Wednesday 6 February 2013

[www.keralites.net] എന്‍ എസ് എസിന്റെ താക്കോല്‍ദ്വാര ശസ്ത്രക്രിയ

 

എന്‍ എസ് എസിന്റെ താക്കോല്‍ദ്വാര ശസ്ത്രക്രിയ

 
മെഡിക്കല്‍ ശാസ്ത്രത്തില്‍ ഏറെ പരുക്കുകളില്ലാത്ത ശസ്ത്രക്രിയയാണ് കീഹോള്‍ ഓപറേഷന്‍. പക്ഷെ എന്‍ എസ് എസ് തിരുവനന്തപുരും താലൂക്ക് സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിര്‍വഹിച്ച താക്കോല്‍ദ്വാര ശസ്ത്രക്രിയ വലിയ പരുക്കുള്ളതായിരുന്നു. ഉത്തരം താങ്ങി നിര്‍ത്തുന്ന പല്ലിയുടെ ധാര്‍ഷ്ട്യമാണ് കേരള രാഷ്ട്രീയത്തില്‍ എന്‍ എസ് എസിനുള്ളത്. അട്ടത്തിരുന്ന് ആര്‍ത്തിയോടെ എല്ലാം വാങ്ങിക്കൂട്ടിയിരുന്ന കാലം അസ്തമിച്ചിരിക്കുന്നു. പിന്നാക്ക-ന്യൂനപക്ഷ സമൂഹങ്ങള്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയില്‍ സാന്നിദ്ധ്യം ഉറപ്പിച്ച് തുടങ്ങിയപ്പോള്‍ വാളെടുത്ത് കലിതുള്ളിയാല്‍ പണ്ടേപോലെ ശൗര്യമില്ലാതെയാവും. എന്‍ എസ് എസ് പ്രതിനിധാനം ചെയ്യുന്ന മേലാള രാഷ്ട്രീയ ബോധം തന്നെയാണ് കേരളത്തില്‍ മേല്‍ക്കോയ്മ നേടിയിട്ടുള്ളത്. ഒരു നിയമസഭാ സീറ്റില്‍ പോലും ഒറ്റക്ക് ജയിക്കാന്‍ സാധിക്കാത്ത കേരള സാമുദായികഘടനയില്‍ വളരെ ന്യൂനപക്ഷമായ ഒരു സംഘത്തിന് കിട്ടുന്ന പ്രാധാന്യം തന്നെ ഇതിനെ ബലപ്പെടുത്തുന്നതാണ്. ഈ സാമൂഹ്യബോധത്തിന്റെ അടിമകളായിരുന്നു എല്ലാ കാലവും കേരളം ഭരിച്ചിരുന്നത്. ഇത് തന്നെയാണ് ഈയടുത്ത് ഉയര്‍ന്ന് വന്ന് എ ഐ പി (മലബാറിനോട് മാത്രം) സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്ന വിവാദത്തില്‍ മുഴച്ച് നില്‍ക്കുന്നത്. എന്‍ എസ് എസിനെ തള്ളിപ്പറഞ്ഞവര്‍ പോലും ഈ വിവാദത്തില്‍ അവര്‍ ഉയര്‍ത്തിയ രാഷ്ട്രീയത്തെയാണ് പിന്തുണച്ചത്.

യു ഡി എഫ് മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനത്ത് കെ പി സി സി പ്രസിഡന്റ് ഉണ്ടാവണമെന്ന എന്‍ എസ് എസിന്റെ വിവിധ രാഷ്ട്രീയ വീക്ഷണക്കാര്‍ എതിര്‍ക്കുകയും യോജിക്കുകയും ചെയ്തു. ഇതിനെതിരെ കടുത്ത വിയോജിപ്പുമായി രംഗത്ത് വന്ന ഇടതുപക്ഷക്കാര്‍ പോലും പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം ചെയ്യപ്പെട്ട മണ്ഡലം മത്സരിക്കാതെ ഒഴിച്ചിട്ട ചരിത്രമുണ്ട്. വരേണ്യ ദാസ്യവേലയില്‍ മത്സരിക്കുന്ന ന്യൂനപക്ഷ രാഷ്ട്രീയക്കാര്‍ പോലും അതില്‍ നിന്ന് പുറത്ത് കടക്കാനല്ല, മറിച്ച് അതിനെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. എസ് എന്‍ ഡി പിയും, എന്‍ എസ് എസും ആലിംഗനം ചെയ്തത് ഇതിന്റെ തുടര്‍ച്ചയാണ്.

പോയ വാരത്തില്‍ ലീഡിംഗായ മറ്റൊരു വിവാദം 'വിശ്വരൂപ'വുമായി ബന്ധപ്പെട്ടതാണ്. മാധ്യമം, പ്രബോധനം, രിസാല, തേജസ്, ചന്ദ്രിക തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ വിവിധ രൂപത്തില്‍ ഇത് വിശകലനം ചെയ്തിട്ടുണ്ട്. കമല്‍ ഹസന്‍ വിവാദത്തില്‍ ഒരു കമാല്‍ ആണ്. സെപ്റ്റംബര്‍ 11-ന് ശേഷം മുസ്‌ലിംകള്‍ നേടിയെടുത്ത സാംസ്‌കാരികവും രാഷ്ട്രീയവുമായ മികവുകളെ കാണാതെ ഇസ്‌ലാമിനെ ഭീകരവാദവുമായി സമീകരിക്കുന്നത് അമേരിക്കക്ക് വേണ്ടി ചെയ്യുന്ന ദാസ്യവേലയായിട്ടാണ് വാരികകള്‍ നിരീക്ഷിക്കുന്നത്. മുസ്‌ലിം ലോകം ജനാധിപത്യപരമായ മാറ്റങ്ങളില്‍ പാശ്ചാത്യര്‍ക്ക് പോലും മാതൃകയാക്കാവുന്ന വസന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഷങ്ങളില്‍ ഇത്തരമൊരു സൃഷ്ടി ഉടലെടുക്കുന്നത് ആവിഷ്‌കാര അജ്ഞതയാണ്. മുസ്‌ലിം സംഘടനകളുടെ എതിര്‍പ്പുകള്‍ കാരണം ഈ സിനിമ ഏറ്റവും കൂടുതല്‍ മുതല്‍മുടക്ക് തിരിച്ച്പിടിക്കേണ്ടിയിരുന്ന തമിഴ്‌നാട്ടില്‍ നിരോധിക്കപ്പെടുകയുണ്ടായി. മുപ്പത് കോടിയോളം നഷ്ടം നേരിടേണ്ടി വന്നു. ഒടുവില്‍ ചില വാചകങ്ങളും ദൃശ്യങ്ങളും നീക്കം ചെയ്യാമെന്ന് സമ്മതിച്ചതിന് ശേഷമാണ് പ്രദര്‍ശനാനുമതി നല്‍കിയത്. ഏതു മതനിരപേക്ഷ വാദിയുടെയും ഇസ്‌ലാം വായന ചെന്നെത്തുന്നത് യൂറോ-അമേരിക്കന്‍ നിര്‍മിതികളിലാണ്. ഹോളിവുഡ്, ബോളിവുഡ് തുടങ്ങി പ്രാദേശിക സിനിമകള്‍ വരെ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപരിഷ്‌കൃതരും ആക്രമോത്സുകരുമായ ജനമായിട്ടാണ് ചിത്രീകരിക്കുന്നത്. ഏകാധിപതികളെ തുരത്തിയോടിച്ച മിഡില്‍ ഈസ്റ്റിലെയും ഉത്തരാഫ്രിക്കയിലെയും പുതിയ തലമുറ ഇസ്‌ലാമിനെ ആവിഷ്‌കാരത്തിന്റെ മതമായി സ്വീകരിച്ചപ്പോള്‍ ബിന്‍ലാദന്മാരെ തെരഞ്ഞു നടക്കുന്നവര്‍ സ്വയം സൃഷ്ടിച്ച തടവറയിലാണ്. മുസ്‌ലിംകളെ നിരന്തരമായി പ്രകോപിപ്പിക്കുക, അവരുടെ മതചിഹ്നങ്ങളെയും വേദഗ്രന്ഥങ്ങളെയും ഭീകരവാദ ഫാക്ടറികളാക്കി ചിത്രീകരിക്കുക, ഇതിനെതിരെ പ്രതികരിച്ചാല്‍ 'ടച്ചി'യായ സമുദായമെന്ന് പ്രചരിപ്പിക്കുക ഇതൊക്കെയും അമേരിക്ക ഉല്‍പാദിപ്പിച്ച വാര്‍പ്പു മാതൃകകളാണ്. ഇസ്‌ലാമിക സമൂഹം പുതിയ കാലത്ത് ആര്‍ജിച്ചെടുത്ത സെന്‍സിറ്റീവായ പ്രതികരണശേഷിയുടെ വിജയം തന്നെയാണ് 'വിശ്വരൂപം' പടയങ്കിയഴിച്ചു വെക്കാന്‍ നിര്‍ബന്ധിതമായത്. ഇത്രമേല്‍ അമേരിക്കന് അനുകൂല സിനിമയെ ഇടതുപക്ഷം ശക്തമായി പിന്തുണച്ചതില്‍ വലിയ അല്‍ഭുതമൊന്നുമില്ല...

ഫളാഷ് ബാക് : 'ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം' എന്ന മുദ്രാവാക്യമാണ് ഡി വൈ എഫ് ഐ നടത്തിയ യൂത്ത് മാര്‍ച്ചിന്റെ പ്രമേയം. എ ഐ പി സ്‌കൂള്‍ വിവാദത്തില്‍ എന്‍ എസ് എസിന്റെ കൂടെ, വിശ്വരൂപവിവാദത്തില്‍ മുസലിം വിരുദ്ധ ചേരിയില്‍! എങ്ങനെയുണ്ട് ഇടതുപക്ഷത്തിന്റെ ജാതിയും മതവും?

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment