Saturday 8 June 2013

[www.keralites.net] മാധവിക്കുട്ടിയും ഗൗരിയമ്മയും സ്‌ത്രീശരീരങ്ങള്‍ മാത്രമോ

 

മാധവിക്കുട്ടിയും ഗൗരിയമ്മയും സ്‌ത്രീശരീരങ്ങള്‍ മാത്രമോ?

 

സൂചനകള്‍ക്കപ്പുറം

പി.ഇ. ഉഷ

കേരളത്തിലെ അറിയപ്പെടുന്ന ഫെമിനിസ്റ്റ്. എഴുത്തുകാരി. ഇപ്പോള്‍ അട്ടപ്പാടി അഹാഡ്സ് വനിതാ വികസന സെല്ലില്‍ അസിസ്റ്റന്റ് ഡയറക്ടര്‍

സര്‍ഗാത്മകതയും സ്വാതന്ത്ര്യവും രണ്ടല്ലെന്നു മലയാളിക്കു മനസിലാക്കിത്തന്നത്‌ മാധവിക്കുട്ടിയാണ്‌. മലയാളത്തില്‍ നിന്നുകൊണ്ട്‌ സര്‍ഗാത്മകതയുടെ ആകാശത്തിലേക്കു പറന്നുപോകുകയായിരുന്നു അവര്‍. പറക്കുമ്പോഴെല്ലാം, ഓരോ ചിറകടിയും മലയാളിയെ കേള്‍പ്പിച്ചു, കാണിച്ചു. അത്ഭുതംകൊണ്ട്‌ മലയാളികള്‍ സ്‌തബ്‌ധരായി. അമ്പരപ്പു മാറിയപ്പോള്‍ പലതും പറഞ്ഞു. മാധവിക്കുട്ടി പക്ഷേ പുഞ്ചിരി കൊണ്ട്‌ എല്ലാവരേയും തോല്‍പിച്ചു. മാധവിക്കുട്ടിയെക്കുറിച്ച്‌ ഒരുപാടു കഥകള്‍ മലയാളി കേട്ടിരിക്കുന്നു. ഉള്ളതും ഇല്ലാത്തതും. ഉള്ളതോ ഇല്ലാത്തതോ എന്നു തിട്ടപ്പെടുത്താന്‍ കഴിയാതെയും കുറെ. ഇതൊക്കെ തീരുമ്പോഴും തീരാത്തപ്പോഴും എഴുത്തുകൊണ്ട്‌ മലയാള ഹൃദയത്തെ തൊട്ടു മാധവിക്കുട്ടി. പഠിച്ചവരും പഠിക്കാത്തവരുമെല്ലാം മാധവിക്കുട്ടിയെ കേട്ടു, വായിച്ചു. മാധവിക്കുട്ടിക്കു പകരമാരുമില്ല, മാധവിക്കുട്ടിയുടെ വാക്കുകള്‍ പോലെ, അവരുടെ ഓരോ വാക്കിനും ആ ഓരോ വാക്കുകളെ ഉള്ളു. ഒരുതുള്ളി മഴകൊണ്ട്‌ പേമാരി കൊള്ളിക്കുന്നപോലെ.

മാധവിക്കുട്ടി മതം മാറുമ്പോഴും കുറെ അഭിപ്രായങ്ങള്‍ ഉണ്ടായി. പക്ഷെ ഏറെപ്പേരും വിശ്വസിച്ചു, അവരുടെ മതം അങ്ങനെ മാറാവുന്നതാണോ എന്ന്‌! അതുപോലെ മതം മാറിയാലെന്ത്‌ മാറിയില്ലെങ്കിലെന്ത്‌! മാധവിക്കുട്ടി എഴുതണം. എഴുത്താണ്‌ അവരുടെ മതം. ഇടയ്‌ക്ക്‌ അവര്‍ വന്ന്‌ എല്ലാവരോടുമായി വര്‍ത്തമാനം പറഞ്ഞു.

പറയാന്‍ പാടില്ലാത്തതെന്നു വിശ്വസിക്കുന്ന അപ്രിയ സത്യങ്ങളും പ്രിയമായി പറഞ്ഞു. ആരോടും പരിഭവമില്ലാതെതന്നെ പരിഭവങ്ങള്‍ പറഞ്ഞു. എല്ലാവരോടും കൂട്ടുകൂടി. അവരുടെ ദുഃഖങ്ങളെയും വേദനകളെയുമെല്ലാം സര്‍ഗചാരുതയുടെ മഴവില്ലുകൊണ്ട്‌ കുളിര്‍പ്പിച്ചു.

അവര്‍ വിട്ടുപോവുമ്പോഴും എങ്ങനെ പോകും, ഞങ്ങളെയെല്ലാം ഇവിടെ തനിച്ചാക്കിയെന്ന്‌ വായനക്കാരും എന്നെ ഇങ്ങനെ തനിച്ച്‌ യാത്രയാക്കല്ലേ എന്ന്‌ അവരും പറഞ്ഞിരിക്കണം. എന്നാല്‍ ഇപ്പോള്‍ വിട്ടുപിരിഞ്ഞ്‌ നാലുവര്‍ഷത്തിനു ശേഷം അവരോട്‌ അടുത്തവര്‍ പലരും ആ അടുപ്പത്താല്‍ അറിഞ്ഞുപോയ കാര്യങ്ങള്‍ അവരുടെ െവെയക്‌തികതയുടെ ചില രഹസ്യങ്ങള്‍ എന്ന രീതിയില്‍ നിഗൂഢമായി പുറത്തു കൊണ്ടുവരികയും അവരുടെ എഴുത്തിന്റെ പുറത്തേക്കു കുടഞ്ഞിടുകയും ചെയ്യുന്നു. മലയാളിയുടെ സദാചാരപ്പനിയിലേക്ക്‌, ചിരിച്ചുകൊണ്ട്‌ ഒരു പരിഹാസശരം തൊടുത്തുവിടാന്‍ മാധവിക്കുട്ടിയില്ലാത്ത കാലത്ത്‌ ഇങ്ങനെ ചെയ്യുന്നത്‌ പരിമിതമായ അര്‍ഥത്തില്‍ അവരെ ചെറുതാക്കലാണ്‌. മറ്റൊന്നുമല്ല. ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞിരുന്നെങ്കില്‍ ആര്‍ജവത്തോടെ മാധവിക്കുട്ടി, അതെ അതങ്ങനെയാണെന്നോ! അയ്യേ അതങ്ങനെയേയല്ലെന്നു പറഞ്ഞ്‌ വായനക്കാരെ ചേര്‍ത്തു പിടിക്കുമായിരുന്നു. ഇപ്പോള്‍ അതിന്നാവില്ലല്ലോ. ആര്‍ക്കുവേണ്ടിയാണ്‌, എന്തിനുവേണ്ടിയാണ്‌ ലീലാ മേനോനും ഇന്ദു മേനോനും ഇതു ചെയ്യുന്നത്‌? ലീലാ മേനോന്റെ ജന്മഭൂമിയിലെ ലേഖനവും ഇന്ദു മേനോന്റെ മംഗളത്തിലെ അഭിമുഖവും ആണ്‌ ഉദ്ദേശിച്ചത്‌.

ലീലാ മേനോന്‍ ജന്മഭൂമിയിലെ ലേഖനത്തില്‍ സമദാനി കടവ്‌ എന്ന തന്റെ താമസസ്‌ഥലത്തേക്ക്‌ മാധവിക്കുട്ടിയെ ക്ഷണിച്ചതായും അവര്‍ അവിടെവച്ച്‌ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായും പറയുന്നു. ലീലാ മേനോന്‌ ഇത്‌ എഴുതാവുന്ന ഒരു സന്ദര്‍ഭമുണ്ടാക്കിക്കൊണ്ട്‌ ഇന്ദു മേനോന്‍, പേരു പറയാതെ മാധവിക്കുട്ടിക്ക്‌ കേരളത്തിലെ മുസ്ലീം നേതാവുമായുള്ള പ്രണയമായിരുന്നു അവരുടെ മതം മാറ്റത്തിനു പിറകില്‍ എന്നു പറഞ്ഞുവെച്ചു.

മാധവിക്കുട്ടിയോട്‌ വളരെ അടുപ്പമുള്ളവരായിരുന്നു രണ്ടുപേരും. ലീലാ മേനോന്‍ പിന്നെ ഇന്ദു മേനോനെയും വെട്ടിനിരത്തുന്നു. മാധവിക്കുട്ടിയുടെ സീലോ കാര്‍ ലഭിച്ചതിനുശേഷം ഇന്ദു മേനോന്‍ ഗര്‍ഭമലസിപ്പിച്ചതു കാരണം മാധവിക്കുട്ടിക്ക്‌ ഇന്ദു മേനോനോട്‌ ഇഷ്‌ടം കുറഞ്ഞുവെന്നൊക്കെ എഴുതി നിറയ്‌ക്കുന്നുണ്ട്‌. മാധവിക്കുട്ടി, ഏതെങ്കിലും വ്യക്‌തിയുമായി എപ്പോള്‍ ശാരീരിക ബന്ധം പുലര്‍ത്തിയെന്നുള്ളതൊക്കെ ഇപ്പോള്‍ പറഞ്ഞിട്ടെന്ത്‌? അവരെ ഒരു സ്‌ത്രീ ശരീരമായി മാത്രം കണ്ട്‌ അവരുടെ സര്‍ഗ പ്രണയങ്ങളുടെ മഴവില്ലുകള്‍ മായിക്കുന്നതെന്തിനാണ്‌? ഒരെഴുത്തുകാരിയുമായുള്ള അടുപ്പത്തില്‍, അവരുടെ മരണശേഷവും ബാക്കിയാകുന്നത്‌ ഇത്രയൊക്കെയാണോ?

സ്‌ത്രീകള്‍ എഴുത്തുകാരികളോ, രാഷ്‌ട്രീയ നേതൃത്വങ്ങളോ ആയി സമൂഹത്തില്‍ വലിയ സ്വാധീനമായി മാറിക്കഴിഞ്ഞാലും അവരുടെ സ്‌ത്രീയെന്ന നിലയ്‌ക്കുള്ള ജീവശാസ്‌ത്രപരമായ അവസ്‌ഥയെയും പ്രവര്‍ത്തനത്തെയും മാത്രം ഊന്നി അതിനെ സദാചാര മാപിനികൊണ്ട്‌ അളന്ന്‌ ആവശ്യാനുസരണം വെള്ളം ചേര്‍ത്തും ചേര്‍ക്കാതെയും വിളിച്ചു പറയുകയോ എഴുതിപ്പിടിപ്പിക്കുകയോ ചെയ്യുന്നത്‌ എതിര്‍ക്കപ്പെടേണ്ടതും മാറ്റിയെടുക്കേണ്ടതുമാണ്‌. വിശേഷിച്ചും അതിനോടു പ്രതികരിക്കാന്‍ ബന്ധപ്പെട്ടവര്‍ അവശേഷിക്കാതിരിക്കുമ്പോള്‍.

കേരളം കണ്ട ഏറ്റവും പ്രധാനപ്പെട്ട കമ്മ്യൂണിസ്‌റ്റുകാരിയാണല്ലോ കെ.ആര്‍. ഗൗരിയമ്മ. അവരുമായുള്ള അഭിമുഖം ഒരിക്കല്‍ ഒരു ചാനലില്‍ കണ്ടു. അവരുടെ അലസിപ്പോയ ഗര്‍ഭത്തിലും അവരുടെ പങ്കാളിയുടെ മറ്റു സ്‌ത്രീ ബന്ധങ്ങളിലുമായിരുന്നു ആ അഭിമുഖം ഊന്നിയത്‌.

കേരളത്തില്‍ ചരിത്രപരമായ മാറ്റങ്ങളായെണ്ണുന്ന ഭൂപരിഷ്‌ക്കരണ നിയമം, ആദിവാസി ഭൂനിയമ ഭേദഗതി എന്നിവയില്‍ ഗൗരിയമ്മ സ്വീകരിച്ച നിലപാടുകള്‍ ഒട്ടുമേ പരാമര്‍ശിക്കപ്പെട്ടു കണ്ടില്ല. ഗൗരിയമ്മയെ ഒരു സ്‌ത്രീശരീരം മാത്രമായി ചുരുക്കുന്നതായിരുന്നു ആ ആഭിമുഖം. മന്ത്രി ഗണേഷ്‌ കുമാറുമായുള്ള വിവാദത്തിനിടയ്‌ക്ക്‌ പി.സി. ജോര്‍ജ്‌ ഗൗരിയമ്മയോടു സ്വീകരിച്ച സമീപനവും ഇതുതന്നെയാണ്‌.

സദാചാര വടിയുമായി സ്‌ത്രീ ശരീരത്തിനു പുറകെ ഇവരെല്ലാമുണ്ട്‌ എന്നു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നപോലെ. എഴുത്തുകാരി, രാഷ്‌ട്രീയ പ്രവര്‍ത്തക എല്ലാം സദാചാര ലെന്‍സുകളിലൂടെ സദാ നിരീക്ഷിക്കപ്പെടുകയും ജീവിച്ചിരിക്കുമ്പോഴും അല്ലാത്തപ്പോള്‍ പോലും അത്തരം കാര്യങ്ങള്‍ പെരിപ്പിച്ച്‌ പുറത്തിട്ട്‌ അലക്കുകയും ചെയ്യുന്നത്‌ പൊറുക്കാവുന്നതിലപ്പുറമാണ്‌.

സദാചാരപ്പോലീസുകാര്‍ക്കുവേണ്ടി പ്രത്യേക നിയമം വേണമെന്നു ചര്‍ച്ച ചെയ്യുന്ന കാലത്ത്‌ ഇക്കാര്യത്തില്‍ എഴുത്തുകാരും പത്രപ്രവര്‍ത്തകരും മുന്നില്‍ വരുന്നത്‌ ദയനീയമാണ്‌. മറ്റൊരു തരത്തില്‍ ഇക്കാര്യം അവതരിപ്പിക്കാന്‍ ബാധ്യതയുള്ളവരായിട്ടും ഇങ്ങനെ ആയിപ്പോകുന്നതെങ്ങനെ? ഫേസ്‌ ബുക്കില്‍, ഇന്ദു മേനോന്റെ അഭിമുഖത്തെക്കുറിച്ചു വന്ന ചര്‍ച്ചകളിലും ഇന്ദു മേനോനെയും ആളുകള്‍ അനാരോഗ്യകരമായി വിമര്‍ശിക്കുന്നുണ്ടായിരുന്നു.

മാധവിക്കുട്ടി എന്ന എഴുത്തുകാരിയോടു കാണിക്കുന്ന ഈ ആക്ഷേപത്തിനു മറുപടി പറയാന്‍ അവരുടെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ആവില്ല. കാരണം അത്ര അനാവശ്യമായ കാര്യങ്ങളാണ്‌ അഭിമുഖീകരിക്കേണ്ടി വരുന്നത്‌. അവരുടെ സ്‌നേഹവും സൗഹൃദവും അനുഭവിച്ചതിനു ശേഷം ഈ രീതിയില്‍ കാരുണ്യമില്ലാതെ എഴുതുന്നതിനു മാപ്പില്ല എന്നേ പറയാന്‍ തോന്നുന്നുള്ളൂ.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment