പ്ളാസ്റ്റിക്കിനോട് പോരാടി 'പേപ്പര്‍ ബാഗ് പയ്യന്‍'
ഇ.പി. ഷെഫീഖ്
അബൂദബി: മൂന്ന് വര്‍ഷം മുമ്പ് ഫെബ്രുവരിയിലാണ്. യു.എ.ഇ പരിസ്ഥിതി ദിനാചരണത്തിന്‍െറ ഭാഗമായി അബൂദബി സെന്‍റ് ജോസഫ്സ് സ്കൂള്‍ 'പ്ളാസ്റ്റിക് വിരുദ്ധ ദിനം' ആചരിക്കാന്‍ തീരുമാനിച്ചു. ഇതിന്‍െറ പ്രാധാന്യം അധ്യാപിക വിശദീകരിക്കുമ്പോഴാണ് മൂന്നാം ക്ളാസില്‍ പഠിക്കുന്ന അബ്ദുല്‍ മുഖീത് എന്ന എട്ടുവയസ്സുകാരന്‍ പരിസ്ഥിതിക്ക് പ്ളാസ്റ്റിക് ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് ആദ്യം കേള്‍ക്കുന്നത്. വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് ചോദിച്ചപ്പോള്‍ ഭീകരാവസ്ഥ കൂടുതല്‍ വ്യക്തമായി. അലിഞ്ഞുചേരാതെ മണ്ണിനെയും ജലത്തെയുമെല്ലാം അപകടത്തിലാക്കുന്ന പ്ളാസ്റ്റിക്കിന് ആ കുരുന്നു മനസ്സില്‍ 'നിശബ്ദ കൊലയാളി'യുടെ രൂപമായി.
ഗ്രോസറിയില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നുമുള്ള സാധനങ്ങളുമായി തന്‍െറ വീട്ടിലേക്കെത്തുന്ന പ്ളാസ്റ്റിക് കാരിബാഗുകള്‍ എത്രമാത്രം അപകടകാരികളാണെന്ന തിരിച്ചറിവില്‍ നിന്ന് ആ ഇന്ത്യന്‍ ബാലന്‍ തന്നാലാകുന്ന ബദല്‍ മാര്‍ഗങ്ങളെ കുറിച്ച് ചിന്തിച്ചു. പാഴ്ക്കടലാസില്‍ നിന്ന് പേപ്പര്‍ കാരിബാഗ് ഉണ്ടാക്കുകയെന്ന ആശയം അങ്ങനെയാണ് ജനിക്കുന്നത്. കടലാസ് ബാഗ് നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധ നേടിയ അബ്ദുല്‍ മുഖീത് അങ്ങനെ യു.എ.ഇയുടെ 'പേപ്പര്‍ ബാഗ് ബോയ്' ആയി.
അടുത്തമാസം നാലിന് യു.എ.ഇ ദേശീയ പരിസ്ഥിതി ദിനം ആചരിക്കുമ്പോള്‍ മുഖീതിന്‍െറ ദൗത്യത്തിന് മൂന്ന് വയസ്സ് തികയും. ഇക്കാലയളവില്‍ 'അബൂദബി അവാര്‍ഡ്' അടക്കം 19ഓളം പരിസ്ഥിതി സൗഹൃദ പുരസ്കാരങ്ങളാണ് മുഖീതിനെ തേടിയെത്തിയത്. അയ്യായിരത്തോളം 'മുക്കു ബാഗു'കള്‍ (മുഖീതിന്‍െറ വിളിപ്പേരാണ് 'മുക്കു') അബൂദബിയിലെ ഗ്രോസറികളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇതിനകം വിതരണം ചെയ്തു. അന്താരാഷ്ട്ര തലത്തിലടക്കം സ്കൂളുകളിലും കോളജുകളിലും സംഘടനകളിലും 70 ഓളം ശില്‍പശാലകള്‍ നടത്താനും ഈ കുരുന്ന് പരിസ്ഥിതി പ്രവര്‍ത്തകനായി.
ചൊവ്വാഴ്ച അബൂദബി നാഷണല്‍ എക്സിബിഷന്‍ സെന്‍ററില്‍ ആരംഭിക്കുന്ന ലോക ഭാവി ഊര്‍ജ ഉച്ചകോടിയില്‍ സംഘാടകരായ മസ്ദറിന്‍െറ പ്രത്യേക ക്ഷണപ്രകാരം മുഖീത് കടലാസ് ബാഗ് നിര്‍മാണ പരിശീലനം നല്‍കുന്നുണ്ട്. രാജ്യത്തെ വിവിധ ഹൈസ്കൂളുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നുമുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളെയാണ് ഈ 11കാരന്‍ പരിശീലിപ്പിക്കുകയെന്ന് മസ്ദറിന്‍െറ യൂത്ത് ഔ്റീച്ച് പരിപാടികളുടെ ചുമതല വഹിക്കുന്ന ഐഡ അല്‍ ബുസൈദി പറഞ്ഞു.
അബൂദബിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജയ്പൂര്‍ സ്വദേശികളായ അബ്ദുല്‍ മന്നാനിന്‍െറയും അന്ദലീബിന്‍െറയും മകനാണ് മുഖീത്. അബൂദബി ഇന്ത്യന്‍ സ്കൂള്‍ ആറാം ക്ളാസ് വിദ്യാര്‍ഥിയാണിപ്പോള്‍. 2011ല്‍ ഇന്തോനേഷ്യന്‍ സര്‍ക്കാറും യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്‍റല്‍ പ്രോഗ്രാമും (യു.എന്‍.ഇ.പി) സംയുക്തമായി സംഘടിപ്പിച്ച യു.എന്‍. ട്യൂണ്‍സ കോണ്‍ഫറന്‍സില്‍ യു.എ.ഇയെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ മുഖീതിനായി. 62 രാജ്യങ്ങളില്‍ നിന്നുള്ള 22,000 ആളുകളെ പിന്തള്ളിയാണ് 2011ല്‍ പത്ത് 'അബൂദബി അവാര്‍ഡ്' ജേതാക്കളില്‍ ഒരാളായത്. കഴിഞ്ഞ ഗാന്ധിജയന്തിക്ക് നെക്സ്സെന്‍ എക്സലന്‍സ് അവാര്‍ഡ് നല്‍കി രാജസ്ഥാന്‍ സര്‍ക്കാറും മുഖീതിനെ ആദരിച്ചു.
പ്രകൃതിസ്നേഹവും മാതാപിതാക്കളുടെ പൂര്‍ണ പിന്തുണയുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് മുഖീത് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. പരീക്ഷാ കാലയളവ് ഒഴിച്ചാല്‍ എല്ലാ ദിവസവും സ്കൂളില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കടലാസ് ബാഗ് നിര്‍മാണത്തിന് സമയം കണ്ടെത്താറുണ്ട്. 20 ബാഗ് വരെ ഉണ്ടാക്കിയ ദിവസങ്ങളുണ്ട്. മൂത്ത സഹോദരങ്ങളായ മെഹക്കിന്‍െറയും മാഹിറിന്‍െറയും സഹായവും ഇതിന് ലഭിക്കുന്നു.
'ഒരു ടണ്‍ പേപ്പര്‍ പുനരുപയോഗയോഗ്യമാക്കിയാല്‍ 17 മരങ്ങളെ രക്ഷിക്കാം' എന്ന സന്ദേശവുമായി അബൂദബിയിലെ പ്രമുഖ മാളുകളിലെല്ലാം മുഖീത് എത്തുന്നു. 'ഇതെനിക്ക് പണവും പ്രശസ്തിയും ഉണ്ടാക്കാനുള്ള ഉപാധിയല്ല. ജീവിക്കുന്ന മണ്ണിനോട് ചെയ്യേണ്ട കടമയാണ്. വളര്‍ന്ന് വരുമ്പോള്‍ ഇതിനേക്കാള്‍ ഫലപ്രദമായ ദൗത്യങ്ങളുമായി ഞാന്‍ പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കും '- മുഖീതിന്‍െറ വാക്കുകള്‍.
No comments:
Post a Comment