ജോര്‍ജിന്റെ ആരോപണം: യു.ഡി.എഫ്. യോഗം നിര്‍ണായകം: പ്രശ്‌നം ഗുരുതരം
തിരുവനന്തപുരം: പിള്ളയുടെ കത്തിനോടൊപ്പം പി.സി. ജോര്‍ജിന്റെ ആരോപണം കൂടി ഉയര്‍ന്നതോടെ മന്ത്രി ഗണേഷ്‌കുമാറിന്റെ കാര്യത്തില്‍ യു.ഡി.എഫ്. വിഷമവൃത്തത്തിലായി. വ്യാഴാഴ്‌ച ചേരുന്ന മുന്നണി യോഗത്തില്‍ ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ നിന്നു മാറ്റണമെന്ന കത്ത് ചര്‍ച്ചചെയ്യാനിരിക്കെയാണ് പി.സി. ജോര്‍ജിന്റെ ആരോപണം വിവാദമായത്.
നിലവിലെ സാഹചര്യത്തില്‍ ഗണേഷിനെ മന്ത്രിസഭയില്‍ നിന്നു മാറ്റിനിര്‍ത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണു നേതൃത്വം നല്‍കുന്ന സൂചന. ഗണേഷ്‌കുമാറിനെതിരായ ആരോപണം െകെകാര്യം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ എന്നിവര്‍ നാളെ അടിയന്തര യോഗം ചേരുന്നുണ്ട്. ഗണേഷ്‌കുമാറിനോടും യോഗത്തിനെത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജോര്‍ജിന്റെ ആരോപണവുമായി ബന്ധപ്പെട്ടു രേഖാമൂലം പരാതി ലഭിക്കാത്ത സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നാണു നേതൃത്വം ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടേതാണ് അന്തിമതീരുമാനമെന്നു നേതാക്കള്‍ വ്യക്‌തമാക്കുന്നു.
മന്ത്രിക്കു രാജിവയ്‌ക്കേണ്ടിവന്നാലും സ്‌ത്രീവിഷയത്തിന്റെ പേരിലാകരുതെന്ന് യു.ഡി.എഫിനും മുഖ്യമന്ത്രിക്കും നിര്‍ബന്ധമുണ്ട്. രാജിയല്ലാതെ മറ്റു മാര്‍ഗമില്ലെങ്കില്‍ അത് പിള്ളയുടെ കത്തിന്റെ അടിസ്‌ഥാനത്തിലാണെന്ന് വരുത്തിതീര്‍ക്കും. കഴിഞ്ഞദിവസം ഗണേഷ്‌കുമാറിനോടു തന്റെ നിസഹായാവസ്‌ഥ മുഖ്യമന്ത്രി വ്യക്‌തമാക്കിയെന്നാണ് അറിയുന്നത്. ഈ വിഷയത്തിന്റെ പേരില്‍ രാജിവയ്‌ക്കാനില്ലെന്നു ഗണേഷ് പ്രതികരിച്ചതായും സൂചനയുണ്ട്. പിള്ളയുടെ കത്ത് വ്യാഴാഴ്‌ച ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ ഗണേഷ്‌കുമാറിന് ഇനി കാര്യങ്ങള്‍ അത്ര എളുപ്പത്തിലാകില്ല.
ഇതിനിടെ ജോര്‍ജിനെതിരെ ഗണേഷ്‌കുമാര്‍ യു.ഡി.എഫ്. കണ്‍വീനര്‍ക്കു പരാതി നല്‍കി. ഇതും വ്യാഴാഴ്‌ചത്തെ യു.ഡി.എഫ്. യോഗം ചര്‍ച്ചചെയ്യുമെന്നു കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ വ്യക്‌തമാക്കി. ജോര്‍ജിനെതിരേ തനിക്കു പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി കെ.എം. മാണിയുടെ പ്രതികരണം. ഇതിനിടെ ഇന്നലെ ജോര്‍ജ് ആരോപണം വീണ്ടും ആവര്‍ത്തിച്ചു. വിഷയത്തില്‍ കേരള കോണ്‍ഗ്രസ് (ബി)യും ഇന്നലെ ഔദ്യോഗികമായി പ്രതികരിച്ചു. ആരോപണങ്ങളില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്നും അനാവശ്യവിഷയങ്ങളില്‍ വലിച്ചിഴക്കരുതെന്നും പാര്‍ട്ടി പത്രക്കുറിപ്പില്‍ വ്യക്‌തമാക്കി.ഭൂരിപക്ഷത്തിന്റെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന സര്‍ക്കാരിന് ഒരംഗത്തിനെ നഷ്‌ടപ്പെടുത്താന്‍ കഴിയാത്ത സ്‌ഥിതിയാണ്.
മാത്രമല്ല ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനും യു.ഡി.എഫിന് അത്ര താല്‍പര്യമില്ല. ജോര്‍ജിനെതിരേ നടപടി സ്വീകരിക്കാനും കഴിയാത്ത അവസ്‌ഥയിലാണ്. പ്രശ്‌നം രാഷ്‌ട്രീയമാക്കാനുള്ള നീക്കം സി.പി.എമ്മിന്റെയും ഇടതുപക്ഷപാര്‍ട്ടികളുടെയും ഭാഗത്തുനിന്നു തുടങ്ങിയിട്ടുണ്ട്. ഇതും യോഗത്തില്‍ ചര്‍ച്ചയാകും.
No comments:
Post a Comment