Tuesday, 18 June 2013

[www.keralites.net] സരിതോര്‍ജത്തില്‍ തിളക്കുന്ന യു.ഡി.എഫ്. സര്‍ക്കാര്‍

 

സരിതോര്‍ജത്തില്‍ തിളക്കുന്ന യു.ഡി.എഫ്. സര്‍ക്കാര്‍; രമേശിന്റെ മനസില്‍ ലഡു പൊട്ടി

 

ല്ല കാര്യം ചെയ്യുന്നതിന് മുമ്പ് അല്‍പം മധുരം കഴിക്കണം എന്നാണ് ഒരു ചോക്ലേറ്റിന്റെ പരസ്യത്തില്‍ പറയുന്നത്. എന്തെങ്കിലും നല്ല കാര്യം പ്രതീക്ഷിച്ച് രമേശ് ചെന്നിത്തല ആര്‍ക്കെങ്കിലും മധുരം കൊടുത്തു തുടങ്ങിയിട്ടുണ്ടോ എന്നറിയില്ല. പക്ഷേ അധികാരത്തിലേറിയതിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇത്ര മോശമായ അവസ്ഥയിലൂടെ കടന്നു പോകുന്നത് ഇതാദ്യമായാണ്.

സോളാര്‍ തട്ടിപ്പിന്റെ പേരില്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ രണ്ടു പേരെ ഇതിനകം പുറത്താക്കിയെങ്കിലും സംശയത്തിന്റെ പുകമറ ഇനിയും അടങ്ങിയിട്ടില്ല. ഓഫീസിലെ കൂടുതല്‍ പേര്‍ ഇപ്പൊഴും ആരോപണത്തിന്റെ നിഴലിലാണ്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ഉമ്മന്‍ ചാണ്ടി പുറത്തുപോകുമെന്ന പ്രതീക്ഷയില്‍ രമേശ് ചെന്നിത്തല മധുരം വിളമ്പി തുടങ്ങിയിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റു പറയാന്‍ കഴിയില്ല. കാരണം മന്ത്രിസഭയില്‍ രണ്ടാമനായില്ലെങ്കിലും പാര്‍ട്ടിയില്‍ രണ്ടാമനായ രമേശിനാണല്ലോ സ്വാഭാവികമായും തുടര്‍ന്നു നറുക്ക് വീഴുക. മന്ത്രിസഭാ വിവാദത്തിന്റെ പേരില്‍ തീര്‍ത്തും നാണം കെട്ട അദ്ദേഹത്തിന് അതോടെ മധുര പ്രതികാരം പോലെ ഒന്നാമനായി തന്നെ അധികാരത്തിലെത്താം.

സോളാര്‍ പ്ലാന്റിന്റെ പേരില്‍ രാജ്യമെങ്ങും കോടികളുടെ തട്ടിപ്പ് നടത്തിയ സരിത എസ് നായരും അവരുടെ നായരായ ബിജു രാധാകൃഷ്ണനും കേരള രാഷ്ട്രീയത്തില്‍ ഒരു കൊടുങ്കാറ്റ് തന്നെയാണ് വിതച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രതിപക്ഷം കൊണ്ടു പിടിച്ച് ശ്രമിച്ചിട്ടും ഉലക്കാന്‍ കഴിയാതിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ ഇരുവരും ചേര്‍ന്ന് ഒരൊറ്റ സംഭവം കൊണ്ട് തകര്‍ത്തു തരിപ്പണമാക്കി കയ്യില്‍ കൊടുത്തു.

സര്‍ക്കാരിനെതിരെ നടത്തിയ സമരങ്ങള്‍ പലതും പാര്‍ട്ടിയിലെയും മുന്നണിയിലെയും അന്തഛിദ്രം മൂലം പരാജയപ്പെട്ട എല്‍.ഡി.എഫിന് സോളാര്‍ തട്ടിപ്പ് നല്ലൊരു ആയുധം തന്നെയായിരുന്നു. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ഉള്‍പെട്ടത് അവര്‍ക്ക് ഇരട്ടി സന്തോഷവും നല്‍കി. തട്ടിപ്പ് കേസിലെ പ്രതിയെ തന്റെ ഓഫീസില്‍ നിന്നു തന്നെ പലകുറി വിളിച്ചിരുന്നു എന്ന വാര്‍ത്ത ഉമ്മന്‍ചാണ്ടിക്ക് ചില്ലറ ക്ഷീണമൊന്നുമല്ല ഉണ്ടാക്കിയത്. അതില്‍ അദ്ദേഹം പതിവായി ഉപയോഗിച്ചിരുന്ന പേഴ്‌സണല്‍ സ്റ്റാഫിന്റെ മൊബൈല്‍ ഫോണ്‍ കൂടി ഉള്‍പെട്ടത് മുഖ്യമന്ത്രിയെ തീര്‍ത്തും പ്രതിരോധത്തിലാക്കി. ഇതിനൊക്കെ പുറമേയാണ് ഉമ്മന്‍ ചാണ്ടിയുമായി നേരിട്ടു സംസാരിച്ചിരുന്നുവെന്ന ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. സംഭവം കോണ്‍ഗ്രസ് നേതാവ് എം.ഐ. ഷാനവാസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയെ കാണാന്‍ താനാണ് അവസരം ഒരുക്കി കൊടുത്തത് എന്നാണ് അദ്ദേഹം പറഞ്ഞത്.

പ്രശ്‌നം ഇത്ര വിവാദമായെങ്കിലും മുഖ്യമന്ത്രിയെ ന്യായീകരിച്ച് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളൊന്നും രംഗത്ത് വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കേന്ദ്രമന്ത്രി വയലാര്‍ രവിയാണ് ഉമ്മന്‍ ചാണ്ടി നിരപരാധിയാണെന്ന് പറഞ്ഞുകൊണ്ട് മാത്രമാണ് പേരിനെങ്കിലും ഒരു പ്രസ്താവന നടത്തിയത്. വിഷയത്തെ കുറിച്ച് തനിക്കൊന്നുമറിയില്ല എന്നു പറഞ്ഞു കൊണ്ട് മുഖ്യമന്ത്രിയുടെ ഉറ്റ സുഹൃത്ത് കൂടിയായ എ.കെ. ആന്റണി ഒഴിഞ്ഞു മാറുകയും ചെയ്തു. ആന്റണിയുടെ നിസ്സംഗ നിലപാട് അടുത്തകാലത്തായി ഇരുവരും തമ്മില്‍ അകല്‍ചയിലാണെന്ന അഭ്യൂഹം ശക്തിപ്പെടുത്തുന്നതാണ്.

വിവാദത്തിന് പിന്നില്‍ ഐ ഗ്രൂപ്പാണെന്നാണ് ഉമ്മന്‍ ചാണ്ടിയുമായി അടുപ്പമുള്ള പലരും കരുതുന്നത്. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശന വിഷയത്തില്‍ അദ്ദേഹവും ഗ്രൂപ്പും തീര്‍ത്തും നാണം കെടുകയായിരുന്നു. കേരള യാത്ര വരെ മെച്ചപ്പെട്ട പ്രതിച്ഛായയുണ്ടായിരുന്ന രമേശ് ഒരു അധികാര മോഹിയാണെന്നു തോന്നിപ്പിക്കുന്നതില്‍ വരെയെത്തി രണ്ടാമന്‍ വിവാദം. അത് ചെയ്തത് എ ഗ്രൂപ്പാണെന്ന് രമേശുമായി അടുപ്പമുള്ളവര്‍ അന്നുതന്നെ ആരോപിച്ചിരുന്നു. പകരത്തിന് പകരം എന്നത് പോലെ ഐ ഗ്രൂപ്പ് ഉണര്‍ന്നു പ്രവര്‍ത്തിച്ചുവെന്നാണ് എ ഗ്രൂപ്പ് ഇപ്പോള്‍ സംശയിക്കുന്നത്.

അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഉമ്മന്‍ചാണ്ടിയും അദ്ദേഹവുമായി ബന്ധമുള്ള നേതാക്കളുമാണ് ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത്. രണ്ടാമന്‍ വിഷയത്തില്‍ രമേശിനെതിരെ സംസാരിച്ച കെ.സി. ജോസഫും രമേശിന്റെ സ്ഥാനാരോഹണത്തിന് ഭീഷണിയായി മന്ത്രിസഭയിലേക്ക് വരാന്‍ ശ്രമിച്ച ഗണേഷ് കുമാറുമെല്ലാം ഇതില്‍ പെടും. വിവാദത്തിന്റെ പേരില്‍ പ്രതിപക്ഷം സര്‍ക്കാരിനെ ശക്തമായി ആക്രമിക്കുമ്പോഴും ഒരു പ്രത്യാക്രമണത്തിനോ അല്ലെങ്കില്‍ ഒരു പ്രതിരോധത്തിന് പോലുമോ കെ.പി.സി.സി. ഇനിയും തയാറായിട്ടുമില്ല.

കഴിഞ്ഞ ദിവസം ഹൈക്കമാണ്ടിനെ ബോധിപ്പിക്കാനായി ഒരു പത്ര സമ്മേളനം നടത്തിയ കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല പക്ഷേ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ തയാറായില്ല. അദ്ദേഹത്തിന്റെ നിലപാട് രണ്ടാമന്‍ വിവാദത്തിന് ശേഷം ഇരുവരും തമ്മില്‍ എത്രമാത്രം അകന്നു എന്നതിന്റെ തെളിവാണ്. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ വഴി, എനിക്ക് എന്റെ വഴി, സര്‍ക്കാരിനെ ന്യായീകരിക്കാനോ താങ്ങി നിര്‍ത്താനോ ഇനി ഞങ്ങളുണ്ടാവില്ല എന്നൊക്കെ അന്ന് രമേശ് തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സോളാര്‍ തട്ടിപ്പിന്റെ പേരില്‍ ഊരാക്കുടുക്കില്‍ അകപ്പെട്ട മറ്റൊരാള്‍ ഗണേഷ് കുമാറാണ്. ഒരിക്കല്‍ മന്ത്രിസഭയില്‍ നിന്നും പുറത്തുപോയ അദ്ദേഹം തിരികെയെത്താന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോഴാണ് സോളാര്‍ തട്ടിപ്പും അതിലെ പ്രതിയായ സരിതയുമായുള്ള അദ്ദേഹത്തിന്റെ ബന്ധവുമൊക്കെ പുറത്തുവന്നത്. ഭാര്യ ഉയര്‍ത്തിയ പരസ്ത്രീ ബന്ധം എന്ന ആരോപണത്തിന്റെ പേരില്‍ പ്രതിച്ഛായ മങ്ങിയ അദ്ദേഹം കുറച്ചു നാളുകളായി അത് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. അതിന്റെ ഭാഗമായാണ് ഏഷ്യാനെറ്റിന്റെ ജനപ്രിയ പരിപാടിയായ നമ്മള്‍ തമ്മിലിന്റെ അവതാരക വേഷമണിഞ്ഞത്.

പക്ഷേ ഒരു സരിതയും പി.സി ജോര്‍ജും വന്ന് എല്ലാം തകര്‍ത്തു. ഗണേഷിനെയും സരിതയെയും കോയമ്പത്തൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് കണ്ടിരുന്നുവെന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ കെ.ജി കമലേഷിന്റെ വെളിപ്പെടുത്തല്‍ കൂടി വന്നപ്പോള്‍ എല്ലാം പൂര്‍ണമായി. ഇനി പ്രതിച്ഛായ മിനുക്കാന്‍ ഏത് ക്ഷേത്രത്തില്‍ പോയി ഭജനയിരിക്കണം എന്ന ആലോചനയിലാണ് അഴിമതി വിരുദ്ധനായ, വനം മാഫിയയുടെ നിതാന്ത ശത്രുവായ ഈ നേതാവ്.

ചരിത്രം ആവര്‍ത്തിക്കുകയാണോ എന്നു ചിലര്‍ക്കെങ്കിലും സംശയം തോന്നാം. രണ്ടു പതിറ്റാണ്ട് മുമ്പ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ നേരിട്ട അവസ്ഥയില്‍ കൂടിയാണ് ഇന്ന് ഉമ്മന്‍ ചാണ്ടി കടന്നു പോകുന്നത്. അന്ന് ചാരക്കേസിലെ പ്രതികളെ സഹായിച്ചു എന്ന പിന്നീട് വ്യാജമെന്ന് തെളിഞ്ഞ ആരോപണത്തിന്റെ പേരിലാണ് അദ്ദേഹം പുറത്തുപോയത്.

ഉമ്മന്‍ ചാണ്ടിയും കൂട്ടരും പിന്നില്‍ നിന്നും കളിച്ച് കരുണാകരനെ പുറത്താക്കിയതാണെന്ന് അന്ന് മുതലേ ഐ ഗ്രൂപ്പ് ആരോപിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് പുനരന്വേഷണം വേണമെന്ന് അടുത്ത കാലത്ത് കെ. മുരളീധരന്‍ ഉള്‍പെടെയുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. എന്നാല്‍ ഇപ്പോള്‍ സൂര്യാഘാതമേറ്റ് ഉമ്മന്‍ ചാണ്ടി പുറത്തു പോകുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. അങ്ങനെ സംഭവിച്ചാല്‍ കരുണാകരന്റെയും, കസേരയുടെ പേരില്‍ നാണം കെട്ട രമേശ് ചെന്നിത്തലയുടെ ശാപമാണ് അതിനു കാരണം എന്നു പറയേണ്ടി വരും. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ പ്രതിച്ഛായ നന്നാക്കാന്‍ ഹൈക്കമാണ്ട് കൂടി തുനിഞ്ഞാല്‍, പിന്നെ രമേശിന് ധൈര്യമായി മധുരം വിളമ്പി തുടങ്ങാം. നല്ല കാര്യം സംഭവിക്കുന്നതിന് മുമ്പ് അല്‍പം മധുരം കഴിക്കുന്നത് നല്ലതാണ്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment