Wednesday 6 February 2013

[www.keralites.net] കാണാതെ പോയ മണ്‍കലം

 

കാണാതെ പോയ മണ്‍കലം


കാണാതെ പോയ മണ്‍കലങ്ങളെപ്പറ്റിയാണ് ഈ എഴുത്ത്. പണ്ടൊക്കെ കേരളത്തിലെ ഏതു മുറുക്കാന്‍ കടയ്ക്കു മുന്നിലും ആദ്യം കണ്ണില്‍പ്പെടുക ഒരു മണ്‍കലമാണ്. ദാഹിച്ചു വലഞ്ഞു വരുന്ന ആര്‍ക്കും കിട്ടും അതില്‍ നിന്ന് നല്ല സ്വാദുള്ള തണുത്ത വെള്ളം. അതിനാരും കാശ് ചോദിച്ചിരുന്നില്ല. ദാഹിക്കുന്നവന് വെള്ളം കൊടുക്കുന്നതിന് പണം വാങ്ങുന്നതിനെപ്പറ്റി അന്ന് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു. ഇന്ന് കടകള്‍ക്കു മുന്നില്‍ തൂങ്ങിക്കിടക്കുന്നു പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച കുടിവെള്ളം. എവിടെ നിന്ന് വന്നെന്നും എത്ര കണ്ട് ശുദ്ധമാണെന്നും ആര്‍ക്കുമറിയാത്ത വെള്ളം പക്ഷേ ആരും വെറുതെ തരില്ല.

വേനലായാല്‍ നാട്ടിലെ കുളവും കിണറുമൊക്കെ വറ്റി തുടങ്ങും. ഒരു തുള്ളി വെള്ളം കുടിക്കാനും കുളിക്കാനുമില്ലാതെ നാട്ടുകാരൊക്കെ നെട്ടോട്ടം. ഒരു കിണര്‍ വറ്റിയാല്‍ അടുത്ത വീട്ടിലെ കിണര്‍. ഒരു കുളം വറ്റിയാല്‍ അടുത്ത കുളം. വെള്ളമെടുക്കരുതെന്ന് ആരും പറയാറില്ല. ആവശ്യക്കാരൊക്കെ ആവശ്യം പോലെ വെള്ളം കോരും. അടുത്തുള്ള പുഴയോ തോടോ വറ്റിയാല്‍ അകലെയുള്ള പുഴയിലേക്കാവും കുളിക്കാനും അലക്കാനുമുള്ള പോക്ക്. നാട്ടിലെ പെണ്ണുങ്ങള്‍ക്ക് പിടിപ്പതു പണിയുണ്ടെങ്കിലും ഈ യാത്രയിലൊരു രസമുണ്ട്. കുഞ്ഞുകുട്ടി പണ്ടാരങ്ങളൊക്കെയായി നാട്ടുവര്‍ത്തമാനങ്ങള്‍ പങ്കുവച്ച് അങ്ങനെ.

അന്നൊന്നും വെള്ളം ആരുടെയും കുത്തക ആയിരുന്നില്ല. വെള്ളമുള്ള കിണറുകളിലേക്ക് എത്താന്‍ തടസ്സമായി കൂറ്റന്‍ മതിലുകളും ഗേറ്റുകളും ഉണ്ടായിരുന്നില്ല. പ്രകൃതി തരുന്നതൊക്കെ തനിക്കും തന്റെ കുടുംബത്തിനും മാത്രമെന്ന സ്വാര്‍ഥ ചിന്തയുണ്ടായിരുന്നില്ല. അയല്‍വക്കത്തെ വീട്ടില്‍ നിന്ന് ഒരു മുറി തേങ്ങയോ ചക്കയോ രണ്ടു മാങ്ങയോ വാങ്ങുന്നത് അപരാധമായി ആരും കണ്ടിരുന്നില്ല. വെളിമ്പറമ്പുകളില്‍ വളരുന്ന തഴുതാമയും ചീരയും പപ്പായയും പറിച്ച് കറി വയ്ക്കാന്‍ ആരെയും പേടിക്കേണ്ടിയിരുന്നില്ല.

കാലം മാറി. ഇന്ന് വേനല്‍ എല്ലാവരേയും പേടിപ്പിക്കുന്നു. കെട്ടിയടച്ച പറമ്പുകള്‍ക്കുള്ളിലെ വെള്ളമുള്ള കിണറുകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരിക്കുന്നു. നഗരങ്ങളില്‍ കിണറുകളൊക്കെ മൂടി പൈപ്പ് വെള്ളം കുടിച്ചോളാന്‍ സര്‍ക്കാര്‍ പറയുന്നു. പൈപ്പിലൂടെ അധിക സമയവും കാറ്റു മാത്രമേ വരാറുള്ളൂ എന്ന് നാട്ടുകാര്‍ക്കറിയാം. പിന്നെ കുടിക്കാനും കുളിക്കാനും വെള്ളം കിട്ടണമെങ്കില്‍ കാശു കൊടുക്കണം. ജനവരി - ഫെബ്രുവരി മാസമായാല്‍ മതി. കുടിവെള്ള ടാങ്കറുകള്‍ നിരത്തിലൂടെ ചീറിപ്പാഞ്ഞു തുടങ്ങുന്നു. കാശുള്ളവന്റെ വീട്ടിലെ കിണറ്റിലേക്ക് എവിടെ നിന്നെങ്കിലും അവര്‍ വെള്ളമെത്തിച്ചു തരും. കാശിന്റെ കണക്കു ചോദിക്കരുത്, വെള്ളത്തിന്റെ ഗുണവും. കുടിവെള്ളം വേണമെങ്കില്‍ കുപ്പിയിലോ വലിയ സംഭരണിയിലോ കിട്ടും. അതിനും പറയുന്ന വില കൊടുക്കണം. പുഴകളൊക്കെയും കുളിക്കാന്‍ കൊള്ളാത്ത വിധം മലിനമാക്കുകയും ഭൂമിയുടെ മാറിലേക്ക് കുഴലിറക്കി ഒടുവിലത്തെ തുള്ളി വെള്ളവും ഊറ്റിയെടുക്കുകയും ചെയ്യുന്ന മനുഷ്യന പ്രകൃതി കൊടുത്ത ശിക്ഷയെന്ന് ഇതിനെ വിളിക്കാമോ?

ഭൂമാഫിയയും മണല്‍ മാഫിയയും കഴിഞ്ഞ് വെള്ളം മാഫിയയുടെ കാലമാണ് വരുന്നത്. തിരുവനന്തപുരം നഗരം തന്നെ ഉദാഹരണം. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും പൈപ്പ് വെള്ളം മുടങ്ങുന്ന നിരവധി പ്രദേശങ്ങളുണ്ടിവിടെ. മെഡിക്കല്‍ കോളേജുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കുടിവെള്ളം മുടങ്ങുന്നത് യാദൃച്ഛികമായല്ലെന്നത് പരസ്യമായ രഹസ്യം. പൈപ്പിലെ വെള്ളം നില്‍ക്കുന്നതിനു മുമ്പേ വെള്ളവുമായി ലോറികള്‍ വീട്ടുപടിക്കലെത്തും. ലോറിയുടമകളുടെ ദിവ്യദൃഷ്ടിയൊന്നുമല്ല സംഗതി. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിലെ വാല്‍വ് എപ്പോള്‍ അടയുമെന്ന് ജീവനക്കാരേക്കാള്‍ നന്നായറിയാം ലോറിക്കാര്‍ക്ക്!


കടുത്ത വേനലിന്റെ ഭീകരമുഖം ഇപ്പോള്‍ കേരളത്തിന് മുന്നില്‍ കണ്ണുംതുറിപ്പിച്ച് നില്‍പ്പാണ്. വെള്ളത്തിനും റേഷന്‍ വരാന്‍ പോകുന്നത്രേ. ഒരു കുടുംബത്തിന് ഒരു ദിവസം ഒരു കുടം വെള്ളം. വേണ്ടതിനും വേണ്ടാത്തതിനും വെള്ളം വാരിക്കോരി ചെലവാക്കി ശീലിച്ച മലയാളി എങ്ങനെ ഇത് സഹിക്കും? സഹിക്കുകയല്ലാതെ എന്തു ചെയ്യും? നാട്ടുകാര്‍ക്ക് കുടിവെള്ളം നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ട ജല അതോറിറ്റിക്കാരോട് ചോദിച്ചപ്പോള്‍ ഉത്തരം ഒരു മറുചോദ്യമായിരുന്നു - ഫെബ്രുവരി പകുതിയാവുമ്പോഴേക്കും മഴ പെയ്യാതിരിക്കുമോ? നല്ല തമാശ. ഇനി ഏതെങ്കിലും പണിക്കരെ വിളിച്ച് പ്രശ്‌നം വച്ച് നോക്കാം!


വര്‍ഷം തോറും ശരാശരി 3000 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും ഇവിടെ കുടിവെള്ളമില്ലെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? പെയ്യുന്ന വെള്ളം മുഴുവന്‍ കുത്തിയൊലിച്ച് കടലിലേക്ക് പോകാന്‍ വഴിയൊരുക്കി കൊടുത്തത് ആരാണ്? ദുര മൂത്ത മലയാളി തന്നെ. അഞ്ചു ലക്ഷം രൂപ കൊടുത്ത് വാങ്ങുന്ന ഭൂമിയില്‍ നിന്ന് ഒരു കോടി രൂപയ്്ക്ക് മണലെടുക്കാമെന്ന് കണ്ടെത്തിയ മഹാമനീഷികള്‍. ഒരു കുന്ന് അപ്പാടെ വിഴുങ്ങാന്‍ ഒരു ജെ.സി.ബിയ്ക്ക് ഒരു പകല്‍ മതിയെന്ന് കണ്ടെത്തിയ ബുദ്ധിമാന്മാര്‍. കുന്നിടിച്ച് കുഴിനികത്തി സമത്വം സ്ഥാപിച്ച മിടുക്കന്മാര്‍. സ്വന്തമായി ഇതിനൊന്നും വഴിയില്ലെങ്കില്‍ ആരെങ്കിലുമൊക്കെ ഇതൊക്കെ ചെയ്യുന്നത് കണ്ട് മിണ്ടാതിരുന്നവര്‍. ഒരു കുടം വെള്ളം റേഷന്‍ കിട്ടാന്‍ തന്നെ അര്‍ഹതയുണ്ടോ കേരളീയര്‍ക്ക് ?


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment