* വിദഗ്ധ ഡോക്ടര്‍മാരും രംഗത്ത്
* മാറ്റിയത് മുഖ്യമന്ത്രിയുടെ തന്ത്രം
* രാഷ്ട്രീയകാരണമില്ലെന്ന് കേന്ദ്രമന്ത്രിമാര്‍
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ മരണത്തോട് മല്ലടിക്കവേ ചികിത്സയ്ക്കായി വിദേശത്തു കൊണ്ടുപോയതിനെച്ചൊല്ലി വിവാദം മുറുകുന്നു. ഡല്‍ഹിയിലും പുറത്തുമായി പടര്‍ന്ന പ്രതിഷേധങ്ങളും സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയ രാഷ്ട്രീയ സമ്മര്‍ദവും മറികടക്കാന്‍ യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയെന്നാണ് അഭ്യൂഹങ്ങള്‍. മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ തലയിലുദിച്ച തന്ത്രമാണ് സിംഗപ്പൂരിലേക്ക് കൊണ്ടുപോവാനുള്ള തീരുമാനമെന്നും വാര്‍ത്തകള്‍ പുറത്തുവന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംശയത്തിന്റെ നിഴലിലായ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച വിശദീകരണവുമായി കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തി. യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയതില്‍ വൈദ്യശാസ്ത്രപരമായ ലക്ഷ്യം മാത്രമേയുള്ളൂവെന്നും രാഷ്ട്രീയകാരണങ്ങളില്ലെന്നും വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഡോക്ടര്‍മാരുമായുള്ള വിശദമായ കൂടിയാലോചനകള്‍ക്കുശേഷമാണ് സിംഗപ്പൂരിലേക്കയച്ചതെന്നും രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നും ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും വ്യക്തമാക്കി. മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഞായറാഴ്ച സുശീല്‍കുമാര്‍ ഷിന്‍ഡെയുമായി ചര്‍ച്ച നടത്തിയിരുന്നു. അടുത്ത ദിവസം രാത്രി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ യുവതിയെ വിദേശത്തേക്കു കൊണ്ടുപോവാനുള്ള ആശയം മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. പ്രമുഖ ഹൃദ്രോഗവിദഗ്ധനും മെദാന്ത സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി ചെയര്‍മാനുമായ ഡോ. നരേഷ് ട്രെഹാന്റെ വിദഗ്ധാഭിപ്രായവും മുഖ്യമന്ത്രി തേടി. യുവതിയുടെ നിലവിലുള്ള ആരോഗ്യസ്ഥിതി വിലയിരുത്തി, സിംഗപ്പൂരിനപ്പുറം കൊണ്ടുപോകാനാവില്ലെന്ന് ഉപദേശം നല്‍കി. തുടര്‍ന്നാണ് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രി തിരഞ്ഞെടുത്തത്. മാധ്യമങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ വിവരം നേരത്തേ അറിയാന്‍ പഴുതുകൊടുക്കാതെ നാടകീയരംഗങ്ങളോടെ യുവതിയെ വിദേശത്തേക്കയച്ചു. ഡോക്ടര്‍മാരുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കിടെ യുവതിയുടെ പിതാവിനെയും വിളിച്ചു വരുത്തി. പോലീസിലെ ഉന്നതരുടെ യോഗം വിളിച്ചുചേര്‍ത്ത് സുരക്ഷ ക്രമീകരിച്ചു. ഡ്യൂട്ടിയിലുള്ള പോലീസുകാരോട് സാധാരണവേഷത്തില്‍ ആസ്പത്രിയിലെത്താന്‍ നിര്‍ദ്ദേശിച്ചു. മെദാന്ത ആസ്പത്രിയിലെ ഡോക്ടര്‍മാരുടെയും അത്യാധുനിക ഉപകരണങ്ങളുടെയും സഹായം ഉപയോഗപ്പെടുത്തി. ക്ലബ് വണ്‍ എയര്‍ ആംബുലന്‍സ് സജ്ജമാക്കിയത് മേദാന്തയുടെ സഹായത്തോടെയാണ്. സി.ആര്‍.ജെ-100 എന്ന പേരിലുള്ള രണ്ട് എന്‍ജിനുകളുള്ള എയര്‍ ആംബുലന്‍സ് ക്ലബ് വണ്‍ ഏര്‍പ്പെടുത്തി. 16 സീറ്റുള്ള വിമാനം 12 സീറ്റുള്ളതാക്കി പുനഃക്രമീകരിച്ചു. രാത്രി പത്തരയ്ക്ക് യുവതിയെ ഐ.സി.യു. സൗകര്യമുള്ള ആംബുലന്‍സില്‍ കയറ്റി. ഇതിന് ആറുമണിക്കൂര്‍ മുമ്പ് ആഭ്യന്തരമന്ത്രാലയം ജോ. സെക്രട്ടറി കെ.കെ.പഥക് സ്ഥലത്തെത്തി ക്ലബ് വണ്ണുമായി കരാര്‍ ഒപ്പിടുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. മ്യാന്‍മര്‍, തായ്‌ലന്‍ഡ്, മലേഷ്യ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സിംഗപ്പൂരിലെത്തിയ എയര്‍ ആംബുലന്‍സിന് 60-70 ലക്ഷം രൂപ ചെലവ് വരുമെന്നാണ് വിലയിരുത്തല്‍. ആദ്യം ഒരു ആംബുലന്‍സ് അടിയന്തരമായി ഓടിച്ചു കൊണ്ടുപോയി മാധ്യമങ്ങളുടെയെല്ലാം ശ്രദ്ധ തിരിച്ചായിരുന്നു പോലീസിന്റെ തന്ത്രം. പിന്നീടാണ് യുവതിയെ ആംബുലന്‍സിലാക്കി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇങ്ങനെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിച്ചുവിട്ട് വിജയകരമായി യുവതിയെ സിംഗപ്പൂരിലെത്തിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഈ നീക്കമാണ് ഇപ്പോള്‍ വിവാദമായിട്ടുള്ളത്. വിദേശ ചികിത്സയ്ക്കു പിന്നില്‍ രാഷ്ട്രീയകാരണങ്ങളില്ലെന്ന് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ യുവതിക്ക് ചികിത്സ ലഭ്യമാക്കുന്ന കാര്യം ഡോക്ടര്‍മാര്‍ ആലോചിച്ചിട്ടുണ്ടാവുമെന്ന് ഉറപ്പാണ്. എന്നാല്‍, യാത്രാദൈര്‍ഘ്യം കണക്കാക്കിയാണ് സിംഗപ്പൂരിലേക്കയയ്ക്കാന്‍ തീരുമാനിച്ചതെന്നും ഖുര്‍ഷിദ് വിശദീകരിച്ചു. പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ മന്ത്രാലയം സഹായിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതിയുടെ നിശ്ചയദാര്‍ഢ്യവും മനഃശക്തിയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. യുവതിയെ വിദേശത്തേക്കയച്ചത് സംബന്ധിച്ച ആരോപണങ്ങളെല്ലാം ആഭ്യന്തരമന്ത്രി തള്ളിക്കളഞ്ഞു. രാഷ്ട്രീയകാരണങ്ങളാലല്ല യുവതിയെ ചികിത്സയ്ക്കായാണ് സിംഗപ്പൂരിലേക്കയച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയതില്‍ യാതൊരു യുക്തിയുമില്ലെന്ന് ഒരു വിഭാഗം വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ഹൃദയാഘാതമുണ്ടായ ഒരു രോഗിയെ സിംഗപ്പൂരിലേക്ക് മാറ്റിയതിന്റെ യുക്തി മനസ്സിലാവുന്നില്ലെന്ന് സര്‍ ഗംഗാ റാം ആസ്പത്രിയിലെ അവയവമാറ്റ ശസ്ത്രക്രിയാവിദഗ്ധനും വകുപ്പുമേധാവിയുമായ ഡോ. സമിറാന്‍ നന്ദി പറഞ്ഞു. ഇപ്പോഴുള്ള ഗുരുതരാവസ്ഥ മറികടക്കാന്‍ യുവതിയെ ഇവിടെത്തന്നെ ചികിത്സിക്കണമായിരുന്നു. ആഭ്യന്തരാവയവയങ്ങള്‍ ഇവിടെത്തന്നെ മാറ്റിവെക്കണമായിരുന്നു. ഇപ്പോള്‍ ഇത്തരമൊരു ശസ്ത്രക്രിയയെക്കുറിച്ചു തന്നെ ചിന്തിക്കാനാവില്ല. ആദ്യം പെണ്‍കുട്ടിയുടെ ശരീരത്തിലെ അണുബാധ തടയുകയാണ് വേണ്ടിയിരുന്നത്. തുടര്‍ന്നുമാത്രമേ ശസ്ത്രക്രിയയെക്കുറിച്ചു ചിന്തിക്കാനാവൂവെന്നും ഡോ. നന്ദി അഭിപ്രായപ്പെട്ടു. തന്റെ നിരീക്ഷണത്തിലായിരുന്നുവെങ്കില്‍ യുവതിയെ വിദേശത്തേക്ക് കൊണ്ടുപോവാന്‍ വൈദ്യോപദേശം നല്‍കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ യുക്തിയുടെ ഭാഗമായിട്ടായിരിക്കണം പെണ്‍കുട്ടിയെ വിദേശത്തേക്ക് അയച്ചതെന്ന് എയിംസിലെ ഒരു പ്രമുഖ ഡോക്ടറും പ്രതികരിച്ചു. അണുബാധയുള്ള ഒരു രോഗിയെ മറ്റൊരിടത്തേക്ക് മാറ്റേണ്ടിയിരുന്നില്ല. ഹൃദയാഘാതമുണ്ടായി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയെ മാറ്റിയതിനെക്കുറിച്ച് ചിന്തിക്കാനാവുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിംഗപ്പൂരില്‍ യുവതിയുടെ ആരോഗ്യനില കൂടുതല്‍ ഗുരുതരമായെന്ന വാര്‍ത്തകളും പുറത്തു വന്നതോടെ വിദേശചികിത്സാവിവാദം സര്‍ക്കാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയേക്കും.
No comments:
Post a Comment