Thursday 7 March 2013

Re: [www.keralites.net] അവിഹിതബന്ധം: മര്‍ദ്ദനമേറ്റത് മന്ത്രി ഗണേശിനെന്ന് പി.സി ജോര്‍ജ്

 

ലൈംഗികാപവാദത്തിലുലഞ്ഞ് യുഡിഎഫ്

തിരു: മന്ത്രിക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് കൊളുത്തിവിട്ട ലൈംഗികാരോപണത്തില്‍ ആടിയുലയുകയാണ് യുഡിഎഫ് സര്‍ക്കാര്‍. നാടകീയസംഭവവികാസങ്ങളാണ് സെക്രട്ടറിയറ്റിലും മുഖ്യമന്ത്രിയുടെ വസതിയിലും കെപിസിസി ആസ്ഥാനത്തും ബുധനാഴ്ച അരങ്ങേറിയത്. ക്ലിഫ് ഹൗസില്‍ ഗണേശ്കുമാറിന്റെ ഭാര്യ ഡോ. യാമിനിയുടെ വരവോടെ ആരംഭിച്ച നാടകീയത രാത്രി കെപിസിസി ഓഫീസ് വരെ നീണ്ടു. വൈകിട്ട് മന്ത്രി ഗണേശ്കുമാറിന് പിന്തുണയുമായി ഷിബു ബേബി ജോണ്‍ അടക്കം ചിലര്‍ രംഗത്തെത്തിയത് പിരിമുറുക്കം വര്‍ധിപ്പിച്ചു. ഏതുവിധേനയും ഭരണം നിലനിര്‍ത്താനായുള്ള അനുനയനീക്കം പൊളിഞ്ഞതിന്റെ ആശങ്കയും അസ്വസ്ഥതയും മൂടിവയ്ക്കാന്‍ ശ്രമിച്ച് മുഖ്യമന്ത്രി, സഹപ്രവര്‍ത്തകന്റെ ഭാവിയും സര്‍ക്കാറിന്റെ നിലനില്‍പ്പും ചീഫ് വിപ്പിന്റെ അതിരുവിട്ടകളിയും ചര്‍ച്ചചെയ്ത് മന്ത്രിമാര്‍. ഭാവിയോര്‍ത്ത് ആശങ്കാകുലരായ പേഴ്സണല്‍സ്റ്റാഫംഗങ്ങളും ഇടനിലക്കാരും, ഇടക്കിടെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി മടങ്ങുന്ന മന്ത്രിമാര്‍-ഇതായിരുന്നു സെക്രട്ടറിയറ്റിലെ കാഴ്ച. ആഭ്യന്തരമന്ത്രി അടക്കമുള്ള സഹപ്രവര്‍ത്തകരുമായി മുഖ്യമന്ത്രി കൂടിയാലോചനകള്‍ നടത്തി. ഗണേശ് എംഎല്‍എ സ്ഥാനവും രാജിവയ്ക്കുമോ, പി സി ജോര്‍ജിനെതിരെയും നടപടി വരുമോ, നടപടിയെടുത്താല്‍ ജോര്‍ജ്് എങ്ങിനെ തിരിച്ചടിക്കും തുടങ്ങി അന്തംവിട്ട ചര്‍ച്ചകള്‍. ജോര്‍ജിനെ വെറുതെവിടില്ലെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എംഎല്‍എമാരടക്കം ചില നേതാക്കള്‍. അച്ചടി-ദൃശ്യമാധ്യമപ്പട സെക്രട്ടറിയറ്റും പരിസരവും കൈയടക്കി. രാജി വച്ചു, വച്ചില്ല, വയ്ക്കുന്നു എന്നിങ്ങനെ തത്സമയ വാര്‍ത്തകള്‍. ഗണേശ്കുമാര്‍ മന്ത്രിസഭായോഗത്തിനെത്തില്ലെന്ന് പ്രചാരണമുണ്ടായിരുന്നു. മന്ത്രി രാജി നല്‍കിയതായും അഭ്യൂഹം പരന്നു. എന്നാല്‍, മന്ത്രിസഭായോഗമാരംഭിച്ചതോടെ ഇതസ്ഥാനത്തായി. മന്ത്രിസഭായോഗതീരുമാനം വിശദീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം പതിവിനു വിപരീതമായി തിങ്ങിനിറഞ്ഞു. മന്ത്രിയുടെ പുറത്തേക്കുപോക്ക് മുഖ്യമന്ത്രി അറിയിക്കുമെന്ന കണക്കുകൂട്ടലിന് വിരാമമിട്ട മുഖ്യമന്ത്രി ഈ വിഷയം ചര്‍ച്ച ചെയ്തില്ലെന്നും അറിയിച്ചു. ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഇക്കാര്യത്തില്‍ താനെന്തെങ്കിലും പറയുമെന്ന് കരുതേണ്ടെന്ന് അദ്ദേഹം ആണയിട്ടു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നടക്കുമ്പോള്‍ നോര്‍ത്ത്ബ്ലോക്കിന്റെ മുഖ്യകവാടം ചാനല്‍-മാധ്യമലേഖകരുടെ പിടിയിലായിരുന്നു. മന്ത്രി ഗണേശ്കുമാറിന് വേണ്ടിയുള്ള കാത്തിരിപ്പ് മണിക്കൂറുകള്‍ നീണ്ടു. ഇതിനിടയില്‍ പുറത്തേക്ക് വന്ന മന്ത്രിമാരെയെല്ലാം മാധ്യമങ്ങള്‍ സമീപിച്ചെങ്കിലും പ്രതികരണങ്ങളൊന്നുമുണ്ടായില്ല. ഗണേശിന്റെ ഔദ്യോഗിക മുറിയില്‍ സന്ദര്‍ശകരുടെ തിരക്കായിരുന്നു. മന്ത്രി ഫയലുകളെല്ലാം തീര്‍പ്പാക്കുകയാണെന്ന് ഇതിനിടയില്‍ വാര്‍ത്ത പരന്നു. അതോടെ രാജി ഉടനെന്ന് പ്രവചനവും വന്നു. മന്ത്രി ഷിബു ബേബിജോണ്‍ ഗണേശ്കുമാറുമായി ദീര്‍ഘനേരം ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിലേക്ക് പോയി. ടി എ പ്രതാപന്‍ എംഎല്‍എ യും ഗണേശിനെ കാണാനെത്തിയിരുന്നു. പ്രതാപനൊപ്പം പുറത്തേക്കുവന്ന ഷിബുവിനെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. എന്തു പ്രശ്നം, എന്തു രാജി എന്ന ചോദ്യവുമായി മാധ്യമങ്ങളെ നേരിട്ട ഷിബു ബേബിജോണ്‍ സുഹൃത്തിനെ ആശ്വസിപ്പിക്കുകയെന്ന കടമ നിറവേറ്റാനാണ് പോയതെന്ന് പറഞ്ഞു. വൈകിട്ട് ഓഫീസില്‍നിന്ന് പുറത്തുവന്ന ഗണേശ് രാജി കൊടുത്തെന്ന വാര്‍ത്ത നിഷേധിച്ചു. ഒളിച്ചും പതുങ്ങിയും പോകേണ്ട കാര്യം തനിക്കില്ല. രാജിയുണ്ടെങ്കില്‍ മാധ്യമങ്ങളെ അറിയിച്ചേ കൊടുക്കൂ എന്നും മന്ത്രി പറഞ്ഞു. ഘടകകക്ഷി മന്ത്രിമാരും തലസ്ഥാനത്തുണ്ടായിരുന്ന യുഡിഎഫ് നേതാക്കളും സുദീര്‍ഘമായി കൂടിയാലോചനകളിലായിരുന്നു. മന്ത്രിയുടെ രാജി മുന്നണിയില്‍ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ചിലര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടയില്‍ ജോര്‍ജ് മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും യുഡിഎഫ് കണ്‍വീനര്‍ക്കും നല്‍കിയ കത്തും ജോര്‍ജിനെതിരെ ഗണേശ്കുമാര്‍ നല്‍കിയ കത്തും പുറത്തുവന്നത് വിവാദത്തിന് എരിവുകൂട്ടി. തന്നെ രാജിവയ്പ്പിക്കുമെന്ന് ജോര്‍ജ് പലയിടത്തും പ്രസംഗിച്ചതായും വ്യക്തിഹത്യ ലക്ഷ്യമാക്കി ഗൂഢാലോചന നടത്തിയതായും മന്ത്രിയുടെ കത്തില്‍ പറഞ്ഞു. വനംമന്ത്രി എന്നനിലയില്‍ ജോര്‍ജിന് തന്നോട് ശത്രുതയുണ്ട്. മുന്നണിസംവിധാനത്തിനെതിരായ ഹീനനടപടിയാണ് ജോര്‍ജിന്റേതെന്നും മന്ത്രി കുറ്റപ്പെടുത്തി. മുന്‍വൈരാഗ്യമെന്ന ആക്ഷേപം തെറ്റാണെന്നും നെല്ലിയാമ്പതിയും സദാചാരവിരുദ്ധപ്രവൃത്തിയും കൂട്ടിക്കുഴക്കേണ്ടെന്നുമാണ് ജോര്‍ജിന്റെ മറുപടി.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment