Wednesday, 6 March 2013

[www.keralites.net] നാം കേരളീയര്‍ ജലക്ഷാമം കൃഷിചെയ്യുന്നവരോ?

 

നാം കേരളീയര്‍ ജലക്ഷാമം കൃഷിചെയ്യുന്നവരോ?


പ്രതിവര്‍ഷം ശരാശരി 3,100 മില്ലിമീറ്ററില്‍പരം മഴ ലഭിക്കുന്ന കേരളത്തില്‍ കാലക്ഷേപം നടത്തുന്ന മലയാളി,
കേരളത്തില്‍ കുടിവെള്ളം കിട്ടാനില്ലെന്ന പരാതിയുമായി നടക്കുകയാണ്.

ഇത്രകണ്ട് മഴ കിട്ടുന്ന മലയാളിയുടെ നാട്ടില്‍ കുടിവെള്ളമില്ലെന്ന് പറയുന്നത് ഭൂഷണമല്ല. കുടിവെള്ള ക്ഷാമം യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കുമെന്ന സാന്ത്വനം അര്‍ഥശൂന്യമാണ്. ഭൂമിയുടെ ഉള്ളില്‍ ജലത്തിന്റെ സ്രോതസ്സുകളില്ലെന്നും മഴയാണ് വന്‍കരകളിലെ ജലസ്രോതസ്സെന്നും തിരിച്ചറിയുകയാണ് നാം ആദ്യം ചെയ്യേണ്ടത്.

ഓരോ പൗരനും സുരക്ഷിതമായ തോതില്‍ കഴിയുന്നിടത്തോളം മഴവെള്ളത്തെ അത് പതിക്കുന്ന സ്ഥാനങ്ങളില്‍ത്തന്നെയുള്ള മണ്‍പാളികളിലേക്ക് ക്രമമായ തോതില്‍ നയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുകയാണ് ഈ അവസ്ഥയില്‍ വേണ്ടത്. ചരിഞ്ഞ ഭൂപ്രതലത്തിലൂടെയുള്ള ഒഴുക്ക് വിനാശകാരിയാണ്. മേല്‍മണ്ണിനെയും ഫലപുഷ്ടിയെയും കൊള്ളയടിച്ചുകൊണ്ടുപോകുന്ന ഓരോ ഒഴുക്കും ഭൂമിയുടെ ജലാഗിരണധാരണശേഷിയെ ഇല്ലാതാക്കുകയും അതിനെ മരുഭൂമിയാക്കുകയും ചെയ്യും. നമ്മുടെ പരിസരങ്ങളില്‍ ഇപ്രകാരം മരുഭൂമികള്‍ രൂപപ്പെടുകയാണ്. പ്രതല ഒഴുക്കിനെ നിയന്ത്രിക്കുകയും ഭൗമാന്തര്‍ജലചംക്രമണ വ്യവസ്ഥകളെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടുമാത്രമേ നമുക്ക് ഈ ജലക്ഷാമം പരിഹരിക്കാനാകൂ.

എത്രയോ വര്‍ഷമായി നാം വിവിധപദ്ധതികളിലൂടെ ജലസംരക്ഷണം നടത്തുന്നു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ എത്ര തൊഴില്‍ദിനങ്ങള്‍ മഴവെള്ളസംരക്ഷണത്തിനായി നാം വിനിയോഗിച്ചു? എത്ര ധനം ഇതിനൊക്കെയായി നാം ചെലവഴിച്ചു? ഒന്നും വേണ്ടവിധമായിരുന്നില്ല എന്നല്ലേ ഇപ്പോഴത്തെ കേരളത്തിന്റെ ജലക്ഷാമം സാക്ഷ്യപ്പെടുത്തുന്നത്? മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ സര്‍ഗശേഷികള്‍ നമ്മുടെ മഴയെ പ്രയോജനപ്പെടുത്താനായി ഉപയോഗപ്പെടുത്തണം. പ്രകൃതിയിലെ സ്വാഭാവിക സംവിധാനങ്ങളെ മഴവെള്ളസംരക്ഷണാര്‍ഥം സ്ഥായിയായി ശക്തിപ്പെടുത്താനും നാളിതുവരെ നാം നടപ്പാക്കിയ ജലസംരക്ഷണപ്രവര്‍ത്തനങ്ങളിലെ വിടവുകള്‍ നികത്താനും അവ വിനിയോഗിക്കപ്പെടണം. ഈ പദ്ധതി നമ്മുടെ ജലസുരക്ഷയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും ശക്തമായ അടിത്തറയാകണം. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ജലസംരക്ഷണപദ്ധതികളെല്ലാം മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുടെ പങ്കിടാനാകുന്ന ശേഷികളെയെല്ലാം പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കണം.

ഭൂപ്രതലത്തിലെ സ്വാഭാവികമായ നദീതട, വാട്ടര്‍ഷെഡ് സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ജലസംരക്ഷണയജ്ഞം നമുക്ക് ഏറ്റെടുക്കേണ്ടിയിരിക്കുന്നു. മേല്‍മണ്ണിന്റെ സംരക്ഷണമാണ്, ഫലപ്രദമായ ജലസംരക്ഷണത്തിന്റെ ശക്തമായ ഉപാധി. അങ്ങനെയൊരു സമീപനംമാത്രമേ നമുക്ക് ജലസുരക്ഷ പ്രദാനംചെയ്യൂ. നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കപ്പുറം മുതലെങ്കിലും നല്ല ഫലങ്ങള്‍ ലഭിച്ചുതുടങ്ങണമെങ്കില്‍ ഇപ്പോഴേ നാം അതിന് ശ്രമിച്ചുതുടങ്ങണം.

ഓരോ പ്രദേശത്തും നമുക്ക് ലഭിക്കുന്ന മഴയുടെ പകുതിയെങ്കിലും മഴപതിക്കുന്ന സ്ഥാനത്ത് വെച്ചുതന്നെയോ സമീപസ്ഥാനങ്ങളില്‍വെച്ചോ ഭൂപ്രതലത്തിലെ മണ്‍പാളികളിലൂടെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ സഹായകമായ തോതില്‍ വെള്ളത്തിന്റെ ഉപരിതലഒഴുക്കിനെ നിയന്ത്രിച്ചുനിര്‍ത്തുക എന്നതാണ് ജലക്ഷാമം സ്ഥായിയായി പരിഹരിക്കുന്നതിനുള്ള അടിസ്ഥാന ഉപായം. ചരിവുള്ള ഭൂപ്രതലങ്ങളിലെ പ്രതല ഒഴുക്കിന്റെ തോതിനെയും പ്രവേഗത്തെയും വരുതിയിലാക്കാനും പ്രതല ഒഴുക്കുവഴിയുള്ള മഴവെള്ളത്തിന്റെ ക്രമാതീതമായ നഷ്ടം പ്രാദേശികാടിസ്ഥാനത്തില്‍ത്തന്നെ തടയുന്നതിനും സഹായകമായ സംരക്ഷണഘടനകളുടെ സമഗ്ര 'ജലസംരക്ഷണജാലിക' ഓരോ തുണ്ട് ഭൂമിയിലും സജ്ജീകരിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്.

പുല്‍വരമ്പുകള്‍, ചെറിയ മണ്‍വരമ്പുകള്‍, മണ്‍ തിടിലുകള്‍, കയ്യാലകള്‍, സംരക്ഷണഭിത്തികള്‍, ചാലുകള്‍ ഇടമുറിഞ്ഞ ചാലുകള്‍, വൃക്ഷത്തടങ്ങള്‍, മണ്‍പണകള്‍, പാത്തികള്‍, പുല്‍മെത്തകള്‍, സസ്യവേലികള്‍, മഴക്കുഴികള്‍, കല്ലുകൊണ്ടുള്ള ചെറുതും വലുതുമായ കയ്യാലകള്‍ എന്നിവയുടെ സഹായത്തോടെ ഇത് സാധ്യമാക്കാം. ഇവയില്‍നിന്ന് ഓരോ തുണ്ട് ഭൂമിയിലേക്കും അനുയോജ്യമായവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

ഇപ്രകാരത്തിലുള്ള സജ്ജീകരണങ്ങളെ അതിജീവിച്ച് സമീപത്തുള്ള ചെറുതും വലുതുമായ ഒഴുക്കുചാലുകളില്‍ എത്തുന്ന വെള്ളത്തിന്റെ ഒഴുക്കിനെ മന്ദീഭവിപ്പിക്കാനുതകുന്ന തരത്തിലുള്ള ഘടനകള്‍ അവയില്‍ നിര്‍മിക്കുകയാണ് അനുബന്ധമായി ചെയ്യേണ്ടത് (എന്നാല്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പലപ്പോഴും ഒഴുക്കിന്റെ തോത് വര്‍ധിക്കാനിടയാക്കുന്ന തരത്തില്‍ ചാലുകളുടെ ആഴവും വീതിയും കൂട്ടുകയാണ് ചെയ്തുവരുന്നത്.)

തീരേ ആഴംകുറഞ്ഞ വളരെ ചെറിയ മഴക്കുഴികള്‍ ഉപയോഗയോഗ്യതയും പ്രവര്‍ത്തനക്ഷമതയും പരിശോധിക്കാതെ വ്യാപകമായി ഉണ്ടാക്കുന്ന രീതി പരിമിതപ്പെടുത്തുകയും മഴവെള്ളം സമാഹൃതമായി ഒഴുകിയെത്തുന്ന സ്ഥാനങ്ങള്‍ കണ്ടെത്തി അത്തരം സ്ഥാനങ്ങളില്‍ വേണ്ടത്ര വലിപ്പമുള്ള മഴക്കുഴികള്‍ നിര്‍മിക്കുകയുമാണ് വേണ്ടത്. സാധാരണസ്ഥിതിയില്‍ ഇത്തരം കുഴികള്‍ക്ക് ഒരു ഘനമീറ്റര്‍ മുതല്‍ അഞ്ച് ഘനമീറ്റര്‍ വരെ വലിപ്പമാകാം. കൂടാതെ, ചെറുതും വലുതുമായ പാതകളിലൂടെയും മൈതാനങ്ങളിലൂടെയും ഒഴുകിവരുന്ന മഴവെള്ളത്തെ ശേഖരിക്കാനാവശ്യമായ വലിപ്പത്തോടുകൂടിയ സാമാന്യം വലിപ്പമുള്ള മഴവെള്ളക്കുഴികളും യുക്തമായ സ്ഥാനങ്ങളില്‍ നിര്‍മിക്കാന്‍ ശ്രദ്ധിക്കണം. എല്ലാതരം മഴക്കുഴികളിലും ശേഖരിക്കപ്പെടുന്ന എക്കല്‍ കാലാകാലങ്ങളില്‍ ശേഖരിച്ച് (മഴക്കുഴികള്‍ ഇല്ലായിരുന്നെങ്കില്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോകുമായിരുന്ന അമൂല്യമായ ഒരു വിഭവമാണിത്) ബന്ധപ്പെട്ട പരിസരഭൂമിയില്‍ വിതറാനും ശ്രദ്ധിക്കണം. എന്നാല്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇത്തരം പ്രവൃത്തികള്‍ വളരെ ശാസ്ത്രീയമായ പരിശോധനയ്ക്കുശേഷംമാത്രമേ ഏറ്റെടുക്കാവൂ. വാട്ടര്‍ഷെഡ്ഡ് തത്ത്വങ്ങള്‍ക്ക് അനുസൃതമായി മേല്പറഞ്ഞ മണ്ണ്, ജല സംരക്ഷണപ്രവൃത്തികളെ സമഞ്ജസിപ്പിക്കാന്‍കഴിഞ്ഞാല്‍ നമ്മുടെ വിജയം ശാശ്വതവും അഭൂതപൂര്‍വവുമായിരിക്കും.

മേല്പറഞ്ഞ പ്രവൃത്തികളൊക്കെ മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിയില്‍ ഏറ്റെടുത്ത് വിജയകരമായി ചെയ്യാന്‍ കഴിയുന്നവയാണ്.
വെള്ളക്കെട്ടുമൂലം പ്രശ്‌നങ്ങളില്ലാത്ത സ്ഥാനങ്ങളിലൊരിടത്തും ചാലുകളുടെ ആഴവും വീതിയും കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെത്തന്നെ, കാട്ടുപടര്‍പ്പുകളും സസ്യാവശിഷ്ടങ്ങളും കത്തിച്ചുകളയുന്നതും തരിശുപറമ്പുകള്‍, പൊതുസ്ഥലങ്ങള്‍, തോടുകളുടെ വശങ്ങള്‍, റോഡുകളുടെ പാര്‍ശ്വങ്ങള്‍ എന്നിവിടങ്ങളിലുള്ള സസ്യങ്ങളെ കിളച്ച് മണ്ണിളക്കി നശിപ്പിക്കുന്നതും നിയന്ത്രിക്കണം. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മുടെ സസ്യവൈവിധ്യത്തെയും മണ്ണിന്റെ പോഷകശേഷിയെയും ഇല്ലാതാക്കും. ഭൂതാപന വര്‍ധനയ്ക്ക് ആക്കംകൂട്ടുകയും ചെയ്യും. അസൗകര്യമായി കാണപ്പെടുന്ന കാട്ടുപടര്‍പ്പുകളും കളകളും വെട്ടുകത്തികളോ കത്രികകളോ ഉപയോഗിച്ച് മണ്ണിന് ഇളക്കംതട്ടാത്തവിധം മുറിച്ച് നീക്കംചെയ്യുകയും അത്തരം അവശിഷ്ടങ്ങളെ കമ്പോസ്റ്റ്‌നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുകയുമാണ് വേണ്ടത്.

ഓരോ ഭൂമിയിലെയും പ്രാദേശികസ്ഥിതികളുടെ അടിസ്ഥാനത്തില്‍ ആവശ്യമാകുന്ന എല്ലാ പ്രവൃത്തികളും നടപ്പാക്കാന്‍ വേണ്ടിവരുന്ന ചെലവ് ഭൂവുടമകള്‍ക്ക് സ്വന്തമായി കണ്ടെത്താന്‍ പ്രയാസമായിരിക്കും. സംഘടിത മനുഷ്യാധ്വാനത്തിനാണ് ഈ ചെലവിന്റെ 70 ശതമാനത്തിലേറെ ആവശ്യമായി വരുന്നത്. ഭൂവുടമകള്‍ക്ക് ഇക്കാര്യത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തതിന്റെ ഒരു പ്രധാനകാരണവും ഇതാണ്. എന്നാല്‍, ഈ പ്രതിസന്ധിയൊക്കെ മറികടക്കാനുള്ള വഴികള്‍ തൊഴിലുറപ്പുപദ്ധതിയില്‍ ഉണ്ട്.

കേരളത്തിന്റെ ഭൂഘടനയുടെ പശ്ചാത്തലത്തില്‍ ജലസംരക്ഷണത്തിന് ഉപകാരപ്പെടുന്നതാണ് 'വാട്ടര്‍ഷെഡ്ഡ് അധിഷ്ഠിത ജലസംരക്ഷണ സമീപനം'. വെള്ളത്തിന്റെ സ്വതഃസിദ്ധമായ ചലനപ്രകൃതങ്ങളെ സ്ഥായിയായ ജലലഭ്യതയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകളാണ് സമതലങ്ങളിലുള്ളവയൊഴികെയുള്ള എല്ലാ വാട്ടര്‍ഷെഡ്ഡുകളും തുറന്നുതരുന്നത്. ഓരോ വാട്ടര്‍ഷെഡ്ഡും സ്വാഭാവികവും ലളിതവുമായ ഒരു പാരിസ്ഥിതിക സ്വയംപര്യാപ്തത നിലനിര്‍ത്താന്‍ പാകത്തിലുള്ള ഘടനാവിശേഷങ്ങളുള്ള ഒരു ആവാസവ്യവസ്ഥയാണ്. അതില്‍ മനുഷ്യന്‍ വരുത്തിയ തിരുത്തലുകളും മാറ്റങ്ങളും ഉണ്ടാക്കിയ വൈകല്യങ്ങള്‍ ക്രമേണ പരിഹരിക്കുകയും ഓരോ വാട്ടര്‍ഷെഡ്ഡിന്റെയും സ്വാഭാവികമായ 'വാട്ടര്‍ ഷെഡ്ഡിങ്' പ്രക്രിയ (നീര്‍മറി പ്രക്രിയ) പുനഃസ്ഥാപിക്കുകയും ചെയ്തുകൊണ്ട് കേരളത്തിലെ ജലക്ഷാമം സ്ഥായിയായി പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നാം നടത്തേണ്ടത്.

സംസ്ഥാനത്തെ ഓരോ ഗ്രാമപ്പഞ്ചായത്തും അതിന്റെ പരിധിയില്‍വരുന്ന എല്ലാ വാട്ടര്‍ഷെഡ്ഡുകളുടെയും സമഗ്രവികസനത്തിനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിക്കഴിഞ്ഞിട്ടുള്ളതിനാല്‍ കേരളത്തിലെ ജലക്ഷാമം പരിഹരിക്കുന്നതിനുള്ള കര്‍മപരിപാടികള്‍ ഏറ്റെടുക്കുന്നതിന് ഫലപ്രദമായ സാഹചര്യങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ത്തന്നെ സജ്ജമായിരിക്കയാണ്.

ചെയ്യേണ്ടത് ചെയ്യുകയാണിപ്പോള്‍ വേണ്ടത്. ഗ്രാമസഭകളും പ്രാദേശിക ഭരണകൂടങ്ങളും ഇതിനാവശ്യമായ സന്നാഹങ്ങളൊരുക്കാന്‍ മുന്‍കൈ എടുക്കണം. ഗ്രാമസഭാതലത്തില്‍ ജലസംരക്ഷണ ക്ലബ്ബുകള്‍, സംഘങ്ങള്‍ എന്നിവ രൂപവത്കരിക്കുക, വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മഴവെള്ളസംരക്ഷണം സംബന്ധിച്ച് ബോധവത്കരണം നടത്തുക, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുന്ന പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം സംഘടിപ്പിക്കുക, ഗ്രാമസഭാതലത്തില്‍ ജലസംരക്ഷണ സന്ദേശയാത്രകള്‍ സംഘടിപ്പിക്കുക, മഴവെള്ളസംരക്ഷണസന്ദേശങ്ങളടങ്ങിയ കലണ്ടറുകള്‍/കാര്‍ഡുകള്‍ ഓരോ വീട്ടിലും എത്തിക്കുക, ലോക ഭൂജല ദിനാചരണം ഉചിതമായും വിപുലമായ പങ്കാളിത്തത്തോടെയും സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ ഗ്രാമപ്പഞ്ചായത്തുകള്‍ കൂടുതല്‍ ശ്രദ്ധിക്കണം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment