Wednesday 6 February 2013

[www.keralites.net] ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ ഏക മലയാളി

 

ഫിബ്രവരി 6 ന് കൊച്ചിയില്‍ പലസ്തീനെതിരെ അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ ഏക മലയാളിയാണ് കണ്ണൂര്‍ക്കാരന്‍ സി.കെ. വിനീത്. മധ്യനിരയില്‍ നിന്ന് ഓരോ നീക്കങ്ങളും ആസൂത്രണം ചെയ്യുന്നതിലെ വൈദഗ്ധ്യമാണ് വിനീതിനെ ഇന്ത്യയുടെ മാച്ച് വിന്നറാക്കുന്നത്



വിജയന്റെ വഴിയിലൂടെയാണ് വിനീതിന്റെയും സഞ്ചാരം. ആദ്യം സൂചിപ്പിച്ചയാള്‍ ഗോള്‍വല തുളയ്ക്കുന്ന സ്‌ട്രൈക്കറായിരുന്നുവെങ്കില്‍ , ആക്രമണങ്ങളുടെ സൂത്രധാരനാണ് വിനീത്. ഒപ്പം അവസരം കിട്ടിയാല്‍ അത് ഗോളാക്കി മാറ്റാനുള്ള അനുപമമായ കളിമിടുക്കും. വെറും രണ്ടുമൂന്നു വര്‍ഷം കൊണ്ട് കേരളത്തിലെ ഒന്നാം നമ്പര്‍ ഫുട്‌ബോളറായി മാറിയ സി.കെ. വിനീതിനും ഐ.എം.വിജയനും കളിക്കളത്തില്‍ സാമ്യതകളേറെയാണ്. രണ്ടുപേരും ഒന്നാന്തരം പോരാളികള്‍. സ്വന്തം ടീമുകളുടെ മാച്ച് വിന്നര്‍മാര്‍. കളിയൊന്നുണരാന്‍ ഇവര്‍ പന്തുതൊടണം.

കൊല്‍ക്കത്തയിലെ പ്രയാഗ് യുണൈറ്റഡിന്റെ താരമാണിപ്പോള്‍ കണ്ണൂര്‍ക്കാരന്‍ വിനീത്.

കഴിഞ്ഞ സീസണില്‍ ചിരാഗ് കേരളയ്ക്കു വേണ്ടി നടത്തിയ പ്രകടനങ്ങളാണ് വിനീതിനെ കൊല്‍ക്കത്തയിലെത്തിച്ചത്. ഇന്നിപ്പോള്‍ ദേശീയ ഐ-ലീഗില്‍ നിലവിലുള്ള ഇന്ത്യന്‍ താരങ്ങളില്‍ ടോപ്പ് സ്‌കോറര്‍ ഈ ചെറുപ്പക്കാരനാണ്.

കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യക്കെതിരെ നേടിയ ഹാട്രിക്ക് അടക്കം ഏഴു ഗോളുകള്‍ വിനീത് സ്വന്തം പേരില്‍ കുറിച്ചു കഴിഞ്ഞു. കൊച്ചിയില്‍ പലസ്തീനെതിരെ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് കോച്ച് കൂവര്‍മാന്‍സ് വിനീതിനെ വിളിച്ചത് വെറുതെയല്ല.

കണ്ണൂര്‍ സര്‍വകലാശാലാ താരമായിരുന്ന വിനീത് ചെന്നൈ കസ്റ്റംസ് , കെ.എസ്.ഇ.ബി ടീമുകള്‍ക്ക് കളിച്ച ശേഷമാണ് ചിരാഗില്‍ എത്തിയത്. കണ്ണൂര്‍ ശരത് നിവാസില്‍ വാസു-ശോഭന ദമ്പതിമാരുടെ മകനാണ് ഈ 25 കാരന്‍. കേരളത്തിന്റെ അണ്ടര്‍-21 ടീമിലും ഇതിനിടെ വിനീത് പന്തു തട്ടിയിരുന്നു.

കൊല്‍ക്കത്ത പ്രയാഗ് ഐ-ലീഗില്‍ ഇക്കുറി എല്ലാ മത്സരങ്ങളിലും ഫസ്റ്റ് ഇലവനില്‍ കളിക്കാനിറക്കിയത് ഈ മലയാളിയെ മാത്രം. ഐ-ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ റാന്റി മാര്‍ട്ടിന്‍സിന് പിന്തുണയുമായി മധ്യനിരയില്‍ എല്ലാത്തിനും വഴിമരുന്നിട്ടത് വിനീതാണ്. ഇരട്ടിമധുരമായി ഏറ്റവുമൊടുവില്‍ എയര്‍ ഇന്ത്യക്കെതിരായ ഹാട്രിക്കും ദേശീയ ടീമിലേക്കുള്ള സെലക്ഷനും.

ഇടതുവിംഗിലൂടെയുള്ള ആക്രമണങ്ങള്‍ മെനഞ്ഞെടുക്കാന്‍ മിടുക്കനായ വിനീത് കാസര്‍കോട് നവോദയ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് പന്തുകളിയിലേക്കു വരുന്നത്. ശ്രീധരനും കുഞ്ഞികൃഷ്ണനും നിസാം ഫക്കീറലിയും ഒക്കെയായിരുന്നു ആദ്യകാല പരിശീലകര്‍.

ബുധനാഴ്ച കൊച്ചി സ്റ്റേഡിയത്തില്‍ പലസ്തീനെതിരെ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര മത്സരത്തിനുള്ള 23 അംഗ ഇന്ത്യന്‍ ടീമിലെ ഏക മലയാളി ഏറെ സന്തോഷത്തോടെ പറയുന്നു... ''ഈ ആഹ്ലാദം ഒന്നു വേറെയാണ്...ഈ അവസരവും...'


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment