തിരുവനന്തപുരം: സംസ്ഥാനത്ത് 25 ലക്ഷം അന്യസംസ്ഥാനത്തൊഴിലാളികള്‍ ജോലിചെയ്യുന്നതായി പഠനറിപ്പോര്‍ട്ട്. ഇവര്‍ പ്രതിവര്‍ഷം കേരളത്തില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് 17,500 കോടിരൂപ അയയ്ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍ മന്ത്രി ഷിബുബേബിജോണാണ് പഠനറിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്തുവിട്ടത്.
കേരളത്തിലെ ജനസംഖ്യയില്‍ ഗണ്യമായ ശതമാനം അന്യസംസ്ഥാനത്തൊഴിലാളികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവരെപ്പറ്റി നമുക്ക് കാര്യമായൊന്നുമറിഞ്ഞുകൂടാ. അവര്‍ക്കുവേണ്ടി നാം ഒന്നും ചെയ്യുന്നുമില്ല. എന്നാല്‍ സാമൂഹിക സുരക്ഷയുടെ ഭാഗമായി അവരെ ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ട സ്ഥിതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗുലാത്തി ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാകേ്‌സഷന്‍ ആണ് പഠനം നടത്തിയത്. സര്‍ക്കാരിന്റെ ഉപദേഷ്ടാവായ എം.പി. ജോസഫ്, ഡി. നാരായണ, സി.എസ്. വെങ്കിടേശ്വരന്‍ എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.
75 ശതമാനം തൊഴിലാളികളില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. 20 ശതമാനവും പശ്ചിമബംഗാളില്‍ നിന്നുള്ളവരാണ്. ബിഹാര്‍, അസം, യു.പി, ഒറീസ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. 60 ശതമാനം തൊഴിലാളികളും നിര്‍മാണമേഖലയില്‍ ജോലിചെയ്യുന്നു. 75 ശതമാനം തൊഴിലാളികളും പ്രതിദിനം 300 രൂപയില്‍ കൂടുതല്‍ സമ്പാദിക്കുന്നു. ഒരാള്‍ പ്രതിവര്‍ഷം 70,000 രൂപയെങ്കിലും സ്വദേശത്തേക്ക് അയയ്ക്കുന്നു.
ഇവരുടെ ജീവിതസാഹചര്യങ്ങള്‍ പരിതാപകരമാണ്. പ്രാഥമികാവശ്യങ്ങള്‍ മിക്കവാറും നിവേറ്റുന്നത് തുറസ്സായ സ്ഥലങ്ങളിലാണ്.
തൊഴില്‍ വകുപ്പ് ഇവരുടെ രജിസ്‌ട്രേഷനുവേണ്ടി പ്രത്യേക സംവിധാനമുണ്ടാക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണം, തൊഴില്‍ നിയമങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധവത്കരിക്കണം. ഇവര്‍ക്കായി ആരോഗ്യ രക്ഷാപദ്ധതി ഏര്‍പ്പെടുത്തണം, ഭാഷയറിയാവുന്നവരെ നിയോഗിച്ച് ഹെല്‍പ്പ്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.
പ്രവാസികള്‍ കേരളത്തിലേക്ക് അയയ്ക്കുന്നത് 49,000 കോടി
കേരളത്തിലേക്ക് പ്രവാസികള്‍ ഒരുവര്‍ഷം അയയ്ക്കുന്നത് ഏതാണ്ട് 49,000 കോടി. എന്നാല്‍ ഇതിന്റെ ഏതാണ്ട് മൂന്നിലൊന്നുവരുന്ന തുകയായ 17,500 കോടി രൂപ കേരളത്തില്‍ നിന്ന് കുടിയേറ്റത്തൊഴിലാളികള്‍ അവരുടെ നാടുകളിലേക്ക് അയയ്ക്കുന്നുവെന്നാണ് പുതിയപഠനം കാണിക്കുന്നത്.
2011 ലെ കേരള മൈഗ്രേഷന്‍ സര്‍വെ പ്രകാരം 2010-11 ല്‍ കേരളത്തിലേക്ക് പ്രവാസികള്‍ അയച്ചത് 49,695 കോടിയാണ്.
ഔദ്യോഗിക കണക്കുകളനുസരിച്ച് കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്. എന്നാല്‍ ഇവിടെനിന്ന് തൊഴില്‍ക്കൂലിയായി അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് കിട്ടുന്നത് 17,500 കോടിയും.
പ്രവാസികളുടെ നിക്ഷേപമായി 2012 സപ്തംബര്‍വരെ കേരളത്തിലെ വാണിജ്യബാങ്കുകളിലുള്ളത് 58,150 കോടിയാണ്.
No comments:
Post a Comment