ഈ മരണം വെറുതെയാകരുത്
ഓടുന്ന ബസിൽ ആറ് നരാധമന്മാരുടെ സകല ക്രൂരതകൾക്കും ഇരയായ ജ്യോതി എന്ന ഇരുപത്തിമൂന്നുകാരിയെ ഒടുവിൽ മരണം ദയാപൂർവം കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇത്തരമൊരു അവസ്ഥയിൽ ആരും ആഗ്രഹിച്ചുപോകുന്ന ഒരു അന്ത്യമാണത്. ക്ഷതമേൽക്കാൻ ദേഹത്ത് സൂചികുത്താനിടമില്ലാത്തവിധം പിച്ചിച്ചീന്തപ്പെട്ടിരുന്ന ആ പാവം പെൺകുട്ടി ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷ ആർക്കും തന്നെ ഇല്ലായിരുന്നു എന്നതാണ് സത്യം. സംഭവത്തെച്ചൊല്ലി ഡൽഹിയിലും രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും ആകസ്മികമായി പൊട്ടിപ്പുറപ്പെട്ട ജനരോഷത്തിനുമുമ്പിൽ പകച്ചുപോയ ഭരണാധികാരികൾ കണ്ടുപിടിച്ച ഒരു സൂത്രവിദ്യയായിരുന്നു പെൺകുട്ടിയെ സിംഗപ്പൂരിലെ ആശുപത്രിയിലേക്ക് നാടുകടത്താൻ കൈക്കൊണ്ട വിവാദ തീരുമാനം. ചികിത്സാമുറകളോട് പ്രതികരിക്കാനാവാത്തവിധം ആന്തരികാവയവങ്ങളുടെ പ്രവർത്തനം ഏതാണ്ട് പൂർണമായും നിലച്ച ഒരുഘട്ടത്തിൽ പെൺകുട്ടിയെ അടിയന്തരമായി സിംഗപ്പൂർ ആശുപത്രിയിലേക്ക് മാറ്റിയത് തീർച്ചയായും ഡോക്ടർമാരുടെ അഭിപ്രായമനുസരിച്ചാകാനിടയില്ല. അത് ഇത്തരം സന്ദർഭങ്ങളിൽ വിവേകശൂന്യമായ തീരുമാനമേ എടുക്കൂ എന്ന വാശിയുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ അല്പബുദ്ധിയിൽ ഉദിച്ചതാകാനേ തരമുള്ളൂ. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽവച്ച് മരണമുണ്ടായാൽ അത് നേരിടാൻ വിഷമമായിരിക്കുമെന്ന കണക്കുകൂട്ടലിലായിരിക്കണം മൃതപ്രായയായ നിലയിലും പെൺകുട്ടിയെ അങ്ങോട്ട് കൊണ്ടുപോയത്. അബോധാവസ്ഥയിലാണെങ്കിലും ഈ പീഡനം കൂടി ഏറ്റുവാങ്ങാൻ ആ പാവം പെൺകുട്ടിയുടെ ജാതകത്തിൽ എഴുതിയിട്ടുണ്ടാകണം.
ജ്യോതിക്ക് നേരിട്ട രാക്ഷസീയമായ ദുർവിധിയിൽ മനസുതേങ്ങാത്തവരായി ആരുമുണ്ടാകില്ല. രാജ്യത്തുടനീളം സ്ത്രീകൾ ഇന്ന് നേരിടുന്ന കടുത്ത അരക്ഷിതത്വത്തിലേക്കും ഭരണകൂട നിഷ്ക്രിയതയിലേക്കും വിരൽചൂണ്ടുന്നതായി ഇതുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന ജനകീയ മുന്നേറ്റം. സ്ത്രീകളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്നവർക്കെതിരെ നിലവിലുള്ള ശിക്ഷാവ്യവസ്ഥകൾ പോരെന്നും മാനഭംഗക്കേസുകൾക്ക് പരമാവധി ശിക്ഷയായ കൊലക്കയർ തന്നെ വേണമെന്നും അഭിപ്രായം ഉയർന്നുകഴിഞ്ഞു. സ്ത്രീപീഡനക്കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതിയും ഏറ്റവും ചുരുങ്ങിയ കാലമെടുത്ത് വിചാരണ പൂർത്തിയാക്കാൻ നടപടിയും വേണമെന്ന് പരക്കെ അഭിപ്രായം ഉയർന്നിട്ടുണ്ട്. ഡൽഹിയിലെ കൂട്ടമാനഭംഗ സംഭവത്തിൽ അണപൊട്ടിയൊഴുകിയ ജനവികാരത്തിന്റെ തീക്ഷ്ണതയും ആഴവും കേന്ദ്ര - സംസ്ഥാന സർക്കാരുകളും മനസിലാക്കിയിട്ടുണ്ടെന്ന് വേണം കരുതാൻ. ജ്യോതിയുടെ മരണം വെറുതെയാകില്ലെന്ന് ഉറപ്പുവരുത്താനുള്ള വലിയ ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ സന്ദേശം ഇതിന് തെളിവാണ്. സ്ത്രീപീഡന കേസുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ അടിമുടി പരിഷ്കരിക്കേണ്ടതുണ്ട്. ഇതിനകംതന്നെ രണ്ട് സമിതികളെ കേന്ദ്രം നിയമിച്ചുകഴിഞ്ഞു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള കടലാസ് സമിതികളാകാതെ സമൂഹത്തിന് ഭാവിയിൽ പ്രയോജനപ്പെടുന്ന നിർദ്ദേശങ്ങളും ശുപാർശകളുമാണ് സമിതിയിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. നിയമം എത്രതന്നെ കർക്കശമാക്കിയാലും സമൂഹത്തിൽ ദുഷ്ടന്മാർ ധാരാളമുള്ളതിനാൽ നിയമലംഘനങ്ങൾക്ക് കുറവൊന്നുമുണ്ടാകില്ല. എന്നാൽ നിയമം നടപ്പാക്കാൻ ചുമതലപ്പെട്ടവർ ആത്മാർത്ഥമായി വിചാരിച്ചാൽ വലിയൊരളവിൽ അതിക്രമങ്ങൾ തടയാൻ കഴിയും.
ഡൽഹി രാജ്യത്തിന്റെ തലസ്ഥാനമെന്നതുപോലെ തന്നെ എല്ലാവിധ കുറ്റകൃത്യങ്ങളുടെയും തലസ്ഥാനവും കൂടിയാണ്. ഇങ്ങനെയൊരു അവസ്ഥയ്ക്കു കാരണം കുറ്റവാളികൾക്ക് സ്വതന്ത്രമായി വിഹരിക്കാൻ ഏറ്റവും അനുയോജ്യമായ പ്രദേശമായി ഡൽഹി മാറിയതാണ്. ക്രമസമാധാന പാലനത്തെക്കാൾ ഡൽഹി പൊലീസിന്റെ മുഖ്യ ചുമതല വിശിഷ്ടവ്യക്തികളുടെ ദേഹരക്ഷയും അകമ്പടി സേവയുമാണ്. സേനയുടെ മൂന്നിലൊരുഭാഗം വി.ഐ.പി സുരക്ഷയ്ക്കായി നിയോഗിക്കപ്പെടുമ്പോൾ സാധാരണക്കാരുടെ ജീവനും മാനത്തിനും എന്തു സംരക്ഷണം ലഭിക്കാനാണ്. ബസിലെ കൂട്ടമാനഭംഗം പൊലീസ് സേനയുടെയും ഡൽഹി ഭരിക്കുന്നവരുടെയും ഒരുപാട് വീഴ്ചകൾ അനാവൃതമാകാൻ നിമിത്തമായിട്ടുണ്ട്.
കൂട്ടമാനഭംഗവുമായി ബന്ധപ്പെട്ട് ആറു നരാധമന്മാരെ അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ട്. ഇനി അവരെ നീതിപീഠത്തിന്റെ മുന്നിലെത്തിക്കുന്ന വേളയിലാണ് നിയമത്തിന്റെ പഴുതുകളും കള്ളത്തരങ്ങളുമൊക്കെ പുറത്തുവരാൻ പോകുന്നത്. പുതുവർഷാരംഭത്തിൽത്തന്നെ പ്രതികൾക്ക് കുറ്റപത്രം നൽകി കേസിന്റെ വിചാരണ തുടങ്ങുമെന്ന് ഭരണാധികാരികൾ നൽകിയ ഉറപ്പ് പാലിക്കപ്പെടുമോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ഇങ്ങ് കേരളത്തിൽ സൗമ്യ എന്ന പാവം പെൺകുട്ടി വീട്ടിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ക്രൂരമായി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രോസിക്യൂഷൻ പെടാപ്പാടുപെട്ട കാര്യം മറക്കാറായിട്ടില്ല. വിധി നടപ്പാക്കാൻ ഇനിയും എത്രയോ കടമ്പകൾ ബാക്കിയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വിവാദമാക്കാനും പ്രതിക്ക് അജ്ഞാതകേന്ദ്രങ്ങളിൽനിന്ന് സഹായം എത്തിക്കാനും കഴിഞ്ഞതിന് പിന്നിൽ പ്രവർത്തിച്ച കറുത്ത ശക്തികൾ ഡൽഹി സംഭവത്തിലും ഇരുൾപറ്റി നില്പുണ്ടാവും. കേസ് കോടതിയിലെത്തുമ്പോൾ തെളിവും സാക്ഷികളുമൊക്കെയാണ് പരമപ്രധാനം. ശിക്ഷപോലും നിലവിലുള്ള ശിക്ഷാനിയമത്തിൽ എഴുതിവച്ചിട്ടുള്ളതിനപ്പുറമായിക്കൂടാ. പ്രതികൾക്കുവേണ്ടി ശബ്ദമുയർത്താൻ മനുഷ്യാവകാശത്തിന്റെ തോലണിഞ്ഞവരും എത്തിക്കൂടെന്നില്ല.
No comments:
Post a Comment