കാടുചുറ്റി, മേടിറങ്ങി
വര്‍ഷങ്ങള്‍ക്ക് മുമ്പ് പെട്രോള്‍ കുടിയനായ ഒരു എന്‍ഫില്‍ഡ് ബുള്ളറ്റില്‍ യാത്ര ചെയ്തതിന്റെ തിക്തമായ ഓര്‍മ്മകളാണ് ആദ്യം മനസിലെത്തിയത്. വണ്ടി സുഹൃത്തിന്റേതായിരുന്നു. സ്റ്റാര്‍ട്ടിങ് ട്രബിളുള്ളതിനാല്‍ അതൊരു യാത്രയായിരുന്നില്ല. മല്ലയുദ്ധമായിരുന്നു. ഓഫായാല്‍ കുടുങ്ങി. ആംപിയര്‍ ശരിയാക്കി അടിക്കണം. അല്ലെങ്കില്‍ അവന്‍ തിരിച്ചടിക്കും. മെരുക്കിയെടുക്കാന്‍ പാടുപെട്ടെങ്കിലും മെരുങ്ങിയപ്പോ നല്ല സുഖം. നമ്മള്‍ വണ്ടിയോടിക്കണ്ട. വണ്ടി നമ്മളെ കൊണ്ടുപൊയ്‌ക്കോളും. പിന്നീട് 100 സിസിയുടെ ലാഘവത്വത്തിലേക്ക് മനസു ചുരുങ്ങി. പെട്രോള്‍ലാഭത്തിലായിരുന്നു കണ്ണ്. വല്ലപ്പോഴും വല്ല ബുള്ളറ്റും ഓടിച്ചെങ്കിലായി.
എന്നാലിപ്പോഴിതാ ഒരു ക്ഷണം. ബുള്ളറ്റില്‍ പാലക്കാടന്‍ ഊഷര ഭൂമിയിലൂടെ, തമിഴ്‌നാടന്‍ കാട്ടിലൂടെ, കേരളത്തിലെത്തി മൂന്നാര്‍ മലഞ്ചരിവുകള്‍ താണ്ടി കോതമംഗലം തൃശൂര്‍ വഴി പാലക്കാട്ടേക്കൊരു യാത്ര. ഒറ്റയ്ക്കല്ല, കൂട്ടിന് 21 ബൈക്കുകളും 50 ഓളം പേരും. ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ പെട്ടവരാണ് എല്ലാവരും എന്നതും യാത്രയുടെ മറ്റൊരു ഹരം.
സഹ്യപര്‍വ്വതത്തിന്റെ പടിഞ്ഞാറന്‍ ചരിവില്‍ പാലക്കാടന്‍ ഗ്യാപിലൂടെ കിഴക്കന്‍ചരിവിലെത്തി, മറയൂര്‍ മൂന്നാര്‍ വഴി വീണ്ടും പടിഞ്ഞാറന്‍ ചരിവിലൂടെ പാലക്കാടെത്തിയ യാത്ര സഹ്യപര്‍വ്വതത്തെയും കാടിനേയും ചുറ്റിയാണ്. ചിന്നാര്‍, മറയുര്‍, മൂന്നാര്‍, ഇടുക്കി, പെരിയാര്‍, നെല്ലിയാംപതി, ഷോളയാര്‍, ആളിയാര്‍, പീച്ചി വനമേഖലകള്‍ ഈ യാത്രാപഥത്തിനു നടുവിലാണെന്നത് പിന്നീട് ഗൂഗിള്‍ മാപ് നോക്കിയപ്പോള്‍ തോന്നിയ കൗതുകം.
പാലക്കാട് പ്രിന്‍സ് മോട്ടോഴ്‌സാണ് സംഘാടകര്‍. ഏപ്രില്‍ 22 ന് വടക്കുംതറ ക്ഷേത്രത്തിനു മുന്‍വശം വെച്ച് ഞങ്ങളുടെ ബുള്ളറ്റുകള്‍ പടപടമുഴക്കി കൂട്ടത്തോടെ കുതിച്ചു. മുന്നില്‍ അനൂപിന്റെ പൈലറ്റ് വാഹനം. ഏറ്റവും പിറകില്‍ സ്റ്റെപ്പിനി ടയറുകളും അത്യാവശ്യ സ്‌പെയര്‍പാര്‍ട്ട്‌സും ഉച്ചഭക്ഷണവുമായി മിനിലോറിയും. ബൈക്ക് റൈഡേഴ്‌സിന് ശാരീരിക അസ്വസ്ഥതകള്‍ വന്നാല്‍ കയറാന്‍ ഒരു വാനും അതില്‍ ബൈക്ക് മാറി ഓടിക്കാന്‍ തയ്യാറായി നാലുപേരും. അങ്ങിനെ എല്ലാ സെറ്റപ്പുമായാണ് യാത്ര. പ്രിന്‍സ് ഷോറുമിനു മുമ്പില്‍ നിര്‍ത്തി. ചെറിയൊരു പൂജയും കഴിഞ്ഞ് നാളീകേരത്തില്‍ കര്‍പ്പൂരം കത്തിച്ച് ആരതി ഉഴിഞ്ഞു. ഉടഞ്ഞുചിതറിയ തേങ്ങ. വീണ്ടും ബുള്ളറ്റിന്റെ പടപട ശബ്ദം.
കൊഴിഞ്ഞാമ്പാറയാണ് അടുത്ത ലക്ഷ്യം അവിടെ ഒരു ഇളനീര്‍ ബ്രേക്ക്. യാത്ര തുടങ്ങാന്‍ അല്‍പം വൈകിപ്പോയി. കൊഴിഞ്ഞാമ്പാറയെത്തുമ്പോള്‍ ചൂട് പിടിച്ചു തുടങ്ങി. ഇളനീര്‍ മധുരം ആശ്വാസമായി. ആ ഊര്‍ജത്തില്‍ ബൈക്കുകള്‍ വീണ്ടും പടപടമുഴക്കി. അപ്പോഴുണ്ടൊരു സ്വകാര്യബസ് പഴനിക്കുള്ള പോക്കാണ്. ഞങ്ങളെ ഓവര്‍ടേക്ക് ചെയ്ത കാറിനേയും ഓവര്‍ടേക്ക് ചെയ്ത് എതിരെ വരുന്ന വാഹനത്തെ മുട്ടിമുട്ടിയില്ലെന്ന മട്ടിലൊരു ചവിട്ട്. പിന്നൊരു വെട്ടിക്കല്‍. കണ്ണൂര്‍ കോഴിക്കോട് റൂട്ടിലെ ബസ്സോട്ടം പോലെ. ബസിന്റെ പേരാണെങ്കില്‍ കലൈമകള്‍. കൊലൈമകളെപോലെയാണ് പെരുമാറ്റം എന്നു മാത്രം. എല്ലാവരേയും കടത്തിവെട്ടി കലൈമകള്‍ പഴനിക്കു കുതിച്ചു.
കൂട്ടത്തിലുള്ള രണ്ടുപേര്‍ക്ക് പള്ളിയില്‍ പോകാനുള്ളതുകൊണ്ട് ഉദുമല്‍പേട്ടയിലും നിര്‍ത്തി. പിന്നെ വലത്തോട്ട് തിരിഞ്ഞ് കാട്ടിലൂടെയായിരുന്നു യാത്ര. ചിന്നാര്‍ വൈല്‍ഡ്‌ലൈഫ് സ്വാങ്ച്വറിയിലൂടെ. ചെക്ക്‌പോസ്റ്റും കടന്ന് അല്‍പദൂരം പോയപ്പോള്‍ രോഹിതിന്റെ വണ്ടിയുടെ ടയര്‍ പഞ്ചറായി. മിനിലോറി എത്തുന്നതുവരെ എല്ലാവരും കാത്തിരുന്നു.
കാട് ഉണങ്ങി വരണ്ടിരിക്കുകയായിരുന്നു. മണ്ണിന് ചുവപ്പുനിറം. പച്ചപ്പുല്ലുകള്‍ വാടി തലതാഴ്ത്തിയിരിക്കുന്നു. ഇലകള്‍ വാടിചുരുങ്ങിയതിനാല്‍ മരത്തിനു കീഴിലും തണലില്ല. ഇന്‍കംടാക്,സ് ഓഫീസര്‍ പവന്‍ ബൈക്കിന്റെ സൈഡ്ബാഗില്‍ നിന്നും നല്ല നാട്ടുമാങ്ങ പുറത്തെടുത്തു. ആ മധുരത്തില്‍ ഉഷ്ണം അലിയാന്‍ തുടങ്ങി. മിനിലോറിയെത്തി ടയര്‍മാറ്റി യാത്ര തുടരുമ്പോള്‍ എല്ലാവര്‍ക്കും വയര്‍ കത്തികാളാന്‍ തുടങ്ങിയിരുന്നു. എന്നാലും കാട്ടിനു നടുവില്‍ ഭക്ഷണം കഴിക്കരുതെന്നാണ് നിയമം. കാടിനു വെളിയിലെത്തി കഴിക്കാമെന്നു തീരുമാനിച്ചു. ചിന്നാര്‍ തമിഴ്‌നാടിന്റെ ചെക്‌പോസ്റ്റും കേരളത്തിന്റെ ചെക്‌പോസ്റ്റും കടന്ന് രാജമലയിലൂടെ മറയൂരിലെത്തിയപ്പോഴേക്കും മനസും ശരീരവും തണുക്കാന്‍ തുടങ്ങി. മറയൂരിലെ കരിമ്പുതോട്ടങ്ങളും ശര്‍ക്കരപാനിയുടെ ഗന്ധവും കടന്ന് മൂന്നാറിലെത്തുമ്പോള്‍ സായംസന്ധ്യ. മൂന്നാര്‍മേളയുടെ തിരക്കുണ്ടായിരുന്നു. ബുള്ളറ്റ് പടയെ കണ്ടേതോടെ ജനം ഉറ്റുനോക്കാന്‍ തുടങ്ങി. ജര്‍മ്മന്‍ കാരനായ റോണ്‍ ക്യാമറയുമായോടി വന്നു. ഇന്ത്യയില്‍ മുന്‍പ് വന്നപ്പോ ബുള്ളറ്റിലൊരു യാത്ര നടത്തിയതിന്റെ ഓര്‍മ്മയിലാണ് റോണ്‍.
ഞങ്ങള്‍ക്ക് താമസം പക്ഷെ സൂര്യനെല്ലിയിലായിരുന്നു. മൂന്നാറില്‍ നിന്ന് 25 കിലോമീറ്ററുണ്ട്. തേയിലത്തോട്ടത്തിനു മേലെ ഇരുള്‍ പരക്കാന്‍ തുടങ്ങി. ഇരുണ്ടപച്ചപ്പിനിടയില്‍ ബൈക്കുകളുടെ വാല്‍വെളിച്ചം ചുവപ്പുപരത്തി. ഏറ്റവും പിന്നില്‍ വണ്ടിയോടിക്കുമ്പോള്‍ എസ് വളവുകളില്‍ മുന്നില്‍ പോകുന്ന വണ്ടികള്‍ ഒന്നിച്ച് കാഴ്ചയിലെത്തുന്നു. ശരപക്ഷികളുടെ ആകാശഗമനം പോലൊരു കാഴ്ച. താമസസ്ഥലത്തെത്തുമ്പോള്‍ രാത്രി എട്ടുമണിയായി. സൂര്യനെല്ലി ടൗണില്‍ നിന്ന് ഒരു ഓഫ് റോഡ് ബൈക്കിങ്. ഉരുളന്‍കല്ലുകള്‍ നിറഞ്ഞറോഡില്‍ തെന്നി തെന്നിപോകുന്ന ബൈക്ക് വീഴാതിരിക്കാന്‍ ബാലന്‍സ് ചെയ്യണം.
റിസോര്‍ട്ടില്‍ എല്ലാവരും ഒന്നു ഫ്രഷായി. തണുപ്പ് കൂടാന്‍ തുടങ്ങി. രാത്രി ക്യാമ്പ് ഫയര്‍. ഭക്ഷണം. അതിനു ചുറ്റും വെടിപറഞ്ഞും പാട്ടുപാടിയും രാത്രി വൈകുവോളം നീണ്ട ഡാന്‍സ്. അനൂപ് തന്നെ പാട്ടുപാടി തുടങ്ങി. സ്വന്തമായൊരു ആല്‍ബമെടുത്ത് പരാജയപ്പെട്ട അനൂപ് തന്റെ സ്വന്തം ഗാനം ആലപിച്ചു. ഇരട്ടകളായ സതീഷും ഗിരീഷും ലോകത്തിലിന്നു വരെ ഒരു കോറിയോഗ്രാഫറും അവതരിപ്പിച്ചിട്ടില്ലാത്ത തരം നൃത്തചുവടുകള്‍ പുറത്തെടുത്തു.
നാരായണേട്ടന്‍ നാടന്‍പാട്ടുപാടി സഹയാത്രികരെ കയ്യിലെടുത്തു. എല്ലാവരും അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ രോഹിതിനു മാത്രമേ പരാതി ഉണ്ടായിരുന്നുള്ളു. അത് മറ്റൊന്നുമായിരുന്നില്ല യാത്രയ്ക്ക് സ്പീഡ് പോരെന്ന്. അവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവന്‍ ബൈക്കോട്ട മത്സരങ്ങളില്‍ പങ്കെടുക്കുന്നവനാണ്. കരസേനയിലെ സുബേദാര്‍ അഗസ്റ്റിനെ പറ്റിയായിരുന്നു നാരായണേട്ടന്റെ പരാതി. കഴിഞ്ഞ യാത്രയിലും അഗസ്റ്റിനെ പിടിക്കാന്‍ ഞങ്ങളേറെ പാടുപെട്ടെന്നാണ് പറയുന്നത്. ശരിയാണ് അഗസ്റ്റിന്റെ തണ്ടര്‍ബേഡും കുതിക്കുകയാണ്. പക്ഷെ പൈലററ് വാഹനത്തെ മറികടക്കരുതെന്ന നിര്‍ദ്ദേശമുള്ളതുകൊണ്ട് മാത്രം ഒരു പട്ടാളക്കാരന്റെ അച്ചടക്കത്തോടെ അനുസരിക്കുന്നെന്നു മാത്രം. അഗസ്റ്റിന്‍ ബൈക്ക് റൈഡര്‍ മാത്രമല്ല. ചരിത്രത്തോടൊപ്പം സഞ്ചരിക്കുന്ന ഒരാളു കൂടിയാണ്. സ്റ്റാമ്പു കളക്ഷനും നാണയശേഖരവുമായി ചരിത്രത്തിലേക്ക് കാലഗണന പ്രകാരം സഞ്ചരിക്കുന്ന ഒരു വലിയ കളക്ഷന്റെ ഉടമകൂടിയാണ്.
ഇന്‍കം ടാക്‌സിലെ പവന്‍ ജെന്റില്‍ റൈഡറാണ്. കൃത്യമായ വേഗതയില്‍ വളരെ സ്മൂത്തായാണ് ഡ്രൈവിങ്ങ്. അങ്ങിനെയിരിക്കെ ഇതും എനിക്കറിയാമെന്ന മട്ടില്‍ എല്ലാവരേയും വെട്ടിച്ച് നിമിഷങ്ങള്‍ കൊണ്ട് മുന്നിലെത്തും. 51ഉം 70 ഉം ആയെങ്കിലും മനസില്‍ ചെറുപ്പം സൂക്ഷിക്കുന്ന പരമേശ്വരനും, രവീന്ദ്രനാഥും ഈ പ്രായത്തിലും ബുള്ളറ്റിനൊപ്പം ദൂരങ്ങള്‍ താണ്ടുന്നു എന്നത് യാത്രയോടുള്ള അഭിനിവേശം കൊണ്ടുമാത്രം. എല്ലാവരും യാത്രയുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ക്യാമ്പ് ഫയറിലെ തീയണഞ്ഞ് കനലാവുന്നതുവരെ ആട്ടവും പാട്ടു
ഉറക്കമുണര്‍ന്നു. ഇരുള്‍ മറച്ചുവെച്ച കാഴ്ച എന്തു സുന്ദരം. മലനിരകളുടെ കോട്ടയിലേക്ക് തുറക്കുന്ന ഒരു മലയോരത്താണ് റിസോര്‍ട്ട്. തേയിലത്തോട്ടങ്ങളുടെ പച്ചപ്പ് തീര്‍ക്കുന്ന നിമ്‌നോന്നതങ്ങളുടെ അലമാലകളും. രാത്രി തെന്നിതെന്നി വന്ന റോഡില്‍ നിന്ന് താഴോട്ടിറങ്ങിയാല്‍ സൂര്യനെല്ലി ടൗണായി. ഒരു ചെറിയ ടൗണ്‍. പ്രഭാതഭക്ഷണത്തിനു ശേഷം ആദ്യയാത്ര ടോപ്പ് സ്റ്റേഷനിലേക്ക്. മാട്ടുപെട്ടി, ടോപ് സ്്‌റ്റേഷന്‍, എക്കോപോയിന്റ്. വഴി40 കിലോമീറ്റര്‍. മാട്ടുപെട്ടിയും എക്കോപോയിന്റിലും നിറയെ സഞ്ചാരികള്‍. മാട്ടുപെട്ടി ഡാമില്‍ കുതിക്കുന്ന സ്പീഡ്‌ബോട്ടുകള്‍. എക്കോപോയിന്റില്‍ പെഡല്‍ബോട്ടില്‍ തടാകം ചുറ്റിക്കളിക്കുന്ന സഞ്ചാരികള്‍. കുതിരസവാരിയും വിനോദസഞ്ചാരകച്ചവടവും പൊടിപൊടിക്കുന്നു.
ടോപ് സ്റ്റേഷനില്‍ പതിനഞ്ചു രൂപയാണ് പ്രവേശനഫീസ്. വന്‍മലനിരകള്‍ക്കു താഴെ മഞ്ഞു നിറഞ്ഞ താഴ്‌വര വ്യൂപോയിന്റില്‍ നിന്നാല്‍ സ്വര്‍ഗീയാനുഭൂതി. ബൈക്ക് റൈഡിന്റെ ഹരം കൂടുന്നു. ഉച്ചഭക്ഷണം അവിടെ നിന്നും കഴിച്ചു. തിരിച്ച് തേക്കടിയിലേക്കാണ് യാത്ര. മൂന്നാറു വഴി തന്നെ മടക്കം. മൂ്ന്നാറില്‍ എല്ലാവരും ഒത്തുവരാനായി അല്‍പം കാത്തിരുന്നപ്പോഴുണ്ട് ഹാര്‍ലിഡേവിഡ്‌സണില്‍ ഒരു കിടിലന്‍ ബൈക്കര്‍. ഗഗനചാരിയെപോലെ വസ്ത്രധാരണം. ഹെല്‍മറ്റുള്ളതിനാല്‍ മുഖം വ്യക്തമല്ല. കൂട്ടത്തില്‍ ബൈക്ക് റേസിന് പോകുന്ന രോഹിതിന് ആരാധന കൊണ്ട് ഇരിക്കാന്‍ മേല. ബൈക്കറുടെ തോളത്ത് കൈവെച്ചും ബൈക്കില്‍ ചാരി നിന്നും ഫോട്ടോയെടുത്തും തന്റെ ആരാധന അവന്‍ പങ്കുവെച്ചു.
തേക്കടിയില്‍ നിന്നും തിരിച്ച് നേര്യമംഗലം കോതമംഗലം പെരുമ്പാവൂര്‍ വഴി തിരിച്ചുപോകാമെന്നായി തീരുമാനം. കുമിളിയില്‍ നിന്നും പത്തുമണിയോടെ സ്റ്റാര്‍ട്ടായി. ആറേഴുകിലോമീറ്റര്‍ പിന്നിട്ടുകാണണം. എതിരെയതാ മറ്റൊരു ബുള്ളറ്റ് പട. ഞങ്ങളെപോലെയല്ല എല്ലാം ചെത്തുവണ്ടികള്‍. കാളകൊമ്പ് പിടിപ്പിച്ചത്. സൈലന്‍സര്‍ കട്ട് ചെയ്ത് പ്രത്യേക ശബ്ദമാക്കി മാറ്റിയത്. പലവര്‍ണങ്ങളുള്ളത്. ബാക്ക്‌സീറ്റെടുത്ത കളഞ്ഞത് അങ്ങിനെ എല്ലാം സ്റ്റൈലന്‍ വണ്ടികള്‍ ഓടിക്കുന്നതും ചെറുപ്പം കൈമോശം വരാത്തവര്‍. പരസ്പരം കണ്ടപ്പോള്‍ വണ്ടികള്‍ നിന്നു. പിന്നെ എല്ലാവരും ചേര്‍ന്ന് ഒട്ടകത്തലമേട്ടിലേക്കൊരു ബൈക്കിങ്. ചെങ്കുത്തായ റോഡ് വളവും തിരിവും താണ്ടി ബൈക്ക് കുതിച്ചു. മേലെ വ്യൂപോയിന്റ്ില്‍ എല്ലാ ബൈക്കുകളും സംഗമിച്ചു. ബൈക്ക് റൈഡേഴ്‌സ് പരസ്പരം പരിചയപ്പെട്ടു. അനുഭവങ്ങള്‍ പങ്കുവെച്ചു. ആ ടീമ്ില്‍ കൂടുതലും ചെത്ത് പിള്ളേരായിരുന്നു. പട്ടാളക്കാരും പഌന്റര്‍മാരും എല്ലാമുണ്ടായിരുന്നു.
പാലക്കാടു നിന്ന് 22 ബൈക്കും സംഘവും. കോട്ടയത്തു നിന്ന് 16 ബൈക്കും സംഘവും മൊത്തം 38 ബൈക്കും നൂറോളം യാത്രികരും. എല്ലാവരേയും ഒരുമിപ്പിക്കുന്നത് രണ്ട് വികാരങ്ങള്‍. യാത്രയും ബുള്ളറ്റും. സംഗമം കഴിഞ്ഞ് എല്ലാവരും യാത്ര പറഞ്ഞു രണ്ട് വഴിക്ക് പിരിഞ്ഞു. ഞങ്ങള്‍ കുട്ടിക്കാനം പൈനാവ് വഴി നേര്യമംഗലം കാട്ടിലൂടെ കോതമംഗലം പെരുമ്പാവൂര്‍ അങ്കമാലി തൃശൂര്‍ ലക്ഷ്യമാക്കി. കോതമംഗലത്തു നിന്നും മലമ്പാത തീര്‍ന്നതോടെ ബൈക്കുകള്‍ ഒരു കുതിപ്പായിരുന്നു. വളഞ്ഞു പുളഞ്ഞ് കിടക്കുന്ന മലമ്പാതയില്‍ വേഗനിയന്ത്രണത്തോടെ ഓടിച്ചതില്‍ നിന്നും രക്ഷപ്പെട്ട് ഗിയര്‍ മാറ്റാതെ ഒറ്റപ്പിടി. പാറക്കെട്ടുകളില്‍ തട്ടിതടഞ്ഞൊഴുകുന്ന കാട്ടാറുകള്‍ സമതലത്തിലെത്തുമ്പോള്‍ കുതിച്ചൊഴുകുന്നതു പോലെ വളരെ സ്മൂത്തായൊരു റൈഡ്.
പെരുമ്പാവൂരില്‍ എത്തുമ്പോ സമയം ആറരയായിരുന്നു. ദേശീയപാതയില്‍ ബൈക്കോടിക്കുന്നതാണ് മലമ്പാതയിലെ ബൈക്കിങ്ങിനേക്കാള്‍ സാഹസം. രാത്രി പത്തുമണിയായി. പാലക്കാടെത്തുമ്പോള്‍. ആര്‍ക്കും പൊട്ടുംപൊളിയും കൂടാതെ എല്ലാവരും വിജയകരമായി റൈഡ് പൂര്‍ത്തിയാക്കിയതില്‍ അനൂപിന് ആശ്വാസം. ഇനി അടുത്ത യാത്ര എന്നാണെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടത്്. പണ്ടെങ്ങോ പിണങ്ങിപിരിഞ്ഞ് പോയ കാമുകിയെ തിരികെ കിട്ടിയതുപോലെ തോന്നി. ഒരു ബുള്ളറ്റ് എടുത്താലെന്താ എന്ന് മോഹം വീണ്ടും മനസിലുദിക്കുന്നു....
സംഘം ചേര്‍ന്ന് ബൈക്കോടിക്കുമ്പോള്‍
1-റൈഡിങ് യൂണിഫോം എല്ലാവരും ധരിക്കണം.
2-അമിതവേഗതയും മറികടക്കലും പാടില്ല
3-മദ്യപിച്ച് വാഹനം ഓടിക്കരുത്
4-സമയം പാഴാക്കരുത്.
5-റൈഡേഴ്‌സ് തമ്മില്‍ സൗഹൃദം പാലിക്കണം.
6-സംഘാടകര്‍ തീരുമാനിച്ച റൂട്ടിലൂടെ മാത്രമേ സഞ്ചരിക്കാവൂ
7-തനിച്ച വേര്‍തിരിഞ്ഞ് എങ്ങോട്ടും പോകാന്‍ പാടില്ല
8-ശാരീരിക അസ്വാസ്ഥ്യതയോ മാനസിക അസ്വസ്ഥതയോ വന്നാല്‍ സംഘാടകരെ അറിയിക്കണം.
9-പൈലറ്റ് വാഹനത്തെ മറികടക്കരുത്.
10-ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണം.
11-നിശ്ചിതദൂരത്തില്‍ മീറ്റിങ് പോയിട്ട് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ എല്ലാവരും അവിടെ കാത്തിരിക്കണം.
1-പാര്‍ട്‌സുകള്‍ ഇളകികിടപ്പുണ്ടോ ഓയില്‍ചോര്‍ച്ചയുണ്ടോ, ടയറില്‍ കാറ്റുണ്ടോ, ടൂള്‍കിറ്റില്‍ എല്ലാം ഭദ്രമാണോ എന്നെല്ലാം ഉറപ്പു വരുത്തുക.
2-ഒരു പാട് പ്രശ്‌നങ്ങല്‍ നമുക്കുണ്ടാവും. ബൈക്കില്‍ കയറിയാല്‍ അതെല്ലാം മറക്കുക. മുന്നില്‍ റോഡും പോകാനുള്ള വഴിയും സഞ്ചരിക്കാനുള്ള വാഹനവും. എതിരെ വരുന്ന വാഹനങ്ങളും മാത്രം. പ്രകൃതിരമണീയമായ സ്ഥലങ്ങളിലെത്തുമ്പോല്‍ അതിന്റെ ഭംഗി നുകരാന്‍ വണ്ടി നിര്‍ത്തുക. യാത്രയ്ക്കിടയില്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കിയാല്‍ അപകടസാധ്യതയുണ്ട്.
3-ആദ്യമായി ഓടിക്കുന്ന വാഹനമാണെങ്കില്‍ ആ വാഹനവുമായി ഇണങ്ങുന്നതുവരെ പ്രത്യേകം ശ്രദ്ധിക്കുക.
ഒരു കുട്ടിയിടി ഒഴിവാക്കാന്‍ ബ്രേക്ക് ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടാവില്ല. വെട്ടിച്ചൊഴിയാം. ചിലപ്പോള്‍ സ്പീഡ് കൂട്ടി രക്ഷപ്പെടാം. ഔചിത്യപൂര്‍വ്വം ഡ്രൈവ്് ചെയ്യുക.
4-മറ്റ് വാഹനങ്ങളുടെ കാഴ്ചക്ക് എളുപ്പം പതിയു്ന്ന തരം വസ്ത്രവിധാനങ്ങള്‍ ധരിക്കുക. മഞ്ഞ ഓറഞ്ച് മുതലായ നിറങ്ങള്‍ കാഴ്ചയില്‍ പെട്ടെന്ന് പതിയും. ബഌക്ക് നേരെ തിരിച്ചുമാണ്.
5-ക്ഷീണം തോന്നുകയും വണ്ടി നിര്‍ത്തി വിശ്രമിക്കുകയും ചെയ്യണമെന്നു തോന്നിയാല്‍ അതൊരു സൂചനയാണ് നിര്‍ബന്ധമായും വണ്ടി നിര്‍ത്തുകയും വിശ്രമിക്കുകയും ചെയ്യണമെന്നതിന്റെ.
6-കൂട്ടത്തോടെ വണ്ടി നിര്‍ത്തുമ്പോള്‍ തൊട്ടുമുന്നിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിക്കുക യാത്ര തുടരുന്ന അവസ്ഥയിലാണെങ്കില്‍ ഫസ്റ്റ്ഗിയറിലാക്കി കാത്തിരിക്കണം.
7-വളവുകളില്‍ അമിതവേഗത പാടില്ല.
8-നിര്‍ത്താന്‍ വേണ്ടി വേഗത കുറയ്ക്കുമ്പോള്‍ കണ്ണാടിയില്‍ പിന്നിലെ സ്ഥിതിയും ഒന്നു നോക്കണം. ആവശ്യമായ സിഗ്നലുകള്‍ നല്‍കണം.
9-കൂട്ടം ചേര്‍ന്നുള്ള യാത്രയുടെ ത്രില്ലില്‍ സ്വയം മറക്കാതിരിക്കുക. സുരക്ഷാകാര്യങ്ങള്‍ എപ്പോഴും ഓര്‍ക്കുക.
10-സുര്യോദയ സമയത്തും സൂര്യാസ്തമയസമയത്തും എതിരെ വരുന്ന വാഹനങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ നിഴല്‍ മുന്നോട്ട് വീണുകിടക്കുകയാണെങ്കില്‍ മനസിലാക്കണം എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് കാഴ്ച തടസപെടും വിധമാണ് സൂര്യരശ്മികളെന്ന്.
11-സമയമനുസരിച്ച് റോഡില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധമുണ്ടായിരിക്കണം. രാവിലെ മഞ്ഞും കോടയും ശ്രദ്ധിക്കുക. അതുകഴിഞ്ഞാല്‍ ഗതാഗതതിരക്കും വെയിലും വൈകീട്ട് വന്യമൃഗങ്ങള്‍ റോഡിലിറങ്ങാനുള്ള സാധ്യത രാത്രി മദ്യപിച്ച് വണ്ടിയോടിക്കുന്നവരുടെ അശ്രദ്ധമായ ഡ്രൈവിങ്, അങ്ങിനെ ഓരോ റൂട്ടിനെ കുറിച്ചും വ്യക്തമായി മനസിലാക്കിവെക്കുന്നത് നന്നായിരിക്കും
Odo meter-
Showroom-----10203
Kozhinjampara--10244/2
Udumalpet--10278/9
Chinnar--10334/3
munnar--10368/1
Suryanelli---10392/8
Next Day
Starting----10394/2
Eco point---10435/1
Top Station--10453/1
Pooppara---10519/3
Kumily------10597/1
Next Day
Kumily-----10597/1
Thekkadi----10605/1
Ottakathalamedu----10623/2
Cheruthoni--------10683
Palakkad-------10904
Text: G Jyothilal Photos: N M Pradeep.
Text: G Jyothilal Photos: N M Pradeep.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment