കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി.യുടെ കോഴിക്കോട്ടെ ഡിപ്പോയില്‍നിന്ന് ബോഡി അടിച്ച് പുറത്തിറങ്ങുന്ന ബസ്സുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകണം. നഷ്ടത്തില്‍പ്പെട്ട് നട്ടം തിരിയുന്ന വകുപ്പിന് ഈയിനത്തില്‍മാത്രം പതിനായിരങ്ങളുടെ പാഴ്‌ച്ചെലവാണ് വരുന്നത്. കോഴിക്കോട്ടു നിന്നുതന്നെ നേരത്തേ ഫിറ്റ്‌നസ് എടുത്തിരുന്നതിനുപകരമാണ് ഇപ്പോള്‍ രണ്ടു ജീവനക്കാര്‍ക്ക് നാലുദിവസം വീതം ഡ്യൂട്ടി അനുവദിച്ച് 125 ലിറ്ററോളം ഡീസല്‍ പാഴാക്കി തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുന്നത്.
ഫിബ്രവരി മാസത്തില്‍ കോഴിക്കോട് കിഴക്കേ നടക്കാവിലെ റീജ്യണല്‍ ഡിപ്പോയില്‍നിന്ന് മൂന്ന് ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളാണ് ബോഡിയടിച്ച് പുറത്തിറക്കിയത്. മൂന്ന് ബസ്സുകളും ഫിറ്റ്‌നസ് എടുക്കാന്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഫിബ്രവരി 12, 16, 22 തീയതികളിലായാണ് ബസ്സുകള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
ഓരോ ബസ്സിലും ഒരു ഡ്രൈവറും ഒരു അറ്റന്‍ഡറും അടക്കം രണ്ടുജീവനക്കാര്‍ വീതമാണ് പോയത്. ഓരോരുത്തര്‍ക്കും തിരുവനന്തപുരത്ത് പോയി മടങ്ങിവരാന്‍ നാലുവീതം ഡ്യൂട്ടി അനുവദിച്ചു. 125 ലിറ്റര്‍ ഡീസലും അടിച്ചു. ജീവനക്കാരന്റെ ഒരു ഡ്യൂട്ടിക്ക് ശരാശരി 650 രൂപയാണ് വേതനം. രണ്ടുപേര്‍ക്ക് നാല് ഡ്യൂട്ടി വീതം എട്ട് ഡ്യൂട്ടിക്ക് 5200 രൂപയാണ് മുടക്ക്. 125 ലിറ്റര്‍ ഡീസലടിക്കാന്‍ 6,125 രൂപ. അങ്ങനെ മൊത്തം 11,325 രൂപ ചെലവഴിച്ചാണ് ബസ് തിരുവനന്തപുരത്ത് എത്തിക്കുന്നത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേരത്തേ കോഴിക്കോട്ടുനിന്നുതന്നെ എടുത്തിരുന്നു. അതേരീതിയില്‍ നടപടി തുടരുന്നതിനുപകരം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തില്‍ അനാവശ്യ ചെലവ് വരുത്തി കോര്‍പ്പറേഷന്റെ നഷ്ടം കൂട്ടുകയാണ് ചെയ്യുന്നത്.
മുമ്പ് കോഴിക്കോട്ടുനിന്ന് ബോഡിഅടിക്കുന്ന ബസ്സുകളുടെ അളവെടുത്ത് അത് കോഴിക്കോട് ആര്‍.ടി.ഒ. ഓഫീസില്‍നിന്ന് സാക്ഷ്യപ്പെടുത്തി തിരുവനന്തപുരത്തേക്ക് അയച്ചുകൊടുക്കുകയാണ് ചെയ്തിരുന്നത്. ഈ അളവുവെച്ച് തിരുവനന്തപുരത്തുനിന്ന് ഫിറ്റ്‌നസ് നല്‍കും. പിന്നീട് രജിസ്‌ട്രേഷനായശേഷം ഡിപ്പോയില്‍നിന്ന് പുറത്തിറക്കി കോഴിക്കോട്ടുനിന്ന് ഏതെങ്കിലും റൂട്ടിലേക്ക് ആളെയുംകൊണ്ട് ഓട്ടം തുടങ്ങും. അതുവഴി അനാവശ്യമായി രണ്ടുപേര്‍ക്ക് നാലുവീതം ഡ്യൂട്ടി നല്‍കി വണ്ടി തിരുവനന്തപുരത്തേക്ക് വെറുതെ ഓടിച്ചുപോവുന്നത് ഒഴിവാക്കാം. നഷ്ടത്തില്‍ കൂപ്പുകുത്തിയിട്ടും പാഴ്‌ച്ചെലവുകള്‍ കുറയ്ക്കാനോ അനാവശ്യചെലവുകള്‍ നിയന്ത്രിക്കാനോ കെ.എസ്.ആര്‍.ടി.സി. തയ്യാറാവുന്നില്ലെന്നതിന് തെളിവാണ് ഇത്തരം രീതികള്‍.
No comments:
Post a Comment