Thursday 7 March 2013

[www.keralites.net] വനിതാ ദിനം

 

ഈ ദിനത്തിന്റെ ചരിത്രം

ദേശത്തിന്റെ അതിര്‍ത്തികള്‍ക്കും ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങള്‍ക്കുമപ്പുറത്ത് വനിതകളുടെ അവകാശങ്ങള്‍ക്കായി ഒരു ദിനം. അതാണ് മാര്‍ച്ച് എട്ട്. സ്ത്രീകളുടെ ഉന്നതിക്കായി ഇതുവരെ എന്തുചെയ്തു എന്നതിന്റെ അവലോകനവും ഇനിയുമെന്തൊക്കെ ചെയ്യാനുണ്ടെന്നതിന്റെ ഓര്‍മപ്പെടുത്തലുമാണ് ഈ ദിനം.

സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലമുണ്ട് വനിതാദിനത്തിന്റെ ചരിത്രത്തിന്. ഇന്ത്യപോലൊരു രാജ്യത്ത് വനിതാദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇത് ഒരു ആഘോഷമല്ല, സ്ത്രീപ്രശ്‌നങ്ങള്‍ സമൂഹത്തിലേക്ക് എടുത്തിടേണ്ട അവസരമായാണ് ഇതിനെ കാണേണ്ടത്. ഒരു ദിവസത്തെ അജന്‍ഡയായി ഇത് അവസാനിക്കാന്‍ പാടില്ല.


1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് പാതയൊരുക്കിയത്. ടെക്‌സ്‌റ്റൈല്‍ ഫാക്ടറികളില്‍ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിച്ചാണ് അന്ന് ആദ്യമായി പെണ്‍സ്വരം ഉയര്‍ത്തിയത്. കുറഞ്ഞ ശമ്പളത്തിനും ദൈര്‍ഘ്യമേറിയ ജോലിസമയത്തിനും മുതലാളിത്തത്തിനുമെതിരെയും വോട്ടുചെയ്യാനുള്ള അവകാശത്തിനുമായായിരുന്നു അന്ന് ആ സമരം. തുടര്‍ന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി സ്വരമുയര്‍ന്നു. 1917 മാര്‍ച്ച് എട്ടിന് റഷ്യയുടെ പല ഭാഗങ്ങളിലും വനിതകള്‍ ഭക്ഷണത്തിനും സമാധാനത്തിനുംവേണ്ടി നടത്തിയ സമരങ്ങളും ലോകശ്രദ്ധയാകര്‍ഷിച്ചു.


ലോകവനിതകളുടെ അവകാശസംരക്ഷണത്തിനായി വനിതാദിനമെന്ന ആശയം കടന്നുവന്നപ്പോള്‍ മാര്‍ച്ച് എട്ട് എന്ന തീയതി തിരഞ്ഞെടുത്തതിനു പിന്നിലും കാരണം മറ്റൊന്നല്ല. 1909 മാര്‍ച്ച് എട്ടിന് റഷ്യക്കാര്‍ വനിതാദിനം ആചരിക്കുകയും നാളിതുവരെ എല്ലാവര്‍ഷവും അന്നേദിവസം ദേശീയഅവധി ദിനമായി ആചരിക്കുകയും ചെയ്തുവരുന്നു. 1910ല്‍ ജര്‍മനിയിലെ വനിതാ നേതാവും രാഷ്ട്രീയപ്രവര്‍ത്തകയുമായ ക്ലാരാ സെറ്റ്കിന്‍ ആണ് അന്താരാഷ്ട്ര തലത്തില്‍ വനിതാദിനത്തിന്റെ പ്രാധാന്യം എന്ന ആശയം ആദ്യമായി ലോകത്തിനുമുമ്പില്‍ കൊണ്ടുവന്നത്. 17 രാജ്യങ്ങളില്‍നിന്നുള്ള വനിതാപ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിലാണ് ഇത്തരമൊരു ആശയം അവതരിപ്പിക്കപ്പെട്ടത്. ആ സമ്മേളനത്തില്‍ത്തന്നെ അതിന് അംഗീകാരവും ലഭിച്ചു. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം 1911ല്‍ അന്താരാഷ്ട്ര തലത്തില്‍ ഈ ദിനം ആചരിച്ചു. 1975ലാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്.


ഇത്തവണ യു.എന്‍. നല്‍കിയ മുദ്രാവാക്യം തന്നെ 'ഗ്രാമീണ സ്ത്രീശാക്തീകരണം ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും അവസാനം' എന്നതാണ്. കഴിഞ്ഞ ദശകങ്ങളില്‍ സ്ത്രീകള്‍ പല രംഗങ്ങളിലും മുന്നേറി എന്നത് സത്യംതന്നെയാണ്. പലയിടങ്ങളിലും സമത്വം നിലവില്‍വരികയും ചെയ്തു.


നമ്മുടെ രാഷ്ട്രപതിയും ലോക്‌സഭയുടെ സ്പീക്കറുമെല്ലാം വനിതകളാണ്. എന്നാല്‍, അതോടൊപ്പംതന്നെ റെയില്‍വേട്രാക്കിലും പുഴയോരങ്ങളിലും പൊലിയുന്ന സൗമ്യയും ബംഗാളിപ്പെണ്‍കുട്ടിയെപ്പോലുള്ളവരും നമ്മളെ പലതും ഓര്‍മിപ്പിക്കുന്നില്ലേ? സ്ത്രീകളെ ഇര എന്നു വിശേഷിപ്പിക്കാത്ത ഒരു ലോകം കടന്നുവരേണ്ടത് അത്യാവശ്യമാണ്. ഇതിനായി മാധ്യമങ്ങളും നമ്മളോരോരുത്തരും മുന്നോട്ടുവരണം. അതുതന്നെയാണ് ഓരോ വനിതാദിനവും നമ്മെ ഓര്‍മിപ്പിക്കുന്നതും.

http://www.mathrubhumi.com/mb4eves/special/internationalwomensday/

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment