കെണിയില്‍ വീഴ്‌ത്താന്‍ സരിതയെ ഗണേഷ് അയച്ചെന്ന് പി.സി. ജോര്‍ജ്
തിരുവനന്തപുരം: അവിഹിതമായി തന്നെ സ്വാധീനിക്കാന്‍ സോളാര്‍ തട്ടിപ്പ് നായിക സരിതാ നായര്‍ ശ്രമിച്ചതായി പി.സി. ജോര്‍ജ്. സരിതയെ അയച്ചത് ഗണേഷാണെന്ന് ഉറപ്പാണെന്നും ജോര്‍ജ് യു.ഡി.എഫ് നേതാക്കളുമായുള്ള ചര്‍ച്ചയില്‍ വ്യക്‌തമാക്കി. ജോര്‍ജിന് മൂക്കുകയറിടാന്‍ നിയോഗിക്കപ്പെട്ട ഉന്നതന്‍മാരുടെ മുന്നില്‍ തന്നെയായിരുന്നു വെളിപ്പെടുത്തല്‍.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കൂടാതെ കെ.എം.മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ.സി. ജോസഫ്, രമേശ് ചെന്നിത്തല, പി.പി. തങ്കച്ചന്‍, കെ.പി. മോഹനന്‍, അനൂപ് ജേക്കബ് എന്നീ നേതാക്കളാണ് ജോര്‍ജുമായി ചര്‍ച്ച നടത്തിയത്. ഒടുവില്‍ പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി ചര്‍ച്ച അവസാനിപ്പിച്ചു.
സരിത, ലക്ഷ്‌മിയെന്ന പേരിലാണ് തന്നെ ആദ്യം വിളിച്ചതെന്ന് ജോര്‍ജ് പറഞ്ഞു. കാണണമെന്ന് പറഞ്ഞായിരുന്നു വിളി. കോട്ടയത്ത് കാണാമെന്നായി താന്‍. ഒടുവില്‍ കുമരകത്ത് കാറ്ററിംഗ് ജീവനക്കാരുടെ യോഗത്തിനെത്തിയപ്പോള്‍ ലക്ഷ്‌മിയും രണ്ട് പുരുഷന്‍മാരും അവിടെയെത്തി. താന്‍ പറയാതെതന്നെ അവരെത്തിയതില്‍ അസ്വാഭാവികത തോന്നി. മണ്ഡലത്തില്‍ സര്‍ക്കാര്‍ വക സോളാര്‍ പാനലുകള്‍ സ്‌ഥാപിക്കാനാണ് പദ്ധതി. സ്വന്തം മണ്ഡലത്തിന് പദ്ധതി നഷ്‌ടമാകരുതല്ലോ. ഇക്കാര്യത്തിനുവേണ്ടി പലതവണ അങ്ങോട്ടും വിളിച്ചു. കിട്ടിയില്ല.
കുറെനാള്‍ കഴിഞ്ഞപ്പോള്‍ ഇങ്ങോട്ടൊരു വിളി. വീട്ടില്‍വന്ന് കാണണമെന്നായി. വന്നരാന്‍ അനുവദിച്ചു. ഒരു വനിതാ അഭിഭാഷകയോടൊപ്പം ഔദ്യോഗിക വസതിയിലെത്തി. അഭിഭാഷകയെ പുറത്തിരുത്തി അകത്തിരുന്ന് സംസാരിക്കാമെന്നായി ലക്ഷ്‌മിയെന്ന സരിത. സമ്മതിച്ചു. അകത്ത് കയറി ഇരുന്നത് തൊട്ടടുത്ത്. സോളാറിനെക്കുറിച്ച് പറഞ്ഞതേയില്ല. കുടുംബം പ്രശ്‌നത്തിലാണെന്നും ഭര്‍ത്താവുമായി പിണങ്ങിയെന്നുമൊക്കെയായി സംസാരം. ഇടപെട്ട് പരിഹാരമുണ്ടാക്കിത്തരണമെന്ന് പറഞ്ഞ് കരഞ്ഞു. എഴുന്നേറ്റ് വളരെ അടുത്തുവന്ന് കരഞ്ഞപ്പോള്‍ പന്തികേട് തോന്നി. എന്റെ നെഞ്ചില്‍ ചാഞ്ഞ് ഒരു ഫോട്ടോ എടുക്കാനാണോ? െദെവം ഉള്ളില്‍നിന്ന് ചോദിച്ചു. തന്ത്രപൂര്‍വം പുറത്തിറക്കി. എല്ലാ പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കിത്തരാമെന്ന് ഉറപ്പു നല്‍കി.
പുറത്തിരുന്ന വനിതാ വക്കീലിന്റെ നമ്പര്‍ വാങ്ങി. രണ്ടുമണിക്കൂര്‍ കഴിഞ്ഞ് അവരെ വിളിച്ചു. നിര്‍ബന്ധിച്ചപ്പോള്‍ വന്നുകണ്ടു. എന്താണ് ഉദ്ദേശം? ചോദ്യം കര്‍ശനമായപ്പോള്‍ മറുപടികേട്ട് ഞാന്‍ ഞെട്ടി. ഗണേഷിന്റെ ഏറ്റവും അടുത്ത ആളാണ്. സാറിനെ കെണിയില്‍ വീഴ്‌ത്താന്‍ വന്നതാണ്. ഞാനത് രാത്രിയില്‍ വിളിച്ചുപറയുമായിരുന്നു. എനിക്ക് ഒരുമാസത്തെ പരിചയമേയുള്ളൂ. ഒരു ലക്ഷം രൂപ കടംവാങ്ങി. അത് മടക്കിവാങ്ങാനാണ് പിറകെ നടക്കുന്നത്-വക്കീല്‍ പറഞ്ഞു. അവരില്‍നിന്ന് സരിതയുടെ ഡ്രൈവറുടെ നമ്പര്‍ വാങ്ങി.
ഡ്രൈവറെ വിളിച്ച് മുറിയിലാക്കി. ഒരു മൂലക്കിരുത്തി ശരിപ്പെടുത്തിക്കളയുമെന്ന് പറഞ്ഞപ്പോള്‍ അവന്‍ തുറന്നുപറഞ്ഞു. ഗണേഷുമായി ദിവസം മൂന്നുംനാലും മണിക്കൂര്‍ ചെലവഴിക്കും. അവര്‍ ആലോചിച്ചാണ് സാറിനെ കുഴിയിലാക്കാനെത്തിയതെന്നും ഡ്രൈവര്‍ പറഞ്ഞു.
ഇങ്ങനെ തന്നെ ചതിയില്‍പ്പെടുത്താന്‍ ശ്രമിച്ച ആള്‍ക്കാരെ എന്തുചെയ്യണമെന്നായി ജോര്‍ജ്. അഴിമതി അനുവദിക്കില്ല. മുഖ്യമന്ത്രിക്ക് ബന്ധമില്ലെങ്കില്‍ ബന്ധമുള്ളവരൊക്കെ കുടുങ്ങണം. സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അത് ഇപ്പോള്‍ പരാതി കിട്ടിയ 14 കേസില്‍ ഒതുക്കരുതെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
No comments:
Post a Comment