റൊട്ടി കിട്ടാനില്ലെങ്കില്‍ കേക്ക് കഴിച്ചോളൂ എന്ന ഉപദേശമാണ് KSRTC യെ രക്ഷിക്കാനുള്ള ദൗത്യവുമായി ഡല്‍ഹിയില്‍ചെന്ന ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ലഭിച്ചത്. ഡീസല്‍ സബ്സിഡി പുനസ്ഥാപിക്കണം; KSRTCയെ രക്ഷിക്കണം എന്ന ആവശ്യവുമായാണ് കേരളസംഘം ഡല്‍ഹിയിലെത്തിയത്. ദ്രവീകൃത പ്രകൃതിവാതകത്തില്‍ [Liquified Natural Gas] ഇനി ബസോടിച്ചോളൂ- അതിന് നൂറു കോടി തരുന്നത് പരിഗണിക്കാം എന്ന മറുപടിയാണവര്‍ക്ക് കിട്ടിയത്.
ഇപ്പോള്‍ KSRTC യുടെ പ്രതിമാസ നഷ്ടം 130 കോടിയാണ്. അനുനിമിഷം നഷ്ടക്കണക്ക് വര്‍ധിക്കുന്നു. തകരാതിരിക്കണമെങ്കില്‍, മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന അതേ നിരക്കില്‍ ഡീസല്‍ ലഭിക്കണം. ട്രാന്‍സ്പോര്‍ട്ട് ബസ് പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട സേവനങ്ങളുടെ കൂട്ടത്തിലാണെന്ന ബോധ്യമുണ്ടാകണം.
ഇപ്പോള്‍, KSRTC എന്ന കേരളത്തിന്റെ പൊതു സംവിധാനം തകര്‍ച്ചയിലേക്ക് പതിക്കുന്നതിനുള്ള ഏകകാരണം, കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ ഒരു തീരുമാനമാണ്. KSRTC വന്‍തോതില്‍ ഡീസല്‍ വാങ്ങുന്ന സ്ഥാപനമാണ് (Bulk Purchaser). അതുകൊണ്ട് ചില്ലറ വില്‍പ്പനവിലയേക്കാള്‍ കൂടുതല്‍ നല്‍കിയാലേ ഡീസല്‍ കൊടുക്കൂ എന്നാണ് കേന്ദ്രതീരുമാനം. തിരുവനന്തപുരത്ത് സാധാരണ വാഹനങ്ങള്‍ക്ക് ഡീസല്‍ ലഭിക്കുന്നത് 50.86 രൂപയ്ക്കാണ്. KSRTC ക്ക് 63.39 രൂപയ്ക്കും. നാട്ടിലാകെ വില്‍ക്കുന്ന വിലയ്ക്ക് KSRTC ഡീസല്‍ വാങ്ങേണ്ടതില്ല എന്ന് തീരുമാനിച്ചത് യുപിഎ നേതൃത്വംതന്നെയാണ്. ആ തീരുമാനം പിന്‍വലിക്കുന്ന നിമിഷം KSRTC യുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.
അതിനുപകരം, രണ്ടുകൊല്ലംകൊണ്ട് പൂര്‍ത്തിയാകുന്ന സിഎന്‍ജി പ്ലാന്റ് വന്നാല്‍ ഒരു പ്രയോജനവുമുണ്ടാകാന്‍ പോകുന്നില്ല. പ്ലാന്റ് വന്നതുകൊണ്ടായില്ല, സിഎന്‍ജി ഉപയോഗിക്കാനുള്ള സാങ്കേതികമാറ്റങ്ങള്‍ ബസുകളില്‍ വരുത്തണം. അതിന് ബസൊന്നിന് കുറഞ്ഞത് രണ്ടു ലക്ഷം രൂപ വേണമെന്നാണ് പറയുന്നത്. ഡീസലിലും സിഎന്‍ജിയിലും ഓടുന്ന ബസുകള്‍ പുതിയ സാഹചര്യത്തില്‍ അനിവാര്യത തന്നെയാണ്.ഇന്ന് കേരളത്തില്‍ സിഎന്‍ജി വിതരണമില്ല. അത് തുടങ്ങണമെങ്കില്‍, ലഭ്യത മാത്രംപോരാ, വിപുലമായ വിതരണ സംവിധാനവുമുണ്ടാകണം. നാട്ടിലാകെ പമ്പുകള്‍ വന്നാലേ KSTYC ക്ക് സിഎന്‍ജിയിലേക്ക് മാറാന്‍ കഴിയൂ. അതിന് സമയവും സമ്പത്തും വന്‍തോതില്‍ വേണം. ബസുകള്‍ സിഎന്‍ജിയിലേക്ക് മാറാന്‍തന്നെ 240 കോടി വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്നത്തെ നിലയില്‍ നടക്കാനിടയില്ലാത്ത "സ്വപ്നം".
കേരളത്തിലെ ഡീസലിന്റെ യഥാര്‍ഥ "Bulk Purchaser" സര്‍ക്കാരാണ്. എന്നാല്‍, സര്‍ക്കാരിന്റെയും പൊലീസിന്റെയും വിവിധ വകുപ്പുകളുടെയും വാഹനങ്ങള്‍ സബ്സിഡി നിരക്കിലാണ് ഡീസല്‍ വാങ്ങുന്നത്. വികേന്ദ്രീകൃതമായി സെക്രട്ടറിയറ്റിലെയും കലക്ടറേറ്റിലെയും വകുപ്പുകളുടെയും വാഹനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഡീസല്‍ വാങ്ങുന്നവര്‍ക്ക്, എന്തുകൊണ്ട് KSRTC യെ ആ ഗണത്തില്‍പെടുത്തി രക്ഷിച്ചുകൂടാ? എന്താണ് അതിനുള്ള പ്രായോഗിക ബുദ്ധിമുട്ട്?
ഒന്നും നടക്കില്ല, പ്രതീക്ഷയില്ല, പൂട്ടേണ്ടിവരും എന്നിങ്ങനെയുള്ള നിരുത്തരവാദപരമായ വിലാപംകൊണ്ട് നേരംകൂട്ടുന്ന ഗതാഗതമന്ത്രി KSRTC യെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ തയ്യാറാകുമോ? KSRTC സര്‍ക്കാരിന് ലാഭമുണ്ടാക്കികൊടുക്കാന്‍ രൂപീകരിച്ച സ്ഥാപനമല്ല. അത് സേവനമേഖലയിലുള്‍പ്പെട്ടതാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അത് കണക്കാക്കാത്തതാണ് പ്രധാന പ്രശ്നം.
ഡീസല്‍ സബ്സിഡി ഒഴിവാക്കിയത് അന്യസംസ്ഥാനങ്ങളിലെ കോര്‍പറേഷനുകളെയും ബാധിച്ചിട്ടുണ്ട്. അവിടെയൊന്നും കേരള സര്‍ക്കാരിനെപ്പോലെ നിസ്സംഗതയില്ല. പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്ര, കര്‍ണാടകം, തമിഴ്നാട്, ബംഗാള്‍ തുടങ്ങിയ സര്‍ക്കാരുകള്‍ കേന്ദ്രതീരുമാനം വന്ന ഉടന്‍ സ്വകാര്യപമ്പുകളില്‍നിന്ന് ഡീസല്‍ വാങ്ങാന്‍ തുടങ്ങി.
കേരളമാകട്ടെ, രണ്ടു മാസത്തേക്ക് താല്‍ക്കാലികാശ്വാസമായി 28 കോടി രൂപ നല്‍കി KSRTC യെ അതിന്റെ വഴിക്കു വിട്ട് കൈമലര്‍ത്തുകയാണ്. കേന്ദ്രത്തെക്കൊണ്ട് സബ്സിഡി തീരുമാനം മാറ്റിക്കാനുള്ള ശേഷി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനില്ല. ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കും സന്ദര്‍ശനാനുമതി കൊടുക്കാന്‍പോലും മടിക്കുന്ന കേന്ദ്ര മന്ത്രിമാരും നേതൃത്വവും എന്തെങ്കിലുംചെയ്യുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട.
എന്നാല്‍, സംസ്ഥാന സര്‍ക്കാരിന് സ്വന്തമായി ചിലതെല്ലാം ചെയ്യാനാകും. വൈദ്യുതി ബോര്‍ഡിന് നല്‍കിയ ഡീസല്‍ തീരുവയിലെ ഇളവ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനും നല്‍കാനാവും. പെന്‍ഷന്‍ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നാക്കാം. KSRTC സര്‍വീസുകള്‍ ആകെ പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ടിന്റെ 50 ശതമാനമാക്കി ഉയര്‍ത്താം. ഡീസലിന്റെ ഉപഭോഗം കുറയ്ക്കാന്‍ ശ്രമിക്കാം. അതിനായി ഡ്രൈവര്‍-മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് തുടര്‍പരിശീലന പദ്ധതികള്‍ നടപ്പാക്കാം. ഇതിനെല്ലാംപുറമെയാണ് സിഎന്‍ജിയിലേക്ക് മാറാനുള്ള ദീര്‍ഘകാല പദ്ധതി വേണ്ടത്. എല്ലാറ്റിനും മുന്നോടിയായി, ഡീസല്‍ സ്വകാര്യപമ്പുകളില്‍നിന്ന് വാങ്ങാനുള്ള തീരുമാനമെടുക്കണം.
ഡീസല്‍ കച്ചവടത്തില്‍ കേന്ദ്രീകരിച്ച റിലയന്‍സ്, എസ്സാര്‍, ഷെല്‍ എന്നീ സ്വകാര്യകമ്പനികള്‍ക്ക് മൊത്തം ഡീസല്‍ വാങ്ങുന്നവരുമായി വിലപേശി കച്ചവടമുറപ്പിക്കാനാണ് കേന്ദ്രം സൗകര്യമൊരുക്കിയത്. അതുകൊണ്ടുതന്നെ, കേന്ദ്രത്തില്‍നിന്ന് KSRTC ക്ക് അനുകൂലമായ എന്തെങ്കിലും തീരുമാനം പ്രകടമായിത്തന്നെ അസാധ്യമാണ്. തീരുമാനം മാറ്റിക്കാന്‍ കേന്ദ്രത്തിനെതിരെ എല്ലാവരെയും യോജിപ്പിച്ച് പ്രക്ഷോഭം നടത്താനുള്ള ഉത്തരവാദിത്തം UDF നുണ്ട്- അവരില്‍ നാമമാത്രമായെങ്കിലും ജനാധിപത്യബോധം അവശേഷിക്കുന്നുവെങ്കില്‍. ഡല്‍ഹിയില്‍ചെന്ന് കാത്തുകിടന്ന്, പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താനുള്ള അവസരംപോലും ലഭിക്കാതെ തിരിച്ചുവരേണ്ടിവന്ന നാണക്കേടിലാണ് ഇന്ന് ഉമ്മന്‍ചാണ്ടി. ആ കഴിവുകേട് അംഗീകരിച്ച്, സംസ്ഥാന സര്‍ക്കാരിനെക്കൊണ്ട് വല്ലതുംചെയ്യാന്‍ കഴിയുമോ എന്ന് നോക്കുക. അതിനും കഴിയുന്നില്ലെങ്കില്‍ ജനങ്ങളെ പിന്നെയും ദ്രോഹിക്കാതിരിക്കാനുള്ള വിവേകം കാണിക്കണം.
No comments:
Post a Comment