Wednesday 6 March 2013

[www.keralites.net] കൂള്‍ ഗേള്‍

 

കൂള്‍ ഗേള്‍

mangalam malayalam online newspaper

വയസ്‌ 17. തമിഴിലെ വമ്പന്‍ താരങ്ങളോടൊപ്പം നായികാവേഷങ്ങളിലേക്ക്‌ ക്ഷണം. വന്നിരിക്കുന്ന സൗഭാഗ്യങ്ങളുടെ വലിപ്പം എത്രയാണെന്ന്‌ ഈ തിരുവനന്തപുരം കുട്ടിക്ക്‌ നല്ല ബോധ്യവുമുണ്ട്‌. എന്നിട്ടും നസ്‌റിയ വളരെ കൂള്‍ ആണ്‌. ഒരു പക്ഷേ അമിതമായ ആഗ്രഹങ്ങള്‍ ഇല്ലാത്തതായിരിക്കാം നസ്‌റിയയെ കൂള്‍ ഗേള്‍ ആക്കുന്നത്‌.

നസ്‌റിയ വലിയ കുട്ടിയായിരിക്കുന്നു. പളുങ്ക്‌ എന്ന ബ്ലെസി ചിത്രത്തിലൂടെ ബാലതാരമായി ബിഗ്‌ സ്‌ക്രീനിലെത്തിയ നസ്‌റിയയെ പക്ഷേ പ്രേക്ഷകര്‍ക്ക്‌ കൂടുതല്‍ പരിചിതം മഞ്ച്‌ സ്‌റ്റാര്‍ സിംഗര്‍ ജൂനിയറിന്റെ അവതാരകയായിട്ടായിരുന്നു. മാഡ്‌ ഡാഡ്‌ എന്ന ചിത്രത്തിലൂടെ നായികാപദവി അരക്കിട്ടുറപ്പിച്ച നസ്‌റിയയ്‌ക്ക് തന്റെ അഭിനയമികവുകൊണ്ട്‌ പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിക്കാനും കഴിഞ്ഞിട്ടുണ്ട്‌. നായികാപദവിയിലെത്തിയെങ്കിലും നസ്‌റിയ ഇപ്പോഴും മലയാളികള്‍ക്ക്‌ സ്വന്തം വീട്ടിലെ കുട്ടിയാണ്‌. എന്നാല്‍ ക്യാമറ ഓണ്‍ ചെയ്‌ത് "ആക്ഷന്‍" മുഴങ്ങുമ്പോഴേക്കും ഈ കുസൃതിക്കുടുക്ക കഥാപത്രമായി മാറിക്കഴിയും. നായികാവേഷത്തില്‍ അന്യഭാഷയില്‍ നിന്നുള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങള്‍ നസ്‌റിയയെ തേടിയെത്തുന്നതും ഇതുകൊണ്ടൊക്കെയാകാം. നസ്‌റിയയുടെ വിശേഷങ്ങളിലേക്ക്‌...

നായിക?

ബാലതാരത്തില്‍നിന്ന്‌ നായികാവേഷത്തിലേക്ക്‌ എത്തിയപ്പോള്‍ ഒരുപാട്‌ ഉത്തരവാദിത്തം കൂടിയതുപോലെയാണ്‌ തോന്നുന്നത്‌. നമ്മളില്‍ക്കൂടി കഥ വികസിക്കുമ്പോള്‍ ഒരുപാട്‌ ആലോചിച്ച്‌ വേണം നാം പെര്‍ഫോം ചെയ്യേണ്ടത്‌. ആദ്യമൊക്കെ ഒരു ടെന്‍ഷനും ഇല്ലാതെയായിരുന്നു ഞാന്‍ സിനിമകള്‍ ചെയ്‌തത്‌. പക്ഷേ മാഡ്‌ ഡാഡിന്റെ കഥാപാത്രം കിട്ടിയപ്പോള്‍ സിനിമയിലെ ടെന്‍ഷന്‍ എന്തെന്ന്‌ ശരിക്കും അറിഞ്ഞുതുടങ്ങി. അധികം വിയര്‍ക്കാതെ തന്നെ എനിക്കാ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്‌ എല്ലാവരുടെയും പ്രാര്‍ത്ഥന കൊണ്ടാണ്‌.
എന്നെ എല്ലാവരും അറിയുന്നതും സ്‌നേഹിച്ച്‌ തുടങ്ങുന്നതും സ്‌റ്റാര്‍സിംഗര്‍ ജൂനിയറിലൂടെയാണ്‌. അങ്ങനെ സ്‌നേഹിക്കുന്നവരുടെ പ്രാര്‍ത്ഥന കൊണ്ടാകാം മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ സാധിച്ചത്‌. അതുകൊണ്ടാകാം നായികയായിട്ടും എനിക്കു മുന്‍പ്‌ ഉള്ളതില്‍നിന്നും വ്യത്യസ്‌തമായി ഒന്നും തോന്നാത്തത്‌. ജീവിതത്തിലും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. പണ്ട്‌ സ്‌കൂളില്‍ പോകുന്നതുപോലെ തന്നെ പോകുന്നു. കൂട്ടുകാരോടൊത്ത്‌ അടിച്ചുപൊളിക്കുന്നു. അത്ര തന്നെ.

മാഡ്‌ ഡാഡ്‌?

അമ്മയില്ലാതെ വളരുന്ന ഒരു കുട്ടിക്ക്‌ അച്‌ഛനുമായുണ്ടാകുന്ന ആത്മബന്ധത്തിന്റെ കഥയാണ്‌ ആ സിനിമ. ആദ്യം ഞാന്‍ അതിന്റെ വണ്‍ലൈന്‍ മാത്രമാണു കേട്ടത്‌. ആ സമയത്ത്‌ സിനിമയൊന്നും ചെയ്യാതെ പഠനത്തില്‍ ശ്രദ്ധിക്കാനായിരുന്നു എന്റെ തീരുമാനം. പക്ഷേ പിന്നീട്‌ തിരക്കഥ കേട്ടപ്പോള്‍ എനിക്ക്‌ വളരെയധികം ഇഷ്‌ടപ്പെട്ടു. കഥാപാത്രത്തിന്റെ പ്രാധാന്യം മാനസിലാക്കിയപ്പോള്‍ത്തന്നെ ശ്രദ്ധിക്കപ്പെടുമെന്ന്‌ ഉറപ്പായിരുന്നു. അതിലെ മികച്ച അഭിനയസാധ്യത മനസിലാക്കിയപ്പോള്‍ മറിയ എന്ന കഥാപാത്രമായി ഞാന്‍ സ്വയം മാറുകയായിരുന്നു.

ഷൂട്ടിംഗ്‌?

മാഡ്‌ ഡാഡിന്റെ ലൊക്കേഷന്‍ മൊത്തത്തില്‍ രസകരമായിരുന്നു. ഓരോ ദിവസവും കഴിക്കേണ്ട ഭക്ഷണത്തിന്റെ മെനു ഉള്‍പ്പെടെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പോലും എനിക്കുണ്ടായിരുന്നു. പിന്നെ ജനാര്‍ദ്ദനനങ്കിളിന്റെയും ലാലങ്കിളിന്റെയും സപ്പോര്‍ട്ടും എടുത്തുപറയേണ്ട താണ്‌. ഓരോ സീനും വളരെയധികം വിശദീകരിച്ച്‌ അവര്‍ അഭിനയിച്ച്‌ കാണിച്ചുതരുമായിരുന്നു. അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറെ പ്രയാസമുള്ള സീനുകള്‍പ്പോലും വളരെ നിഷ്‌പ്രയാസം എനിക്ക്‌ ചെയ്യാന്‍ സാധിച്ചത്‌ അവര്‍ കാരണമായിരുന്നു.അതിനുശേഷം സിനിമ കാണാന്‍ പോയതാണ്‌ ഏറെ രസകരം. സുഹൃത്തുക്കള്‍ക്കൊപ്പമാണ്‌ തിയറ്ററില്‍ സിനിമ കാണാന്‍ പോയത്‌. ഓരോ രംഗങ്ങള്‍ വരുമ്പോഴും കൂട്ടുകാര്‍ പറയുന്ന കമന്റ്‌ കേട്ടിട്ട്‌ ചിരിച്ചുചിരിച്ച്‌ മണ്ണുകപ്പും.

നടിയായത്‌?

ഒരിക്കലും അങ്ങനെ ഒരാഗ്രഹം എനിക്കുണ്ടായിരുന്നില്ല. ചെറുപ്പത്തില്‍ ശാസ്‌ത്രജ്‌ഞയാകണമെന്നായിരുന്നു എന്റെ ആഗ്രഹം. കുറച്ചു കഴിഞ്ഞപ്പോള്‍ ഡോക്‌ടറാകണമെന്നും പിന്നെയും കുറച്ചൂടെ കഴിഞ്ഞപ്പോള്‍ വക്കീലാകണമെന്നും തോന്നി. എന്നാല്‍ ഇപ്പോള്‍ ബിസിനസ്‌ ചെയ്യാനാണ്‌ ആഗ്രഹം. ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ ദുബായില്‍ ആയിരുന്നു. വാപ്പയ്‌ക്ക് അവിടെ ബിസിനസ്‌ ആയിരുന്നു. ചെറുപ്പം മുതലേ സ്‌കൂളിലെ എല്ലാ പരിപാടികളിലും ഞാന്‍ സജീവമായിരുന്നു. പിന്നെ മലയാളി അസോസിയേഷന്റെ മിക്ക പരിപാടികളിലും ഞാന്‍ പങ്കെടുത്തിരുന്നു. ഭരതനാട്യത്തിന്റെ അരങ്ങേറ്റം നടത്തിയതും ദുബായില്‍വച്ചായിരുന്നു. അവിടുത്തെ ലോക്കല്‍ ചാനലുകളില്‍ ഇടയ്‌ക്കിടെ ഫോണ്‍ ഇന്‍ പ്രോഗ്രാമും നടത്തിയിരുന്നു.

പിന്നീട്‌?

ഞാന്‍ ദുബായിലായ സമയത്ത്‌ ബ്ലെസി അങ്കിളിന്റെ പുതിയ സിനിമയിലേക്കുള്ള ഓഡീഷന്‍ നടക്കുകയാണ്‌. അദ്ദേഹം ദുബായിലും ഓഡീഷന്‍ സംഘടിപ്പിച്ചു. ഞാന്‍ ഫോണ്‍ ഇന്‍ പ്രോഗ്രാം അവതരിപ്പിക്കുന്ന ചാനലിലെ ഒരങ്കിളാണ്‌ എന്നോട്‌ ഇതിനെപ്പറ്റി പറയുന്നത്‌.
കേട്ടപ്പോള്‍ പങ്കെടുക്കാന്‍ എനിക്കും ഒരു കൗതുകം തോന്നി. ഞാന്‍ ചാനലില്‍ ചെയ്‌ത ഫോണ്‍ ഇന്‍ പ്രോഗ്രാം അതേരീതിയില്‍ ഞാന്‍ ബ്ലെസി അങ്കിളിന്റെ മുന്നില്‍ അവതരിപ്പിച്ചു കാണിച്ചു. എനിക്ക്‌ വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു.പക്ഷേ മൂന്നുദിവസം കഴിഞ്ഞപ്പോള്‍ സിനിമയിലേക്ക്‌ ക്ഷണിച്ചുകൊണ്ട്‌ എനിക്ക്‌ വിളിവന്നു. തന്മാത്ര എന്ന സിനിമയിലേക്കായിരുന്നു വിളിച്ചത്‌. പക്ഷേ പരീക്ഷ അവിടെ വില്ലനായി. അടുത്ത സിനിമയില്‍ വിളിക്കാം എന്നുപറഞ്ഞ്‌ ബ്ലെസി അങ്കിള്‍ സമാധാനിപ്പിച്ചെങ്കിലും എനിക്ക്‌ പക്ഷേ വിശ്വാസമൊന്നും ഇല്ലായിരുന്നു. എന്നാല്‍ എന്നെ അമ്പരപ്പിച്ചുകൊണ്ട്‌ ബ്ലെസി അങ്കിള്‍ എന്നെ വീണ്ടും വിളിച്ചു. അങ്ങനെയാണ്‌ പളുങ്ക്‌ എന്ന സിനിമയിലൂടെ ബിഗ്‌സ്ക്രീനിന്റെ ഭാഗമായി ഞാന്‍ മാറുന്നത്‌.

ക്ഷണം കിട്ടിയപ്പോള്‍?

ഇത്രയും സീനിയറായ ഒരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണം കിട്ടുക എന്നു പറയുന്നതുതന്നെ വലിയ കാര്യമല്ലേ? വീട്ടിലുള്ളവര്‍ക്കും വലിയ സന്തോഷമായിരുന്നു. പിന്നെ മമ്മൂട്ടി അങ്കിളിന്റെ മകളുടെ വേഷവും ഇതില്‍പ്പരം സന്തോഷിക്കാന്‍ വേറെ എന്തെങ്കിലും വേണോ? ശരിക്കും ഒരു ആറാംക്ലാസുകാരിയുടെ സിനിമയിലേക്കുള്ള ചുവടുവയ്‌പ് അത്രയ്‌ക്ക് ഗംഭീരമായത്‌ ദൈവാനുഗ്രഹംകൊണ്ട്‌ മാത്രമാണ്‌.
എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞ്‌

അഭിനയത്തിന്റെ ബാലപാഠങ്ങള്‍വരെ പഠിപ്പിച്ചു തന്ന ഒരു സ്‌കൂള്‍ ആയിരുന്നു ബ്ലെസി അങ്കിളിന്റെ ലൊക്കേഷന്‍. സിനിമ തുടങ്ങുന്നതിനു മുന്‍പ്‌ അഞ്ചുദിവസം നീണ്ടുനിന്ന പരിശീലനക്കളരിയുണ്ടായിരുന്നു. കഥാപാത്രത്തിന്റെ ശരിക്കുമുള്ള വേഷം ധരിച്ചു മാത്രമേ അതില്‍ ബ്ലെസി അങ്കിള്‍ പങ്കെടുപ്പിക്കത്തുള്ളായിരുന്നു. ഞാന്‍ തന്നെ ഡബ്ബു ചെയ്യണമെന്നും അദ്ദേഹത്തിന്‌ നിര്‍ബന്ധം ഉണ്ടായിരുന്നു.ആദ്യ സിനിമയായതുകൊണ്ട്‌ കരയുന്നതുപോലും ഗ്ലിസറിന്‍ ഇല്ലാതെയായിരിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു. ഒരു പക്ഷേ കഥാപാത്രത്തിലേക്ക്‌ ആഴ്‌ന്നിറങ്ങാന്‍ എനിക്കു കഴിഞ്ഞതും ആ നിര്‍ബന്ധബുദ്ധികൊണ്ടായിരിക്കാം. എന്നെ സംബന്ധിച്ച്‌ എനിക്ക്‌ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായിരുന്നു ആ സിനിമ.

മിനി സ്‌ക്രീനിലേക്ക്‌?

പളുങ്കില്‍ അഭിനയിക്കുന്ന സമയത്ത്‌ ഞങ്ങള്‍ ദുബായില്‍നിന്നും തിരുവനന്തപുരം കവഡിയാറിലേക്ക്‌ താമസം മാറ്റിയിരുന്നു. പിന്നീട്‌ ഒന്‍പതാംക്ലാസ്‌ മുതലുള്ള എന്റെ പഠനം ഇവിടെയായിരുന്നു. ആ സമയത്താണ്‌ സ്‌റ്റാര്‍സിംഗറിന്റെ സീസണ്‍ വണ്‍ ഗ്രാന്റ്‌ ഫിനാലെയില്‍ രജ്‌ഞിനിച്ചേച്ചിക്കൊപ്പം ലൈവ്‌ ചെയ്യാന്‍ എന്നെയും വിളിക്കുന്നത്‌. അവിടെവച്ചാണ്‌ സ്‌റ്റാര്‍സിംഗര്‍ ജൂനിയറിന്റെ അവതാരക ഞാനാണെന്ന്‌ പ്രഖ്യാപിക്കുന്നു. കേട്ടപ്പോള്‍ ഞാന്‍ ആകെ പേടിച്ചുപോയി. രജ്‌ഞിനിച്ചേച്ചിയാണ്‌ എന്നെ സമാധാനിപ്പിച്ചതും അവതരണത്തിനുവേണ്ടിയുള്ള എല്ലാ കാര്യങ്ങളും പഠിപ്പിച്ചു തന്നതും, പിന്നീട്‌ പാട്ടിന്റെ ലോകത്തിലൂടെയുള്ള ഒരു യാത്ര തന്നെയായിരുന്നു. സുജാത ആന്റി, വേണു അങ്കിള്‍, ഗോപിനാഥ്‌ അങ്കിള്‍ ഞങ്ങള്‍ എല്ലാവരും അന്നു മുതല്‍ ഒരു കുടുംബം പോലെയാണ്‌.

വീണ്ടും സിനിമയിലേക്ക്‌?

സ്‌റ്റാര്‍സിംഗര്‍ ജൂനിയര്‍ ചെയ്യുന്ന സമയത്താണ്‌ പ്രമാണിയിലേക്ക്‌ ക്ഷണം കിട്ടുന്നത്‌. കഥാപാത്രത്തിന്റെ വലിപ്പത്തേക്കാള്‍ ഉപരി ആ സിനിമയിലെ ത്രെഡ്‌ എന്റെ കഥാപാത്രമായിരുന്നു. അങ്ങനെ രണ്ടു കൈയും നീട്ടി ഞാന്‍ കഥാപാത്രത്തെ സ്വീകരിച്ചു. പിന്നീട്‌ ചെയ്‌ത ഒരു നാള്‍ വരും എന്ന സിനിമയും എന്റെ അഭിനയജീവിതത്തില്‍ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌. അത്രയ്‌ക്കു വലിയ കാര്യങ്ങളാണ്‌ ആ സിനിമയുടെ സമയത്ത്‌ മോഹന്‍ലാലങ്കിലും ശ്രീനി അങ്കിളും എനിക്കു പറഞ്ഞു ത ന്നത്‌.

അവതാരകയും അഭിനേത്രിയും?

ഒന്നില്‍ വലിയ കാമറയെന്നും മറ്റേതില്‍ ചെറിയ കാമറയെന്നും പറയാന്‍ മാത്രമേ സത്യത്തില്‍ എനിക്കറിയൂ. പിന്നെ ആകെ തോന്നിയിട്ടുള്ള ഒരു കാര്യംഎന്താണെന്നുവച്ചാല്‍ അവതാരകയാകുമ്പോള്‍ എല്ലാം നമ്മള്‍ ഒരേ പാറ്റേണില്‍ തന്നെയാണ്‌ ചെയ്യുന്നത്‌. മറിച്ച്‌ സിനിമയാകുമ്പോള്‍ വ്യത്യസ്‌തമായ കഥാപാത്രങ്ങളും വ്യത്യസ്‌തമായ രീതികളും ആയിരിക്കും. ഇപ്പോഴും അവതാരകയാകാന്‍ എനിക്കു വലിയ ഇഷ്‌ടമാണ്‌. ഈയിടയ്‌ക്ക് ഉജാല ഏഷ്യാനെറ്റ്‌ ഫിലിം അവന്‍ഡ്‌ അവതരിപ്പിക്കുന്നു. പഠനം കാരണം കിട്ടുന്ന അവസരങ്ങള്‍ മിക്കതും വേണ്ട എന്നു വച്ചിരിക്കുകയാണ്‌. ഇതിനിടയില്‍ നിവിന്‍ പോളിയോടൊപ്പം ഒരു ആല്‍ബവും ചെയ്‌തിരുന്നു.

അന്യഭാഷയിലേക്ക്‌?

മാഡ്‌ ഡാഡ്‌ ചെയ്യുന്ന സമയത്ത്‌ തന്നെ തമിഴില്‍ നിന്നും നിരവധി വേഷങ്ങള്‍ എന്നെ തേടിയെത്തിയിരുന്നു. എല്ലാവരും പറയുന്നത്‌ തമിഴ്‌സിനിമ ഗ്ലാമറിന്റെ ലോകമാണെന്നറിഞ്ഞാണ്‌. എന്നാല്‍ എനിക്കങ്ങനെ തോന്നിയിട്ടില്ല. മലയാളത്തിലും തമിഴിലും കുടുംബബന്ധങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുക്കുന്ന സിനിമകളാണ്‌ കൂടുതലും ഇറങ്ങുന്നത്‌. മലയാളവും തമിഴും തമ്മില്‍ വലിയ വ്യത്യാസം ഉള്ളതായിട്ട്‌ എനിക്ക്‌ തോന്നിയിട്ടില്ല. എന്നെ തേടിയെത്തിയ വേഷവും ഗ്ലാമറിന്‌ യാതൊരു പ്രാധാന്യവും ഇല്ലാതെയായിരുന്നു. അതില്‍നിന്നും മികച്ചവ എന്നു തോന്നിയ രണ്ട്‌ ചിത്രങ്ങളാണ്‌ ഞാനിപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്‌. പിന്നെ മലയാളം എന്നു പറയുമ്പോള്‍ സ്വന്തം വീടുപോലെ ഫീലിംഗുണ്ട്‌.

സൗഹൃദങ്ങള്‍?

ദുബായില്‍ ഒപ്പം പഠിച്ച എല്ലാവരുമായി ഇപ്പോഴും നല്ല സൗഹൃദമാണ്‌. അതിന്‌ ഏറെക്കുറെ നന്ദി പറയേണ്ടത്‌ ഫേയ്‌സ്ബുക്ക്‌ പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളോടാണ്‌. അതില്‍തന്നെ എന്റെ ഏറ്റവും അടുത്ത സുഹൃത്ത്‌ ശരണ്യയാണ്‌.പിന്നെ സിനിമയിലുള്ളതിനെ സൗഹൃദങ്ങള്‍ എന്നു പറയാന്‍ കഴിയില്ല. മാഡ്‌ ഡാഡ്‌ വഴി എനിക്കു ലഭിച്ച ഒരു നല്ല സഹോദരിയോ അമ്മയോ ഒക്കെയാണ്‌ മേഘ്‌നച്ചേച്ചി, എന്റെ ഇപ്പോഴത്തെ ബെസ്‌റ്റ് ഫ്രണ്ടും മേഘ്‌നച്ചേച്ചിയാണ്‌. ചേച്ചിയെപ്പറ്റി എനിക്കറിയാത്ത ഒരു കാര്യങ്ങളുമില്ല. തിരിച്ചും അങ്ങനെതന്നെയാണ്‌. മിക്കവാറും എല്ലാ ദിവസവും ഫോണ്‍ ചെയ്‌ത് വിശേഷങ്ങള്‍ തിരക്കും. അതായത്‌ ഫോട്ടോ ഷൂട്ടിംഗ്‌ കണ്ടപ്പോള്‍ തുടങ്ങിയ ബന്ധം ഈ നിമിഷംവരെ അതേപോലെ തന്നെ തുടര്‍ന്നു കൊണ്ടുപോകുന്നു.അതുപോലെ തന്നെ ഒരു ആത്മബന്ധമാണ്‌ രഞ്‌ജിനിച്ചേച്ചിയുമായിട്ടുള്ളത്‌. ചേച്ചി ഇടയ്‌ക്കിടെ പറയുന്ന ഒരു കാര്യമുണ്ട്‌. ''അവതരണത്തില്‍ ഞാനാണ്‌ നിന്റെ സീനിയര്‍. പക്ഷേ അഭിനയത്തില്‍ നീയാണെന്റെ സീനിയര്‍.'' നിവിന്‍പോളിയുമായിട്ടും നല്ല ഒരു സൗഹൃദമുണ്ട്‌.

വിമര്‍ശകര്‍?

പ്ലസ്‌ വണ്ണിന്‌ പഠിക്കുന്ന അനിയന്‍ നവീനാണ്‌ ഏറ്റവും വലിയ വിമര്‍ശകന്‍. ചെയ്‌തതു നന്നായില്ലെങ്കില്‍ അവന്‍ അതുപോലെ തന്നെ പറയും. പിന്നെ ഒപ്പം പഠിക്കുന്ന സുഹൃത്തുക്കളും നന്നായി വിമര്‍ശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വാപ്പ നസീമിന്റെ ഭാഗത്തുനിന്നും ഉമ്മ ബീനാബീഗത്തിന്റെ ഭാഗത്തുനിന്നും എനിക്ക്‌ പ്രോത്സാഹനം മാത്രമേ ലഭിച്ചിട്ടുള്ളൂ.

പറയാന്‍ ബാക്കി വച്ചത്‌?

ഇപ്പോള്‍ ഞാന്‍ പ്ലസ്‌ടുവിനാണ്‌ പഠിക്കുന്നത്‌. കൊമേഴ്‌സ് ഗ്രൂപ്പാണ്‌. അറിയപ്പെടുന്ന ഒരു ബിസിനസ്‌ വുമണ്‍ ആകണമെന്നാണ്‌ എന്റെ ആഗ്രഹം. സിനിമയ്‌ക്കു വേണ്ടി പഠനത്തെ ഉപേക്ഷിക്കാന്‍ ഞാന്‍ തയാറാല്ല. രണ്ടും ഒരുമിച്ച്‌ കൊണ്ടുപോകാനാണ്‌ ആഗ്രഹം.നിവിന്‍പോളിയോടൊപ്പം നേരം എന്ന സിനിമ ചെയ്‌തുകഴിഞ്ഞു. തമിഴിലും മലയാളത്തിലും ഇറങ്ങുന്ന നേരത്തിന്റെ റിലീസ്‌ മെയ്‌ മൂന്നിനാണ്‌. പിന്നെ തമിഴില്‍ ജെയ്‌ക്ക് ഒപ്പമുള്ള തിരുമണം എന്നും നിക്കാഹ്‌ എന്ന സിനിമയുടെ ഒരു ഷെഡ്യൂള്‍കൂടി പൂര്‍ത്തീകരിക്കാന്‍ ഉണ്ട്‌. ധനുഷിനോടൊപ്പമുള്ള നയ്യാണ്ടി തുടങ്ങിയിട്ടില്ല. തികച്ച ലവ്‌സ്റ്റോറിയായ നയ്യാണ്ടിയില്‍ ധനുഷിനോടൊപ്പം ഒരുപാട്‌ കോമ്പിനേഷന്‍ സീനുകളുണ്ട്‌. ദേശീയ അവാര്‍ഡ്‌ ജേതാവിനോടൊപ്പം അഭിനയിക്കുന്നതിന്റെ ചെറിയൊരു ടെന്‍ഷന്‍ ഇപ്പോഴേ ഉണ്ട്‌. എന്നാലും ഇപ്പോഴത്തെ ഏറ്റവും വലിയ ലക്ഷ്യം മാര്‍ച്ചില്‍ വരാന്‍ പോകുന്ന പരീക്ഷയാണ്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment