20 കന്നുകാലികളും വാനുകളും ഓട്ടോകളും പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങളും കടല്‍ വിഴുങ്ങി
ഉരുവില്‍ കയറ്റിയിരുന്ന 20 കന്നുകാലികള്‍, രണ്ട് ഒമിനി വാന്‍, രണ്ട് ഓട്ടോറിക്ഷകള്‍, ഒരു പിക്കപ്പ് വാന്‍, ഫര്‍ണിച്ചറുകള്‍, കെട്ടിട നിര്‍മാണ സാധനങ്ങള്‍, പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ വസ്തുക്കള്‍ എന്നിവയടക്കം 25 ലക്ഷം രൂപയുടെ വസ്തുക്കളാണ് നഷ്ടപ്പെട്ടത്. കടലൂരിലെ സ്വര്‍ണമ്മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഉരുവാണിത്. ഈ സീസണിലെ ദ്വീപിലേക്കുള്ള കന്നിയാത്രയിലാണ് ഉരു മുങ്ങിയത്. 50 ലക്ഷം രൂപ ഉരുവിന് വിലവരും. ഇന്‍ഷുര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ ഉരുവിന്റെ നഷ്ടം ഉടമയും ചരക്കുകളുടെ നഷ്ടം ദ്വീപിലെ ബന്ധപ്പെട്ട സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സഹിക്കേണ്ടിവരും.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ഉരു ആന്ത്രോത്ത്, അഗത്തി ദീപുകളിലേക്കുള്ള ചരക്കുകളുമായി ബേപ്പൂര്‍ തുറമുഖത്തുനിന്ന് പുറപ്പെട്ടത്. ബേപ്പൂരില്‍ നിന്ന് 45 നോട്ടിക്കല്‍ മൈല്‍ പിന്നിട്ടപ്പോള്‍ കടല്‍ പൊടുന്നനെ പ്രക്ഷുബ്ധമാവുന്നതാണ് കടലൂര്‍ സ്വദേശി ടിണ്ടല്‍ നാഗരാജ് കാണുന്നത്. അതിശക്തമായ കാറ്റും കോളും വന്ന് ഉരു ഉലയാന്‍ തുടങ്ങി. ഉരുവിന്റെ പാമരംവരെ തിരമാലകള്‍ ആഞ്ഞടിച്ചുകൊണ്ടിരുന്നു. അതോടെ ഉരുവിന്റെ നിയന്ത്രണം വിട്ടുകഴിഞ്ഞിരുന്നുവെന്ന് ടിണ്ടല്‍ നാഗരാജ് 'മാതൃഭൂമി'യോടു പറഞ്ഞു. തനിക്കും പരിഭ്രാന്തരായ 11 ജീവനക്കാര്‍ക്കും രണ്ടുമണിക്കൂറോളം ആടി ഉലയുകയും വെള്ളം കയറി കടലില്‍ താഴ്ന്നുകൊണ്ടിരിക്കുന്ന ഉരുവില്‍ കഴിയുകയല്ലാതെ ഗത്യന്തരമുണ്ടായിരുന്നില്ല. രാത്രി ഒമ്പതുമണിയോടടുത്തപ്പോഴാണ് കാറ്റും കോളും ശക്തിപ്പെട്ടത്. ബേപ്പൂര്‍ തുറമുഖത്തേക്കുതന്നെ തിരിച്ചുവിട്ടുകൊണ്ടിരുന്ന സമയത്തും ഉരു മുങ്ങിത്താഴ്ന്നുകൊണ്ടേയിരുന്നു. ഉരുവിലുണ്ടായിരുന്ന ആടുകളും പശുക്കളും കാളകളും വെപ്രാളം കാണിച്ചു തുടങ്ങിയോടെ ഒരുവേള ഉരു മറിയുമെന്ന നിലവന്നു. എന്‍ജിനിലും വെള്ളം കയറാന്‍ തുടങ്ങിയതോടെ തങ്ങള്‍ക്ക് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് തോന്നിയിട്ടും കടലല്ലാതെ മറ്റൊന്നും കണ്‍മുമ്പിലില്ലായിരുന്നു. കോസ്റ്റ്ഗാര്‍ഡ്, പോര്‍ട്ട് എന്നിവിടങ്ങളുമായി ബന്ധപ്പെടാനുള്ള ശ്രമവും പരാജയപ്പെട്ടു. കന്നുകാലികളോടൊപ്പം ഞങ്ങള്‍ 12 പേരും കടലില്‍ മുങ്ങിച്ചാവുമെന്ന നിലയിലെത്തി നില്‍ക്കെ 'മഴമാത' എന്ന കൊളച്ചല്‍ ബോട്ടുകാര്‍ എത്തുകയായിരുന്നു. അതിനിടെ കന്നുകാലികളോടൊപ്പം ഉരു പൂര്‍ണമായും മുങ്ങിത്താഴ്ന്നു. ദൈവ ദൂതരെപ്പോലെ പ്രത്യക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളാണ് ഉരുവിലുണ്ടായിരുന്നവരെ പിറ്റേന്ന് പുലര്‍ച്ചെ മുനമ്പം കരയിലെത്തിച്ചത്. അത്യന്തം അവശരായിരുന്നുവെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയതിലുള്ള ആശ്വാസത്തിലായിരുന്നു എല്ലാവരും. മുനമ്പത്ത് എത്തിയ തൊഴിലാളികളെ പിന്നീട് പോലീസ് സ്റ്റേഷനില്‍ നിന്ന് മോചിതരാക്കാന്‍ ബേപ്പൂരില്‍ നിന്ന് എത്തിയ ഉരുവിന്റെ ഏജന്റായ മാസ്റ്റേഴ്‌സ് ഏജന്‍സിയുടെ ഉടമ കെ. ശിവദാസാണ് സഹായിച്ചത്. അവശരായ ജീവനക്കാരെ മാനസിക പിരിമുറുക്കത്തിനിടയില്‍ പോലീസിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യല്‍ വല്ലാതെ വിഷമിപ്പിച്ചു. ബേപ്പൂരിലേക്ക് തിരിച്ചെത്താന്‍ പിന്നീട് ജാമ്യവ്യവസ്ഥയിലാണ് ജീവനക്കാര്‍ക്ക് കഴിഞ്ഞത്. കടലൂര്‍ സ്വദേശികളായ ടിണ്ടല്‍ പി.നാഗരാജിന് പുറമെ ജീവനക്കാരായ രമേശ്, മനോഹര്‍, മുനിചാമി, ബാബു, രാമനാഥന്‍ എന്നിവരും ഗുജറാത്ത് നിവാസികളായ സുലൈമാന്‍ ഇബ്രാഹിം, ജാഫര്‍ അജാസ് അഷ്‌റഫ്, ജാസിം ഉസ്മാന്‍, അജി ജുവനസ്, യൂനുസ് ഇബ്രാഹിം എന്നിവരാണ് രക്ഷപ്പെട്ട് ബേപ്പൂരില്‍ തിരിച്ചെത്തിയത്.
ബേപ്പൂര്‍ തുറമുഖത്തുനിന്ന് ഉരു ദ്വീപിലേക്ക് പുറപ്പെടുന്നതിന് മുമ്പായി ഐ.ബി.യുടെയും തുറമുഖാധികൃതരുടെയും ക്ലിയറന്‍സ് പൂര്‍ത്തിയാക്കിയിരുന്നു. ബേപ്പൂര്‍ തുറമുഖത്തുനിന്ന് നല്ല കാലാവസ്ഥയിലാണ് ഉരു പുറപ്പെട്ടത്.
ബേപ്പൂര്‍ തുറമുഖത്തെത്തിയ ഉരുവിലെ ടിണ്ടലിനെയും ജീവനക്കാരെയും പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ ഏബ്രഹാം വി. കുര്യാക്കോസിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തു. മൊഴികള്‍ രേഖപ്പെടുത്തി.
ഉരു മുങ്ങിയ സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ പ്രാഥമിക റിപ്പോര്‍ട്ട് ആലപ്പുഴ പോര്‍ട്ട് ഓഫീസര്‍ കെ.ആര്‍. വിനോദിന് അയച്ചതായി കോഴിക്കോട് പോര്‍ട്ട്ഓഫീസര്‍ പറഞ്ഞു. ഉരു ഇന്‍ഷുര്‍ ചെയ്തിട്ടില്ലാത്തതിനാലും മറ്റ് അട്ടിമറി സാധ്യത കാണാത്തതിനാലും പ്രതികൂല കാലാവസ്ഥ തന്നെയാണ് ഉരു മുങ്ങാന്‍ കാരണമെന്ന നിഗമനമാണ് അധികൃതര്‍ക്കുള്ളത്. ഉരുവിലെ ജീവനക്കാരുടെ രേഖകളും ഉരുവിന്റെ രജിസ്‌ട്രേഷന്‍ രേഖകളും അധികൃതര്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി.
കടലില്‍ ഇടയ്ക്കിടെ ഉണ്ടാവുന്ന ഉരുക്കളുടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്റ്റീല്‍ നിര്‍മിത ഉരുക്കളാണ് യാത്രയ്ക്ക് സുരക്ഷിതമെന്ന് കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രാലയത്തിന് ബോധ്യപ്പെട്ടതിനാല്‍ ഇതു സംബന്ധിച്ച് നിയമനിര്‍മാണം നടത്തുന്നതിന് മന്ത്രാലയം നടപടി സ്വീകരിച്ചു വരുന്നതായി സൂചനയുണ്ട്.
(രക്ഷാപ്രവര്‍ത്തനം നടത്തി ഉരുവിലുണ്ടായിരുന്നവരെ രക്ഷിച്ച മല്‍സ്യത്തൊഴിലാളികളില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോയാണിത്)
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment