തലസ്ഥാനത്ത് ആഡംബര വസതിയിൽ കയറി മോഷണം നടത്തിയ ബഹു. ബണ്ടീചോർ ദേവീന്ദർസിംഗിന് നല്ല നമസ്കാരം. അങ്ങയെ ബഹു. എന്നു ചേർത്തുവിളിക്കുന്നതിൽ ഒട്ടും സംശയിക്കേണ്ട. അങ്ങ് നടത്തുന്നതിനേക്കാൾ വലിയ മോഷണം നടത്തുന്ന മന്ത്രിമാരെ ബഹു. ചേർത്ത് വിളിച്ച് ഞങ്ങൾക്ക് ശീലമായിപ്പോയി.
എഴുനൂറോളം മോഷണം നടത്തിയപ്പോൾ ചിലതിൽ മാത്രമാണ് അങ്ങ് പിടിയിലായത്. ഞങ്ങളുടെ മന്ത്രിമാർക്ക് അങ്ങയുടെ എഴുനൂറിലൊന്നുപോലും ബുദ്ധിയില്ലാത്തതുകൊണ്ട് അവരിൽ പലരും ആദ്യ ഓപ്പറേഷനിൽ തന്നെ കുടുങ്ങിപ്പോകുന്നു.
മന്ത്രിമാരെ അപേക്ഷിച്ച് അങ്ങ് മഹാനാണ്. മന്ത്രിമാർ ദരിദ്രവാസികളുടെ റേഷനരിയും ഗോതമ്പും മണ്ണെണ്ണയും കക്കും. അങ്ങ് സമ്പന്നരിൽ സമ്പന്നരായവരുടെ അത്യാഡംബര വസതിയിൽ കയറി അരക്കോടിയോളം വില വരുന്ന കാറും വിലകൂടിയ മൊബൈൽ ഫോണും സ്വർണവും മാത്രമേ എടുക്കൂ. അങ്ങെത്ര മഹാനാണെന്നതിന് ഇതിൽപ്പരം തെളിവ് വേണോ?
ബുള്ളറ്റ് പ്രൂഫ് വാതിലുകളും നിരീക്ഷണ കാമറകളും റിമോട്ട് കൺട്രോൾ ഗേറ്റും അപായ മുന്നറിയിപ്പ് നൽകുന്ന വാതിലുകളും ഒക്കെയുള്ള വീട്ടിലാണ് അങ്ങ് "ഈസി വാക്കോവർ' നടത്തിയത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച് സദാ നടക്കുകയും സ്വാതന്ത്ര്യദിനത്തിൽ ബുള്ളറ്റ് പ്രൂഫ് ഗ്ളാസിന്റെ പിറകിൽ നിന്ന് വാചകമടി നടത്തുകയും ചെയ്യുന്ന മന്ത്രിമാരെ അങ്ങ് ഞെട്ടിച്ചുകളഞ്ഞു. ബണ്ടീ ചോർ വിചാരിച്ചാൽ ഏതു ബുള്ളറ്റ് പ്രൂഫും വെറും പുഷ്പം എന്ന് തെളിയിച്ചതു നന്നായി. ഏതു ജനദ്രോഹ നടപടി സ്വീകരിച്ചാലും കമാൻഡോയും ബുള്ളറ്റ് പ്രൂഫ് കാറും ജാക്കറ്റും ഗ്ളാസും രക്ഷിക്കാനുണ്ടാകും എന്നത് മാറിക്കിട്ടി.
ഒൻപതാം ക്ളാസ് വരെയല്ലേ അങ്ങ് പഠിച്ചിട്ടുള്ളൂ. എന്നിട്ടും ബി.ടെക്കും എം.ടെക്കും പഠിച്ച സാങ്കേതിക വിദഗ്ദ്ധരെക്കൊണ്ടുപോലും പറ്റാത്ത പണിയല്ലേ കാണിച്ചത്!
ജി.പി.എസ് സംവിധാനമുള്ള കാറാണ് കൂറ്റൻ ഗേറ്റ് തുറന്ന് "ദാ വന്നു, ദേ പോയി' എന്ന മട്ടിൽ കൊണ്ടുപോയത്. സത്യം പറയട്ടെ, ഓർത്തിട്ട് ദാ കുളിരുകോരുന്നു!
അങ്ങ് റിയാലിറ്റിഷോയിൽ പങ്കെടുത്തിട്ടുണ്ടെന്നും അങ്ങയുടെ കഥ സിനിമയായിട്ടുണ്ടെന്നും കേട്ടു. അങ്ങയുടെ കഴിവുമായി തട്ടിച്ചുനോക്കുമ്പോൾ അതൊക്കെ എത്രയോ നിസാരം.
അങ്ങ് ഒറ്റയ്ക്കാണ് ഓപ്പറേഷൻ നടത്തുന്നതെന്നറിഞ്ഞു. ഒരു ഐഡിയ തോന്നുന്നു. അങ്ങ് ഞങ്ങളുടെ പ്രധാനമന്ത്രിയാകണം. ഇപ്പോൾ അറുപതോ എഴുപതോ പേരാണ് കേന്ദ്രത്തിലിരുന്ന് അങ്ങയുടെ പണി ചെയ്യുന്നത്. അത് ഒരാളായി കുറഞ്ഞാൽത്തന്നെ എത്ര ആശ്വാസമാകുമായിരുന്നു. ഞങ്ങളെ രക്ഷിക്കില്ലേ, ബണ്ടീ സാബ്...?
No comments:
Post a Comment