Wednesday, 9 January 2013

[www.keralites.net] പാളിപ്പോയ ഭൂസമരം!!!

 

അഡ്വ. കെ.എൻ.എ ഖാദർ

കേരളത്തിൽ 2,33,232 ഭൂരഹിത കുടുംബങ്ങളുണ്ട്. യു.ഡി.എഫ് സർക്കാറിന്റെ ശ്രമഫലമായിട്ടാണ് ഇത്രയും കുടുംബങ്ങളെ കണ്ടെത്തിയത്. 2012 ആഗസ്റ്റ് 15നകം ഭൂരഹിത കുടുംബങ്ങളുടെ എണ്ണം നിർണയിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. കൃത്യമായും സമയ ബന്ധിതമായും അതു പൂർത്തിയാക്കുവാൻ റവന്യൂ വകുപ്പ് മന്ത്രി അടൂർ പ്രകാശിനു കഴിഞ്ഞു. ഇത്രയും കുടുംബങ്ങൾക്ക് ചുരുങ്ങിയത് മൂന്ന് സെന്റ് ഭൂമിവീതമെങ്കിലും നൽകുകയെന്നതാണ് സർക്കാറിന്റെ അടുത്ത ലക്ഷ്യം. 3500 ഏക്കർ സ്ഥലമെങ്കിലും അതിനായി ആവശ്യമാണ്. വില്ലേജ് തലം മുതലുള്ള റവന്യൂ ഉദ്യോഗസ്ഥന്മാരെ 14 ജില്ലകളിലും വിളിച്ചു കൂട്ടി നടത്തിയ അന്വേഷണത്തിൽ അത്രയും ഭൂമി വിതരണത്തിന് ലഭ്യമാണെന്ന് കണ്ടെത്തി കഴിഞ്ഞു.

2013 ആഗസ്റ്റ് 15ന് മുമ്പ് ഒരു ലക്ഷം ഭൂരഹിത കുടുംബങ്ങൾക്ക് മൂന്ന് സെന്റ് ഭൂമി വീതം നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിതരണം ചെയ്യപ്പെടുന്ന ഭൂമികളിലേക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കുവാനും സർക്കാർ ആലോചിക്കുന്നു. 2015 ആഗസ്റ്റിൽ ഭൂവിതരണം പൂർത്തിയാക്കാനായിരുന്നു ആദ്യ തീരുമാനം. അത് മാറ്റി ഈ വർഷം തന്നെ പദ്ധതി പകുതിയെങ്കിലും പൂർത്തിയാക്കുമെന്ന് സർക്കാർ തീരുമാനിച്ചതോടെ മാർക്‌സിസ്റ്റ് പാർട്ടിയാണ് ഞെട്ടിയത്.

കൊലപാതക രാഷ്ട്രീയത്തിന്റെ ഊരാകുടുക്കിൽ കിടന്ന് ശ്വാസം മുട്ടിയിരുന്ന പാർട്ടിക്ക് ഇത് കൂടി സഹിക്കുക പ്രയാസമായിരുന്നു. പാർട്ടിയിലെ ആഭ്യന്തര വഴക്കുകളും പാർട്ടി അനുഭവിക്കുന്ന ഇതര പ്രതിസന്ധികളും മറികടക്കുവാനും അവർക്കൊരു മാർഗം കണ്ടെത്തേണ്ടതുണ്ടായിരുന്നു. അതോടെ യു.ഡി.എഫ്. സർക്കാറിന്റെ ഭൂ വിതരണ പദ്ധതിയെ തകർക്കാൻ അവർ തീരുമാനിച്ചു. അതിനായിട്ടാണ് ഭൂ സമര പ്രഹസനം ആരംഭിച്ചത്. അനേകം ദിവസങ്ങളായി സംസ്ഥാനത്താകെ ഈ സമരത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു. വൻ തോതിലുള്ള ഒരുക്കങ്ങൾ ചെയ്തു. പക്ഷേ പൊതു ജനം തിരിഞ്ഞു നോക്കിയില്ല. കൃഷിക്കാരും കർഷക തൊഴിലാളികളും ഭൂരഹിതരും സമരത്തിൽ താൽപര്യം കാണിച്ചില്ല. വഴിപാടു പോലെ നടന്നു വരുന്ന സമരത്തിൽ പാർട്ടിയുടെ വേതനം പറ്റുന്ന മുഴുവൻ സമയ പ്രവർത്തകരെയാണ് അണി നിരത്തിയത്.

സമര ഭൂമികളായിതിരഞ്ഞെടുത്ത സ്ഥലങ്ങളാകട്ടെ കഴിഞ്ഞ ഇടതു മുന്നണി ഭരണകാലത്ത് സ്വകാര്യ കമ്പനികൾക്ക് തീറെഴുതിയതും. അച്യുതാനന്ദൻ ഭരണകാലത്ത് ഭൂരഹിതരുടെ എണ്ണംതിട്ടപ്പെടുത്തുവാൻ പോലും ശ്രമം നടന്നില്ല. അത്തരക്കാർക്ക് വിതരണം ചെയ്യാൻ ഭൂമി ലഭ്യമാണോ എന്ന് അന്വേഷിച്ചതുമില്ല. നെൽവയലുകളും തണ്ണീർതടങ്ങളും സർക്കാറിന്റെ കൈവശമുള്ള കണ്ണായ ഭൂ സ്വത്തുകളെല്ലാം സ്വകാര്യ മുതലാളിമാർക്ക് കൈ മാറുന്ന പ്രക്രിയയാണ് ഇടതു മുന്നണി ഭരണ കാലത്ത് നടന്നത്. ഈ കൂട്ടുകച്ചവടത്തിന്റെ നടത്തിപ്പുകാരും ഇടത്തട്ടുകാരുമായി നിന്നത് പാർട്ടി നേതാക്കളും മന്ത്രിമാരുമായിരുന്നു. കോടികൾ അതുവഴി അവർ തട്ടിയെടുത്തു. ഭൂരഹിതരായ ഒരുത്തർക്കും ഒരുതുണ്ട് ഭൂമി നൽകാൻ അവർക്കു കഴിഞ്ഞില്ല. അതിന് തുനിഞ്ഞതുമില്ല. അച്യുതാനന്ദൻ കണ്ടെത്തിയ ഒരേ ഒരാൾ അദ്ദേഹത്തിന്റെ ബന്ധുവായ ടി.കെ. സോമൻ മാത്രമാണ്.

ഇടതു മുന്നണി ഭരണം കേരളത്തിലുണ്ടായിരുന്ന ഒരു കാലത്തും പാവപ്പെട്ടവർക്കു വേണ്ടി അധര സേവയിൽ കവിഞ്ഞൊന്നും നടന്നിട്ടില്ല. മാർക്‌സിസ്റ്റ് പാർട്ടി പ്രതി പക്ഷത്താവുമ്പോൾ നടത്തുന്ന വാചകമടിയും പ്രക്ഷോഭങ്ങളും യുഡിഎഫ് ഏറ്റെടുത്ത് നടപ്പിലാക്കുന്ന പദ്ധതികളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇപ്പോൾ അവർ നടത്തി വരുന്ന ഭൂസമരത്തെ സിപിഐ ഉൾപ്പടെയുള്ള ഘടക കക്ഷികൾ വരെ തള്ളിപ്പറഞ്ഞു. ജനപിന്തുണ നേടുവാനോ ശ്രദ്ധ ആകർഷിക്കാനോ കഴിഞ്ഞില്ല.

പാർട്ടി പ്രവർത്തകരും അനുഭാവികളും സമരത്തെ കണ്ടില്ലെന്നു നടിച്ചു. ദേശാഭിമാനി ഒഴികെ ഒരു വാർത്താ മാധ്യമങ്ങളും സമരം കാര്യമാക്കിയില്ല. പ്രഹര ശേഷി നഷ്ടപ്പെട്ടു പോയ പാർട്ടിയാണ് സി.പി.ഐ.(എം) എന്ന് വീണ്ടും തെളിയിക്കപ്പെട്ടു. മാർക്‌സിസ്റ്റ് പാർട്ടി സംസ്ഥാന തലത്തിൽ തന്നെ വമ്പിച്ച ഒരുക്കങ്ങൾ നടത്തി ആരംഭിച്ച ഈ സമരം പാളിപ്പോയത് പാർട്ടിക്കകത്തു തന്നെ പ്രശ്‌നങ്ങൾ ഉണ്ടാക്കും. സംസ്ഥാനത്തു പ്രവർത്തിക്കുന്ന പാർട്ടിയുടെ എല്ലാ ഘടകങ്ങളെയും സജീവമാക്കി മുഴുവൻ പ്രവർത്തകരെയും കർമ രംഗത്തിറക്കി ഒരു വൻ പ്രക്ഷോഭം അനിശ്ചിത കാലത്തേക്ക് ആരംഭിക്കുകയെന്ന പാർട്ടിയുടെ ലക്ഷ്യം ചീറ്റിപ്പോയിരിക്കുന്നു.

പരിമിതമായ പാർട്ടി പ്രവർത്തകരുടെ മാത്രം ഒരാവശ്യമായി ഏതു സമരവും മാറുകയാണ്. ബഹു ജനങ്ങളുടെ ഭാഗത്തു നിന്ന് യാതൊരു പിന്തുണയും ഈ സമരത്തിനില്ല. പാർട്ടിയുടെ ക്ഷീണം ഒന്നു കൂടി വെളിച്ചത്തു കൊണ്ടുവരാൻ മാത്രമേ സമരം സഹായകരമാവുകയുള്ളു. മാർകിസ്റ്റ് പാർട്ടിക്ക് നേതൃത്വമോ പങ്കാളിത്തമോ ഇല്ലാത്ത ഏതു മന്ത്രി സഭ നല്ല കാര്യങ്ങൾ ചെയ്താലും അതിനെ അട്ടിമറിക്കുന്ന പണിയാണ് പണ്ടുമുതലേ പാർട്ടി ചെയ്തു വരുന്നത്. 1970 ജനുവരി ഒന്നാം തീയതി കേരളത്തിൽ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമം ഒരു ചരിത്രത്തിന്റെ സൃഷ്ടിയായിരുന്നു. നൂറ്റാണ്ടുകളായി കേരളത്തിലെ കൃഷിക്കാർ നടത്തി വന്ന പ്രക്ഷോഭങ്ങളുടെ വിജയമായിരുന്നു. ജന്മിത്വം പൂർണമായി അവസാനിപ്പിച്ച ആ നിയമം നടപ്പിലാക്കിയ മന്ത്രി സഭയിൽ മാർക്‌സിസ്റ്റ് പാർട്ടി ഉണ്ടായിരുന്നില്ല. 35 ലക്ഷം കൂടികിടപ്പുകാർ അന്നു മുതൽ സ്വന്തം ഭൂമിയുടെ ഉടമസ്ഥരായി.

ലാന്റ് ട്രിബ്യൂണലുകൾ വഴി സകല കൈവശക്കാർക്കും പട്ടയം നൽകി. എത്ര ഏക്കർ ഭൂമിയുടെ ഉടമസ്ഥരാണെങ്കിലും 15 ഏക്കർ ഭൂമിയിൽ കൂടുതൽ കൈവശം വെക്കുവാൻ ഒരു കൂടുംബത്തിനും അനുവാദമില്ലാതായി. പരിധിക്കപ്പുറമുള്ള ഭൂമി സർക്കാറിലേക്കു നൽകേണ്ടതായിവന്നു. മിച്ച ഭൂമികൾ പിടിച്ചെടുക്കാൻ നിയമപരമായി ലാന്റ് ബോർഡുകൾ താലൂക്കുകൾ തോറും സ്ഥാപിച്ചു. ഇത്ര മഹത്തായ ഒരു വിപ്ലവം നിശബ്ദമായി ഒരു സർക്കാറും അതിനു മുമ്പ് നടപ്പിലാക്കിയിരുന്നില്ല. പ്രക്ഷോഭമോ സമരങ്ങളോ രക്തച്ചൊരിച്ചിലോ കൂടാതെ നടന്ന ഒരു വിപ്ലവമായി സകലരും ആ നിയമത്തെ വാഴ്ത്തി. കേരളം ഇന്ത്യക്ക് മാതൃകയായി.

കേരളത്തിലെ കർഷകരുടെയും സാധാരണക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് ആ നിയമം ഇടയാക്കി. ജന്മിത്വം അവസാനിപ്പിച്ച ആ നിയമ പരിഷ്‌കാരങ്ങളെ എതിർത്ത ഏക രാഷ്ട്രീയ കക്ഷി അന്നും മാർക് സിസ്റ്റ് പാർട്ടിയായിരുന്നു. ആ പാർട്ടി അന്നും ഇന്നും പറഞ്ഞു നടന്ന രാഷ്ട്രീയ നിലപാടുകൾ സത്യസന്ധമാണെങ്കിൽ ഭൂപരിഷ്‌കരണ നിയമത്തെ ശക്തമായി പിന്തുണക്കാൻ അവർക്ക് ബാധ്യതയുണ്ടായിരുന്നു. സംഭവിച്ചത് നേരെ മറിച്ചാണ്. അന്നത്തെ മുഖ്യമന്ത്രി അച്യുതമേനോനും ഐക്യ മുന്നണിക്കുമെതിരെ അവർ സർവ്വ ശക്തിയും സമാഹരിച്ചു പ്രക്ഷോഭത്തിനിറങ്ങി. 'ചേലാട്ടച്ചുതമേനോനെ ചേലില്ലാത്തത് കാട്ടല്ലേ ! ഇതു പോലൊരു നാറിയ ഭരണം കേരള മക്കൾ കണ്ടിട്ടില്ല.' എന്ന മുദ്രാവാക്യം സംസ്ഥാനത്തിന്റെ തെരുവീഥികളെ പ്രകമ്പനം കൊള്ളിച്ചു. മാർക്‌സിസ്റ്റ് പാർട്ടിക്ക് താൽപര്യമില്ലാത്ത എല്ലാവരുടെ ഭൂമിയിലും അവർ കൊടി നാട്ടി. മിച്ച ഭൂമി പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു. എവിടെയാണ് ഏതാണ് മിച്ച ഭൂമിയെന്നൊന്നും അവർ അന്നും നോക്കിയിരുന്നില്ല.

എല്ലാ ദിവസവും രാവിലെ ജാഥകളായി ഏതെങ്കിലും ഭൂമിയിലേക്കു മാർച്ചു ചെയ്യും. പിന്നീടവിടെ ചെങ്കൊടി നാട്ടും. പൊലീസ് അറസ്റ്റ് ചെയ്തു വിട്ടയക്കും. ഈ രീതിയിലുള്ള സമരം രണ്ടു മാസവും 21 ദിവസവും തുടർച്ചയായി നടത്തി. സമരത്തിന്റെ ശക്തി ദിനേനെ ക്ഷയിച്ചു വന്നു. പങ്കെടുക്കുന്നവരുടെ എണ്ണം കുറഞ്ഞു കൊണ്ടേയിരുന്നു. 81 ദിവസങ്ങൾക്കു ശേഷം സമരം ഉപേക്ഷിച്ചു. സ്വയം അവർ തടിയൂരി. ദേശാഭിമാനി പത്രം എല്ലാ ദിവസവും പിടിച്ചെടുത്ത ഭൂമിയുടെ വിസ്തീർണ്ണവും കണക്കും, പ്രസിദ്ധീകരിച്ചു. സമരം അവസാനിക്കുന്ന ഘട്ടത്തിൽ ആ പത്രത്തിൽ വന്ന കണക്കു പ്രകാരം ആകെ കേരളത്തിന്റെ വിസ്തീർണത്തേക്കാൾ ഭൂമി അവർ പിടിച്ചെടുത്തിരുന്നു.

1970കളിൽ ഭൂസമരത്തോടൊപ്പം കേരളത്തിലെ മുഴുവൻ ജീവനക്കാരെയും രംഗത്തിറക്കി അധ്യാപകരുടെയും എൻജിഒ മാരുടെയും സമരവും അവർ നടത്തി. അന്നത്തെ സർക്കാർ അതിനെ നിശബ്ദമായി നേരിട്ടു. അവരുടെ ആവശ്യങ്ങൾക്ക് വഴങ്ങികൊടുത്തതേയില്ല. സമര സഖാക്കൾ തങ്ങളുടെ ആവനാഴിയിലെ സകല ആയുധങ്ങളും പ്രയോഗിച്ചു നോക്കി. സർക്കാർ ആ സമരത്തെ പൂർണമായി അവഗണിച്ചു. നാട്ടുകാർ പല സ്ഥലത്തും സമരക്കാരെ നേരിട്ടു.

സുഖമായി ജീവിക്കുവാൻ സാധിച്ചിരുന്ന ഏക വിഭാഗം അന്നും സർക്കാർ ജീവനക്കാരായിരുന്നു. അവരാണ് പട്ടിണിക്കാരായ സാധാരണക്കാർക്കിടയിലൂടെ കൂടുതൽ സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടി സമരവുമായി മുന്നേറിയത്. സമരം പരാജയപ്പെടുക തന്നെ ചെയ്തു. അന്നത്തെ ശ്രമത്തിന്റെ ഫലമായി ഇത്രയേറെ ഭൂമി പിടിച്ചെടുത്തു കഴിഞ്ഞിരുന്നുവെങ്കിൽ ഇപ്പോൾ ഏതു ഭൂമി പിടിക്കാനാണീ സമരം. തികച്ചും രാഷ്ട്രീയ പ്രേരിത സമരമാണിപ്പോഴും നടക്കുന്നത്. ജനവിരുദ്ധ സമരങ്ങൾ ഉപേക്ഷിക്കുന്ന നിലപാടിലേക്ക് പാർട്ടി ഇപ്പോഴും എത്തിച്ചേർന്നിട്ടില്ല. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി പാർട്ടി പ്രവർത്തകരെ ബലിയാടുകളാക്കുകയാണ് അവർ ചെയ്യുന്നത്. ആത്മാർത്ഥത തൊട്ടുതീണ്ടിയിട്ടില്ലാത്ത സമരമാണിത്. ഇതിന് നേതൃത്വം നൽകുന്നവർക്കും പങ്കെടുക്കുന്നവർക്കും ഈ സമരം ഒരു കാപട്യമാണെന്ന് വ്യക്തമായും അറിയാം.

അക്കാര്യം നേരത്തെ തിരിച്ചറിഞ്ഞതു കൊണ്ടാണ് പൊതു ജനം തിരിഞ്ഞു നോക്കാത്തത്. സമരത്തിന്റെ ലക്ഷ്യം പോലും കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ല. യുഡിഎഫ് സർക്കാറിന്റെ ഭൂവിതരണ നടപടി തടസപ്പെടുത്തുന്നതോടൊപ്പം അച്യുതാനന്ദനെ ഒരു പാഠം പഠിപ്പിക്കുക എന്നതും മാർക്‌സിസ്റ്റ് പാർട്ടിയുടെ രഹസ്യ അജണ്ടയാണ്. തങ്ങളുടെ സമര ഫലമായിട്ടാണ് ഉമ്മൻ ചാണ്ടി സർക്കാർ ഭൂരഹിതർക്ക് ഭൂമി നൽകാൻ തീരുമാനിച്ചതെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനെങ്കിലും സാധിച്ചാൽ അത്രയുമായെന്ന് സഖാക്കൾ കരുതുന്നു.

തങ്ങളുടെ ശരിയായ മുഖം പുറത്തു കാണിക്കാനാവാത്തതിനാൽ മുഖംമൂടിയുമായി ജീവിക്കുന്ന പാർട്ടിയാണ് സിപിഐഎം. പരമാവധി ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞാൽ അതാണ് വിജയമെന്ന് അവർ കണക്ക് കൂട്ടുന്നു. ജനങ്ങൾക്ക് വിവരമുണ്ടാകുന്നതിനെ അവർ ഭയപ്പെടുന്നു. ഡൽഹിയിലെ പെൺകുട്ടിയെ അക്രമിച്ചവർക്ക് ജീവപര്യന്തമോ വധശിക്ഷയോ നൽകണമെന്നവർ വാദിക്കുന്നു. ടി.പി. ചന്ദ്രശേഖരനെയും ഷുക്കൂറിനെയു ജയകൃഷ്ണനെയുമൊക്കെ കിരാതമായി വധിച്ച പാർട്ടി സഖാക്കൾക്കെതിരെ ചാർജ് ചെയ്തത് കള്ളക്കേസാണെന്ന് പ്രചരിപ്പിക്കാൻ അവർക്ക് യാതൊരു മടിയും ഇല്ലതാനും. സമരത്തിനു വേണ്ടി നടത്തുന്ന സമരം പാർട്ടിയുടെ അതിജീവനത്തിനു വേണ്ടിയുള്ളതാണ്.

പണ്ടൊരിക്കൽ ഒരു മിഷിണറി സ്‌കൂളിലെ അധ്യാപകൻ കുട്ടികളോട് ഓരോ ആഴ്ചയും ഓരോ സേവനമെങ്കിലും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് ചെയ്തു കൊടുക്കുവാൻ ഉപദേശിച്ചു. ഒരാഴ്ചക്കു ശേഷം ഉപേദശമനുസരിച്ച് പ്രവർത്തിച്ച നല്ല കുട്ടികളോട് അദ്ദേഹം എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടു. മൂന്ന് കുട്ടികൾ എണീറ്റുനിന്നു. ഒന്നാമത്തെ കുട്ടി പറഞ്ഞു സർ, ഞാൻ ഒരു പടു വൃദ്ധയെ റോഡുമുറിച്ചു കടക്കാൻ സഹായിച്ചു. രണ്ടാമനും, മൂന്നാമനും അതു തന്നെ പറഞ്ഞു. അധ്യാപകൻ അത്ഭുതപ്പെട്ടു.

മൂന്നുപേർക്കും ഓരോ ജംഗ്ഷനിൽ വെച്ച് ഓരോ വൃദ്ധയെ കിട്ടുക. അവരെ തിരക്കേറിയ ജംഗ്ഷനിൽ നിന്നും റോഡ് മുറിച്ചു കടക്കുവാൻ സഹായിക്കുക. ഇത് എങ്ങനെ നടന്നുവെന്നറിയാൻ ശ്രമിച്ച അധ്യാപകനോട് കുട്ടികൾ പറഞ്ഞു സർ ഞങ്ങൾ മൂന്നു പേരും ഒരേ വൃദ്ധയെ ഒരേ സ്ഥലത്തു വെച്ചാണ് സഹായിച്ചത്. അതിന് മൂന്നു പേരുടെ ആവശ്യമുണ്ടായിരുന്നോ എന്ന് അന്വേഷിച്ച അധ്യാപകനോടവർ പറഞ്ഞു. സർ വാസ്തവത്തിൽ ആ വൃദ്ധക്ക് റോഡ് മുറിച്ചു കടക്കേണ്ടുന്ന ആവശ്യം ഉണ്ടായിരുന്നില്ല.

ആകയാൽ അവർ അതിനു സമ്മതിച്ചില്ല. അവർ കൂട്ടാക്കത്തതിനാൽ ഞങ്ങൾ വളരെ പാടുപെട്ട് ബലം പ്രയോഗിച്ചാണ് അവരെ റോഡിന്റെ മറുകരയിൽ എത്തിച്ചത്.

സേവനത്തിന് വേണ്ടി സേവനം ചെയ്ത ഈ കുട്ടികളെപ്പോലെയാണ് സി.പി.എം. സമരം പാർട്ടിയുടെ രാഷ്ട്രീയ ആവശ്യമാണ്. ഗുണഭോക്താക്കളുടെയല്ല.

Courtesy: Chandrika

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment