഷന്റെ ലൈംഗികപ്പേക്കൂത്ത് സഹിക്കാനാവാതെയുള്ള പെണ്‍കുട്ടിയുടെ ആര്‍ത്തനാദം ഓരോ അധ്യായങ്ങള്‍ രചിക്കുമ്പോഴും കാരമുള്ളുകള്‍ പോലെ കാതില്‍ തറച്ചു.
ഹൃദയത്തിലെ ദുഃഖവേനല്‍ ചുംബിച്ചെടുക്കാന്‍ ഒരുനാള്‍ ഒരാളെത്തുമെന്ന് സ്വപ്നം കണ്ട സ്ത്രീ. സ്‌നേഹിച്ചവര്‍ക്ക് അവര്‍ അമ്പാദിച്ചതെല്ലാം പകുത്തുനല്‍കി. ഇക്കാര്യത്തില്‍ ആരുടെയും ഉപദേശം സ്വീകരിക്കാതെ സ്വന്തം വഴിയിലൂടെ യാത്ര ചെയ്ത് യാത്രയുടെ അവസാനം അനിവാര്യമായ വിധിയുടെ ചുവപ്പ് കാര്‍ഡും കണ്ടു.
''മുപ്പത്തിയഞ്ച് വയസായി. നിന്റെ കളിയാട്ടം കഴിഞ്ഞു. ഇതാ നിനക്കുള്ള ചുവപ്പുകാര്‍ഡ്. മകളേ ഇനി നീ ജീവിതത്തെയുമഴിച്ചുവച്ച് പുറത്തിരിക്കൂ''- പിണങ്ങിയ ദൈവം സ്മിതയോടിങ്ങനെ മന്ത്രിച്ചു കാണണം. ആ നിമിഷത്തില്‍ വിഷപാനീയം ചുണ്ടോടുചേര്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. ഏകാകിനിയുടെ ദുഃഖപര്യവസാനം.
പ്രശസ്ത തമിഴ് സിനിമാ ചരിത്രകാരനായ റണ്ടോര്‍ഗയ് സ്മിതയെക്കുറിച്ച് ഇങ്ങനെയെഴുതി:
''സ്മിതയുടെ നൃത്തരംഗമുള്ള സിനിമകള്‍ ഒരുകാലത്ത് തമിഴ്‌നാട്ടില്‍ ബിയര്‍ കെയ്‌സുകള്‍ പോലെയാണ് വിറ്റിരുന്നത്. ലഹരിയായിരുന്നു സ്മിത. അന്നനാളത്തിലൂടെ ഊര്‍ന്നിറങ്ങി ശിരസ്സാകെ പടര്‍ന്നുപിടിക്കുന്ന തണുത്ത ലഹരി. ബിയര്‍പോലെ ശുദ്ധമായ ലഹരി.''
1996 സെപ്റ്റംബര്‍ 23-നാണ് വിഷാദങ്ങളുടെ കൂടാരത്തില്‍നിന്നും ആത്മഹത്യയിലൂടെ സ്മിത രക്ഷ നേടിയത്. മദ്യത്തില്‍ കീടനാശിനി ചേര്‍ത്ത് ലഹരിയുടെ ഉന്മാദലോകത്തെ വാരിപ്പുണര്‍ന്നുകൊണ്ട് സ്മിത ജീവിതപുസ്തകം പൂര്‍ത്തിയാക്കി. അഭിനയിച്ച വേഷങ്ങളില്‍ ഭൂരിഭാഗവും പതിരായിപ്പോയ, സ്‌നേഹത്തിന്റെ മുഖങ്ങള്‍ക്കുള്ളിലെ കപടത കണ്ടു നടുങ്ങിയ ഒരു പാവം സ്ത്രീയുടെ പോരാട്ടത്തിന്റെ അവസാനമായിരുന്നു അത്.
ദൈവവിശ്വാസിയായിരുന്നു സ്മിത. അടിയുറച്ച ദേവീഭക്ത. എന്നാല്‍ അപമാനത്തിന്റെയും അവഗണനയുടെയും കനല്‍ക്കിടക്കയില്‍ സ്മിതയുടെ രാവുകള്‍ നിര്‍ന്നിദ്രമായപ്പോള്‍ ദൈവം കണ്ണുതുറന്നില്ല. ജനിച്ച നിമിഷം മുതല്‍ ഇന്നയാള്‍ ഇത്രനാളെന്ന് കാലത്തിന്റെ കല്ലില്‍ കൊത്തിവച്ചിരിക്കും. സ്മിതയുടെ കാര്യത്തില്‍ സംഭവിച്ചത് ഇതാകാം.
പ്രതീക്ഷയുടെ ഇടിഞ്ഞില്‍ പ്രകാശം പോലുമില്ലാത്ത ജീവിതം മരണതുല്യമാണ്. മൃതിയെ ഭയപ്പെടാത്തവര്‍ ആത്മഹത്യ സ്വീകരിക്കും. ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളല്ല. അവരുടെ ചങ്കുറപ്പ് അപാരമാണ്. പ്രഭാതത്തെയും സന്ധ്യയെയും രാത്രിയെയും ഇനി കാണില്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള മടക്കയാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ഒരു പിന്‍വിളിക്കും പിന്തിരിക്കാനാവാത്ത നിശ്ചയദാര്‍ഢ്യം അവര്‍ക്കുണ്ടായിരിക്കും.
ചെന്നൈയിലെ ഫ്‌ളാറ്റില്‍ സ്മിത മരിച്ചുകിടന്നപ്പോള്‍ തമിഴിലെയും മലയാളത്തിലെയും ചിരപരിചിത മുഖങ്ങളാരുമെത്തിയില്ല. തമിഴ് സിനിമ ഈ നടിയെ ക്രൂരമായി അവഗണിച്ചു. മലയാളത്തിലെ ചില താരങ്ങളുടെ അനുശോചന സന്ദേശങ്ങള്‍ മാത്രം പത്രങ്ങളില്‍ വന്നു.
സ്മിത ആത്മഹത്യാക്കുറിപ്പെഴുതിക്കാണുമോ എന്നതായിരുന്നു പല തമിഴ് താരങ്ങളുടെയും ആശങ്ക. എന്നാല്‍ തന്റെ മരണത്തില്‍ സ്മിത ആരെയും കുറ്റപ്പെടുത്തിയില്ല. ഇരന്നു വാങ്ങിയ വിധിക്ക് ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്ന് സ്മിതയ്ക്കറിയാമായിരുന്നു. ശരത്കാല പുഴയായിരുന്നില്ല സ്മിത. മറിച്ച് ആര്‍ത്തിരമ്പുന്ന കടലായിരുന്നു. ചുഴികളും മലരികളും ഏറെയുള്ള കടല്‍. ആ മനസിന്റെ കാണാത്ത കൊട്ടാരത്തില്‍ കാത്തുവച്ചിരുന്ന പ്രണയമെന്ന മാണിക്യം ചുണ്ടുകള്‍കൊണ്ട് ഒപ്പിയെടുത്ത് ഒരു പുരുഷനും ഹൃദയത്തില്‍ സൂക്ഷിച്ചില്ല.
സ്മിതയുടെ മരണം കൊലപാതകമാണെന്ന അഭ്യൂഹവും പരന്നിരുന്നു. എന്നാല്‍ സംശയങ്ങളുടെ വെടിമരുന്നിന് മേല്‍ ഇടവപ്പാതിപോലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെത്തി. സ്മിതയുടെ വയറ്റില്‍നിന്ന് കീടനാശിനിയുടെയും മദ്യത്തിന്റെയും സാമ്പിള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. നേരത്തെ സ്മിത മരിച്ചുകിടന്ന മുറിയില്‍നിന്നും പോലീസ് ഇത് കണ്ടെടുത്തിരുന്നു. ആത്മഹത്യയാണെന്ന പോലീസ് നിഗമനത്തിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടിവരയിട്ടു. താരസാന്നിധ്യമില്ലാതെ, ആചാരവെടി മുഴങ്ങാതെ, റീത്തുകളുടെ ഭാരമില്ലാതെ ആരാധകരുടെ ഹൃദയത്തില്‍നിന്നും സ്മിത വിട വാങ്ങി.
സ്മിതയുടെ കാലത്തുനിന്നും ദക്ഷിണേന്ത്യന്‍ സിനിമ ഏറെ മുന്നോട്ടു പോയിരിക്കുന്നു. ശരീരപ്രദര്‍ശനത്തിന് ഒരു മടിയും കാട്ടാത്ത യുവസുന്ദരികള്‍ അരങ്ങുതകര്‍ക്കുന്നു. അവര്‍ക്കെല്ലാം സ്മിതയുടെ ജീവിതം പാഠപുസ്തകമാണ്. സ്വന്തമായി നിലനില്‍പ്പുണ്ടാക്കിയില്ലെങ്കില്‍ സ്‌നേഹം നടിച്ചെത്തുന്നവര്‍ പല വഴിക്ക് പിരിയും. അന്ധമായി വിശ്വസിക്കുന്നവര്‍ ചതിക്കും. ഇതാണ് സ്മിതയുടെ ജീവിതം പുതുമുറ നടികള്‍ക്കു നല്‍കുന്ന പാഠം.
No comments:
Post a Comment