Tuesday, 18 June 2013

[www.keralites.net] സോളാര്‍ പ്രഭയില്‍ വീണ മലയാളിഹൗസ്

 

സോളാര്‍ പ്രഭയില്‍ വീണ മലയാളിഹൗസ്

 

ശ്രീപാര്‍വ്വതി-ഫ്രീലാന്‍സ് എഴുത്തുകാരി. ഓണ്‍ലൈന്‍ മാഗസിനുകളില്‍ കോളങ്ങള്‍ ചെയ്യുന്നു, കൂടാതെ ഇന്റര്‍നെറ്റ് മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. മഴയെ കുറിച്ചുള്ള പ്രശസ്ത എഴുത്തുകാരുടെ കുറിപ്പുകള്‍ക്കൊപ്പം ഒരു മഴ കുറിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഓരോ ദിവസവും ആഘോഷിക്കുന്നവരാണ്, ഇപ്പോള്‍ മനുഷ്യര്‍ . സ്ഥലങ്ങളേയും വ്യക്തികളേയുമനുസരിച്ച് അതിന്റെ തോത് വ്യത്യാസപ്പെടുന്നു എന്നു മാത്രമേയുള്ളൂ. മലയാളികളുടെ കാര്യമെടുത്താല്‍ ആഘോഷങ്ങളില്‍ വളരെയധികം ശ്രദ്ധ കൊടുത്ത് അവര്‍ ആഘോഷിക്കും. അമ്മ ദിനവും അച്ഛന്‍ ദിനവും പ്രണയദിനവും കാശു മുടക്കി നമ്മള്‍ ആഘോഷിക്കും. പക്ഷേ പെരുകുന്ന അനാഥാലയങ്ങളും വൃദ്ധസദനങ്ങളും ഒരു ചോദ്യചിഹ്നവുമാണ്. അതവിടെ നില്‍ക്കട്ടെ, പറഞ്ഞു വന്നത് ആഘോഷങ്ങളെ കുറിച്ചാണ്. മലയാളിയുടെ പൊതുവികാരത്തിനൊപ്പം നില്‍ക്കുന്ന മാദ്ധ്യമങ്ങളാണ്, ഇന്നത്തെ നമ്മുടെ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുന്നത് പ്രത്യേകിച്ച് പുതിയ വാര്‍ത്തകള്‍ സ്വയം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള ചാനലുകള്‍ . ഓരോ പുതിയ പുതിയ വാര്‍ത്തകളുടെ മധുരത്തിലോ ഞെട്ടലിലോ ഓരോ മലയാളിയും ഇപ്പോള്‍ ദിവസങ്ങളെ കടത്തി വിടുന്നു. കുറച്ചു ദിവസങ്ങളായി മലയാളിയുടെ ഉറക്കം കെടുത്തുന്നത് ഒരു സരിതയും ശാലുവും ബിജുവൊമൊക്കെയാണ്.

ഒരു ത്രികോണ ലവ് സ്റ്റോറി പോലെ ശാലുവും സരിതയും ബിജു രാധാകൃഷ്ണനും നില്‍ക്കുന്നുണ്ടെങ്കിലും ഇതിനിടയില്‍ കടന്നുവന്ന കേരളാ മുഖ്യമന്ത്രിയും, പി സി ജോര്‍ജ്ജും കെ ബി ഗണേഷ് കുമാറുമൊക്കെ പലപ്പോഴും കഥയറിയാതെ ആട്ടം കാണുകയാണോ എന്നു തോന്നിപ്പോകുന്നു. വന്‍ അഴിമതിയാണ്, സരിതയും ബിജുവും ചേര്‍ന്ന് വര്‍ഷങ്ങളായി കേരളത്തില്‍ നടത്തിവന്നത്. നേരത്തേതന്നെ പോലീസിന്റെ നോട്ടപ്പുള്ളികളായിരുന്നു ഈ ഭാര്യാ ഭര്‍ത്താക്കന്‍മാര്‍.. ഉന്നത തലത്തിലുള്ള സ്വാധീനം ഉപയോഗിച്ച് മന്ത്രിമന്ദിരങ്ങളില്‍വരെ ഇരുവരും ചേര്‍ന്നുനടത്തിയിരുന്ന സോളാര്‍ ഉല്‍പ്പന്നങ്ങള്‍ സ്ഥാപിച്ചു എന്നുപറയുമ്പോഴാണ്, ഇവരുടെ സ്വാധീനം എത്ര കണ്ട് വലുതാണെന്ന് മനസ്സിലാവുക. എല്‍ ഡി എഫ് കാലത്തില്‍ പതിനഞ്ചും യു ഡി എഫ് ഭരണകാലത്ത് പതിനേഴും അടുത്ത് കേസുകളുള്ള ഇവരുടെ പേരുമായി ആദ്യം കേട്ട പേര്, മുഖ്യമന്ത്രിയുടെതു തന്നെ.

ഏറെനേരം മുറിയില്‍ മുഖ്യമന്ത്രി പലവിധ കേസുകളില്‍പ്പെട്ട ഇവരോട് സംസാരിച്ചതെന്താണെന്നൊക്കെ ചര്‍ച്ചാ വിഷയമായെങ്കിലും മലയാളികള്‍ക്കും നമ്മുടെ ചാനലുകള്‍ക്കും ഈ വിഷയത്തിലുള്ള താല്‍പര്യം ഇതൊരു പെണ്‍വിഷയമാണെന്നതു മാത്രമാണ്, കാരണം. ഏതൊരു കേസിന്റെയും തുമ്പില്‍ ഒരു സ്ത്രീയുടെ പേരുണ്ടെങ്കില്‍ അത് നല്ലൊരു ഉല്‍പ്പന്നംപോലെ വിറ്റു പോകുമെന്ന് നെഗറ്റീവ് മാര്‍ക്കറ്റിങ്ങു കൊണ്ട് സൂര്യ ടിവിയിലെ മലയാളി ഹൌസ് തെളിയിച്ചു കഴിഞ്ഞല്ലോ. ഇവിടെയിപ്പോള്‍ ഒന്നല്ല രണ്ടു സ്ത്രീകളാണ്, കേസിന്റെ രണ്ടറ്റത്തും. പത്രസമ്മേളനം വിളിച്ചുകൂട്ടി താനും ഒരു ഇരമാത്രമാണെന്ന് ശാലു പ്രഖ്യാപിച്ചെങ്കിലും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല, ബിജുവിന്റെ മൊഴി മറിച്ചാണു താനും.

കേരളത്തില്‍ ദിവസവും നിരവധി സംഭവവികാസങ്ങള്‍ ഉണ്ടാകുന്നു. സോളാര്‍ പ്രഭയില്‍ വീണ്, രൂപയുടെ വിലയിടിഞ്ഞതോ, പെട്രോളിനു രണ്ടു രൂപ കൂടിയതോ ഒക്കെയായ ജനത്തിന്റെ നട്ടെല്ലെടിക്കുന്ന എല്ലാ വാര്‍ത്തകളും മലയാളി വിഴുങ്ങുന്നു. പച്ചക്കറിയ്ക്ക് തീവിലയായത് അവനെ ബാധിക്കുന്നേയില്ല. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പിടിമുറുക്കുന്ന നിതാഖത്തും ഇപ്പോള്‍ മന്ത്രിമാര്‍ക്ക് അത്ര കാര്യമല്ല. തലയൂരാന്‍ പാടുപെടുമ്പോള്‍ അധികാരത്തിന്റെ എത്രമാത്രം ഉന്നതങ്ങളില്‍ ഇവര്‍ കളിച്ചിട്ടുണെന്നറിയാത്തതുകൊണ്ടുതന്നെ ഇതൊന്നും ആരുടേയും ബാദ്ധ്യതയുമല്ല. ചാനലുകള്‍ക്ക് ഇടയ്ക്കിടയ്ക്ക് പി സി ജോര്‍ജ്ജിന്റെ വായില്‍നിന്നുവീഴുന്ന മൊഴിമുത്തുകള്‍ വേണം , ഇടയ്ക്കിടയ്ക്ക് ഒരു പെണ്ണു കേസു വേണം. അപ്പോള്‍ പിന്നെ ഗ്രൂപ്പ് വഴക്കോ, പനിക്കാലമോ വര്‍ദ്ധിക്കുന്ന പെട്രോള്‍ - പച്ചക്കറി വിലയോ ഒന്നും ഒരു വിഷയമേയല്ലല്ലോ. അല്ല നമ്മള്‍ക്ക് ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിലും അപ്ഡേറ്റ് ന്യൂസ് കണ്ടില്ലെങ്കില്‍ ഒരു സുഖമില്ല.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment